അഗ്നിശുദ്ധി
(രചന: ധന്യ സതീഷ്)
ഓട്ടോറിക്ഷയിൽ നിന്നിറങ്ങി ഉമ്മറത്തെത്തുമ്പോഴേക്കും വാതിൽ തുറന്നിരുന്നു. ഇപ്പോഴും അടഞ്ഞവാതിലിനു മുമ്പിൽ നിൽക്കുമ്പോൾ ആ നശിച്ചദിവസമാണ് ഓർമവരുന്നത്. താൻ വന്നതറിയാതെ പെട്ടെന്ന് വാതിൽ തുറന്ന് പുറത്തേക്ക് വന്ന ഒരപരിചിതൻ. തൊട്ടുപുറകിൽ അമ്പരപ്പോടെ അവരും.
ഇല്ല, അതിനുശേഷമൊരിക്കലും അമ്മ എന്ന് വിളിച്ചിട്ടില്ല. രണ്ട് മുറികൾ മാത്രമുളള പുഴയോരത്തെ അവസാനത്തെ വീട്. മുകളിലേക്കു നോക്കി കിടക്കുന്ന അവ്യക്തമായി മാത്രം സംസാരിക്കുന്ന ചലനശേഷി നഷ്ടപ്പെട്ട അച്ഛൻ. എങ്കിലും അതായിരുന്നു തൻറെ സ്വർഗം. അച്ഛ നും അമ്മയും അപ്പൂസും താനും. കഴിഞ്ഞ കൊല്ലമാണ് അവനെ നവോദയയിൽ ചേർത്തത്. ആ ഒരു സങ്കടം മാത്രമേ അപ്പോൾ തനിക്കുണ്ടായിരുന്നുളളൂ. തന്നേക്കാൾ പത്ത് വയസ്കുറവുളള അവൻ അനിയനല്ല, മകൻ തന്നെയായിരുന്നു. ഇപ്പോഴുമതേ..
ഡിഗ്രീ മാർക്ക് ലിസ്റ്റ് വാങ്ങി കൂട്ടുകാർക്കൊപ്പം കറങ്ങിയേ വരൂ എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അതിലൊരാളുടെ വീട്ടിൽ ഒരു മരണം നടന്നതുകൊണ്ട് ഞങ്ങളത് മാറ്റിവെച്ചു. അതുകൊണ്ടവരുടെ കളളത്തരം കയ്യോടെ പിടികൂടി.
ഭൂമിപിളർന്ന് ഇറങ്ങിപോയാൽ മതി എന്നു തോന്നി. കുറേ കരഞ്ഞു. തൻറെ കൺവെട്ടത്തേക്ക് വരാതിരിക്കാൻ അവരും ശ്രദ്ധിച്ചു. അച്ഛനു ഭക്ഷണവും മരുന്നും കൊടുക്കുന്നതും തിരിച്ചുകെടത്തുന്നതുമെല്ലാം താനറിയുന്നുണ്ടായിരുന്നു. പാവം അച്ഛൻ. താനെവിടെ പോയി എന്ന് കരുതുന്നുണ്ടാവും. സാധാരണ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് എല്ലാം ചെയ്യാറ്. അച്ഛൻറെ മുഖത്ത് നോക്കാനുളള ധൈര്യമില്ല. ശക്തി ചോർന്നു പോകും പോലെ.
അന്ന് രാത്രി താനൊരു തീരുമാനമെടുത്തു. ഇവിടെ നിന്നും പോകണം. ഒരു ജോലി കണ്ടെത്തണം. പിന്നെ അച്ഛനെയും അപ്പൂസിനെയും കൂടെ കൂട്ടണം. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.
വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കൂട്ടുകാരും അധ്യാപകരും സഹായിച്ചു. ആ ബാച്ചിലെ ടോപ് സ്കോററായ താൻ പിജിക്കു ചേരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. വീട്ടിലെ സ്ഥിതി മോശമാണെന്നു മാത്രമേ അവരോടു പറഞ്ഞുളളൂ. ട്യൂഷൻ ടീച്ചർ, സെയില്‍സ് ഗേൾ എന്നു വേണ്ട അച്ഛനെ പരിചരിച്ച ശീലത്തിൽ ഹോം നഴ്സായി വരെ ജോലി നോക്കി. കഴിയുമ്പോഴൊക്കെ അച്ഛൻറെ പേരിൽ മണി ഓർഡറുകൾ അയച്ചു. അപ്പൂസിനെ കാണാൻ സ്കൂളിലും ചെന്നു. ജോലി കിട്ടി ടൗണിൽ താമസിക്കുകയാണ് എന്ന് മാത്രമേ അവനോട് പറഞ്ഞിട്ടുള്ളൂ.
വീട്ടിൽ നിന്നിറങ്ങി ഒരു വർഷത്തിനു ശേഷം പിജിക്കു ചേർന്നു. ഡിസ്റ്റൻസ് എഡുക്കേഷന്‍ ആയിരുന്നു. എത്റയും വേഗം നെറ്റ് ക്ളിയർ ചെയ്താൽ ഗസ്റ്റ് ലെക്ചററായി എവിടെയെങ്കിലും കയറാം, എന്നിട്ട് ഒരു വീടെടുത്ത് മാറി അച്ഛനെ അവിടേക്ക് കൊണ്ടുവരാം എന്നൊക്കെയായിരുന്നു പ്ളാൻ. അതിനിടയിലാണ് അച്ഛൻ മരിക്കുന്നത്.
അഞ്ച് ദിവസം മാത്രമേ ചടങ്ങുകൾക്ക് നിന്നുളളൂ. അതും നീറിപുകഞ്ഞാണ് നിന്നത്. അവരോട് സംസാരിച്ചതേ ഇല്ല. അവരുടെ കണ്ണുനീർ കാണുന്നതേ അറപ്പായിരുന്നു. ആരെയും ഒന്നും അറിയിക്കേണ്ട എന്നു കരുതിയാണ് അഞ്ചാംനാൾ തന്നെ ജോലിയുടെ പേരും പറഞ്ഞ് ഇറങ്ങിയത്.
ഇതുവരെ എല്ലാം തുറന്നു പറഞ്ഞത് വിനുവിനോട് മാത്രമാണ്. ഡിഗ്രിക്ക് ഫസ്റ്റിയർ തൻറെ കളാസ്മേറ്റും നല്ല സുഹൃത്തും ആയിരുന്നു. അപ്പോഴാണ് ആർമിയിൽ ജോലികിട്ടി പോകുന്നത്. പിന്നെ യാദൃശ്ചികമായി അവൻറെ വീട്ടിൽ കാലൊടിഞ്ഞുകിടക്കുന്ന അമ്മയെ പരിചരിക്കാൻ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. സത്യത്തിൽ തന്നെ അവിടെ കണ്ട് അവൻ അന്തം വിട്ട് പോയിരുന്നു. അവന് അമ്മ മാത്രമേ ഉളളൂ. “ നീ പഠിക്ക്, ചെലവിൻറെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം” എന്ന് പലവട്ടം പറഞ്ഞതാണ്. സമ്മതിച്ചില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആളിൽ നിന്നും അപ്രതീക്ഷിത മായ ചതിയേറ്റ അന്നു മുതൽ തീരുമാനിച്ചതാണ്, ഇനി ജീവിതത്തിൽ ആരെയും വിശ്വസിക്കുകയോ സ്നേഹിക്കുകയോ ഇല്ലെന്ന്.
നെറ്റിൻറെ റിസൾട് വന്നപ്പോൾ വിളിച്ചിരുന്നു. ‘ഞാനിപ്പോഴും ഒറ്റത്തടിയാണ് കേട്ടോ? വിദ്യാഭ്യാസം കുറച്ച് കുറവാണെന്നേ ഉളളൂ’ എന്ന് പകുതി കളിയായും പകുതി കാര്യമായും അവൻ പറഞ്ഞു. അതിനുശേഷമാണ് എല്ലാം തുറന്നു പറഞ്ഞത്. ഇങ്ങനെയൊരു തളളയുടെ മകളെ അവനൊരിക്കലും അംഗീകരിക്കില്ല എന്നാണ് കരുതിയത്. “നിനക്കവരോടൊന്ന് സംസാരിക്കാമായിരുന്നു” എന്ന് മാത്ര മാണവൻ പറഞ്ഞത്. ഇതുകൊണ്ടൊന്നും തൻറെ മനസുമാറില്ല എന്ന്കൂടി പറഞ്ഞുകളഞ്ഞു.
വിനുവിന്റെ സഹായത്തോടെ ടൗണിലൊരു വീട് വാടകക്കെടുത്തു. അപ്പൂസിനെ എൻട്റൻസ് കോച്ചിങിന് വിടണം. നവോദയിൽ ഇതവൻറെ അവസാന വർഷമാണ്. അപ്പോഴാണ് അച്ഛൻറെ ഒരു ഫോട്ടോ വേണമെന്ന് തോന്നിയത്. അല്ലെങ്കിൽ ഈ വീടിനു മുമ്പിൽ താനൊരിക്കലും വരില്ലായിരുന്നു.
അകത്തേക്ക് കയറാൻ അവരൊതുങ്ങി നിന്നു. അവരേക്കാൾ ഞെട്ടിയത് താനാണ്. മെലിഞ്ഞുണങ്ങിയ ശരീരം. മുടിയൊക്കെ കൊഴിഞ്ഞിരിക്കുന്നു. ചങ്കിലൊരു കരച്ചിൽ ഉടലെടുക്കുന്നത് താനറിഞ്ഞു. ഒന്നും മിണ്ടാതെ കസേരയിട്ട് ചുമരിൽ തൂക്കിയ അച്ഛൻറെ ഫോട്ടോ
എത്തിയെടുത്തു.
എല്ലാ ധൈര്യവും സംഭരിച്ച് പറഞ്ഞു.” രണ്ടുമാസം കഴിഞ്ഞാൽ എൻറെ കല്യാണമാണ്. ഇനിയൊരിക്കലും ഞാനിവിടെ കാലു കുത്തില്ല.”
പതിഞ്ഞശബ്ദത്തിൽ അവർ ചോദിച്ചു. “ അപ്പൂസ്…?”
“ എൻറെ അനിയനെ ഞാൻ നോക്കും. എത്ര വേണമെങ്കിലും പഠിപ്പിക്കും” വീറോടെ പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
“ അതു കേട്ടാൽ മതി അമ്മക്ക്” ആരുടെ അമ്മ? ഞാൻ വെറുപ്പോടെ നോക്കികൊണ്ട് വണ്ടിയിൽ കയറി.
പോകുന്ന വഴിക്ക് ആടിനെ തീറ്റിക്കുന്ന ജാനുഏട്ത്തിയെ കണ്ടു. വണ്ടി നിർത്തിച്ച് ഞാനോടി ചെന്നു. കണ്ണു ചുളിച്ച് നോക്കി അന്തം വിട്ട് വായ പൊത്തി നില്ക്കുന്നു. “ ൻറെ പെണ്ണേ..ഇതെന്തൊരു പോക്കാ..ഗൾഫാരും കൂടി ലീവിനു വരൂലോടി…” ജാന്വേട്ത്തി പരിഭവിച്ചു.
ഞാൻ തലകുനിച്ച് നിന്നു. എന്ത് പറയും. ഞങ്ങളുടെ അയൽക്കാരിയാണ് ജാന്വേട്ത്തി.
ശ്രീധരേട്ടനും ജാന്വേട്ത്തിക്കും മക്കളില്ല. ഞാൻ മകളെ പോലെതന്നെയാണ്. അപ്പൂസ് ജാനുവമ്മ എന്നാണ് വിളിക്കുക.
എൻറെ ചുമലിൽ പിടിച്ച് അവർ പറഞ്ഞു. “നിക്കെല്ലാം …അറിയാടീ…ഓള് എല്ലാം പറഞ്ഞത് ഈ അടുത്ത കാലത്താ…കാൻസറാന്ന് അറിഞ്ഞേൻറെ അന്ന്”
നെഞ്ചിലൊരു വെള്ളിടി വെട്ടി.
“ ഓളേം പറഞ്ഞിട്ട് കാര്യല്ല്യ. സുകുൻറെ മരുന്നും….നെൻറെ പടിപ്പും..കമ്പനീം പൂട്ടി പണീം പോയി. അടുപ്പ് പൊകയണ്ടേ. ആ മലർന്ന് കെടക്കണ പാവത്തിന് നാവിലെന്തെങ്കിലും ഇറ്റിച്ച് കൊടുക്കണ്ടേ…നെൻറെ പഠിപ്പ് കഴിയാൻ കാത്തിരിക്കായിരുന്നു അത്.”
ജാന്വേട്ത്തി തുടർന്നു.” അപ്പൂസിൻറെ കാര്യം ഓർത്തിട്ടാ അതിന് ദെണ്ണം”
ഞാൻ തേങ്ങി .”എനിക്കിപ്പോ അമ്മേ കാണണം. ധൈര്യല്ല്യ…കൂടെ വരണം”
ആടിനെ കൂട്ടിൽ കെട്ടി ജാന്വേട്ത്തി ഓടി വന്ന് വണ്ടിയിൽ കയറി. വീടെത്താറായപ്പോഴേ ബഹളം കേട്ടു. മീൻ പിടിക്കാൻ വന്നവരാണ്. വീട്ടിൽ നിന്ന് കനത്ത പുകയും തീയും ഉയരുന്നു.
“ ചതിച്ചല്ലോ ദേവ്യേ….” ജാന്വേട്ത്തി കരഞ്ഞുകൊണ്ടോടി. ഞാൻ നിശ്ചലയായി ഇരുന്നു.