നമ്മുടെ ബന്ധമറിഞ്ഞാൽ പിന്നെ നീ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല പക്ഷെ നീയില്ലാതെ എനിക്ക്…

നിറങ്ങൾ

രചന: Binu Omanakkuttan

നെന്മാറ പള്ളി പിരിഞ്ഞു ജംഗ്‌ഷനിൽ വണ്ടി നിർത്തി അടുത്തുള്ള ചായക്കടയിൽ ചായകുടിക്കാൻ കയറി.

കരിപുരണ്ട പാത്രത്തിന് മുകളിൽ അലുമിനിയം പാത്രത്തിൽ വെട്ടിത്തിളക്കുന്ന പാല് കുടുവൻ തവികൊണ്ട് രണ്ട് വട്ടം അല്പം വിറവലോടെ ചായക്കടക്കാരൻ ഗ്ലാസിലേക്ക് അളന്നൊഴിച്ചു ഒഴിച്ചു.
കൂടെ തേയിലക്കറ പുരണ്ട പഴക്കം ചെന്ന അരിപ്പയിലേക്ക് ചൂട് വെള്ളം ചേർത്ത് കപ്പിലേക്ക് കയ്യുയർത്തി വീശിയൊഴിച്ചു രണ്ട് പ്രാവശ്യം അങ്ങനെ ചെയ്തു എന്റെ നേരെ നീട്ടി…

ചായ ചൂടോടെ ഊതിയൂതി കുടിച്ചു..
ചില്ലലമാരയിലെ എണ്ണയിൽ മുങ്ങിയ പലഹാരങ്ങൾ എന്നെ നോക്കി കൊതിപ്പിക്കുന്നുണ്ട്.
കുട്ടിക്കാലത്ത് അച്ഛനൊടോപ്പം മാധവൻ നായരുടെ പലചരക്ക് കടയിൽ പോകുമ്പോ നാരായണേട്ടന്റെ ചായക്കടയിൽ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്…..

ഇരുപത്തഞ്ച് പൈസക്ക് വിക്സ് മിടായിൽ ആ കൊതിയൊക്കെ അലിഞ്ഞു പോയ്…

നെന്മാറ ഗവണ്മെന്റ് സ്കൂളിൽ പത്താം തരം പൂർത്തിയാക്കി.
പിന്നെ സെന്റ് മേരീസ് ല് പ്ലസ് ടു
അതോടെ മേലേടത്ത് വിൻസെന്റ് മകൻ ജോണി എന്നഎന്റെ വിദ്യാഭ്യാസം അവസാനിച്ചു…

അന്ന് നെന്മാറ പള്ളിക്ക് പിറകിലെ കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ കാറ്റ് നിറച്ചു ഉരുളൻ പന്ത് കൊണ്ട് ഫുഡ്‌ ബോൾ കളിയായിരുന്നു ഞങ്ങടെ പ്രധാന ഹോബി…

എട്ടാം തരം കഴിഞ്ഞു അവധി ആഘോഷിക്കുമ്പോ ദേവേട്ടൻ ( അടുത്ത വീട്ടിലെ rx 100 ബൈക്കുള്ള ചേട്ടൻ ) ആണ് പുറത്തേക്ക് പോകുന്ന പന്തെടുക്കാൻ എന്നെ ഗ്രണ്ടിലേക്ക് വിളിച്ചത്.

അവധി കഴിഞ്ഞിട്ടും ഞാൻ പന്ത് പെറുക്കൽ തന്നെ തുടർന്നു.

പിന്നെ സ്കൂൾ വിട്ട് വന്നാൽ ശനി ഞായർ ദിവസങ്ങളിൽ ഒക്കെ കണ്ടത്തിലെ മുഖ്യ പന്തെടുപ്പ് കാരൻ കാൽ കൊണ്ട് തട്ടിയാണ് പന്തെടുത്ത് തുടങ്ങിയത്…

അങ്ങനെ ഒരു ശനിയാഴ്ച പതിവ് പന്ത് പോകുന്നതും നോക്കി വിശാലമായ ആ കണ്ടത്തിൽ നോക്കി നിക്കുമ്പോഴാണ് പട്ട് പാവാടയും ബ്ലൗസും ധരിച്ച് മാറിലേക്ക് മുറുക്കി പിടിച്ച പുസ്തകങ്ങളുമായി വെള്ളിക്കൊലുസിന്റെ താളത്തിൽ ട്യൂഷൻ വീട്ടിലേക്ക് നടക്കുന്ന പുഷ്പയെ ഞാൻ ആദ്യമായി കാണുന്നത്.

പുഷ്പ ഒരു പുഷ്പം പോലെ സുന്ദരി ആയിരുന്നു..
കാതിലെ കുഞ്ഞു മുത്തുകളുള്ള കറങ്ങുന്ന ജിമ്മിക്ക കമ്മൽ ആദ്യമായി കാണുന്നത് അവളിലായിരുന്നു..
മറ്റെങ്ങും അതുപോലെ ഒന്ന് ഞാൻ കണ്ടിട്ടുമില്ല. ഗ്രൗണ്ടിലേക്ക് നോക്കി വരമ്പത്തുടെ അവൾ നടന്നു….

ചെറുപ്പക്കാർ കുട്ടികൾ എല്ലാരും അവളെ നോക്കി നിന്നു….

ഇവിടുത്തെ പ്രമാണി കണ്ടത്തിൽ അച്യുതൻ നായരുടെ ഏക മകളാണ് പുഷ്പ,

നെന്മാറ ജങ്ഷനിലെ ഒരുമാതിരിപ്പെട്ട എല്ലാ പീടികകളും അച്യുതന്റെത് ആയിരുന്നു.

ഇപ്പൊ ഞങ്ങൾ കളിക്കുന്ന കണ്ടം പോലും അയാളുടേതാണ്…

ഈ നാട്ടിൽ നിന്നെങ്ങും അവക്കൊരു പയ്യനെ കണ്ടെത്തില്ല എന്ന് ഞങ്ങൾക്കെല്ലാം ഉറപ്പുണ്ടായിരുന്നു.
കാരണം മറ്റൊന്നുമല്ല അച്യുതന്റെ അത്രേം സമ്പന്നനായ ഒരാൾ നെന്മാറയിൽ ഇല്ല.

ചായയുടെ ചൂട് ആറിത്തുടങ്ങി…

അടിയിൽ അല്പം തേയില മട്ട് കണ്ടിട്ട് മുഴുവൻ കുടിക്കാതെ ചായഗ്ലാസ്സ് താഴേക്ക് വച്ച്.

പൈസ കൊടുക്കാൻ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു.
പത്ത് രൂപ നാരായണേട്ടന്റെ കയ്യിൽ കൊടുത്ത് തിരികെ കാറിന്റരികിലേക്ക് നടന്നു.

“അതെ ഒന്ന് നിക്കണേ…

പിറകിലെ വിളിയൊച്ച കേട്ട് ഞാൻ നിന്നു.

ഇതാ ബാക്കി..

രണ്ടുരൂപ നീട്ടിക്കൊണ്ട് നാരായണേട്ടൻ എന്നെ നോക്കി…

അയാളുടെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു എന്താ നാരായണേട്ട എന്ന് ഞാൻ ചോദിച്ചു…

ഹല്ല ആരിത്….
അന്തി ജോണിയോ…

ഞാൻ വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…

ഇതിപ്പോ എവിടുന്നു വരുന്നു ജോണി…

കുറച്ചു ദൂരെ നിന്നാണ്.
കുറേ ആയില്ലേ എല്ലാവരെയും ഒന്ന് കണ്ടിട്ട്..

ഞാൻ വരട്ടെ നാരായണേട്ട..
സന്ധ്യക്ക്‌ മുൻപ് തിരിക്കണം,
സമയമുണ്ടെങ്കിൽ പോകുന്നെന് മുൻപ് വന്നു വിശേഷങ്ങളൊക്കെ പറയാം…

തിരികെ വീണ്ടും നടന്നു..
ടാറുകൾ മണ്ണായി മാറിയ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഓരത്തായ് നിർത്തിയിട്ട കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോഴാണ്
റോഡിന്റെ അപ്പുറത്തെ വശത്ത് എനിക്ക് പരിചയമുള്ള ആ മുഖം ഞാൻ കണ്ടത്….

“പുഷ്പ.. !!

നെഞ്ചിലൊരു കൊളുത്തിപ്പിടുത്തമിട്ടപോലെ ഞാൻ നിന്നു…..

വെള്ള പൂശിയ കാർ കണ്ടിട്ട് ഇതാരാ മീരേ ഇവിടെ ഒരു വരുത്തൻ പറഞ്ഞു നാവെടുത്ത് പുഷ്പ നോക്കിയത് എന്റെ നേരെയായിരുന്നു…

തയ്യൽ മെഷീനിലെ ചക്രങ്ങൾ വേഗത്തിൽ കറങ്ങി നിന്നു..
ഒരു ഞെട്ടൽ പോലെ കസേരയിൽ നിന്നവൾ എഴുന്നേറ്റു…

റോഡ് മുറിച്ചു ഭാവന തയ്യൽ കടയിലേക്ക് ഞാൻ കയറി…
അവിടെ മീര എന്ന ഒരു പഴയ കൂട്ടുകാരിയുമൊത്ത് തുന്നുകയായിരുന്നു പുഷ്പ…

പുഷ്പ താനെന്താ ഇവിടെ…

ഞ ഞാനിവിടെ ആണ് ഇപ്പൊ
വിക്കി വിക്കി അവൾ മറുപടി പറഞ്ഞു…

ജോണി എന്താ ഈ വഴിക്ക് കണ്ടിട്ട് കുറേയായല്ലോ…

ഞാനും വെറുതെ ഒന്ന് വന്നതാണ് ഒരു കുർബാന കൂടാൻ…..

താൻ ആകെ മാറിയല്ലോ… ജോണി..

വേഷവിധാനം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും വല്ലാത്തോരു മാറ്റം…

പുഷ്പ താനും ഒരുപാട് മാറിയിരിക്കുന്നു….
എന്റെ മനസ്സിൽ പതിഞ്ഞു പോയ പുഷ്പ ഇപ്പൊ വെളിയിൽ എവിടെയെങ്കിലും പൊന്ന് കൊണ്ട് മൂടുന്ന ഭർത്താവിന്റെ പ്രിയ ഭാര്യയായി കാലം കഴിക്കേണ്ടവൾ ഇവിടെ എന്താ ഇങ്ങനെ കാണേണ്ട സന്ദർഭം ഞാന് ഒട്ടും പ്രതീക്ഷിച്ചില്ല…

അതൊക്കെ ഒരു കഥയാണ് ജോണി…
അന്തി ജോണിയിൽ നിന്ന് ഈ മാറ്റം നിങ്ങൾക്കുണ്ടായില്ലേ അതുപോലെ എനിക്കും പറയാനുണ്ട് ഒരു കഥ…

പ്രതീക്ഷിക്കാതുള്ള കൂടിക്കാഴ്ചയല്ലേ അവളുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു..

ഇനിയൊരു കുർബാന കൂടാൻ നെന്മാറക്ക് ഞാനുണ്ടാകുമോ എന്നറിയില്ല
വരട്ടെ…

തിരികെ നടക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു..

അതെ ജോണി അവൾ പിന്നിൽ നിന്ന് വിളിച്ചു

കൈയിലെ കരിച്ചീഫ് കൊണ്ട് കണ്ണ് തുടച്ചു ഞാൻ തിരിഞ്ഞു…

” എവിടെ ഭാര്യയും കുട്ടികളും…?

അവളുടെ ചോദ്യം കേട്ട് ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു

” എനിക്കായ് തന്നവളെ മണവാട്ടിയായി കർത്താവിന് മനസുകൊണ്ട് നേർന്നിട്ടാണ് ജോണി ഇവിടം വിട്ടത്… ”

മനസും ശരീരവും കൊണ്ട് അവളിപ്പോ മറ്റാരുടെയോ ഭാര്യയണ്….

ഒന്നും മിണ്ടാതെ അവൾ എന്നെത്തന്നെ നോക്കി നിന്നു…

ഞാൻ തിരികെ കാറിനരികിലേക്ക് നടന്നു…

പാടത്തുടെയുള്ള ട്യൂഷൻ സവാരിക്കായി പോകുമ്പോ രണ്ടായി കീറിയ അപ്പന്റെ വെള്ളമുണ്ടുടൂത്ത് കക്ഷം കീറിയ ഷർട്ടും ഇട്ട് മുടി ഒരുവശത്തേക്ക് ചീകി മിനുക്കി ഗോൾ പോസ്റ്റിൽ ചാരി നിന്നവളെ നോക്കി…

പിന്നീടുള്ള ശനിയാഴ്ച ഗോൾ പോസ്റ്റിൽ ഗോളിയായ് പറന്നു വന്ന പന്തിനെ ഹെഡ് ചെയ്ത് മറുവശത്തുള്ള പോസ്റ്റിനരികിലേക്ക് പന്ത് തെറിക്കുമ്പോ കാണാനെത്തിയ കുട്ടികളുടെയും മറ്റ് കാണികളുടെയും കര ഘോഷം എന്നിലേക്ക് മാത്രമായിരുന്നു….

“ജോണി…. ജോണി….. ജോണി……

കാണികളുടെ ആർത്ത് വിളിയിൽ അവളുടെ മുഖത്ത് പുഞ്ചിരി കൈകൊണ്ട് പൊത്തിപ്പിടിച്ച് എന്നെ നോക്കി വരമ്പത്തൂടെ നടന്നു പോകുന്ന പുഷ്പയെ ഞാൻ നോക്കി നിന്നു…

പിന്നീടുള്ള ശനിയാഴ്ച അവൾ വരുമ്പോ കളിക്കളത്തിലെ ഹീറോ ആയിരുന്നു ഞാൻ…

അന്ന് എന്റെ ഓർമ ശരിയാണെങ്കിൽ ഒരു ഫ്രീ കിക് ആയിരുന്നു….
മുന്നിൽ നിരന്ന എതിർ ടീമുകളുടെ മുകളിലൂടെ പന്ത് പറന്ന് ഗോൾ പോസ്റ്റിലേക്ക് കുതിച്ചു കയറുമ്പോ…..

ആദ്യത്തെ കയ്യടിയാരവം ഞാൻ കേട്ടത് അവളുടേതായിരുന്നു….

ജോണി….. ജോണി…….. ജോണി…….

ഫുട്ബോൾ ഒരു ക്രയിസ് ആയത് അപ്പോഴായിരുന്നു….

……

ട്യൂഷൻ കഴിഞ്ഞു മടങ്ങി വരുമ്പോ തണലുള്ള ആ വലിയ മാവിന്റെ ചുവട്ടിൽ അവളെ ഞാൻ കാത്ത് നിന്നു…….

അര നിക്കറും ഷർട്ടും കാലിലെ ഫുട്ബോൾ ഷൂ ഉം ആയിരുന്നു എന്റെ വേഷം

നടവരമ്പിലൂടെ അവൾ നടന്നു വരുന്നതും ഹൃദയം പടാപടാന്ന് തുടിച്ചു….

ഒരു നിർവൃതിയുമില്ലാതെ കണ്ണുകൾ ഒന്ന് പതിയെ അടച്ചു…
പാദസരത്തിന്റെ ശബ്ദം എന്നിലേക്ക് അടുത്ത് വന്നുകൊണ്ടേയിരുന്നു
എന്റെ അടുത്തവൾ വന്നതും ആ കയ്യിലേക്ക് ഞാൻ കയറി പിടിച്ചു…

കുപ്പിവളകളാൽ മനോഹരമായ അവളുടെ വെളുത്ത കയ്യിൽ എന്റെ കൈ മുറുകുംതോറും കുപ്പിവളകൾ ചിരിച്ചുടഞ്ഞു ..

വെള്ളാരം പല്ലുകൾ കാട്ടി അവൾ ചിരിച്ചു…

വിട് വിട് ആരേലും കാണും…
പെട്ടെന്നവൾ കൈ തട്ടി മാറ്റി

പച്ചപ്പട്ടുടുത്ത പച്ചപ്പനം തത്തയായിരുന്നു അവൾ…
കൊലുസുകൾ കുലുങ്ങി ചിരിച്ചു
എന്റെ പ്രണയം അവളോട് പറഞ്ഞു…

പാടത്തിന് നടുവിലെ അപ്പുണ്ണിയേട്ടന്റെ മാടത്തിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച…

ശനിയും ഞായറും അവധി ദിവസങ്ങളും അവളുമൊത്ത് അവിടെ കൂടി…

അവളുടെ കണ്ണില് നോക്കി അങ്ങിനെ ഇരിക്കാൻ വല്ലാത്ത അനുഭൂതിയായിരുന്നു….
ആ മിന്നിത്തിളങ്ങുന്ന ജിമിക്കി കമ്മൽ പോലും അവളുടെ കാതിൽ ചുറ്റിപ്പിടിച്ചു കിടക്കുന്ന കാണാൻ അസൂയ തോന്നിയിരുന്നു…

ഒരിക്കൽ മാടത്തിലെ തട്ടിൻ മുകളിൽ ഒരുമിച്ച് പുണർന്നു കിടന്നു…

അവളുടെ കാൽ പാദങ്ങളിൽ ചുംബിച്ചു…
ആ വെള്ളിക്കൊലുസിൽ പല നിറങ്ങളുടെ കല്ലുകൾ പതിച്ചിരുന്നു….

കണ്ണുകൾക്കാ നിറങ്ങളും ഇഷ്ടമായിരുന്നു…

ദിനരാത്രങ്ങൾ കഴിഞ്ഞു….

എന്റെ തോളിലേക്ക പതിനെട്ടുകാരിയുടെ തല ചേർത്ത് വച്ചവൾ എന്നോട് ചോദിച്ചു ജോണി നമുക്ക് ഒരുമിക്കാൻ കഴിയുമോ…
ഈ ജാതിയും മതവും നമുക്ക് എതിരാണ്…

നമ്മുടെ ബന്ധമറിഞ്ഞാൽ പിന്നെ നീ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല
പക്ഷെ നീയില്ലാതെ എനിക്ക് ജീവിക്കാൻ കൂടി കഴിയില്ല…..

പെട്ടന്ന് തണുത്ത മഴ പെയ്തു…
വരമ്പിൽ വെള്ളം കയറി…
പാടം മുഴുവൻ വെള്ളത്തിൽ മുങ്ങി….
എന്റെ നെഞ്ചിന്റെ ചൂടേറ്റവൾ എന്നിലേക്ക് കുറേകൂടി മുറുകി….
അവളുടെ നഖങ്ങൾ എന്റെ മുതുകിൽ ആഴ്ന്നിറങ്ങി ….

പെട്ടെന്നാണ് ആളുകളുടെ ബഹളം കേട്ടത്….

ദേ ആ മാടത്തിൽ നോക്കിയെ…

ഞങ്ങൾ എഴുന്നേക്കുമ്പോഴേക്കും ആളുകൾ ഓടിക്കൂടി….

പടക്കം പൊട്ടുന്ന ഒച്ചയോടെ അച്യുതൻ നായരുടെ കൈപ്പട എന്റെ കരണത്ത് പതിച്ചു….

നാടുവിട്ടോണം നായിന്റെ മോനെ…..

അവക്ക് പ്രേമിക്കാൻ കിട്ടിയത് കണ്ട നസ്രാണി ചെത്ത്കാരൻ പയ്യനെ ആണോടീ….

ഇന്നത്തോടെ നിർത്തിക്കോ നിന്റെ പഠിത്തം..

എന്റെ ബോധം അപ്പോഴേക്കും നഷ്ടമായിരുന്നു…

പിന്നീടവളെ കാണാൻ കഴിഞ്ഞില്ല…

ആരൊക്കെയോ പറഞ്ഞറിഞ്ഞു അവളുടെ കല്യാണം ഉറപ്പിച്ചെന്ന്….
ഏതോ ഡോക്ടറോ മറ്റോ….

ആ ജൂൺ അവസാന ഞായറാഴ്ച് ഞാൻ നെന്മാറ പള്ളിയിൽ അവസാനത്തെ കുർബാന കൊണ്ടു…..

പിറ്റേന്ന് നേരം പുലരുന്നത് അവളുടെ വിവാഹം ആയിരുന്നു…..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നെന്മാറ പള്ളിയും കഴിഞ്ഞു കുറെ മുന്നോട്ട് പോയ് ഓർമകൾക്ക് ഒരു മാറ്റമില്ലെങ്കിലും നെന്മാറ ആകെ മാറി…

മേലേടത്ത് വീട്ടിലേക്ക് വണ്ടി പാഞ്ഞു…..

സൈക്കിൾ ചവിട്ടി പോകുന്ന രാഘവൻ മാഷിന്റെ മൂത്ത മകൻ വിനോദിനെ കണ്ട് അവന്റെ അടുത്തേക്ക് വണ്ടി ചേർത്ത് നിർത്തി…

ഒരു പരിചയം പുതുക്കലിനേക്കാൾ
അവനോടും എനിക്ക് പറയാനുണ്ടായിടുന്നു എന്റെ വിശേഷങ്ങൾ…
കാരണം എന്റെ ആത്മ സുഹൃത്തയിരുന്നു അവൻ…

എവിടായിരുന്നു ജോണി ഇത്രയും കാലം…

അച്ചായന്റെ വിവരമറിഞ്ഞെങ്കിലും നീ വരുമെന്ന് കരുതി…

എന്താ അപ്പന് എന്നതാ പറ്റിയെ…?
ഞാനൊന്നും അറിഞ്ഞില്ല വിനോദെ…

അച്ചായൻ കഴിഞ്ഞ ജനുവരി മുപ്പതിന് നമ്മളെ വിട്ടു പോയ്… അറ്റാക്കായിരുന്നു…
ജുവൽന്റെയും ജീനയുടെയും കല്യാണം ഒരുമിച്ച നടത്തിയത്…

കടം കയറി ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് അച്ചായന് അത് താങ്ങാൻ പറ്റിയില്ല…

തെങ്ങും കുരുമുളകും കൃഷി ഒക്കെ ആയിരുന്നല്ലോ നിങ്ങടെ വരുമാനം അതൂടെ ഇല്ലാണ്ടായാൽ എന്നൊക്കെ ഓർത്തുള്ള ടെൻഷൻ ആയിരിക്കും….

എടാ അമ്മച്ചി….
അമ്മച്ചി എവിടെയാണ്….

ഏയ് പേടിക്കാനൊന്നുമില്ല അമ്മച്ചി വീട്ടിലുണ്ട്
വീടും പറമ്പൊന്നും പോയില്ല…

കടം കുമിഞ്ഞു കൂടുന്നുണ്ട് നീ ഇപ്പൊ വന്നത് നന്നായി….

അതൊക്കെ പോട്ടെ നീ എവിടായിരുന്നു…?

ഞാൻ അന്ന് പുഷ്പേടെ വിവാഹത്തിന്റെ തലേന്ന് ഇവിടെ നിന്ന് പോയ്…

കോയമ്പത്തൂരിലെ ഒരു ബിസിനസൂകാരൻ മൂസക്ക ടെ കൂടെ ഡ്രൈവർ പണി ചെയ്തു പിന്നെ അവിടെ നിന്ന് ഓരോരോ സ്ഥാനക്കയറ്റങ്ങൾ…
വിദേശത്തുള്ള ബിസിനസിന്റെ മുഴുവൻ ഉത്തരവാദിത്തം എനിക്കായിരുന്നു…

പണമായിരുന്നു പട്ടിണി ആയിരുന്നു എന്റെ പ്രശ്നം..
അതൊക്കെ പരിഹരിക്കുമ്പോ
എനിക്ക് രക്തബന്ധങ്ങൾ നഷ്ട്ടപ്പെട്ടു…

വീണ്ടെടുക്കാൻ വന്നപ്പോ ഒക്കെ നഷ്ടപ്പെട്ടു തുടങ്ങി….

മടുത്തെടോ ഈ ജന്മം….

പറഞ്ഞവസാനിപ്പിക്കുമ്പോ അവൻ ഒന്നുടെ ചോദിച്ചു നീ അവളെ കണ്ടോ…
” പുഷ്പ്പെനെ…. !!

കണ്ടു….
അവൾക്ക് എന്ത് പറ്റി….?

നീ പോകുന്നെന് മുന്നേ അവളെ ഒന്നുടെ കാണണം…

കണ്ടത്തിൽ തറവാടിപ്പോ ഇല്ല
അമ്പലത്തിനപ്പുറം ഒരു വീടുണ്ട് അവിടെ വാടകക്കാണ് ഇപ്പൊ താമസം…

വിനോദെ വീണ്ടും കാണാം ഞാൻ പോകട്ടെ …
വീട്ടിൽ എല്ലാരേം അന്യഷിച്ചതായി പറഞ്ഞേക്ക്…

മേലേടത്ത് വീട്ടുമുറ്റത്തേക്ക് വണ്ടി ചെന്ന് നിന്നു..

ഇന്നും വീടിന് വലിയ മാറ്റം ഒന്നുമില്ല

മങ്ങിയ പെയിന്റ്….
നിറയെ കുത്തിവരകൾ വീണിട്ടുണ്ട്….
ഞാൻ അമ്മാച്ചനായിരിക്കുന്നു…

അമ്മച്ചി വണ്ടിയുടെ ശബ്ദം കേട്ടിട്ടാവണം വെളിയിലേക്കിറങ്ങി വരുന്നുണ്ട്…

എന്നെ കണ്ടതും ഓടിവന്നേനെ പുണരാനെ അമ്മക്ക് കഴിയുള്ളു…

“ദൈവങ്ങൾക്ക് ശപിക്കാൻ കഴിയില്ലല്ലോ…..!!”

നേരം ഇരുട്ടിനോട് അടുക്കുന്നു….

കൽ വിളക്കിനരികിൽ തിരി കൊളുത്തി തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് പുഷ്പ്പയെ ഞാൻ വിളിച്ചത്….

പുഷ്പ…..

ജോണി പോയില്ലേ….

ഇല്ല….
നിന്നെ ഒരിക്കൽ കൂടി കാണാൻ തോന്നി….

എന്താ അന്ന് സംഭവിച്ചതെന്ന് എനിക്ക് അറിയണം പുഷ്പ…

അച്ഛൻ…എവിടെ…??

മോളെ ആരാ അവിടെ…. അകത്തു നിന്നും അമ്മയുടെ ശബ്ദമാണ്..

ഇച്ചായനാ അമ്മ …
അവളുടെ മറുപടി കേട്ട് ഉള്ളൊന്ന് പിടഞ്ഞു…

മങ്ങിയ നാൽപ്പത് വാട്ടിന്റെ പ്രകാശം മുറ്റത്ത് പടർന്നു…..

പുഷ്പ എന്റെ അടുത്തേക്ക് വന്നു….

കല്യാണത്തിന്റയന്ന് ഒരു income tax റെയ്ഡ് ഉണ്ടായി..
കണക്കിൽ കൊള്ളാത്ത കുറെയധികം പണം അച്ഛന്റെ പക്കൽ നിന്ന് കണ്ടെടുത്തു..
സംഭവം അറിഞ്ഞ പയ്യന്റെ വീട്ടുകാർ തിരികെ പോയ്..

ആത്മാഭിമാനമുള്ളയാളാണ് അച്ഛൻ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു…
കേസിൽ വീടും വസ്തുക്കളും ഒക്കെ പോയ്…..

ഇപ്പൊ ഈ കൂരയ്ക്കും വാടക കൊടുക്കേണ്ട അവസ്ഥയായി……

അവളെന്നോട് ഒട്ടിനിന്നു….

എവിടായിരുന്നു ഇത്രയും കാലം….
എന്നെ ഓർക്കാറുണ്ടായിരുന്നോ…
അവളുടെ ചോദ്യങ്ങൾക്ക് പോക്കറ്റിൽ കിടന്ന ഒരു പാദസരം അവളെ കാണിച്ചു….

എന്റെ കൂടെ ഉണ്ടായിരുന്നു നീ….

നിന്റെ ഒരംശം മതിയെനിക്ക്…..
അതിനി ജീവിക്കാനാണേലും മരിക്കാനാണേലും…

ഇനിയും തനിച്ചാക്കാൻ കഴിയില്ല…
പ്രായം കൂടും തോറും പ്രണയം നഷ്ടമാവില്ലെന്ന് ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട് പുഷ്പ…
ജാതിക്കും മതത്തിനും പണത്തിനും അപ്പുറം ആർക്കും എത്താൻ കഴിയാത്ത സ്ഥലമാണ് പ്രണയം…
ഒരു പെണ്ണിനും ഒരു പുരുഷനും മാത്രമേ അതിന് അർഹത ഉള്ളു…

നീ എന്റെ ആകണമെന്ന് അവിടുന്നും കല്പന കാണും അതാണ് നിന്നെ മണവാട്ടി ആക്കാതെ അവിടെ നിന്നും തുണച്ചത്….

അവൾ ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നതാവാം
എന്റെ തിരിച്ചു വരവിനായി
പ്രാര്ഥിച്ചിട്ടുണ്ടാകാം
ആ ചേലത്തുമ്പിൽ ഒളുപ്പിച്ച
കണ്ണീർ നനവുകൾ എന്നോട് അവളിലെ പ്രണയം
പറഞ്ഞിരുന്നു…… ”

The enD