അവൾ ഇങ്ങനൊരു ബന്ധത്തിൽ പോകും ന്ന് ചിന്തിക്കാൻ പറ്റുന്നില്ല.. എന്ത് ചെയ്യണമെന്ന്

രചന : പ്രജിത്ത് സുരേന്ദ്രബാബു 

 

“അഞ്ജലിയുടെ ചേട്ടൻ അല്ലെ.. ” ആനന്ദ് ഓഫീസിൽ നിന്നും ഇറങ്ങി ബൈക്കിനരികിലേക്ക് പോകവേയാണ് ഏകദേശം ഇരുപത്തഞ്ചു വയസിനു മേൽ പ്രായമുള്ള ആ പയ്യൻ അവനരികിലേക്ക് ചെന്നത്.

” അതേല്ലോ.. ആരാ മനസിലായില്ല.. ” ” ചേട്ടാ ഞാൻ സുബിൻ.. അഞ്‌ജലിയും ഞാനും ഒന്നിച്ചു കോളേജിൽ. പഠിച്ചതാ.. ” അവൻ പരിചയപ്പെടുത്തിയതോടെ പതിയെ മുഖാമുഖം തിരിഞ്ഞു ആനന്ദ്.

” ആണോ.. എനിക്ക് അവളുടെ ഫ്രെണ്ട്സിനെ ഒന്നും വല്യ പരിചയം ഇല്ല.. സുബിൻ ഇപ്പോ എന്ത് ചെയ്യുന്നു.. ” ” ഞാൻ ഒരു കാർ ഷോ റൂമിൽ സൂപ്പർ വൈസർ ആണ് ചേട്ടാ… ”

സുബിന്റെ മറുപടി കേട്ടുകൊണ്ട് തന്നെ പതിയെ കയ്യിൽ ഇരുന്ന ബാഗ് ബൈക്കിലേക്ക് വച്ചു ആനന്ദ്. ആട്ടെ.. എന്താ ഇപ്പോ ഇവിടെ.. അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചത് ഒക്കെ അറിഞ്ഞു കാണുമല്ലോ അടുത്ത മാസം ആണ്. അവിടെ കണ്ടേക്കണം കേട്ടോ.. ”

ആ മറുപടി കേൾക്കെ സുബിന്റെ മുഖമൊന്നു വാടി. അത് അനന്ദും ശ്രദ്ധിക്കാതിരുന്നില്ല. ചേട്ടാ.. എനിക്ക് ഒരു പ്രധാന കാര്യം ചേട്ടനോട് പറയാനുണ്ട്. അത് പറയാനും കൂടിയാണ് ഞാൻ ഇവിടെ കാത്തു നിന്നത്.. ”

അവൻ തന്നെ കാണാനായി കാത്തു നിന്നതാണെന്ന് മനസിലാക്കവേ ആനന്ദിന്റെ നെറ്റി ചുളിഞ്ഞു. എന്താ.. സുബിൻ.. എന്താ കാര്യം.. “തെല്ലൊരു ആകാംഷയിൽ അവൻ ചോദിക്കവേ പതിയെ തന്റെ ഫോൺ കയ്യിലെക്കെടുത്തു സുബിൻ. ശേഷം ഗാലറിയിൽ നിന്നും ഒരു ഫോട്ടോ ആനന്ദിനെ കാണിച്ചു. അഞ്‌ജലിക്കൊപ്പം അവൻ ചേർന്ന് നിന്നുള്ള ഒരു സെൽഫി ആയിരുന്നു അത്.

ആ ഫോട്ടോ കണ്ടതോടെ ആനന്ദ് ഒന്ന് നടുങ്ങി മാത്രമല്ല സുബിന്റെ വരവിന്റെ ഉദ്ദേശം എന്താണെന്നുള്ളതിനെ പറ്റി ഒരു ചെറിയ ധാരണയും കിട്ടി അവന്.

” ചേട്ടൻ ഇത് കണ്ടോ.. അഞ്‌ജലിയും ഞാനും കോളേജ് തൊട്ട് ഇഷ്ടത്തിലാണ്. എനിക്കൊരു നല്ല ജോലിയൊക്കെ ആയ ശേഷം നിങ്ങടെ വീട്ടിൽ എത്തി പെണ്ണുചോദിക്കാം എന്നുള്ള പ്ലാനിലായിരുന്നു ഞാൻ. അതിനിടയ്ക്കാണ് ഇപ്പോൾ പെട്ടെന്ന് ഒരു സർക്കാർ ജീവനക്കാരന്റെ വിവാഹലോചന വന്നതും അവളുടെ അഭിപ്രായം നേരെ ഒന്ന് തിരക്കാൻ പോലും നിൽക്കാതെ ധൃതി പിടിച്ചു നിങ്ങൾ അത് ഉറപ്പിച്ചതും. ”

സുബിൻ പറഞ്ഞു നിർത്തുമ്പോൾ നടുക്കത്തിൽ തന്നെ നിന്നു ആനന്ദ്. അവളോട് അഭിപ്രായം ചോദിച്ചതാണല്ലോ.. എതിരായി ഒന്നും പറഞ്ഞില്ല അവൾ.. ” പറയില്ല ചേട്ടാ… അവൾ അങ്ങിനെയാണ്. നിങ്ങൾ വീട്ടുകാർ എന്നാൽ അവൾക്ക് ജീവനാണ്. നിങ്ങളെ വേദനിപ്പിക്കുന്നതൊന്നും അഞ്ജലി ചെയ്യില്ല..

നിങ്ങൾ ആഗ്രഹിച്ചു ഇഷ്ടപ്പെട്ടു കൊണ്ട് വന്ന ബന്ധമായത് കൊണ്ട് തന്നെ നിങ്ങൾ വിഷമിക്കാതിരിക്കുവാൻ സ്വന്തം ഇഷ്ടവും സന്തോഷവും ബലി നൽകാൻ തുനിഞ്ഞിരിക്കുകയാണ് അവൾ. ”

സുബിൻ പറഞ്ഞു നിർത്തുമ്പോൾ ആകെ അസ്വസ്ഥനായി ആനന്ദ്. “പാവം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് അഞ്ജലി ഇപ്പോൾ. ഇന്നലെ അവസാനമായി ബൈ പറയാൻ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അവളുടെ ആ മാനസികാവസ്ഥ നേരിട്ട് കണ്ടപ്പോൾ അവൾ നഷ്ടപ്പെടുമെന്ന വിഷമത്തിനുപരി അവൾ എന്തേലും കടും കൈ ചെയ്യുമോ എന്ന പേടി കൂടി തോന്നിയത് കൊണ്ടാണ് ഞാൻ ഇപ്പോൾ ചേട്ടന് മുന്നിലേക്ക് വന്നത്. ”

അത്രയും കൂടി കേൾക്കെ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ആനന്ദ്. ‘ തന്നോട് എല്ലാം ഷെയർ ചെയ്തിരുന്ന അവൾ എന്ത് കൊണ്ട് ഇത് മറച്ചു വച്ചു. ‘ആ ഒരു ചിന്ത അവനെ വലച്ചു.

” സുബിൻ നീ ഈ പറയുന്നത് കേട്ടിട്ട് എനിക്ക് വിശ്വാസം വരുന്നില്ല. അഞ്ജലി അവൾ ഇങ്ങനൊരു ബന്ധത്തിൽ പോകും ന്ന് ചിന്തിക്കാൻ പറ്റുന്നില്ല.. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. അവൾ ഇതുവരെ ഞങ്ങളോട് ആരോടും ഒന്നും പറഞ്ഞിട്ടില്ല മാത്രമല്ല അവൾ പുറമെ ഹാപ്പിയാണ്. വിവാഹ തീയതി ഇങ്ങടുത്തു കഴിഞ്ഞു. ഇനിയിപ്പോൾ എന്ത് ചെയ്യാനാണ്.. ”

താൻ പറഞ്ഞതിൽ ആനന്ദിന് വിശ്വാസക്കുറവ് ഉണ്ട് എന്ന് ആ മറുപടിയിൽ നിന്നും മനസിലാക്കി സുബിൻ അതോടെ അവൻ പതിയെ അഞ്ജലിയുമായുള്ള തന്റെ അവസാനത്തേ വാട്ട്സപ്പ് ചാറ്റ് എടുത്ത് അവനെ കാട്ടി.

” ചേട്ടന് ഞാൻ പറയുന്നതിൽ സംശയം ഉണ്ടാകാം പക്ഷെ സ്വന്തം പെങ്ങളുടെ വോയിസ്‌ കേട്ടാൽ തിരിച്ചറിയാൻ പറ്റില്ലേ.. ദേ ഇന്നലെ എന്റെ നമ്പർ ബ്ലോക്ക് ചെയ്യുന്നതിന് തൊട്ടു മുന്നേ അവസാനമായി അവൾ എനിക്ക് അയച്ച ഒരു വോയിസ്‌ മെസേജ് ആണ്. ചേട്ടൻ ഇതൊന്ന് കേൾക്കണം. ”

അത്രയും പറഞ്ഞു ഒരു വോയിസ്‌ മെസേജ് പ്ലേ ചെയ്തു അവൻ. ‘ സുബിൻ.. എന്ത് ചെയ്യണമെന്ന് അറിയില്ല എനിക്ക് പക്ഷെ എന്റെ വീട്ടുകാരെ എതിർക്കാൻ കഴിയില്ല ഞാൻ കാരണം അവരുടെ സന്തോഷം ഇല്ലാതാകുന്നത് ഒരിക്കലും എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല.. നമുക്ക് ഒന്നിക്കാൻ യോഗമില്ല..

മറക്കണം നീ എന്നെ.. നേ ഇല്ലാതെ ഒരു ജീവിതം.. അത് എന്നെ കൊണ്ട് പറ്റുമോ എന്ന് അറിയില്ല എങ്കിലും എന്റെ വീട്ടുകാർക്ക് വേണ്ടി അവരുടെ സന്തോഷത്തിനു വേണ്ടി അവർ കണ്ടെത്തിയ ആളുടെ ഭാര്യ എന്ന റോൾ ഇനി ഞാൻ ജീവിച്ചു തീർക്കും.. ‘

അത് കേട്ടു തീരവേ ആനന്ദ് ഉറപ്പിച്ചു. ഇത് അഞ്ജലി തന്നെ..’ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ട് എന്തിനാ മോളെ നീ എന്നോട് പറയാതിരുന്നത്. ‘

ഒരു നിമിഷം ഉള്ളിൽ ഒരു നീറ്റൽ തോന്നി അവന്.

” സുബിൻ. കാര്യങ്ങൾ ഏറെക്കുറേ മനസിലാക്കുന്നു ഞാൻ… അവളുമായി ഒന്ന് സംസാരിക്കട്ടെ.. എന്റെ പെങ്ങൾ എനിക്ക് ജീവനാണ്. അവൾക്ക് ഇങ്ങനൊരു ആഗ്രഹം ഉണ്ട് എങ്കിൽ എന്ത് വില കൊടുത്തും ഞാൻ അത് നടത്തിക്കൊടുക്കും.”

ആ വാക്കുകൾ കേൾക്കെ സുബിനും വല്ലാത്ത ആശ്വാസം തോന്നി. ” താങ്ക്സ് ചേട്ടാ… ചേട്ടൻ അവളുമായി സംസാരിക്ക്. ഞാൻ ഒരു കാശ്കാരൻ ഒന്നുമല്ല പക്ഷെ ഇപ്പോ അത്യാവശ്യം മോശമില്ലാത്ത ഒരു ജോലി ഉണ്ട്. എനിക്ക് തന്നാൽ പൊന്നു പോലെ നോക്കിക്കോളാം ഞാൻ.. ”

ആ മറുപടി കേട്ട് പുഞ്ചിരിയോടെ അവന്റെ ചുമലിൽ ഒന്ന് തട്ടി തന്റെ ബൈക്കിലേക്ക് കയറി ആനന്ദ്. അവൻ കണ്ണിൽ നിന്നും മറയുന്നത് പ്രതീക്ഷയിൽ നോക്കി നിന്നു സുബിനും.

വീട്ടിലേക്കുള്ള യാത്രയിൽ ആനന്ദിന്റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു. വിവാഹതീയതി അടുത്തത് കൊണ്ട് തന്നെ ഇനി ഒഴിവാക്കുക എന്നത് വളരെ പ്രയാസമാണ്. പക്ഷെ അഞ്ജലിയുടെ ഉള്ള് കണ്ടില്ലെന്ന് നടിച്ചു ജീവിത കാലം മുഴുവൻ അവളെ ഒരു വിഷമത്തിലേക്ക് തള്ളി വിടുവാനും കഴിയില്ല.’

വീട്ടിൽ ചെന്ന് കയറുമ്പോൾ പന്തല് പണി കോൺട്രാക്ട് ചെയ്യുന്ന ആളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അച്ഛൻ. അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നേരെ വീടിനുള്ളിലേക്ക് കയറി ആനന്ദ്.

” അമ്മേ അഞ്ജലി എവിടെ”അടുക്കളയിൽ ജോലിയിൽ മുഴുകി നിൽക്കുന്ന അമ്മയുടെ അരികിലേക്ക് ആണ് അവൻ ആദ്യം പോയത്.

” ഇത്രേം നേരം ഇവിടുണ്ടായിരുഞ്ഞു ഇപ്പോ ദേ മുറിയിലേക്ക് പോയി.. ”

അമ്മ പറഞ്ഞത് കേട്ട പാടെ നേരെ അഞ്ജലിയുടെ മുറിയിലേക്ക് നടന്നു അവൻ. അകത്തേക്ക് കയറുമ്പോൾ ബെഡിൽ ഫോണുമായി കിടക്കുകയായിരുന്നു അഞ്ജലി. അവളുടെ മിഴികളിൽ നനവ് പടർന്നിരുന്നത് പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു ആനന്ദ്.

” ആ ഏട്ടൻ വന്നോ.. ” കണ്ട പാടെ അഞ്ജലി ചാടിയെഴുന്നേറ്റു. പെട്ടെന്ന് മിഴികൾ തുടച്ചു പുഞ്ചിരിച്ചു.

” എന്താ പതിവില്ലാതെ വന്ന പാടെ എന്റടുത്തേക്ക്.. സിനിമയിൽ ഒക്കെ കാണുന്നത് പോലെ അനിയത്തിക്ക് വെഡിങ് ആയിട്ട് എന്തേലും സ്പെഷ്യൽ ഗിഫ്റ്റുമായി വന്നതാണോ.. ”

ആ ചോദ്യം കേൾക്കെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പതിയെ അവൾക്കൊപ്പം ബെഡിലേക്ക് ചെന്നിരുന്നു ആനന്ദ്.

” മോള് എത്ര ദിവസം ഞങ്ങടെ മുന്നിൽ ഇങ്ങനെ സന്തോഷം അഭിനയിക്കും.. എത്രയൊക്കെ ശ്രമിച്ചാലും ഇതുപോലെ ഇതുപോലെ ഇടക്കേലും മിഴികൾ തുളുമ്പി പോകില്ലേ ”

ആ മറുപടി കേൾക്കെ ആനന്ദിന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി ഇരുന്നു പോയി അഞ്ജലി.” എന്താ ഏട്ടാ. എന്താ ഇങ്ങനൊക്കെ പറയുന്നേ..”

സംശയത്തോടെ അവൾ ചോദിക്കുമ്പോൾ പതിയെ തന്റെ വലതു കൈ കൊണ്ട് അവളുടെ നനഞ്ഞ മിഴികൾ തുടച്ചു ആനന്ദ്.

” ആരും കാണാതെ മോള് ഇങ്ങനെ എത്ര നാൾ കരയും ഇനി.. ഒക്കെയും ഞാൻ അറിഞ്ഞു. നിന്റെ മനസ്സിൽ ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ അത് ആദ്യമേ എന്നോട് പറഞ്ഞു കൂടായിരുന്നോ.. നിന്റെ കണ്ണ് നനയിച്ചു കൊണ്ട് ഒരു കാര്യത്തിനും ഈ ഏട്ടൻ കൂട്ട് നിൽക്കില്ല.. ഏട്ടൻ ഉണ്ട് നിങ്ങൾക്കൊപ്പം.. ”

വാത്സല്യത്തോടെ അഞ്ജലിയെ തന്റെ മാറോട് ചേർത്തു ആനന്ദ്. നടുക്കത്തോടെ തന്നെ ഒക്കെയും കേട്ട് ആനന്ദിന്റെ മുഖത്തേക്ക് വീണ്ടും നോക്കി അവൾ.

അപ്പോഴേക്കും അമ്മ അവിടേക്ക് എത്തിയിരുന്നു. ആഹാ.. അടുക്കളയിൽ ഒരു ജോലിയും പാതി വഴിക്കിട്ടിട്ട് ഇവിടെ വന്നു ചേട്ടനെ കെട്ടിപ്പിടിച്ചു കളിക്കുവാണോ നീ മര്യാദയ്ക്ക് വന്നു ആ ബാക്കി ഉള്ളി കൂടി അരിഞ്ഞു വയ്‌ക്ക് പെണ്ണെ.. രാത്രീലത്തെ ചപ്പാത്തിക്ക് കറി ഉണ്ടാക്കാനുള്ളതാ സമയം പോണ് ”

വന്നപാടെയുള്ള അമ്മയുടെ ശകാരം കേട്ട് ചാടി എഴുന്നേറ്റു പോയി ആനന്ദ്. ” ഞാൻ ദേ വരുന്നു അമ്മേ.. ഉള്ളി അരിഞ്ഞിട്ട് കണ്ണ് നീറീട്ട് വയ്യ.. അതാ മുറിയിലേക്ക് വന്നേ.. അപ്പോ ദേ ചേട്ടൻ വന്നിട്ട് എന്തോ പറഞ്ഞു. അത് കേട്ടിരുന്നപ്പോ ലേറ്റ് ആയതാ.. ദേ വരുന്നു അമ്മ ചെല്ല് ”

മറുപടി പറഞ്ഞു കൊണ്ട് എഴുന്നേറ്റു ടവൽ കൊണ്ട് വീണ്ടും മുഖമൊന്നു തുടച്ചു അഞ്ജലി. എന്നാൽ അവൾ പറഞ്ഞത് കേട്ട് വാ പൊളിച്ചു നിന്നു ആനന്ദ് .

‘ഉള്ളി അരിയുവായിരുന്നോ.. അപ്പോ കരഞ്ഞതല്ലേ ‘ആത്മഗതത്തോടെ അവൻ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി.അമ്മ വീണ്ടും അടുക്കളയിലേക്ക് പോകവേ ആനന്ദിന് നേരെ ചെന്നു അഞ്ജലി.

” ഏട്ടാ.. എന്ത് പറ്റി ഏട്ടന് .. പതിവില്ലാതെ മുറിയിലേക്ക് കേറി വന്നപ്പോഴേ എനിക്ക് തോന്നി എന്തോ പ്രശ്നം ഉണ്ട് ന്ന് എന്താണേലും എന്നോട് പറയ്… ”

അവളുടെ ആ വാക്കുകൾ കൂടി കേൾക്കെ ആകെ കിളി പോയ അവസ്ഥയിൽ ആയി ആനന്ദ്.

” ങേ..! എനിക്ക് പ്രശ്നമോ.. ഇതിപ്പോ എല്ലാം കൊണ്ടും തിരിഞ്ഞോ.. നിനക്ക് ഒരു പ്രശ്നവും ഇല്ലേ.. “അവന്റെ ചോദ്യം കേൾക്കെ അഞ്‌ജലിയും വാ പൊളിച്ചു.

” ങേ.. എനിക്ക് എന്ത് പ്രശ്നം.ഞാൻ ഇവിടെ ചുമ്മാ കിടക്കുവല്ലായിരുന്നോ.. ഏട്ടൻ അല്ലെ വന്നിട്ട് എന്തോ ജീവിതകാലം മുഴുവൻ കരയുന്ന കാര്യമൊക്കെ പറഞ്ഞെ.. അതെന്താ സംഭവം. ”

വീണ്ടും ഞെട്ടി ആനന്ദ്. ” എടീ.. നിനക്ക് ഒരു സുബിനെ അറിയോ.. നിന്റെ കൂടെ പഠിച്ച… ” ആ ഒറ്റ ചോദ്യം കേട്ടത്തോടെ കാര്യമെന്താണെന്ന് മനസിലായി അവൾക്ക്. അതോടെ വീണ്ടും ചെന്ന് ബെഡിലേക്കിരുന്നു

” അപ്പോ അതാണ് കാര്യം.. അവൻ ചേട്ടനെ വന്നു കണ്ടോ.. വട്ടൻ…. ഇന്നലെ ഒഴിവാക്കി വിട്ടതാണല്ലോ ഞാൻ ” പിന്നങ്ങോട്ട് ഞെട്ടാൻ മാത്രമേ ആനന്ദിന് നേരമുണ്ടായുള്ളു.. ” ഒഴിവാക്കി വിട്ടെന്നോ.. എന്താ നീ ഉദ്ദേശിക്കുന്നേ “അവൻ സംശയത്തോടെ അഞ്‌ജലിക്ക് അരികിലായി ഇരുന്നു.

” എന്റെ പൊന്ന് ചേട്ടാ.. കോളേജിൽ ഒക്കെ പഠിക്കുമ്പോ നമുക്ക് ഓരോ നേരമ്പോക്ക് പ്രണയം ഒക്കെ ഉണ്ടാകില്ലേ.. ഇതും അത്രേ ഉള്ളു.. ചുമ്മാ ഒരു ടൈമേ പാസ്. കല്യാണം ആയപ്പോ ഞാൻ നൈസിനു ബ്രേക്കപ്പ് പറഞ്ഞതാ. പക്ഷെ അവൻ പോണില്ല.. പിന്നെ ഒരു വിധം കുറച്ചു സെന്റിയൊക്കെ പറഞ്ഞു ഒഴിവാക്കി. പക്ഷെ വീണ്ടും ചേട്ടന്റെ അടുത്ത് വരും ന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല.. “മറുപടി ഒന്നും പറഞ്ഞില്ല ആനന്ദ്. പ്രതിമ കണക്കെ ഇരുന്നു പോയി അവൻ.

‘ ദൈവമേ.. പ്രേമമൊക്കെ ഇത്ര സിമ്പിൾ ആയിരുന്നോ. ‘അതായിരുന്നു അപ്പോൾ അവന്റെ മനസിലെ ചിന്ത.അവൻ എന്നെ ഒരു ഫോട്ടോ കാണിച്ചു നിങ്ങൾ ഒന്നിച്ചുള്ള ഒരു സെൽഫി. ചേ.. ചേർന്ന് നിന്നിട്ടൊക്കെ ”

ഉള്ളിൽ തോന്നിയ സംശയം പൂർണമായി അവളുടെ മുഖത്ത് നോക്കി ചോദിക്കുവാനുള്ള ധൈര്യം ഇല്ലായിരുന്നു ആനന്ദിന്. പക്ഷെ ഉദ്ദേശിച്ച മറുപടി അഞ്‌ജലിയിൽ നിന്നും കിട്ടി.

” എന്റെ ചേട്ടാ.. ഈ കാലത്ത് ഒന്നിച്ചൊരു സെൽഫി ഒക്കെ അത്ര വല്യ സീൻ ആണോ.. എന്റേൽ കുറെ ഫോട്ടോസ് ഉണ്ട് ഫ്രണ്ട്സ് ആയിട്ട് എടുത്തത്.. പിന്നേ ഫോട്ടോ കാണിക്കുകയല്ലാതെ ഞാൻ അവന്റൊപ്പം കിടന്നിട്ടുണ്ടെന്നെങ്ങാൻ പറഞ്ഞോ ചേട്ടനോട്..”

സംശയത്തോടെ അഞ്ജലി നോക്കുമ്പോൾ ഇല്ല എന്ന് തലയാട്ടി ആനന്ദ്. പക്ഷെ ഒരു മറു ചോദ്യം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. അതിനുള്ള മറുപടിയും ചോദിക്കാതെ തന്നെ കിട്ടി.

” ചേട്ടൻ പേടിക്കേണ്ട.. അതിനൊന്നും ഞാൻ പോകില്ല.. ദേഹത്ത് തൊട്ടുള്ള ടൈം പാസിനൊന്നും നിൽക്കില്ല ഞാൻ ”

‘ഹോ.. ആശ്വാസമായി ‘അറിയാതെ മനസ്സിൽ പറഞ്ഞു പോയി ആനന്ദ്. അപ്പോഴാണ് അമ്മ വന്നു പോയത് വീണ്ടും ഓർത്തത് അഞ്ജലി. അതോടെ വെപ്രാളത്തിൽ ചാടി എഴുന്നേറ്റു അവൾ.

” അയ്യോ ഇനീം ലേറ്റ് ആയാൽ അമ്മ എന്നെ കൊല്ലും.. ഈ കാര്യം ഓർത്തു ചേട്ടൻ ടെൻഷൻ ആകേണ്ട. ഇതൊക്കെ സിമ്പിൾ.. അവന്റെ ഞാൻ ഒതുക്കിക്കോളാം പിന്നെ.. ആരോടും ഒന്നും പറയാൻ നിൽക്കേണ്ട കേട്ടോ ..”

അത്രയും പറഞ്ഞു കൊണ്ട് അഞ്ജലി ഓടി അടുക്കളയിലേക്ക് പോയി. ഒക്കെയും കേട്ട് വിളറി വെളുത്തങ്ങിനെ ഇരുന്നു ആനന്ദ് അൽപനേരം.

‘ ദൈവമേ.. ഇത് എന്തോന്ന് ജീവി.. ഇവളോടൊപ്പം ജീവിക്കാൻ പോണോന്റെ വിധി.. ആ പാവം സുബിൻ. ഇനി ഇവള് തേച്ചെന്നും പറഞ്ഞിട്ട് അവൻ എന്തേലും കടും കൈ ചെയ്യോ.. ‘

പെങ്ങളുടെ ജീവിതത്തെ പറ്റി ഓർത്തു വേവലാതി പെട്ട് എത്തിയ ആനന്ദ് ഒടുവിൽ സുബിന്റെ കാര്യമോർത്തു ടെൻഷൻ അടിച്ചാണ് തന്റെ മുറിയിലേക്ക് പോയത്.