©️✍️Darsaraj R
തെക്കേ പുരയിലെ കതക് തുറക്ക്, ഞാൻ പുറത്ത് നിൽപ്പുണ്ട്.
രാജീവിന്റെ മെസ്സേജ് കണ്ടതും നിമ്മിയുടെ നെഞ്ചോന്ന് പിടഞ്ഞു.
എന്നാലും അവൾ റിപ്ലൈ നൽകി.
ഇല്ല, ഞാൻ തുറക്കില്ല.
രാജീവ്, ഞാൻ ഇന്നൊരമ്മയാണ്. ഇനി ഞാൻ ഒന്നിനും ഇല്ല. പ്ലീസ്, എന്നെ എന്റെ വഴിക്ക് വിട്ടേക്ക്. ചെയ്യാൻ പാടില്ലാത്ത ഒരുപാട് തെറ്റുകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഞാൻ ചെയ്ത് കൂട്ടി.
പ്ഫാ പന്ന പൊല…
അതെന്നാ ഏർപ്പാടാടി? ഇത്രയും നാള് കൂടെ കിടത്തി സുഖം പറ്റിയിട്ട് പെട്ടെന്നൊരു ഉൾവിളി.
ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്? എന്റെ ചേട്ടനേയും കുഞ്ഞിനേയും ചതിച്ചോണ്ട് ഇനിയുള്ള കാലവും രാജീവ് പറയുന്നത് കേട്ട് നിൽക്കാൻ എനിക്കാവില്ല. പറ്റിയത് പറ്റി. ഇനിയും ആ തെറ്റ് ആവർത്തിക്കാനാവില്ല.
മോളെ നിമ്മി, പച്ചക്ക് പറഞ്ഞാൽ നിന്റെ കഴപ്പ് തീർക്കാൻ തന്നെയാണ് നീയും എന്നെ ഉപയോഗിച്ചത്. അതിനപ്പുറം വേറെ ഡെക്കറേഷൻ ഒന്നും വേണ്ട.
നീ ലേബർ റൂമിൽ കേറുന്ന ദിവസത്തിന്റെ തലേന്ന് അയച്ച മറ്റേ വീഡിയോ ഉൾപ്പെടെ എന്റെ ഫോണിൽ കിടപ്പുണ്ട്. ഏതേലും ഗ്രൂപ്പിൽ ഞാൻ ഒന്ന് Send to കൊടുത്താൽ നീ തീർന്നു. തുറക്കടി പുല്ലേ കതക്.
അധികനേരം രാജീവിന്റെ വാക്കുകൾക്ക് മുന്നിൽ നിമ്മിക്ക് പിടിച്ചു നിൽക്കാനായില്ല.
സ്വന്തം കാര്യം നടത്താനുള്ള രാജീവിന്റെ വാക്കുകൾ തന്നെയായിരുന്നു അന്നും ഇന്നും നിമ്മിയുടെ ഏറ്റവും വലിയ ബലഹീനത.
നിമ്മിയേക്കാൾ 13 വയസ്സ് പ്രായകൂടുതലുള്ള മോഹൻ എന്ന പ്രവാസി ഭർത്താവ്, നിമ്മി എന്ന ശാലീന സുന്ദരിക്ക് ഒട്ടും ചേർന്നതല്ല എന്ന രാജീവിന്റെ ഭംഗി വാക്കുകളിൽ അവൾ അകപ്പെട്ടു പോയി.
ഒരു റിപ്ലൈ തരുമോ എന്ന ചോദ്യത്തിൽ തുടങ്ങിയ ആ ബന്ധം ഇന്നിതാ സ്വന്തം ശരീരം തന്നെ റിപ്ലൈയായി കൊടുക്കേണ്ട അവസ്ഥയിൽ എത്തിനിൽക്കുന്നു.
രാജീവ്, നീ ഈ കാണിക്കുന്നത് മഹാപാപമാണ്. അമ്മയെങ്ങാനും ഉണർന്നാൽ…കുഞ്ഞ് ഉള്ളോണ്ട് ചെറിയ ശബ്ദം കേട്ടാൽ പോലും അമ്മ വന്ന് നോക്കും. പ്ലീസ് ഒന്ന് പോയി താ. എന്നെ ചതിക്കരുത്. നാളെ രാവിലെ ഏട്ടൻ ദുബായിൽ നിന്നും വരുകയാ. ഞങ്ങളുടെ നീണ്ട പത്ത് വർഷത്തെ കാത്തിരുപ്പാ എന്റെ മോള്.
ഓഹോ? അപ്പോൾ നീ ഇനിയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ പതിവൃത. സ്വന്തം ഭർത്താവിനെ തേച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിലുള്ള നിന്റെ നിൽപ്പ് ഉണ്ടല്ലോ?എന്നിട്ട് അവൾ ഗൾഫിൽ നിന്നും വരുമ്പോൾ കുറേ സിന്ദൂരവും വാരി പൂശി ആളുകളെ ബോധിപ്പിക്കാൻ കുറേ FB പോസ്റ്റുമായിട്ട് നീ ഇനിയും വായേ. അതിനുള്ള കമന്റ് ഞാൻ തന്നോളാം.
രാജീവ് പ്ലീസ്, കുഞ്ഞ് ഉണർന്നു. ഞാൻ പാല് കൊടുക്കട്ടെ, ഒന്ന് പോയി താ പ്ലീസ്.
കുഞ്ഞിനേക്കാലും മുമ്പേ നിന്റെ മാറും മൂടും ഞാൻ അല്ലേടി കണ്ടത്?
അത് അവിടെ കിടന്ന് മോങ്ങട്ടെ. നീ ഇങ്ങോട്ട് വന്നേ, എന്റെ സ്വഭാവം മാറ്റിക്കരുത് പറഞ്ഞേക്കാം.
ഇല്ല, ഞാൻ വരില്ല. ഇനിയും എന്റെ ഏട്ടനെ ഞാൻ ചതിക്കില്ല.
നീ വരില്ല അല്ലേ? ദേ ഈ വീഡിയോ കണ്ടോ? നിന്റെ ഏഴാം മാസത്തിലെ വയറ്റ് പൊങ്കാലയുടെ ദിവസം, ഉടുത്തിരുന്ന സെറ്റ് സാരി ഉരിയുന്ന കുടുംബിനിയായ നിമ്മി. അയക്കട്ടെ ഇത് നിന്റെ കെട്ടിയോന്?
പ്ലീസ് രാജീവ്.
നിമ്മി വായ പൊത്തി ഉറക്കെ കരഞ്ഞോണ്ട് രാജീവിന്റെ കാൽക്കലിൽ വീണു.
എനിക്ക് നിന്റെ കഥ ഒന്നും കേൾക്കണ്ട. എന്തായാലും കുനിഞ്ഞ് കാലിൽ വീണതല്ലേ. എന്നത്തേയും പോലെ തുടങ്ങിക്കോ.
മേലോട്ട് എഴുന്നേറ്റ് വാടി.
നിറമിഴിയോടെ രാജീവിന്റെ കാൽചുവട്ടിൽ നിന്നും മെല്ലെ മെല്ലെ മുഖം ഉയർത്തി വന്ന നിമ്മി, ഗത്യന്തരമില്ലാതെ ഒടുവിൽ രാജീവിന്റെ ആഗ്രഹത്തിന് വഴങ്ങിക്കൊടുത്തു.
കണ്ണടച്ച് നിൽക്ക്…ഞാൻ ചെയ്യാം.
അങ്ങനെ വഴിക്ക് വാടി മോളെ.
***********************************
ഏതാനും മണിക്കൂറിന് ശേഷമുള്ള തൊട്ടടുത്തെ പോലീസ് സ്റ്റേഷൻ.
സാർ പ്ലീസ് അറസ്റ്റ് മീ. ഞാൻ ഒരാളെ കൊന്നു…
അപ്പോഴേക്കും ചോരയുടെ പാട് വീണ കുഞ്ഞിനേയും കൊണ്ട് മോഹന്റെ അമ്മയും ഏതാനും നാട്ടുകാരും കൂടി സ്റ്റേഷനിൽ എത്തിയിരുന്നു.
അവസാനമായ് തന്റെ പൊന്നു മോളെ മാറോട് ചേർത്തോണ്ട് നിമ്മി പറഞ്ഞു.
“എന്റെ മോള് ഒരിക്കലും മറ്റൊരു നിമ്മി ആവരുത്”.
ഇത്രയും പറഞ്ഞ ശേഷം എല്ലാം നഷ്ടപ്പെട്ട് നാട്ടുകാരുടെ മുമ്പിൽ നിസ്സഹായതയോടെ തലയിൽ കൈ വെച്ച് കരഞ്ഞ സേതുമാധവനെ പോലെ പൊട്ടികരഞ്ഞോണ്ട് നിമ്മി സെല്ലിനകത്തേക്ക് പോയി. കണ്മുന്നിൽ നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ അമ്മയുടെ മുലപ്പാലിനായ് ആ കൈ കുഞ്ഞ് അപ്പോഴും കരഞ്ഞോണ്ടിരുന്നു…
“പ്രിയ സഹോദരിമാരെ, നിങ്ങളുടെ വിവാഹശേഷം അപരിചിതനായ ഒരാണ് നിങ്ങളിലേക്ക് ഭംഗിവാക്കുകൾ പറഞ്ഞോണ്ട് അടുക്കാൻ ശ്രമിക്കുന്നു എങ്കിൽ 90% അവന്റെ ലക്ഷ്യം നിങ്ങളുടെ ശരീരം മാത്രമായിരിക്കും. അതിൽ പങ്കാളികളാകുന്ന നിമ്മിമാരും രാജീവന്മാരും ആ അവിഹിതത്തിന്റെ “വിഹിതം” പറ്റാൻ തുല്യ അർഹതരാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
©️✍️Darsaraj R