(രചന: അംബിക ശിവശങ്കരൻ)
“മോനെ വിനോദേ..ശ്യാമയ്ക്ക് പുറത്തു പോകണമെങ്കിൽ നീ കൂടെ പോയാൽ പോരെ? എന്തിനാ വിനീഷിന്റെ കൂടെ അവളെ അയക്കുന്നത് അതും ബൈക്കിൽ.. നിനക്ക് ഈ നാട്ടുകാരെ കുറിച്ച് അറിയാഞ്ഞിട്ടാണ് അവർ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്നോ..”
വിനോദ് വൈകുന്നേരം ഓഫീസ് കഴിഞ്ഞ് എത്തിയതും അമ്മ ദേവകി സ്വകാര്യമായി തന്റെ മകനെ വിളിച്ചുപറഞ്ഞു.
അമ്മ പറഞ്ഞത് അത്ര ദഹിക്കാത്ത മട്ടിൽ അവൻ അവരെ ഒന്ന് നോക്കി.
“നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..” അവരവന് വീണ്ടും താക്കീത് നൽകി.
“എനിക്ക് ഓഫീസിൽ തിരക്കുള്ളതുകൊണ്ടാണ് ശ്യാമയോട് വിനീഷിന്റെ കൂടെ പോകാൻ പറഞ്ഞത് അല്ലെങ്കിലും അവർ ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്താൽ എന്താണ് അമ്മേ? വിനീഷ് എന്റെ അനിയനാണ് ശ്യാമ എന്റെ ഭാര്യയും രണ്ടുപേരെയും എനിക്ക് നന്നായി അറിയാം. ആങ്ങളമാർ ഇല്ലാത്ത ദുഃഖം മാറിയത് കല്യാണം കഴിഞ്ഞ് വന്ന് അനിയനായി വിനീഷിനെ കിട്ടിയത് മുതലാണെന്ന് ശ്യാമ എപ്പോഴും എന്നോട് പറയാറുണ്ട് അവനും തിരിച്ച് അവളോട് അങ്ങനെ തന്നെയാണ്. മനസ്സിൽ കളങ്കം വെച്ച് നോക്കുമ്പോഴേ ഏതിലും തെറ്റ് കാണുകയുള്ളൂ അമ്മേ..നാട്ടുകാർക്ക് എന്താണ് പറയാൻ വയ്യാത്തത്? അവരുടെ വാക്കും കേട്ട് ദയവുചെയ്ത് അമ്മ ഇത്രയ്ക്ക് ചീപ്പ് ആകരുത്..”
വിനോദിന്റെ മുഖഭാവം കണ്ടപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നി. ഇന്ന് കുടുംബശ്രീക്ക് പോയപ്പോൾ ഒന്ന് രണ്ട് പെണ്ണുങ്ങൾ കൊളുത്തി വിട്ട തീയാണ്. അവൻ തന്നെ കുറിച്ച് എന്ത് കരുതിക്കാണും? ഒന്നുമില്ലെങ്കിലും വിനീഷ് തന്റെ വയറ്റിൽ പിറന്നതല്ലേ? അവനെ തനിക്ക് അറിയാവുന്നതുപോലെ മറ്റാർക്കാണ് അറിയുക? അതെങ്കിലും ഓർക്കേണ്ടതായിരുന്നു.. ” അവർ തല ചൊറിഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.
വിനോദ് മുറിയിൽ എത്തുമ്പോൾ ശ്യാമ വിഷമത്തോടെ തലകുനിച്ചിരിപ്പുണ്ടായിരുന്നു.
“എന്തായി ഷോപ്പിംഗ് ഒക്കെ?കടയിൽ ഉള്ളതും മുഴുവൻ വാരിക്കൂട്ടിയോ?” അവന്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല തികഞ്ഞ മൗനം പാലിച്ചു.
“എന്താ ശ്യാമേ? എന്താ മുഖം വല്ലാതിരിക്കുന്നത്?”അവളെ ചേർത്തുനിർത്തി വിനോദ് ചോദിച്ചതും അവന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് അവൾ വിതുമ്പി.
“എന്താ ശ്യാമേ നീ കാര്യം പറയൂ..”അവന് ടെൻഷനായി.
“നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്നുവർഷമായി വിനോദേട്ടാ.. നമ്മുടെ കുഞ്ഞിന് ഇപ്പോൾ വയസ്സ് രണ്ടാകുന്നു. ഇത്രയും നാൾ ഇവിടെ കഴിഞ്ഞിട്ടും അമ്മയ്ക്ക് എന്നെ ഇതുവരെ മനസ്സിലായില്ലല്ലോ എന്ന് ഓർക്കുമ്പോഴാ…”അത് പറയുമ്പോൾ അവളുടെ തേങ്ങലിന്റെ ശക്തി കൂടി.
“അമ്മ പറഞ്ഞത് നീ കേട്ടല്ലേ?”
അവൾ തലയാട്ടി.
“നോക്ക് ശ്യാമേ.. ഞാനാണ് നിന്റെ ഭർത്താവ് എനിക്ക് ഇല്ലാത്ത പ്രശ്നമാണോ നാട്ടുകാർക്ക്? എന്നെ മാത്രം നീ കണക്കാക്കിയാൽ മതി. അമ്മ പഴഞ്ചൻ ചിന്താഗതി വെച്ച് പുലർത്തുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് അത് നീ കാര്യമാക്കേണ്ട. എനിക്ക് നിന്നെയും അറിയാം അവനെയും അറിയാം ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ യാതൊരു വിശ്വാസക്കുറവും ഇല്ല. ഇനിയും നീ അവന്റെ കൂടെ തന്നെ പുറത്തു പോയാൽ മതി നോക്കട്ടെ ഇവിടെ എന്താ സംഭവിക്കുന്നതെന്ന്..” അവൻ അത് പറഞ്ഞതും അത്രനേരം വിഷമം തങ്ങി നിന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു അത് കണ്ടതും അവനും സന്തോഷമായി.
“വിനീഷ് എത്തിയില്ലേ?”
“ആരെയൊക്കെയോ കാണാനുണ്ടെന്ന് പറഞ്ഞ് വൈകിട്ട് പോയതാ…”
“എന്താ ചെക്കൻ ഇനി നമ്മൾ അറിയാതെ വല്ല ചുറ്റിക്കളയും ഉണ്ടോ?” വിനോദ് കണ്ണ് ഇറക്കി കൊണ്ട് ചോദിച്ചു.
“ഏയ്.. അതിനു ചാൻസില്ല. കല്യാണക്കാര്യത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ പെൺകുട്ടിയെ അമ്മയും നമ്മളും കൂടി കണ്ടെത്തിയാൽ മതിയെന്നാണ് പറഞ്ഞത്.”
അപ്പോഴേക്കും അമ്മ ചായയുമായി എത്തിയിരുന്നു.
“വിനോദേ.. ഞാനൊരു കാര്യം പറയാൻ മറന്നു പോയി. വിനീഷിനിപ്പോൾ വയസ്സ് ഇരുപത്തിഎട്ട് ആയില്ലേ..അപ്പുറത്തെ വീട്ടിലെ ശിവേട്ടൻ അവനുവേണ്ടി ഒരു കല്യാണാലോചന കൊണ്ടുവന്നിരുന്നു.. നല്ല കൂട്ടരാണ് എന്നാ പറഞ്ഞത് നമുക്കൊന്ന് പോയി നോക്കിയാലോ?”
“ആഹാ.. ഞങ്ങളും ഇപ്പോൾ സംസാരിച്ചത് അവന്റെ വിവാഹ കാര്യത്തെ കുറിച്ചാണ്. അതിനെന്താ ഈ ഞായറാഴ്ച നമുക്ക് പോയി കാണാം എനിക്കും ലീവ് ആണല്ലോ..”ആ അഭിപ്രായം എല്ലാവർക്കും സമ്മതമായിരുന്നു.
രാത്രി വിനീഷ് വന്നപ്പോഴും അവർ അതേ പറ്റി സംസാരിച്ചു. അവനു അഭിപ്രായവ്യത്യാസം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഞായറാഴ്ച വിനോദും വിനീഷും ശ്യാമയും ചേർന്ന് പെണ്ണ് കാണാൻ പുറപ്പെട്ടു.
തിരികെ വന്നതും പെണ്ണിനെ കുറിച്ചും അവരുടെ കുടുംബത്തെ പറ്റിയും ഒരു നൂറു കുറ്റം പറഞ്ഞത് ശ്യാമയായിരുന്നു.
“അമ്മേ നമ്മുടെ അന്തസ്സിന് ചേർന്ന ബന്ധമല്ല അത്.. വിനീഷിന്റെ അന്തസ്സിനും യോഗ്യതയ്ക്കും ഇതിലും നല്ല കുട്ടിയെ കിട്ടും. നമ്മുടെ വിനീഷ് എന്താ അത്രയ്ക്ക് മോശമാണോ?” അങ്ങനെ ഓരോന്ന് പറഞ്ഞ് ആ ആലോചന മുടങ്ങി. വിനീഷിന്റെ കാര്യത്തിൽ സ്വന്തം സഹോദരി എന്ന പോലെയുള്ള ശ്യാമയുടെ ശ്രദ്ധയും കരുതലും കണ്ട് അമ്മയും വിനോദം സന്തോഷിച്ചു.
അങ്ങനെ തങ്ങൾക്ക് ചേർന്ന ഒരു ബന്ധം അന്വേഷിച് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. കാണുന്ന പെൺകുട്ടികളിൽ എല്ലാം എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടെത്തി അതെല്ലാം മുടങ്ങി പോയി.
ഇന്നിപ്പോൾ വിനോദിന്റെയും ശ്യാമയുടെയും കുട്ടിക്ക് അഞ്ചു വയസ്സായി. അവൾ സ്കൂളിൽ പോയി തുടങ്ങിയിരിക്കുന്നു. അപ്പോഴും വിനീഷിന് വേണ്ടിയുള്ള പെണ്ണുകാണൽ തുടർന്നുകൊണ്ടിരുന്നു. ജോലി സംബന്ധമായി പലപ്പോഴും വിനോദിന് വീടുവിട്ടി നിൽക്കേണ്ടി വരുമ്പോഴും ശ്യാമയും വിനീഷും അമ്മയും ചേർന്നാണ് പെണ്ണ് കാണാൻ പോയിരുന്നത്.
” വിനോദേട്ടാ അങ്ങനെ ഇത്ര കാലത്തെ നമ്മുടെ ഓട്ടപ്പാച്ചിൽ നിൽക്കാൻ പോവുകയാണ്. ഇന്നലെ ഞങ്ങൾ പോയി കണ്ടില്ലേ ഒരു കൂട്ടരെ അവരെ നമുക്കും ബോധിച്ചു നമ്മളെ അവർക്കും ബോധിച്ചു.. അവർ കുറച്ചു മുന്നേ വിളിച്ചതാണ് ഇത് നടക്കും ഉറപ്പാണ്. ”
യാത്ര കഴിഞ്ഞ് എത്തിയതും ശ്യാമ പറഞ്ഞത് സന്തോഷമുള്ള വാർത്തയായിരുന്നു.
“എന്താ കുട്ടിയുടെ പേര്?”
“നിമ്മി. ലണ്ടനിൽ നേഴ്സ് ആണ്”.
“ലണ്ടനിലോ? അപ്പോൾ വിവാഹം കഴിഞ്ഞാൽ എന്ത് ചെയ്യും?”
“എന്ത് ചെയ്യാൻ.. ഇത്ര നല്ല സാലറിയുള്ള ജോലി വേണ്ടെന്നു വയ്ക്കാൻ പറ്റുമോ വിനോദേട്ടാ..? കല്യാണമായിട്ട് ഒരു മാസത്തെ ലീവിനെ ആ കുട്ടി വരികയുള്ളൂ ഞങ്ങൾ നിമ്മിയോട് വീഡിയോ കോളിലൂടെയാണ് സംസാരിച്ചത്. വിവാഹം കഴിഞ്ഞ് ആ കുട്ടി പോയാലും ഒരു വർഷത്തിനുള്ളിൽ വിനീഷിനും അവിടെ ഒരു ജോബ് നോക്കിയാൽ പോരെ? പിന്നെ അവർക്ക് രണ്ടാൾക്കും അവിടെ സെറ്റിൽ ആകാം..”
“അവന് സമ്മതമാണോ ഈ ബന്ധത്തിന്?”
“വിനീഷിന്റെ സമ്മതമില്ലാതെ പിന്നെ അവരോട് വാക്കു പറയോ വിനോദേട്ടാ..?”
അത് കേട്ടപ്പോഴാണ് വിനോദിനും ആശ്വാസമായത്.
അങ്ങനെ വിവാഹം അധികം വൈകിക്കാതെ തന്നെ നടന്നു. നിമ്മിയുടെ ലീവിന്റെ ഡേറ്റും കല്യാണവും യോജിച്ചു പോകുന്നതിനു വേണ്ടിയാണ് പെട്ടെന്ന് തന്നെ വിവാഹം നടത്തിയത്. കല്യാണവും വിരുന്നും എല്ലാം കഴിഞ്ഞ് കൃത്യം ഒരു മാസം കഴിഞ്ഞതും നിമ്മി ലണ്ടനിലേക്ക് തിരികെ പോയി. അന്ന് നിമ്മിയെ യാത്രയാക്കേണ്ട ദിവസം കുഞ്ഞിന് നല്ല സുഖമില്ലാതിരുന്നത് കൊണ്ട് വിനോദും കുട്ടിയും വീട്ടിൽ തന്നെ ഇരുന്നു.
“അച്ഛൻ എന്താ ഇടയ്ക്കിടയ്ക്ക് മോളെ തനിച്ചാക്കി പോകാറ്..”? തന്റെ അച്ഛന്റെ ചൂട് ഏറ്റ് കിടക്കവേ അവൾ ചോദിച്ചു.
“അച്ഛൻ ജോലിയുടെ ആവശ്യത്തിന് പോകുന്നതല്ലേടാ.. അച്ഛനില്ലെങ്കിൽ എന്താ അമ്മയില്ലേ മോളുടെ കൂടെ?”
“അച്ഛൻ ഇല്ലാത്തപ്പോഴൊക്കെ ചെറിയച്ഛനാ ഇവിടെ വന്ന് അമ്മയുടെ കൂടെ കിടക്കാറ്..ഞാൻ ഉറങ്ങിയെന്ന് കരുതിയ ചെറിയച്ഛൻ ഇവിടെ വന്ന് കിടക്കാറ് പക്ഷേ ഞാൻ ഉറങ്ങിയിട്ടുണ്ടാവാറില്ല. ചെറിയച്ഛൻ അമ്മയെ കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും എനിക്ക് അതൊന്നും ഇഷ്ടമല്ല അച്ഛാ.. അച്ഛൻ ഇനി എവിടെയും പോകണ്ട..”
തന്റെ മകൾ പറഞ്ഞത് കേട്ട് തലയിൽ ഇടിവെട്ടേറ്റത് പോലെ തോന്നി വിനോദിന്.
“എന്താ മോള് പറഞ്ഞത്?” ശരീരത്തിന്റെ വിറയിൽ മാറാതെ തന്നെ വിനോദ് ചോദിച്ചു?
“അതേ അച്ഛാ ഞാൻ പറയുന്നത് സത്യമാണ്.”
മനസ്സിനേറ്റ ആഘാതം മാറാതെ തന്നെ വിനോദ് തന്റെ മകളെ ചേർത്തുപിടിച്ചു. “ദൈവമേ ഇനി എന്തു പറഞ്ഞാണ് മോളെ ആശ്വസിപ്പിക്കേണ്ടത്? അതിലുപരി ഇനി എന്ത് പറഞ്ഞാണ് താൻ സ്വയം ആശ്വസിക്കേണ്ടത് ജീവനുതുല്യം സ്നേഹിച്ച ഭാര്യ തന്നെ ചതിച്ചെന്നോ? വഞ്ചിച്ചുവെന്നോ?”
വിനോദിന്റെ കണ്ണിലൂടെ കണ്ണുനീർ ധാരധാരയായി ഇറ്റു വീണുകൊണ്ടിരുന്നു. ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് പലതും അവന് ബോധ്യപ്പെട്ടത്. വർഷങ്ങളോളം വന്നിരുന്ന നല്ല പല കല്യാണ ആലോചനകളും ശ്യാമ മുടക്കിയതും.. ഒടുക്കം ലണ്ടനിൽ ജോലി ചെയ്യുന്ന നിമ്മിയുടെ ആലോചന മുറുകെ പിടിച്ചതും അപ്പോൾ മനപ്പൂർവ്വം ആയിരുന്നു. അവരുടെ സൗകര്യത്തിനുവേണ്ടി.. പാവം നിമ്മി തന്നെപ്പോലെ തന്നെ വഞ്ചിക്കപ്പെട്ടിരിക്കുന്നു…ഓരോന്ന് ഓർക്കുംതോറും അവന്റെ ദേഹം കോപത്താൽ വിറച്ചു. എയർപോർട്ടിൽ നിന്ന് തിരികെ എത്തുമ്പോൾ രണ്ടുപേരുടെ മുഖത്തും ഒരു സന്തോഷം വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടതും രണ്ടിനെയും കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് എങ്കിലും അവൻ അത് പ്രകടമാക്കിയില്ല. രാത്രി കിടക്കാൻ നേരം അവൾ എന്നത്തേയും പോലെ കൊഞ്ചികൊണ്ട് വന്നെങ്കിലും അവൻ നല്ല സുഖമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. അപ്പോഴും തന്റെ മകൾ പറഞ്ഞത് കള്ളം ആയിരിക്കുമോ എന്ന് പോലും വിനോദ് ചിന്തിച്ചു പോയി.തന്റെ ഭാര്യ തന്നെ ഒരിക്കലും ചതിക്കില്ലെന്ന വിശ്വാസത്തിന്റെ കണിക ഇപ്പോഴും അവനിൽ അവശേഷിച്ചു നിന്നു.
അങ്ങനെ പിന്നീടും ജോലി സംബന്ധമായ ഒരു യാത്രയുണ്ടെന്നു പറഞ്ഞു വിനോദ് രണ്ടുദിവസം വീടുവിട്ടു നിന്നു. അന്നേരം മോളോട് അമ്മമ്മയുടെ കൂടെ കിടക്കാനാണ് ആവശ്യപ്പെട്ടത്.
അന്ന് രാത്രി വീടിന് കുറച്ചു മാറിയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്താണ് വിനോദ് താമസിച്ചത്. മുറിയിൽ ആരും അറിയാതെ ഘടിപ്പിച്ച ക്യാമറ വിനോദ് തന്റെ ലാപ്ടോപ്പിൽ കണക്ട് ചെയ്തു. സമയം ഏകദേശം പത്ത് മണിയായി കാണും ഈ സമയത്ത് അമ്മ നല്ല ഉറക്കത്തിൽ ആയിരിക്കുമെന്ന് അവന് അറിയാമായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ലാപ്പിൽ തെളിഞ്ഞ വിഷ്വലിൽ ശ്യാമയും വിനീഷും!.. ഒരു ഭർത്താവ് കാണാൻ പാടില്ലാത്ത ദൃശ്യങ്ങൾ അവൻ വേദനയോടെ നോക്കി കണ്ടു. അതും തന്റെ കൂടെപ്പിറപ്പും ഭാര്യയും.
“നിന്റെ ഭാര്യ വിളിച്ചില്ലേ?”വിനീഷിനെ പറ്റി കിടന്നുകൊണ്ട് അവൾ ചോദിച്ചു.
” ഓ പിന്നെ നിന്നെ ഒറ്റയ്ക്ക് കിട്ടുമ്പോഴല്ലേ ഞാൻ അവളെ വിളിച്ചു വിളിച്ചുകൊണ്ടിരിക്കുന്നത്… ” അതും പറഞ്ഞു വിനീ ഷ് അവളെ വരിഞ്ഞു മുറുക്കി.
തന്റെ മുന്നിൽ വച്ച് അത്രയും ബഹുമാനത്തോടെ ചേച്ചി എന്ന് വിളിക്കുന്നവനാണ്.. അവന് കലിയടക്കാൻ കഴിഞ്ഞില്ല.
“ദേ വിനീഷേ..പിന്നെ ഒരു കാര്യം ഈ മാസം എനിക്ക് പിരീഡ്സ് ആയിട്ടില്ല പണി കിട്ടിയോ എന്നൊരു സംശയം.” അവൾ ഗൗരവത്തോടെ പറഞ്ഞു.
“അയ്യോ പണി പാളിയോ? ഇനി എന്ത് ചെയ്യും?”അവനും ടെൻഷനായി.
“നീ പേടിക്കുകയൊന്നും വേണ്ട. കൊച്ചിന്റെ അച്ഛൻ നീയാണെങ്കിലും അത് എന്റെ ഭർത്താവിന്റെ തലയിൽ വെച്ചുകൊടുക്കാം അയാൾ ഒരു മണ്ടൻ ആയതുകൊണ്ട് വിശ്വസിച്ചോളും.” അതും പറഞ്ഞു രണ്ടാളും പൊട്ടിച്ചിരിക്കുമ്പോൾ വിനോദ് കോപം കൊണ്ട് അടിമുടി വിറച്ചു. വിഷ്വൽസ് ഫോണിലേക്ക് കോപ്പി ചെയ്ത് ആദ്യം നിമ്മിക്കാണ് അയച്ചത് പിന്നെ ശ്യാമയ്ക്കും വിനീഷിനും അയച്ചു. ഫോണിൽ വന്ന വീഡിയോസ് കണ്ട് ഇരുവരും ഒരുപോലെ ഞെട്ടി. മുറിക്കുള്ളിൽ ക്യാമറ തപ്പി വെപ്രാളപ്പെടുന്ന അനിയനെയും ഭാര്യയെയും സ്ക്രീനിൽ കണ്ടു അവൻ പ്രതികാരചിരി ചിരിച്ചു. പിന്നീട് ഫാമിലി ഗ്രൂപ്പുകളിലൂടെയും ആ വീഡിയോ സഞ്ചരിച്ചുകൊണ്ടിരുന്നു അന്ന് രാത്രി വിനോദ് വീട്ടിൽ കയറിച്ചെന്ന് അമ്മയുടെ മുന്നിൽ വച്ച് തന്നെ രണ്ടാളെയും മുറിയിൽ നിന്ന് പുറത്തിറക്കി തലങ്ങും വിലങ്ങും തല്ലി…
അമ്മ അന്ന് ഒരിക്കൽ പറഞ്ഞത് കേൾക്കാതിരുന്നതിന് അവൻ മാപ്പും പറഞ്ഞു. എല്ലാം അറിഞ്ഞതും അമ്മയും കണക്കിന് കൊടുത്തു രണ്ടാൾക്കും പിറ്റേന്ന് നിമ്മിയുടെ ആങ്ങളമാർ വന്നും വിനീഷിനെ പൊതിരേ തല്ലി അമ്മയോ വിനോദോ അവരെ തടുക്കാനോ എതിർക്കാനോ ചെന്നില്ല.. കലിയടങ്ങിയ അവരെ വിനോദ് സമാധാനിപ്പിച്ചു വിട്ടു. ശ്യാമയുടെ വീട്ടുകാർ എല്ലാം അറിഞ്ഞ് വന്ന് പട്ടിയെ തല്ലും പോലെ അവളെ തല്ലി വലിച്ചെഴച്ചാണ് കൊണ്ടുപോകാൻ നിന്നത്. അവരെ സംബന്ധിച്ചിടത്തോളം ശാമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബന്ധമായിരുന്നു ഇത്.
“നിൽക്ക് ഇവന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെങ്കിൽ അവൾ ഇനി വിനീഷിന്റെ കൂടെ ജീവിക്കട്ടെ…” അവരിറങ്ങാൻ നേരം അമ്മ പറഞ്ഞതും ശ്യാമയ്ക്കും വിനീഷിനും സന്തോഷമായി.
“പക്ഷേ ഈ വീട്ടിൽ ഇനി ഇവന് സ്ഥാനമില്ല ഇവളുടെ ഒപ്പം ഇവനും ഇന്ന് ഈ പടിയിറങ്ങണം എനിക്കിനി മകനായി വിനോദ് മാത്രമേയുള്ളൂ…” അതും പറഞ്ഞ് അവർ വിനീഷിനെയും ശ്യാമയെയും പുറത്തേക്ക് പിടിച്ചു തള്ളി. എല്ലാ സൗഭാഗ്യവും നഷ്ടപ്പെട്ടതോർത്ത് അവൻ ഖേദിച്ചു.
പിന്നീട് അവൻ അവളോട് സ്നേഹത്തോടെ പെരുമാറിയതേ ഇല്ല.. എന്നും ഓരോ കാരണങ്ങൾ പറഞ്ഞ് അടിയും വഴക്കും ഉണ്ടാക്കും. സ്നേഹനിധിയായ തന്റെ ഭർത്താവിനെ ചതിച്ചത് ഓർത്ത് അവൾ നീറി നീറി കഴിഞ്ഞു.
അപ്പോഴും ബാക്കിയായത് നിമ്മിയുടെ ജീവിതമാണ്.തന്നെപ്പോലെ വഞ്ചിക്കപ്പെട്ടവൾ അല്ലേ ആ കുട്ടിയും.. നിമ്മി നാട്ടിലെത്തിയതും വിനോദ് അവളെ പോയി കണ്ടു. തന്റെ മകളെ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ എന്നും മറ്റാരെക്കാളും നമുക്ക് പരസ്പരം മനസ്സിലാകും എന്നും ഒരാഗ്രഹം വിനോദ് പ്രകടിപ്പിച്ചു. ആ തീരുമാനത്തോട് നിമ്മിക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ വിനോദിന്റെ ജീവിതത്തിലേക്ക് നിമ്മി കടന്നുവന്നു സ്നേഹത്തിൽ വഞ്ചന കാണിക്കാതെ അവർ പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിച്ചു.
വിനീഷ് ശ്യാമയെ ഉപേക്ഷിച്ചു മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു.അവൻ സമ്മാനിച്ച കുഞ്ഞിനെ പോറ്റാൻ വിശ്രമമില്ലാതെ പണിയെടുക്കുമ്പോൾ ഒക്കെയും അവൾ വിനോദിനെ ഓർത്തു. അപ്പോഴൊക്കെയും താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ തനിക്ക് ദൈവം തന്നതാണെന്ന് ആശ്വസിച് അവൾ വിതുമ്പി കരഞ്ഞു കൊണ്ടിരുന്നു.. പണ്ടാരോ പറഞ്ഞപോലെ പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും അത്രേ…
അംബിക ശിവശങ്കരൻ.