നീലിമ
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
”സാറേ ”മണി ‘7.’.കഴിഞ്ഞു നീലു ഇതു വരേ വന്നില്ലല്ലോ… ശാരദ ടീച്ചർ വ്യാകുലയായി ..
എന്റെ ടീച്ചറെ അവൾ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ ഇപ്പോളിങ്ങു വരുമെന്നേ വിനീത് കൂടെയുണ്ടല്ലോ,,
എന്നാലും ഇത്തിരി നേരത്തെ വന്നു കൂടേ രണ്ടു പേർക്കും ഇന്നത്തെ ലോകമല്ലേ അതാണ് ഒരുപേടി .. നാട്ടുകാർ പലതും പറയില്ലേ സാറേ ”’
നാട്ടുകാർക്ക് എന്തുവാണ് പറയാൻ പറ്റാത്തത് ടീച്ചറേ അവർ പറഞ്ഞോട്ടെ നമ്മൾ വിദ്യാഭ്യാസം ഉള്ളവരല്ലേ .. നമുക്കു നമ്മുടെ മകളെപ്പറ്റി അറിയാമല്ലോ ”
നമ്മളല്ലേ അവളേ ശരിയും തെറ്റും പറഞ്ഞു പഠിപ്പിച്ചത് … പിന്നേ വിനീതും നല്ലപയ്യനല്ലേ രണ്ടു പേരും ഒരേ മേഖലയിൽ പ്രവർത്തിയ്ക്കുന്നു … സ്കൂൾ തലം മുതൽ കോളേജ് വരേ ഒരുമിച്ചു പഠിച്ചവർ ഉറ്റ കൂട്ടുകാർ രണ്ടു പേർക്കും വിദ്യാഭ്യാസവും ചിന്താ ശേഷിയും ഉണ്ടല്ലോ
പിന്നേ അവർ സാമൂഹ്യ പ്രവർത്തകരല്ലേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുകയല്ലേ അത് കൊണ്ടല്ലേ വീട്ടിലെത്താൻ താമസിയ്ക്കുന്നത് ടീച്ചർ പരിഭ്രമിയ്ക്കാതെ ..
സാറിനോട് തർക്കിക്കാൻ ഞാനില്ല… അതെങ്ങനാ അധ്യാപകനും എഴുത്തുകാരനും സർവോപരി പുരോഗമന പാർട്ടിയുടെ നേതാവും എല്ലാം ആയ അച്ഛന്റെ മകളല്ലേ പിന്നേ ആ വഴിയല്ലേ സഞ്ചരിയ്ക്കൂ
അച്ഛനല്ലേ മകളുടെ മാതൃക .. എന്താണെന്നു വെച്ചാൽ ആയിക്കോളൂ , ടീച്ചർ പറഞ്ഞു നിർത്തി ”
വലിയ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു വിശ്വനാഥൻ തമ്പി തൃശ്ശൂർ കോളേജിൽ pg യ്ക്കു പഠിക്കുമ്പോളാണ്
അവിടെ ഡിഗ്രിയ്ക്ക് അഡ്‌മിഷൻ വാങ്ങിച്ചു വന്ന പാലക്കാടുകാരി ശാരദ ടീച്ചറെ പരിചയപ്പെടുന്നത് അന്നേ തമ്പി സാറിന് എഴുത്തും കുറച്ചു രാഷ്ട്രീയ പ്രവർത്തനവുമൊക്കെയുണ്ടായിരുന്നു
ആളു നല്ലൊരു പ്രാസംഗികനും കൂടിയായിരുന്നു .. ഇതൊക്കെയാകാം ടീച്ചറെ സാറിലേയ്ക്ക് അടുപ്പിച്ചതും അത് പിന്നെ പ്രണയം ആയിട്ട് മാറിയതും വിവാഹത്തിൽ കലാശിച്ചതും…
എന്നിരുന്നാലും വിവാഹ ശേഷം സാർ രാഷ്ട്രീയ പ്രവർത്തനം തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയും പഠിച്ച കോളേജിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു ..
ഇതിനിടയിൽ ടീച്ചറും ജോലി നേടിയെടുത്തു …ഇപ്പോൾ വിരമിച്ച ശേഷം സാർ എഴുത്തും അല്പം സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു രാഷ്ട്രീയവും മറ്റുമായിട്ട് മുന്നോട്ട് പോകുന്നു
ടീച്ചർ ഇപ്പോളും സർവീസിൽ തുടരുന്നു …
ഇവൾ നീലിമ…
നീലിമ (നീലു) എന്നു വിളിക്കുന്ന വിശ്വനാഥൻ തമ്പിയുടെയും ശാരദ ടീച്ചറുടേയും ഏക മകൾ ജേർണലിസത്തിലും സോഷ്യൽ വർക്കിലും
മാസ്റ്റർ ബിരുദവും എടുത്ത ശേഷം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുന്നു കൂടാതെ ഒരു നിയമ വിദ്യാർത്ഥി കൂടിയാണ് ..,
സ്വതന്ത്രമായ ചിന്തകളും ശക്തമായ നിലപാടുകളുമായിട്ട് ഈ സമൂഹത്തിൽ പാറി പറന്നു നടക്കാൻ ആഗ്രഹിയ്ക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതീകമായ പെൺകുട്ടി അവളാണ് നീലിമ …
അതിനവൾക്കു കൂട്ടായ് വിനീത് എന്ന ചെറുപ്പക്കാരനും …
നീലിമയുടെ സഹപാഠിയും അയൽവാസിയും ആണ് വിനീത് നീലിമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിനീതും പങ്കാളിയാണ് നന്നേ ചെറുപ്പത്തിലേ വിനീതിന്റെ അമ്മ നഷ്ടപ്പെട്ടതാണ് ..
അച്ഛൻ പോലീസ് ഇൻസ്‌പെക്ടർ സത്യനാരായണൻ..
അമ്മയുടെ മരണ ശേഷം അച്ചാമ്മ (അച്ഛന്റെ അമ്മയായിരുന്നു ) വിനീതിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ..
അത് കൊണ്ട് തന്നേ വിനീതിന് നീലിമയുടെ വീടുമായിട്ട് ഏറെ അടുപ്പമുണ്ടായിരുന്നു .ടീച്ചർക്കും സാറിനും സ്വന്തം മകനെ പോലെ തന്നെയായിരുന്നു വിനീത് ..
ആ അടുപ്പവും സ്വാതന്ത്രവും ആണ് വിനീതിന് നീലിമയോടൊപ്പം പകൽ രാത്രി വ്യത്യാസമില്ലാതെ സഞ്ചരിയ്ക്കാനുള്ള അനുവാദമായി മാറിയത് ..
തമ്പി സാർ സിറ്റൗട്ടിൽ ഇരുന്ന് പുറത്തേയ്ക്കു നോക്കി അപ്പോൾ ഗേറ്റിനു മുമ്പിൽ ഒരു കാർ വന്ന് നിന്നു …
നീലിമാ ” …..നീലിമാ”.. വിനീത് തന്റെ തോളിൽ ചാഞ്ഞു ഉറങ്ങുകയായിരുന്ന നീലിമയെ തട്ടി ഉണർത്തി
എന്താടാ ”’
വീടെത്തി നീലു ..
നീലിമ കാറിൽ നിന്നും പുറത്തേയ്ക്കു ഇറങ്ങി … ഡാ വിനീതേ അച്ഛൻ പുറത്തു കാത്തിരിയ്ക്കുകയാണെന്നു തോന്നുന്നു ഒരുപാട് താമസിച്ചതിൽ വഴക്ക് കേൾക്കേണ്ടി വരുമോ എന്തോ ..
ഏയ് ” അങ്ങനെയൊന്നും ഇല്ല നീലു സാറിന് എല്ലാ കാര്യവും അറിയാമല്ലോ പിന്നേ സാറൊരു പുരോഗമന ചിന്താഗതിക്കാരനല്ലേ അത് കൊണ്ട് നീ ഒട്ടും പേടിയ്‌ക്കേണ്ട ധൈര്യമായി ചെല്ലൂ”..
നീ അകത്തേയ്ക്കു വരുന്നില്ലേ എന്തെങ്കിലും കഴിച്ചിട്ട് പോകാം ”..
വേണ്ടാ നീലു ”അച്ഛനും ” അച്ഛമ്മയും കാത്തിരിയ്ക്കുന്നുണ്ടാവും സമയം ഒരുപാടു ആയില്ലേ നീ സാറിനോടും ടീച്ചറോടും പറഞ്ഞാൽ മതി ഞാൻ രാവിലെ വരാം” ..
”ഗുഡ്‌നൈറ്റ് ” നീലു ….
”ഗുഡ്‌നൈറ്റ് ”…..
കാർ മുന്നോട്ട് നീങ്ങി നീലിമ ഗേറ്റ് കടന്നു മെല്ലേ അകത്തേയ്ക്കു നടന്നു…?
എന്താ തമ്പി സാറെ ഉറങ്ങീല്ലേ “..
ആഹാ എത്തിയോ സാമൂഹ്യ പ്രവർത്തക “”.
എന്ത് പറ്റി ഇന്ന് ഇത്രയും താമസിയ്ക്കാൻ ദൂരെ എവിടെയെങ്കിലും ആയിരുന്നോ പ്രവർത്തനം ”..
എവിടെയാണേലും ടീച്ചറേ ഒന്നു വിളിച്ച് പറഞ്ഞു കൂടെ നീലു പാവം വിഷമിച്ചിരിയ്ക്കുകയാണ്…
ഇനിയെല്ലാം ആഹാരം കഴിഞ്ഞ ശേഷം പറയാം കുളിച്ചു ഫ്രഷ് ആയിട്ട് വരൂ..
നീലിമ അകത്തേയ്ക്കു കടന്നു..
ശാരദ ടീച്ചർ അടുക്കളയിൽ തിരക്കിലായിരുന്നു.. പുറകിലൂടെ ചെന്ന് ടീച്ചറേ കെട്ടിപ്പിടിച്ചു. എന്ത് പറ്റി എൻ്റെ ശാരദക്കുട്ടി പേടിച്ചു പോയോ..
ഓഹ് വന്നോ നാടോടി, ”
എന്താ ശാരദ ടീച്ചറേ ഇങ്ങനെ കുട്ടികളെ നേർവഴിയിലൂടെ നയിക്കുന്ന അദ്ധ്യാപിക അല്ലേ ഇങ്ങനെ പേടിയ്ക്കാമോ “എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമെന്ന് കരുതിയോ “,.
അല്ലേലും അച്ഛനും മകൾക്കും എല്ലാ കാര്യങ്ങളിലും നിങ്ങളുടേതായ ന്യായങ്ങൾ ഉണ്ടല്ലോ അപ്പോൾ മൗനം തന്നെയാണ് ഭൂഷണം… എന്റെ ശാരദ കുട്ടി ഞാൻ ഒറ്റയ്ക്ക് ആയിരുന്നില്ലല്ലോ വിനീതും ഉണ്ടായിരുന്നല്ലോ കൂടെ..
എന്താ നീലു ടീച്ചർ ഇപ്പോളും ദേഷ്യത്തിലാണോ “..
അതേ അച്ഛാ പക്ഷേ അത് നമുക്ക് മാറ്റിയെടുക്കാമെന്നേ..
ഇന്ന് എവിടെയായിരുന്നു പ്രവർത്തനം “..
ഊണ് മേശയിൽ ഇരിയ്ക്കുമ്പോൾ തമ്പി സാറിന്റെ ചോദ്യം ??
ഇന്ന് മ യി ൽ പ്പാറ കോളനിയിൽ ആയിരുന്നു അച്ഛാ.. അച്ഛൻ കഴിഞ്ഞയാഴ്ച പത്രത്തിൽ ലേഖനം എഴുതിയില്ലേ ആ കോളനിയെപ്പറ്റി അവിടെയായിരുന്നു
ആദിവാസികൾ തിങ്ങി പാർക്കുന്ന കോളനി അവിടുത്തെ ജീവിത സാഹചര്യങ്ങൾ, അവിടുത്തെ ചുറ്റുപാടുകളെക്കുറിച്ച് ഒരു പ്രൊജക്റ്റ് തയ്യാറാക്കാം എന്നു കരുതി..
പിന്നേ കുറച്ച് ഫോട്ടോസ് എടുത്തു നാളത്തെ പത്രത്തിൽ റിപ്പോർട്ട് കൊടുക്കാം എന്ന് കരുതി അത് വിനീത് തയ്യാറാക്കിക്കോളും..
പിന്നേ ഞങ്ങൾ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് വിനീതിന്റെ പരിചയത്തിലെ ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ട് പിന്നേ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട് അതിനുള്ള പിരിവിലും ഏർപ്പെട്ടിരുന്നു അതാണ് വൈകിയത്..
അല്ല നീലു പ്രിൻസിപ്പാൾ വിളിച്ചിരുന്നു കോളേജിൽ നിന്നും ക്ലാസുകൾ ഒരു പാടു നഷ്ടമാകുന്നു എന്ന് പറഞ്ഞു ”
ഈ ക്യാമ്പിന്റെ തിരക്കൊന്നു കഴിഞ്ഞിട്ട് കോളേജിൽ പോയിത്തുടങ്ങാം അച്ഛാ..
എല്ലാം തന്റെ ഇഷ്ടം പോയി കിടന്നോളു.
നീലിമ റൂമിലേയ്ക്ക് നടന്നു… ഉറക്കം വരുന്നില്ല മനസ്സിൽ എന്തോ ചിന്തകൾ കൂടു കൂട്ടുന്നു ജീവിതത്തിൽ മാറ്റങ്ങൾ വരികയാണോ, ”
ചിന്തകൾ മുഴുവൻ വിനീതിലേയ്ക്ക് എത്തുന്നു ഇത് ഒരിയ്ക്കലും ഇല്ലാത്ത ഒരു പതിവാണല്ലോ തനിക്കിതു എന്താണ് പറ്റുന്നത്… ഇന്ന് മുഴുവനും അവൻ തന്നോടൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണോ അത് ഒരു സാധാരണ സംഭവം അല്ലേ ”
ഇതിനു മുമ്പേ എത്ര തവണ അവൻ തന്നോടൊപ്പം ദിവസങ്ങൾ ചിലവഴിച്ചിരിയ്ക്കുന്നു പല ദിവസങ്ങളിലും പ്രോഗ്രാം ചാർട്ട് തയ്യാറാക്കുന്നത് വരെ അവനാണ്… അന്നൊന്നും തോന്നാത്ത ഒരു അടുപ്പം ഇന്ന് തോന്നാൻ എന്താണ് കാരണം..
സത്യത്തിൽ വിനീത് നീ ആരാണ് എനിയ്ക്ക് വേണ്ടി തിരക്കുള്ള ചാനൽ ജോലികളും ഒഴിവാക്കി പകൽ രാത്രി വ്യത്യാസമില്ലാതെ എൻ്റെ നിഴലായ് നീ നടക്കുന്നു “..
ഇന്ന് തിരികെയുള്ള വഴിയിൽ വഴുതി വീഴാൻ തുടങ്ങിയപ്പോൾ കൈകൾ കൊണ്ട് താങ്ങിയപ്പോഴും ക്ഷീണം കാരണം ആ ചുമലിൽ തളർന്നുറങ്ങിയപ്പോളും ഒരു സുരക്ഷിതത്വത്തിന്റെ തണൽ താൻ അനുഭവിച്ചുവോ ” ..
ആ തണലിനാണോ പ്രണയം എന്നൊക്കെ പറയുന്നത്… ഇങ്ങനെയുള്ള ചിന്തകൾ നല്ലതാണോ അവൻ എൻ്റെ നല്ലൊരു സുഹൃത്ത് അല്ലേ പക്ഷേ എന്തോ ചിന്തകൾ അതിരു വിടുന്നു അവനോടു വല്ലാതെ അങ്ങ് അടുക്കുന്നു
വിനീത് നിന്നോടെനിക്ക് നേരത്തെ പ്രണയം തോന്നി തുടങ്ങുന്നോ ഒന്നും അറിയില്ല …ഫോൺ എടുത്തു ഒന്നു വിളിച്ചാലോ.. വേണ്ട എനിയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതല്ലേ അവൻ സുഖമായി ഉറങ്ങട്ടെ… നാളെ സംസാരിയ്ക്കാം..
രാവിലെ അവന്റെ കാൾ വന്നപ്പോൾ ആണ് എണീറ്റത്… നീലു 9 മണിയാകുമ്പോൾ റെഡിയാകണം ഇന്ന് ഒരുപാട് പ്രോഗ്രാമുകൾ ഉണ്ട് …പിന്നേ നിനക്കിന്നൊരു സർപ്രൈസ് ഉണ്ട്
ഓകെ…
അപ്പോൾ 9 മണി ബൈ…
അത് എന്താണാവോ അവൻ തനിയ്ക്കായി കാത്തു വെച്ചിരിയ്ക്കുന്ന സർപ്രൈസ് ???
സമയം കൃത്യം 9 മണി… വിനീതിന്റെ കാർ ഗേറ്റിന് മുമ്പിൽ വന്നു ഹോണടിച്ചു…
നീലിമ റെഡിയായി പുറത്തേയ്ക്കു ഇറങ്ങുന്നതിനിടയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു ശാരദ ടീച്ചറേ ഞാൻ പോയിട്ട് വരാട്ടോ
ഇന്നും താമസിയ്ക്കുമോ “.. തമ്പി സാറിന്റെ പതിവുള്ള ചോദ്യം ..
നേരത്തെ വരാൻ നോക്കാം അച്ഛാ…
ഇന്ന് എന്തൊക്കെയാണ് പ്രോഗ്രാം നീലു ”
വിനീത് ആദ്യം നമുക്ക് പത്രം ഓഫീസിൽ പോകണം ഇന്നലെ എടുത്ത ഫോട്ടോസ് വച്ചിട്ട് നീ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ലേ
അത് കൊടുക്കണം എന്നാലേ നാളത്തെ പത്രത്തിൽ വാർത്ത വരൂ…
പിന്നേ ആ പ്രൈമറി ഹെൽത്ത് സെന്ററിൽ കയറി ഡോക്ടർ ക്രിസ്റ്റീനയെ ഒന്നു കാണണം ആ മെഡിക്കൽ ക്യാമ്പിനെ പറ്റി സംസാരിക്കാൻ പിന്നേ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി ചില സുമനസ്സുകളുടെ സഹായം തേടണം…
പിന്നേ ഉച്ചയ്ക്ക് ബീച്ച് റോഡിലെ ആ നാടൻ ഭക്ഷണ ശാലയിൽ നിന്നും നിന്റെ കൂടെ ഒരു ഊണ് പിന്നേ ബീച്ചിൽ നിന്റെ കൂടെ കുറേ നേരം ഇരിയ്ക്കണം നിന്നോട് കുറേ സംസാരിയ്ക്കണം…
എന്നോട് നിനക്ക് ഇത്രയധികം സംസാരിയ്ക്കാനുണ്ടോ നീലു ”
അതൊക്കെയുണ്ട് സാറ് വണ്ടി നേരെ നോക്കി ഓടിയ്ക്കൂ സമയം പോകുന്നു…
ഓഹ് ആയിക്കോട്ടെ മാഡം..
പ്രോഗ്രാമുകൾ ചാർട്ട് അനുസരിച്ചു ഓരോന്നും തീർത്തു വണ്ടി റെസ്റ്റോറെന്റിന്റെ മുമ്പിൽ കൊണ്ട് ചവിട്ടി നിർത്തി.. ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചിട്ട് പുറത്തേയ്ക്കു വരുന്നതിനിടയിൽ വിനീത് നീലിമയെ ഒന്നു അടിമുടി നോക്കി
എന്താടാ നീ എന്നേ ഇങ്ങനെ നോക്കുന്നത് …
അല്ല ഇന്നലെ വരെ എൻ്റെ കൂടെ നടന്ന നീലിമയല്ല നിനക്ക് എന്തോ കാര്യമായിട്ട് എന്നോട് പറയാനുണ്ട് നിന്റെ മുഖം കണ്ടാൽ അറിയാം നീ എന്തോ പറയാൻ വെമ്പൽ കൊള്ളുന്ന പോലെ ഒരു തോന്നൽ..
നമുക്കൊന്ന് നടന്നാലോ വിനീത് വെറുതെ കടപ്പുറത്തു കൂടി എന്നിട്ട് ആ കാറ്റാടി മരത്തിന്റെ തണലിൽ ചെന്നിരിയ്ക്കാം
അപ്പോൾ നീലു നിനക്കെന്തോ കാര്യമായിട്ട് പറയാനുണ്ട്..
അതേ സത്യമാണ് വിനീത്..
എന്തായാലും പറയൂ “.
വിനീത് വീട്ടിൽ ഇനിയും എനിയ്ക്ക് ഒരുത്തരം കൊടുക്കാതെ എനിക്കിനി മുന്നോട്ടു പോകുവാൻ കഴിയില്ല..
എന്ത് കാര്യത്തിലാണ് നീലു…
എന്റെ കല്യാണ കാര്യത്തിൽ..
അതിന്..
ഞാൻ ഒരുപാട് ഒന്നും ആഗ്രഹിയ്ക്കുന്നില്ലെടാ..
എൻ്റെ പ്രൊഫഷനെ സപ്പോർട്ട് ചെയ്യുകയും എന്നേ മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വേണമെന്നേ ആഗ്രഹമുള്ളൂ.. അതാണ് കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ ആവശ്യപ്പെട്ടതും.
ആഹാ അത് നല്ല ഒരു ചോയ്സ് ആണല്ലോ നീലു..
അങ്ങനെയൊരാൾ അല്ലേ നമ്മുടെ മകൾക്ക് ചേരുക. ..
എന്ത് പറയുന്നു ടീച്ചറേ ”
നീ തന്നേ അങ്ങനെയൊരാളെ കണ്ടു പിടിയ്ക്കൂ മോളെ ഒരു എതിർപ്പും ഇല്ലാതെ നമുക്ക് അത് നടത്താം..
എന്നിട്ട് നീ അങ്ങനെയൊരാളെ കണ്ടെത്തിയോ നീലു “..
ഇന്നലെ വരെ അങ്ങനയൊരു അന്വേഷണത്തിലായിരുന്നു ഞാൻ…
പക്ഷേ “..
എന്താ നീലു ഒരു പക്ഷെ..
നിന്റെ കൂടെ ഇന്നലെ സമയം ചിലവഴിച്ചപ്പോളും നിന്റെ തോളിൽ അറിയാതെ മയങ്ങിയപ്പോളും ഞാൻ ആഗ്രഹിച്ച ഒരു സുരക്ഷ അത് എനിയ്ക്ക് ലഭിച്ചു എന്നൊരു തോന്നൽ ഉണ്ടാകാൻ തുടങ്ങിയിരിയ്ക്കുന്നു..
ഒന്നു ചോദിച്ചോട്ടെ വിനീത്
ഇന്ന് വരെ എൻ്റെ നിഴലായ് കൂടെ നടന്ന നിനക്ക് നിന്റെ ഒപ്പം നിന്റെ നല്ലൊരു പങ്കാളിയായി കൂടെ തുടരാൻ അനുവദിയ്ക്കുമോ നിന്റെ ജീവിതത്തിലേയ്ക്ക് എന്നേ കൂടി ക്ഷണിയ്ക്കുമോ ”
ഉടനേ ഒരു മറുപടി തരാൻ കഴിയില്ല നീലു
വരൂ നമുക്ക് വീട്ടിലേയ്ക്കു പോകാം
എന്ത് പറ്റി വിനീത് ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ടമായില്ല എന്നുണ്ടോ..
എങ്കിൽ നീ അതങ്ങു മറന്നേര് വിനീത്.. കാർ ഗേറ്റിനു മുമ്പിൽ ചവിട്ടി നീലിമ കാറിൽ നിന്നിറങ്ങുമ്പോഴും വിനീതിന്റെ ചുണ്ടുകൾ മൗനത്തിലായിരുന്നു..
കാർ മെല്ലേ മുന്നോട്ടു നീങ്ങി
നീലിമ തെല്ലു നിരാശയോടെ വീട്ടിനുള്ളിലേക്ക് നടന്നു… റൂമിനുള്ളിൽ കടന്നു കഴിഞ്ഞപ്പോളും നീലിമയുടെ ചിന്തകൾ വിനീതിലേയ്ക്ക് തന്നേ ആയിരുന്നു താൻ വെറുതെ അവനെ വേദനിപ്പിച്ചുവോ എന്നൊരു ചിന്ത..
അതോ തനിക്കു ആഗ്രഹിയ്ക്കാവുന്നതിനും അപ്പുറം ആണോ വിനീത്.. ഇതെല്ലാം ആലോചിച്ചു ഉറങ്ങിപ്പോയ നീലിമ രാവിലെ എഴുന്നേറ്റു വാട്സ്ആപ്പ് സന്ദേശം നോക്കുമ്പോൾ അതിൽ ഇങ്ങനെ ഒരു മെസ്സേജ് വന്നിരിയ്ക്കുന്നു
അതിൽ ഇങ്ങനെ കുറിച്ചിരുന്നു…
നീലിമ കുഞ്ഞു നാളുകൾ മുതൽ നിന്നെ കണ്ടപ്പോൾ ഞാൻ അറിഞ്ഞതാണ് നിന്നോട് എനിയ്ക്കുള്ള പ്രണയം നീ ഓരോ തവണ എന്നോടൊത്തു യാത്ര ചെയ്യുമ്പോളും
നിന്റെ ഓരോ വാക്കിലും ഞാൻ നിന്റെ പ്രണയം കണ്ടിരുന്നു എൻ്റെ ഓരോ ചിന്തയിലും നീ മാത്രമേയുള്ളൂ ഇന്നലെ നീ എന്നോട് ആവശ്യപ്പെട്ട കാര്യം ഒരായിരം തവണ നീ എന്നോട് ചോദിയ്ക്കുമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു നിന്റെ നിഴലായ് മാത്രമല്ല നിന്റെ കാമുകനായും നിന്റെ നല്ല പങ്കാളിയായും ഞാൻ എന്നുമുണ്ടാവും…
അങ്ങനെ നീലിമയുടെ പുതിയ ലോകത്തിലേയ്ക്ക് അവളുടെ
ചിന്തകൾക്കും അവളുടെ സ്വപ്നങ്ങൾക്കും കൂട്ടായി എന്നും അവൾക്കു മാത്രമായി അവളുടെ മാത്രം വിനീത്…