പ്രിയപ്പെട്ടവൾ
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
സാഗർ നിനക്ക് എന്തു പറ്റി എന്തിനാണ് എന്നെക്കാണണം എന്ന് പറഞ്ഞത്..?
ഒരു കാര്യമുണ്ടെടാ…
എന്താ ഡാ കാര്യം…?
അനൂപ് ഞാൻ ഇന്നൊരു ഉറച്ച തീരുമാനമെടുത്തു…..
എന്തു തീരുമാനം…
ഉടനേ തന്നേ ബിന്ദുജയെ തിരിച്ചു വിളിച്ചു കൊണ്ടു വരണം……
എന്താടാ ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ തോന്നാൻ…
ഭയമാകുന്നെടാ എനിയ്ക്ക് എന്റെ മോൾ അവൾ വളർന്നു വരികയല്ലേ ഒരച്ഛനെന്ന നിലയിൽ എനിക്ക് എത്ര നാൾ അവളുടേ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാൻ കഴിയും……..
ശരിയാണ് സാഗർ നീ പറഞ്ഞത് പരിമിതികൾ ഉണ്ട് നമ്മൾ ആണുങ്ങൾക്ക്.. നിന്റെ മോൾ അവളിപ്പോൾ കൊച്ചു കുട്ടിയാണ് നാളെ അവൾ വളരും കൗമാരവും കടന്ന് യൗവനത്തിലേയ്ക്ക് കടക്കും..
ആ സമയത്ത് അവളുടെ പല ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ഒരു പക്ഷേ നിനക്ക് സാധിച്ചെന്നു വരില്ല.. അതിനു അമ്മ തന്നെ വേണം…..
അതേടാ അങ്ങനെയൊരു തിരിച്ചറിവ് എനിക്ക് വരാൻ ഈ മൂന്ന് മാസങ്ങൾ വേണ്ടി വന്നു… ഒരു അമ്മയുടെ മനസ്സിന്റെ വേദന മനസ്സിലാക്കാതെ ഞാൻ മോളേ അവളിൽ നിന്നുമകറ്റി.. ആ കുഞ്ഞു ഹൃദയത്തിൽ പോലും വേദനയുണ്ടാക്കി…..
ഇന്നലെ അവൾക്ക് സ്കൂൾ പരീക്ഷയിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ ഞാൻ ചോദിച്ചു മോൾക്ക് എന്ത് സമ്മാനം വേണമെന്ന്. അവൾ എന്നോട് ആവശ്യപ്പെട്ടത് അവളുടേ അമ്മയെയാണ്….
ഇന്ന് അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്ക് അത് സാധിച്ചു കൊടുക്കാൻ കഴിയുമോ…. അത്രത്തോളം ആ കുഞ്ഞു മനസ്സ് അവളുടെ അമ്മയ്ക്കായി തുടിയ്ക്കുന്നു….
സാഗർ അതാണ് പറയുന്നത് അമ്മയോളമാകില്ല മറ്റാരും.. തെറ്റുകൾ പറ്റാത്തവർ ആരുമില്ല പക്ഷേ അത് അറിഞ്ഞു തിരുത്തുന്നതിലാണ് ഒരു മനുഷ്യന്റെ വിജയം….
ഇനിയും വൈകിയിട്ടില്ല തമ്മിൽ ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ നിങ്ങൾ തമ്മിലുള്ളൂ……
അല്ലെങ്കിൽ തന്നെ ഞങ്ങൾ തമ്മിൽ
എന്താടാ പ്രശ്നം.. അവൾക്ക് എന്നോട് ഒരു പിണക്കവുമില്ല ഞാനല്ലേ എന്റെ ഈ നശിച്ച പിടിവാശിയല്ലേ എല്ലാത്തിനും കാരണം… സ്വന്തമായി അധ്വാനിച്ചു കാശുണ്ടാക്കാൻ ഏത് പെണ്ണും ആഗ്രഹിയ്ക്കില്ലേ…….
ഈ തിരിച്ചറിവ് നിനക്ക് അന്ന് ഉണ്ടായില്ലല്ലോ സാഗർ…
ശരിയാണ് അന്ന് എന്റെ മനസ്സിൽ
മുഴുവനും മോളുടെ ഭാവിയെക്കുറിച്ചുള്ള ആധിയായിരുന്നു.. അവൾ കൂടി ജോലിക്ക് പോയാൽ മോളേ ആര് നോക്കും എന്നൊക്കെയുള്ള അനാവശ്യ ചിന്തകൾ… തലയിൽ കയറിപ്പോയി.. അവളുടെ ചെറിയ ചെറിയ തെറ്റുകൾപ്പോലും ഞാൻ ക്ഷമിച്ചില്ല…..
അവിടെയാണ് നിനക്ക് പിഴവ് പറ്റിയത്. നീ ഒന്ന് മറന്നു സാഗർ ബിന്ദുജ നിന്റെ ഭാര്യ മാത്രമല്ല..
വ്യക്തിത്വവും, വിദ്യാഭ്യാസവും സ്വന്തം കാഴ്ചപ്പാടുകളുമുള്ള ഒരു പെൺകുട്ടിയാണെന്നു.. അതിലുപരി അവൾ ഒരു അമ്മ കൂടിയാണ് …. സ്വന്തം കുഞ്ഞിന്റെ ഭാവിയെപ്പറ്റി നല്ല ബോധമുള്ളവളാണ് അവൾ……
തെറ്റ് പറ്റിപ്പോയി അനൂപ്. ഇനിയും വൈകിക്കൂടാ.. എനിക്ക് അവളേ ഉടനേ കാണണം……..
സാഗർ ഇതാണ് ശരിയ്ക്കും ജീവിതം
കുറച്ചു പിണക്കവും ഇണക്കവുമെല്ലാം ജീവിതത്തിൽ ആവശ്യമാണ്..
പക്ഷേ അതിന്റെ പേരിൽ വേർപിരിയാൻ തീരുമാനം എടുക്കും മുൻപ് ഒന്ന് കൂടി ചിന്തിയ്ക്കണം.. ആ തീരുമാനങ്ങൾ മുറിവേൽപ്പിക്കുന്ന ഒരുപാട് മനസ്സുകൾ നമുക്ക് ചുറ്റുമുണ്ടെന്ന്..
നിനക്ക് മറ്റൊരു ഭാര്യയേ തേടാം അവൾക്ക് ഭർത്താവിനെയും കിട്ടുമായിരിക്കും പക്ഷേ നിങ്ങളുടെ മോൾക്കോ. അച്ഛനേയും അമ്മയേയും നഷ്ടമാകും….
എനിക്ക് എല്ലാം മനസ്സിലായി.. ഇനിയും തെറ്റുകൾ ആവർത്തിക്കില്ല.. സത്യം….
അനൂപ് നീ ഇന്നെടുത്ത ഈ തീരുമാനം മൂലം ഒരുപാട് സന്തോഷിയ്ക്കുന്ന ഒരാളുണ്ട്.. നിന്റെ ഭാര്യ.. അവൾ ഇന്നലെയും എന്നേ വന്നു കണ്ടിരുന്നു..നിന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ തിരക്കി..
നിന്റെ ഒരു വിളിക്കായി അവൾ കാത്തിരിക്കുന്നു… ഇനി ഒട്ടും വൈകണ്ട വൈകുന്നേരം നിന്റെ മകൾ സ്കൂളിൽ നിന്നും എത്തുമ്പോൾ സ്നേഹമൂട്ടാൻ അവളുടെ അമ്മ അവിടെയുണ്ടാകണം…..
അതേടാ അത്രെയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എന്റെ മോളുടെ മുന്നിൽ ഞാൻ എന്നും ഒരു സ്നേഹമില്ലാത്ത അച്ഛനാകും……
പ്രിയപ്പെട്ടവളെ ഞാൻ ഇന്ന് മനസിലാക്കുന്നു നിനക്ക് തുല്യം നീ മാത്രം……..