ആൾക്കാരെ കൊണ്ട് പറയിപ്പിക്കണ്ടല്ലോ കണ്ടവന്റെ ഗർഭം ചുമന്നു പിഴച്ചവൾ ആണെന്ന്… ഇതാകുമ്പോൾ സേഫ് ആണ്..

ചേച്ചിയുടെ സമ്മാനം
രചന: Vijay Lalitwilloli Sathya

“ഷിജിൻ ചേട്ടൻ എന്നെ കല്യാണം കഴിക്കുമെന്ന് ഉറപ്പല്ലേ.?”

“പിന്നെ ഉറപ്പില്ലാതെ.. നിന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുമോ..? ഇന്നാ
ഇത് ഒറ്റ വലിക്ക് കണ്ണും പൂട്ടി കുടിച്ചെ…”

ഷിജിൻ ആ റിസോർട്ടിലെ റൂമിൽ വെച്ച് പെഗ്ഗു അവൾക്ക് നേരെ വച്ച് നീട്ടിക്കൊണ്ട് പറഞ്ഞു

“അയ്യോ മദ്യം എനിക്ക് വേണ്ട”

സിനി അവൾ അവന്റെ കോളേജിലെ കൂട്ടുകാരിയും ഗേൾ ഫ്രണ്ടുമാണ്. അവൾക്ക് അവനോടു കൊണ്ടുപിടിച്ച പ്രേമം.അതാണ് അവൻ വിളിച്ചിടത്തൊക്കെ മുൻപിൻ ചിന്തിക്കാതെ പോയത്..

“എന്നാൽ ഇതിൽ നിന്നൊരു പഫ് എങ്കിലും എടുക്കടി”

“ഓക്കേ അതാവാം”

അവൻ വച്ചുനീട്ടിയ സിഗരറ്റ് അവൾ വലിച്ചു.
അത്ര ഓർമ്മയുള്ളൂ..

ആ സമയം മതി അവന്…..സുരക്ഷിതമായ രീതി ഉപയോഗിച്ച് അവളിൽ അവൻ പടർന്നുകയറി..

ബോധമുണർന്നപ്പോൾ അവൾക്കൊന്നും അറിഞ്ഞില്ല.. ഇനി അറിഞ്ഞാലും അവൾക്ക് എന്ത് തന്റെ ഭാവി വരൻ അല്ല..?

ഇതുപോലെ എത്രയെത്ര പെൺകുട്ടികളെ അവൻ തന്റെ ഇംഗിതത്തിന് ഉപയോഗിച്ചു ഉപേക്ഷിക്കുന്നു…!

ഷൈനി എന്നും ശാന്തി എന്നും ശ്രീജയെന്നും അവർക്ക് പേരുണ്ടെങ്കിലും അവന്റെ മൊബൈലിൽ അവർ ചോക്ലേറ്റ്, ന്യൂഡിൽസ്, വനിലാ, സ്ട്രോബറി എന്നും തിന്നുന്ന പല പേരുകളിലും അറിയപ്പെട്ടു. അവന് അവൾമാര് ഓരോരുത്തരും അവൻ കഴിക്കുന്ന മധുര മിഠായികൾ ആണ്..

ഏകദേശം അവന്റെ കോളേജിനോട് അടുത്തു തന്നെയാണ് സുമിത്രയുടെ ടൂവീലർ മെക്കാനിക്ക് ഷോപ്പ്..
.
“എടാ നത്തെ ആ പത്തിന്റെ സ്പാനർ ഇങ്ങു എടുത്തെ?…”

“അച്ഛനും അമ്മയും ഇട്ട നല്ലൊരു പേരുണ്ടല്ലോ ചേച്ചി അത് വിളിച്ചൂടെ.”

സുമിത്രയ്ക്ക് സ്പാനർ എടുത്തു കൊടുക്കവേ നത്തു പറഞ്ഞു.

“ഏത് ദുഷ്ട തിമ്മനോ..?”

” തിമ്മനും മായ്ക്കനും ഒന്നുമല്ല…ധൃഷ്ടദ്യുമ്നൻ.!”

“ആകട്ടെ…ഇപ്പൊ നീ ഈ ഹെഡ്ലൈറ്റ് ബൾബ് ആ ഫാഷൻ പ്രൊയ്ക്ക് ഒന്ന് ഇട്ടുകൊടുത്തെ… ഓഫീഷ്യൽ പേരൊക്കെ നമുക്കു സൗകര്യംപോലെ പഠിച്ചു പറയാം.. അപ്പുറത്തെ പച്ചക്കറികടക്കാരന്റെ വണ്ടിയാ.. പുള്ളിക്ക് കട പൂട്ടി രാത്രിയിൽ നേരത്ത് വീട്ടിൽ ചെല്ലാൻ ഉള്ളതാ… ശ്രദ്ധിച്ചു ചെയ്യണം”

നത്ത് ദേഷ്യത്തോടെ ബൾബും വാങ്ങി ഫാഷൻ പ്രൊയ്ക്ക് ഇടാനായി പോകവേ

മറ്റു കടക്കാർക്ക് രഹസ്യമായി വിളിക്കുന്നതുപോലെ ‘കരിഓയിൽ സുമിത്ര’ എന്ന് എനിക്ക് വിളിക്കാൻ അറിയാഞ്ഞിട്ടല്ല. ബോസായി പോയില്ലേ.. അവൻ മനസ്സിൽ പറഞ്ഞു.

സുമിത്ര അവന്റെ പോക്കു നോക്കി ചിരിച്ചു.

അല്പം നീണ്ടതും ഒരു നൂറ് ഡിഗ്രി തിരിക്കാനും കഴിയുന്ന ഒരു കഴുത്ത് അവനുണ്ട്.. അതാണ് സുമിത്ര അവനെ തമാശയ്ക്കു നത്തു എന്ന് വിളിക്കുന്നത്..

അവനും ഒരു നിർദ്ധനകുടുംബത്തിലെതാണ്.. നല്ല സ്വഭാവം.അതാണ് സുമിത്ര അവൻ അവിടെ ജോലി നൽകിയത്..

സുമിത്രയുടെ അച്ഛൻ ടൂവീലർ വർക്ക്ഷോപ്പുകാരനായ കുമാരേട്ടൻ അധ്വാനശീലനും നാട്ടുകാർക്ക് ഏറെ പ്രിയങ്കരമായിരുന്നു.

അച്ഛൻ പെട്ടെന്ന് മരിച്ചപ്പോൾ സുമിത്രയും അമ്മയും അനിയത്തിയും പട്ടിണിയിൽ കൂപ്പുകുത്തി വീണു.

കുഞ്ഞുനാളിലെ അച്ഛന്റെ കൂടെ വർക്ക് ഷോപ്പിൽ പോയി ജോലി ചെയ്ത് പരിചയമുള്ള സുമിത്ര പ്ലസ്ടു പഠനം കഴിഞ്ഞ നിൽക്കുകയായിരുന്നു ആ സമയത്ത്..

പിന്നെ അവൾ കോളേജിലെക്കല്ല പോയത്.. അച്ഛന്റെ അടഞ്ഞുകിടക്കുന്ന വർക്ക് ഷോപ്പിലാണ്.

നത്തിനെയും സഹായത്തിന് കൂട്ടി.. അച്ഛന്റെ കൈപ്പുണ്യം അവൾക്ക് കിട്ടിയിട്ടുണ്ട്. കിട്ടുന്ന ജോലി നന്നായി ചെയ്തു കുടുംബം പുലർത്തുന്നു… നാലു വർഷമായി അവൾ ആ കട ഭംഗിയിൽ കൊണ്ടുപോകുന്നത്..

അനിയത്തി വലുതായി വരികയാണ്..തനിക്കു ലഭിക്കാതെ പോയ തുടർപഠനം അനിയത്തിയില്ലെങ്കിലും സാക്ഷാൽക്കരിക്കാൻ വേണ്ടി അനിയത്തിക്ക്‌ പഠനത്തിൽ ഒരു കുറവും അറിയിക്കാതെ സമൂഹത്തിലെ വലിയവർ പഠിക്കുന്ന കോളേജിൽ അയക്കുന്നു.

അപ്പോഴേക്കും ഒരു ചെറുപ്പക്കാരൻ പയ്യൻ തന്റെ ബൈക്ക് ഉരുട്ടി സുമിത്രയുടെ ഷോപ്പിലെത്തി കൂടെ ഒരു പെൺകുട്ടിയും ഉണ്ട്..

“ചേച്ചി ഈ വണ്ടി ഒന്നു നോക്കിയേ..പെട്ടെന്ന് ഓഫ് ആയി.. പിന്നെ സ്റ്റാർട്ട് ആവുന്നില്ല എന്താണ് കംപ്ലൈന്റ്എന്നു ഒരുപിടിയും കിട്ടുന്നില്ല..”

അതുകണ്ടു സുമിത്ര അകത്ത് ഒരു വണ്ടിയുടെ എൻജിൻ സെറ്റ് ചെയ്യുന്നിടുത്തുനിന്നും എഴുന്നേറ്റു വന്നു..

വർക്ക്ഷോപ്പ് യൂണിഫോമിലുള്ള സുമിത്രയെ ചെറുപ്പക്കാരൻ ചുഴിഞ്ഞു നോക്കി..

ഇവൻ എന്താ ഇങ്ങനെ നോക്കുന്നത്.. പൈങ്കിളി പോലുള്ള ഒരെണ്ണം ഉണ്ടല്ലോ.. എന്നിട്ടും പോരെ.. അവന്റെ നോട്ടം കണ്ടപ്പോൾ അത്രയ്ക്ക് അങ്ങനെ ചിന്തിക്കാന തോന്നിയത്..

ചെറുപ്പക്കാരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ആയിരം സുന്ദരിക്ക് അര സുമിത്ര..

നേരെ എതിർവശത്തുള്ള കടക്കാരൻ പൈലിച്ചേട്ടൻ സദാസമയവും മുൻവശത്തുള്ള സുമിത്രയുടെ ചലനങ്ങൾ നോക്കി നിൽക്കുന്നത് ചുമ്മാതല്ല..

സുമിത്ര ചെറുപ്പക്കാന്റെ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്തു നോക്കി..

സ്റ്റാർട്ട് ആവുന്നില്ല.പെട്രോൾ ഓൺ ഓഫാക്കി നോക്കി.. സ്വിച്ച് ചെക്ക് ചെയ്തു. ചാവിയും നോക്കി.. കുഴപ്പമൊന്നുമില്ലല്ലോ.. ചോക്ക് വലിച്ചു സ്റ്റാർട്ടാക്കി നോക്കി.. രക്ഷയില്ല.. പ്ലഗ്ഗ് ഊരി ക്ലീൻ ചെയ്തു. അപ്പോൾ സ്റ്റാർട്ടായി.

സർവീസ് ചാർജ് വാങ്ങിച്ചു. ചെറുപ്പക്കാരൻ വണ്ടിയുമെടുത്ത് പെണ്ണിനേയും ഇരുത്തി പോയി..

പിന്നീട് ഒരു ദിവസം ഇതുപോലെതന്നെ വണ്ടിയുമായി ചെറുപ്പക്കാരൻ വീണ്ടും എത്തി കൂടെ വേറൊരു പെണ്ണ്.. പക്ഷേ അന്ന് പരിശോധിച്ചപ്പോൾ ഇൻഡക്ഷൻ കോയിൽ കംപ്ലൈന്റ് ആയിട്ടുണ്ട്.. കൂടാതെ പ്ലഗ്ഗ് ലേക്കു ഓയിൽ വരുന്നു. കുറച്ചു കാര്യമായി അഴിച്ചു പണിയുണ്ട്.. ഇല്ലെങ്കിൽ ചുമ്മാ ദിവസവും വണ്ടി വഴിയിൽ ആവും.. ”

സുമിത്ര അതിന്റെ തകരാർ കണ്ടു പിടിച്ചു പറഞ്ഞു

“ചേച്ചി എന്താന്ന് വെച്ചാൽ ചെയ്തോ.. പക്ഷേ വണ്ടി ഇപ്പോൾ കിട്ടണം”

“അയ്യോ അതൊന്നും പറ്റില്ല.. വണ്ടി ഇവിടെ വെക്കണം കുറെ പണിയുണ്ട് വൈകിട്ട് വന്ന് എടുത്തോളൂ”.

ചെറുപ്പകാലം പെൺകുട്ടിയുടെ മുഖത്തു നോക്കി എന്തോ ചോദിച്ചു.. അവൾ എന്തോ കുശുകുശുത്തു..

“ശരി ചേച്ചി നന്നായി ചെയ്യണേ…”

ചെറുപ്പക്കാരൻ അത് സമ്മതിച്ചു സുമിത്രയെ ചാവി ഏൽപ്പിച്ച പെണ്ണിനേയും കൂട്ടി റിക്ഷ പിടിച്ചു പോയി.

” ആരാടാ ഇവൻ ഗേൾഫ്രണ്ട് കുറേ ഉണ്ടല്ലോ ഇവനു ”

സുമിത്ര നത്തിനോട് ചോദിച്ച.

“ഇവൻ നമ്മുടെ മീനുട്ടി പഠിക്കുന്ന കോളേജിലാണ്.. വലിയ പണക്കാരന്റെ മകനാ…
ഒരുപാട് പെൺകുട്ടികൾ അവന്റെ പിന്നാലെ കറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ടു.”

നത്ത് ആണെഴുത്തിൽ അങ്ങനെ പറഞ്ഞു.

“അതു ശെരി പെൺപിള്ളേരെ വലയിലാക്കുന്ന വിരുതൻ ആണല്ലേ…?”

” പെണ്ണെഴുത്തിൽ അങ്ങനെയും പറയാം”

“നത്തെ നീ എവിടുന്നാ ഇത്രയും സാഹിത്യവും സംസ്കാരവും ഒക്കെ പഠിച്ചത്.. എന്നിട്ടെന്താ പ്ലസ്ടുവിന് ശേഷം കോളേജിൽ പോകാതിരുന്നത്..”

“എന്തു പറയാനാ ചേച്ചി,ചേച്ചിക്ക് അറിയാമല്ലോ രോഗിയായ അമ്മയെ വീട്ടിൽ തനിച്ച് നിർത്തി ഞാൻ കോളേജിൽ പോയാൽ എങ്ങനെ പുലരും..? ഭക്ഷണവും മറ്റുമില്ലാതെ എങ്ങനെ ജീവിക്കും. അതുകൊണ്ട് ഞാൻ വിശപ്പിന് പ്രാധാന്യം നൽകി. ഇപ്പൊ കറസ്പോണ്ടൻസ് ക്ലാസ്സ് ചെയ്യുന്നുണ്ട്.. എങ്ങനെയും ഡിഗ്രി എടുക്കണം എന്നുണ്ട്..പിന്നെ ഞാൻ ഒരുപാട് വായിക്കും ചേച്ചി..”

“അതേതായാലും കൊള്ളാം..”

ഒരുദിവസം നത്ത് സർവീസ് ചെയ്ത വണ്ടി അതിന്റെ ഓണറുടെ വീട്ടിൽ കൊണ്ട് കൊടുത്തു വരുന്ന വഴിയിൽ സുമിത്രയുടെ അനിയത്തി പഠിക്കുന്ന കോളേജിന്റെ മുന്നിൽ കൂടി നടന്നു വരേണ്ടി വന്നു..

ആ സമയത്ത് സുമിത്രയുടെ അനിയത്തി മീനൂട്ടി വർക്ക് ഷോപ്പിൽ വരുന്ന ആ ചെറുപ്പക്കാരനെ കൂടെ ബൈക്കിൽ കയറി പോകുന്നത് കണ്ടു.

അയ്യോ സുമിത്ര ചേച്ചിയുടെ അനിയത്തി മീനുട്ടിയും അവന്റെ വലയിൽ ആയോ…?

നത്ത് വേഗം ഷോപ്പിൽ ചെന്ന് സുമിത്രയോട് കണ്ട കാര്യങ്ങൾ പറഞ്ഞു..

സുമിത് യ്ക്ക് വളരെ വിഷമമായി.

ഈശ്വരാ താനീ കരിയിൽ പുരണ്ട ജീവിക്കുന്നത് അവൾക്ക് വേണ്ടിയാണ്.. നല്ല നിലയിൽ പഠിച്ചു ഒരു ഉദ്യോഗസ്ഥയായി കാണാൻ വേണ്ടിയാണ്. അതുകൊണ്ട് അവളെ ഈ കടയുടെ വരാന്തയിൽ പോലും വരുത്തിയിട്ടില്ല..

ഈ കട എവിടെയാണെന്ന് പോലും അവളെ അറിയിച്ചിട്ടില്ല

“സത്യമാണോ നത്തെ നീ പറയുന്നത്? ”

“സത്യമാണ് ചേച്ചി..”

സുമിത്ര ഉടനെ അനിയത്തിയെ ഫോണിൽ വിളിച്ചു. അവൾ വീട്ടിൽ ഉണ്ട്..

“അപ്പോൾ നീ ഇന്ന് കോളേജ് വിട്ട ശേഷം എന്തിലാണ് വീട്ടിലേക്ക് പോയത്..”

“അത് ചേച്ചി…സുഹൃത്തിന്റെ ഒരു ബൈക്ക് ഉണ്ടായിരുന്നു.. അവന്റെ കൂടെയാണ് വന്നത്”

“ഉം ശെരി ”

സുമിത്ര വേഗം ഫോൺ വെച്ചു.

“നത്തെ വീട്ടിലേക്കാണ് കൊണ്ടുവിട്ടത്”

“എന്നാലും സൂക്ഷിക്കണം ചേച്ചി.. അവൻ മഹാ പിശകാണ് എന്നാ കേട്ടത്… ഈ സൗഹൃദം മുതലെടുത്ത് പിന്നെ നമ്മുടെ മീനു കുട്ടിയെ അവന്റെ വരുതിയിൽ വരുത്തും..”

“നോക്കാം എവിടം വരെ പോകുമെന്ന്”
സുമിത്ര പറഞ്ഞു..

ഷിജിൻ എന്നാണ് ആ ചെറുപ്പക്കാരന്റെ പേരെന്നു നത്തിനും സുമിത്രയ്ക്കും മനസ്സിലായി .

അവന് ഒരുപാട് കാമുകിമാർ ഉണ്ട്.. ഒക്കേയും അവന്റെ കോളേജിൽ പെൺകുട്ടികൾ തന്നെ.. പക്ഷേ പെൺകുട്ടികൾക്ക് ആർക്കും പരസ്പരം അറിയില്ല.. താൻ സ്നേഹിക്കുന്ന ഷിജിനു വേറൊരു പെൺകുട്ടി ഉണ്ട് എന്ന കാര്യം..

അതിനു കാരണം ഉണ്ടു. ഷിജിൻ തന്റെ വരുതിയിലുള്ള പെൺകുട്ടികളോട് പറയും

‘കോളേജിൽ നിന്നും നമ്മൾ പരിചയമുള്ള ഭാവത്തിൽ സംസാരിക്കരുത് മിണ്ടരുത്..’

‘കാരണം എന്റെ മമ്മിയോട് ഇവിടെയുള്ള ഫ്രണ്ട്സ് പറഞ്ഞുകൊടുക്കും അതുകൊണ്ട് ഇവിടെ നല്ലപിള്ള ചമയാൻ എനിക്ക് ഗേൾഫ്രണ്ട് ഉണ്ട് എന്ന് അറിയാൻ പാടില്ല അതുകൊണ്ട് കോളേജിൽ വച്ച് എന്റെ അടുത്ത് മിണ്ടാൻ വരണ്ട.. നമുക്ക് പ്രത്യേകം സമയം പറഞ്ഞു ആ സമയത്ത് പുറത്തുപോയി എൻജോയ് ചെയ്യാം..’

പക്ഷേ ഓരോ പെണ്ണും വിചാരിച്ചത് അവരോട് മാത്രമാണ് അവന്റെ സ്നേഹംഎന്നു…!

അതുകൊണ്ട് അവരാരും കോളേജിൽ അകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ അവനോട് പരിചയഭാവം കാണിക്കാറില്ല.

അതുകൊണ്ടുതന്നെ പെൺകുട്ടികൾക്ക് ഷിജിനു ഒരുപാട് പെൺകുട്ടികൾ ഉള്ള കാര്യം അറിയാൻ പറ്റിയില്ല..
അതാണ് ഷിജിന്റെ തന്ത്രം..!

പാവം അവന്റെ വലയിൽ വീഴുന്ന ഓരോ പെണ്ണും വിചാരിക്കും ഞാൻ മാത്രമാണ് അവന്റെ കാമുകി എന്ന്.. ഓരോരുത്തർക്കും ഓരോ സമയം നൽകിയാണ് അവൻ അവരെയും കൊണ്ട് എൻജോയ് ചെയ്യാൻ പോകുന്നത്… ഇങ്ങനെ ഡീൽ ചെയ്യുന്നതുകൊണ്ട് ആർക്കും പരസ്പരം ഒന്നും അറിയാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ ഒരേ സമയം ഒരുപാട് പെൺകുട്ടികളുമായി വ്യത്യസ്ത സ്ഥലങ്ങളിൽ സമയം ചെലവഴിക്കാൻ അവനായി..

ഷിജിന് പെൺകുട്ടികളോട് മാത്രമല്ല ഹരം ആൺ സുഹൃത്തുക്കളുടെ കൂടെ കൂടി കഞ്ചാവ് വാങ്ങിച്ച് ഉപയോഗിച്ച് മണിക്കൂറുകളോളം ആളില്ലാത്ത ഇടങ്ങളിൽ പോയിരുന്നു വലിച്ചു കിറുങ്ങി മയങ്ങി കിടക്കാറുണ്ട്…!

ഒരു ദിവസം വഴിയിലുള്ള ഒരു വണ്ടി സർവീസ് ചെയ്യാൻ വിളിച്ചപ്പോൾ നത്തും സുമിത്രയും കൂടി ബൈക്കിൽ പോയി സർവീസ് ചെയ്തു വരുന്ന വഴിയിൽ കടൽത്തീരത്ത് ഷിജിനെ കണ്ടു.. അന്നേരം വേറൊരു പെൺകുട്ടിയായിരുന്നു അവന്റെ കസ്റ്റഡിയിൽ..

“ഇവന് ദിവസവും ഇതിനെ നേരമുള്ളോ എന്ന് തോന്നുന്നല്ലോ”

സുമിത്ര നത്തിനോടു പറഞ്ഞു ചിരിച്ചു…

“ഈ പെണ്പിള്ളാർക്കൊക്കെ ഇത് എന്തിന്റെ കേട് ആണാവോ?”

“നത്തെ മത… കാട് കയറണ്ട”

നത്തു ആ വിഷയത്തിൽ അല്പം സംസാരിച്ചു സുഖം കൊള്ളാം എന്ന് കരുതിയത് വെറുതെയായി. സുമിത്ര ചേച്ചി അത് വേഗം തിരിച്ചറിഞ്ഞു..

സുമിത്ര നത്തുമായി കടയിൽ വേണ്ട അല്പം സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വേണ്ടി ടൗണിൽ പോയപ്പോൾ ആ കാഴ്ച നേരിൽ കണ്ടു.

അവളുടെ അനിയത്തി മീനുട്ടി ഷിജിന്റെ കൂടെ ഒരു ഐസ്ക്രീം പാർലർ നിന്നും ഇറങ്ങി ബൈക്കിൽ കയറി പോവുന്നത്..!

“ചേച്ചി വേഗം വാ നമുക്ക് ചേസ് ചെയ്തു പിടിക്കാം”

നത്തു പറഞ്ഞു.

“വേണ്ട പോട്ടെ.. ഇത് അവളെ വീട്ടിലേക്കുള്ള കൊണ്ടുവിടാൻ പോകുന്നതാണ്.. ”

” എന്നാലും കയറു.വീട്ടിലേക്ക് അല്ലെങ്കിലോ?”

നത്ത് സംശയം പറഞ്ഞപ്പോൾ
കുറച്ച് അകലം വിട്ട് അവർ നാട്ടിലേക്ക് പോകുന്ന ഷിജിന്റെ വണ്ടിയെ പിന്തുടർന്നു.

സുമിത്ര കരുതിയത് പോലെ തന്നെ ഷിജിൻ മീനുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു

“മറ്റന്നാൾ എന്റെ ബർത്ത് ഡേ അന്ന് നമുക്ക് അടിച്ചു പൊളിക്കണം.. നീ ക്ലാസ്സ് കട്ട് ചെയ്യുമല്ലോ.. നമുക്ക് രാവിലെതന്നെ പുറപ്പെടാം. മൂന്നാറിൽ ഉള്ള ഫേവർ പാർട്ടിക്ക്… ”

“ശരി ഷിജിൻ അന്ന് ഞാൻ എങ്ങനെയും വരും.”

“നല്ലൊരു ബർത്ത് ഡേ ഗിഫ്റ്റ് ഞാൻ പ്രതീക്ഷിക്കും”

“ശോ ഞാനിപ്പോ എന്താ വാങ്ങി തരിക എന്റെ കയ്യിൽ പൈസ ഒന്നും ഇല്ലല്ലോ..”

“അതൊന്നും വേണ്ട നീ ചുമ്മാ പാർട്ടിക്ക് വന്നാൽ മതി.. ഒക്കെ ഞാൻ എടുത്തോളാം”

“എന്തോന്ന്”

“ബർത്ത് ഡേ സമ്മാനം”

“എവിടെ നിന്ന്?”

“നിന്റെ… ”

എന്നും പറഞ്ഞ് നിർത്തി അവളെ ചുഴിഞ്ഞു നോക്കി..എന്നിട്ട് പറഞ്ഞു

“അല്ലെങ്കിൽ വേണ്ട അത് അപ്പോൾ പറയാം..”

“ശോ എനിക്ക് നാണം വരുന്നു… ഈ ഷിജിൻ ഒരു കൊതിയൻ ആണ്..”

അവർ കൈവീശി യാത്ര പറഞ്ഞു പിരിഞ്ഞു.

ദൂരെ നിന്ന് സുമിത്രയും അത് കണ്ടു
മടങ്ങി വർക്ക് ഷോപ്പിലേക്ക് പോയി.

” ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല..നത്തെ നിനക്ക് ഞാൻ മൂന്നാല് ദിവസം വേറൊരു ജോലിയും കൂടി ഏൽപ്പിക്കുകയാണ്”

“എന്താ ചേച്ചി”

അവൾ രഹസ്യമായി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു..

“അത് ഞാൻ ഏറ്റു ചേച്ചി ”

അവൻ പറഞ്ഞു

ഷിജിൻ പറഞ്ഞ് ബർത്ത് ഡേ ദിനം വന്നെത്തി…
ചുണ്ടിൽ ഒരു മൂളിപ്പാട്ടും പാടി രാവിലെ ഉള്ളതിൽ ഏറ്റവും പുത്തൻ വസ്ത്രം ധരിച്ചു കോളേജിൽ പോകാനിറങ്ങിയ മീനൂട്ടിയെ സുമിത്ര വിളിച്ചു…

അനിയത്തിയുടെ കയ്യിൽ സുമിത്ര ഒരു പൊതി ഏൽപ്പിച്ചപ്പോൾ അവൾ അമ്പരന്ന് ചോദിച്ചു…

“എന്താ ചേച്ചി ഇത്?”

“തുറന്നു നോക്കൂ”

മീനൂട്ടി അത്ഭുതത്തോടെ തുറന്നു നോക്കി..

ഈശ്വരാ കോണ്ടം..

“എന്തിനാ ചേച്ചി ഇതെനിക്ക്..?”

“ഗർഭിണി ആവാതിരിക്കാൻ വേണ്ടിയാണ്..!”

“എന്തൊക്കെയാ ഈ പറയുന്നത് ചേച്ചിക്ക് വട്ടായോ?”

“അതേടി… എനിക്കു വട്ടാ.. ആൾക്കാരെ കൊണ്ട് പറയിപ്പിക്കണ്ടല്ലോ കണ്ടവന്റെ ഗർഭം ചുമന്നു പിഴച്ചവൾ ആണെന്ന്… ഇതാകുമ്പോൾ സേഫ് ആണ്..”

അനിയത്തി ഒന്നും മനസ്സിലാവാതെ കരയാൻ തുടങ്ങി..

അവൾ തുടർന്നു

“ഇക്കണ്ട കാലമത്രയും കരിയിലും ഗ്രീസിലും പുരണ്ടു ജീവിച്ചത് നിന്നെ നല്ല നിലയിൽ എത്തിക്കാൻ വേണ്ടിയാണ്.. ആ നീയാണ് ഇപ്പോൾ കണ്ട തെമ്മാടിയുടെ കൂടെ കൂടി കറങ്ങി നടക്കുന്നത്..”

“ചേച്ചി ആരെ ഉദ്ദേശിച്ച പറയുന്നത്? ”

“നീയാ ഷിജിന്റെ കൂടെ കറങ്ങുന്നത് ഞങ്ങൾക്കറിയാം”

“ചേച്ചി ഷിജിൻ പാവം പയ്യനാ എന്നോട് ഒരുപാട് ഇഷ്ടമാണ് എനിക്കും അങ്ങനെ തന്നെ..”

“തുഫൂ….പാവം പയ്യൻ..”

സുമിത്ര നീട്ടിത്തുപ്പി

അപ്പോഴേക്കും അവിടുത്തേക്ക് നത്തു എത്തി..

അവന്റെ കയ്യിൽ നിന്നും സുമിത്ര ഫോൺ വാങ്ങിച്ചു. ഷിജിന്റെ പല ദിവസങ്ങളിലായി പല പെൺകുട്ടികളുടെ കൂടെയുള്ള ചിത്രങ്ങളും കഞ്ചാവ് വലിച്ചു മണിക്കൂറുകളോളം കുന്നിൻ ചെരുവിൽ ഒറ്റയ്ക്ക് കിടക്കുന്ന ചിത്രങ്ങളും ഒക്കെ സുമിത്ര അനിയത്തിക്ക് കാണിച്ചുകൊടുത്തു..

ബൈക്ക് നന്നാക്കാൻ വന്നപ്പോൾ വർക്ക് ഷോപ്പിലേക്ക് പെൺകുട്ടികളെ മാറിമാറി കൊണ്ടുവന്നത് തങ്ങൾ നേരിട്ട്കണ്ടു ബോധ്യം വന്നതും സുമിത്രയും നത്തും കൂടി അനിയത്തിയെ ധരിപ്പിച്ചു..

എല്ലാം അറിഞ്ഞ് അവൾ ചേച്ചിയുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ചു…

അവൾക്ക് പറ്റിയ അബദ്ധം തക്കസമയത്ത് തിരുത്തിയ ചേച്ചിയോട് അവൾക്ക് വല്ലാത്ത സ്നേഹം തോന്നി..

ഇത്രയും വലിയ ഒരു തെമ്മാടിയുടെ വലയിൽ പെട്ടു താൻ നശിച്ചു പോയേനെ..

“എന്നോട് ക്ഷമിക്കൂ ചേച്ചി…”

അവൾ ചേച്ചിയെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു..

“സാരമില്ല. ഏതായാലും നിനക്ക് കാര്യം മനസ്സിലായല്ലോ.. ചുമ്മാ പറഞ്ഞതാ നീ വിശ്വസിക്കില്ല എന്ന് കരുതിയാണ് നത്തിനെ കഴിഞ്ഞ മൂന്നാല് ദിവസമായി കടയിൽ പോലും വരാതെ അവന്റെ പിറകെ വിട്ടു ഇത്രയും തെളിവുകൾ സംഘടിപ്പിച്ചത്.

ഇനിയെങ്കിലും പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കുക..
അവന്റെ ഉപദ്രവം ഇനി ഉണ്ടാവില്ല. അവനുള്ളത് ഇന്നലെ ഞങ്ങൾ കൊടുത്തിട്ടുണ്ട്…നത്തിന്റെ ഫോണിൽ നിന്നും ആ തെമ്മാടിക്കെതിരെയുള്ള തെളിവു ചിത്രങ്ങളൊക്കെ നിന്റെ ഫോണിലേക്ക് മാറ്റി അത് അവന് മെസ്സേജ് ആയി അയക്കുക..

അവന്റെ ചതികൾ ഒക്കെ നീ മനസ്സിലാക്കി എന്ന് അവൻ അറിയട്ടെ.. പിന്നെ പ്രേമ നാടകവും കൊണ്ട് അവൻ ഒരിക്കലും വരില്ല.. അതിങ്ങു തന്നേക്കൂ.. ഒരു ചേച്ചി ഒരു അനിയത്തിയോട് ചെയ്യാൻ പാടില്ലാത്ത ഇത്തിരി കടന്ന കൈയാണ് അതു.നിന്റെ കണ്ണ് തുറപ്പിക്കാൻ അതേ മാർഗം ഉണ്ടായുള്ളൂ.. അതിനാണ്
ചേച്ചി ഈ സമ്മാനം തന്നെ നിനക്ക് തന്നത്..”

അവൾ ആ പൊതി ചേച്ചിയെ ഏൽപ്പിച്ചു ജാള്യതയോടെ ഒന്നുകൂടി ചേച്ചിയെ കെട്ടിപ്പിടിച്ചു

” ആകെ നാണം കെട്ടു ഞാൻ.. ചേച്ചിയുടെ മുമ്പിൽ വെറും നെറികെട്ടവളായി എന്നോട് ക്ഷമിക്കൂ ചേച്ചി…ചേച്ചിയുടെ ആഗ്രഹം പോലെ പഠിച്ച് ഒരു ജോലി നേടിയിട്ടേ ഇനി ഈ അനിയത്തിക്ക് വിശ്രമമുള്ളൂ… ”

“സാരമില്ല ടീ മോളെ.. ഇത് നല്ലൊരു പാഠമാണ് അങ്ങോട്ടുള്ള ജീവിതത്തിന്…”

സുമിത്ര അനിയത്തിയുടെ പുറത്ത് സ്നേഹത്തോടെ തലോടി ആശ്വസിപ്പിച്ചു.