ഇത്ര ചീത്തപ്പേര് കേട്ടിട്ടും നിനക്ക് മതിയായില്ല അല്ലേടീ…” പുറത്ത് അടി വീണതും അമ്മയുടെ ശകാരവും ഒന്നിച്ചായിരുന്നു..

(രചന: Vasudha Mohan)

മുറിക്കുള്ളിലെ ഇരുട്ടിൽ ജനലരികിൽ നിന്ന് മേഘ അപ്പുറത്തെ വീട്ടിലേക്ക് നോക്കി. സർവ്വത്ര ഇരുട്ടാണ്. തൻ്റെ ജീവിതം പോലെ. ഒരു മതിലിനും അപ്പുറത്ത് ജിതിൻ ഇപ്പൊൾ ഉറക്കം പിടിച്ചിരിക്കും.
അവനെ ഓർത്തതും പെട്ടെന്ന് മറുവശത്ത് നിന്നൊരു പാട്ടു കേട്ടു.

” ഓമലേ, ആരോമലേ… ഒന്നു ചിരിക്കൂ, ഒരിക്കൽ കൂടി…”
വരികളിൽ മുറ്റി നിൽക്കുന്ന വേദന കേട്ട് മേഘക്ക് കരച്ചിൽ വന്നു മുട്ടി. ഇനിയും കരയാൻ തന്നിൽ കണ്ണീർ ബാക്കിയുണ്ടോ എന്നവൾ കൗതുകപ്പെട്ടു.
” ഇത്ര ചീത്തപ്പേര് കേട്ടിട്ടും നിനക്ക് മതിയായില്ല അല്ലേടീ…”

പുറത്ത് അടി വീണതും അമ്മയുടെ ശകാരവും ഒന്നിച്ചായിരുന്നു. ഒന്നു ഞെട്ടിയെങ്കിലും മേഘ കരഞ്ഞില്ല. അടിയും വേദനയും പുതുമയല്ലാതെയായി ഏറെ നാളായി. വയറ്റിൽ ഒരു കുഞ്ഞ് തൻ്റെ അമ്മയെ അടിച്ചതിൽ പ്രതിഷേധിച്ചെന്നവണ്ണം ആഞ്ഞു ചവിട്ടി.
‘ അമ്മക്ക് വേദനിച്ചില്ലെടാ. നീ ചാച്ചിക്കോ’
അവൾ മനസ്സിൽ പറഞ്ഞു. അമ്മ ജനലുകൾ വലിയ ശബ്ദത്തോടെ വലിച്ചടച്ചു.

” അച്ഛനും ഏട്ടനും സംസാരിച്ച് ഒക്കെ ശരിയാക്കിയിട്ടുണ്ട്. നാളെ നിന്നെ കൂട്ടാൻ സൂരജ് വരും”
” അമ്മേ…”

” നിൻ്റെയും കുഞ്ഞിൻ്റെയും നന്മക്കാണ്. അതു മാത്രം ഓർത്താൽ മതി ”

മറുപടിക്കു കാക്കാതെ അവർ പുറത്തേക്കു പോയി.
നന്മയെന്ന വാക്കു കേട്ട് മേഘ്‌ക്ക് ചിരി വന്നു. മധുവിധുവിന് ഏതാനും മാസങ്ങൾ ഒഴിച്ച് തനിക്ക് വേദന മാത്രം തന്ന ആളെ കുറിച്ചാണ് ഈ പറയുന്നത്.

സംശയത്തിൻ്റെ പേരിൽ ആദ്യമാദ്യം കുത്തുവാക്കുകൾ ആയിരുന്നു, പിന്നെ പതുക്കെ ശാരീരിക ഉപദ്രവങ്ങൾ, ഉറങ്ങാൻ സമ്മതിക്കാതെ കാവലിരുന്നു നേരം പുലർത്തിയ നാളുകൾ, ഒടുവിൽ ഈ വയറ്റിൽ കിടക്കുന്ന കുഞ്ഞ് പോലും അയാളുടേതല്ലെന്ന ആരോപണം വരെ എത്തി. എല്ലാം അറിഞ്ഞിട്ടും തിരികെ അങ്ങോട്ട് തന്നെ അയക്കുന്ന വീട്ടുകാർ. ഇതൊക്കെ എല്ലാ ഇടത്തും നടക്കുന്നത്താണെന്ന പറച്ചിലും.

‘ ഞാൻ പോകുന്നില്ല’ എന്ന പറയാൻ വന്ന വാക്കുകളെ അവൾ മനഃപ്പൂർവം വിഴുങ്ങി. എത്ര വാശി പിടിച്ചാലും, അത്ര തന്നെ വേദനിച്ച് നാളെ ഇറങ്ങേണ്ടി വരും. എത്ര തവണ ആവർത്തിച്ചതാണ് ഇത്. വിവാഹം ചിലരെയെങ്കിലും വീടില്ലാത്തവരാക്കുന്നു.

അതുവരെ വളർന്നിടത്തുനിന്നും വേരുകൾ മുറിച്ചുമാറ്റി, ചെന്നെത്തിയിടത്ത് വേരുപിടിക്കാൻ കഴിയാതെ ഒരു ത്രിശങ്കുവിൽ ഇങ്ങനെ ജീവിക്കേണ്ടി വരുന്നു. അമ്മ അടച്ചു പോയ ജനാല സ്നേഹത്തിൻ്റെയും, മലർക്കെ തുറന്നിട്ട വാതിൽ തിരസ്‌ക്കാരത്തിൻ്റെയും ആണെന്ന് അവൾക്ക് തോന്നി.

*******************************************
ജിതിൻ അടഞ്ഞ ജനാല നോക്കി കുറെ നേരം ഇരുന്നു. അതു വീണ്ടും തുറക്കും എന്ന പ്രതീക്ഷ ഉള്ളത് പോലെ.
കോളജിൽ എല്ലാവരുടെയും സ്വപ്ന സുന്ദരി ആയിരുന്നു മേഘ. തൊട്ടയല്പക്കം പുതുതായി താമസിക്കാൻ വന്നവൾ. എന്നിട്ടും അവൾ ആരെയും നോട്ടം കൊണ്ട് പോലും കടാക്ഷിച്ചില്ല.

സ്ഥിരമായി അവളുടെ മുറിയിൽ നിന്നും ഒഴുകിയിരുന്ന മലയാളം മെലഡികളിൽ നിന്നാണ് അവൾ സംഗീത പ്രേമിയാണെന്ന് മനസ്സിലായത്. തെറ്റില്ലാതെ പാടുന്ന ജിതിന് കിട്ടിയ നല്ലൊരു പിടിവള്ളി ആയിരുന്നു അത്.

അവളുടെ മുറിയിൽ വെളിച്ചം തെളിയുമ്പോഴെല്ലാം ജനലരികിൽ ഇരുന്ന് ജിതിൻ പ്രണയഗാനങ്ങൾ പാടി. വളരെ പതിയെ ആണ് കുറച്ചെങ്കിലും പുരോഗതി ഉണ്ടായത്. ഒരു പുഞ്ചിരി, പിന്നെ വല്ലപ്പോഴും മറുപാട്ടുകൾ. അതിനിടയിൽ വളരെ പെട്ടെന്നാണ് അവളുടെ കല്യാണം ഉറച്ചത്. പ്രണയമെന്ന പേരിട്ടു വിളിക്കാൻ മാത്രം ഒന്നും തങ്ങൾക്കിടയിൽ ഇല്ലായിരുന്നു.

ഒരുപക്ഷേ കുറച്ച് സമയം കൂടി തങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ….
കല്യാണത്തിന് ശേഷം വല്ലപ്പോഴും കാണുമായിരുന്നു. ആദ്യം കണ്ടപ്പോൾ സങ്കോചത്തോടെ ചോദിച്ചു ‘ദേഷ്യമുണ്ടോ’ എന്ന്.

” ഏയ്… നീ ഹാപ്പി അല്ലേ… അതു മതിയേടോ…”
പോകെ പോകെ അവളുടെ മുഖത്തെ തെളിച്ചം മായാൻ തുടങ്ങി. ജോലിക്കാരി വഴി ചില അസ്വാരസ്യങ്ങളുടെ വാർത്തകൾ ജിതിൻ്റെ ചെവിയിലും എത്തി.

അവൾ വേദനിക്കുന്നെന്നു കണ്ടപ്പോഴാണ് തനിക്കവളെ ശരിക്കും ഇഷ്ടമായിരുന്നെന്ന് ജിതിനു മനസ്സിലായത്. സംശയമാണ് അയാളുടെ രോഗമെന്നറിഞ്ഞ്, അവളിൽ നിന്ന് ഒഴിഞ്ഞു നടന്നു. എന്നിട്ടും കാര്യങ്ങൾ വഷളാകുന്നതറിഞ്ഞ് അവളോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

” കളഞ്ഞിട്ട് വന്നൂടേടീ?”
” എങ്ങോട്ട്?”
പലതവണ തിരികെ പറഞ്ഞയച്ച വീട്ടുകാരെ ഉദ്ദേശിച്ചാണ് അവൾ ചോദിച്ചത്.
” ഞാൻ കൂട്ടട്ടെ എൻ്റെ കൂടെ?”
അവൾ തമാശ കേട്ടപോലെ ചിരിച്ചു. എന്നിട്ടും ഒടുവിൽ കണ്ണുകൾ നിറഞ്ഞിരുന്നു.

” ഇപ്പൊൾ കൂട്ടുകയാണെങ്കിൽ ഒരാളെ കൂടി കൂട്ടണം”
അവൾ വലുതകാൻ തുടങ്ങിയ വയർ ചൂണ്ടി പറഞ്ഞു.
” ചിലപ്പോ ഇവൻ വരുന്നതോടെ ഒക്കെ ശരിയാകുമായിരിക്കും അല്ലേ!”
അവളുടെ പ്രതീക്ഷക്ക് മുൻപിൽ ഇല്ലെന്ന ഉത്തരം പറയാതെ തിരിച്ച് നടന്നു.

പിറ്റേന്ന് മേഘയെ സൂരജ് കൊണ്ട് പോയി. കൃത്യം മൂന്നാം പക്കം ആംബുലൻസിൽ ഒരു ശവം ആ വീട്ടുമുറ്റത്ത് കൊണ്ട് വന്നു.
“…. സ്റ്റെയർസിൽ നിന്ന് വീണതാണ് പോലും..”
“…..അവളെ കുത്തി കീറുന്നത് കാണാൻ വയ്യെന്ന് ഭർത്താവ് കരഞ്ഞത്രെ. പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടു…”
അനേകം അഭിപ്രായങ്ങൾക്കിടയിലേക്ക് ജിതിൻ കയറി ചെന്നു.

” സുമംഗലി ആയി മരിക്കുന്നതും ഒരു ഭാഗ്യമാണ്”
അവളുടെ നെറ്റിയിൽ സിന്ദൂരം തൊടാൻ ഒരുങ്ങി ഒരു സ്ത്രീ പറഞ്ഞു. അവരുടെ കൈ പിടിച്ച് ജിതിൻ തടഞ്ഞു.
” ഭാഗ്യം പോലും… ഇവിടുന്ന് പോകുമ്പോൾ അയാളെ ഓർമ്മിപ്പിക്കുന്ന ഒരടയാളവും വേണ്ട ഇവൾക്ക്”
അവനെ തല്ലാൻ ആദ്യം വന്നത് അവളുടെ എട്ടനാണ്.ഒറ്റ കൈകൊണ്ട് അയാളെ തടഞ്ഞ് ജിതിൻ പറഞ്ഞു.

“ഞാനൊരു കംപ്ലൈൻ്റ് കൊടുത്തിട്ടുണ്ട്. പോസ്റ്‌മോർട്ടം വേണമെന്ന്. ഇപ്പൊ പോലീസ് വരും. അതിൻ്റെ ഫലം ഒന്ന് അറിഞ്ഞിട്ട് തീരുമാനിക്ക് ആരെ തല്ലണമെന്ന്…”
തിരികെ പോകുമ്പോൾ ഒരു നിമിഷം മേഘയെ നോക്കി ജിതിൻ. ഒരുതുള്ളി കണ്ണുനീർ അവൻ്റെ കണ്ണിൽ നിന്ന് അവളുടെ കയ്യിൽ വീണു. അപ്പോൾ ജനലരികിൽ അവൾ അവനുവേണ്ടി എഴുതിയ ഒരു കുറിപ്പ് അനാഥമായി പാറി വീണു.

“..നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു….”