അമ്മേ, നിങ്ങടേത് ലൗ മാര്യേജ് ആയിരുന്നോ?”ചപ്പാത്തി ചുടുന്ന ഭാര്യ ചട്ടുകം കൊണ്ട് ഒന്ന് കൊടുക്കും എന്നാണ് കരുതിയത്..

(രചന: Vasudha Mohan)

ബാങ്കിലെ ഫയലുകൾ നോക്കുന്നതിൻ്റെ ഇടയിലാണ് അടുക്കളയിലേക്ക് ഒരു സന്ദർശനം നടത്തിയത്.

വാതിൽക്കൽ എത്തിയ ഞാൻ പതിമൂന്ന് വയസ്സുള്ള മകളുടെ ചോദ്യം കേട്ട് അവിടെ തന്നെ നിന്നു.
“അമ്മേ, നിങ്ങടേത് ലൗ മാര്യേജ് ആയിരുന്നോ?”
ചപ്പാത്തി ചുടുന്ന ഭാര്യ ചട്ടുകം കൊണ്ട് ഒന്ന് കൊടുക്കും എന്നാണ് കരുതിയത്.

” നിനക്ക് എന്തിനാ ഇപ്പൊ അതൊക്കെ?”
എന്ന മറുചോദ്യം ചോദിച്ചു അവൾ”
” അമ്മ തന്നെയല്ലേ ചോദ്യത്തിന് മറു ചോദ്യം ചോദിക്കരുത് എന്ന് പറയാറ്?”
ഭാര്യ നിരായുധയായി. ഇനി മകളോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം എന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.
” പറ അമ്മേ… പ്ലീസ്”

ഒറ്റമകൾ പ്രിവില്ലേജ് ഉള്ളതുകൊണ്ട് ആ പ്ലീസിൽ ഞാനും ഭാര്യയും വീണു പോകാറുണ്ട്.
” അതേ..”

ഉത്തരം കേട്ട് മകളും ഞാനും ഒരുപോലെ ഞെട്ടി. കല്യാണത്തിന് മുൻപ് പെണ്ണുകാണലിനും നിശ്ചയത്തിനും അല്ലാതെ ഞാൻ ഇവളെ കണ്ടിട്ട് പോലും ഇല്ല. പിന്നെ എവിടുന്ന് വന്നു ഈ ലൗ മാര്യേജ്?!
പാത്രം കഴുകുന്ന മകൾ ഒറ്റ കുതിപ്പിന് അമ്മയുടെ അടുത്തെത്തി.

” ലൗ സ്റ്റോറി പറ അമ്മേ”

ഭാര്യയുടെ ഭാവം കാണാൻ വയ. മകൾക്ക് excitement കൊണ്ട് കാലു നിലത്തുറക്കുന്നില്ല.
” പ്ലീസ് അമ്മാ, പ്ലീസ് അമ്മാ…”
” പറയാം. പക്ഷേ നിന്റെ ശിങ്കിടികളോട് പറഞ്ഞ് കരക്കമ്പി അടിക്കരുത്”
” ഇല്ലമ്മാ… പറ”

അവൾ ആകാംഷയോടെ പറഞ്ഞു. നീ പോയി പാത്രം കഴുക്. അവിടെ നിന്നും കേട്ടാ മതി”

” അതൊക്കെ ഞാൻ ചെയ്തോളും. എനിക്ക് കഥ കേൾക്കുമ്പോ അമ്മേടെ മുഖം കാണണം.”
” മ്… നീ ഇടയിൽ കയറി ഫ്ലോ കളയരുത്. ഞാൻ നിർത്തി പോകും”

” ഈ അമ്മക്ക് എന്തൊരു വെയിറ്റ് ആണ്”
ഭാര്യ ചപ്പാത്തി കാസറോളിൽ അടച്ച് വെച്ച് മകൾക്ക് നേരെ തിരിഞ്ഞു. ഇപ്പൊൾ എനിക്കും അവളുടെ മുഖം കാണാം. ഞാൻ ഒന്നു കൂടി വാതിലിൻ്റെ മറവിലേക് നിന്നു.
” ഞാനും അച്ഛനും ആദ്യമായി കാണുന്നത് ഒരു ബുക്ക് സ്റ്റാളിൽ വെച്ചാണ്.”
” ഒരു രാജമല്ലി വിടരുന്ന പോലെ…”
മകളുടെ background score..”
ഭാര്യ കണ്ണുരുട്ടി.

” നിറം ഒക്കെ ഞങ്ങളുടെ ജനറേഷനും കണ്ടതാ…അച്ഛൻ ബുക്ക് സ്റ്റാളിൽ പോയിട്ട് ബാലരമ പോലും വായിക്കാറില്ല”
” നീ തോക്കിൽ കേറി വെടി വെക്കാതെ കേൾക്ക് പെണ്ണേ”
” ശരി”

” എൻ്റെ ആദ്യ ശമ്പളം കിട്ടിയ ദിവസം ആയിരുന്നു അത്. അതുകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. അച്ഛനും അമ്മക്കും ഓരോ ഡ്രസ്സ്. എനിക്ക് നാലു പുസ്തകം.

ശമ്പളം കയോടെ withdraw ചെയ്ത് നേരെ ബുക്ക് സ്റ്റാളിൽ. അന്നു പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് അവിടെ നിർത്തി കേറിയതാ നിൻ്റെ അച്ഛൻ.”
” ഇപ്പൊ ok.. വെറുതെ അച്ഛനെ തെറ്റിദ്ധരിച്ചു.”
ഭാര്യ അവളുടെ കമൻ്റ് കേട്ടില്ല.

” അങ്ങനെ അച്ഛൻ നോക്കുമ്പോ സുന്ദരിയായ ഒരു പെൺകുട്ടി. അന്നവിടെ കിട്ടാത്ത പുസ്തകങ്ങൾ അടുത്ത ആഴ്ച വന്നു വാങ്ങാം എന്ന് പറഞ്ഞ് ഞാൻ മടങ്ങി. അടുത്ത ആഴ്ച അവിടെ നിന്ന് വാങ്ങിയ പുസ്തകങ്ങളിൽ ഒന്നിൽ ഒരു കത്തുണ്ടായിരുന്നു.”
” ലൗ ലെറ്ററോ അമ്മാ?”

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.
” സെക്കൻ്റ് ഹാൻഡ് ബുക്ക് വാങ്ങിയത് കൊണ്ട് അതെനിക്കുള്ളതാവില്ല എന്ന് തന്നെ കരുതി ഞാൻ. ആ പുസ്തകവും അങ്ങനെ ഉള്ളതായിരുന്നു. ‘ ഒരു സങ്കീർത്തനം പോലെ ‘

മനോഹരമായ ഒരു പ്രണയ പുസ്തകം. ”
“കത്തിൽ എന്തായിരുന്നെന്നു പറ…”

” നിന്നെ കാണും വരെ എനിക്കീ ലോകം പ്രണയ ശൂന്യമായ ഒരിടമായിരുന്നു. ഇപ്പൊൾ പ്രണയം നിറഞ്ഞെൻ്റെ ഉള്ളൂ വിങ്ങുന്നു. എനിക്കത് പകരാൻ നിൻ്റെ ഹൃദയം തരൂ..”
മകൾ വാ പൊത്തി ചിരിച്ചു. ഒപ്പം ഭാര്യയും.

എനിക്കതിൻ്റെ അർത്ഥം പോലും മനസിലായില്ല.
” അടുത്ത മാസം വാങ്ങിയ ഒരു പുസ്തകത്തിലും കത്തു കണ്ടപ്പോഴാണ് എനിക്ക് തന്നെ ആണ് ഈ കത്തെന്ന് മനസ്സിലായത്. ഉടനെ ബുക്ക് സ്റ്റാൾകാരൻ പയ്യൻ്റെ കഴുത്തിന് പിടിച്ചു. ആ പാവത്തെ കുറച്ച് മണിയടിച്ച് പാട്ടിലാക്കിയതാ അച്ഛൻ.

പിറ്റേന്ന് നിൻ്റെ അച്ഛൻ്റെ ബാങ്കിൽ പോയി ഞാൻ. എന്നെ കണ്ടപ്പോൾ ഇറങ്ങി വന്നു. ‘ നാറ്റിക്കരുതെന്നു പറഞ്ഞ് കാലു പിടിക്കും എന്നാ ഞാൻ വിചാരിച്ചത്. പക്ഷേ വന്നു ചോദിച്ചത് ‘ മറുപടി എന്താണെന്നായിരുന്നു.’
അന്നു നിൻ്റെ അച്ഛനും ഒരു സുന്ദരൻ ആയിരുന്നു. ഞാൻ യെസ് പറഞ്ഞു. ഒരു രണ്ടു കൊല്ലം പ്രേമിച്ചു. പിന്നെ കെട്ടി. ”
“ഛെ… തീരെ പോര നിങ്ങടെ സ്റ്റോറി.”
മകൾ വീണ്ടും പാത്രം കഴുകാൻ പോയി. വെള്ളം കുടി മാറ്റി വെച്ച് ഞാൻ തിരിച്ച് പോയി. രാത്രി കിടക്കുമ്പോൾ അവളോട് ചോദിച്ചു.

” നീ എന്തിനാ മോളോട് നുണ പറഞ്ഞത്?”
“പിന്നെ, ഞാൻ എഴുതിയ കഥയെന്ന് പറഞ്ഞാൽ നിങ്ങൾ കേൾക്കോ? ഇതിപ്പോ ഇങ്ങനെ പറഞ്ഞോണ്ട് അവളളെങ്കിലും കേട്ടു. എന്നു പറഞ്ഞ് അവൾ എൻ്റെ വായടപ്പിച്ചു.
************************************
അതേ സമയം മറ്റൊരിടത്ത് മറ്റൊരാൾ മകനോട് അതേ കഥ പറഞ്ഞു.

” രണ്ടാമത്തെ കത്ത് ആ പയ്യനെ ഏൽപിച്ച് മടങ്ങുന്ന വഴി എനിക്ക് ഒരപകടം പറ്റി. നാല് മാസം കിടന്ന കിടപ്പ്. എഴുന്നേറ്റ് ആദ്യം പോയത് ആ ബുക്ക് സ്റ്റാളിൽ ആണ്. എന്നെ കണ്ടിട്ട് പോലും ഇല്ലാത്ത ആ പെൺകുട്ടി രണ്ടു മാസം സ്ഥിരമായി അവിടെ എന്നെ തിരക്കി വന്നു പോയി. അവസാനം വന്നപ്പോൾ ഒരു കല്യാണ കുറി എനിക്ക് വേണ്ടി തന്നിട്ട് പോയി. പിന്നെ അവളെ കണ്ടിട്ടില്ല.