സ്നേഹം പൂക്കുന്നിടങ്ങൾ
(രചന: വൈഖരി)
“സാധാരണ വീക്കെൻ്റ് വരുമ്പോ ഞാൻ നിർബന്ധിക്കാറില്ലല്ലോ ഇത് നാല് ദിവസത്തെ അവധിയാ .. ഒന്നുകിൽ നീ വീട്ടിൽ പോണം.
അല്ലെങ്കിൽ എൻ്റെ കൂടെ എൻ്റെ വീട്ടിൽ വരണം. അക്കാര്യത്തിൽ ഒരു മാറ്റവുമില്ല. നീ ആലോചിക്ക് …. നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല ലില്ലി മോളേ …. ”
“കവീ… ഞാൻ ഇവിടെ നിന്നോളാടാ … പ്ലീസ്…”
“ഒരു പ്ലീസുമില്ല ക്ലീസുമില്ല.. ദേ എന്നെ ദേഷ്യം പിടിപ്പിക്കാതെ മര്യാദക്ക് ബാഗ് പാക്ക് ചെയ്തോ ”
ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കുന്ന കവിതയുടെ മുന്നിൽ ലില്ലിക്ക് വേറൊരു വഴിയുമില്ലായിരുന്നു. അവൾ കവിയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.
വൈകുന്നേരമായപ്പോളേക്കും കവിതയുടെ നാട്ടിലെത്തി. അവളുടെ ഏട്ടൻ കാശി കൂട്ടാൻ വന്നിരുന്നു.
“അല്ല …ഇതാരാ? ചെല്ലക്കാറ്റിൽ വർണ്ണച്ചിറകിൽ മൂളിപ്പാടും പാടിപോകും ലില്ലി… ” അവൻ താളത്തിൽ പാടി.
“അയ്യേ… ഒന്നു നിർത്തോ… ഇവളെ ഇപ്പൊ തന്നെ തിരിച്ചയയ്ക്കുമല്ലോ”
“എന്താടീ കൊച്ചു ടി വി കാണുന്ന ചെറുപ്പക്കാരെ നിങ്ങൾക്കിഷ്ടമല്ലേ? ഡോണ്ട് യൂ ലൈക്ക്?”
അവരുടെ സംസാരം കേട്ട് ലില്ലി ചിരിച്ചു –
പിന്നെ ചിരിച്ചും തല്ലു പിടിച്ചും വീടെത്തിയതറിഞ്ഞില്ല.
ആദ്യമായിട്ടാണ് കവിയുടെ വീട്ടിൽ – ഒരു കുഞ്ഞി വീട്. മുറ്റത്തൊരു വശത്തുള്ള മുല്ലപ്പന്തലാണ് ലില്ലിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
അകത്ത് നിന്ന് ഏതോ തമിഴ് അടിച്ചു പൊളി പാട്ട് കേൾക്കുന്നുണ്ട്. സംശയിച്ചാണ് അകത്തേയ്ക്ക കയറിയത്. ഇതാരാണപ്പാ ഇങ്ങനത്തെ പാട്ട് കേൾക്കാൻ എന്ന്
ടി വി കാണുന്ന കവിയുടെ അച്ഛനെ തെല്ല് അദ്ഭുതത്തോടെയാണ് നോക്കിയത്.
” ഹോ എൻ്റെ അച്ഛാ… ഈ ഐറ്റം പാട്ട് മാത്രേ കാണൂ ?” കവി അച്ഛനെ നുള്ളിക്കൊണ്ട് ചോദിച്ചു.
” പിന്നെ കാണാൻ വേണ്ടിയല്ലേ അവരിത്ര കഷ്ടപ്പെട്ട് എടുക്കുന്നത്? അല്ലേ ലില്ലി മോളേ ”
തങ്ങളെ കണ്ട് തെല്ലും കൂസാതെ അച്ചൻ പറഞ്ഞു.
” അച്ഛൻ നയൻസിൻ്റെ ഫാൻ ആണേ… ”
ഏട്ടനും കളിയാക്കി
“അതേ …’ അതിനെന്താടാ ?” അച്ഛനും വിട്ട് കൊടുത്തില്ല. അപ്പോഴേക്കും കവി അമ്മയെ കൂട്ടി എത്തിയിരുന്നു..
എല്ലാവരും ചേർന്ന് കുറേ നേരം സംസാരിച്ചിരുന്നു. തമാശകളും പൊട്ടിച്ചിരികളും പരസ്പരം കളിയാക്കലുകളും.. ലില്ലി മറുപടികൾ പുഞ്ചിരിയിലൊതുക്കി..
പ്രഫഷാവാൻ വാഷ് റൂമിൽ കയറിയ ലില്ലി തൻ്റെ ‘വീടിനെക്കുറിച്ചോർത്തു. പപ്പ ലാപ് ടോപ്പിലായിരിക്കും. മമ്മ ടിവിയിലും.
ലിൻ്റോ ഏതെങ്കിലും പുസ്തകം വായിക്കുന്നുണ്ടാവും.
വിരസമായ സായന്തനങ്ങൾ …
വിരളമായ പുഞ്ചിരികൻ ..
നിശബ്ദമായ തീൻമേശ ….
എല്ലാം തനിയാവർത്തനങ്ങൾ …..
രാത്രി കിടത്തം വന്നപ്പോൾ വീണ്ടും ലില്ലി അത്ഭുതപ്പെട്ടു. കവിയും ഏട്ടനും ഒരു മുറിയിലാണ് കിടക്കാറെന്ന് അതിശയത്തോടെയാണ് അവൾ കേട്ടത്.
ആവശ്യത്തിന് മാത്രം മിണ്ടുന്ന തൻ്റെ അനിയനെ അവൾ ഓർത്തു. ലില്ലിയും കവിയും. അന്ന് ഒന്നിച്ചു കിടന്നു.
ആ രാത്രി അച്ഛൻ്റേയും അമ്മയുടേയും അടുത്ത് കിടക്കാൻ കെഞ്ചുന്ന ഏട്ടനെയും ദേഷ്യപ്പെട്ടുകൊണ്ട് ചേർത്തു പിടിക്കുന്ന അമ്മയേയും അവൾ കൗതുകത്തോടെ നോക്കി. ഒരു വേള പപ്പയ്ക്കും മമ്മയ്ക്കുമൊപ്പം അങ്ങനെയൊരു നിമിഷത്തിനായി അവളുടെ ഉളള് തുടിച്ചു.
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ കവിയെ കണ്ടില്ല. ഫ്രഷായി വന്നപ്പോൾ അമ്മ മാത്രമേ വീട്ടിലുള്ളൂ.
“കവി എവിടെ അമ്മേ ?”
” കവിയേയും കാശിയേയും ഞാൻ അച്ഛൻ്റെ കൂടെ തറവാട്ടിലേക്ക് അയച്ചു. അച്ഛമ്മയ്ക്ക് ഒന്നു കാണാൻ’…
വൈകീട്ടേ വരൂ .. അത് വരെ നമുക്ക് അടിച്ചു പൊളിക്കാം… എന്താ?”
“ഡൺ ” അവൾ ചിരിയോടെ തലയാട്ടി.
അവർ ഒന്നിച്ച് വെക്കുകയും കഴിക്കുകയും ചെയ്തു. അമ്മ കവിയുടേയും കാശിയുടേയും കഥകളും അമ്മയുടെ ചെറുപ്പകാലവും എല്ലാം പറഞ്ഞു കൊണ്ടിരുന്നു. ലില്ലി നല്ലൊരു കേൾവിക്കാരിയായിരുന്നു. അതിലുപരി അവൾ ചോദ്യങ്ങളെ ഭയന്നിരുന്നു.
” വീട്ടിൽ പോകാൻ എന്താന്നിത്ര മടി?”
ഊണു കഴിഞ്ഞിരിക്കുമ്പോഴാണ് അമ്മചോദിച്ചത് .. ഒരു വേള മൗനത്തിന് ശേഷം ലില്ലി പറഞ്ഞു.
“കവി കാരണം ”
” കവി?” അമ്മ പതറി.
” അതേമ്മാ .. ഏകാന്തതയിൽ നിശബ്ദമായി കഴിഞ്ഞിരുന്ന എന്നെ കവി കൊറേ സന്തോഷവും ചിരിയുo കളിയുമുള്ള ലോകം കാണിച്ചു.. ഇനി കൂട്ടത്തിൽ തനിച്ചാവാൻ ഒരു മടി .. ”
അവൾ വിളറി ചിരിച്ചു.
‘അമ്മ മൗനിയായിരുന്നു;
” I’m an adopted child.. എൻ്റെ പന്ത്രണ്ടാമത്തെ വയസിൽ ലിൻ്റോയുടെ ജനന ശേഷമാണ് ഞാനതറിഞ്ഞത്.
കൊച്ചുണ്ടാവുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ അനാഥക്കൊച്ചിനെ വളർത്തണ്ടായിരുന്നു എന്ന വല്യമ്മച്ചിയുടെ വാക്കിനേക്കാൾ എൻ്റെ മനസ് തകർത്തത് പപ്പായുടേയും മമ്മയുടേയും മൗനമാണ്.
പിന്നെ ഒരു ഒളിച്ചോട്ടമായിരുന്നു.. പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു.. ഒന്നും എൻ്റെയല്ല ആരും എൻ്റെയല്ല എന്നൊരു തോന്നലായിരുന്നു.
അത് കൂടിക്കൂടി എൻ്റെ ലോകം എന്നിൽ തന്നെ ഒതുങ്ങി.. അത് മാറത്തക്ക വിധം ഒന്നും സംഭവിച്ചുമില്ല. പിന്നെ കവിയുടെ വരവാണ് എല്ലാം മാറ്റിയത്. അവളുടെ ബഹളം കേട്ട് കേട്ട് ഒറ്റക്കാവാൻ ഇപ്പൊ ഒരു മടി ”
പറഞ്ഞു തീർന്നതും ലില്ലി അമ്മയുടെ കൈകൾ പിടിച്ച് തേങ്ങി. ഒന്നു രണ്ടു നിമിഷത്തെ മൗനത്തിനു ശേഷം അമ്മ ചോദിച്ചു
“മോളെപ്പോഴെങ്കിലും പപ്പയോടും മമ്മയോടും ഇങ്ങനെ തുറന്നു സംസാരിച്ചിട്ടുണ്ടോ?”
ലില്ലി കലങ്ങിയ കണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി .. അവളുടെ തലയിൽ തലോടി അമ്മ തുടർന്നു
” തങ്ങൾ പത്തു പന്ത്രണ്ടു വർഷമായി ഒളിപ്പിച്ച രഹസ്യം ആര് അറിയരുതെന്നാശിച്ചോ , ആ മുന്നിൽ തന്നെ അത് പരസ്യപ്പെടുമ്പോ ആ പപ്പയും മമ്മയും അനുഭവിച്ച ഞെട്ടൽ …
അത്ര നാൾ ഓമനയായിരുന്നവളുടെ പെട്ടെന്ന് വന്ന അകൽച്ച.. മൗനം .. അത് അവരിലുണ്ടാക്കിയ ശൂന്യത..
നീ തള്ളിപ്പറയുമോ എന്നോർത്ത് ഇത്രനാളും നെഞ്ചിലിട്ട നീറ്റൽ.. നിനക്ക് പൊള്ളാതിരിക്കാൻ സ്വന്തം കുഞ്ഞിനെ കൊതി തീരെ ലാളിക്കാതെ അവരനുഭവിച്ച വിങ്ങൽ…
നീ പഴയപടിയാവുന്നതും പ്രതീക്ഷിച്ചുള്ള അവരുടെ കാത്തിരിപ്പ്… ഊഹിക്കാൻ പറ്റ്വോ മോൾക്ക്?”
ലില്ലി തരിച്ചിരുന്നു.. “ശരിയാണ്..
താനതൊന്നും ചിന്തിച്ചിരുന്നില്ല.. തൻ്റെ സ്വന്തം മനോരാജ്യത്തിൽ എന്തെല്ലാമോ സങ്കൽപ്പിച്ച് ജീവിച്ചു.. വല്യമ്മച്ചിയുടെ വാക്കുകൾ തീർത്ത വേലിയേറ്റം അത്ര ശക്തമായിരുന്നു.. പിന്നെ പപ്പയേയും മമ്മയേയും പറ്റി ചിന്തിച്ചില്ല..
അത്ര നാൾ അവർ തന്ന സ്നേഹം.. അവരാൽ മാറ്റപ്പെട്ട ജീവിതം .. അവരോടുള്ള കടപ്പാട് എല്ലാം മാഞ്ഞു പോവുകയായിരുന്നു.. ആറ്റു നോറ്റ് കാത്തിരുന്ന ലിൻ്റോ യെ പോലും മറന്നു..
തൻ്റെ നേർക്ക് നീണ്ട കണ്ണുകളെ കണ്ടില്ലെന്ന് നടിച്ച് അവരിൽ നിന്നും ഓടിയൊളിച്ചു ” വലിയൊരു ഏങ്ങലായി അവളുടെ വ്യഥകൾ പുറത്തുവന്നു… പതിയെ പതിയെ അവൾ ശാന്തയായി
” എനിക്ക് വീട്ടിൽ പോണം.. പപ്പയേയും മമ്മയേയും ലിൻ്റോനെയും കാണണം”
അവൾ മുഖം തുടച്ച് പറഞ്ഞു.
അന്നു വൈകീട്ട് നാട്ടിലേയ്ക്കുള്ള ബസ് കയറുമ്പോൾ ലില്ലിയുടെ മനസ് തെളിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു…
അവളെ ബസ് കയറ്റി മടങ്ങുമ്പോൾ കവിയുടെ മനസ് നിറയെ ലില്ലിയുടെ മമ്മയുടെ കണ്ണീരും വാക്കുകളുമായിരുന്നു. ആ ഫോൺ കാൾ വന്നപ്പോഴേ ഉറപ്പിച്ചിരുന്നു ലില്ലിയ്ക്ക് ആ സ്നേഹം മുഴുവനും കൊടുപ്പിക്കണമെന്ന്…
അമ്മയോളം അതിന് കഴിയുന്ന മറ്റാരുമില്ലെന്ന് ഉറപ്പായതുകൊണ്ടാണ് അവളെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിയതും, അമ്മയെ കൊണ്ട് സംസാരിപ്പിച്ചതും..
നനുത്ത ചിരിയോടെ അവൾ സ്വയം പറഞ്ഞു …… “ഇനി അവൾ പോട്ടെ
സ്നേഹം പൂക്കുന്നിടത്തേക്ക്…… “