(രചന: Vasudha Mohan)
“ഞാൻ ഇന്നും അമ്മേടെ കൂടെയാ കിടക്കുന്നേ.”
ഏതോ മരുന്നുകൾ സൂക്ഷ്മതയോടെ എടുത്ത് വെച്ചുകൊണ്ടിരുന്ന അമ്മ കണ്ണടക്ക് മുകളിലൂടെ അവളെ നോക്കി. അതു കൂസാതെ ശ്രുതി ബെഡിൽ കയറി ഇരുന്നു.
” ഇതൊരു ശീലമാക്കണ്ട..”
” ഞാൻ ഇന്നലെയും ഇവിടെ അല്ലേ കിടന്നേ?”
” അതേ. ദിവസവും കിടന്നാൽ ശീലമാകും . അതാ പറഞ്ഞേ”
അവർ വീണ്ടും മരുന്നുകളിലേക്ക് ശ്രദ്ധയൂന്നി പറഞ്ഞു.
” നമ്മൾ ഒരുമിച്ചല്ലേ പണ്ടിവിടെ കിടന്നിരുന്നേ”
ശ്രുതിക്ക് ദേഷ്യം വരാൻ തുടങ്ങി.
” അതു പണ്ടല്ലേ. നിൻ്റെ ഇഷ്ടത്തിന് ഒരുത്തൻ്റെ കൂടെ പോകുന്നതിനു മുൻപ്!”
” ഇഷ്ടമുള്ള ആളെ കെട്ടിയെന്ന് വെച്ച് അമ്മ, അമ്മ അല്ലാതകുമോ? ഇതു നല്ല കൂത്ത്”
നിശബ്ദത. ഗുളികകൾ ട്രേയിൽ നിരത്തി അവർ മകൾക്ക് നേരെ തിരിഞ്ഞു
” ചില ശീലങ്ങൾ മാറ്റാൻ വലിയ പാടാ. നീ പോയതിനു ശേഷമാണ് ഉറക്കമില്ലായ്ക തുടങ്ങിയത്. വയറിൽ നിൻ്റെ കൈകളുടെ മുറുക്കം ഇല്ലാതെ, നേർത്ത കൂർക്കം വലി കേൾക്കാതെ…
ഈ കാണുന്നത് ഉറക്ക ഗുളികകൾ ആണ്. ഇനി നീ പോയി കഴിയുമ്പോൾ ഞാൻ ഇതെല്ലാം ഒന്നിൽ നിന്ന് തുടങ്ങി വീണ്ടും അനുഭവിക്കണ്ടെ”
അമ്മ എത്ര നിർവ്വികാരമായി പറഞ്ഞിട്ടും ശ്രുതിയുടെ കണ്ണു നിറഞ്ഞു. അതു മറയ്ക്കാൻ ശ്രമിച്ച് അവൾ പറഞ്ഞു.
” ഓ, പിന്നേ, ഗുളിക കഴിക്കത്തക്ക പ്രശ്നം ഒന്നും അമ്മക്കില്ല. ഇന്നിത് കഴിക്കാതെ കിടന്ന് നോക്ക്. ഉറക്കം വരുമോ ഇല്ലയോ എന്ന്.”
ഒന്നും മിണ്ടിയില്ലെങ്കിലും അവർ ഗുളിക കഴിക്കാതെ തന്നെ കിടന്നു. ശ്രുതി അവരോട് ചേർന്ന് കിടന്ന് വയറിൽ കൈ ചേർത്തു.
രാവിലെ ആദ്യം ഉണർന്നത് ശ്രുതിയാണ്. അമ്മയെ സോപ്പിടാൻ പണ്ട് ചെയ്തിരുന്ന പോലെ അവൾ അവർക്കിഷ്ടമുള്ള മസാല ചായ ഉണ്ടാക്കി.
അമ്മക്കരികിൽ കൊണ്ട് വെച്ച് അവൾ അവരെ തട്ടി വിളിച്ചു.
” അമ്മേ…”
അവരെ തൊട്ട കൈ അവൾ പെട്ടെന്ന് പിൻവലിച്ചു. തണുപ്പ്. രണ്ട് നിമിഷം അവൾ അമ്മയെ നോക്കി നിന്നു. പിന്നെ പതിയെ അവരോട് ചേർന്നു കിടന്നു. ഇനി ഈ അവസരം കിട്ടില്ലല്ലോ. മേശയിൽ വെച്ച ചായ, മണം വാർന്ന് തണുത്തു കിടന്നു.