ഒരിക്കെ അവളുടെ വീട്ടിലേക്ക് ചെന്ന ഞാൻ കണ്ടത് രണ്ട് പേര് ചേർന്ന് അവളെ.. പറഞ്ഞു മുഴുവിക്കാതെ അമ്മ എന്നെ..

(രചന: Unais Bin Basheer)

എനിക്ക് ഓർമവെച്ച നാളുതൊട്ട് തെക്കേ പറമ്പിനോട് ചേർന്ന ആ ഒറ്റമുറി വീട്ടിലേക്ക് അമ്മയല്ലാതെ വേറെ ആരും പോകുന്നത് ഞാൻ കണ്ടിട്ടില്ല..
നാട്ടുകാരോ, കുടുംബക്കാരോ എന്തിന് ഒരു പട്ടിയേയോ പൂച്ചയേയോ പോലും ഇതുവരെ ആ പറമ്പിൽ കാലുകുത്തിയിട്ടുണ്ടാവില്ല..

അല്ലങ്കിലും കാമുകനെ സ്വന്തമാക്കാൻ വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയവളെ ആര് തിരഞ്ഞു നോക്കാനാണ്..
മൃഗങ്ങൾക്ക് പോലും വേണ്ടി വരില്ല. പിന്നെയല്ലേ മനുഷ്യർക്ക്.. അതുകൊണ്ട് തന്നെയാണ് ആർക്ക് വേണ്ടിയാണോ അതെല്ലാം ചെയ്തത് അയാളും അവളെ ഇട്ടേച്ചു പോയത്..

പക്ഷെ അമ്മ മാത്രം എന്തുകൊണ്ടാണ് എപ്പോഴും ആ സ്ത്രീയെ കാണാൻ പോകുന്നത് എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്..
അതിന്റെ പേരിൽ എത്ര തവണയാണ് ഞാനും അച്ഛനും അമ്മയോട് വാക്ക് തർക്കമുണ്ടാക്കിയത്.. എന്നിട്ടും ഞങ്ങളെ എതിർത്ത് ‘അമ്മ അവിടെ പോകുന്നത് പതിവാക്കി.
ഞാൻ കോളേജിലേക്കും അച്ഛൻ ജോലിക്കും പോയാൽ ഉടനെതന്നെ എല്ലാ ജോലിയും തീർത്തു അമ്മ അങ്ങോട്ടോടും, സന്ധ്യ കഴിഞ്ഞു അച്ഛൻ വരാൻ നേരം മാത്രമാണ് ‘അമ്മ പിന്നെ തിരികെ വരുന്നത്..

ഒരു നാട് മുഴുവൻ വെറുക്കുന്ന, എല്ലാത്തിൽ നിന്നും അകറ്റി നിർത്തുന്ന ഒരാളെ എന്തിനാവും ‘അമ്മ നിത്യ സന്ദർശനം നടത്തുന്നത്..?
ചെറുപ്പം തൊട്ട് അവർ ഒന്നിച്ചു പഠിച്ചവരാണ് എന്ന് പണ്ടെന്നോ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിലും ജന്മം തന്നവരെ ഇല്ലാഴ്മ ചെയ്ത ഒരാളുമായി മനസ്സിൽ നന്മ മാത്രം ഉള്ള എന്റെ അമ്മക്ക് എങ്ങനെ കൂട്ടുകൂടാൻ കഴിയുന്നു..
ചിന്തിക്കുന്തോറും അമ്മയോടെനിക്ക് ദേഷ്യം കൂടിവന്നു.. ഞാനത് വീട്ടിൽ പ്രകടിപ്പിക്കാനും തുടങ്ങി.

പക്ഷെ അതുകൊണ്ടൊന്നും തെക്കേ പറമ്പിലേക്കുള്ള അമ്മയുടെ സന്ദർശനത്തിന് യാതൊരു മാറ്റവും ഉണ്ടാക്കിയില്ല അങ്ങോട്ടേക്കുള്ള പോക്ക് ‘അമ്മ തുടർന്ന് കൊണ്ടേയിരുന്നു..

അങ്ങനെയിരിക്കെയാണ് മഴ തകർത്തു പെയ്യുന്ന ഒരു വൈകുന്നേരം അവരുടെ വീട്ടിൽ നിന്നും ഓടി കിതച്ചു അമ്മ വന്നത്.. മഴ നനഞ്ഞ കുരുവിയെ പോലെ ‘അമ്മ നിന്ന് വിറക്കുന്നുണ്ട്.. കണ്ണിൽ നിറയെ എന്തിനേയോ പേടിച്ച പോലെ ഭയം തളം കെട്ടി നിൽക്കുന്നുണ്ട്.
ഇത്ര വിറങ്ങലിച്ച മുഖമായിട്ട് അമ്മയെ ഞാൻ മുന്നേയെങ്ങും കണ്ടിട്ടേയില്ല..

തകൃതിയിൽ ഓടിനടന്നു നനഞ്ഞ വേഷമെല്ലാം മാറി അമ്മ എന്റെ മുന്നിൽ വന്നു കിതച്ചു നിന്നു..

‘ അമ്മൂ നീയൊന്ന് പെട്ടെന്ന് ഡ്രസ്സ് മാറി കാറെടുത്തുവന്നെ നമുക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റൽ വരെ ഒന്ന് പോണം..

ഒറ്റശ്വാസത്തിൽ ‘അമ്മ ഇത് പറഞ്ഞതും എന്റെ ഉള്ളൊന്ന് കിടുങ്ങി..

ദൈവമേ എന്റെ അച്ഛനെന്തെങ്കിലും.. ഞാൻ ചാടി എഴുന്നേറ്റു..
എന്താ അമ്മാ എന്താ കാര്യം.. ? എന്തിനാ ഹോസ്പിറ്റലിൽ പോണേ..

എടി ഗീതക്ക് തീരെ വയ്യ.. ഞാൻ ചെന്നപ്പോൾ തളർന്നു കിടക്കുവാണ് പാവം..
ദേഹം മൊത്തം ചുട്ടു പൊള്ളുന്നുണ്ട്.. എങ്ങനേലും അവളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലെങ്കിൽ ആകെ പ്രശ്നമാകും.. നീയൊന്ന് പെട്ടെന്ന് കാറെടുത്തു വാ
അപ്പോഴേക്കും ഞാൻ അവളെ താങ്ങിപിടിച്ചു റോഡിലേക്ക് നിൽക്കാം..
കിതച്ചു കിതച്ചു ഇത്രയും പറഞ്ഞൊപ്പിക്കാൻ അമ്മ പാടുപെട്ടിട്ടുണ്ട്..

അത് കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്..
തെക്കേ തൊടിയിലെ ആ യക്ഷിക്ക് പനി പിടിച്ചതാണ് കാര്യം..
അതിനാണ് എന്റെ ‘അമ്മ ഈ കിടന്നോടുന്നത് എന്നോർത്തപ്പോൾ എനിക്ക് ദേഷ്യം അരിച്ചു കേറി..

കോപ്പ്.. ആ തള്ളക്ക് വയ്യാത്തതിനാണോ അമ്മ ഈ കിടന്ന് വെപ്രാളപ്പെടുന്നത്.. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ.. എന്റെ ഉള്ള ജീവൻ പോയി..
മനുഷ്യരായാൽ പനി വരുന്നതും പോവുന്നതും ഒക്കെ സ്വാഭാവികം ആണ് അതിന് അമ്മ ഇവിടെ കിടന്ന് ഇങ്ങനെ ഓവർ ആക്കണ്ട..
അല്ല.. പറഞ്ഞ പോലെ മനുഷ്യർക്കല്ലേ ഈ അസുഖം വരുന്നതൊക്കെ..
യക്ഷികൾക്കും പനിയൊക്കെ വരുവോ.. ഞാൻ പരിഹാസത്തോടെ അമ്മയെ നോക്കി..

ആ ചിലപ്പോൾ ആരുടേയും രക്തം കിട്ടാത്തത് കൊണ്ടുള്ള അസ്വസ്ഥത ആവും തള്ളക്ക്..
ഇതും പറഞ്ഞു ഞാൻ ഉമ്മറത്തേക്ക് നടന്നു.. പിറകെ അമ്മയും..

അമ്മൂ..
നീ എന്ത് വേണേലും പറഞ്ഞോ. ഞാൻ കേട്ടോളം പക്ഷെ ഇപ്പൊ
ഇപ്പൊ മോളൊന്ന് വാ. അമ്മ നിന്റെ കാലു പിടിക്കാം.. ഇല്ലങ്കിൽ അവൾ അവിടെ കിടന്ന് മരിക്കും..

അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. പക്ഷെ അതൊന്നും എന്റെ മനസ്സലിയിച്ചില്ല. ഇത്രയും നാൾ എന്നെയും അച്ഛനെയും എതിർത്ത് ആ തള്ളക്ക് കൂട്ടുപോയതിന്റെ പക എന്റെ മനസ്സിൽ എരിഞ്ഞു പൊങ്ങി..

അമ്മ പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ ഞാൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി മഴ ആസ്വദിച്ചിരുന്നു..

അമ്മൂ.. ഞാൻ നിന്നോടാ ഈ പറയുന്നത്.. കേൾക്കുന്നില്ലേ നീ..
അമ്മയുടെ ശബ്ദം കനത്തു..

ആ കേൾക്കാം അമ്മാ നല്ല പോലെ കേൾക്കാം പക്ഷെ വെരി സോറി ഞാൻ വരില്ല..
അവിടെ കിടന്ന് ചാവുന്നെങ്കിൽ ചാവട്ടെ. ജന്മനാ ഒറ്റക്ക് അല്ലായിരുന്നല്ലോ. സ്വന്തം സുഖത്തിന് വേണ്ടി അമ്മയെയും അച്ഛനേയും കൊന്നവളല്ലേ അനുഭവിക്കട്ടെ.. ചത്ത് പഴുത്താൽ പോലും ഞാൻ തിരിഞ്ഞു നോക്കത്തില്ല..

ഇനി അമ്മക്ക് അത്രക്ക് നിർബന്ധം ആണേൽ ദേ റോഡിലേക്ക് ഇറങ്ങിയാൽ വല്ല ടാക്സിയോ ഓട്ടോയോ കിട്ടും അതിൽ കയറ്റി എങ്ങോട്ടാ എന്നുവെച്ചാൽ കൊണ്ടുപോക്കോ..

വിജനമായ റോഡിലേക്ക് കൈചൂണ്ടി ഞാനത് പറയുന്നേരവും മഴ ഒരു തുള്ളി കുറഞ്ഞിട്ടില്ലായിരുന്നു..
മുഖത്തടിച്ചത് പോലെയുള്ള എന്റെ മറുപടി കേട്ട് അന്താളിച്ചു നിൽക്കുകയാണ് അമ്മ..
എന്നോടിനി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാവും കയ്യിൽ കിട്ടിയ കുടയുമെടുത്തു അമ്മ റോഡിലേക്ക് ഇറങ്ങിയത്. തകർത്തു പെയ്യുന്ന മഴയിൽ ആ കുടക്ക് അകത്തിരുന്നിട്ടുപോലും ‘അമ്മ നനയുന്നുണ്ട്..

ഏറെ നേരം കാത്തിരുന്നിട്ടും ഒരു വാഹനവും ആ റോഡിലൂടെ കടന്ന് പോയില്ല, പ്രതീക്ഷ നഷ്ടപ്പെട്ട അമ്മ തിരികെ വന്ന് ഉമ്മറപ്പടിയിൽ മഴയിലേക്ക് നോക്കി ഇരുന്നു.. പിന്നെ മുഖം പൊത്തി ഏങ്ങി കരയാൻ തുടങ്ങി..

അത് കണ്ടതും ഞാനൊന്ന് ഞെട്ടി..
അമ്മ കരയുന്നത് എനിക്ക് ആദ്യ അനുഭവമായിരുന്നു, അതുവരെ എന്റെ മനസ്സിൽ എരിഞ്ഞ പകയും ദേഷ്യവും എല്ലാം ആ കണ്ണീരിൽ അലിഞ്ഞില്ലാതെയായി.. ഞാൻ പതിയെ അമ്മക്കടുത്തു പോയി ഇരുന്നു..

അമ്മാ… ഞാൻ വരാം.. പക്ഷെ..

ഞാനൊരു കാര്യം ചോദിച്ചാൽ അമ്മ സത്യം പറയണം..

അത് കേട്ടതും അമ്മ തല ഉയർത്തി എന്നെ നോക്കി..

അമ്മയുടെ ആരാ അവർ.. കൂടെ പഠിച്ചവൾ എന്നതിനപ്പുറം എന്ത് ബന്ധം ആണ് അമ്മക്കവരോട്.. കാമുകന് വേണ്ടി സ്വന്തം മാതാപിതാക്കളെ കൊന്നതിന് 12 കൊല്ലം ജയിലിൽ കിടന്ന ആളല്ലേ അവര്, അങ്ങനെ ഒരാളോട് എന്തിനാണ് അമ്മ കൂട്ട് കൂടുന്നത്..
ഇതിനെല്ലാം അമ്മ എനിക്ക് ഉത്തരം താ.. എനിക്കത് അറിയണം..
എന്നിട്ട് ഞാൻ വരാം.. ഞാൻ അമ്മക്കരികിൽ ഇരുന്നു.

അമ്മ പതിയെ പറഞ്ഞു തുടങ്ങി.

ഒരു മാസത്തെ മാത്രം വ്യത്യാസത്തിൽ ആണ് ഞാനും ഗീതയും ഇരു വീട്ടിൽ ജനിക്കുന്നത്. ഒരുമിച്ചു കളിച്ചും ഒരേ സ്കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചും ഞങ്ങൾ വളർന്നു. രണ്ട് ശരീരമാണെങ്കിലും ഒരൊറ്റ ആത്മാവ് പോലെയായിരുന്നു ഞങ്ങൾ
അവൾക്ക് കിട്ടുന്ന എന്തും അവൾ എനിക്ക് വേണ്ടി മാറ്റി വെക്കുമായിരുന്നു. ഞാൻ തിരിച്ചും.

അങ്ങനെയിരിക്കെ അവൾക്ക് പത്തു വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ഒരു അപകടത്തിൽ മരിക്കുന്നത്..
അതിന് ശേഷം കുടുംബക്കാരുടെ നിർബന്ധം കൊണ്ട് അവളുടെ അമ്മ വീണ്ടും ഒരാളെ കല്യാണം കഴിച്ചു..
പക്ഷെ വിധി പിന്നേയും അവളെ തോൽപിച്ചു കൊണ്ടിരുന്നു മൂന്ന് വർഷങ്ങൾക്ക് ശേഷം അവൾക്ക് അമ്മയും നഷ്ടമായി.

രണ്ടാനച്ഛന്റെ കൂടെയായിരുന്നു പിന്നീട് അവൾ..
സ്കൂൾ കാലം തൊട്ടേ അയാളുടെ കൊടിയ പീഡനങ്ങൾ സഹിച്ചാണ് അവൾ ദിവസങ്ങൾ ഉന്തി നീക്കിയത്. മദ്യപിച്ചു വരുന്ന അയാളുടെ അടിയേറ്റ് അവളുടെ കുഞ്ഞു ശരീരത്തിൽ മുറിപ്പാട് നിറഞ്ഞു.
അതൊന്നും പക്ഷെ അവൾ ആരോടും പറഞ്ഞില്ല…

അതിനിടക്ക് അയാൾ മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചു.. പിന്നീട്
വയസ്സറിയിച്ചതുമുതൽ അയാൾ അവളിൽ തന്റെ കാമം ശമിപ്പിക്കാൻ തുടങ്ങി.. അതിന് ആ തള്ളയും കൂട്ട് നിന്നു.
കള്ളിനും പണത്തിനും വേണ്ടി അവളെ അവർ രണ്ട് പേരും പലർക്കും കാഴ്ചവെച്ചു..

ഒരിക്കെ അവളുടെ വീട്ടിലേക്ക് ചെന്ന ഞാൻ കണ്ടത് രണ്ട് പേര് ചേർന്ന് അവളെ..

പറഞ്ഞു മുഴുവിക്കാതെ അമ്മ എന്നെ നോക്കി..

കൊന്നത് തന്നെയാണ്.. പക്ഷെ അവളല്ല.. ഞാൻ..

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അമ്മയെ നോക്കി..

സത്യാ അമ്മൂ… ഞാനാ… നിന്റെ സ്വന്തം അമ്മ ദേ ഈ കൈകൊണ്ട്..
വിഷം ചേർത്ത കള്ള് അവർക്ക് ഒഴിച്ച് കൊടുക്കുമ്പോൾ തൊട്ട് അവരുടെ അവസാന പിടച്ചിൽ വരെ അവളെ ഞാൻ മറ്റൊരു റൂമിൽ പൂട്ടിയിട്ടിരുന്നു..

ഒടുക്കം എല്ലാ കുറ്റവും എനിക്ക് വേണ്ടി അവൾ ഏറ്റെടുത്തു.. എന്നോട് ജീവിക്കണമെന്നും ഇതൊന്നും വേറെ ആരും അറിയരുതെന്നും പറഞ്ഞു. കാമുകന് വേണ്ടിയാണെന്ന കഥയ മെനഞ്ഞെടുത്തതും അവൾ തന്നെയാണ്..

നീ പറഞ്ഞില്ലേ അവൾ യക്ഷിയാണെന്ന്..
എന്നാ കേട്ടോ ആ യക്ഷിയുടെ ഔദാര്യമാണെടി എന്റെയും നിന്റെയും ഒക്കെ ജീവിതം..

അമ്മ ഒന്ന് നിർത്തി..

ശേഷം എന്റെ കണ്ണിലേക്ക് നോക്കി..

നീയല്ല നിന്റെ അച്ഛനല്ല ഈ നാടല്ല ലോകം തന്നെ എതിർത്താലും എന്റെ ജീവനുള്ളകാലം അവളെ ഞാൻ ഉപേക്ഷിക്കില്ല..

ഇത്രയും പറഞ്ഞു അമ്മ വീണ്ടും മുഖം പൂഴ്ത്തി കരയാൻ തുടങ്ങി.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു മരവിപ്പായിരുന്നു എനിക്ക്..
എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ ഞാൻ തരിച്ചിരുന്നു..

പെട്ടെന്ന് സ്വബോധം തിരിച്ചെടുത്ത ഞാൻ അമ്മയുടെ കൈ പിടിച്ചു തെക്കേ തൊടിയിലെ ആ വീട്ടിലേക്ക് ഓടി.. ഓട്ടത്തിനിടയിലും അമ്മയെന്നെ അന്താളിച്ചു നോക്കുന്നുണ്ട്..

ആ പഴയ വീടിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കേറിയതും ആ ചുവരിലെ ഫോട്ടോകൾ കണ്ട് ഞാൻ തരിച്ചു നിന്നു..

കുഞ്ഞുനാളിൽ അമ്മ എന്നെ എടുത്തു നിൽക്കുന്ന ഫോട്ടോക്ക് തൊട്ടടുത്തായി അവരുടെ ഫോട്ടോയും ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു..

പെട്ടെന്നാണ് അകത്തുനിന്നും അമ്മയുടെ അലർച്ച കേക്കുന്നത്..
പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ഓടിയ ഞാൻ കാണുന്നത് നിശ്ചലമായ അവരുടെ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന അമ്മയെയാണ്..
അമ്മയെ ആശ്വസിപ്പിക്കാനോ കൂടെ കരയാനോ എനിക്ക് കഴിഞ്ഞില്ലാ.. എനിക്ക് അതിനുള്ള അർഹതയില്ലെന്ന് തോന്നി..

ഞാൻ ചുവരിലെ ആ ഫോട്ടോകളിലേക്ക് തന്നെ നോക്കി. ഞങ്ങളോട് ചേർന്നിരിക്കാൻ അവർ എത്രമേൽ കൊതിച്ചിട്ടുണ്ടാവുമെന്ന ചിന്ത എന്റെ കണ്ണ് നിറച്ചു..

സോറി ചെറിയമ്മേ..
എന്റെ ചുണ്ട് മന്ത്രിച്ചു ആ ഫോട്ടോയിൽ അവരപ്പോൾ നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…