(രചന: Unais Bin Basheer)
ഇന്നും കട്ടിലിന്റെ ഒരു മൂലേക്ക് അവൾ തിരിഞ്ഞു കിടന്നപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ഇന്നേക്ക് മൂന്ന് ദിവസ്സമായിരിക്കുന്നു അവൾ പിണങ്ങിയിട്ട്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഇതുവരെ ഒരുപിണക്കവും ഞങ്ങൾക്കിടയിൽ ഒരു രാത്രിക്കപ്പുറം കടന്നുപോയിട്ടില്ല, പക്ഷെ ഇതിപ്പോൾ ആദ്യമായിട്ടാണ് ഇത്രയും ദൈർഖ്യമേറിയ ഒരു പിണക്കം.
എന്റെ ഷംന ആരെ തോൽപ്പിക്കനാണ് നിനക്കീ വാശി. എന്താ നിന്റെ പ്രശ്നം.
ഇത്രയും ചോദിച്ചു ഞാൻ അവളെ ബലമായി എന്നിലേക്ക് തിരിച്ചു കിടത്തി.
വേണ്ട എന്നെ തൊടണ്ട. വിട്..
അവൾ കൈ തട്ടി മാറ്റി തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു.
ഇല്ല വിടുന്നില്ല. ഇന്നേക്ക് മൂന്നു ദിവസമായി നീയെന്നോടൊന്ന് മിണ്ടിയിട്ട് അറിയോ നിനക്ക്. ഇതിനുമാത്രം ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്. അത് പറ ആദ്യം.
അവൾ കുറച്ചുനേരം എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ശേഷം നോട്ടം മാറ്റി പതിയെ പറഞ്ഞു. എനിക്ക് ഷാഹിനയെ കാണണം..
ഷാഹിന.. ആ പേര് കേട്ടതും ഹൃദയത്തിൽ ഒരു കാരമുള്ള് തറച്ചപോലെ. ദേഷ്യവും പകയും മനസ്സിലേക്ക് ഇരച്ചുകയറി.
ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു കിടന്നു.
ഇക്ക പ്ലീസ്.. ഒരു തവണ മാത്രം മതി. പ്ലീസ് ഇക്ക.
എന്താ നിനക്കെന്നെ സംശയമുണ്ടോ. സ്വന്തം കെട്ടിയോന് ഇപ്പോഴും പഴയ കാമുകിയുമായി ബന്ധമുണ്ടെന്ന്..
ഉണ്ടോ.. അല്പം ശബ്ദം ഉയർത്തി ഞാൻ അവളെ നോക്കി..
എന്തിനാ ഇക്ക വെറുതെ എഴുതാപ്പുറം വായിക്കുന്നത്.. ഞാൻ ന്റെ ഇക്കയെ സംശയിക്കുമെന്ന് തോന്നുന്നുണ്ടോ..
പിന്നെ എന്തിനുവേണ്ടിയാ നീ അവളെ കാണണം എന്നുപറയുന്നത്..
ഒരിക്കൽ ജീവനോളം സ്നേഹിച്ചതാണ് ഞാൻ അവളെ എന്നിട്ട് എന്നെക്കാൾ നല്ലൊരു ആളെ കിട്ടിയപ്പോൾ എല്ലാം മറന്ന് അയാളൊപ്പം പോയി..
ഇനിയൊരിക്കലും സ്വപനത്തിൽ പോലും അവളെ കാണരുത് എന്നുമാത്രമാണ് ഇപ്പോൾ എന്റെ പ്രാർത്ഥന. അത്രക്ക് വെറുപ്പാണ് എനിക്കവളോട്.
എനിക്കറിയാം ഇക്ക,
എന്നോട് പറഞ്ഞിട്ടില്ലേ അന്നവൾ ഇക്കയെ ഒരുപാട് വേദനിപ്പിച്ചാണ് പോയെതെന്ന്. ആ അവൾ അറിയണം എന്റിക്ക തോറ്റിട്ടില്ലെന്ന്, അവളെക്കാൾ നല്ലൊരു ജീവിതം ഇക്കാക്ക് കിട്ടിയിട്ടുണ്ടെന്ന്. നഷ്ടപ്പെട്ടത് മുഴുവൻ അവൾക്കാണെന്ന്, അത് എന്റെ ഒരു വാശിയാണ്. ഒരു മധുരപ്രതികാരം.
എന്റെ ഇക്ക അങ്ങനെ ഒരു പെണ്ണിന്റെ മുന്നിലും തോൽക്കണ്ട. അത് നിക്ക് സഹിക്കൂല..
ഇത്രയും പറഞ്ഞു അവളെന്റെ നെഞ്ചിലേക്ക് കിടന്നു.
ഒന്നോർത്തപ്പോൾ അവൾ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി. ഒരിക്കലൂടെ ഒരു കൂടിക്കാഴ്ച വേണം, അവളെ നോക്കി വിജയിച്ചപോൽ ചിരിക്കാൻ. അവളുടെ മുന്നിലൂടെ ഷംനയെ ചേർത്തുപിടിച്ചു നടക്കാൻ
എന്നിട്ടവസാനം ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത അത്രദൂരേതക്ക് അവളുടെ ഓർമ്മകൾ വലിച്ചെറിയാൻ.
പോകാം ഇക്ക.. അല്പനേരത്തെ മൗനത്തിനുശേഷം എന്റെ നെഞ്ചിൽനിന്നും തലയുയർത്തി അവൾ ഇത് ചോദിച്ചപ്പോൾ അതിനുപകരമായി ഒരു പുഞ്ചിരിനൽകി അവളെ പുണർന്നു ഞങ്ങൾ നിന്ദ്രയിലേക്കാണ്ടു.
കാറിൽ എന്റെ നെച്ചിൽ ചേർന്നിരിക്കുകയാണ് ഷംന, കാറിൽ കയറിയത് തൊട്ട് അവൾ ഒന്നും മിണ്ടിയിട്ടില്ല.
അവളുടെ മൗനം എന്നെ പതിയെ ഓർമകളിലേക്ക് പറഞ്ഞയച്ചു.
അതേയ് ഇക്ക നിക്കിന്നലെ നല്ലൊരു ആലോചന വന്നു ട്ടോ. എല്ലാം കൊണ്ടും എന്റെ വീട്ടുകാർക്കും ഇഷ്ടായി, ആള് ഗൾഫിൽ ബിസിനസാണ്. നല്ല കുടുംബവും.. എല്ലാരും പറയുന്നത് ഈ ആലോചന വന്നത് എന്റെ ഭാഗ്യം കൊണ്ടാണെന്നാണ്..
ഉപ്പച്ചി എന്നോട് ആലോചിച്ചൊരു തീരുമാനം എടുക്കാൻ പറഞ്ഞിട്ടുണ്ട്.
ഒരു ഞെട്ടലോടെയായിരുന്നു ഞാനത് കേട്ടത്. എന്നിട്ട്..
ഒരു വിഭ്രാന്തിയുടെ ഞാൻ അവളെ നോക്കി.
അത്… ഇക്കാക്ക് ഇപ്പൊ ഒരു ജോലിപോലും ആയിട്ടില്ലല്ലോ. ഇനി ആയാൽ തന്നെ നമ്മുടെ നാട്ടിൽ ഏതേലും ചെറിയ ഒരു ജോലി ആയിരിക്കില്ലേ.. പിന്നെ വീട്ടുകാർക്ക് എല്ലാർക്കും ഇഷ്ടം ആയ സ്ഥിതിക്ക്…
നിന്റെ വീട്ടുകാരെ കാര്യമല്ല ഞാൻ ചോദിച്ചത്.. നീ എന്ത് തീരുമാനം എടുത്തു എന്നാ നിക്ക് അറിയേണ്ടത്..
നമുക്ക് പിരിയാം ഇക്ക. എന്തിനാ വെറുതെ എല്ലാവരെയും വേദനിപ്പിക്കുന്നത്.. ഇക്ക എന്നെ മറക്കണം, എന്നെക്കാൾ നല്ലൊരു പെണ്ണിനെ ഇക്കാക്ക് കിട്ടും..
അതായിരുന്നു അവളുമായിട്ടുള്ള അവസാന കൂടിക്കാഴ്ച.
മറ്റൊരാളുടെ പണത്തിനും പ്രതാപത്തിനും മുന്നിൽ എത്ര ലാഘവത്തോടെയാണ് എന്നെയും നാലുവർഷത്തെ പ്രണയത്തെയും അന്നവൾ നുള്ളിയെറിഞ്ഞത്..
ഓർമകൾക്കൊപ്പം ദൂരം പോയത് അറിഞ്ഞില്ല.
അവളുടെ വീട്ടുവളപ്പിലേക്ക് കാർ തിരിച്ചുനിർത്തി പതിയെ ഷംനയെ തട്ടിവിളിച്ചു. യാത്രയിലെപ്പോഴോ എന്റെ നെഞ്ചിൽ കിടന്ന് അവൾ മയങ്ങിയിരുന്നു.
ഷംന ഇറങ് വീടെത്തി. അവളെ കൈകോർത്തു പതിയെ ആ വീടിന്റെ ഉമ്മറത്തേക്ക് നടന്നു, അപ്പോഴേക്കും അവളുടെ ഓര്മകളെന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു.
വീടടുക്കും തോറും അകത്തെ ശബ്ദം പുറത്തേക്ക് കേട്ടുകൊണ്ടിരുന്നു.
തലാഖ് എങ്കിൽ തലാഖ്. എന്നാലും ഇനിയും ന്റെ കുട്ടിയെ ഞാൻ അങ്ങോട്ട് പറഞ്ഞയക്കൂല ഉസ്മാനിക്ക.
എല്ലാം എന്റെ തെറ്റ് തന്നെയാണ്. ഗൾഫുകാരനാണെന്നുപറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. പക്ഷെ ഇപ്പോഴാണ് അറിയുന്നത് അവന് അവിടെ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്ന്.
എല്ലാം അറിഞ്ഞുകൊണ്ട് ഇനിയും ഞാൻ ഇവളെ അങ്ങോട്ട് പറഞ്ഞയക്കണോ.
കൊടുത്ത പണവും സ്വർണവും ഒന്നും വേണ്ട. എനിക്കെന്റെ മോളെ മാത്രം മതി.
കണ്ടില്ലേ ഉസ്മാനിക്ക ഇങ്ങള് എന്റെ കുട്ടിന്റെ കോലം..
അയാളുടെ ശബ്ദം ഇടറിയിരുന്നു.
ചിലപ്പോൾ അത് ഷാഹിനയുടെ ഉപ്പയാകും. അങ്ങനെയെങ്കിൽ അവർ പറഞ്ഞതൊക്കെയും ഷാഹിനയെ കുറിച്ചാവും. ഞാൻ ഷംനയുടെ മുഖത്തേക്ക് നോക്കി. അവളും എന്ത് പറയണം എന്നറിയാതെ എന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിൽക്കുകയാണ്. പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല. ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.
പെട്ടെന്നാണ് പിന്നിൽ നിന്നും ഒരാൾ വിളിക്കുന്നത്,
ആരാ..
ഷാഹിന അതെ അവൾ തന്നെ.. അവളുടെ നേർത്ത ഒരു പിന്വിളിയുടെ ശബ്ദം പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു.
പതിയെ ഞാൻ അവളെ തിരിഞ്ഞു നോക്കി. അവളാകെ മാറിയിരിക്കുന്നു കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. മെലിഞ്ഞൊട്ടി ഒരു വികൃതരൂപം..
എന്നെ കണ്ടതും അവളിൽ ഒരു ഞെട്ടലനുഭവപ്പെട്ടത് ഞാനറിഞ്ഞു. എന്ത് പറയണം എന്നറിയാതെ അവൾ ഞങ്ങളെ മാറിമാറി നോക്കി..
ക്ഷമിക്കണം ഞാനും ഭാര്യയും ഇവിടെ ഒരു പ്രോഗ്രാമിന് വന്നതായിരുന്നു.. പക്ഷെ വന്ന് കയറിയ വീട് മാറിപ്പോയി. സോറി. വരട്ടെ
ഇത്രയും പറഞു ഷംനയെ എന്നിലേക്ക് ചേർത്തുപിടിച്ചു ഞാൻ തിരിഞ്ഞു നടന്നു.
പിന്നിൽ തട്ടിക്കളഞ്ഞ ജീവിതത്തെ ഓർത്തു എന്നെ തന്നെ നോക്കിനിൽക്കുകയായിരുന്നു ഷാഹിന അപ്പോൾ..