ഇങ്ങനെ എപ്പോഴും തൊട്ടും പിടിച്ചും നടന്നിട്ട് നാളെ ഈ ബന്ധം നടക്കാതിരുന്നാൽ എന്താകും അവസ്ഥ. നാളെ വേറൊരാളുടെ ഭാര്യ ആവേണ്ടി..

(രചന: Sumayya Beegum T.A)

പെരുന്നാൾ പിറ മാനത്തു തെളിഞ്ഞതിൽ കൂടുതൽ തെളിച്ചം വീട്ടിൽ എല്ലാരുടെയും മുഖത്തുണ്ട്..

ഏതാനും നിമിഷങ്ങൾക്കകം അവരുടെ ആനന്ദം പെരുന്നാളിലും മേലെയാവും.

മൈലാഞ്ചി കോണുകളുമായി ഷംനാ‌സും കൂട്ടരും ഹാളിൽ കൂടിയിട്ടുണ്ട്.

ഉമ്മയും ഉപ്പയും ഉൾപ്പടെ എല്ലാരും സന്തോഷത്തിലാണ്. മാമിമാരും മക്കളും ഉൾപ്പെടെ ഈ കുടുംബത്തിലെ എല്ലാരും ഇന്ന് ഈ വീട്ടിൽ ഉണ്ട്.

വല്ല്യാപ്പയുടെ ആഗ്രഹം ആണ് ഈ ചെറിയ പെരുന്നാൾ എല്ലാരും കൂടി ഒരുമിച്ചു ആഘോഷിക്കണമെന്ന്.

എന്തോ തനിക്ക് മാത്രം ഒന്നും തോന്നുന്നില്ല.പുത്തനുടുപ്പിന്റെ ഭംഗി കാണണ്ട മൈലാഞ്ചി അണിയണ്ട. എവിടേലും പോയ്‌ കുറച്ചു നേരം ഒറ്റയ്ക്കിരുന്നാൽ കൊള്ളാമെന്നുണ്ട്.

സിയക്ക് എങ്ങോട്ടേലും ഓടിയൊളിക്കണം എന്ന് തോന്നി. വെറുതെ അതിനായി ഒരു അസൈൻമെന്റ് എഴുതാനുണ്ട് എന്നുപറഞ്ഞു ഉമ്മയോട് സമ്മതം വാങ്ങി തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് പോകാൻ വെളിയിലേക്ക് ഇറങ്ങിയപ്പോൾ ആണ് ഒന്നു രണ്ടു വാഹനങ്ങൾ വന്നു നിന്നത്. ആദ്യത്തെ കാർ ഓടിച്ചിരുന്നത് അവളുടെ അനിയൻ സിനാൻ ആയിരുന്നു.

ഒരു കൊള്ളിയാൻ മിന്നിയത് പോലെ സിയാ ഞെട്ടി പുറകോട്ട് മാറി വാതിൽ മറവിലൊളിച്ചു. എന്നിട്ടും എത്ര നോക്കണ്ട എന്ന് വെച്ചിട്ടും അവൾ കണ്ടു കാറിൽ നിന്നിറങ്ങി വരുന്ന ഷാനസിനെ.

രണ്ട് കൊല്ലം കൊണ്ടു ആളാകെ മാറിപോയിരിക്കുന്നു. കുറച്ചു കൂടി വെളുത്തിട്ടുണ്ട്. വെളുത്തു മുഖത്ത് വെട്ടി ഒതുക്കിയ താടിയും കൃതാവും. ശരീരം നന്നായപ്പോൾ ആൾ പെട്ടന്ന് ഒരുപാട് വലുതായത് പോലെ.

പെട്ടന്ന് തന്നെ അവൾ തന്റെ കണ്ണുകളെ പിൻവലിച്ചു എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു.

വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്നും മക്കളും കൊച്ചുമക്കളും വലിയുമ്മയും അടക്കം എല്ലാരും ഓടിയെത്തി.

വലിയുമ്മ സന്തോഷത്തിനിടയിൽ സിയയെ വഴക്ക് പറഞ്ഞു.

എന്താണ് പെണ്ണെ നീ കല്ല് പോലെ നിൽക്കുന്നത് നമ്മടെ ഷാനസ് മോൻ വന്നത് കണ്ടില്ലേ.

നിമിഷങ്ങൾക്കകം അവൾക്ക് മുമ്പിൽ വലിയൊരു ആൾകൂട്ടം രൂപപ്പെട്ടു. ഓരോരുത്തരായി ഷാനസിനോട് സലാം പറഞ്ഞു അശ്ലേഷിച്ചു.

അവൾ തിരിഞ്ഞു നടന്നു മുകളിലെ റൂമിൽ പോയി കതകടച്ചു.

എന്തിനെന്നറിയില്ല കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. രണ്ടുകൊല്ലം മുമ്പൊരു പെരുന്നാൾ ഓർമയിലേക്ക് തെളിഞ്ഞു വന്നു.

പുതുതായി വാങ്ങിയ ലെഹങ്ക ഇട്ടു കണ്ണാടിക്ക് മുമ്പിൽ ഫാഷൻ ഷോ നടത്തുമ്പോൾ ആണ് ആരോ ഒരാൾ വന്നു കണ്ണുപൊത്തിയത്.

ആരാ എന്ന് ചോദിച്ചു കൈ പിടിച്ചപ്പോൾ കിട്ടിയത് കവിളിൽ ഒരുമ്മയാണ്.

മാമിയുടെ മോൻ ഷാനസ്.

കുതറി മാറി അടിക്കാൻ ആഞ്ഞപ്പോൾ അവൻ വട്ടം പിടിച്ചു പിന്നെയും പിന്നെയും ഉമ്മകൾ കൊണ്ട് മൂടി.

ആ സമയം ഉമ്മ അത്താഴം കഴിക്കാൻ ഉറക്കെ വിളിച്ചത് കൊണ്ടു രക്ഷപെട്ടു.

ഷാനസ് എന്നേക്കാൾ ഒരു വയസ്സിനു ഇളപ്പമാണ്. അതുകൊണ്ട് തന്നെ മുറച്ചെറുക്കൻ എന്നൊന്നും പറഞ്ഞു ആരും കളിയാക്കിയിട്ടില്ല.

പക്ഷേ വളരും തോറും അടുക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഒത്തുവന്നു. രണ്ടുപേരും ഒരേ സ്വഭാവക്കാർ. പരസ്പരം നന്നായി മനസ്സിലാക്കുന്നവർ. രണ്ടാൾക്കും വേറൊരാൾക്കും വിട്ടുകൊടുക്കാൻ പറ്റാത്ത അത്ര പരസ്പര ഇഷ്ടവും.

പക്ഷേ ഈയിടെയായി ഷാനസ് അതിര് കടക്കുന്നു. പ്രായം ഒരു പ്രശ്നം ആണ് അത് മാത്രമല്ല കുടുംബത്തിനകത്തു തന്നെ ഉള്ള വിവാഹത്തിന് രണ്ടു വീട്ടുകാർക്കും താല്പര്യവുമില്ല. അതുകൊണ്ടൊക്കെ തന്നെ ഷാനസിന്റെ ഓരോ നീക്കവും ഇപ്പോൾ ആധിയാണ്.

രണ്ട് ദിവസം കഴിഞ്ഞു ഷാനസിന്റെ ഫാൻസി ഷോപ്പിൽ ചെന്നപ്പോൾ മാമ ഉണ്ടായിരുന്നില്ല. സ്റ്റാഫ് ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഷാനസ് മാത്രേ ഉണ്ടായിരുന്നുള്ളു.നാളെ നടക്കുന്ന കോളേജ് പ്രോഗ്രാമിൽ പങ്കെടുക്കാൻ കുറച്ചു ഫാൻസി ഓർണമെൻറ്സ് വേണമായിരുന്നു.

ചെന്നയുടനെ അവൻ പിറകെ കൂടി. ഡ്രെസ്സിനു ചേരുന്ന വളകൾ എടുത്തപ്പോൾ അവൻ തന്നെ നിർബന്ധപൂർവം അത് കയ്യിലിട്ടുതന്നു.

എന്നിട്ട് ആ കയ്യെടുത്തു ഉമ്മ വെക്കാനൊരുങ്ങിയപ്പോൾ അവൾ തട്ടിമാറ്റി.

ഷാനസ് എനിക്ക് പറ്റുന്നില്ല. നമ്മുടെ ബന്ധം ഇതുവരെ ആരും അറിഞ്ഞിട്ട് പോലുമില്ല.സ്വത്തിലും പ്രതാപത്തിലും രണ്ടു വീട്ടുകാരും ഒപ്പം ആണെങ്കിലും ഈ ബന്ധം എത്രത്തോളം അവർ അംഗീകരിക്കും എന്ന് നിനക്ക് ബോധ്യമുണ്ടോ? ഇങ്ങനെ എപ്പോഴും തൊട്ടും പിടിച്ചും നടന്നിട്ട് നാളെ ഈ ബന്ധം നടക്കാതിരുന്നാൽ എന്താകും അവസ്ഥ. നാളെ വേറൊരാളുടെ ഭാര്യ ആവേണ്ടി വന്നാൽ എന്താകും എന്റെ അവസ്ഥ.

നിനക്ക് എല്ലാം കുഞ്ഞുകളിയാണ്. നിന്നെ പറഞ്ഞിട്ട് കാര്യമില്ല എല്ലാം എന്റെ തെറ്റാണ്. അതും പറഞ്ഞു അവൾ കരഞ്ഞപ്പോൾ ഷാനസ് വല്ലാണ്ടായി.

ഷാനസ് ഈ പ്രായം കഴിയുമ്പോൾ നിനക്ക് എന്നോടുള്ള എല്ലാ കൊതിയും തീരും. പുതിയ ഒരാൾ മതി എന്ന് നിനക്കും തോന്നും. എന്നോട് നിനക്ക് ഒരു പുതുമയും തോന്നില്ല ഞാൻ നിനക്ക് ബാധ്യത ആവും.

സിയാ നീ എന്താണ് ഇപ്പോൾ പെട്ടന്ന് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. ഷാനസ് അവളോട് അത്ഭുതത്തോടെ ചോദിച്ചു.

എനിക്ക് അറിയില്ല പക്ഷേ ഞാൻ പറയുന്നതൊക്കെ ശരിയാണ് ഞാൻ പോകുന്നു.

അതും പറഞ്ഞു സിയാ പെട്ടന്ന് ഇറങ്ങിപ്പോയപ്പോൾ ഷാനസ് ഒന്നും മനസിലാവാതെ നിന്നു.

പിന്നെ ഷാനസ് അവളെ കാണാൻ വന്നില്ല.

അവനെപ്പറ്റി ഒന്നും അവൾ തിരക്കിയതുമില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ബ്ലോക് ചെയ്തു. ഫാമിലി ഗ്രൂപ്പ്‌ പോലും മ്യൂട്ട് ആക്കി. എന്നിട്ടും അവൾ അറിഞ്ഞു ഷാനസ് ദുബായിക്ക് പോകുകയാണ് എന്തോ ജോലി ശരിയായിട്ടുണ്ട് എന്ന്.

മൂന്നു ഷോപ്പുകൾ പലയിടത്തും ഉള്ളപ്പോൾ എന്തിനാണ് അവൻ ദുബായിക്ക് പോകുന്നതെന്നത് കുടുബത്തിൽ വലിയ ചർച്ച ആയിരുന്നു. പക്ഷേ അവന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായില്ല. ഒരു മാസം കൂടി കഴിഞ്ഞപ്പോൾ അവൻ പോയി. അവൻ പോകുന്നതിന്റെ തലേന്ന് എല്ലാരും നിർബന്ധിച്ചപ്പോൾ അവൾ പോയിരുന്നു.

പക്ഷേ പോകാനുള്ള തിരക്കിൽ ഓടി നടന്നു എല്ലാരോടും ചിരിക്കുകയും കുശലം പറയുകയും ചെയ്യുന്ന ഷാനസ് അവളെ പൂർണമായി അവഗണിച്ചു. ഒരു യാത്ര പോലും പറയാതെ അവൻ പോയപ്പോൾ ടെറസിൽ ഇരുന്നവൾ പൊട്ടികരഞ്ഞു. കുഞ്ഞു നാൾ തൊട്ടുള്ള കൂട്ടുകാരനാണ്. ഇനി തനിക്കു ആരുമില്ല എന്നൊരു ശൂന്യത. എങ്കിലും എത്ര പെട്ടന്ന് ആണ് ഷാനസ് മാറിയതും താൻ പറഞ്ഞത് ഉൾക്കൊണ്ട്‌ തന്നിൽ നിന്ന് രക്ഷപെടാൻ നാട് കടന്നതും എന്നോർത്തപ്പോൾ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.

മനഃപൂർവം അവനെ മറന്നു. വാശിക്ക് പഠിച്ചു ബി ടെക് കഴിഞ്ഞു എം ടെക് എടുത്തു അതും കഴിയാറാവുന്നു. ഇനി എന്ത് എന്ന് ഉത്തരമില്ല. ഒന്നാമതായി പഠിക്കുന്നത് കൊണ്ടു മാത്രം ഇത്രയും നാൾ കല്യാണത്തിൽ നിന്ന് രക്ഷപെട്ടു. പക്ഷേ ഇനി പിടിച്ചു നിൽക്കാനാവില്ല എല്ലാർക്കും ബോധിച്ച ഒന്ന് രണ്ടു ആലോചനകൾ വന്നു കിടപ്പുണ്ട്. എക്സാം കഴിഞ്ഞാലുടൻ കല്യാണം നടത്താൻ ആണ് എല്ലാരുടെയും തീരുമാനം.

സിയാ…സിയാ…

ഉമ്മയാണ് കതകിൽ ഉറക്കെ കൊട്ടുന്നു. പടച്ചോനെ ഉമ്മ തന്നെ തിരക്കി വന്നതാണ്. ഓരോന്നോർത്തു ഒരുപാട് നേരമായി.

വാതിൽ തുറന്നപ്പോൾ ടെൻഷൻ അടിച്ചു ഉമ്മ.

എന്താ സിയാ നീ ഇവിടെ എന്തെടുക്കുകയാ എന്തോ എഴുതാൻ ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ പോകണമെന്ന് പറഞ്ഞിട്ട് ഇത്രയും നേരമായിട്ടും കാണാതിരുന്നപ്പോൾ പേടിച്ചു പോയി.

കുട്ടികൾ ആണ് പറഞ്ഞത് നീ മുകളിലോട്ട് വന്നത് കണ്ടെന്നു.

നീ താഴോട്ട് വാ എല്ലാരും നിന്നെ തിരക്കുന്നു.

ഒഴിവാകാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. ഹാളിൽ എല്ലാരുമുണ്ട്. നടുക്ക് തന്നെ ഷാനസ് ഇരിക്കുന്നത് സ്റ്റെപ്പ് ഇറങ്ങുമ്പോൾ തന്നെ അവൾ കണ്ടു.

നീല നിറത്തിലുള്ള ഒരു നനുത്ത ചുരിദാറിൽ വാടിയ താമരത്തണ്ട് പോലെ സിയ സ്റ്റെപ്പ് ഇറങ്ങിവരുന്നത് ഷാനസ് കണ്ടു. ഉള്ളൊന്ന് പൊള്ളി. മുടിയിഴകൾ പാറി പറന്നു കിടക്കുന്നു മുഖത്ത് വിഷാദം മാത്രം.

അവളെക്കണ്ടതും വലിയുമ്മ പറഞ്ഞു ഷാനസേ പെണ്ണിന്റെ കോലം കണ്ടോ മെലിഞ്ഞു ഉണങ്ങി. എപ്പോഴും പഠിത്തം തന്നെ കളിയുമില്ല ചിരിയുമില്ല. പത്തിരുപത്തി അഞ്ച് വയസ്സായി ഇനിം എനിക്ക് ജീവനുണ്ടേൽ ഞാൻ ഇവളെ ഇങ്ങനെ നിർത്തില്ല.

അടുത്ത മാസം പരീക്ഷ കഴിഞ്ഞാലുടനെ കല്യാണം. നീ ഇവടെ കല്യാണം കൂടിയിട്ട് പോയാൽ മതി

ഡി സിയാ നീ ഷാനസിനെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ പണ്ട് രണ്ടാളും പ്രാണൻ ആയിരുന്നല്ലോ.

അതുകേട്ടതും സിയാ ഞെട്ടി ഷാനസിനെ നോക്കി കണ്ണുകൾ തമ്മിൽ ഇടഞ്ഞു വർഷങ്ങൾക്ക് ശേഷം..

ഷാനസ് കണ്ണുകൾ പിൻവലിച്ചു അവൻ വീണ്ടും തന്നെ അവഗണിക്കുന്നത് താങ്ങാൻ ആവാതെ സിയാ അകത്തോട്ടു പോകാനൊരുങ്ങി.

അപ്പോൾ പുറകിൽ ഷാനസിന്റെ ശബ്ദം കേട്ടു.

സിയാ അവിടെ നിൽക്കു. എനിക്ക് വലിയുപ്പ ഉമ്മ അടക്കം എല്ലാരോടും ഒരു കാര്യം പറയാനുണ്ട്. ഈ വരവിൽ സിയയുടെ കല്യാണം നടക്കും പക്ഷേ അവളെ കെട്ടുന്നത് ഞാൻ ആയിരിക്കും.

പെട്ടന്ന് അവിടെ ഒരു നിശബ്ദത വന്നു എല്ലാരും പരസ്പരം നോക്കി സിയാ ഷാനസിനെയും..

ഇവിടെ ജീവിക്കാൻ ചുറ്റുപാട് ഉണ്ടായിട്ടും ഞാൻ പുറത്തു പോയത് ഇതുപോലെ ഇവളെ അന്തസ്സായി പെണ്ണ് ചോദിക്കാൻ തന്നെയാണ്. ഇന്ന് എനിക്ക് ചെറിയൊരു ബിസിനസ് ഗ്രൂപ്പ്‌ തന്നെ സ്വന്തമായിട്ടുണ്ട്.

രണ്ടുകൊല്ലം ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല. എന്നിട്ടും എന്റെ ഇഷ്ടം കൂടിയിട്ടേയുള്ളു. ഇവളോട് അകന്നു നിന്നത് എന്റെ ഇഷ്ടം വെറുമൊരു ചാപല്യം അല്ലെന്ന് എനിക്കു തന്നെ ബോധ്യം വരാനാണ്. എത്ര ദൂരെ ആയിരുന്നാലും ഇവൾ അറിയാതെ ഇവളുടെ കൂട്ടുകാരിലൂടെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു.

ഒരിക്കൽ പോലും വേറൊരാൾ എനിക്കു പകരം ഇവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ട് നമ്മുടെ മതത്തിൽ അതൊരു തെറ്റല്ലല്ലോ. അല്ലെങ്കിൽ തന്നെ ആരു എതിർത്താലും ഞാൻ ഇവളെ ആർക്കും വിട്ടുകൊടുക്കില്ല. അതിനിനി എനിക്കു ഇവളുടെ സമ്മതം പോലും വേണ്ട. കാരണം അത്രയ്ക്ക് ഇവൾക്ക് എന്നെ ഇഷ്ടം ആണ് എനിക്കു ഇവളെയും.

ആശങ്കയും അത്ഭുതവും നിറഞ്ഞൊരു അന്തരീക്ഷത്തിൽ തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ ആവാതെ സിയാ തരിച്ചു നിന്നു. ഷാനസ് മുമ്പോട്ട് വന്നു അവളുടെ കൈ പിടിച്ചു മുറ്റത്തോട്ട് കൊണ്ടുപോയി.

അവിടെ പിറന്നാൾ പിറ നിലാവ് പൊഴിച്ചു. അത് നോക്കി അവൻ അവളെ ചേർത്തു പിടിച്ചു