പ്രായം മുമ്പോട്ട് ആണ് ഇനി ഒരു പ്രസവം എന്റമ്മോ ഓർക്കാൻ കൂടി വയ്യ ഓർക്കുമ്പോൾ തന്നെ ഒരു പെരുപ്പ് ആണ്..

(രചന: Sumayya Beegum T A)

ഡി നമുക്കൊരു കുഞ്ഞും കൂടി വേണ്ടേ?

എന്ത് രസമായിരിക്കും.

ദേ മനുഷ്യ, നിങ്ങൾ എനിക്ക് പ്രോമിസ് ചെയ്തതല്ലേ ആണായാലും പെണ്ണായാലും രണ്ടുപേർ മതിയെന്ന്. ഒരു മോനും മോളും ഉണ്ട്. ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ നമുക്കത് മതി.

എന്നാലും ഡി പിള്ളേർ ഉള്ളതൊരു രസമല്ലേ.

അയ്യടാ എനിക്ക് പേടിയാണ് ഉള്ളത് മതി.

എങ്കിൽ പ്രസവം നിർത്താം.

അയ്യോ അതിനും പേടിയാണ്. അതേ നിങ്ങൾക് എന്നോട് ശരിക്കും ഇഷ്ടം ഉണ്ടേൽ ആ ഓപ്പറേഷൻ നിങ്ങൾ ചെയ്യന്നെ. ഈ ആണുങ്ങൾ അങ്ങനെ എന്തോ ചെയ്യില്ലേ വന്ധ്യങ്കരണത്തിനു.

അയ്യോടി ഇച്ചിരി പുളിക്കും. നീ അങ്ങ് ചെയ്താൽ മതി എന്നെ കിട്ടില്ല.

ആ അതാണ് ഒരു വേദനയും നിങ്ങൾ ആണുങ്ങൾ സഹിക്കില്ല എല്ലാം പെണ്ണുങ്ങൾക്ക്‌.

ആ അതൊക്കെ അങ്ങനെ ആണ്.

പലപ്പോഴും ആ സംസാരം ഇങ്ങനെ ഒരു അവസാനത്തിൽ എത്തി തീരുമാനം ഇല്ലാതെ നിർത്തി.

മനസ്സിൽ കുന്നിക്കുരു പോലുള്ള ഒരുപാട് കുഞ്ഞു സ്വപ്നങ്ങളിൽ ഏറ്റവും മുമ്പിൽ ഒരു ജോലിയായിരുന്നു. എന്നോ വഴിമുടങ്ങിപ്പോയ കരിയർ തിരിച്ചു പിടിക്കണം. ഇനി ഒരു ജോലി കിട്ടിയില്ലെങ്കിൽ പോലും വീട്ടിൽ ഒതുങ്ങാതെ ലൈഫ് കുറച്ചൂടെ ഒക്കെ എൻഗേജ്ഡ് ആക്കണം.

അതിന്റെ ആദ്യപടിയായി എഴുതിയെടുക്കേണ്ടിയിരുന്ന യോഗ്യത പരീക്ഷകൾ ഒക്കെ എഴുതിയെടുക്കാൻ തുടങ്ങി. മക്കൾ രണ്ടും സ്കൂളിൽ പോകാറായി. അവരെ സ്കൂളിൽ അയച്ചുകഴിഞ്ഞാൽ സ്വന്തം സ്പേസ് കണ്ടെത്തി ഇഷ്ടമുള്ളത് ചെയ്യാം.

അതിനിടയ്ക്ക് ബോറടി മാറ്റാൻ കേക്ക് ഉണ്ടാക്കാനും തുടങ്ങി ജീവിതം അങ്ങനെ വേറൊരു വഴിയിലൂടെ പൊക്കൊണ്ടിരിക്കുന്നു. കോവിഡ് എന്ന മഹാമാരി ജോലി എന്ന ആഗ്രഹത്തിന് വീണ്ടും വിലങ്ങായപ്പോൾ കെട്യോന്റെ ആഗ്രഹം പോലൊരു കുഞ്ഞു കൂടി എന്നൊക്കെ ഓർത്തെങ്കിലും കോവിഡ് കാലത്തെ ഗർഭവും മാനസിക സമ്മർദ്ദങ്ങളും ഒക്കെ ഓർത്തപ്പോൾ ഒരു സോപ്പ് കുമിള പോലെ ആ ആഗ്രഹത്തെ പൊട്ടിച്ചു കളഞ്ഞു.

പ്രായം മുമ്പോട്ട് ആണ് ഇനി ഒരു പ്രസവം എന്റമ്മോ ഓർക്കാൻ കൂടി വയ്യ ഓർക്കുമ്പോൾ തന്നെ ഒരു പെരുപ്പ് ആണ്. ഇതിനു മുമ്പ് ലേബർ റൂമിൽ കേറിയ രണ്ടു അവസരങ്ങൾ, ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഇറങ്ങിവന്നു ഇനി ഈ പണിക്ക് ഇല്ലേ എന്ന് ആണയിട്ടതൊക്കെ ഓർത്തപ്പോൾ വേണ്ട ഇനി ഒന്നും വേണ്ട എന്നങ്ങു ഉറപ്പിച്ചു.

ഒരുദിവസം വളരെയേറെ താല്പര്യത്തോടെ ഒരു റെഡ് വെൽവേറ്റ് കേക്ക് ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ ഒരു ലക്ഷണപിശക്. എന്തൊക്കെയോ ചില ഒക്കായ്ക. ഒന്നിന്റെയും മണം പിടിക്കുന്നില്ല വല്ലാത്ത ക്ഷീണവും.എയ് അതൊന്നുമല്ല എന്നൊക്കെ ആദ്യം ധൈര്യം തോന്നിയെങ്കിലും തികട്ടി വന്ന ഓക്കാനത്തിൽ എന്റെ പദ്ധതികൾക്ക് മേൽ ദൈവം ഒളിപ്പിച്ച അദ്ദേഹത്തിന്റെതായ പദ്ധതി നടപ്പിലായി വരികയായിരുന്നു.

മുപ്പത്തി അഞ്ചിനോട് അടുക്കുന്ന പ്രായത്തിൽ വീണ്ടും ഒരു അമ്മയാവുക. ആദ്യത്തെ ടെൻഷനും പേടിയും പിന്നെയൊരു കാത്തിരിപ്പായി.

ഒരിക്കലും ഉണ്ടാകാത്ത ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോഴും മനസു എന്തിനും തയാറായി കാത്തിരുന്നു.

പലപ്പോഴും വൈകി ഉണ്ടായ ഗർഭത്തിലൂടെ അമ്മമാർക്ക് അപകടം സംഭവിക്കുന്നതൊക്കെ മനസിനെ നീറ്റി അതിനിടയ്ക്ക് കോവിഡ് കാരണം ഒരുപാട് ഗർഭിണികൾ ആശുപത്രിയിൽ വെച്ചു അപകടത്തിലാകുന്ന വാർത്തകൾ തന്നെ ഫേസ് ബുക്കിലും പത്രത്തിലും.

രാത്രി കെട്ടിപിടിച്ചു കിടക്കുമ്പോൾ ഇളയ മോൻ ചോദിക്കും അമ്മ പ്രസവിക്കുമ്പോൾ മരിച്ചുപോകുമോ എന്ന്. തൊട്ടടുത്ത വീട്ടിൽ ഉണ്ടായ ഒരു അനുഭവം അവന്റെ പിഞ്ചുമനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു.

ചില്ലറ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കി എങ്കിലും ഒരു ദിവസം ഡോക്ടർ നിർദ്ദേശിച്ച സിസേറിയനു പോലും കാത്തു നില്കാതെ മൂന്നാമതൊരു കുഞ്ഞു മറ്റു രണ്ടുപേരെയും പോലെ സാധാരണ പ്രസവത്തിലൂടെ ഞങ്ങളിലേക്ക്..

സർവ്വ സ്തുതിയും നാഥനു…

അങ്ങനെ കണക്കുകൂട്ടലുകൾക്കപ്പുറം നാം രണ്ട് നമുക്ക് രണ്ട് എന്നുള്ള മുദ്രവാക്യത്തിനൊക്കെ അപ്പുറം ഒരു കുഞ്ഞു മാലാഖ ദൈവത്തിന്റെ പദ്ധതികളുമായി എന്നിലെത്തി…

അപ്പോഴും സോഷ്യൽ മീഡിയകളിൽ ചില സിനിമകൾ ചർച്ച വിഷയമായികൊണ്ടിരുന്നു. ഭ്രൂണഹത്യ ശരിയോ തെറ്റോ എന്നൊക്കെയുള്ള ചർച്ചകൾ.

നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ അവകാശം ഉണ്ട്. നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുന്നതിലൂടെ സർവ്വ സ്വാതന്ത്രവും ഇല്ലാതാകുന്നു എന്ന് തോന്നിയാൽ വേണ്ടെന്നും വെക്കാം പക്ഷേ അത് ഉള്ളിൽ കുരുത്തു കഴിഞ്ഞവരുത്. നേരത്തെ തീരുമാനമെടുക്കുക.

ഒരു പൊടി ജീവൻ ആണെങ്കിലും അതിൽ നമ്മൾ ഉണ്ട് വേണ്ടെന്നു വെക്കുന്നതും ഇല്ലാതാകുന്നതും നമ്മുടെ പ്രാണനെയാണ്. അതിനെ നഷ്ടപ്പെടുത്തിയിട്ട് നാം നേടിയെടുക്കാം എന്ന് വിചാരിക്കുന്നതൊക്കെ ആ ജീവൻ ഉള്ളപ്പോഴും നമുക്ക് എത്തിച്ചേരാൻ പറ്റുന്നതാണ്. പക്ഷേ അതിനു ഇത്തിരിയേറെ കഷ്ടപ്പാടും ക്ഷമയും വേണമെന്ന് മാത്രം.

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ നിലപാടുകൾ അവരുടേതായ ന്യായീകരണങ്ങൾ. ഏതാണ് ശെരി ഏതാണ് തെറ്റ് എന്ന് ഓരോരുത്തരും തീരുമാനിക്കട്ടെ..

രാത്രി ഒരു പോള ഉറങ്ങാത്ത എന്റെ കൊച്ചു മാലാഖയോട് വഴക്കുണ്ടാക്കി നേരം പുലരുന്നതും കാത്തു ഞാനും ഇരിക്കട്ടെ.. അവൾ വലുതാകുന്നതും ചിരിക്കുന്നതും പിച്ച വെക്കുന്നതും സ്വപ്നം കണ്ടു….