(രചന: Sumayya Beegum T.A)
ഒരു മാസത്തെ ഒരുക്കങ്ങളുടെ ക്ഷീണവുമായി പഞ്ഞിപോലെ ഭാരമില്ലാത്ത ശരീരത്തെ കട്ടിലിലേക്ക് ചേർത്തതും മയങ്ങിപ്പോയി.
ഇടയ്ക്കെപ്പോഴോ ഒരു കൈ വയറിനു കുറുകെ വരിഞ്ഞു.
മീശ വന്നു പിൻകഴുത്തിനെ ഇക്കിളിപ്പെടുത്തുന്നു.
തന്നിലേക്ക് വലിച്ചു ചേർത്തു വരിഞ്ഞു മുറുക്കി ഒരാൾ തന്നെ മാറോടു ചേർത്ത് പിടിച്ചിരിക്കുന്നു.
ദീപക്….
ആർത്തലച്ചു പെയ്തൊരു മഴപോലെ അവൾ കരഞ്ഞോണ്ട് ആ പേര് വിളിച്ചു ദീപക്..
എല്ലാം ഒരേ ഒരു നിമിഷത്തെ വിഭ്രാന്തി മാത്രമായിരുന്നു എന്നൊരു തിരിച്ചറിവോടെ കൺ തുറക്കുമ്പോൾ ഈ ലോകം മൊത്തവും ഇരുട്ടിലാണെന്ന് അവൾക്ക് തോന്നി.
ഏത് കവി ഏത് ഭാഷയിൽ എഴുതും ഒരു വിധവയുടെ ഒറ്റപ്പെടൽ.
അവൾ അനുഭവിക്കുന്ന യാതനകളുടെ അഗ്നികുണ്ഡം എപ്പോഴും എരിഞ്ഞുകൊണ്ടേയിരിക്കുന്നു.അതിൽ ആരാരും കാണാതെ അവളുടെ ഹൃദയം വെന്തുരുകുന്നു. ഭൂമിയിലെ ഒരു ശൈത്യത്തിനും തണുപ്പിക്കാൻ കഴിയാതെ..
നന്ദന പതിയെ എഴുന്നേറ്റ് ജഗ്ഗിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചു. ഭിത്തിയോടു ചാരി നിന്നു. പതിയെ പതിയെ ഹൃദയ മിടിപ്പ് കുറഞ്ഞു വന്നു. ശ്വാസം നേരെയായി. വീണ്ടും വന്നു കിടന്നവൾ ഫോണിലെ ദീപക്കിന്റെ ഫോട്ടോയിലേക്ക് നോക്കി.
ഒരു നിമിഷം എങ്കിലും ഒരിക്കൽ കൂടി എന്റെ അടുത്ത് വന്നല്ലോ അതുമതി. അല്ലെങ്കിലും ദീപക്കിന് ഇന്ന് എങ്ങനെ എന്റെ അടുത്ത് വരാതിരിക്കാനാവും. നമ്മുടെ ഒരേയൊരു മോന്റെ വിവാഹം ആയിരുന്നല്ലോ ഇന്ന്.
വളരെ ചെറുപ്പത്തിലേ അവൻ വിവാഹത്തിലേക്ക് കടന്നു. ഒരേ പ്രായമുള്ള കൂട്ടുകാരിയെ സ്വന്തമാക്കി പഠനത്തിനും ജോലിക്കുമൊക്കെയായി വിദേശത്തേക്ക് ഒരുമിച്ചു പറക്കാൻ അവർ താലിയിലൂടെ ഇന്ന് ഒന്നായി. രണ്ടാൾക്കും അതാണ് ഇഷ്ടവും.നാട് വീട് നൊസ്റ്റാൾജിയ ഒന്നും അവർക്കില്ല.
ദീപക് എല്ലാം ഞാൻ അവരുടെ ഇഷ്ടം പോലെ നടത്തികൊടുത്തു.
കടമകൾ എല്ലാം നിറവേറ്റി ഇനി എനിക്കും ദീപക്കിന്റെ അടുത്തേക്ക് വരണം. മുപ്പതുകളിൽ നഷ്ടപ്പെട്ട നമ്മുടെ ദാമ്പത്യം അനശ്വരമാക്കാൻ സ്വർഗീയ കവാടത്തിൽ എന്നെയും കാത്തു ദീപക് നിൽക്കുന്നത് മാത്രമാണ് എന്റെ സ്വപ്നവും പ്രതീക്ഷയും.
എപ്പോഴോ വീണ്ടും മയങ്ങി.
രാവിലെ എഴുന്നേൽക്കാൻ താമസിച്ചു. അടുക്കളയിൽ സഹായത്തിനു ആളുള്ളത് കൊണ്ടൊരു ആശ്വാസമാണ്. എങ്കിലും കുട്ടികൾ അമ്മയെ തിരക്കി കാണും. അവരുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ഞാൻ കിടന്നു ഉറങ്ങിപ്പോയത് മോശമായി എന്ന് നന്ദനയ്ക്ക് തോന്നി.
ഫ്രഷ് ആയി ഹാളിലേക്ക് ചെന്നിട്ടും ആരുടെയും അനക്കമില്ല. ജോലിക്കാരി സുധ പറഞ്ഞു മക്കൾ നിളയുടെ വീട്ടിലേക്ക് വിരുന്നിനു പോയെന്നു. ഫോൺ എടുത്തു നോക്കി.മോൻ ആദി മെസ്സേജ് ചെയ്തിട്ടുണ്ട്.നിളയ്ക്ക് പിന്നെ പിണക്കം ആണ് ഇന്ന് അവരുടെ വീട്ടിലേക്ക് പോകാൻ ഒരുപാട് ക്ഷണിച്ചിട്ടും ചെല്ലാത്തതിലുള്ള പരിഭവം.
മെസ്സേജ് വായിച്ചു പതിഞ്ഞൊരു ചിരിയോടെ ഓഫീസിലേക്ക് പോകാൻ നന്ദന റെഡിയായി.
വൈകുന്നേരം എത്തുമ്പോൾ മക്കൾ പുറത്തെവിടെയോ വിരുന്ന് കഴിഞ്ഞു പോയിരുന്നു. ഒരു ആഴ്ച മാത്രേ അവർ നാട്ടിൽ ഉള്ളു. അടുത്ത സൺഡേ അവർ വിദേശത്തേക്ക് പറക്കും.
മക്കൾ വരാൻ ലേറ്റ് ആയതുകൊണ്ട് നന്ദന ഉറങ്ങിപ്പോയി.
ദിവസങ്ങൾ പലതു കഴിഞ്ഞു. നാളെ അവർ പോകും. പതിവുള്ള ചൂട് കോഫിയുമായി സന്ധ്യക്ക് നന്ദന വരാന്തയിലിരുന്നു.
നിളയും ആദിയും വന്നു അടുത്തിരുന്നു.
അമ്മാ നോ പറയരുത് നാളെ വൈകിട്ട് അല്ലെ ഞങ്ങൾ പോകുക ലഞ്ച് എന്റെ വീട്ടിൽ നിന്നാണ്. അമ്മാ കൂടെ വരണം പ്ലീസ്.
നക്ഷത്ര കണ്ണുകൾ ഉള്ള പളുങ്ക് പാവ പോലൊരു സുന്ദരി മോളാണ് നിള. പിങ്ക് കവിളുകളിൽ ലേശം പിണക്കം അപ്പോഴുമുണ്ട്.
അമ്മാ വരില്ലേ ആദി ചോദിച്ചു.
ഇല്ല.
കൂടുതൽ ഒന്നും പറയാതെ നന്ദന എഴുന്നേറ്റ് പോയി. നിറഞ്ഞ കണ്ണുകളോടെ നിള ആദിയെ നോക്കിയപ്പോൾ അവനും വേദനിച്ചു.
അമ്മ താൻ കണ്ടതിലേക്കും നല്ലൊരു അമ്മയും സ്ത്രീയും ആണ്. പക്ഷേ ചില കാര്യങ്ങളിലുള്ള പിടിവാശി അതിന്റെ ഉത്തരം അവനു കിട്ടാറില്ല.
പിറ്റേന്ന് രാത്രി വീട്ടിൽ ഒരുപാട് പേർ യാത്രയാക്കാൻ ഉണ്ടായിരുന്നു. ഇതിനിടക്ക് അത്യാവശ്യം വേണ്ട ചില പേപ്പേഴ്സ് ഫയലിൽ വെച്ചത് അമ്മയുടെ അടുത്തു നിന്ന് വാങ്ങാൻ ആദി റൂമിലേക്ക് ചെന്നത് അവിചാരിതമാ യാണ്.
അകത്തു വേറാരൊ സംസാരിക്കുന്നത് കേട്ടവൻ വാതിൽക്കൽ തന്നെ നിന്നു.
നന്ദന.. ആഗ്രഹിച്ചതൊന്നും ഞാൻ വേണ്ടാന്ന് വെച്ചിട്ടില്ല. നീ എത്ര ഒഴിഞ്ഞു മാറിയാലും എനിക്ക് ഒരു അവസരം ഈശ്വരൻ തരും. മക്കൾ കൂടി പോകുമ്പോൾ ഈ വലിയ വീട്ടിൽ ഒറ്റയ്ക്കു നരകിക്കാതെ നീ ഞാൻ പറയുന്നത് അനുസരിക്ക്. സുഷമയെ പോലെ തന്നെ നിന്നെ ഞാൻ സ്നേഹിക്കും ഒരുപക്ഷെ അവളെക്കാൾ ഒക്കെ മുകളിൽ. ആരും ഒന്നും അറിയില്ല. ഇടയ്ക്കു നമുക്ക് ചില ട്രിപ്പ് ഒക്കെ പോയി അടിച്ചുപൊളിച്ചു വരാം.
ആ സ്വരം ആ വാക്കുകൾ ആദിയുടെ കാതിൽ ഇടി തീ പോലെയായിരുന്നു.
രാജേഷ്.. നിളയുടെ ഡാഡി. അയാൾ ഇങ്ങനെ ഒരു ചെറ്റ ആയിരുന്നോ?
കാറ്റു പോലെ പോയി ആ കോളറിൽ പിടിക്കുമ്പോൾ നന്ദന അവനെ തടഞ്ഞു.
ആദി വേണ്ട..
അമ്മേ അമ്മേ ഇയാൾ ഈ പന്നന്റെ മകളെയാണോ ഞാൻ കല്യാണം കഴിച്ചത്.
ആദി മഞ്ഞുപോലൊരു പെൺകുട്ടിയാണ് നിള. അവളുടെ അമ്മയെപ്പോലെ. ഇയാൾ അസുരനും.
നീ അയാളെ വിട്ടേക്ക്. ദീപക് പോയ അന്ന് തൊട്ട് ഇതുപോലുള്ള എത്ര മുഖംമൂടികൾ എനിക്ക് മുമ്പിൽ അഴിഞ്ഞു വീണിരിക്കുന്നു.
ആദിയിൽ നിന്ന് കുതറിമാറി അയാൾ പുറത്തേക്ക് പോയി. കമ്പനിയിൽ എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞു വീട്ടിൽ നിന്നും.
പോകാൻ നേരം നന്ദനയെ കെട്ടിപിടിച്ചു ആദി ഒരുപാട് കരഞ്ഞു. അമ്മ എനിക്ക് പേടിയാണ് ഞാൻ അമ്മയെ അങ്ങോട്ട് കൊണ്ടുപോകും എന്ന് ആരും കേൾക്കാതെ ആ കാതിൽ പറഞ്ഞു കൊണ്ടേയിരുന്നു.
നിളയെ പുണർന്നു നക്ഷത്ര കണ്ണുകളിൽ ഉമ്മ വെച്ചു നന്ദന പറഞ്ഞു ആദി കുട്ടാ ഈ ജീവിതം ജീവിച്ചു തീർക്കാൻ ഈ വീട്ടിൽ എനിക്ക് നിന്റെ അച്ഛയുണ്ട്. ദീപക് ഉള്ളിൽ ഉള്ളിടത്തോളം നന്ദന ഒറ്റയ്ക്കല്ല.
രണ്ടാളെയും യാത്രയാക്കി നന്ദന തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കായി ഒരു പുതുപെണ്ണിനെ പോലെ കാത്തിരുന്നു.