ഒരു ഭർത്താവ് ചെയ്യേണ്ട യാതൊരു കടമയും ബെഡ് റൂമിൽ നിർവഹിച്ചിട്ടില്ല. ചിലപ്പോഴൊക്കെ അവഗണന സഹിക്കാവുന്നതിലും..

(രചന: Sumayya Beegum T.A)

റൂമിലേക്ക് വന്നപ്പോഴേക്കും അജയൻ ചേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നു.

ചുമ്മാ വെറുതെ ആണ്.കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുന്നു. ഈ അഭിനയങ്ങൾ ഒക്കെ കണ്ടു കണ്ടു മനസ്സ് കല്ലായിട്ടുണ്ട്.

കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ എടുത്തു അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചു.

പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ ഒരു കൊതിക്ക് മുഖം അദ്ദേഹത്തിന്റെ മാറിൽ ചേർത്തുവെച്ചു. ഒരു നിമിഷത്തെ നിർവൃതിയിൽ കണ്ണുകൾ അടച്ചതും ഒറ്റ തട്ടായിരുന്നു.

കയ്യും മുഖവും ഉൾപ്പെടെ തട്ടി മാറ്റി ചെരിഞ്ഞു കിടന്നോണ്ട് അയാൾ പിറുപിറുത്തു.

ഇവർക്കൊക്കെ എന്തിന്റെ കേടാണ്.. പാതിരാത്രി ആയാലും ഉറങ്ങില്ല.

അനിത ചിരിച്ചു. വർഷം ഏഴുകഴിഞ്ഞു ഇങ്ങനെ ശില പോലെ ജീവിക്കാൻ തുടങ്ങിയിട്ട്.

ഐ വി എഫിലൂടെ കുഞ്ഞാറ്റ ഉണ്ടായതിൽ പിന്നെ ഒരുതവണ പോലും അജയൻ ചേട്ടൻ തന്നെ ചേർത്ത് പിടിച്ചിട്ടില്ല. ഒരു ഭർത്താവ് ചെയ്യേണ്ട യാതൊരു കടമയും ബെഡ് റൂമിൽ നിർവഹിച്ചിട്ടില്ല.

ചിലപ്പോഴൊക്കെ അവഗണന സഹിക്കാവുന്നതിലും അപ്പുറമാകുമ്പോൾ പ്രതികരിച്ചു പോയിട്ടുണ്ട്. പക്ഷേ അപ്പോഴും മൗനം ആണ് മറുപടി.

ആഴ്ചയിൽ മുടങ്ങാതെ പുതിയ ചുരിദാറും ബാഗും മറ്റ് സാധനങ്ങളും വാങ്ങി തരും. ചോദിക്കാതെ കിട്ടുന്ന ഈ സമ്മാനങ്ങൾ ഒന്നും ഒരു ഭാര്യയെ തൃപ്തിപ്പെടുത്താൻ മാത്രം ഉതകുന്നതല്ലെന്നു എന്നേക്കാൾ നന്നായി അയാൾക്കറിയാം.അതുകൊണ്ടാവും ഇവ സമ്മാനിക്കുമ്പോൾ ഒക്കെ അയാൾ കണ്ണുകളിൽ നോക്കാറില്ല.

ശരീരികമായ ബുദ്ധിമുട്ടുകൾ ആൾക്ക് ഉള്ളതുകൊണ്ടാവും കൃത്രിമ രീതികളിലൂടെ തനിക്കു ഒരു അമ്മയാവേണ്ടി വന്നതെന്ന സത്യം അംഗീകരിക്കുന്നുണ്ടെങ്കിലും ഒന്ന് തലോടാനോ ചുംബിക്കാനോ മുതിരാതിരിക്കുന്നത് എന്തുകൊണ്ടാണ്. അയാൾ തളർന്നു കിടക്കുന്നൊരു മനുഷ്യൻ ആയിരുന്നെങ്കിൽ അങ്ങനെ എങ്കിലും അശ്വസിക്കാമായിരുന്നു. ഇത് ആരു കണ്ടാലും ഒന്നൂടെ നോക്കുന്ന രൂപ ഭംഗിയും ആരോഗ്യവുമുള്ളയൊരാൾ.

നിസാരകാര്യങ്ങൾക്ക് പോലും കളിയാക്കിയും മനഃപൂർവം അവഗണിച്ചുമൊക്കെ രസിക്കുന്നത് എന്തിനാവും?

അറിയില്ല സത്യം പറഞ്ഞാൽ അയാളോട് പ്രതികാരം പോലും തോന്നുന്നില്ല. അത്രക്ക് എല്ലാത്തിനോടും പൊരുത്തപ്പെട്ടു കഴിഞ്ഞു.

ആരോഗ്യമുള്ള ഒരു സ്ത്രീ ശരീരം ആവശ്യപ്പെടുന്നതൊക്കെ എന്നിൽ ഉണ്ടാക്കുന്ന ആസ്വാസ്ഥ്യങ്ങളെ പോലും ശാരീരിക ബുദ്ധിമുട്ടുകളായി കണ്ട് ഗുളികകൾ കഴിച്ചു മയങ്ങുമ്പോൾ കുഞ്ഞിനെ പറ്റി മാത്രമേ ചിന്തിക്കാറുള്ളു…

ജീവിതത്തിന്റെ ഭദ്രത ആണ് ഏറ്റവും വലുതെന്നാണ് സാഹചര്യങ്ങൾ പഠിപ്പിച്ചു തന്നത് അതുകൊണ്ടൊക്കെ എല്ലാം ഇട്ടെറിഞ്ഞു രക്ഷപെടാനും മനസ്സ് അനുവദിക്കുന്നില്ല.ഇത്രയും കനത്ത ശമ്പളം ഉള്ളോരാളുടെ ഭാര്യ പദവി അത്ര മോശം കാര്യമല്ല.

ഓരോന്നോർത്തു ഉറക്കം വരാതെ കിടന്നപ്പോഴാണ് ഫോൺ എടുത്തത്. അതിൽ അർദ്ധ നഗ്നയായ ഒരു സിനിമ നടിയുടെ ഫോട്ടോക്ക് താഴെ വാക്കുകൾ കൊണ്ട് അവരെ ആയിരംവട്ടം ബലാത്സംഗം ചെയ്യുന്ന കുല പുരുഷന്മാരെ കണ്ടു..

അതിന് തൊട്ടു താഴെ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഒരു വീട്ടമ്മയെ അസഭ്യം കൊണ്ട് മൂടിയിരിക്കുന്നതും വായിച്ചു…

വാക്കുകളിൽ അഗ്നി പാറിക്കുന്ന, അഹന്ത കൊണ്ട് നെഞ്ചും വിരിച്ചു നടക്കുന്ന ഇവരൊക്കെ സ്വന്തം ഭാര്യയെ പോലും തൃപ്തിപ്പെടുത്താൻ പറ്റാത്ത വണ്ണം കഴിവുകെട്ടവന്മാർ ആണല്ലോ എന്നോർത്ത് അവൾ ആ രാത്രിയിലും നേരമോ കാലമോ നോക്കാതെ പൊട്ടിച്ചിരിച്ചു… അതുകേട്ടു ഉറക്കത്തിനു ഭംഗം വന്ന അയാൾ ഇവൾക്ക് ഇതെന്തിന്റെ സൂക്കേട് ആണെന്ന് പിറുപിറുത്തു..

ശരിക്കും സൂക്കേട് ആർക്കാണെന്ന് നന്നായി അറിയാവുന്നത് കൊണ്ട് അവൾ ഒന്നും മിണ്ടിയില്ല… അല്ലെങ്കിലും വര്ഷങ്ങളായി മൗനമാണ് അവളുടെ ആയുധം.. അതുകൊണ്ട് അവളിന്നും സമൂഹത്തിന് വേണ്ടപ്പെട്ടവളാണ്.