എന്റെ മുന്നിലേക്ക് അവൻ തിരിച്ച് വന്നതൊരു പെണ്ണുമായിട്ടായിരുന്നു, ചോദിച്ചപ്പോൾ കെട്ടൊക്കെ കഴിഞ്ഞതാണെന്നും..

(രചന: ശ്രീജിത്ത് ഇരവിൽ)

അദ്ദേഹം മരിച്ചതിൽ പിന്നെ മകന്റെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ എതിര് നിൽക്കാറില്ല. പിരിഞ്ഞ് നിൽക്കുന്നതിന്റെ വിഷമമുണ്ടായിട്ടും അവന്റെ ഇഷ്ടപ്രകാരമാണ് നാടുവിട്ട് പഠിക്കാൻ ഞാൻ അനുവദിച്ചത്.

പഠിച്ച് മെഡലും കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എന്റെ മുന്നിലേക്ക് അവൻ തിരിച്ച് വന്നതൊരു പെണ്ണുമായിട്ടായിരുന്നു.

ചോദിച്ചപ്പോൾ കെട്ടൊക്കെ കഴിഞ്ഞതാണെന്നും വേണമെങ്കിൽ ഒന്നുകൂടി കെട്ടാമെന്നും അവൻ പറഞ്ഞു. കല്യാണക്കുറി അയക്കാൻ മറന്നുപോയ അകന്ന ബന്ധത്തിലുള്ള ആരോ ആണ് മകന് ഞാനെന്ന് എനിക്കന്ന് തോന്നിപ്പോയി.

പഴയ കാലമൊന്നും അല്ലല്ലോയെന്ന് കരുതി ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. മാസങ്ങൾക്കുള്ളിൽ നാട്ടിൽ തന്നെ രണ്ടുപേർക്കും ജോലികിട്ടി. ഒരിക്കൽ ഞാൻ നീളത്തിൽ അരിഞ്ഞിട്ട ക്യാരറ്റെടുത്ത് കടിച്ചുകൊണ്ട് നമുക്കിന്ന് ഓരോ ബീയർ കുടിച്ചാലോ ആന്റിയെന്ന് മരുമകൾ എന്നോട് ചോദിച്ചു.

പൊക്കോളണം എന്റെ മുന്നിൽ നിന്നെന്ന് പറഞ്ഞിട്ടും പെണ്ണിനൊരു കൂസലുമില്ല. അവൾ ആ ക്യാരറ്റും കടിച്ച് യു ആർ സോ ഹോട്ടെന്ന് പറഞ്ഞ് തിരിച്ച് പോയി. പോകാൻ നേരം അവളെന്തോ എന്റെ കവിളിൽ നിന്ന് നുള്ളി എടുത്തിട്ടുണ്ടായിരുന്നു…

അന്നുരാത്രി ഞാൻ എന്റെ മോനോട് അവളെന്താ ഇങ്ങനെയെന്ന് ആരാഞ്ഞു. അമ്മയോട് ബീയർ കുടിക്കാമെന്ന് പറഞ്ഞത് കൊണ്ടാണോയെന്ന് മകൻ അപ്പോൾ എന്നോട് ചോദിച്ചു. ഇനി തനിച്ച് കഴിയുമ്പോൾ ഒരു ഉല്ലാസമാകുമെന്ന് കരുതിയിട്ടാകും അവളത് പറഞ്ഞതെന്ന് കൂടി മടിയിൽ നിന്ന് കമ്പ്യൂട്ടർ മടക്കിയെടുത്ത് എഴുന്നേൽക്കുമ്പോൾ അവൻ പറഞ്ഞു.

‘തനിച്ച് കഴിയുമ്പോഴോ…!?’

”ഞാനും അവളും അടുത്ത മാസം പോകും.”

എങ്ങോട്ട്…?’

”കാനഡയിലേക്ക്…”

കൂടുതലൊന്നും ഞാൻ പിന്നെ ചോദിച്ചില്ല. കാണണമെന്ന് തോന്നുമ്പോൾ ഓടിപ്പിടിച്ച് വരാൻ പറ്റാത്ത അത്രത്തോളം ദൂരത്തേക്ക് മക്കളൊക്കെ പോകുന്നുവെന്ന് പറയുമ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

പഠിത്തം കഴിഞ്ഞാൽ എന്നും കൂടെയുണ്ടാകുമെന്ന് കരുതിയ മകൻ പഠിച്ചതൊക്കെ ബന്ധങ്ങൾ വിട്ട് പോകുന്നതാണോയെന്ന് ഞാനന്ന് സംശയിച്ചുപോയി…

അന്നുരാത്രി ഞാൻ അവന്റെ അച്ഛനെയോർത്തു. അദ്ദേഹത്തിന്റെ മാറിൽ മുഖം ചേർത്ത് കിടന്നതിന്റെ ചൂട് എന്റെ ഹൃദയത്തിലാകെ തിളക്കുന്നത് പോലെ. ആളി കത്താൻ കാത്ത് നിൽക്കാതെ കെട്ടുപോയ പടുതിരിയുടെ ചൂടായിരുന്നു അതെന്ന് മനസ്സിലായപ്പോൾ ആ രാത്രിയിൽ മുഴുവനും ഞാൻ കരഞ്ഞു.

അദ്ദേഹം വിട്ട് പോയപ്പോൾ എനിക്കെല്ലാം എന്റെ മകനായിരുന്നു. അവനും പോകുന്നുവെന്ന് അറിയുമ്പോൾ ലോകം അവസാനിക്കുകയാണോ എന്നുപോലും ഞാൻ സംശയിച്ചുപോയി. ഇണയും തുണയുമില്ലാതെ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ കൂട്ടത്തിൽ എനിക്ക് എന്നെ സങ്കൽപ്പിക്കാനേ പറ്റുന്നില്ല.

നാളുകൾ കഴിഞ്ഞു. എന്റെ മാനസിക ദുർബലതക്ക് മോനെന്ത് പഴിച്ചുവെന്ന ചിന്ത വന്നപ്പോഴാണ് ഞാൻ എന്റെ പച്ച മാംസത്തിൽ നിന്ന് ഒന്നുണർന്നത്. എങ്ങനെ ജീവിക്കണമെന്ന ആഗ്രഹം അവനും ഉണ്ടാകില്ലേയെന്ന് ഓർത്തപ്പോൾ എനിക്കെല്ലാം ക്ഷമിക്കാൻ തോന്നി.

ജീവനുള്ള കാലമത്രയും ജീവിക്കുകയെന്ന ദൗത്യം മാത്രമേ ഭൂമിയിലെ ജീവനുകൾക്കുള്ളൂ.. മുഷിയാതെ നിലനിൽക്കാനുള്ള കാരണം അവരവർ തന്നെ തേടി പിടിക്കണം. എന്റെ മോനും മോളും അവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെ.

അന്ന് എയർപോർട്ടിലേക്ക് ഞാൻ പോയില്ല. പോകാൻ നേരം അവൻ എന്നോട് പറഞ്ഞത് വൈകാതെ തിരിച്ച് വരുമെന്നായിരുന്നു. വർഷങ്ങൾ മൂന്നെണ്ണം കഴിഞ്ഞിട്ടും അവന് വൈകിയെന്ന് തോന്നിയതേയില്ല.

വല്ലപ്പോഴും രണ്ടുപേരും ചേർന്നെന്നെ വിളിക്കുന്നത് നിന്നിട്ടും വർഷം ഒന്നാകാറായി. രാത്രിയിൽ ഒറ്റക്ക് കിടക്കുമ്പോഴുള്ള അനാഥത്വം ചെറുത്ത് നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഞാനത് തീരുമാനിച്ചു. ആരോടും പറഞ്ഞില്ല..

വർഷമൊന്ന് പിന്നേയും കഴിഞ്ഞു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരുനാൾ മകനും മരുമകളും വന്ന് വീടിന്റെ കാളിംഗ് ബെല്ലടിച്ചു. കതക് തുറന്ന് അവരെ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല.

അവളുടെ വയർ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചപ്പോൾ ഏഴാം മാസമാണെന്ന് അവൻ പറഞ്ഞു. അകത്തേക്ക് കയറിയപ്പോൾ തന്നെ സോഫയിലിരിക്കുന്ന ആളെ ചൂണ്ടി ഇതാരാണെന്ന് മകൻ എന്നോട് ചോദിച്ചു.

കെട്ടൊക്കെ കഴിഞ്ഞതാണെന്നും വേണമെങ്കിൽ ഒന്നുകൂടി കെട്ടാമെന്നും പറഞ്ഞ് ഞാനും സോഫയിലിരുന്നു. അവന് മറുപടി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഭാര്യയുടെ പേറിന്റെ കാര്യം വരുമ്പോഴാണോ നിനക്ക് എന്നെ ഓർമ്മ വന്നതെന്ന് ഞാൻ അവനോട് ചോദിക്കുമായിരുന്നു…!!!