പക്ഷെ ഉണ്ടായത് മോളാണെന്ന് കണ്ടതോടെ അത് കഴിഞ്ഞു, എന്റെ മോളേ ഒന്ന് സ്നേഹത്തോടെ കൊഞ്ചിച്ചിട്ട് പോലുമില്ല..

അനുബന്ധം
(രചന: സൃഷ്ടി)

” എടി മായേ.. ഞാൻ വനജയപ്പച്ചിയുടെ വീട് വരേ ഒന്ന് പോയി വരാം.. ”

ധൃതിയിൽ ഷർട്ട്‌ ഇട്ടോടുന്ന ദേവനെ മായ തടഞ്ഞു നിർത്തി..

” ഹാ നിക്ക് മനുഷ്യാ.. എന്താ കാര്യം? മാമന് അസുഖം കൂടിയോ? ”

” അസുഖം കൂടുകയോ, ഇനി മാമന്റെ കാറ്റ് പോയാലും കുഴപ്പം ഇല്ലാരുന്നു.. ഇതേ പോലീസ് കേസ് ആണ്.. അപ്പച്ചിയ്ക്കെതിരെ അപ്പച്ചിയുടെ മരുമോള് ആ സുന്ദരികോത കേസ് കൊടുത്തെന്നു പീഡനത്തിന്.. ഞാൻ ഒന്ന് പോയി അന്വേഷിച്ചിട്ട് വരാം ”

ദേവൻ പറഞ്ഞു പോയത് കേട്ട് മായ അന്തംവിട്ട് നിന്നുപോയി. ആ സമയം കൊണ്ട് ദേവന്റെ ബൈക്ക് കടന്നു പോയിരുന്നു. മായ കേട്ട വാർത്തയുടെ ഷോക്കിൽ ഇരുന്നുപോയി.

മായയുടെ ഭർത്താവ് ദേവന്റെ അച്ഛന്റെ സഹോദരിയാണ് വനജയപ്പച്ചി. കാര്യം ആളൊരു വാക്കത്തി ഐറ്റം ആണ്. അവരുടെ ഭർത്താവ് കൃഷ്ണൻ മാമൻ തളർന്നു വീണപ്പോളാണ് ആളൊന്നു ഒതുങ്ങിയത്.

പുള്ളിക്കാരിയുടെ ഒരേയൊരു മരുമകളാണ് ഇപ്പൊ കേസ് കൊടുത്തിരിക്കുന്നത്. വരുണിന്റെയും പ്രിയയുടെയും കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏഴു വർഷം കഴിഞ്ഞു.

രണ്ടു പെൺകുട്ടികളും ഉണ്ട്. അപ്പച്ചിയും പ്രിയയും കൂടി അത്യാവശ്യം നല്ല പൊട്ടലും ചീറ്റലും ഒക്കെയുണ്ട് എന്നുള്ളത് അറിയാമെങ്കിലും ഏതൊരു വീട്ടിലും ഉള്ള കാര്യമാണെന്നു പറഞ്ഞു എല്ലാവരും അതൊന്നും ഗൗനിച്ചിരുന്നില്ല. പക്ഷേ ഇതിപ്പോൾ കേസ് ഒക്കെ ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. മായയ്ക്ക് പ്രിയയുടെ മുഖം ഓർമ വന്നു.

ആള് ദേവേട്ടൻ പറഞ്ഞത് പോലെ ഒരു സുന്ദരിക്കുട്ടി തന്നെയാണ്. ഡിഗ്രി പോലും കഴിയാത്ത അവളെ ഭംഗി കണ്ടു തന്നെയാണ് വരുണ് കല്യാണം കഴിച്ചത്. അന്നൊക്കെ അപ്പച്ചിയ്ക്ക് മരുമകൾ ഉള്ളങ്കയ്യിൽ ആയിരുന്നു. പിന്നെ ഒക്കെ മാറി. എന്തായാലും ദേവൻ വരുമ്പോൾ അറിയാം കാര്യം. മായ നെടുവീർപ്പിട്ടു.

” ഈ പ്രായത്തിൽ അവരേ കോടതിയിൽ കയറ്റി ഇറക്കുക എന്നൊക്കെ പറഞ്ഞാൽ കഷ്ടമല്ലേ.. സുഖമില്ലാത്ത കാർന്നോരും ഉണ്ട്. ഈ പെങ്കൊച്ചാണെങ്കിൽ ചെറുപ്പം. പോരാത്തതിന് രണ്ടു കൊച്ചു പിള്ളേരും.. അതുകൊണ്ട് നിങ്ങളെല്ലാം കൂടെ ആദ്യം ഒന്ന് സംസാരിക്ക്.. പരിഹാരമില്ലാത്ത പ്രശ്നം ഇല്ലല്ലോ.. അതിലൊന്നും തീർന്നില്ലേ നമുക്കു നിയമം നോക്കാം.. അതുകൊണ്ട് ചെല്ല് ”

എസ് ഐ പറഞ്ഞത് കേട്ട് വരുണും ദേവനും വരുണിന്റെ ചേച്ചിയുടെ ഭർത്താവ് അജിത്തും അവർക്കു പിന്നാലെ പ്രിയയും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു.

” പ്രിയ കാറിൽ കയറു.. നമുക്കു ദേവേട്ടന്റെ വീട്ടിൽ ചെന്നു സംസാരിക്കാം. അതു കഴിഞ്ഞു ബാക്കി തീരുമാനിക്കാം. ”

അജിത് പറഞ്ഞപ്പോൾ എല്ലാവരും അനുകൂലിച്ചു. ദേവൻ ബൈക്കിലും മറ്റുള്ളവർ കാറിലുമായി ദേവന്റെ വീട്ടിൽ എത്തി. മായ അവരേ കയറ്റി ഇരുത്തി. പ്രിയ മായയുടെ അടുത്ത് ചെന്നപ്പോൾ പ്രിയയുടെ മുഖത്തെ ചുവന്ന തിണർപ്പ് മായ പെട്ടെന്ന് കണ്ടു.

” മോളേ പ്രിയേ.. നീ തന്നെ പറയ്.. എന്താ ഇപ്പൊ ഉണ്ടായത്.. ഞാൻ ദാ വിവരമറിഞ്ഞപ്പോ ഓടിയതാണ്. അവിടെ വിദ്യ കരച്ചിലാണ്. എന്തൊക്കെയാ നടക്കുന്നത്? ”

അജിത് ചോദിച്ചപ്പോൾ പ്രിയ വരുണിനെ നോക്കി. അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു.

” അവനെ നോക്കണ്ട. അവൻ ഇന്ന് രാവിലെ വന്നതാണ്. അമ്മ വിളിച്ചിട്ട്. നീ ഇന്നലെ രാത്രി മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. വിളിച്ചിട്ട് എടുത്തില്ല എന്നൊക്കെ രാവിലെ അമ്മ വിളിച്ചു പറഞ്ഞപ്പോലാണ് ഞങ്ങളൊക്കെ അറിഞ്ഞത് ”

” അത് തന്നെയാണ് പ്രശ്നം അജിത്തേട്ടാ.. അവിടത്തെ കാര്യങ്ങൾ ഒന്നും ആരും അറിയുന്നില്ല.. അറിയുന്നവർ ആകട്ടെ.. അറിഞ്ഞ ഭാവം കാണിക്കുന്നില്ല ”

” നീയൊന്ന് തെളിച്ചു പറയൂ കുട്ടീ ”

ദേവൻ പറഞ്ഞപ്പോൾ പ്രിയ വാശിയോട് കണ്ണുകൾ അമർത്തി തുടച്ചു..

” നിങ്ങൾക്കൊക്കെ അറിയാലോ.. ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് വരുണേട്ടൻ എന്നെ കല്യാണം കഴിച്ചത്. പഠിക്കാൻ വിടാമെന്നു സമ്മതിച്ചു കല്യാണം നടത്തിയിട്ടു പിന്നെ ഡിഗ്രി പോലും മുഴുവനാക്കാൻ ആരും സമ്മതിച്ചില്ല. ഞാൻ ആ കാര്യം പറഞ്ഞപ്പോളൊക്കെ വരുണേട്ടൻ അമ്മയോട് ചോദിക്കാൻ പറയും.

അമ്മയാണെങ്കിൽ അതിനു ഓരോ തടസം പറയും.. അച്ഛനും വിദ്യേച്ചിയും ഒന്നിലും ഇടപെടില്ല. എന്റെ വീട്ടുകാർ ആണെങ്കിലോ കല്യാണം നടത്തിയത്തോടെ എന്നെ ഉപേക്ഷിച്ച പോലെയാണ്. അവസാനം എന്റെ ജീവിതം അവിടത്തെ അകത്തായി.. അതൊക്കെ ഞാൻ സഹിച്ചു.. വേറെ ഒരു നിവർത്തിയും ഇല്ലല്ലോ ”

പ്രിയ കണ്ണ് തുടച്ചപ്പോൾ മായയും ദേവനും അജിത്തുമൊക്കെ അമ്പരന്നു. പ്രിയയ്ക്ക് പഠിക്കാൻ മടിയാണെന്നും കല്യാണം ഒരു കാരണമാക്കി പഠിപ്പ് നിർത്തി എന്നുമാണ് അവരൊക്കെ അറിഞ്ഞിരുന്നത്. അപ്പച്ചി അങ്ങനെയാണ് പറഞ്ഞത്.. വരുൺ അപ്പോളും തല താഴ്ത്തി ഇരിപ്പായിരുന്നു.

” ഗർഭിണി ആയി എന്നറിഞ്ഞപ്പോൾ ആദ്യം വലിയ സ്നേഹമായിരുന്നു അമ്മയ്ക്ക്.. പക്ഷെ ഉണ്ടായത് മോളാണെന്ന് കണ്ടതോടെ അത് കഴിഞ്ഞു. എന്റെ മോളേ ഒന്ന് സ്നേഹത്തോടെ കൊഞ്ചിച്ചിട്ട് പോലുമില്ല.

എന്ത് പറഞ്ഞാലും ആൺകുഞ്ഞുങ്ങളെ പ്രസവിച്ച വിദ്യേച്ചിയെ പുകഴ്ത്തൽ മാത്രം.. വരുണേട്ടൻ കുഞ്ഞിനെ കൊഞ്ചിക്കാൻ പോലും സമ്മതിക്കില്ല. ഇത്തിരിയില്ലാത്ത എന്റെ കുട്ടി വഴി തെറ്റും പോലും.. എന്നിട്ടും ഞാനവിടെ പിടിച്ചു നിന്നു. ”

കേട്ടത് ഒന്നും വിശ്വസിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞില്ല. പക്ഷേ വരുണിന്റെ മൗനം എല്ലാം സത്യമാണെന്ന് ശരിവെച്ചു.

” വരുണേട്ടൻ നാട്ടിൽ നിന്നും കോയമ്പത്തൂർ പോയത് തൊട്ട് എന്റെ വീട്ടിലെ ജീവിതം നരകമാണ്. കുഞ്ഞുമോള് ജനിച്ചത് തന്നെ അമ്മയ്ക്ക് പിടിച്ചിട്ടില്ല. പിന്നെ എന്തിനും ഏതിനും എന്റെ മക്കളായി കാരണം.

മുറ്റത്തൊരു കാക്ക വീണു ചത്താലും ഇത്തിരിയില്ലാത്ത എന്റെ മക്കളോടാണ് പ്രാക്ക്.. ഞാനും ഒരമ്മയല്ലേ.. എത്രയെന്നു വെച്ചാ സഹിക്കുന്നത്? എന്റെ മക്കളേ പറയുന്നത് കൂടിയപ്പോളാണ് ഞാൻ അമ്മയോട് തിരിച്ചു പറയാൻ തുടങ്ങിയത്. അതോടെ അമ്മയ്ക്ക് ഞാൻ ശത്രുവായി..”

പ്രിയ വിമ്മി കരയുമ്പോൾ മറ്റുള്ളവർ എന്ത് പറയണം എന്നറിയാതെ നിന്നു..

” മായേച്ചിയ്ക്ക് അറിയുമോ? ചെന്നുകയറാൻ എനിക്ക് വേറെ ഒരിടവും ഇല്ല. എന്റെ വീട്ടിൽ അനിയത്തിയും കുടുംബവുമാണ്. ഒരു ജോലി കിട്ടാനുള്ള പഠിപ്പ് എനിക്കില്ല. ഇവരത് അന്നേ മുടക്കി. ഇപ്പൊ അമ്മ വീട്ടിലെ പണികളൊന്നും എന്നെക്കൊണ്ട് ചെയ്ക്കില്ല.. അവരുടെ വീടാണത്രേ.. എന്റെ മക്കൾ ഉണ്ണുന്ന ചോറിനു പോലും കണക്കു പറയും..

എന്നെ നായിന്റെ മോളേ എന്നല്ലാതെ വിളിക്കില്ല.. അവരുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയാത്ത ദിവസമില്ല.. എത്രയെന്നു കരുതി ഞാൻ സഹിക്കും ചേച്ചി? ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? കഴിഞ്ഞ ദിവസം രണ്ടു വയസ്സുള്ള കുഞ്ഞുമോള് കരഞ്ഞതിനു അമ്മ അവളുടെ കാലിൽ വടി കൊണ്ടടിച്ചു.

കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ അവരേ തൃസന്ധ്യ നേരത്ത് പ്രാകി.. അവരേ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞതിന് എന്നെ അടിച്ചു ഇറങ്ങിപ്പോടി നായിന്റെ മോളേ എന്ന് പറഞ്ഞു. അപ്പോളാണ് ഞാനിറങ്ങിയത്.. എന്റെ മക്കളെയും കൊണ്ട് പുഴയിൽ ചാടാനാണ് ആദ്യം തോന്നിയത്. ഞങ്ങളുടെ ശവം അവരേ കൊണ്ട് തീറ്റിക്കണം എന്ന് തോന്നി.. പക്ഷെ എന്റെ മക്കളുടെ മുഖം ഓർത്തപ്പോൾ.. ”

പ്രിയ മുഖം പൊത്തി കരഞ്ഞപ്പോൾ എല്ലാവരും കേട്ട കാര്യങ്ങൾ കേട്ട് പകച്ചുപോയി.. വരുൺ ചാടിയേണീറ്റ് നിറകണ്ണുകളോടെ പ്രിയയെ ചേർത്തു പുണരാൻ ആഞ്ഞപ്പോൾ അവൾ അവനെ കുതറിയെറിഞ്ഞു..

” വേണ്ട.. വരുണേട്ടൻ എന്നെ തൊടരുത്. വേറെ ആരെന്തു പറഞ്ഞാലും വരുണേട്ടൻ കൂടെ നിന്നിരുന്നെങ്കിൽ എന്ന് ഞാൻ മോഹിച്ചിട്ടുണ്ട് . പക്ഷെ.. ”

പ്രിയ പൊട്ടികരഞ്ഞപ്പോൾ വരുണും കൂടെ കരഞ്ഞു..

” എന്നോട് ക്ഷമിക്ക് പ്രിയേ.. ഞാൻ.. നാട്ടിലെ ജോലി പോയപ്പോൾ ഒത്തിരി ബാധ്യതകൾ ഉണ്ടായിപ്പോയി. കൂടെ അച്ഛന്റെ വയ്യായികയും എല്ലാം കൂടെ ഒരുപാട് ബുദ്ദിമുട്ടി.

അമ്മ ചെറിയ പോരോക്കെ ഉണ്ടെന്നു അറിയാമായിരുന്നിട്ടും എല്ലാ വീട്ടിലും ഉള്ളപോലെ എന്ന് കരുതി നിസ്സാരമാക്കി വിട്ടുപോയി ഞാൻ.. എന്റെ കൂടെ വരാൻ പറ്റാത്തത് കൊണ്ട് നിനക്ക് വാശിയാണെന്ന് അമ്മ പറഞ്ഞപ്പോൾ.. ഞാൻ.. എന്നോട് ക്ഷമിക്കേടി.. ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല.. ”

” അതൊന്നും ഒരു ന്യായമല്ല വരുണേട്ടാ.. എന്നെ കേൾക്കാൻ.. മനസ്സിലാക്കാൻ ഒന്നും ശ്രമിക്കുക പോലും ചെയ്യാഞ്ഞത് എന്നോട് ചെയ്ത ക്രൂരത തന്നെയാണ്. വേറൊരാളും എനിക്കില്ല എന്നറിഞ്ഞിട്ടും. ഇന്നലെ തോന്നിയ തോന്നലിൽ ഞാൻ വല്ല കടുംകയ്യും ചെയ്തിരുന്നെങ്കിൽ വരുണേട്ടൻ ഈ ന്യായമൊക്കെ എവിടെ പറഞ്ഞേനെ.

എന്തോ.. ഈശ്വരൻ എന്റെ മക്കൾക്ക് വേണ്ടിയാവും എന്റെ പഴയ കൂട്ടുകാരി സ്മിതയെ അപ്പൊ മുന്നിൽ കൊണ്ടുവന്നു നിർത്തിയത്.. ഞാനിപ്പോ സ്മിതയുടെ വീട്ടിലാണ്. അവിടെ അവളും അമ്മയും മാത്രേ ഉള്ളൂ.. എനിക്ക് ഒരു ജോലി നോക്കാനും ഒക്കെ അവൾ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. എനിക്ക് മടുത്തു പുഴുത്ത പട്ടിയേക്കാൾ കഷ്ടമായ അവിടത്തെ ജീവിതം ”

പ്രിയ നിന്നു കിതച്ചു.. ആരും ഒന്നും പറഞ്ഞില്ല.. സത്യം പറഞ്ഞാൽ വരുൺ ഉൾപ്പെടെ എല്ലാവരും ആകെ വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു..

” മോളേ പ്രിയേ.. അപ്പൊ അപ്പച്ചിയ്ക്ക് എതിരെ കേസ് കൊടുക്കാൻ തന്നെയാണോ നിന്റെ തീരുമാനം? ”

മായ അവളോട് അലിവോടെ ചോദിച്ചു.

” വേണ്ട മായേച്ചി.. ഞാൻ കേസിനൊന്നും പോണില്ല. എന്നെകൊണ്ട് വേണമെങ്കിൽ അതിനും പറ്റുമെന്ന് അവരേ ഒന്നറിയിക്കണം എന്നുണ്ടായിരുന്നു. സ്മിത പറഞ്ഞത് കേസ് വേണം എന്നുതന്നെ ആണ്.. പക്ഷേ വേണ്ട.. ഒന്നുമില്ലെങ്കിലും അവരേ ഞാൻ അമ്മേ എന്ന് വിളിച്ചിരുന്നതല്ലേ ”

പ്രിയ കണ്ണു തുടച്ചു..

” പ്രിയേ.. നീ ചെറുപ്പമാണ്.. ജീവിതം ഒത്തിരി മുന്നോട്ടുണ്ട്. വരുൺ മാപ്പ് പറഞ്ഞു സ്വയം മാറാൻ തയ്യാറായാൽ നിങ്ങൾക്ക് ഒന്നിച്ചു ജീവിച്ചൂടെ? മക്കൾക്ക് വേണ്ടിയെങ്കിലും.. അമ്മ ഇനിയൊരു പ്രശ്നവും ഉണ്ടാക്കാതെ ഞാൻ നോക്കാം. ”

അജിത് പറഞ്ഞപ്പോൾ വരുൺ പ്രതീക്ഷയോടെ പ്രിയയെ നോക്കി.. മായയും ദേവനും ഒക്കെ അവളെ നിർബന്ധിച്ചു. വരുണും ഒരുപാട് മാപ്പ് പറയുന്നുണ്ടായിരുന്നു.

” ശരി.. വരുണേട്ടന്റെ കൂടെ ഞാൻ പോകാം. പക്ഷേ എനിക്ക് പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനും വരുണേട്ടൻ സപ്പോർട്ട് ചെയ്യണം. അതുപോലെ അമ്മയുള്ള വീട്ടിൽ ഞാൻ വരുണേട്ടൻ ഇല്ലാതെ തനിയെ നിൽക്കില്ല.. ഒരിക്കലും. അതിനു സമ്മതമാണെങ്കിൽ ഞാൻ..”

വരുൺ അവൾക്കും മക്കൾക്കും വേണ്ടി എന്തിനും സമ്മതമെന്ന പോലെ അവളുടെ കയ്യിൽ ചേർത്തുപിടിച്ചു.. അതുകണ്ടു ദേവനും മായയും അജിത്തും നെടുവീർപ്പിട്ടു.

കോയമ്പത്തൂരെക്കുള്ള ബസിൽ വരുണിന്റെ തോളിലേയ്ക്ക് ചാഞ്ഞിരിക്കുമ്പോൾ പ്രിയയുടെ മുഖം ശാന്തമായിരുന്നു. അവളുടെ മടിയിൽ ഇളയ കുഞ്ഞും വരുണിന്റെ മടിയിൽ മൂത്ത കുഞ്ഞും ഉണ്ടായിരുന്നു.. ഇനി ജീവിതം അവിടെയാണ്.. അവിടെയൊരു കുഞ്ഞുവീട്ടിൽ..

അമ്മയറിഞ്ഞപ്പോൾ ഒത്തിരി ബഹളമുണ്ടാക്കി. മകനെ കറക്കിയെടുത്ത മരുമകളെ പ്രാകി. വയസ്സുകാലത്തു തനിച്ചാക്കിയെന്നു പതംപറഞ്ഞു.. പക്ഷേ വരുൺ പ്രിയയുടെ കൈവിട്ടില്ല.. വിദ്യയും അവർക്ക് പോകാൻ കൂട്ടു നിന്നു. പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും ഒത്തിരിയുണ്ട്.. എങ്കിലും സ്നേഹംകൊണ്ട് തുഴയാൻ അവർ ഒരേ മനസ്സോടെ തീരുമാനിച്ചിരുന്നു..