ഉള്ള് തൊട്ട് പ്രേമിച്ചയൊരു മനുഷ്യന്റെ മകൻ ഇന്ന് തന്നോട് പ്രേമാഭ്യർത്ഥന നടത്തിയിരിക്കുന്നു! തന്നെ നിരസിച്ച് മറ്റൊരു കുടുംബമായി..

(രചന: ശ്രീജിത്ത് ഇരവിൽ)

വെട്ടൊന്ന് മുറി രണ്ടെന്ന വിധം പെരുമാറുന്ന പാൽക്കാരി പങ്കജത്തെ നാട്ടിലെ എല്ലാവർക്കും അറിയാം. പക്ഷെ, പ്രായം നാൽപ്പതായിട്ടും അവൾ വിവാഹം കഴിക്കാത്തതിന്റെ കാരണം മാത്രം ആർക്കും അറിയില്ല.

ആകർഷകമായ ശരീരത്തിന്റെ ഉടമയാണ് പങ്കജം. ആ ഉടയാത്ത തുടുത്ത മേനിയിൽ മയങ്ങി പലരും അവളെ മോഹിക്കുന്നുണ്ട്. അങ്ങനെയുള്ള മോഹങ്ങൾക്കൊക്കെ ചില ചൂളം വിളികളായും അടക്കം പറച്ചിലുകളായും നിരത്തിൽ തളം കെട്ടി കിടക്കാനായിരുന്നു യോഗം. അരിവാളുമായി പങ്കജമെങ്ങാനും അതുവഴി പോയിരുന്നുവെങ്കിൽ അതും കാണില്ലായിരുന്നു.

അങ്ങനെ പലരേയും പോലെ നാട്ടിലെയൊരു കൗമാരക്കാരന് പങ്കജത്തിനോട് കടുത്ത പ്രേമം തോന്നി. ചൂണ്ടയിടുന്ന തോട്ടിൻ കരയിൽ നിന്ന് എത്രയോ വട്ടം അവളുടെ ശ്രദ്ധ കിട്ടാൻ പാകം അവൻ നോക്കി നിന്നിട്ടുണ്ട്. അവളോട് സംസാരിക്കാനും അവളെ ചുംബിക്കാനും അവളുമായി ഒരുമിച്ചൊരു മഴക്കാലം മുഴുവൻ നനയാനും ആ കൗമാരക്കാരൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു….

ഒരിക്കൽ അവൻ പങ്കജത്തിനോട് അർത്ഥം വെച്ചൊന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി സ്വീകരിച്ചുവെന്ന അർത്ഥത്തിൽ അവളുടെ ചുണ്ടുകളും വിടർന്നു. ശേഷമുള്ള നാളുകളിൽ നാട്ടിലെവിടെ കണ്ടാലും പങ്കജത്തോട് അവൻ ആ മോഹഭാവം ആവർത്തിക്കുമായിരുന്നു. പുഞ്ചിരിയുടെ കാര്യത്തിൽ അവളും അവനെ നിരാശപ്പെടുത്തിയിരുന്നില്ല.

അങ്ങനെ നാളുകൾ ഏറെ കഴിഞ്ഞിട്ടും തന്റെ ഇഷ്ടം പറയാൻ ആ കൗമാരക്കാരന് സാധിച്ചതേയില്ല. എപ്പോഴൊക്കെ പറയണമെന്ന് തോന്നിയോ അപ്പോഴൊക്കെ പ്രായ വ്യത്യാസമൊരു വില്ലനായി തന്റെ മുന്നിൽ ചിരിച്ച് നിൽക്കുന്നത് പോലെ അവന് തോന്നും. നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ചിരി പോലും ഇല്ലാതായി പോകുമോയെന്നും ഭയന്നിരുന്നു.

അന്ന്, റവത്തരികൾ പോലെ പാറുന്ന ചാറലുണ്ടായിരുന്നു! വൈകാതെയൊരു കനത്ത മഴ പെയ്യാനുള്ള സാധ്യതകൾ മാനം വ്യക്തമായിട്ട് കാട്ടുന്നുമുണ്ട്. ചൂണ്ടയിലൊരു മീൻ പോലും കൊത്താത്ത നിരാശയിൽ അവൻ ആ തോട്ടിൻ കരയിൽ കുത്തിയിരിക്കുകയാണ്. അവിടേക്കാണ് ഒരുകൂട പച്ചപ്പുല്ലുമായി പങ്കജം മനോഹരമായി നടന്ന് വന്നത്. അവളെ കണ്ടപ്പോൾ തന്നെ അവന്റെ കണ്ണും വായയും താനേ തുറന്ന് പോയി…

മുട്ടിന് മേലേക്ക് കയറ്റി കുത്തിയ മുണ്ടും, ബ്ലൗസിൽ നിന്ന് പാതിയോളം പുറത്തേക്ക് ചാടിയ മാറിടങ്ങളും കണ്ടപ്പോൾ തന്നെ അവൻ പരവേശനായി പോയി…

തലയിലെ കൂടയിൽ താങ്ങിനെന്നോണം പിടിച്ച കൈയ്യറ്റത്ത് തിളങ്ങുന്നയൊരു അരിവാൾ കണ്ടത് കൊണ്ടായിരിക്കണം അവളെ അവൻ ധൃതിയിൽ കണ്ടില്ലെന്ന് നടിച്ചത്…

‘എടാ ചെക്കാ…
നീയാ കുമാരേട്ടന്റെ മോനല്ലേ….?’

അതേയെന്ന് പറഞ്ഞ് കൊണ്ട് തോട്ടിൽ നിന്ന് കണ്ണെടുത്ത് മേലോട്ട് നോക്കിയപ്പോൾ പങ്കജം അവന്റെ കൺമുന്നിൽ നിൽക്കുന്നു. അപ്പോഴും അവളുടെ മാറിടങ്ങളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ ഉടക്കിയത്…

‘എന്റെ കൂടെ വന്നാൽ മഴയ്ക്ക് മുമ്പേ പാടം വിടാം… കല്ല് പോലുള്ള മഴയത്തൊന്നും മീൻ കൊത്തില്ലടാ..’

എന്നും പറഞ്ഞ് ചിരിച്ച് കൊണ്ട് പങ്കജം തന്റെ നടത്തം തുടർന്നു. അവന് മറുത്തൊരു ചിന്ത ഉണ്ടായിരുന്നില്ല. കയ്യിലെ കമ്പും കണ്ണിയുമൊരു ഭാരമുള്ള കല്ലിനടിയിൽ കുരുക്കി വെച്ച്, നടക്കുമ്പോൾ നൃത്തം ചെയ്യുന്ന അവളുടെ നിതംബങ്ങളെ അവൻ പിന്തുടർന്നു…

പങ്കജം പറഞ്ഞത് പോലെ കൃത്യമായത് സംഭവിച്ചു. കൃഷിക്കാർക്കായി ഒരുക്കിയ പാടത്തിന്റെ അരികിലെ ഷെഡിലേക്ക് എത്തിയപ്പോഴേക്കും മഴ തിമിർത്ത് പെയ്തു.

‘ഈ മീനും പിടിച്ച് നടക്കാതെ വല്ല പണിക്കും പോയ്ക്കൂടെ ചെക്കാ നിനക്ക്…? ‘

“പോകാം..!”

അത് പറയുമ്പോൾ പങ്കജത്തിന്റെ മുഖത്തേക്ക് അവൻ നോക്കിയതേയില്ല. രണ്ട് പുൽ കൊടികളെയെടുത്ത് ഏട്ടായി നുള്ളി മുറിച്ച് കണ്ണുകൾ വീണയിടത്തേക്ക് ഇടുകയായിരുന്നു ആ കൗമാരക്കാരൻ.

‘നിന്റെയച്ഛന്റെ മരിപ്പിന് ഞാൻ വന്നിരുന്നു… അന്ന് നിനക്ക് നിക്കറിൽ മുള്ളുന്ന പ്രായാണ്. നീയിപ്പോൾ നിന്റെ അമ്മാവന്മ്മാരുടെ കൂടെയല്ലേ…!?’

അതിനും അവൻ തലയുയർത്താതെ അതേയെന്ന് മറുപടി പറഞ്ഞു. കൂടുതലൊന്നും പങ്കജം പറയും മുമ്പേ രണ്ടും കൽപ്പിച്ച് അവളോട് തന്റെ പ്രേമം അവൻ വൻ തുറന്ന് പറയുകയായിരുന്നു. അത് കേട്ടപ്പോൾ അവൾ നെഞ്ചത്ത് കൈവെച്ച് ഈശ്വരായെന്ന് പറഞ്ഞുപോയി. തുടർന്ന്, കൈത്തോർത്ത് കൊണ്ട് മാറ് മറച്ച് അവനെ തുറിച്ച് നോക്കി.

പൊക്കി കുത്തിയ മുണ്ടിന്റെയൊരു തുമ്പഴിച്ച് താഴേക്ക് ഇടുമ്പോൾ ഇനിയെന്റെ കണ്മുന്നിൽ കണ്ടേക്കരുതെന്നും പങ്കജം അവനോട് അഞ്ജാപിച്ചിരുന്നു. പുരികമുയർത്തിയ അവളുടെ ശബ്ദമുയർന്നപ്പോൾ ആ കൗമാരക്കാരന്റെ കണ്ണുകളും നിറഞ്ഞു. ഇഷ്ട്ടമാണെന്ന് ഒന്ന് കൂടി തറപ്പിച്ച് പറഞ്ഞ് മഴ തിന്നുന്ന പാടത്തേക്ക് അവൻ ധൃതിയിൽ ഇറങ്ങി നടക്കുകയായിരുന്നു…

തിരിഞ്ഞ് നോക്കാതെ അവൻ ആ തോട്ടിലേക്ക് കയറിപ്പോകുന്നത് അവൾ വെറുതേ നോക്കി നിൽക്കുകയാണ്. വെറുതേ നോക്കി നിൽക്കുകയാണെന്ന് പറയാൻ പറ്റില്ല. പങ്കജത്തിന് മാത്രം കാണാൻ സാധിക്കുന്ന ഒരു ചലന ചിത്രമുണ്ട് അവളുടെ ആ ഇമ വെട്ടാത്ത കണ്ണുകൾക്ക് മുന്നിൽ…

പ്രേമവുമായി ഇടപെടുമ്പോൾ പലർക്കും ഞരമ്പുകൾ വലിഞ്ഞ് മുറുകാറുണ്ട്. കൊടും വേദനയോടെ ഹൃദയത്തിൽ നിന്ന് ആത്മാവിൽ തട്ടിയ മറ്റൊരു പ്രേമരംഗം തികട്ടി വരും. ആ ദൃശ്യത്തിലേക്കുള്ള സഞ്ചാരത്തിൽ മുഴുവൻ തിരിച്ച് കിട്ടാത്ത വികാരങ്ങളെ അടയാളപ്പെടുത്തിയ കൂർത്ത മുള്ളുകളായിരിക്കും. കാര്യ കാരണങ്ങൾ വിശദീകരിക്കാൻ പറ്റാത്ത വിധം ആ ചിത്രത്തിൽ മനുഷ്യർ കുരുങ്ങി നിൽക്കും.

ആ വേളയിൽ തന്റെ ജീവിതം വിചിത്രമാണെന്ന് പങ്കജത്തിന് തോന്നിപ്പോയി. ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ്, ഉള്ള് തൊട്ട് പ്രേമിച്ചയൊരു മനുഷ്യന്റെ മകൻ ഇന്ന് തന്നോട് പ്രേമാഭ്യർത്ഥന നടത്തിയിരിക്കുന്നു! തന്നെ നിരസിച്ച് മറ്റൊരു കുടുംബമായി തുടർന്നിട്ടും, മരിച്ചിട്ടും അയാളോടുള്ള ഒറ്റയാൻ പ്രേമത്തിൽ ജീവിക്കുന്ന അവൾ ഇനിയെന്ത് ചെയ്യാനാണ്…

മഴ തോർന്ന് തുടങ്ങിയിരിക്കുന്നു. പശുവിനെ കെട്ടാൻ മണ്ണിലേക്ക് അടിച്ച് താഴ്ത്തിയ കുറ്റിയെ പോലെ പങ്കജം ഏറെ നേരം ആ ഷെഡിൽ തറച്ച് നിൽക്കുകയാണ്. തന്റെ ഓർമ്മകളിൽ നിന്ന് കണ്ണെടുക്കുമ്പോൾ ദൂരെ ആ തോട്ടിൻ കരയിൽ വ്യക്തമല്ലാത്ത കാഴ്ച്ചയിൽ അവനും ഉണ്ടായിരുന്നു.

വികാരത്തിനൊത്ത വളർച്ചയുള്ള ശരീരവുമായി ജീവിക്കുന്ന പ്രാണന്റെ പ്രായത്തിന്, പ്രേമത്തിൽ യാതൊരു പ്രസക്തിയുമില്ലെന്ന് ആരേക്കാളും കൂടുതൽ പങ്കജത്തിന് അറിയാമായിരുന്നു. എന്നിരുന്നാലും, പ്രായ വ്യത്യാസം തന്നെയാണ് പ്രധാന കാരണമെന്ന് അവൻ കരുതിക്കോട്ടെ. അല്ലെങ്കിലും, അവളുടെ ജീവിതത്തിന്റെ വിധിയും അങ്ങനെ തന്നെയായിരുന്നുവല്ലോ… കുമാരേട്ടനെന്ന അവന്റെ അച്ഛൻ പണ്ട് പങ്കജത്തെ നിരസിച്ചതും ഇതേ കാരണം പറഞ്ഞായിരുന്നുവല്ലോ….!!!