(രചന: ശ്രീജിത്ത് ഇരവിൽ)
തുറന്ന് പറഞ്ഞാൽ, ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനമായ രതിയുടെ വിസ്തൃതിയിൽ അതിയാനുമായി പുളകിതയാകാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള പക്രിയ എന്നതിന് അപ്പുറമൊരു ലൈംഗീക ബോധവും ആ മനുഷ്യന് ഇല്ലായിരുന്നു.
ഇരുട്ടിൽ നിന്ന് എന്നിലേക്ക് പടർന്ന് കയറി രതിമൂർച്ച തേടുന്ന അതിയാന് എന്റെ ഉണർവ്വുകളെ കുറിച്ച് ചിന്തിക്കാനും കഴിഞ്ഞില്ല. ഭൂമിയിൽ പൂക്കാൻ കൊതിക്കുന്ന ഒരു പെണ്ണുടലിൽ നിരാശ തട്ടാൻ ഇതിൽപ്പരം മറ്റെന്ത് വേണമല്ലേ…
ഭാര്യയും ഭർത്താവുമായി കൂട്ടുകൂടി ജീവിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറേയായി. എന്നിട്ടും, ഞങ്ങളുടെ നഗ്നമായ ശരീരം ഇതുവരെ പരസ്പരം വ്യക്തമായി കണ്ടിട്ടില്ല. ലൈംഗീക ബന്ധമെന്നാൽ അരണ്ട വെളിച്ചത്തിൽ തമ്മിൽ തമ്മിൽ വ്യക്തമായി കാണാതെ കൂട്ടി ഇടിക്കുന്നതാണെന്ന് ആരോ അതിയാനിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഭർത്താവ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു…
അതിയാന്റെ സ്നേഹത്തിലും കരുതലിലും ഞാൻ തൃപ്തയാണ്. പക്ഷേ, അനുഭവിക്കുന്ന ലൈംഗീകതയുടെ ചുരുങ്ങിയ ലോകത്തിൽ തീർത്തും നിരാശപ്പെട്ടിരിക്കുന്നു. ജീവൻ മാനത്തോട്ട് ഉയർന്ന് രതിയുടെ എല്ലാ നക്ഷത്രങ്ങളേയും തൊടാൻ വെമ്പി നിൽക്കുന്നു. ഇഷ്ട്ടത്തോടെ ജീവിതം പങ്കിടുന്ന പുരുഷനിൽ നിന്നല്ലാതെ അവിടങ്ങളിലേക്ക് പാറാൻ എനിക്ക് ആകില്ലായെന്നത് വ്യക്തമാണ്.
അങ്ങനെ നഷ്ട്ടമാകുന്ന നല്ല വർഷങ്ങളെ ഓർത്തപ്പോൾ എന്റെ ഉള്ളിലെ നിരാശ അതിയാനോട് പറയാൻ ഞാൻ ഒടുവിൽ തീരുമാനിച്ചു. അന്ന് ഞങ്ങൾ മാത്രം വീട്ടിൽ ഉണ്ടായിരുന്ന ഒരു ഞായറാഴ്ച്ച ആയിരുന്നു.
‘അതേ… നിങ്ങൾ തൃപ്തനാണോ..?’
“അതേല്ലോ… ന്തേ….?”
‘എന്നാൽ ഞാൻ അല്ല….’
“അല്ലേ….!? ”
മനസിലാകാത്തത് പോലെ അതിയാൻ എന്നെ നോക്കി. ഞാൻ തലകുനിച്ചു. ശാരീരിക ബന്ധത്തിന്റെ കാര്യത്തിൽ തൃപ്തയല്ലായെന്ന് തറയിലേക്ക് നോക്കികൊണ്ടാണ് ഞാൻ തുറന്ന് പറഞ്ഞത്.
കല്ല്യാണ പ്രായത്തിൽ പിള്ളേര് രണ്ടായിട്ടും നിനക്കിത് എന്തിന്റെ കേടാണ് എന്റെ രമണീയെന്നായിരുന്നു അതുകേട്ടപ്പോൾ അതിയാന്റെ പ്രതികരണം. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ യാതൊന്നും മിണ്ടാതെ ജീവിതത്തിന്റെ അടുക്കള ലോകത്തേക്ക് ഞാൻ നടന്നു…
അന്ന് രാത്രിയിൽ, എന്നെ തൊടുകയാണെങ്കിൽ വെളിച്ചം അണക്കരുതെന്ന് അതിയാനോട് ഞാൻ പറഞ്ഞിരുന്നു.
‘ഇതൊക്കെ വെളിച്ചത്ത് ചെയ്യേണ്ട കാര്യാണോ… അയ്യയ്യേ..’
അഴിക്കാൻ തുടങ്ങിയ മുണ്ട് വീണ്ടും മുറുക്കി കെട്ടിക്കൊണ്ടായിരുന്നു അതിയാന്റെ മറുപടി. നിങ്ങളുടെ ചിന്താഗതി ശരിയാകണമെന്നില്ലല്ലോ എന്നുമാത്രം പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നു. ഇണയുടെ സമ്മതമില്ലാതെ ഭോഗിക്കാൻ ശ്രമിക്കുന്ന ക്രൂരനല്ലാത്തത് കൊണ്ട് മാത്രം വെളിച്ചം അണച്ച് അതിയാനും പുറം തിരിഞ്ഞ് കിടക്കുകയായിരുന്നു .
എന്തുകൊണ്ടാണ് പരസ്പര സമ്മതത്തോടെയുള്ള കാമമെന്ന് വന്നാൽ മനുഷ്യർ കണ്ണടച്ച് ഇരുട്ടാക്കുന്നത്! അതിയാന്റെ ശരീരം എന്നിൽ അമരുമ്പോൾ സീൽക്കാരം പോലും എന്തിനാണ് എനിക്ക് പൊത്തിപ്പിടിക്കേണ്ടി വരുന്നത്! തന്റെ ഇണയുടെ പൂർണ്ണ നഗ്നതയിൽ എന്തിനാണ് മനുഷ്യർ ജാള്യതപ്പെടുന്നത്! ഇഷ്ടത്തോടെ പ്രാപിക്കുന്ന പുരുഷനേയും അവന്റെ സ്പർശനങ്ങളേയും നിർവൃതിയോടെ കാണാൻ എനിക്കും ആഗ്രഹമുണ്ടാകില്ലെ….!
സമൂഹം എത്ര ദുരാചാരം പറഞ്ഞാലും ഒരു വ്യക്തിയുടെ ജീവിതത്തിൽ രതിയുടെ പങ്ക് ചില്ലറയല്ല. ജീവിതത്തിലെ അടിസ്ഥാന കുറവുകൾ നികത്താൻ മനുഷ്യർ ചുറ്റുപാടുകളിൽ തിരഞ്ഞ് കൊണ്ടേയിരിക്കും… ഏറ്റവും ദൃഢമെന്ന് ഉള്ളിൽ ത്രസിച്ചാലും പുറത്ത് പറയാനുള്ള ധൈര്യം വികാര വിചാരങ്ങളുടെ കിരീടമായ കാമത്തിന് ഇല്ല. പരസ്യമായാൽ അശ്ലീലമാണെന്ന ധാരണയാണ് മനുഷ്യർ ഇപ്പോഴും അതിന് കല്പിച്ചിട്ടുള്ളത്. വിലക്കുന്തോറും വികൃതമാകുന്ന ആ വൈകാരിക നിലയെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു..
അന്ന് അതിയാൻ മാത്രം വീട്ടിലുള്ള ഉച്ചനേരമായിരുന്നു. ഒരു പദ്ധതിയുമായി പതിവില്ലാതെ ഞാനൊന്ന് കുളിച്ചു. തുടർന്ന്, പൂർണ്ണ നഗ്നയായി അതിയാൻ കാൺകെ അടച്ചിട്ട വീടിനകത്ത് അലസ്സമായി നടക്കുകയായിരുന്നു. എന്നെ സ്നേഹം കൊണ്ട് പൊതിയുന്ന മനുഷ്യനിൽ നിന്ന് തന്നെ എന്റെ ആഗ്രഹം സഫലീകരിക്കണമെന്നത് എനിക്ക് നിർബന്ധമായിരുന്നു..
ഞാൻ തൊട്ടടുത്ത് മുട്ടി നിന്നപ്പോൾ കാണാൻ പാടില്ലാത്ത എന്തൊയൊന്ന് കണ്ടത് പോലെ അതിയാൻ മുഖം ചുളിച്ചു. കണ്ണുകൾ മുറുക്കെ അടച്ചു. നീയിത് എന്ത് ഭാവിച്ചാണ് എന്റെ രമണീയെന്ന് തുറക്കാത്ത കണ്ണുകളുമായി അതിയാൻ ചോദിച്ചു. തുറന്നില്ലെങ്കിൽ നിങ്ങളുടെ മുണ്ട് ഞാൻ അഴിക്കുമെന്ന് പറഞ്ഞപ്പോൾ അതിയാൻ വീടുമുഴുവൻ ഓടുകയായിരുന്നു. പിന്നാലെ ഞാനും…
ഒടുവിൽ കിതച്ച് കൊണ്ട് മുറിയിലെ കിടക്കയിലേക്ക് വീഴുമ്പോഴേക്കും ഞങ്ങൾ നഗ്നരായി ചിരിക്കുകയായിരുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊരു സാഹസം മുമ്പേ തോന്നിയില്ലായെന്ന നിരാശ മാത്രമായിരുന്നു എനിക്ക് ആ നേരം. തന്റെ ശരീരമെന്നോണം ഇണയുടേതും ശ്ലീലമാകണം. പരസ്പരമുള്ള പങ്കുവെക്കലിന്റെ സ്വകാര്യമായ സൗന്ദര്യം അനുഭവിക്കണം. അതിനുമപ്പുറം, തമ്മിൽ തമ്മിൽ അത്രയും ആഴത്തിൽ പരസ്യപ്പെടുത്തുന്ന മനോഹരമായ രഹസ്യമാണ് രതിയെന്ന് കൂടി ഈ ലോകത്തിനോട് പാടണം…!!!