അമ്മ മരിക്കുമ്പോൾ എനിക്ക് പതിനാറ് വയസ്സാണ്. രാഘവനെന്ന എന്റെ അച്ഛനെ കണ്ട ഓർമ്മപോലും എനിക്കില്ല. എന്തുകൊണ്ടാണ്..

(രചന: ശ്രീജിത്ത് ഇരവിൽ)

മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്നുനിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ…

‘അതേയ്.. ഈ മേസ്തിരിയുടെ വീട്….?’

“അതെ.. അതെ.. ഇതുതന്നെ…! ”

വളരേ സന്തോഷത്തോടെയാണ് എന്റെ അമ്മയുടെ പ്രായം തോന്നിക്കുന്ന ആ സ്ത്രീയത് പറഞ്ഞത്. ആരായെന്ന് പോലും ചോദിക്കാതെ എന്നെ സ്വീകരിച്ച് ഉമ്മറത്ത് ഇരുത്തുകയും, ചായ എടുക്കാമെന്ന് പറഞ്ഞ് അകത്തേക്ക് പോകുകയും ചെയ്തു.

വിരുന്നുകാരെ വരവേൽക്കാൻ വെമ്പി നിൽക്കുകയായിരുന്നുവോ ആ വീടെന്ന് എനിക്കന്ന് തോന്നിപ്പോയി…

ധാരാളം മധുരം തോന്നിച്ച ചായ കുടിച്ചുകൊണ്ട് ഞാൻ മേസ്തിരിയെ തിരക്കി. അങ്ങേര് വരാൻ നേരം ആകുന്നതേയുള്ളൂവെന്ന് പറഞ്ഞ ആ സ്ത്രീ തുടർന്ന് മോൻ ആരാണെന്ന് ചോദിച്ചു. ആരാണെന്ന് പറയാൻ എന്തുകൊണ്ടോ എനിക്ക് സാധിച്ചില്ല….

നാട്ടിൽ നിന്ന് തലേന്ന് യാത്ര തിരിക്കുമ്പോൾ അച്ഛനെ എങ്ങനേയും കണ്ടെത്തണമെന്ന ഒറ്റ ചിന്ത മാത്രമേ തലയിൽ ഉണ്ടായിരുന്നുള്ളൂ.

ചിതറിപ്പോയ അച്ഛന്റെ പഴയകാല കൂട്ടുകാരിൽ ഒരാളാണ് ഈ മേസ്തിരിയും എന്നാണ് അറിയാൻ കഴിഞ്ഞത്. മേസ്തിരിയുടെ പേര് അറിയാത്തത് കൊണ്ട് വീണ്ടും വീണ്ടും എനിക്ക് ആ സ്ത്രീയോട് കൂടുതലൊന്നും ചോദിക്കാൻ പറ്റിയില്ല.

‘അങ്ങേരെ കണ്ടിറ്റ് എന്താ കാര്യം…?’

“അൽപ്പം സ്വകാര്യമാണ്…”

ആ സ്ത്രീയുടെ മുഖം നോക്കാതെയാണ് ഞാനത് പറഞ്ഞത്. വിഷയം ഗൗരവ്വമാണെന്ന് തിരിച്ചറിഞ്ഞത് പോലെ അങ്ങേര് ഇപ്പോൾ വരുമെന്ന് മാത്രം പറഞ്ഞ് ആ സ്ത്രീ അകത്തേക്ക് പോയി.

മറ്റാരും അവിടെ ഇല്ലെന്ന് തോന്നിയപ്പോൾ മുറ്റത്തെ പുളിമരത്തിന്റെ ചോട്ടിലേക്ക് ഞാൻ നടന്നു. നിറയേ സൂക്ഷിരങ്ങളുള്ള വലിയയൊരു പച്ച നിറത്തിലുള്ള കുടയിൽ നിന്ന് സന്ധ്യയാകുന്നുവെന്ന മഞ്ഞ വെളിച്ചം ഊർന്ന് വീഴുന്നു..

അമ്മ മരിക്കുമ്പോൾ എനിക്ക് പതിനാറ് വയസ്സാണ്. രാഘവനെന്ന എന്റെ അച്ഛനെ കണ്ട ഓർമ്മപോലും എനിക്കില്ല. എന്തുകൊണ്ടാണ് അച്ഛനും അമ്മയും പിരിഞ്ഞെതെന്നും എനിക്കറിയില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് നിന്റെ അച്ഛൻ ആളൊരു പാവമായിരുന്നുവെന്ന് മാത്രം അമ്മ പറഞ്ഞു. അച്ഛന് എന്തുസംഭവിച്ചുവെന്ന് ചോദിക്കും മുമ്പേ അമ്മയുടെ കണ്ണുകൾ അടഞ്ഞിരുന്നു…

വളരുന്തോറും അമ്മാവന്റെ വീട്ടിലെ കൂലിയില്ലാത്ത പണിക്കാരൻ ആകുകയാണെന്ന ബോധ്യത്തിലാണ് ഇരുപതാമത്തെ പ്രായത്തിൽ ഞാൻ നാടുവിടുന്നത്.

അനാഥത്വം ആഘോഷിക്കുന്ന തെരുവിന്റെ പള്ളയിലൂടെ ഞാൻ അസ്വസ്ഥമായി അലഞ്ഞു. ജന്മനാ ആരുമില്ലാത്തവരേക്കാളും പ്രയാസമാണ് ഉണ്ടായിട്ടും ഇല്ലെന്ന് അനുഭവിക്കുന്നവരുടെ ജീവിതമെന്ന് ജീവൻ നിലവിളിച്ചുകൊണ്ടേയിരുന്ന കാലം….

ലോറിത്താവളത്തിലും പഞ്ചാബി ദാബകളിലുമായി ജോലി ചെയ്ത് ഞാൻ വർഷങ്ങളെ തള്ളി നീക്കി. ആയിടക്കാണ് വളരേ അപ്രതീക്ഷിതമായി നാട്ടുകാരനായ മാധവേട്ടനെ ഞാൻ കാണുന്നത്..

ഇതെന്ത് കോലമാണെടായെന്ന് ചോദിച്ച മാധവട്ടനോട് വെറുതേ ഞാൻ ചിരിച്ചു. നീ എന്റെ കൂടെ കൂടിക്കോയെന്ന് പറയാൻ നിരവധി കച്ചവടമുള്ള മാധവേട്ടന് പിന്നീട് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് വിട്ടുപോയ നാടുമായി ഞാൻ വീണ്ടും ഒട്ടിച്ചേർന്നത്.

നാട്ടിലെത്തിയ എന്റെ ചിന്തമുഴുവൻ അച്ഛനിലായിരുന്നു. അത് മനസിലാക്കിയ മാധവേട്ടൻ തെളിച്ച് തന്ന വഴിയിലൂടെ സഞ്ചരിച്ചാണ് ഞാൻ അച്ഛനെ തേടി ആ പുളിമര ചോട്ടിൽ കാത്തിരിക്കുന്നത്.

നോവുന്ന ഓർമ്മകൾ അയവിറക്കുമ്പോൾ ഉള്ളിൽ മുള്ളുകൊണ്ട് ആരോ കോറുന്നത് പോലെ. അന്വേഷിച്ച വിധമെല്ലാം ശരിയാണെങ്കിൽ മേസ്തിരിക്ക് അറിയാമായിരിക്കും എന്റെ അച്ഛൻ എവിടെയാണെന്ന്…

‘ആരാ…?’

പ്രായവും രൂപവും കണ്ടപ്പോൾ അത് മേസ്തിരിയാണെന്ന് എനിക്ക് മനസിലായി. ഞാൻ നിങ്ങളുടെ കൂട്ടുകാരന്റെ മകനാണെന്ന് പറയാൻ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല.

‘ഏത് കൂട്ടുകാരന്റെ….?’

“രാഘവന്റെ….!”

‘സുലോചനയുടെ മോനോ….!!!! ‘

എന്നും പറഞ്ഞ് ആശ്ചരിച്ച് അയാൾ വിതുമ്പി. അമ്മയുടെ പേര് കേട്ടപ്പോൾ പ്രായം മുപ്പത് കവിഞ്ഞ ഞാനുമൊരു കുഞ്ഞിനെ പോലെ വിങ്ങി. എനിക്ക് അച്ഛനെയൊന്ന് കാണണമെന്ന് പറഞ്ഞപ്പോൾ മേസ്തിരി തലകുനിച്ചു. തുടർന്ന് അയാൾ എന്നെ ബലമായി പുണരുകയായിരുന്നു….

കൃത്യം ആ നേരത്തായിരുന്നു അയാളെ വിളിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത സ്ത്രീയുടെ ശബ്ദം പുളിമരച്ചോട്ടിലേക്ക് വന്നത്. ഇരുട്ട് വീണ് തുടങ്ങിയത് കൊണ്ട് ആരുടേയും മുഖം ഞാൻ കാണുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ആ സ്ത്രീയുടെ ശബ്ദം വ്യക്തമായി ഞാൻ കേട്ടു. കാതുകളിൽ സ്പഷ്ട്ടമായി പതിഞ്ഞു…..

‘രാഘവേട്ടാ…..!!!’