ഇത്രയൊക്കെ പ്രശ്നങ്ങൾ ഉള്ളയാൾ എന്തിന് വിവാഹം കഴിക്കാൻ തീരുമാനിച്ചു… തനിച്ചിരിക്കാൻ ആണ്..

(രചന: ശിവപദ്മ)

നീയൊന്ന് ശല്ല്യം ചെയ്യാതെ പോണുണ്ടോ അശ്വതി… ഇത്തിരി നേരം പോലും ഒന്ന് സമാധാനം തരില്ല… ഏത് നേരവും ഇങ്ങനെ വായിട്ടലച്ചോണ്ടിരിക്കും…  ഗൗതം ഈർഷ്യയോടെ പറഞ്ഞ് കൊണ്ട് ഫോണും എടുത്ത് എണീറ്റ് പോവുമ്പോൾ അതുവരെ ഉണ്ടായിരുന്ന അവളുടെ സന്തോഷങ്ങൾ എങ്ങോ പോയി…

മറുകൈയിൽ ഒളിച്ചു വച്ച കടലാസ് അവൾ ചുരുട്ടി പിടിച്ചു…

രാത്രിയിൽ കിടക്കാൻ നേരവും അവൾ അവനെ നോക്കി ഇരുന്നു… പതിനൊന്നരയായിട്ടും അവൻ റൂമിലേക്ക് എത്തിയില്ല.. ഹം

അവനെ നോക്കി ഇരുന്നു എപ്പോഴൊ അവൾ ഉറങ്ങി പോയി…  അവൻ വന്നതൊ കിടന്നതോ അവൾ അറിഞ്ഞില്ല…

” ഗൗതം എനിക്ക് ഒരു കാര്യം പറയാൻ…   രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.

” എൻ്റശ്വതി നിനക്ക് എന്താ വേണ്ടത്… രാവിലെ ഇറങ്ങുമ്പോൾ ആയാലും രാത്രി തിരികെ വരുമ്പോഴായാലും നീ ഓരോ കാര്യങ്ങളും കൊണ്ട് ഇങ്ങനെ വരല്ലേ… എന്തേലും വാങ്ങാനൊ മറ്റൊ ആണെങ്കിൽ ക്യാഷ് തന്നിട്ടുണ്ടല്ലോ വണ്ടിയും ഉണ്ട് പിന്നെ എന്നെ എന്തിനാ ഇങ്ങനെ ശല്ല്യം ചെയ്യണേ…  അവൻ കഴിപ്പ് നിർത്തി എണീറ്റ് പോയി…

ഇതിപ്പോൾ പതിവായത് കൊണ്ട് അവൾക്ക് വലിയ വിഷമമൊന്നും തോന്നിയില്ല, ആവർത്തനങ്ങളിൽ എവിടെ വേദനിക്കാനാണ്…,

ദിവസങ്ങൾ ഒന്നിന് വേണ്ടിയും ആരെയും കാത്തു നിന്നില്ല…

പതിവ് പോലെ രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കയായിരുന്നു ഗൗതം..
ടേബിളിൽ ഭക്ഷണം അടച്ച് വച്ചിട്ടുണ്ട്…. അവൻ ചുറ്റിലും നോക്കി അവളെ അവിടെ എങ്ങും കണ്ടില്ല…

അശ്വതി… അശ്വതി… അവൻ വിളിച്ചു… അകത്തെ മുറിയിൽ നിന്നും അവൾ ഇറങ്ങി വന്നു…

നീയിതെവിടെ ആയിരുന്നു… വന്നെ ഫുഡ് എടുക്ക്…  അവൻ പറഞ്ഞു…

ഫുഡ് അവിടെ വച്ചിട്ടുണ്ടല്ലൊ ഗൗതം… വാരി തരേണ്ട ആവശ്യമൊന്നുമില്ലല്ലോ… എനിക്ക് കുറച്ചു ജോലിയുണ്ട്… അവൻ്റെ മറുപടിയ്ക്ക് കാത്ത് നിൽക്കാതെ അവൾ മുറിയിൽ കയറി വാതിലടച്ചു..

മുഖത്തടിയേറ്റപോലെ നിന്ന് പോയവൻ…   ഇതുവരെ ഇത്തരം പെരുമാറ്റം ഒന്നും അവളിൽ ഇല്ലായിരുന്നു…  അവൻ ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോയ്…

പിന്നീട് ഇതൊരു പതിവായി… അവൻ്റേ ആവശ്യങ്ങളെല്ലാം അവൻ പറയാതെ തന്നെ അവൾ ചെയ്തു പക്ഷേ അവൻ്റെ കൺമുന്നിൽ കാണുന്നുണ്ടായില്ലവളെ…
അവനോട്ട് അത് ശ്രദ്ധിച്ചും ഇല്ല… അവൻ്റെ ലോകം ഫോണും ജോലിയും മാത്രം ആയി…

 

ആ ഗൗതം.. കുറേ നാളായല്ലൊ നിന്നെ കണ്ടിട്ട്… ഒരിക്കൽ ഒരു ക്ലൈൻ്റ് മീറ്റിന് ശേഷം കാറിനടുത്തേക്ക് നടക്കവേ അവന്റെ ഒരു സുഹൃത്തിനെ കണ്ടു.

ആ കുറച്ചധികം തിരക്കായി പോയെടാ അതാ… ഗൗതം മറുപടി പറഞ്ഞു.

ആ നീ എപ്പോഴും തിരക്കിലാണ് എന്നത് അശ്വതി പറഞ്ഞു. അശ്വതിയെ സ്ഥിരം കാണാറുണ്ട്.. കൂട്ടുകാരൻ പറഞ്ഞപ്പോൾ അവൻ സംശയത്തോടെ നോക്കി.

എവിടെ വച്ച്… ഗൗതം ചോദിച്ചു.

ഹാ എൻ്റെ ഇളയകുഞ്ഞിനെ ചേർത്ത കിൻ്റർ ഗാർഡനിലെ ടീച്ചർ അശ്വതിയല്ലേ… നീയറിഞ്ഞില്ലേ.. അവൻ ചോദിച്ചു… ഗൗതം ഇത് കേട്ട് ഞെട്ടിപ്പോയി. പിന്നീട് അത് കൂട്ടുകാരനിൽ നിന്ന് മറച്ചു.

ഹാ അറിയാം… അവൻ പറഞ്ഞു.

ചുമ്മാ പറയുവല്ല കേട്ടോടാ… എത്ര നന്നായി ആണ് അവൾ കുഞ്ഞുങ്ങളെ നോക്കുന്നതെന്നോ… പിള്ളേർക്ക് ഭയങ്കര ഇഷ്ടമാണ് അവളെ.. കൂട്ടുകാരൻ പറഞ്ഞത് കേട്ട് അവൻ പുറമേ ഒന്ന് ചിരിച്ചു.

ശരിയെന്നാ ഞാൻ പോവാണ്.. പിന്നെ കാണാം… സുഹൃത്ത് യാത്ര പറഞ്ഞു കൊണ്ട് പോയി.. കുറേ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നശേഷം അവൻ വണ്ടിയിൽ കയറി പോയ്…

 

ഉച്ചയോടെ അവൻ വീട്ടിൽ എത്തി… വാതിൽ തുറക്കാൻ ശ്രമിച്ചു കഴിയാതെ വന്നപ്പോൾ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് കീ കൊണ്ട് വന്ന് വാതിൽ തുറന്നു.

അക്കാലത്ത് കയറി എല്ലായിടത്തും അവൻ കയറിയിറങ്ങി നോക്കി… അവളുടേതായ ജോലികൾ എല്ലാം അവൾ തീർത്തിട്ടുണ്ട്… ടേബിളിൽ ഉച്ചയ്ക്ക് ഉള്ള ഭക്ഷണവും അടച്ച് വച്ചിട്ടുണ്ട്… അവൻ എല്ലാ നോക്കി കൊണ്ട് ഹാളിൽ സോഫയിൽ ഇരുന്നു..

മൂന്നരയോടെ അശ്വതി എത്തി.. ഹാളിലെ സോഫയിൽ ഇരുന്നു ഗൗതത്തിനെ കണ്ടിട്ടും അവൾ മൈൻ്റ് ചെയ്യാതെ അകത്തേക്ക് കയറി പോയ്..

അവളുടെ ആ രീതി അവനെ നന്നായി ചൊടിപ്പിച്ചു… അല്ലെങ്കിലെ തന്നോട് പറയാതെ ജോലിയ്ക്ക് പോയതിലുള്ള ദേഷ്യം ഇപ്പൊ ഇതും…

അശ്വതി നിൽക്ക്… അവൻ ഇരുന്നിടത്ത് നിന്ന് എണീറ്റു…

ആ വിളി പ്രതീക്ഷിച്ചത് പോലെ അവൾ അവനെ തിരിഞ്ഞ് നോക്കി…

നീയെവിടെ പോയതാണ് ഇതുവരെ… അവൾക്ക് മുന്നിൽ വന്ന് നിന്നവൻ.

ജോലിയ്ക്ക്… അവളും അവനെ തന്നെ നോക്കി പറഞ്ഞു.

ജോലിയ്ക്കോ… ആരോട് ചോദിച്ചിട്ടാ നീ ജോലിയ്ക്ക് പോയത്…

ആരോട് ചോദിക്കുമായിരുന്നു… ഇത് എൻ്റെ ലൈഫാ അത് മറ്റുള്ളവരുടെ തീരുമാനത്തിനല്ലല്ലോ ഞാൻ ജീവിക്കേണ്ടത്…

ഭർത്താവായ എന്നോട് പറയണം എന്ന സ്വാഭാവിക മര്യാദ പോലും നിനക്കില്ലേ…

മര്യാദയെ കുറിച്ച് താൻ പറയരുത് ഗൗതം… അങ്ങോട്ട് മാത്രം അല്ല തിരികെ ഇങ്ങോട്ടും ആവാം..

ഞാൻ എന്ത് ചെയ്തു എന്നാ… എന്നോട് പറയാതെ നീ ജോലിയ്ക്ക് പോയത് തെറ്റാണെന്ന് തോന്നുന്നില്ലേ നിനക്ക്… അത് മറ്റൊരാൾ വഴി ഞാൻ അറിയുമ്പോൾ എൻ്റെ മാനസികാവസ്ഥ എന്തെന്ന് അറിയോ നിനക്ക്… അവൻ്റേ ക്ഷമ നശിച്ചിരുന്നു…

ഓ… നിങ്ങൾക്ക് അങ്ങനെ ഒക്കെ തോന്നാറുണ്ടല്ലേ… അവൾ പുശ്ചത്തോടെ മുഖം തിരിച്ചു.

നീയെന്താ എന്നെ കളിയാക്കാ… നീ ആരോട് ചോദിച്ചിട്ടാ ജോലിയ്ക്ക് പോയത്…

ആരോടും ചോദിച്ചില്ല… എനിക്ക് തോന്നി ചെയ്തു… പിന്നെ നേരത്തെ പറഞ്ഞ മര്യാദയുടെ പേരിൽ ഞാൻ പറയാൻ വന്നതാ. എന്താണ് കാര്യം എന്ന് പോലും കേൾക്കാൻ നിൽക്കാതെ എന്നെ ആട്ടിപായിക്കയല്ലേ ചെയ്തത്… ആ ആളോട് ഞാൻ ഒന്നും പറയാത്തതാണൊ പ്രശ്നം… അവളും വീറോടെ പറഞ്ഞു…

അപ്പോഴാണ് അവൻ കുറച്ചു ദിവസം മുൻപ് അവൾ സംസാരിക്കാനായി വന്നത് എന്ന് ഓർത്തത്… അവൻ പിന്നെ ഒന്നും മിണ്ടിയില്ല…

എന്തേ ഒന്നും പറയണ്ടേ ഇപ്പൊ… നിങളുടെ അടുത്തേക്ക് വരാൻ പോലും സമ്മതിക്കില്ല എന്നിട്ട് ഞാൻ പറയാത്തതായി കുറ്റം…  ഒരു കാര്യം ചോദിക്കട്ടെ എന്നോട് സംസാരിച്ചാൽ എന്നെയൊന്നു കേൾക്കാൻ പോലും കഴിയാത്ത എന്ത് ജോലി തിരക്കാ നിങ്ങൾക്ക് ഉള്ളത്…  വീട്ട് ചിലവിന് ആവശ്യത്തിനുള്ള പണം തന്നാ ഒരു ഭർത്താവിന്റെ എല്ലാ കടമയും തീർന്നു എന്നാണൊ…  അവളിൽ അടക്കി നിർത്തിയ ദേഷ്യം പുറത്തേക്ക് വന്നു.

പിന്നെ ഞാൻ എന്താ നിന്നേ തലയിൽ എടുത്തു കൊണ്ട് നടക്കണൊ… നൂറു കൂട്ടം ജോലിയും അതിന്റെ പ്രശ്നങ്ങളും ഉള്ളവനാ, അതിൻ്റെ ഇടയിൽ നിന്നോട് കൊഞ്ചാനൊ പുന്നാരിക്കാനോ എനിക്ക് ചിലപ്പോൾ പറ്റിയെന്ന് വരില്ല അതിന്…

ഒന്ന് നിർത്തുന്നുണ്ടോ… എപ്പഴും ജോലി അതിന്റെ പ്രശ്നങ്ങൾ… കേട്ട് കേട്ട് മടുത്തു… ഇത്രയൊക്കെ പ്രശ്നങ്ങൾ ഉള്ളയാൾ എന്തിന് വിവാഹം കഴിക്കാൻ തീരുമാനിച്ചു… തനിച്ചിരിക്കാൻ ആണ് ആഗ്രഹിച്ചെങ്കിൽ എന്നയെന്തിനാ ഇതിലേക്ക് വലിച്ചിട്ടത്…   അവനെ പറഞ്ഞ് തീർക്കാൻ അനുവദിക്കാതെ അവൾ ചോദിച്ചു.

അതിന് അവന് മറുപടി ഉണ്ടായില്ല…

നിങ്ങൾ ചോദിച്ചില്ലേ നിന്നെ തലയിൽ കയറ്റി കൊണ്ട് നടക്കണൊന്ന്… അത്രയൊന്നും വേണ്ട.. ജസ്റ്റ് ഞാൻ പറയുന്നത് ഒന്ന് കേൾക്കുകയെങ്കിലും ചെയ്തൂടെ.. അടുത്തിരിക്കുമ്പോ ഒന്ന് ചേർത്ത് പിടിക്കയെങ്കിലുംം.. എവിടെ രണ്ട് മൂന്ന് ആഴ്ചയായി ഭാര്യ കൂടെയല്ല ഉറങ്ങുന്നത് എന്ന് പോലും അറിയാത്ത ആളാണ് ചേർത്ത് പിടിക്കുന്നത്… അവൾ പുശ്ചത്തോടെ അവനെ നോക്കി…

അവൻ വല്ലായ്മയോടെ അവളെ നോക്കി…  ഏകദേശം തെറ്റൊക്കെ തൻ്റെ കൈയിൽ ആണെന്ന് അവൻ തിരിച്ചറിഞ്ഞു തുടങ്ങി…

നാട്ടിലായിരുന്നപ്പോൾ അച്ഛനും അമ്മയും ഗൗരിയും കുട്ടികളും ഒക്കെയായി ഞാൻ ഒത്തിരി സന്തോഷിച്ചിരുന്നു… ഇവിടെ ഈ നഗരത്തിൽ വന്നതിനു ശേഷം ഈ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഞാൻ ശ്വാസം മുട്ടുകയായിരുന്നു അറിയുമോ നിങ്ങൾക്ക്…  ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതെ… വൈകിട്ട് ജോലി കഴിഞ്ഞ് ഗൗതം വരുന്നവരെ ഞാൻ അനുഭവിച്ചിരുന്ന ഒരു വീർപ്പുമുട്ടലുണ്ട് അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ… വന്ന് കഴിഞ്ഞാൽ എങ്കിലും എന്നോട് ഒന്ന് മിണ്ടുക പോലും ഇല്ല… ഒരു കുറഞ്ഞെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയിരുന്നു…  അവളിലെ ദേഷ്യം സങ്കടത്തിന് വഴിമാറി അവളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി…

 

ഗൗതമിനും വിഷമം തോന്നി… തൻ്റെ നിർബന്ധമാണ് ഇപ്പൊ കുഞ്ഞ് വേണ്ട എന്നത്… എൻ്റെ ആ തീരുമാനത്തെ അവൾ അംഗീകരിച്ചപ്പോൾ അവളേ അത് പോലെ സ്നേഹിക്കയെ സംരക്ഷിക്കയെം ചെയ്യണ്ടതായിരുന്നു തെറ്റായി പോയി… അവൻ്റെ മനസ് അവനോടു പറഞ്ഞു…

പിന്നെ ജോലിയ്ക്ക് പോകുന്നത്… ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തത് ഇങ്ങനെ പൊട്ടക്കിണറ്റിലെ തവളയെ പോലെ ഇതിനകത്ത് ഇരിക്കാനല്ല… അൽപമെങ്കിലും സന്തോഷവും സമാധാനവും കിട്ടി തുടങ്ങിയത് ഈ ജോലിയ്ക്ക് പോയതിനു ശേഷമാണ്… അത് കൊണ്ട് തന്നെ ഇത് തുടരാൻ തന്നെയാണ് എന്റെ തീരുമാനം..

ഒരു കാര്യം എപ്പോഴും ഓർക്കണം ഗൗതം ഞാനും ഒരു മനുഷ്യജീവിയാണ് എനിക്കും ഒരു മനസ്സുണ്ട്… അറ്റ്ലീറ്റ്സ് അതെങ്കിലും ഓർക്കണം…  ഇനിയൊന്നും പറയാനില്ലാത്തപോൽ അവൾ അകത്ത് കയറി പോയ്…

 

ഗൗതം കുറേ നേരം സോഫയിൽ ഇരുന്നു… കഴിഞ്ഞത് മുഴുവൻ ആലോചിച്ചു… അവളെ ഒന്നിൻ്റെ പേരിലും കുറ്റപ്പെടുത്താൻ ആവില്ല… അച്ഛനമ്മമാരുടെ ഓമനമകളാണ്.. തൻ്റെ അച്ചനും അമ്മയ്ക്കും മൂന്നമത്തെ മകൾ അങ്ങനെയാണ് അവൾ ഗൗരിയ്ക്ക് സ്വന്തം ചേച്ചി… എല്ലാരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ്… അവളെ എല്ലാവരും മത്സരിച്ച് സ്നേഹിക്കുന്ന കണ്ടപ്പോൾ അവളുടെ സ്നേഹം മുഴുവൻ തനിക്ക് മാത്രം മതി എന്ന വാശിയിൽ ആണ് അവളെ നാട്ടിൽ നിന്നും കൊണ്ട് വന്നത്… വരാൻ അവൾക്കും വിടാൻ വീട്ടുകാർക്കും വലിയ വിഷമം ആയിരുന്നു… ഒടുവിൽ എൻ്റേ മാത്രമായി കൊണ്ട് വന്നിട്ട് അവളെയൊരു നിമിഷം പോലും സന്തോഷമായി നോക്കാൻ കഴിഞ്ഞില്ല തെറ്റാണ് എൻ്റെ മാത്രം തെറ്റ്…   അവൻ്റെ മനസ് എല്ലാം അംഗീകരിച്ചു. ഇനി തങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങളും സമാധാനവും ഉണ്ടാകും എന്ന് അവൻ സ്വയം ഉറപ്പെടുത്തി അവളുടെ മുറിയിലേക്ക് പോയി…

ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കയാണവൾ… അവൻ അവളെ പിന്നിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്ത് പിടിച്ചു… പെട്ടെന്ന് ഒന്ന് ഞെട്ടിപോയവൾ…

സോറി… കഴുത്തിൽ അവൻ്റെ ചുടു നിശ്വാസം ഏറ്റവൾ ഒന്നേങ്ങി… കണ്ണുകൾ നിറഞ്ഞു തുളുമ്പി… പെട്ടെന്ന് തന്നെ അവൾ അവനെ തിരിഞ്ഞ് കെട്ടിപ്പിടിച്ചു…  ഉള്ളിലെ സങ്കടങ്ങൾ എല്ലാം ഇരുവരും പരസ്പരം പറഞ്ഞു തീർത്തു…

നാളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും ഒന്നായി… അവൻ്റേ ഓരോ സ്പർശനത്തിലും അവളിലെ പെണ്ണ് പൂത്തുലഞ്ഞു പോയ്…  ഒടുവിലാ കൂടിചേരലിൻ്റെ അവസാനം ഒരു പുഞ്ചിരിയോടെ അവളിലേക്ക് അമർന്ന് കിടന്നവൻ…

അച്ചൂ…. അവൻ ആർദ്രമായി വിളിച്ചു…

മ്… അവൾ അവൻ്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്നു..

നമുക്ക് കുഞ്ഞിനെ പറ്റി ആലോചിക്കാം.. ഇനിയും അത് നീട്ടണ്ട…

എന്തേ പെട്ടെന്ന് ഈ മാറ്റം ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടാണോ….

ഒരിക്കലും അല്ല..പ്രഗ്നസി നിന്റെ ജോലിക്ക് ഒരു തടസമല്ല… നമ്മുടെ കുഞ്ഞിനെ നീ എത്രകെയർ ചെയ്യും എന്ന് എനിക്ക് അറിയാം.. അവൻ അവളെ കൂടുതൽ മുറുക്കി പിടിച്ചു…

അവൻ്റെ പ്രണയം മതിവരാത്ത പോൽ അവളും അവനെ ഇറുകെ പുണർന്നു…

Nb.. മനസ് തുറന്നൊന്ന് സംസാരിക്കൂ… അതിൽ തീരാനെ ഉള്ള കൂടുതൽ പ്രശ്നങ്ങളും… അത് പോലെ പരസ്പരം കേൾക്കാനും ശ്രമിക്കൂ..