ഡോക്ടർ സാർ
(രചന: ശിവാനി കൃഷ്ണ)
പതിവ് പോലെ ഇന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു… നിങ്ങൾ ന്റെ മുഖത്തു ഒരു അമിത സന്തോഷമോ ആക്രാന്തമോ ഒക്കെ കാണുന്നില്ലേ.. ല്ലേ… ല്ലേ!
എന്താണെന്നല്ലേ.. അങ്ങനെ ഇപ്പോ അറിയണ്ട.. വഴിയേ പറയാം…
അങ്ങനെ കുളിച്ചൊരുങ്ങി ഒരു കുട്ടി മദയാനയായി അമ്മേടെ bmw വിൽ അങ്ങട് വലത് കാലെടുത്തു വെച്ചു….
bmw ന്ന് വെച്ചാൽ ബിന്ദൂസ് മോട്ടോർ വാഹനം…ഇതിലിങ്ങനെ പിറകീന്ന് ബിന്ദുസ്നേം കെട്ടിപിടിച്ചിരുന്നു പോണ സുഖം ഇണ്ടല്ലോ…എന്റെ സാറേ…
അത് ദുൽഖറിനെ പിടിച്ചാൽ പോലും കിട്ടില്ല…പിന്നെ നുണ പറച്ചിലായി… അന്തക്ഷരിയായി.. അങ്ങനെ അങ്ങനെ അങ്ങ് പോകും… ഇടയ്ക്ക് വെയിലും മഴയും കാറ്റും ഒന്നും ഒരു പ്രശ്നമേ ആവാറില്ല….
ഇത്തവണ പിന്നെ വേറൊരു കള്ളലക്ഷ്യം കൂടി മനസിലുള്ളത് കൊണ്ട് അതിന്റെ അഗാധമായ ചിന്തകളിൽ ഉഴറി നടന്നു എന്റെ ഇളം മനസ്സ്….
ഇടയ്ക്ക് ഒരു കടയിൽ നിർത്തി പൊറോട്ടയും മുട്ട കറിയും സ്ട്രോങ്ങ് ആയിട്ട് ഒരു ചായയും കൂടി വാങ്ങിത്തന്നപ്പോ ന്റെ തലച്ചോറിലെ ബുദ്ധിഭാഗത്തിന് നാക്കു വെച്ചു തുടങ്ങി…
ഇന്ന് വല്ലോം അങ്ങേരെന്നെ mind ചെയ്യാതിരുന്നാൽ അങ്ങേർടെ ചാമ്പക്ക മൂക്ക് ഞാൻ ഇടിച്ചു പരത്തി ചപ്പാത്തി ആക്കി വിടും നോക്കിക്കോ…
ഒരു വല്യ പത്രാസ്കാരൻ വന്നേക്കുന്നു… അല്ലേ നിങ്ങൾ പറ…കുറച്ച് ഗ്ലാമർ ഉണ്ടെന്നും കരുതി ഇങ്ങനെ പട്ടി ഷോ കാണിക്കണോ… ഓഹ് നിങ്ങൾ എന്നാ പറയാനാ അല്ലേ..
പൊട്ടൻ ആട്ടം കണ്ടോണ്ട് ഇരിക്കുവല്ലേ.. അല്ലങ്കിലും കഥ അറിയാതെ ആട്ടം കാണുമ്പോ ഒരു പ്രിത്യേക ഫീൽ അല്ലേ സൂർത്തുക്കളെ.. ആ ഫീൽ നിങ്ങൾക്ക് കിട്ടാൻ വേണ്ടി അല്ലേ ഞാൻ അത് പറയാതെ കഥ പറയുന്നേ…ഹാ…
അങ്ങനെ ടോക്കൺ ഒക്കെ എടുത്തിട്ട് ക്യൂയിൽ നിന്നപ്പോ ദേ നില്കുന്നു റിസപ്ഷനിൽ ഒരു സുന്ദര യുവ കോമളൻ…
മുഖത്തേക്ക് വീണു കിടക്കുന്ന ആ മുടിയും…. ആ കറുകറുത്ത കണ്ണുകളും…നീണ്ട മൂക്കും…
ആഹാ അന്തസ്സ്… അങ്ങേരെ അങ്ങ് തേച്ചാലോ… മ്മ്… വേണ്ടല്ലേ.. ഇതൊരു സൈഡിൽ ഒതുക്കി നിർത്തിയേക്കാം… അങ്ങനെ വരിയിൽ മുന്നിൽ എത്തി ആ ചെല്ലകിളിയോട് ഒന്ന് സംസാരിക്കാനുള്ള ക്ഷമ നശിച്ചു തുടങ്ങിയിരുന്നു….
“ഏത് ഡോക്ടറെ കാണാനാ… ”
“ഡയാന മേഡത്തിനെ…”
“ഗൈനക്കിലെയോ…” എന്നും ചോയ്ച്ചു അവൻ എന്നേ ഒരു ആക്കി ചിരി…ഇവന്റെ ഇളി കണ്ടാ പെറാൻ നിക്കുന്നോരു മാത്രേ ഗൈനക്കോളജിസ്റിനെ കാണു എന്ന് തോന്നും… സ്വല്പം പോലും വിവരമില്ല… ഹും..
“ആഹ്..”
വിവരമില്ലെങ്കിലും ചെറുക്കൻ കൊള്ളാല്ലോ… അതോണ്ട് നമ്മൾ നന്നായി നിക്കണം.. Kkpp ആണല്ലോ പോളിസി…
“എന്താ ചേട്ടന്റെ പേര്…”
“പേരയ്ക്ക.. ”
ശേ… നശിപ്പിച്ചു… പുരാതന കാലത്തെ ചളിയും കൊണ്ട് ഇറങ്ങിയേക്കുന്നു…
“കുട്ടി സോന… ല്ലേ…”
“അല്ല…. ഒതളങ്ങ… സ്നേഹം കൂടുമ്പോ എല്ലാരും ളങ്ങ ന്ന് വിളിക്കും… ന്തേ..”
“ഓഹ്… ശെരി ളങ്ങേ… ചെല്ല് ചെല്ല്… ഹഹ..”
നീ പോടാർക്കാ… ഈ ഗ്ലാമർ ഉള്ള എല്ലാം പട്ടി ഷോ ആണല്ലോ ന്റെ ഈശോയെ…
ഇനി അകത്തിരിക്കുന്ന സാധനം എന്തൊക്കെ ആണോ ആവോ കാണിച്ചു കൂട്ടാൻ പോകുന്നത് … മോശം പറയരുതല്ലോ… രണ്ട് മണിക്കൂർ ചൊറീം കുത്തി ഇവിടെ ഇരുന്നാലേ ഇനി അകത്തോട്ടു ആനയിക്കു…
കുറെ നേരം ഫോണിൽ കുത്തികൊണ്ട് ഇരുന്നു.. ഏകദേശം മുക്കാൽ പേരും പോയി കഴിഞ്ഞു… ഒരു മൂലയിൽ അമ്മ ഇരുന്നു വനിത വായിക്കുന്നുണ്ട്… ഒരു മൂലയിൽ ഞാൻ വായിനോക്കാൻ പോലും ഒരു ചിക് ഇല്ലാതെ കണ്ണീരൊഴുക്കി ഇരിപ്പുണ്ട്…
ക്യാന്റീനിൽ പോയൊരു ഫ്രൂട്ടി ഒക്കെ വാങ്ങിക്കൊണ്ടു വന്നപ്പോഴേക്കും വിളിച്ചു… ഹാവു… ഭാഗ്യം.
“ഞാൻ വരണോ..”
“വേണ്ടമ്മാ..ഞാൻ കണ്ടിട്ട് വരാം..”
“മ്മ്…”
അകത്തു ചെന്നപ്പോ ഡയാന ഡോക്ടർ മാത്രമേ ഉള്ളു… പൊക്കിപ്പടുത്ത എന്റെ ചീട്ട് കൊട്ടാരം ശടെ ന്ന് പൊളിഞ്ഞു മറിഞ്ഞു വീഴുന്നത് കണ്ട് ന്റെ നെഞ്ച് തകർന്നു… ട്ടു ട്ടു…. ട്ടു ട്ടു….ട്ടു……
ആ മുതുക്കു കാള ഇന്ന് വന്നിട്ടില്ലേ… ഇവനൊക്കെ പിന്നെന്തിനാ ഡോക്ടർ എന്നും പറഞ്ഞു നടക്കുന്നത്… ഒരു തരി ആത്മാർഥത പോലുമില്ലാത്ത ജന്തു… ഡോക്ടർ ആണ് പോലും… ഹും….
എന്തിനാണോ ഇപ്പോ ഞാൻ നിന്ന് മോങ്ങുന്നത്… കോപ്പ്…ഇവനൊന്നും മനുഷ്യനെ ജീവിക്കാനും സമ്മതിക്കില്ല… തെണ്ടി…
“എന്താ സോനമോൾടെ മുഖത്തൊരു വാട്ടം…”
“ചും.. ഒന്നുല്ല ഡോക്ടർ…”
“മ്മ്.. മ്മ്..”
“ആ റിസൾട്ട് പേപ്പർ ഇങ് തന്നേ…”
പിന്നെ എന്തൊക്കെയോ പറഞ്ഞു… സ്കാൻ ചെയ്യണം ന്ന് പറഞ്ഞു എഴുന്നേറ്റപ്പോഴാ ഒരു നേഴ്സ് ഓടി വന്നു ലേബർ റൂമിൽ അത്യാവശ്യമായിട്ട് ചെല്ലണം എന്ന് പറഞ്ഞത്… പിന്നെ എന്റെ ഭാഗ്യത്തിന് അപ്പോ തന്നേ നമ്മുടെ മണുകുണാഞ്ജൻ കേറി വന്നു…
ആഹ്.. എന്നാ ലുക്കാ…താടിയൊക്കെ കളഞ്ഞു ഒന്നൂടി ഗെറ്റപ്പ് ആയി… മ്മ് എല്ലാം എന്റെ ഭാഗ്യം.. ഹിഹി…
എന്നാലും ആ മൊരട്ട് മോന്തയിൽ ഒരു ചിരി വിരിയാൻ ഞാൻ ഇനി എന്തൊക്കെ ചെയ്യണം ന്റെ പൊന്നും കുരിശ് മുത്തപ്പാ…
“ആ ജോയ് നീ വന്നത് നന്നായി…”
“എന്താ ഡോക്ടർ..”
“എനിക്ക് ഒന്ന് ലേബർ റൂം വരെ പോണം… അപ്പോഴേക്കും നീ സോനയെ just ഒന്ന് സ്കാൻ ചെയ്തിട്ട് ഇവിടെ വെയിറ്റ് ചെയ്.. അപ്പോഴേക്കും ഞാൻ വരാം…”
“ഓക്കേ ഡോക്ടർ…”
ഡോക്ടർ പോയതും എന്നേ ഒരു നോട്ടം..
“ശോ പൊ അവിടന്ന് ഇങ്ങനെ നോക്കല്ലേ ഡോട്ടരെ… നിച്ച് നാണം വരുന്നു… ”
“എഴുന്നേറ്റ് പോയി ആ ബെഡിൽ കിടക്ക് കൊച്ചേ…”
“അയ്യേ ഇത്ര പെട്ടെന്നൊ…”
“നിനക്ക് സ്കാൻ ചെയ്യണ്ടേ…”
“ഓ അതിനാരുന്നോ…”
“പിന്നെ മാഡം എന്നാ വിചാരിച്ചു…”
“ഒന്നും ഇല്ലായെ… ഹും..”
കർട്ടൻ മാറ്റി പോയി കിടന്നു.. ഇത്രേം നാളായിട്ട് വരുന്നെങ്കിലും സ്കാനിങ് ഒക്കെ ആദ്യായിട്ടാ.. ഈശ്വര കാടാക്ഷിച്ചോണെ….
സ്കാൻ ചെയ്യുന്നതിനിടക്ക് ഡോട്ടർ ഇങ്ങനെ ന്റെ കണ്ണിലേക്കു നോക്കി അതിന്റെ മാന്ത്രിക വലയത്തിൽ പെട്ട് ആഴങ്ങളിലേക്ക് മൂക്കും കുത്തി വീണു പോണേ….
“നേരെ കിടക്ക് കൊച്ചേ…”
“നേരെ അല്ലേ കിടക്കുന്നെ…”
“നീ ഒളിമ്പിക്സിനൊന്നും പോണില്ലല്ലോ ഇങ്ങനെ കാലും വെച് കിടക്കാൻ… അടുപ്പിച്ചു വെച് സ്റ്റഡി ആയി കിടക്ക്…”
“ഓഹ്… ഹും..”
സ്റ്റഡി ആയി കിടക്കണം പോലും… അവസാനം ഇങ്ങേരെ ന്നേ സ്റ്റഡി ആക്കി കിടത്തി മേലേക്ക് പറഞ്ഞു വിടുവോ ഈശോയെ ..
“അമ്മച്ചി എന്ത് പറയുന്നു ഡോക്ടറെ…”
“മിണ്ടാതെ കിടക്ക് കൊച്ചേ..”
എപ്പോഴും ഒരു കൊച്ചേ കൊച്ചേ കൊച്ചേ… എന്നേ ന്താ ഇങ്ങേരുടെ കൈയിൽ വെച്ചാണോ മാമോദിസ ചെയ്യിച്ചത്…. ജാഡ തെണ്ടി… അമ്മച്ചിടെ കാര്യം പറഞ്ഞെങ്കിലും വളയ്ക്കാന്ന് വിചാരിച്ചതാരുന്നു…
“ഡോക്ടർ സാറേ…എന്റെ ഡോക്ടർ സാറേ… എന്റെ രോഗം ഒന്ന് നോക്കണേ ആദ്യം തന്നേ..
കയ്യിലെ കുഴലും നെഞ്ചിൽ വെചെൻ
രോഗം ഒന്ന് നോക്കണേ കാശിലാതെ..
സീരിയസ് ആണേ… കാര്യം സീരിയസ് ആണേ… നേരം പോയാൽ പിന്നെ ആപത്താണേ….”
“ഉവ്വ… നിന്റെ രോഗം ഒക്കെ നിക്ക് മനസ്സിലാവുന്നുണ്ട്… ഇപ്പോ നീ ഇത് മാറ്റ്…”
“എന്ത്?”
“ഉടുപ്പ് മാറ്റാൻ…”
“അയ്യേ… എന്തിന്..”
“നിനക്ക് സ്കാൻ ചെയ്യണ്ടേ…”
“വേണം…”
“അത് പിന്നെ മോന്തയത്തിലാണോ ചെയ്യുന്നത്..”
“അല്ലേ…”
“ഹോ… ഇതിനെയൊക്കെ…മാറ്റ് കൊച്ചേ അങ്ങോട്ട്…”
ഉള്ളത് തന്നെയാണോ ആവോ… ഇഷ്ട്ടം ഒക്കെ ആണേലും ഇങ്ങനെ ഒകെ ഇങ്ങനെയാ.. ആകെ ന്തോ പോലെ…
“റിലാക്സ് സോനാ… ഞാൻ ഇപ്പോ തന്റെ ഡോക്ടറും താൻ എന്റെ പേഷ്യന്റ്റും ആണ്.. അത്ര ഓർത്താൽ മതി…”
“മ്മ്..”
എന്നിട്ട് എന്തോ കുന്ത്രാണ്ടം ഒക്കെ വെച് അങ്ങേരെ എന്റെ വയറ്റിൽ ട്രാക്ടർ ഓടിച്ചു..
“നന്നായിട്ട് നോക്കിക്കോ.. നിങ്ങടെ കൊച്ചുങ്ങൾ കിടക്കാൻ ഉള്ള വയറാ…”
“എന്താ..”
“മ്മ് ചും…”
അതിന് ഉത്തരമായിട്ട് എന്നേ നോക്കി ഒന്ന് ഇരുത്തി മൂളിയതും ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു…
“മ്മ് കഴിഞ്ഞു അവിടെ പോയിരിക്”
“ഡോക്ടർ വരുന്നില്ലേ… ”
“ഞാൻ വന്നോളാം.. പോയിരിക്”
“ഞാനും ഡോക്ടർ പോകുമ്പോ പോവാം..”
ഒന്ന് രൂക്ഷമായി നോക്കേണ്ടി വന്നെ ഉള്ളു.. ഞാൻ നല്ലുട്ടി ആയി….
കുറച്ച് കഴിഞ്ഞപ്പോ ഡോട്ടർ മോൻ വന്നു അവിടെ ഇരുന്നു….
“എന്താ ഡോക്ടറെ.. വല്ലോം ഉണ്ടോ..”
“എന്ത്..”
“വയറ്റിൽ..”
“ഏഹ്..”
“അല്ല..അതിൽ എന്തേലുമുണ്ടോ ന്ന്..”
“അതൊക്കെ ഞാൻ ഡോക്ടറോട് പറഞ്ഞോളാം … നീ അവിടെ അടങ്ങി ഇരുന്നോ..”
“ഓഹ്… ഹും..”
എന്റെ പട്ടി അടങ്ങി ഇരിക്കും.. നീ പോടാ…
“അല്ല ഡോട്ടരെ… അമ്മ ന്ത് പറയുന്നു…”
“മലയാളം…”
“ആഹാ… അമ്മക്ക് മലയാളം ഒക്കെ അറിയോ…”
ഇങ്ങനെയുമുണ്ടോ മനുഷ്യർ ന്ന് ഉള്ള രീതിയിൽ ഒരു നോട്ടം…
“അല്ല ഡോട്ടരെ… ആ റിസിപ്ഷനിൽ ഇരിക്കുന്ന ചെക്കൻ ഏതാ…. ജിം ബോഡി ഒക്കെ ഉള്ള…ഇന്നൊരു പിങ്ക് ഷർട്ട് ആണ്..”
“എന്തെ നിനക്ക് കെട്ടി കൂടെ പൊറുപ്പിക്കാനാണോ..”
“ഓഹ് നിക്ക് വേണ്ട ആ ജാഡ തെണ്ടിയെ… പേര് ചോയ്ച്ചപ്പോ പേരയ്ക്ക ന്ന്…”
“ഹഹ… പിന്നെ എന്നോട് കാണിക്കുന്ന പോലുള്ള നിന്റെ വേലകൾ എല്ലാരെടുത്തും ഇറക്കാം എന്ന് കരുതിയോ..”
“അയിന് ഡോക്ടറിനോട് ഞാൻ എന്ത് കാണിക്കുന്നു.. ഹും..”
“ഉവ്വ…. ഉവ്വ….”
അല്ലങ്കിലും നിങ്ങൾ ആണുങ്ങൾക്ക് ന്ത് അറിയാം… നമ്മൾ ഇങ്ങനെ ചൂണ്ട ഇട്ടുകൊണ്ടേ ഇരിക്കണം…മൂന്ന് നാലെണ്ണം കൊത്തും… അതീന്നു നല്ലത് നോക്കി നമുക്ക് സെലക്ട് ചെയ്യാം ല്ലോ…
അങ്ങേര് ആ ഫയൽന്റെ അകത്തു മോന്ത കുത്തി കേറ്റി വെച്ചോണ്ട് ഇരുപ്പോണ്ട്…. ഇത്രേം സുന്ദരിയായ ഒരു തരുണി മണി ഇവിടെ ഇരിക്കുന്നത് ഇങ്ങേർക്ക് കാണാൻ വയ്യേ…
“ഡോക്ടർ സാറേ….”
“ആഹ്… ന്താ..”
ഓഹ് താല്പര്യമില്ല.. പക്ഷേ അതുകൊണ്ട് ഞാൻ പറയാൻ വന്നത് പറയില്ലന്ന് നിങ്ങൾ വിചാരിക്കണ്ട….ഞാൻ പറയും… ഇത് സോന ആണ് സോന….
“ഒരു പുഴയോട് ചേർന്നൊരു വീട് വാങ്ങണം..”
“എന്തിനാണാവോ… വെള്ളപൊക്കത്തിൽ ഒലിച്ചു പൊയ്ക്കോളാൻ വയ്യേ ”
“ഞാൻ full പറയട്ടെ…”
“ആഹ്.. പറ പറ..”
“അപ്പോ ഞാൻ പറഞ്ഞു വന്നത്… പുഴ വേണം അടുത്ത്.. ന്ന് വെച്ച നമ്മൾ മുറ്റത് ന്ന് ഇറങ്ങുന്നത് കുഞ്ഞൊരു പുഴയിൽ അങ്ങനെ..
വീടെന്ന് പറയുമ്പോ കുഞ്ഞ് വീട് ആവണം ട്ടോ… ഓടിട്ടത്… പക്ഷേ കുഞ്ഞ് വരാന്ത വേണം… പിന്നെ ഒരു സൈഡിൽ ആയിട്ട് എപ്പോഴും പൂക്കുന്ന ഒരു കൊന്ന…”
“എപ്പോഴും പൂക്കണം ന്ന് നിർബന്ധം ഇണ്ടോ…”
“ആ വേണം..”
“ഓക്കേ continue…”
“അതിൽ തന്നേ ഒരു ഊഞ്ഞാൽ കെട്ടണം…. പിന്നെന്നു വെച്ചാൽ മുറ്റം നിറയെ മഞ്ഞ പൂക്കൾ ഉള്ള ചെടി വേണം..പലതരത്തിൽ ഉള്ള മഞ്ഞപൂക്കൾ… എപ്പോഴും നിറഞ്ഞു ഇങ്ങനെ പൂത്തു നിക്കണം….”
“ഇത്രേം മതിയോ…”
“ധാരാളം..”
“അല്ല ഇതൊക്കെ എന്തിനാ.. എന്നിട്ട് എന്നാ ചെയ്യാനാ…”
“എന്നിട്ട് ഞാനും ഡോട്ടരും നമ്മടെ മക്കളും കൂടി നീണാൾ വാഴും…”
“എന്തോ… എങ്ങനാ…”
“ഈൗ ..മൂന്ന് മതിയോ ഡോക്ടറെ നമുക്ക്..”
“ഏഹ്… എന്ത് ”
“മക്കൾ..”
“ഏയ് മൂന്ന് പോരാ.. മിനിമം നാലെങ്കിലും വേണം..”
“അഹ്… ഏഹ്… എന്തോന്ന് ”
ഡോക്ടറിന്റെ ചിരി കൂടി ആയപ്പോ ന്റെ നെഞ്ചിൽ കൂട്ട മണി അടിച്ചു…. കേട്ടതും കണ്ടതും തലച്ചോറിനെ കാർന്നു തിന്നാൻ തുടങ്ങിയപ്പോഴേക്കും ഡയാന ഡോക്ടർ വന്നു…
ശേ…എന്തൊക്കെയോ ചോദിക്കണമായിരുന്നു.. ആ ഇനി അടുത്തവട്ടം ആകട്ടെ.. അങ്ങേര് അങ്ങനെ നിന്ന് ചിരിക്കുന്നുണ്ട്…ഹും
“ഇനി സോനക്ക് ഇങ്ങോട്ടേക്കു വരണ്ട തോന്നുന്നു…”
“അയ്യോ.. അതെന്താ ഡോക്ടർ..”
“എന്തെ….കുട്ടിക്ക് ഇങ്ങോട്ട് വരുന്നത് ആണോ ഇഷ്ട്ടം…”
“ഈൗ… അല്ല അത് പിന്നെ…”
“മ്മ്.. കണ്ണടച് പാല് കുടിച്ചാൽ അറിയില്ലന്നാ എല്ലാർടേം വിചാരം… ഇപ്പോ ന്തായാലും പൊയ്ക്കോ…ഇപ്പോ എല്ലാം ശരിയായി…ന്നിട്ട് course ഒക്കെ തീരുമ്പോൾ ഇങ്ങോട്ട് തന്നേ പോന്നോ… ജൂനിയർ ഡയാന ആയിട്ട്…”
“ശരിക്കും?”
“അതേന്നെ…”
“താങ്ക്യൂ സോ മച് ഡോക്ടർ.. ഉമ്മ..”
“മ്മ് മ്മ്…”
ഇറങ്ങാൻ നേരം അങ്ങേരടുത്തു പോയി ഒന്ന് ഇളിച്ചോണ്ട് നിന്നു…
“അതേ…. ഡോക്ടർ സാറെ… വീടിന്റെ പുറം അങ്ങനെ ഒക്കെ ആണെങ്കിലും അകത്തു എല്ലാം വേണം ട്ടോ..”
“ഉപ്പ് മുതൽ കർപ്പൂരം വരെ കാണും…”
“അയ്യേ അതല്ല..”
“പിന്നെ…?”
“ഫ്രിഡ്ജ്…ഏ സി… വാഷിംഗ് മെഷീൻ… മിക്സർ… ഗ്രൈൻഡർ….ബീറ്റർ… ഓവൻ… വാട്ടർ പ്യൂരിഫൈർ… പിന്നെ..”
“പിന്നെ എനിക്ക് ഉള്ള ശവപ്പെട്ടി ആരിക്കും… ഓട് കുരുപ്പേ…”
പണ്ട് മുതലേ പറഞ്ഞാൽ കേക്കുന്ന കുട്ടി ആയോണ്ട് പിന്നെ അവിടെ നിന്നില്ല… ഒരു ഓട്ടം വെച് കൊടുത്തു.. അല്ല പിന്നെ..