മോചനം
(രചന: ശിവാനി കൃഷ്ണ)
ഫോൺ വച്ച് കഴിഞ്ഞതും കൈക്കും കാലിനും എന്തോ തളർച്ച വന്നത് പോലെ തോന്നി..കാലുകൾ അനക്കാൻ പറ്റാതെ വിറങ്ങലിച്ചു പോയ അവസ്ഥ.. ആരോ ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്നത് പോലെ…വേദനിക്കുന്നു…
അഞ്ചു വർഷത്തെ പ്രണയം മനുവേട്ടൻ ഒരു ഗുഡ് ബൈയിൽ ഒതുക്കിയപ്പോൾ ഉറക്കെ കരയാൻ കഴിയാതെ നിർനിമേഷ ആയി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു..
നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണേ..എന്റെ കണ്ണിൽ എപ്പോഴും നിറഞ്ഞു നില്ക്കുന്നത് നീയാണ്..നിന്റെ ചൂട് പറ്റി ഉറങ്ങാൻ ആണെനിക്ക് ഇഷ്ടം…
നിന്റെ ഗന്ധം നാസികയിൽ പടരുന്നത് ആണെന്റെ സന്തോഷം…നീയല്ലേ എന്റെ ജീവനും ജീവിതവും എന്ന് പറഞ്ഞവൻ ഇന്ന് മാറ്റി പറഞ്ഞിരിക്കുന്നു… നിന്നെ എനിക്ക് വേണ്ടന്ന്..
മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല…വേദന ഉള്ള് നിറഞ്ഞു കവിഞ്ഞൊഴുകുമ്പോഴും മൗനം ആയി നിൽക്കാനേ എന്നിലെ പെണ്ണിന് കഴിഞ്ഞുള്ളു.. അയാൾ ദൂരേക്ക് നടന്നു നീങ്ങുന്നത് എന്റെ ജീവിതവും കൊണ്ടാണല്ലോ എന്ന ഓർമ മനസ്സും ശരീരവും ഒരു പോലെ തളർത്തി…
പിന്നങ്ങോട്ട് എന്തിനോ വേണ്ടി ജീവിക്കുകയായിരുന്നു.. വേദനയിൽ കൂടെ നില്ക്കാൻ മ ദ്യം ബെസ്റ്റ് ആണെന്ന് പറഞ്ഞറിഞ്ഞ കഥകൾ ഞാനും വിശ്വസിച്ചു..
അതിൽ അഭയം തേടി..ചേർത്ത് പിടിക്കാൻ രണ്ട് കൈകൾ ഇല്ലാത്തത് വല്ലാത്ത വേദനയായി…
ഇനി എന്തിന് ഇങ്ങനെ ഒരു ജീവിതം എന്ന ഉത്തരം ഇല്ലാത്ത ഒരു ചോദ്യം മാത്രം ബാക്കി.. അപ്രതീക്ഷിതമായിട്ട് തുടങ്ങിയ ഒരു fake ഐഡിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്… അഭിയേട്ടൻ..മറ്റാർക്കും അത്ര പെട്ടെന്നൊന്നും പിടി കൊടുക്കാത്ത വ്യക്തിത്വം…
മെസ്സേജുകൾ കോളുകളിലേക്ക് വഴിമാറിയപ്പോൾ ഭൂതകാലത്തിന്റെ ഓർമ്മകൾ കാർന്നു തിന്നാൻ തുടങ്ങിയ ഒരു ദിവസം ബോധം ഇല്ലാതെ എന്തൊക്കെയോ ആ മനുഷ്യനോട് വിളിച്ചു പറഞ്ഞു..
ഒളിപ്പിച്ചു വെച്ചിരുന്ന എന്റെ രഹസ്യങ്ങൾ ഒക്കെ പുള്ളി അറിഞ്ഞു എന്ന ജാള്യതയിൽ രണ്ട് ദിവസം മിണ്ടാതെ നടന്നു..അത് മനസ്സിലായിട്ടാകണം എന്നോട് കൂടുതൽ മിണ്ടാൻ തുടങ്ങി…ഏറെ കുറെ എന്നിലെ വേദനകൾ അഭിയേട്ടൻ മായ്ച്ചു കളഞ്ഞു എന്ന് വേണം പറയാൻ..
അന്ധമായ സൗഹൃദത്തിലേക്ക് അത് വഴിമാറി എങ്കിലും പുറമെ കാണുന്നവർക്ക് അത് പ്രണയം ആയിരുന്നു..
അതൊന്നും കണ്ടില്ലന്ന് നടിച്ചു മനസ്സെല്ലാം കണ്ട്രോൾ ചെയ്തു കൊണ്ട് വന്നപ്പോഴാണ് അപ്രതീക്ഷിതമായിട്ട് എന്റെ ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്ന് കാൾ വരുന്നത്…
എടുത്തപ്പോൾ മറുവശത്ത് നിന്നു കേട്ട ശബ്ദം എന്റെ നെഞ്ചിടിപ്പ് കൂട്ടി..
മനുവേട്ടൻ രണ്ട് വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോഴും എന്നോട് ഇഷ്ടമാണെന്ന് പറയുമ്പോ ഉണ്ടായിരുന്ന അതേ നെഞ്ചിടിപ്പ് ആ ശബ്ദം കേൾക്കുമ്പോൾ ഇപ്പോഴും ഉണ്ട് എന്നത് എന്നെ അത്ഭുതപെടുത്തി..
“നന്ദു…”
പെട്ടെന്ന് cut ചെയ്യണോ എന്നൊന്നും അറിയാൻ പറ്റാത്ത അവസ്ഥ… വല്ലാത്ത ഒരു വേദന എന്നെ വിഴുങ്ങി…
“മ്മ്…”
“സുഖല്ലേ…കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞില്ലരുന്നോ”
“മ്മ്..”
“എനിക്ക് വയ്യെടി മടുത്തു… ആദി… അവൾ ഒരു പ്രത്യേക സ്വഭാവം ആണ്… ഞാൻ പുറത്ത് പോകുന്നതും ഫ്രണ്ട്സിനെ മീറ്റ് ചെയ്യുന്നതൊന്നും അവൾക്ക് ഇഷ്ടമല്ല…”
“മ്മ്..”
“ഒട്ടും satisfied അല്ല ഞാൻ…”
“മ്മ്…”
അങ്ങനെ ഭാര്യയുടെ ഒരുപാട് ഏറ്റകുറച്ചിലുകളിലൂടെ ആ ഫോൺ കാൾ നീണ്ടു.. അതിനിടക്ക് ഒരച്ഛൻ ആകാൻ പോകുന്ന കാര്യവും പറയാൻ മറന്നില്ല..
ഇനിയും കേട്ടാൽ ഉറക്കെ കരഞ്ഞു പോകും എന്ന് തോന്നിയ നിമിഷം ഫോൺ വെച്ചു…മറന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ആകുമോ ഇപ്പോ ഈ ഒരു വിളി…
ഇപ്പോഴും ഇഷ്ടം ആയിരിക്കുമോ എന്നേ മുട്ടുകാലിൽ മുഖം ഒളിപ്പിച്ചു കരയുമ്പോഴും എല്ലാത്തിനോടും വല്ലാതെ വെറുപ്പ് തോന്നി… എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി…
അഭിയേട്ടന്റെ കാളുകൾ തീർത്തും അവഗണിച്ചു… മിണ്ടാൻ ഉള്ളം തുടിക്കുമായിരുന്നെങ്കിലും എന്തിനോ വേണ്ടി ഞാൻ മാറിനടന്നു…
എന്തിനു അങ്ങനെ ചെയ്തു എന്നെനിക്ക് അറിയില്ല.. കുന്നോളം ഉള്ള ഈ സങ്കടങ്ങളും കൊണ്ട് ഉൾവലിഞ് ഒരൊറ്റപ്പെട്ട ലോകത്ത് ലഹരിയുടെ കൂട്ടിലുള്ള ജീവിതം മനസ്സ് ആഗ്രഹിക്കുന്നത് പോലെ…
ഓർമ്മകൾ മുറിഞ്ഞു ചോര പൊടിയാൻ തുടങ്ങിയ ഒരു സന്ധ്യക്ക് ഒരാശ്വാസത്തിന് വേണ്ടി ആണ് കടലമ്മയുടെ അടുത്തേക്ക് ചെന്നത്…എത്ര ഒക്കെ തന്നിലേക്ക് ചേർത്ത് പിടിക്കാൻ ശ്രെമിച്ചിട്ടും തീരത്തിന്ന് ദൂരേക്ക് ഉൾവലിഞ്ഞു പോകുന്ന തിരയെ പോലെയാണ് ഞാനും എന്ന് തോന്നി…
അന്തിച്ചോപ്പിന്റെ സൗന്ദര്യം കണ്ണിൽ നിറഞ്ഞപ്പോൾ മനസ്സിലുണ്ടായ കുളിർമഴയിൽ നനഞ്ഞു ആശ്വാസത്തോടെ വീട്ടിലേക്ക് പോകാൻ തിരിയവേ ആണ് എന്നെ തന്നെ നോക്കി കൈകെട്ടി നിക്കുന്ന അഭിയേട്ടനെ കണ്ടത്…
പെട്ടെന്ന് എനിക്ക് അവിടന്ന് ഓടി ഒളിക്കാൻ തോന്നി… അടുത്തേക്ക് വന്നപ്പോഴും തെറ്റ് ചെയ്ത ഒരു കുട്ടിയെ പോലെ മുഖം കുനിച്ചു നിൽക്കാനേ ആയുള്ളൂ..
രണ്ട് കൈകൾ കൊണ്ടും മുഖം ഉയർത്തി നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റുമ്പോഴും മനപ്പൂർവം ഞാൻ മാറ്റി നിർത്തിയല്ലോ എന്ന് ഓർത്ത് ഉള്ള് നീറി…
ഒരു ഏങ്ങലോടെ ആ നെഞ്ചിലേക്ക് വീഴുമ്പോഴും ചേർത്ത് പിടിച്ചതേ ഉള്ളു ..ആ മിഴികളിൽ നിറഞ്ഞ വാത്സല്യത്തിൽ ഉള്ളിലെ വിഷമങ്ങൾ ഇറക്കി വക്കുമ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുക അല്ലാതെ ഒന്നും മിണ്ടിയില്ല…
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അഭിയേട്ടൻ എന്റെ കൈയ്യിൽ കൈ കോർത്തു..
“നന്ദു…”
“മ്മ്….”
“അവനോട് ഇനി നിന്നെ നന്ദു ന്ന് വിളിക്കണ്ട ന്ന് പറയണം ട്ടോ…ഞാൻ മാത്രം അങ്ങനെ വിളിച്ചാൽ മതി ഇനി..എന്റെ മാത്രം നന്ദുവാണ് നീ”
കണ്ണിൽ നിറഞ്ഞ കുസൃതിയോടെ അത് പറയുമ്പോഴേക്കും എന്തെന്ന് മനസിലാകാതെ മിഴിച്ചിരിക്കുന്ന എന്റെ നെറുകയിൽ അഭിയേട്ടൻ ചുണ്ട് ചേർത്തിരുന്നു…
ഉള്ളിൽ സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ…ഇഷ്ടമല്ലെങ്കിൽ ഞാൻ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ന്റെ കൈകളിലേക്ക് ഒരു ഡയറി വെച്ച് തന്നത്…
“പയ്യെ വായിച്ചാൽ മതീട്ടോ നന്ദുട്ടാ…”
“ഇതെന്താ…”
“ഇതോ…ജീവിതത്തിൽ ചുമക്കാൻ പറ്റാത്ത കുറെ പ്രശ്നങ്ങൾ വന്നപ്പോ ജീവിതമങ് കളഞ്ഞാലോ എന്ന് ഓർത്തിരുന്ന ഒരു പയ്യന്റെ ജീവിതത്തിലേക്ക് സഹിക്കാൻ പറ്റാത്ത വിഷമങ്ങളുമായി ഇടിച്ചിട്ട് കേറി വന്ന ഒരു പെൺകുട്ടി..
അവളുടെ വിഷമങ്ങൾ അവന്റെ വിഷമങ്ങളുടെ തോത് കുറച്ചപ്പോ അവന് ജീവിക്കാൻ തോന്നി.. അവളെയും അവന്റെ വാമഭാഗത്തു ചേർത്ത് ജീവിക്കാൻ കൊതിച്ച ഒരു ചെക്കന്റെ കഥ.. ഇപ്പോ അതൊന്നും ഓർത്ത് ന്റെ നന്ദുട്ടൻ തല പുകയ്ക്കാതെ വീട്ടിൽ പോട്ടോ..”
“മ്മ്…”
ആ കണ്ണുകളിലേക്ക് നോക്കി പോകുന്നു എന്ന് പറഞ്ഞ് വീട്ടിലേക്ക് പോകാൻ വണ്ടി എടുക്കുമ്പോഴേക്കും വീണ്ടും വിളിച്ചു…
“നന്ദൂട്ടാ..”
“എന്തോ…”
“ഇനി അവൻ വിളിക്കുമെങ്കിൽ കൊച്ചിന്റെ നൂല് കെട്ടിന് നമ്മൾ വരും ന്ന് പറഞ്ഞേക്ക് ട്ടോ”ന്ന് പറഞ്ഞു ചിരിച്ച അഭിയേട്ടൻ…എന്റെ അഭിയേട്ടൻ
ഇന്ന് ഞാൻ അറിയുന്നു എന്റെ പ്രണയത്തെ… എന്റെ ജീവിതത്തെ… കഴുത്തിലെ മിന്നിനും നെറുകയിലെ സിന്ദൂരത്തിനും എന്റെ അഭിയേട്ടന്റെ മുഖമാണ്…
എന്നോടുള്ള പ്രണയത്താൽ വിടരുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട മുഖം… കൈപ്പ് നിറഞ്ഞ ഓർമ്മകൾ കാറ്റിൽ പറത്തിയവൾ അവനരികിലേക്ക് നടന്നു അവനിൽ ചേർന്നലിയാൻ…