അല്ലമ്മേ എനിക്ക് വേണ്ടിയല്ല… അങ്ങനെ ഒരു പെണ്ണിനെ അവളുടെ സ്ത്രീധനം കൊണ്ട് പോറ്റണ്ട ഗതികേട് എനിക്കില്ല…  കഴിഞ്ഞതൊക്കെ..

(രചന: ശിവ പദ്മ)

ഇതേത് വഴിയാടൊ പോകുന്നേ… ഇന്നെങ്ങാനും അങ്ങനെത്തുവോ… ഭവാനിയമ്മ ഓരോന്ന് മുറുമുറുക്കുന്നുണ്ട്…

” അമ്മയൊന്ന് മിണ്ടാതെ ഇരിക്ക്… സ്ഥലം ഇപ്പൊ എത്തും… ” കണ്ണൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

” നിനക്ക് വേറെ ടൗണീന്നെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ടാണൊ.. ഈ ഓണം കേറാമൂലയിൽ തന്നെ വന്നത്…” തീരെ താല്പര്യമില്ലാത്ത പോലെയാണ് ഭവാനിയമ്മ സംസാരിച്ചത്…

പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതിനാലാവാം പിന്നീട് ആരും ഒന്നും മിണ്ടിയില്ല…

 

” മാഷേ… ദേ അവരെത്തീട്ടോ… ” കക്ഷത്തിലെ ബാഗ് ഒന്നൂടെ കയറ്റി വച്ച് ദല്ലാൾ കുമാരൻ മുറ്റത്തേക്ക് ഇറങ്ങി…

” വരാൻ വൈകിയപ്പോൾ ഞാൻ കരുതി വഴി തെറ്റീട്ട് ഉണ്ടാവുന്ന്.” അയാൾ കണ്ണൻ്റെ കൈയിൽ പിടിച്ചു.

” കുറച്ചു ഒന്ന് ബുദ്ധിമുട്ട് എത്താൻ വേറെ കുഴപ്പമൊന്നുമില്ല…” കണ്ണൻ പറഞ്ഞു… ഭവാനിയമ്മ കാറിൽ നിന്ന് പുറത്ത് ഇറങ്ങി ചുറ്റുപാടും നോക്കി നിരീക്ഷിച്ചു…

” താൻ പറഞ്ഞത്രേ വലിപ്പം ഒന്നുമില്ലല്ലോ, ”

” അമ്മേ ഒന്ന് മിണ്ടാതിരിക്കാൻ.. ” കണ്ണൻ പല്ല് കടിച്ചു.

” വാ അകത്തേക്കു ഇരിക്കാം… ” എല്ലാവരെയും കൂട്ടി കുമാരൻ അകത്തേക്ക് കയറി.

” ആഹ്.. വരു വരു ഇരിക്കൂ… ” ഗോവിന്ദൻ മാഷ് അവരേ സ്വാഗതം ചെയ്തു.

” ആ മാഷേ… ഇതാണ് പയ്യൻ ഋഷികേശ് കണ്ണൻ എന്ന വിളിപ്പേര്… അത് കണ്ണൻ്റെ അമ്മ ഭവാനിയമ്മ, അത് പെങ്ങൾ ഋതു ആ ഇരിക്കുന്നത് അവളുടെ ഭർത്താവ് ചന്തു… ” ദല്ലാൾ അവരെയെല്ലാം മാഷ്ക്ക് പരിചയപ്പെടുത്തി.

ഒരു ചെറു പുഞ്ചിരിയോടെ അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു..

” ആ.. ഇനി ഇതാണ് ഗോവിന്ദൻ മാഷ്, മാഷെ അറിയാത്ത ഒരാളും ഇല്ല… സുധർമ മാഷിന്റെ ഭാര്യ നാല് കൊല്ലം മുൻപാണ് മരിച്ചു പോയത്… ഇപ്പൊ കാണാൻ വന്ന കുട്ടി രേവതി.. അതിന് താഴെ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ട്… ” ദല്ലാൾ ഓരോരുത്തരെയും പറ്റി പറയവേ ഭവാനിയമ്മയുടെ മുഖമിരുണ്ടു.

കണ്ണനും ഋതുവും ചന്തുവും പുഞ്ചിരിയോടെ അവരെ നോക്കി ഇരുന്നു…

രണ്ട് ചെറിയ പെൺകുട്ടികൾ അകത്ത് നിന്ന് വന്നു…  പതിനേഴൊ പതിനെട്ടൊ വയസ് പ്രായം വരുന്ന രണ്ട് കുട്ടികൾ…

അവർ പുഞ്ചിരിയോടെ എല്ലാവരെയും നോക്കുന്നുണ്ട്… കണ്ണനും ഋതുവും അവരെ നോക്കി ചിരിച്ചു.

” ഇവരാണ് രേവതിയുടെ ഇളയ കുട്ടികൾ… ഇരട്ടകളാണ്.. ഭാഗ്യയും നിധിയും…  * മാഷ് അവരെ പരിചയപ്പെടുത്തി…

” ആ ഇനി എന്നാ കുട്ടിയെ വിളിചാലൊ മാഷേ.. * ഭവാനിയമ്മയുടെ മുഖഭാവം മാറിയപ്പോൾ ദല്ലാൾ മാഷിനോട് പറഞ്ഞു.

” മക്കൾ പോയ് ചേച്ചിയെ കൂട്ടി വാ… ” ഭാഗ്യയും നിധിയും അകത്തേക്ക് പോയി…

” കുമാരൻ പറഞ്ഞു… മോൻ പുറത്ത് ആയിരുന്നു എന്നൊക്കെ നാട്ടിലിപ്പോ… ” കണനോട് മാഷ് ചോദിച്ചു.

” നാട്ടിൽ ഞാനൊരു സൂപ്പർ മാർക്കറ്റ് തുടങ്ങി ഇപ്പൊ… അളിയനും അവിടെ തന്നെ ആണ്…” ചന്തുവിനെ ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.

മാഷ് പുഞ്ചിരിയോടെ ഇരുന്നു…

” കേട്ടൊ മോനേ… വേറെ വലിയ സ്വത്തൊ പണമൊ ഇല്ലെങ്കിലും മാഷ് മക്കൾക്ക് എല്ലാം നല്ല വിദ്യാഭ്യാസമാണ് നൽകിയിട്ടുള്ളത്… രേവതി എംഎ വരെ പഠിച്ചിട്ടുണ്ട്…”

” പഠിത്തത്തിലൊന്നുമല്ലല്ലൊ കാര്യം… ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു അയക്കുമ്പോൾ ചില നാട്ട് നടപ്പൊക്കെ ഉണ്ടല്ലൊ… ” ഭവാനിയമ്മ പറഞ്ഞതും കണ്ണനും ഋതുവും അവരെ വല്ലായ്മയോടെ നോക്കി.

മാഷിന്റെ മുഖം കുനിഞ്ഞു പോയ്..   അകത്ത് നിന്ന് പാദസരത്തിൻ്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി…

ഭഗ്യയ്കും നിധിയ്കും നടുവിൽ ചായ അടങ്ങുന്ന ട്രേയുമായി രേവതി…  പുളിയില കരയുള്ള ഒരു സെറ്റും മുണ്ടും ഉടുത്ത് ഒരു ശാലീന സുന്ദരിയായിരുന്നു രേവതി.. ഒറ്റ നോട്ടത്തിൽ തന്നെ കണ്ണന് രേവതിയെ ഇഷ്ടമായി…

അവൻ്റെ വിടർന്ന മുഖത്തിൽ നിന്ന് ഋതുവിനും ചന്തുവിനും അവന് അവളെ ഇഷ്ടമായി എന്ന് മനസിലായി…

ഭവാനിയമ്മ അവളെ അടിമുടി ഉഴിഞ്ഞു നോക്കി…

” അങ്ങോട്ടേക്ക് കൊടുക്ക് മോളെ… ” ദല്ലാൾ പറഞ്ഞതനുസരിച്ച് രേവതി ആദ്യം കണ്ണന് നേരെ ചായ നീട്ടി… മിഴികൾ മാത്രം ഉയർത്തി അവൾ അവനെ നോക്കി ഒരു നറുപുഞ്ചിരി കൊടുത്തു…

എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞ് അവൻ മാഷിന് പിന്നിൽ നിന്നു.

” അപ്പോ മാഷേ കുട്ടികൾക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ… ” ദല്ലാൾ മാഷിനേയും ഭവാനിയമ്മയേയും നോക്കി.

” അതിന് മുമ്പ് ബാക്കി കാര്യങ്ങൾ എങ്ങനാണെന്ന് തീരുമാനിക്കാം… ” ഭവാനിയമ്മ ഇടയിൽ കയറി പറഞ്ഞു…
മാഷ് മകളെ നോക്കി. അവൾ അയാളെയും.
കണ്ണനും ഋതുവും അവരെ രൂക്ഷമായി നോക്കി..

” എനിക്ക് രേവതിയോട് സംസാരിക്കണം, വരൂ… ” അവൻ മുറ്റത്തേക്ക് ഇറങ്ങി.

“: ചെല്ല്  മോളേ… ” അവൾ അവന് പിന്നാലെ ഇറങ്ങി പോയി.

” അമ്മയ്ക്ക് ഒന്ന് മിണ്ടാതെ ഇരുന്നൂടെ… “: ഋതു അവരെ നോക്കി പല്ലിറുമ്മി. അവർ മുഖം വെട്ടിച്ചു.

 

” മ് ഹ്… ” പിന്നിൽ മുരടനക്കം കേട്ടതും അവൻ തിരിഞ്ഞ് നോക്കി.

” രേവതി… അമ്മ …”

” ഞാനൊരു കാര്യം പറഞ്ഞൊട്ടെ.. * അവൻ പറയുന്നതിന് മുൻപ് അവൾ ചോദിച്ചു.

” എന്താ.. ”

” സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാൻ ആണെങ്കിൽ ദയവ് ചെയ്ത് താൽപര്യം ഇല്ല എന്ന് പറഞ്ഞ്, പൊയ്ക്കോളൂ.. ” പതറാതെ അവൻ്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു.

” ഞങ്ങളുടെ അച്ഛൻ്റെ ആകെ ഉള്ള സമ്പാദ്യം ഞങൾ മൂന്ന് പെൺകുട്ടികളും ഈ വീടും മാത്രമാണ്… അത് വിറ്റോ പണയപ്പെടുത്തി യോ എനിക്ക് ഒരു ജീവിതം വേണ്ട… ഇത് ഇല്ലാതെ ആക്കിയിട്ട് എനിക്ക് താഴെയുളവരുടെ വിദ്യാഭ്യാസം വിവാഹം അതിനൊക്കെ എൻ്റെ അച്ഛൻ എന്ത് ചെയ്യും…ഇവരെ വിഷമിപ്പിച്ചിട്ട് എനിക്ക് ഒരു ജീവിതം വേണ്ട… അതുകൊണ്ട് താൽപര്യം ഇല്ലെന്ന് പറഞ്ഞോളൂ… ”

” കഴിഞ്ഞോ… ” മുന്നിൽ കൈ കെട്ടി നിന്ന് അവൻ ചോദിച്ചു. അവൾ അവനെ നോക്കി.

” ഞാൻ സ്ത്രീധനം ഒന്നും ചോദിച്ചിട്ടില്ല…   അമ്മ അത് ഞാൻ ശരിയാക്കി കൊള്ളാം… പിന്നെ ഒരു കാര്യം… എനിക്ക് തന്നെ ഇഷ്ടമായി തനിക്ക് എന്നെ ഇഷ്ടായോ അത് മാത്രം അറിഞ്ഞാൽ മതി. ” അവൻ മുഖം ഒന്ന് താഴ്ത്തി അവളെ നോക്കി.

“പറയെടൊ…” അവളൊന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.

” ശരി വാ നമുക്ക് അകത്തേക്ക് പോവാം… ”

” എൻ്റെ കഴിവിന്റെ പരമാവധി തന്നേ ഞാൻ എന്റെ മോളെ പറഞ്ഞു വിടൂ.. ” മാഷ് ഭവാനി അമ്മയോട് പറഞ്ഞു

” അച്ഛാ… ” കണ്ണൻ അകത്തേക്ക് വന്നു.

” തരുന്നതിന്റെ കണക്ക് നോക്കി ഉറപ്പിക്കാൻ ഞാൻ വന്നത് കച്ചവടത്തിനല്ല… എല്ലാവരും സ്വാർത്ഥരായീ സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് അച്ഛനെയും അനിയത്തി മാരെയും വേദനിപ്പിക്കാതെ അവരെ സങ്കടത്തിലാക്കി ഒരു ജീവിതം വേണ്ട എന്ന് ഉറപ്പിച്ച ഈ മനസ്സാണ് എനിക്ക് വേണ്ട സ്ത്രീധനം… ഒന്ന് മാത്രം അച്ഛൻ ചെയ്തു തന്നാൽ മതി.

കണ്ണനെ നിറഞ്ഞ കണ്ണോടെ നോക്കി മാഷ്.

” എന്നെ വിവാഹം കഴിക്കാനുള്ള സമ്മതം തന്നില്ല ഇയാള് ഇതുവരെ… ആ സമ്മതം മാത്രം വാങ്ങി തന്നാൽ മതി… വെച്ച് നീട്ടി കൊണ്ടോവാൻ എനിക്ക് താല്പര്യമില്ല, എത്രയും വേഗം നമുക്ക് ഇത് നടത്താം.. ” അവൻ പറയുമ്പോൾ മാഷ് നോക്കിയത് ഭവനിയമ്മയെ ആണ്. അവർ മുഖം വെട്ടിച്ചു നിന്ന്.

 

” എങ്കിൽ ഞങ്ങൾ ഇറങ്ങുവാണ്…” അധികം വൈകാതെ അവർ യാത്ര പറഞ്ഞു കൊണ്ട് ഇറങ്ങി…

കാറിലേക്ക് കയറുന്നതിനു മുമ്പ് കണ്ണൻ വീട്ടിലേക്ക് തിരിഞ്ഞ് നോക്കി… ഉമ്മറത്തെ പടിവാതിൽക്കൽ നിന്ന് എത്തി നോക്കുന്ന ഒരു മുഖം അവൻ കണ്ടു.. പുഞ്ചിരിയോടെ അവൻ കണ്ണ് ചിമ്മി കാണിച്ചു.

 

” എന്നാലും നീ എന്തൊക്കെയാ കണ്ണാ പറഞ്ഞത്… ചുമ്മാ ധർമ കല്ല്യാണം നടത്താൻ നിനക്ക് തലയ്ക്ക് വട്ടാണോ… ” വീട്ടിൽ എത്തിയതും ഭവാനിയമ്മ പറഞ്ഞു.

” എൻ്റെ അമ്മ എന്ന് മുതലാണ് ഇങ്ങനെ ഒക്കെ സംസാരിക്കാൻ തുടങ്ങിയത്.. പെണ്ണിനെ വെറും സ്വർണ്ണവും പണവും നോക്കി അളക്കാൻ തുടങ്ങിയത് എന്ന് മുതലാണ്.. ” കണ്ണൻ ചോദിച്ചു.

” നിനക്ക് വേണ്ടി അല്ലേ ഞാൻ.. ”

” അല്ലമ്മേ എനിക്ക് വേണ്ടിയല്ല… അങ്ങനെ ഒരു പെണ്ണിനെ അവളുടെ സ്ത്രീധനം കൊണ്ട് പോറ്റണ്ട ഗതികേട് എനിക്കില്ല…  കഴിഞ്ഞതൊക്കെ അമ്മ ഇത്രവേഗം മറന്ന് പോയോ…  ഋതുവിൻ്റെ വിവാഹം ഉറപ്പിച്ച സമയത്ത് അവര് ചോദിച്ചത് കൊടുക്കാൻ ഞാൻ നെട്ടോട്ടം ഓടിയത് അമ്മ മറന്നോ… ആരും ഉണ്ടായിരുന്നില്ല ഒരു രൂപ തന്ന് സഹായിക്കാൻ… ആരും…

ഒടുവിൽ വിവാഹത്തിൻ്റെ തലേദിവസം പറഞ്ഞതിലും അൽപം സ്വർണം കുറഞ്ഞതിന്റെ പേരിൽ അവർ ആ വിവാഹം വേണ്ടന്ന് വച്ചത് എല്ലാം അമ്മ മറന്നോ… അന്ന് ഒന്നും വേണ്ട അവളെ ഞാൻ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞു ഇവൻ വന്നില്ലായിരുന്നുവെങ്കിൽ നമ്മളെന്ത് ചെയ്തേനെ…

നമ്മള് കടന്ന് വന്നത് ഒന്നും മറക്കരുത് അമ്മേ… ആ അച്ഛനിൽ ഞാൻ കണ്ടത് എന്നെയാണ്… പിന്നെ അവളുടെ മനസും… അത് മതി അമ്മേ എനിക്ക്… ദൈവം സഹായിച്ച് നമുക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല.. ആ മനുഷ്യന്റെ മനസ്സുരുകി അതൊരു ശാപമായി വരണ്ട നമുക്ക്… ” കണ്ണൻ പറഞ്ഞു മനസ്സിലാക്കുമ്പോൾ സ്വയം തെറ്റ് മനസിലാക്കുകയായിരുന്നു ആയമ്മ.

” മോന അമ്മ…”

” സാരല്ലൻ്റമ്മേ…  ഇവിടെ വന്നിട്ട് അവളെ ഋതുവിനേ പോലെ സ്നേഹിച്ചാൽ മതി… അമ്മയെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു…

ഋതുവിനെ ചേർത്ത് പിടിച്ചു ചന്തുവും…

മൂന്ന് മാസത്തിന് ശേഷം…

” അതേ അന്ന് ഞാൻ ചോദിച്ച ചോദ്യത്തിന് ഇതുവരെ എനിക്ക് നേരിട്ട് ഒരു മറുപടി തന്നില്ല ഇന്നെങ്കിലും എനിക്ക് അത് തരണം..” തലതാഴ്ത്തി നിന്ന രേവതിയുടെ മുഖ വിരൽ തുമ്പിനാൽ ഉയർത്തി അവൻ ചോദിച്ചു.

” ഇനിയും അതിനുള്ള ഉത്തരം വേണോ… ”

” വേണമല്ലൊ… നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് അത് കേൾക്കണം… പറ” അവൻ ചിണുങ്ങി കൊണ്ട് ചോദിച്ചു.

” എത്ര വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കണം എന്ന് എനിക്ക് അറിയില്ല… പണവീം സ്വർണ്ണവും ഒന്നുമല്ല പെണ്ണിന്റെ മനസാണ്, ഏറ്റവും വലിയ ധനമെന്ന് പറഞ്ഞ, എൻ്റഛനെയും അനിയത്തി മാരെയും സ്വന്തമായി ചേർത്ത് പിടിക്കുന്ന എൻ്റെ ഈ കണ്ണേട്ടനെ രേവതിയ്ക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്….  ഈ ജന്മത്തിലും മറുജന്മത്തിലും ഇനി വരുന്ന ഓരോ ജന്മത്തിലും ഈ കള്ളകണ്ണനെ  തന്നെ എനിക്ക് തരണേ എന്ന് മനസ്സറിഞ്ഞ് പറഞ്ഞിട്ടുണ്ട് ഞാൻ ഭഗവാനോട്… ” അവൻ്റെ നെഞ്ചോരം ചേർന്ന് കൊണ്ട് അവൾ പറഞ്ഞു…

നിറഞ്ഞ മനസോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ നെറുകയിൽ ചുംബിച്ചു…