കല്യാണം കഴിച്ചപ്പോൾ തുടങ്ങിയ അങ്കമാണ് അമ്മേം ഭാര്യയും കൂടി, ഒരു ജോലികിട്ടി വന്നപ്പോൾ വയസ്സ്..

(രചന: Shincy Steny Varanath)

”ഞാനാണൊ ഇവളാണൊ നിനക്ക് വലിയതെന്നിന്നറിയണമെനിക്ക്… ” ബസിൻ്റെ സൈഡ് സീറ്റിലിരുന്ന് മയങ്ങുന്ന ബാബു സാറ് ഞെട്ടിയെഴുന്നേറ്റു… ബസിൽ കേറിയിരുന്നതെ ഒന്ന് മയങ്ങിപ്പോയതായിരുന്നു.

രാവിലെ ഓഫീസിലേയ്ക്കിറങ്ങുന്നതിന് മുൻപ് അമ്മ ചോദിച്ച ചോദ്യം ഉറക്കത്തിലും ഞെട്ടിച്ചോണ്ടിരിക്കുവാണ്. സമാധാനത്തിലൊന്നുറങ്ങുന്നത് ഓഫീസിലോട്ടും തിരിച്ചുമുള്ള യാത്രയിലാണ്.

രാവിലെ, അമ്മ കഴിക്കുന്നതിന് മുൻപ് അവള് അപ്പോം കറിം കഴിച്ചതിനാണ് ഈ വലിപ്പം നോട്ടം…
”പൊക്കം കൊണ്ട് അവളും വണ്ണം കൊണ്ട് അമ്മച്ചിം” എന്ന് പറയണമെന്നുണ്ടായിരുന്നു. മൗനം വിദ്യാന് ഭൂഷണമാണല്ലോന്ന് കരുതി മിണ്ടാതിറങ്ങി.

കല്യാണം കഴിച്ചപ്പോൾ തുടങ്ങിയ അങ്കമാണ് അമ്മേം ഭാര്യയും കൂടി…

ഒരു ജോലികിട്ടി വന്നപ്പോൾ വയസ്സ് 34 ആയി. അപ്പോഴെയ്ക്കം തലമുടി നരച്ച് തുടങ്ങി. ഫ്രീക്കൻ ചെക്കൻമാർക്ക് പോലും പെണ്ണു കിട്ടാനില്ലെന്ന് നാട്ടിൽ പാട്ടായ കാലത്തിൻ്റെ തുടക്കത്തിലാണ് പെണ്ണന്വേഷിച്ചിറങ്ങുന്നത്.

ഒന്നും ശരിയാകാതെയിരിക്കുമ്പോഴാണ് പള്ളിൽവച്ച് സിമിയെ കണ്ടത്. +2 തോറ്റ്, തയ്യലും പഠിച്ച് സുന്ദരി കളിച്ച് നടക്കുന്ന അവളോട് പ്രേമമൊന്നും തോന്നിയിട്ടല്ല,

ഇനിയും ചായ കുടിച്ച് നടക്കാനുള്ള മടി കൊണ്ട് സൂത്രത്തിൽ അയൽവക്കത്തെ ചാക്കോ ചേട്ടനെ കൊണ്ടൊന്ന് ചോദിപ്പിച്ചു. അവൾക്ക് 24 വയസ്സേയുള്ളു, 10 വയസ്സിൻ്റ വ്യത്യാസം പറ്റില്ല, ചെക്കന് നിറം പോരാന്നൊക്കെ പറഞ്ഞ് അവർക്ക് വല്യ താത്പര്യമില്ലാത്ത കളി കളിച്ചു.

പക്ഷേ,പിന്നീടുള്ള ഞായറാഴ്ചകളിലെ എൻ്റെ നോട്ടത്തിൽ സിമി മൂക്കും കുത്തി വീണു.
+2 തോറ്റവൾക്ക്, വില്ലേജോഫീസിലെ ക്ലർക്ക് അടിച്ച കോളാന്ന് കൂട്ടുകാരാരാണ്ട് പറഞ്ഞിട്ടാണ് അവള് സമ്മതിച്ചതെന്ന് പിന്നെയവള് തന്നെ പറഞ്ഞു.

വീട്ടിൽ പറഞ്ഞപ്പോൾ, അമ്മ കരയ്ക്കടുക്കുന്നില്ല. “അവള് കോലേക്കേറിയാണ്, അവളുടെയമ്മ പള്ളീന്ന് ബെഞ്ചേന്ന് നീങ്ങിയിരുന്ന് ഇരിക്കാൻ സ്ഥലം കൊടുത്തില്ല, കുർബാന സ്വീകരിക്കാൻ പോയപ്പോൾ തള്ളി, … അവളുടെ മോളെ എൻ്റെ അടിച്ചതിനകത്ത് കേറ്റൂല്ല…”  നമ്മളാകെ കെണിഞ്ഞു…

എന്നെ കെട്ടിച്ച്, വീട്ടിലാളായിട്ട് ചേച്ചിയെ രക്ഷപെടുത്താൻ നോക്കിയിരുന്ന ചേട്ടൻ അവസാനം മുൻകൈയെടുത്ത് കല്യാണം നടത്തി തന്നു. ഒരു മാസത്തിനുള്ളിൽ ചേട്ടനും കുടുംബവും ഒള്ള ജീവനുംകൊണ്ട് രക്ഷപെട്ടു…

അന്ന് തുടങ്ങിയതാണ് എൻ്റെ മധ്യസ്ഥം വഹിക്കൽ. രണ്ടിനേം കളയാൻ പറ്റില്ലല്ലോ…

പറഞ്ഞ് പറഞ്ഞ് വീട്ടിലെത്തി, അകത്ത് നിന്ന് കച്ചറ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ… കോളിംഗ് ബെല്ലടിച്ചപ്പോൾ , മോൻ വന്ന് കതക് തുറന്നു തന്നു. പമ്മി പതുങ്ങിയുള്ള എൻ്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു, രണ്ട് പേരും കുളിക്കുവാന്ന് ഒന്നും ചോദിക്കാതെ തന്നെ അവൻ പറഞ്ഞു.

ബാഗ് അവിടെവെച്ച്, തോർത്തുമെടുത്ത് അടുത്ത ബാത്റൂമിലേയ്ക്കോടുന്ന എന്നെ കണ്ടപ്പോൾ, അമ്മേം അമ്മച്ചീം ഇറങ്ങുന്നതിന് മുൻപുള്ള രക്ഷപെടലാണെന്ന് അവന് മനസ്സിലായിക്കാണുവോ ആവോ…

കുറച്ചു കഴിഞ്ഞപ്പോഴെയ്ക്കും പുറത്ത് ശബ്ദം കേട്ടു തുടങ്ങി… പൈപ്പ് തുറന്നത് അടച്ച്, ചെവിയോർത്തു.

ഇന്ന് റിമോട്ടിനാണ് അടി. അമ്മയ്ക്ക് ശാലോം… അവൾക്ക് സീരിയൽ… അമ്മ ശാലോം കണ്ട്, ധ്യാനിച്ച് സോസ്ത്രം മുറുകി വരുമ്പോൾ, അവള് ‘ചെമ്പരത്തിയി ‘ലേയ്ക്കൊരു പോക്കങ്ങ് പോകും…

സോസ്ത്രവും, ത്രിച്ചംബരത്തെ അഖിലാണ്ഡേശ്വരിയുടെ കല്യാണിക്കിട്ടുള്ള അടിയും നിശ്ചിത ഇടവേളകളിൽ പൊട്ടിത്തുടങ്ങി…
ഇനി അമ്മേം മോളും വാ കൊണ്ടുള്ള അടി തുടങ്ങും…

തുടങ്ങി…

ഞാനപ്പഴേ പറഞ്ഞതാ, ഇവളെയിങ്ങോട്ട് കെട്ടിയെടുക്കരുതെന്ന്… എത്ര നല്ലയാലോചന വന്നതാ ആ പൊട്ടന്… അവനിവളേ പറ്റൂ… അച്ചികോന്തൻ… (ഓ… )

പിന്നെ… നിങ്ങടെ കരിവാളിച്ചിരിക്കുന്ന മോനെ ( എല്ലാം എൻ്റെ നെഞ്ചത്തോട്ടാണ് ) കെട്ടാൻ ഐശ്വര്യ റായി വിമാനം പിടിച്ച് വന്നേനെ…

എത്ര സുന്ദരൻമാരുടെ അലോചന വന്നതാ എനിക്ക്… നിങ്ങടെ മോനെ വിഷമിപ്പിക്കെണ്ടല്ലോന്ന് കരുതി മാത്രമാ ഞാൻ സമ്മതിച്ചത്.
എന്നോടാകുന്നത് എൻ്റെ അമ്മ പറഞ്ഞതാ, ഇവിടുത്തെ തള്ള ഒരു മൂശാട്ടയാ… കെട്ടെണ്ടെന്ന്…

നിൻ്റെ തള്ളയാടി മൂശാട്ട… ഞാനും പറഞ്ഞതാ ആ കോലേക്കേറിടെ മോളെ നമ്മുക്ക് വേണ്ടെന്ന്. ആരും കേട്ടില്ല… ഞാനല്ലെയനുഭവിക്കുന്നത്…

പട കേട്ട് പേടിച്ച്, മോൻ കതകിൽ മുട്ടാൻ തുടങ്ങി…
അവൻ്റെ വിചാരം, പപ്പ വിസ്തരിച്ച് കുളിക്കുവാന്നല്ലെ… ഞാനും പേടിച്ചിട്ടാണ് അകത്തുനിന്നിറങ്ങാതെ നിക്കുന്നതെന്നവനറിയില്ലല്ലോ…

കൊച്ചിൻ്റെ വിളി കേട്ടിട്ടാണെന്ന് തോന്നുന്നു, രണ്ടും പട നിർത്തീട്ടുണ്ട്. ഞാൻ വന്നതുകൂടി ഇപ്പോഴായിരിക്കും അറിഞ്ഞത്. ഇനി പുറത്തിറങ്ങാം…

ചായ കിട്ടുവോന്നറിയില്ല. എതായാലും ഒന്നും മിണ്ടാതെ മേശയിൽ പോയിരുന്നു. ദാണ്ടെ വരുന്നു ഒരു ഗ്ലാസിൽ കട്ടൻ ചായയും ഒന്നിൽ പാൽ ചായയും… ഞാനേത് കുടിക്കുമെന്നറിഞ്ഞിട്ട് വേണം അടുത്ത പട തുടങ്ങാൻ…

പാൽ ചായ അമ്മ ചെറുതായി ഉന്തുന്നുണ്ട്, കട്ടൻ അവളും… ഏതെടുത്താലും എൻ്റെ കാര്യം പോക്കാണ്… രാവിലത്തെ ചോദ്യം വീണ്ടും ആവർത്തിക്കും…

‘കരിവാളിച്ച അച്ചിക്കോന്തനിപ്പോൾ പച്ച വെള്ളമാണുത്തമം’ എന്ന ഡയലോഗടിച്ച് പൈപ്പിലെ വെള്ളോം കുടിച്ച് മോനെം എടുത്ത് എണീറ്റ് പോന്നു…

ഓഫീസിന്നിറങ്ങിയപാടെ ഹോട്ടലിൽ കേറി പൊറോട്ടയും ബീഫും കനത്തിൽ കഴിച്ചതുകൊണ്ട് ഇന്നത്തെയ്ക്കൊന്നും വേണ്ടാന്നെനിക്കല്ലേയറിയൂ… അതിൻ്റെ പരവേശമടങ്ങാൻ പച്ചവെള്ളമാണ് ഇപ്പോൾ ഉത്തമം…

അല്ല പിന്നെ… വർഷം 5 ആയില്ലെ കളി കാണാൻ തുടങ്ങിയിട്ട്… ‘പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളു’ എന്ന് പണ്ട് മമ്മുക്ക പറഞ്ഞ പോലെ, ‘ബാബുൻ്റ അടവുകൾ അമ്മേം മോളും കാണാനിരിക്കുന്നേയുള്ളു…’

പ്രതിരോധ മാർഗ്ഗങ്ങൾ ഞാനും പഠിച്ച് തുടങ്ങി… എനിക്കും ജീവിക്കെണ്ടേ…

എൻ്റെ, പതിവില്ലാത്ത പ്രതികരണം കണ്ട് രണ്ടിൻ്റെയും പുറത്തോട്ട് തള്ളിയ കണ്ണ് അകത്തോട്ട് ഉന്താനും ഇനി ഞാൻ തന്നെ പോകണോ വാ..

Leave a Reply

Your email address will not be published. Required fields are marked *