കല്ലാണം കഴിഞ്ഞുള്ള ആദ്യരാത്രി ഓളുടെ വീട്ടില് വെച്ചാര്ന്നു. ഇന്നും അതോർക്കുമ്പോൾ കൈയ്യും കാലും വിറക്കുവാ!..

ആദ്യരാത്രി
(രചന: ഷെർബിൻ ആൻ്റണി)

കല്ലാണം കഴിഞ്ഞുള്ള ആദ്യരാത്രി ഓളുടെ വീട്ടില് വെച്ചാര്ന്നു. ഇന്നും അതോർക്കുമ്പോൾ കൈയ്യും കാലും വിറക്കുവാ!

ഒരു പത്ത് മണിയായ് കാണും, ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞിട്ടും ബന്ധുക്കാരും സ്വന്തക്കാരുമൊന്നും പോയി തീരുന്ന ലക്ഷണമില്ല.

എനിക്കാണേ ഈ പണ്ടാരത്തുങ്ങളെ എങ്ങനെങ്കിലുമൊക്കെ ഒന്ന് പറഞ്ഞ് വിട്ടിട്ട് റൂമിനുള്ളിൽ കയറി കതക് അടയ്ക്കാൻ ഒരു വല്ലാത്ത വെപ്രാളമാര്ന്ന്…..

അയ്യോ… അതിനല്ല, തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം എങ്ങനേങ്കിലുമൊന്ന് കട്ടിലേ കേറി കിടന്നാ മതിയെന്നാ ഉദ്ദേശിച്ചത്.

ആളോള്ടെ മുന്നില് വെച്ച് ആർട്ടിഫിഷ്യലായ് രണ്ട് കോട്ട് വാ വിട്ടപ്പോ അവർക്ക് എൻ്റെ സൂക്കേട് മനസ്സിലായതാണോ എന്തോ എന്നാ പോയി കിടന്നോ അളിയാ എന്ന് കൂട്ടത്തിലൊരുത്തൻ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഇല്ലാത്ത ചമ്മല് മുഖത്ത് വരുത്തി ഞാൻ വേഗം ടോയ് ലെറ്റിലൊക്കെ പോയി ഒരു മൂളിപ്പാട്ടും പാടി,
മെല്ലെ റൂമിലേക്ക് പ്രവേശിച്ചു.

കട്ടിലിന് അടുത്ത് എത്തിയതേ ഓർമ്മയുള്ളൂ നിന്ന നില്പിൽ തുള്ളിപ്പോയി. ടോയ്ലെറ്റിൽ പോയി വന്നത് നന്നായി ഇല്ലേ നിന്ന നില്പിൽ മുള്ളിപ്പോയേനേ ഞാൻ!

ഇറങ്ങി നൂറേ നൂറില് ഓടിയാലോന്ന് കരുതിയതാ പിന്നെ വേണ്ടാന്ന് വെച്ചതിന് കാരണം വേറൊന്നുമല്ല, ആദ്യ രാത്രി ചെക്കൻ എന്തോ കണ്ട് പേടിച്ചെന്ന് നാട്ടുകാര് പറയുമെന്ന് ഓർത്തിട്ടാണ്.

അല്പം കഴിഞ്ഞ് ലവള് പാലുമായ് വന്ന് എന്നെ തിരയുകയാ റൂമ് മൊത്തം ചേട്ടാ പേട്ടാന്നൊക്കെ വിളിച്ചോണ്ട്. ഒരു കണക്കിന് ഞാൻ നിരങ്ങി നിരങ്ങി കട്ടിലന്നിടിയിൽ നിന്ന് തല പുറത്തേക്ക് ഇട്ടപ്പോൾ ഓള് ചോദിക്കുവാ എന്തേലും തെരഞ്ഞ് നടക്കുവാണോന്ന്.

അവളുടെ കൈയ്യിലിരുന്ന പാൽ ഗ്ലാസ്സിലേക്ക് നോക്കി ഞാൻ ചോദിച്ചു എനിക്കാണോ അതോ ഈ കിടക്കുന്ന പാമ്പിനാണോ ഇതെന്ന്.

ഈ ചേട്ടൻ്റെയൊരു തമാശ… അത് ചുമ്മാ ഒരു പടമല്ലേന്ന് ഒരു കൂസലില്ലാതേ ഓള് കിന്നരിക്കുവാ അന്നേരവും.

മനുശ്ശനിപ്പോ പടമായേനേന്ന് ഞാനും പിറുപിറുത്തോണ്ട് മൂലയ്ക്ക് ഇരുന്ന പായ നിലത്ത് വിരിച്ചിട്ട് പറഞ്ഞു കട്ടിലേൽ കിടന്നാൽ ഉറക്കം വരില്ല ഞാനിവിടെ കിടന്നോളാന്ന്.

താഴെ കിടന്നാൽ എനിക്ക് ഉറക്കം വരില്ല ചേട്ടാന്ന് ഓളും.

വല്യ ഉപകാരം ഉറക്കത്തിലെങ്ങാനും ലവള് കൈ എടുത്ത് എൻ്റെ മേലേക്ക് ഇട്ടാൽ വല്ല പാമ്പാന്നും കരുതി അയ്യോ കൊട്ടി നാട്ട്കാരെ അറിയിക്കണ്ടല്ലോന്ന് ഞാനും മനസ്സിൽ പറഞ്ഞു.

കൂട്ടിന് ഒരു തലയണ പോലും ഇല്ലാതേ ആദ്യരാത്രി ആഘോഷിച്ച ഹതഭാഗ്യനായ് പോയി ഞാൻ. സംഭവം ചിത്രമാണെങ്കിലും അതീന്ന് വല്ലതും ഇറങ്ങി വരുമോന്ന് ഓർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു കണക്കിനാണ് നേരം വെളുപ്പിച്ച് എടുത്തത്.

പിറ്റേ ദിവസം രാവിലേ തന്നെ ഞാൻ ഓളേം കൂട്ടി എൻ്റെ വീട്ടിലേക്ക് പുറപ്പെടാൻ നേരം പാമ്പാക്കുട പാപ്പച്ചൻ എന്ന ഓളുടെ തന്തപ്പടി പറയുവാ സ്ത്രീധനത്തിൻ്റെ ബാക്കി തുക രണ്ട് ദിവസത്തിനകം റെഡിയാക്കാം ,മോൻ ഓളേം കൂട്ടി വായോന്ന്…

ഹലോ മിസ്റ്റർ പാപ്പച്ചൻ ഞാൻ അന്തസ്സുള്ളോനാ, സ്ത്രീ ധനമായ് എന്നും എൻ്റെ കൂടേ മതി മറ്റൊന്നും എനിക്ക് വേണ്ട എന്നുള്ള പഞ്ച് ഡയലോഗ് കാച്ചണമെന്നുണ്ടായിരുന്നു. തലേ ദിവസത്തെ ഹാംഗ് ഓവറിൽ ഒന്നും പുറത്തേക്ക് വന്നില്ലെന്ന് മാത്രമല്ല, എത്രേം പെട്ടെന്ന് വീട് പിടിക്കണമെന്ന ചിന്ത മാത്രേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.