സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കറങ്ങി നടക്കുന്നത് അറിഞ്ഞിട്ടും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. അവളീ വിവരം..

ജയാഭവൻ
(രചന: ഷെർബിൻ ആൻ്റണി)

സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം കറങ്ങി നടക്കുന്നത് അറിഞ്ഞിട്ടും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. അവളീ വിവരം അറിയുന്നതാവട്ടെ സ്വന്തം മക്കളിൽ നിന്നും!

അമ്പത് കഴിഞ്ഞ രാജശേഖരനും ഭാര്യ ജയലക്ഷ്മിക്കും രണ്ടാൺ മക്കളായിരുന്നു, തരുണും വരുണും. രണ്ട് പേരുടേയും വിവാഹവും കഴിഞ്ഞു,മക്കളുമായി. തരുണിന് രണ്ട് മക്കളും വരുണിന് ഒരു വയസ്സായ ഒരു മോളും ഉണ്ട്.

സിറ്റിയിലുള്ള നാല് സെൻ്റ് ഭൂമിയിലെ ഒരു കൊച്ച് വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. രണ്ട് മുറിയും ഹാളും അടുക്കളയും മാത്രമുള്ള ആ ചെറിയ വീട്ടിൽ തിങ്ങി ഞെരുങ്ങിയാണ് അവരൊക്കെയും കഴിഞ്ഞിരുന്നതെങ്കിലും അവർക്കിടയിൽ നാളിതുവരെ യാതൊരു വിധ എക്കച്ചിക്കലുകളോ വഴക്കോ ഉണ്ടായിരുന്നില്ല. ആ ഇടുങ്ങിയ വാർക്കപ്പുരയ്ക്കുള്ളിൽ സന്തോഷത്തിനോ സമാധാനത്തിനോ തെല്ലും കുറവ് വന്നിട്ടില്ലതാനും.

വരുൺ കല്ല്യാണത്തിന് ശേഷം മാറി താമസിക്കാൻ തയ്യാറായെങ്കിലും രാജശേഖരനും ജയയും സമ്മതിച്ചിരുന്നില്ല. തങ്ങളുടെ മരണം വരെ മക്കൾ പിരിയാതേ ഒരുമ്മിച്ച് കഴിയണമെന്ന് അവരിരുവരും ആഗ്രഹിച്ചിരുന്നു.

വിവാഹ ശേഷം ഉണ്ടായിരുന്ന രണ്ട് മുറികൾ മക്കൾക്കായ് വിട്ട് നൽകി, ഹാളിലെ ചെറിയ കട്ടിലിൽ രാജശേഖരനും, അതിന് താഴെയായ് ജയയും ഒതുങ്ങി കൂടി.

മൂത്തവനായ വരുണിന് സിറ്റിയിൽ തന്നെ സ്വന്തമായ് ചെറിയൊരു പ്രിൻ്റിംഗ് പ്രസ്സ് ഉണ്ട്, ഇളയവൻ മെക്കാനിക്കാണ്.

അച്ഛനീ വയസ്സാം കാലത്ത് എന്തിൻ്റെ സൂക്കേടാണ്? ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്….
ജോലി കഴിഞ്ഞെത്തിയ വരുൺ പതിവിലും വിപരീതമായ് അന്ന് നല്ല ചൂടിലായിരുന്നു.

പേരക്കുട്ടികളെ കളിപ്പിച്ചോണ്ടിരുന്ന ജയ വരുണിൻ്റെ മുഖത്തേക്ക് ഉറ്റ് നോക്കി.

അമ്മയോട് ഞാനെങ്ങനാ ഇതൊക്കെ പറയുന്നേ… അച്ഛനിങ്ങ് വരട്ടേ മുഖത്ത് നോക്കി നല്ല നാല് വർത്തമാനം പറയാനുണ്ട്. മനുഷ്യന് നാണക്കേട് കൊണ്ട് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി. ചാടിത്തുള്ളി കൊണ്ട് വരുൺ അകത്തെ റൂമിലേക്ക് പോയി തൊട്ട് പുറകേ കാര്യം അറിയാൻ അവൻ്റെ ഭാര്യയും.

സംഭവം എന്താന്ന് മനസ്സിലാവാതേ വിഷമിച്ചിരിക്കുകയായിരുന്നു ജയലക്ഷ്മി. അല്പനേരത്തിന് ശേഷം രണ്ട് മരുമക്കളും കൂടി അവൾക്ക് ചുറ്റും വന്നിരുന്നു. അന്യവീട്ടിൽ നിന്ന് വന്ന പെണ്ണുങ്ങൾ ആയിട്ട് കൂടി സ്വന്തം മക്കളെ പോലേയാ രണ്ടിനേം സ്നേഹിച്ചത്, അവരും തിരിച്ചും അത് പോലേ തന്നെയായിരുന്നു.

അമ്മ വിഷമിക്കേണ്ട… മൂത്തയാൾ വാലും തുമ്പും ഇല്ലാതേ പറയുന്നത് കേട്ട് ജയ രണ്ട് പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. ഇളയ ആളാണ് കാര്യങ്ങൾ ജയയ്ക്ക് വ്യക്തമാക്കിയത്.

അച്ഛൻ കഴിഞ്ഞ ഞായറാഴ്ച ഏതോ ഒരു സ്ത്രീയുമായ് വരുണേട്ടൻ്റെ പ്രിൻ്റിംഗ് പ്രസ്സിൽ ചെന്നിരുന്നെന്നും, ഒത്തിരി നേരം അതിനകത്ത് ചെലവഴിച്ചെന്നുമൊക്കെ പറഞ്ഞിട്ടും ജയയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല.

സൺഡേ ലീവായത് കൊണ്ട് സംഗതി പുറത്താരും അറിയില്ലെന്ന് കരുതിക്കാണും വരുണേട്ടൻ്റെ ഫ്രണ്ട് കണ്ടതോണ്ട് വിവരങ്ങളൊക്കെ നമ്മുക്ക് ഇപ്പഴെങ്കിലും അറിയാൻ സാധിച്ചു.

ആ സ്ത്രീ ഏതാണ്? അവളെ പറ്റി എന്താണ് കൂട്ടുകാരൻ പറഞ്ഞത്? അറിയാനുള്ള വെമ്പലിൽ ജയ ചോദിച്ച് പോയി.

അവരുടെ മുഖം വ്യക്തമായ് കണ്ടില്ലെങ്കിലും പ്രായമുള്ളതാന്നാ മൂപ്പര് പറഞ്ഞത്.

ഞങ്ങടെ സുന്ദരിയായ അമ്മുക്കുട്ടി ഇവിടുള്ളപ്പോൾ അച്ഛനെന്തിനാ കണ്ടവളുമാരുടെ പുറകേ പോകുന്നത് ഇളയയാൾ അമ്മയുടെ തോളിൽ ചാരിക്കൊണ്ട് ആശ്വാസിപ്പിച്ചു.

മക്കളൊക്കെ പോയതിന് ശേഷം ആരും കാണാതേ ജയ രാജശേഖരനെ മൊബൈലിൽ വിളിച്ചു. അതേ രാത്രി ലേശം ലേറ്റായ് വന്നാ മതീട്ടോ… കാര്യം നേരിട്ട് പറയാം.

ജയ ഒഴിച്ച് എല്ലാവരും നല്ല ഉറക്കത്തിലായതിന് ശേഷമാണ് രാജശേഖരൻ വീട്ടിലെത്തിയത്. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ജയ വാതിൽ തുറന്ന് പുറത്തേക്ക് ചെന്നു.

നമ്മൾ പ്രസിൽ ചെന്ന വിവരം വരുണിനോട് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്, ഭാഗ്യത്തിന് എന്നെ തിരിച്ചറിഞ്ഞിട്ടില്ല. അച്ഛൻ വരാൻ കാത്തിരിക്കുവായിരുന്നു മക്കളെല്ലാം കൂടി വിചാരണ ചെയ്യാൻ.

കുളിച്ച് വന്ന് ടേബിളിൽ വന്നിരുന്ന രാജശേഖരന് ഭക്ഷണം വിളമ്പുന്നതിനിടയിലും പതിഞ്ഞ ശബ്ദത്തിലാണ് അവർ സംസാരിച്ച് കൊണ്ടിരുന്നത്.

ഗത്യന്തരമില്ലെങ്കിൽ ഞാൻ സത്യം വിളിച്ച് പറയും. കള്ളച്ചിരിയോടേ അയാൾ പറഞ്ഞു.

രാജശേഖരനോട് ചേർന്ന് നിന്ന് ജയ പറഞ്ഞു ചതിക്കരുത്, മക്കളുടെ മുന്നിൽ എൻ്റെ മാനം കളയരുത്.

ഇടത് കൈ കൊണ്ട് ജയയെ വട്ടം ചുറ്റിപ്പിടിച്ച് അയാൾ പറഞ്ഞു അങ്ങനിപ്പം നീ മാത്രം രക്ഷപ്പെടണ്ട.

അയാളിൽ നിന്ന് കുതറി മാറിക്കൊണ്ട് ജയ പിറുപിറുത്തു. ഏട്ടന് വയസ്സാകും തോറും കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്.

അവനവൻ്റെ വീട്ടിൽ സൗകര്യം ഇല്ലാത്തത് കൊണ്ടല്ലേ, ഇതൊക്കെ മക്കളോട് പറയാൻ പറ്റുന്ന കാര്യമാണോ? വാഷ് ബെയ്സനിൽ കൈ കഴുകി ജയയുടെ സാരി തുമ്പിൽ തുടച്ച് കൊണ്ട് അയാൾ പറഞ്ഞു.

പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്നത് സത്യമായ്.

നിൻ്റെ പറച്ചില് കേട്ടാൽ തോന്നും ഈ കാര്യത്തിൽ എനിക്ക് മാത്രമേ താത്പര്യമുള്ളെന്ന്.

എന്നാലും… അവൾ വിഷമത്തോടേ അയാളെ നോക്കി.

അതിനൊക്കെ വഴിയുണ്ട് നീ സമാധാനത്തോടേ കിടന്ന് ഉറങ്ങാൻ നോക്ക്. എന്തോ ചിന്തിച്ച് ഉറപ്പിച്ചത് പോലേ രാജശേഖരൻ കട്ടിലിലേക്ക് ചെന്നിരുന്നു.

പിറ്റേ ദിവസം അതിരാവിലെ എണീറ്റ രാജശേഖരൻ മുറ്റത്ത് വീണ് കിടന്ന ന്യൂസ് പേപ്പർ എടുത്ത് ആരും കാണാതേ അതിനുള്ളിലേക്ക് ഒരു പരസ്യത്തിൻ്റെ നോട്ടീസ് തിരുകി കയറ്റി പേപ്പർ പഴയ പടി അവിടെ തന്നെയിട്ട് തിരികെ പോന്നു.

വരുൺ എഴുന്നേറ്റ് വരുമ്പോഴേക്കും രാജശേഖരൻ ജോലിക്ക് പോകാനുള്ള തിടുക്കത്തിലായിരുന്നു.

അച്ഛൻ ഒന്ന് നിന്നേ… ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങിയ രാജശേഖരനെ നോക്കി വരുൺ വെളിയിൽ കാത്ത് നില്പുണ്ടായിരുന്നു.

എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്…

ഇപ്പോ തന്നെ സമയം ലേറ്റായി പിടികൊടുക്കാതേ അയാൾ പുറത്തേക്കിറങ്ങി. വണ്ടി തള്ളികൊണ്ട് വെളിയിലെത്തിയ അയാൾ ഗേറ്റ് അടക്കും നേരം ഏറ് കണ്ണിട്ട് വരുണിനെ നോക്കുന്നുണ്ടായിരുന്നു. ന്യൂസ് പേപ്പറിനുള്ളിൽ നിന്നും താഴേക്ക് വീണ നോട്ടീസ് കൈയ്യിലെടുക്കുന്ന വരുണിനെയാണ് അന്നേരം കണ്ടത്.

ജോലിക്ക് പോകാനായ് ഡ്രസ്സ് മാറുമ്പോഴും വരുണിൻ്റെ മൈൻഡ് വേറേ എവിടെയോ ആയിരുന്നു.

മക്കളോടൊപ്പം കിച്ചണിലായിരുന്ന ജയയുടെ അടുത്തേക്ക് വരുണും ചെന്നു. ഞാനിന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അമ്മ അച്ഛനോട് ചോദിക്കാൻ നിക്കണ്ട. അതിനുള്ള പരിഹാരം സ്വയം കണ്ടെത്തിയെന്ന ഒരു സൂചന അവൻ്റെ കണ്ണുകളിൽ കാണാമായിരുന്നു.
……………………………

കുറേ നാളുകൾക്ക് ശേഷമുള്ള ഒരു ഞായറാഴ്ച:

ഉച്ച തിരിഞ്ഞ് വെളിയിലേക്ക് പോകാൻ ബൈക്കിൻ്റെ കീ ടേബിളിൽ നിന്ന് എടുക്കുമ്പോൾ തൊട്ടടുത്ത് തന്നെ ഉണ്ടായ പ്രസ്സിൻ്റെ താക്കോൽ കൂട്ടവും രാജശേഖരൻ്റെ ശ്രദ്ധയിൽപ്പെട്ടു.

നാല് കിലോമീറ്ററിനപ്പുറം അയാളേം കാത്ത് റോഡരുകിൽ ജയലക്ഷ്മി നില്പുണ്ടായിരുന്നു.

സിറ്റിയിൽ തന്നെയുള്ള ബന്ധുവീട്ടിലേക്ക് പോയി വരാമെന്ന് പറഞ്ഞ് ഉച്ചഭക്ഷണത്തിന് ശേഷം ഇറങ്ങിയതായിരുന്നു ജയ. ഇത് പോലേ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തിയാണ് രണ്ട് പേരും കൂടി മാസത്തിലൊരിക്കൽ പ്രസ്സിൽ കൂടിയിരുന്നത്. സ്വസ്ഥമായ് ഒന്ന് ചേർന്നിരിക്കാനും അവരുടേതായ നിമിഷങ്ങൾ പങ്കിടാനും അവർക്ക് വേറേ വഴികൾ ഇല്ലായിരുന്നു.

വണ്ടിയിൽ കേറി ചേർന്നിരിക്കുമ്പോൾ അവൾ ചോദിച്ചു ആർക്കും സംശയം ഒന്നും തോന്നിയില്ലല്ലോന്ന്.

മൂത്തവൻ എന്നെ പരീക്ഷിക്കാൻ താക്കോൽ കൂട്ടം ടേബിളിൽ തന്നെ വെച്ചിട്ടുണ്ടായിരുന്നു പുച്ഛത്തോടേയാണ് അയാളത് പറഞ്ഞത്.

അയ്യോ…. അവളറിയാതേ ഉള്ളിൽ നിന്നൊരാന്തൽ. എന്നിട്ടെന്തിനാ അതെടുക്കാൻ പോയത്?

ആര് എടുക്കാൻ?

അപ്പോ നമ്മളെങ്ങനായ പ്രസ്സ് തുറന്ന് ഉള്ളിൽ കടക്കുന്നത്?

വണ്ടി സൈഡൊതുക്കി ഡ്യൂപ്ലിക്കേറ്റ് താക്കോലെടുത്ത് കാണിച്ചിട്ട് പറഞ്ഞു അവനേക്കാൾ ബുദ്ധി അവൻ്റെ അപ്പനുള്ള കാര്യം അവനറിയില്ലല്ലോന്ന്. മാത്രവുമല്ല കീ മിസ്സായാൽ അവനിവിടെ വന്ന് നോക്കാനും മടിക്കില്ല.

തിങ്കളാഴ്ച രാവിലെ പതിവിലും നേരത്തേ വരുൺ പ്രസ്സിലെത്തി. കമ്പ്യൂട്ടറിന് മുന്നിലെത്തിയ അയാളുടെ വിരലുകൾക്ക് സ്പീഡ് കൂടി.

പുതുതായ് സ്ഥാപിച്ച cctv യുടെ തലേ ദിവസത്തെ ഫുട്ടേജ് തിരയുന്നതിൻ്റെ തിരക്കിലായിരുന്നു അയാൾ. അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താക്കോൽ എടുക്കാതിരുന്നതിൽ നിരാശ്ശനായിരുന്നെങ്കിലും ആ ടൈം കണക്കാക്കി അയാൾ മൗസിൽ ക്ലിക്ക് ചെയ്തു.

പ്രസ്സിൻ്റെ ഗേറ്റ് കടന്ന് വരുന്ന മദ്ധ്യവയസ്സൻ്റേയും സ്ത്രീയുടേയും കാഴ്ച വരുണിൽ അദ്ഭുതപ്പെടുത്തി. ഒന്ന് അച്ഛൻ തന്നെയാണ് പിന്നിലായ് നടന്ന് വരുന്ന സ്ത്രീയുടെ മുഖം വ്യക്തമായിരുന്നില്ല.

അന്നുണ്ടായ സംഭവത്തിന് ശേഷമാണ് പ്രസ്സിൻ്റെ എൻട്രസ്സിൽ ആരുമറിയാതേ വരുൺ cctv സെറ്റ് ചെയ്തത്.

പടിവാതിലിൽ എത്തിയ സ്ത്രീയുടേയും പുരുഷൻ്റേയും മുഖം സൂം ചെയ്ത് നോക്കിയ വരുൺ ഞെട്ടിപ്പോയി. അച്ഛനോടൊപ്പം അമ്മയേം കണ്ട വരുൺ സ്തബ്ധിച്ച് നിന്നു. സിസ്റ്റം ഓഫ് ചെയ്ത് വീൽ ചെയറിൽ കണ്ണടച്ചിരുന്ന അയാളുടെ ഉള്ളിൽ ഒരു നെടുനിശ്വാസം ഉതിർന്നു.
………………………………

രാത്രിയിലെ അത്താഴത്തിന് ശേഷം രാജശേഖരൻ സിറ്റൗട്ടിലെ തിണ്ണയിൽ ഇരിക്കുമ്പോൾ വാതില് ചാരി ജയയും വന്ന് അടുത്തിരുന്നു.

ഇന്നൊരു സംഭവം ഉണ്ടായി, ഇത്ര പെട്ടെന്ന് മക്കളിങ്ങനെയൊരു തീരുമാനം എടുത്തതിൽ എന്തോ ഒരു പന്തികേട് തോന്നുന്നു വളരെ പതിഞ്ഞ ശബ്ദത്തിൽ ജയ പറഞ്ഞു.

കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ച് പറ ആകാംക്ഷ അടക്കാനാവാതേ അയാൾ ചോദിച്ചു.

ഡൈനിംഗ് ടേബിളിലെ സംസാരം മുറുകിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വരുണും തരുണും അവരുടെ ഭാര്യമാരും ഒപ്പമുണ്ടായിരുന്നു അന്നേരം. ഞാൻ പിള്ളേരുമായ് ടീവീടേ മുന്നിലായിരുന്നു.

വരുണാണ് തുടക്കമിട്ടത് അന്ന് ഞാൻ അച്ഛനെ തെറ്റിദ്ധരിച്ചത് മോശമായിപ്പോയി. നമ്മുടെ അച്ഛനോട് സാമ്യം തോന്നുന്ന മറ്റൊരാളായിരുന്നു അന്ന് പ്രസ്സിൽ വന്നത് കൂടേ ഉണ്ടായത് അങ്ങേരുടെ ഭാര്യയുമായിരുന്നു.

അത് കേട്ടതും അയ്യോ… കഷ്ട്ടം ഇളയാളുടെ ഭാര്യ വാ പൊത്തി.

ഭാഗ്യത്തിന് അമ്മയത് ഇത് വരെ ചോദിച്ചിട്ടില്ല, അല്ലെങ്കിൽ അച്ഛനും വിഷമം ആയേനേ വരുണിൻ്റെ ഭാര്യയും ഒപ്പം കൂടി.

അന്ന് അത്രയും പറഞ്ഞിട്ടും അമ്മയ്ക്ക് യാതൊരു വിഷമവും സങ്കടവും തോന്നാതിരുന്നത് അത്ഭുതം തന്നെ.

അതിൻ്റെ കാരണം മറ്റൊന്നുമ്മല്ല, വരുൺ തുടർന്നു. അമ്മയ്ക്ക് നമ്മുടെ അച്ഛനെ നല്ല വിശ്വാസാ…. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ.

തരുണേ എനിക്ക് വേറൊരു കാര്യം പറയാനുണ്ട് നമ്മുക്കീ വീടൊന്ന് പുതുക്കി പണിതാലോ?
അച്ഛനുണ്ടാക്കിയ വീടല്ലേ നമ്മളായിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ലല്ലോ…

മുകളിലേക്ക് രണ്ട് മൂന്ന് മുറി കൂടി എടുക്കാം, അകത്ത് നിന്ന് സ്റ്റെയറും വെക്കാം തരുൺ തൻ്റെ അഭിപ്രായം പറഞ്ഞു.

യേസ്…. അത് തന്നെയാണ് ഞാനും പറഞ്ഞ് വരുന്നത്. നമ്മുക്ക് മുകളിലേക്ക് മാറാം, താഴേ അച്ഛനും അമ്മയും പിന്നെ ഏതെങ്കിലും ഗസ്റ്റ് വന്നാലും തങ്ങാമല്ലോ.

ആ അഭിപ്രായത്തോട് പെണ്ണുങ്ങളും ഒപ്പം കൂടി അവരുടെ നിർദ്ദേശങ്ങളും അറിയിച്ചു.

എൻ്റെ കൈയ്യിൽ അത്യാവശ്യം കുറച് പൈസയുണ്ട് തികയാതേ വന്നാൽ ബാങ്കിൽ നിന്ന് ലോണെടുക്കാം.

അത് വേണ്ട ലോണെടുത്ത് വെറുതെ പലിശ കൊടുത്ത് മുടിയണ്ട. കമ്പനിയിൽ നിന്ന് പണം അഡ്വാൻസ് ചോദിക്കാമെന്നും സാലറിയിൽ നിന്ന് കുറേശ്ശേ കട്ടാക്കാവുന്ന രീതിയിൽ ഞാൻ സംസാരിക്കാം തരുൺ കട്ടയ്ക്ക് കൂടേ നിന്നു.

അച്ഛനോട് ഇക്കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട, അച്ഛന് കിട്ടുന്ന തുച്ഛമായ കൂലി വെച്ചോണ്ടാണ് നമ്മളെയൊക്കെ പഠിപ്പിച്ച് ഇത്രയും വലുതാക്കിയതും, ആരുടെ മുന്നിലും കൈ നീട്ടാതേ അന്നത്തെ കാലത്ത് സ്ഥലവും വീടുമൊക്കെ സ്വന്തമാക്കിയത് നിസ്സാര കാര്യമല്ല. അതൊക്കെ കേട്ടപ്പോൾ ജയക്ക് തങ്ങളുടെ മക്കളെയോർത്ത് അഭിമാനം തോന്നി.

മാസങ്ങൾക്കുള്ളിൽ തന്നെ വീട് പണി പൂർത്തിയായി. മനോഹരമായ രണ്ട് നില വീട് തലയെടുപ്പോടേ തന്നെ ഉയർന് നിന്നു.

പുതിയ ഭവനത്തിൻ്റെ നാമനിർദ്ദേശ ചർച്ചയിൽ പല പല പേരുകളും ഓരോരുത്തരും നിർദ്ദേശിച്ചു. അച്ഛൻ്റെ പേര് മതീന്ന് അമ്മ പറഞ്ഞപ്പോൾ തൻ്റെ പേരിട്ടാൽ നാട്ടുകാര് മുക്കത്ത് വിരല് വെക്കുമെന്ന് രാജശേഖരൻ പറഞ്ഞ് ചിരിച്ചു.

അത്രയ്ക്ക് ബോറാണോ അച്ഛൻ്റെ പേരെന്ന് കളിയാക്കി കൊണ്ട് ഇളയവൾ ചോദിച്ചു.

പിന്നേ രാജ്ഭവനൊന്നൊക്കെ പേരിട്ടാൽ നാട്ടുകാര് കളിയാക്കില്ലേന്ന് മറുപടി പറഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരിയായിരുന്നു. ഒടുവിൽ മൂപ്പര് തന്നെ ഒരു പേര് കണ്ടെത്തി, അതെല്ലാവരും കൈയ്യടിച്ച് പാസ്സാക്കി.

ജയാ-ഭവൻ!

വീട് പണി കഴിഞ്ഞ് മക്കളുടെ സാധനങ്ങളൊക്കെയും രാജശേഖരനും ജയലക്ഷ്മിയും കൂടിയാണ് മുകളിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഷെൽഫിൽ സാധനങ്ങൾ അടുക്കി വെക്കുമ്പോഴാണ് ആ നോട്ടീസ് രാജശേഖരൻ്റെ ശ്രദ്ധയിൽ പെടുന്നത്. താനന്ന് ന്യൂസ് പേപ്പറിനുള്ളിൽ തിരുകിയ പരസ്യം ഒന്ന് കൂടി വായിച്ചപ്പോൾ അയാളുടെ ചുണ്ടത്ത് ഒരു ചിരി പടർന്നു.

കുറഞ്ഞ ചിലവിൽ CCTV സ്ഥാപിച്ച് തരുന്നതാണ്!