ഇതുപോലൊരു പെണ്ണിനെയായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ കിട്ടിയതോ. ഓർത്തു തീർന്നില്ല, അപ്പോളേക്കും..

കുളിര്
(രചന: Shakkeela Rasheed)

അവൾ ആ ഫോട്ടോയിലേക്ക് കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. സൽമാൻഖാനെ പോലെയുള്ള മസിൽ, ഷാരുഖ് ഖാന്റെ മുടി, അമിതാഭ് ബച്ചന്റെ ഉയരം, അമരീഷ് പുരിയുടെ ശബ്ദ ഗാംഭീര്യം, എല്ലാം കൊണ്ടും തനിക്ക് ചേരുന്നവൻ തന്നെ. ആലോചിച്ചപ്പോൾ തന്നെ അവളിൽ ഒരു കുളിര് കോരി.

“എടി, കുറച്ചു അപ്പുറത്തേക്ക് നീങ്ങി കിടക്കെടി “

“ഓ…യാ….. അവൾ കാതരയായി മൊഴിഞ്ഞു

“എന്താടി അനക്കൊരു ഇളക്കം.. “

“ഒന്നൂല്ല്യ മനുഷ്യ.. നിങ്ങൾ ഉറങ്ങിക്കോ.. “

അവൾ തൊട്ട് അപ്പുറത്ത് കിടക്കുന്ന കെട്ട്യോനെ അവജ്ഞയോടെ നോക്കി.

അതേ സമയം വേറൊരിടത്ത്

അവൻ അവളുടെ ഫോട്ടോയിലേക്ക് ശ്വാസം വിടാൻ പോലും മറന്നു നോക്കിക്കൊണ്ടിരുന്നു. ഇത്രേം സുന്ദരികളായ പെണ്ണുങ്ങൾ ഉണ്ടാവോ ഈ ലോകത്ത്. അവൻ ആശ്ചര്യപ്പെട്ടു. ഐശ്വര്യറായിയുടെ പോലെയുള്ള പൂച്ചകണ്ണുകൾ, മാധുരി ധീക്ഷിതിനെ പോലെയുള്ള ചുരുണ്ട മുടി, ശ്രേയ ഘോഷലിന്റെ ശബ്ദ സൗകുമാര്യം, ഇതുപോലൊരു പെണ്ണിനെയായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ കിട്ടിയതോ. ഓർത്തു തീർന്നില്ല, അപ്പോളേക്കും..

“അല്ല മനുഷ്യ.. ഇരുപത്തി നാല് മണിക്കൂറും ഈ ഫോണും കുത്തിപിടിച്ചിരിക്കാൻ ഏത് മൂദേവിയാ നിങ്ങളോട് ചാറ്റുന്നത്. ഈ കുഞ്ഞിനെ ഒന്ന് പിടിക്ക്, അല്ലെങ്കിൽ ആ പാത്രങ്ങൾ പോയി കഴുക്.. “

അവൾ കുഞ്ഞിനെ അയാളുടെ മടിയിൽ കുത്തിയിരുത്തി പുച്ഛത്തോടെ അടുക്കളയിൽ പോയി.

“നീയാടി മൂദേവി, ശൂർപണഖേ “
അയാൾ മനസിൽ അവളോടുള്ള ദേഷ്യം തീർത്തു. നേരിട്ട് പറയാൻ അയാൾക്ക് ധൈര്യം ഇല്ലായിരുന്നു.

“മോളുസേ, ഉറങ്ങിക്കോ, ഏട്ടായി ഒന്ന് നൈറ്റ്‌ ഡ്രൈവിന് പോയി വരാം .., രാവിലെ വരെ മോളൂസിന് ഓർത്തു കിടക്കാൻ ഏട്ടായിടെ ചക്കരയുമ്മ…”

“ഏട്ടായി..കെട്ടിപിടിച്ചു ഉമ്മ.., ശ്രദ്ധിച്ചു പോണേ.. “

അവൾ തിരിച്ചും അവന് ഉമ്മ കൊടുത്തു.

റേഷൻ കടയിൽ അരി വന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ശാരദ വിളിച്ച നമ്പർ ഒരക്കം മാറിയാണ് വർക്ക്‌ ഷോപ്പ് നടത്തുന്ന രമേശിന്റെ ഫോണിലേക്ക് ചെന്നത്. അന്ന് മുതൽ അവർ സൗഹൃദത്തിലായി. പതിയെ പതിയെ ആ സൗഹൃദം ചാറ്റ് വഴി പ്രണയത്തിലെത്തി. രണ്ട് കുട്ടികളുടെ അമ്മയായ ശാരദ രമേശിന്റെ മുന്നിൽ ഡിഗ്രിക്ക് പഠിക്കുന്ന അശ്വതിയായി. ഒരു കുട്ടിയുടെ പിതാവായ രമേശൻ ബിടെക് എഞ്ചിനീയറും രാത്രി യാത്രകളെ പ്രണയിക്കുന്നവനുമായ അരുൺ എസ് നായരും.

ഒടുവിൽ അവർ പരസ്പരം കാണുവാൻ തീരുമാനിച്ചു. ഫോട്ടോ മാത്രം കണ്ടാൽ പോരല്ലോ. നേരിട്ട് ഒന്ന് കാണണ്ടേ. മക്കൾ സ്കൂളിൽ പോയി കെട്ടിയോൻ വാർക്ക പണിക്കും പോയ തക്കത്തിന് ശാരദ ഒരുങ്ങികെട്ടി പുറത്തിറങ്ങി. പറഞ്ഞ സമയത്ത് രമേശനും കട അടച്ചു.

അരുണേട്ടൻ വന്നു നിൽക്കാമെന്ന് പറഞ്ഞ സ്ഥലത്ത് ബെൽബോട്ടം പാന്റും ഇട്ട് പണ്ടത്തെ ജയൻ സ്റ്റൈലിൽ ഒരുത്തൻ നില്കുന്നത് കണ്ട് ശാരദക്ക് ദേഷ്യം വന്നു. ഈ മരങ്ങോടൻ അവിടെ നില്കുമ്പോ തന്റെ ഏട്ടായി എങ്ങനെ അങ്ങോട്ട്‌ വരും. അയാൾ അവിടെ നിന്ന് എങ്ങോട്ടേലും ഒന്ന് പോയി കിട്ടാൻ അവൾ സകല ദൈവങ്ങളെയും വിളിച്ചു. അതെ അവസ്ഥയായിരുന്നു രമേശനും.

‘ഏതാണ് ഈ മൂദേവി.., ആ പൂതന അവിടുന്ന് മാറാതെ തന്റെ അച്ചുമോൾ എങ്ങനെ വരാനാ.. “

അവന് ദേഷ്യവും നിരാശയും വരാൻ തുടങ്ങി. പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു. ഇനി വരില്ലേ. അവൻ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു. നമ്പർ ബിസി. അവളും അവനെ വിളിക്കുകയായിരുന്നു. അവൻ നിരാശയോടെ ഫോൺ പോക്കറ്റിലേക്ക് ഇടാൻ ശ്രമിച്ചതും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. നോക്കുമ്പോൾ അച്ചുമോൾ കാളിംഗ്. തൊട്ട് അടുത്ത് നിന്ന് ഫോൺ റിംഗ് ചെയുന്നത് കേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആ ബെൽബോട്ടം ഫോണെടുത്തു ചെവിയിൽ വെച്ച് ഹലോ എന്ന് ചോദിക്കുന്നു. അവൾക്ക് തന്റെ ബോധം നഷ്ടപെടുന്നത് പോലെ തോന്നി. അവൾ ഡിസ്പ്ലേയിലെ ഏട്ടായിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി. അതെ അവസ്ഥയിൽ തന്നെയായിരുന്നു അവനും.

“ഈ മൂദേവി.. അവൻ ഡിസ്പ്ലേയിൽ തെളിയുന്ന അശ്വതിയുടെ ചിരിക്കുന്ന മുഖത്തേക്കും ഫോൺ കയ്യിൽ പിടിച്ചു അന്തം വിട്ട് നിൽക്കുന്ന ശാരദയെയും മാറി മാറി നോക്കി.

താൻ അതിവിദഗ്ദ്ധമായി പറ്റിക്കപ്പെട്ടിരിക്കുന്നു. വീട്ടിലുള്ള കഞ്ഞീം പയറും മതി. തനിക്ക് ഈ ബിരിയാണി വേണ്ട. അവൻ തിരിഞ്ഞു നടന്നു. ഫേസ് ആപ്പ് കണ്ട് പിടിച്ചവനെ പ്രാകി കൊല്ലുകയായിരുന്നു അപ്പോൾ ശാരദ…