വീട്ടുകാരുടെ താളത്തിന് തുള്ളുന്ന ഇയാൾ എന്നെങ്കിലും തന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ അതും ചെയ്യുമല്ലോ, പെട്ടെന്നാണ് ഫോൺ..

(രചന: ശാലിനി മുരളി)

“മോളേ ദേ നിനക്കൊരു ഫോൺ.. ”
അച്ഛൻ ഫോണും നീട്ടി നിൽക്കുന്നത് കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ശ്രുതി ഒന്ന് പരുങ്ങി..

“അച്ഛൻ സംസാരിച്ചാൽ മതി.. എനിക്ക് വയ്യ”
“അങ്ങനെ പറഞ്ഞാലെങ്ങനാ.. നീ നിന്റെ തീരുമാനം തെളിച്ചു പറ.. ”

എന്തൊരു കഷ്ടമാണ്.. ഞാൻ പറഞ്ഞു കഴിഞ്ഞതാണല്ലോ കാര്യം.. മൈബൈൽ ഓഫ്‌ ചെയ്തു വെച്ചതുകൊണ്ട് ആണ് ഇപ്പോൾ ലാൻഡ് ഫോണിലേക്ക് വിളിച്ചിരിക്കുന്നത്..
അച്ഛൻ അവളെയൊന്നു നോക്കിയിട്ട് പുറത്തേക്ക് നടന്നു..

“ഹലോ.. ”
മറുപുറത്തു പക്ഷേ പ്രതീക്ഷിച്ച സ്വരം ആയിരുന്നില്ല..

“ഹലോ.. ഞാൻ ശ്രീകാന്തിന്റെ ഓഫീസർ ആണ്.. അയാൾക്ക് വേണ്ടി കുട്ടിയോട് ഒന്ന് സംസാരിക്കണമെന്ന് റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാനിപ്പോൾ വിളിച്ചത്.. ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ പോരേ..?”
ഇനിയെന്ത് ആലോചിക്കാൻ? എടുത്ത തീരുമാനം അയാളോട് ബോൾഡ് ആയിട്ട് തുറന്നു പറഞ്ഞതാണ്.. വീണ്ടും എന്തിനാണ് ഇങ്ങനെ ശല്യം ചെയ്യുന്നത്.

“സോറി സർ, ഞാൻ എന്റെ തീരുമാനം അറിയിച്ചു കഴിഞ്ഞു.. ഒരു ജീവിതം തുടങ്ങി കഴിഞ്ഞിട്ട് ഇതുപോലെ മനസ്സ് മാറുന്ന ഒരാളോടൊപ്പം എങ്ങനെ സമാധാനമായിട്ട് കഴിയും..സാറിനും പെണ്മക്കൾ ഉണ്ടാവില്ലേ.. എനിക്കെന്റെ അച്ഛന്റെ അവസ്ഥ അറിയാം.. അതുകൊണ്ട് ഇനിയും ഇത് വേണ്ട എന്ന് തന്നെയാണ് എന്റെ തീരുമാനം.. ”

മറുപുറത് ഒരു നിശബ്ദത പരക്കുന്നത് അറിഞ്ഞു..  തുടർന്ന് സംസാരിക്കാൻ താല്പര്യം ഇല്ലാതെ അവൾ ഫോൺ റിസീവറിലേക്കിട്ടു..
അമ്മ വാതിലിൽ ചാരി നിൽപ്പുണ്ട്..

“ഞാൻ പറഞ്ഞത് കൂടിപ്പോയോ   അമ്മ പറ..”

“ഇല്ല മോളേ. നിന്റെ തീരുമാനമാണ് ശരി.. നമുക്ക് പറ്റാത്ത ഒരു ബന്ധത്തിന്റെ ആവശ്യം ഇപ്പൊ ഇവിടെയില്ല.. ഇതിലും നല്ലൊരു ബന്ധം എന്റെ കുട്ടിക്ക് വരും ഉറപ്പാണ്.. ”

തെളിഞ്ഞ മുഖത്തോടെയാണ് അവൾ മുറിയിലേക്ക് പോയത്. കട്ടിലിന്റെ തലയ്ക്കലേയ്ക്ക് ഒരു തലയിണ എടുത്ത് വെച്ച് അവൾ മെല്ലെ ചാരികിടന്നു.

ഏതോ ഒരു ബന്ധുവായിരുന്നു ആ വിവാഹാലോചനയുമായി വന്നത്. അന്നൊരു ഞായറാഴ്ചയായിരുന്നു. അയാളും കൂടെ രണ്ട് മൂന്ന് പേരും.. തന്നെക്കാൾ ഒരുപാട് ഉയരം കൂടുതലായിരുന്നു ശ്രീകാന്തിന്. മിലിറ്ററി ഹോസ്പിറ്റലിൽ മെയിൽ നഴ്സ് ആണെന്നും നാഗാലാന്റിലാണ് ജോലിയൊന്നും അയാളുടെ സഹോദരിയുടെ ഭർത്താവ് ആണ് പറഞ്ഞത്..

ഇഷ്ടമായെന്ന് പറഞ്ഞു തിരിച്ചു പോകുമ്പോൾ പ്രത്യേകിച്ച് ഒരിഷ്ടക്കൂടുതലോ കുറവോ ഒന്നും തോന്നിയില്ല..  എന്തായാലും ഒരു കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരനാണല്ലോ എന്നൊരു സന്തോഷമായിരുന്നു അമ്മയ്ക്ക്..  അന്ന് അച്ഛൻ പറഞ്ഞതാണ് സ്ത്രീധനമായി എന്തെങ്കിലും താല്പ്പര്യം ഉണ്ടെങ്കിൽ തുറന്നു പറയണമെന്ന്..

പക്ഷേ അവർ ഒരേ സ്വരത്തിലാണ് പറഞ്ഞത് തങ്ങൾക്കാർക്കും ഒരു ഡിമാന്റും ഇല്ലെന്നും എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തിയാൽ മാത്രം മതിയെന്നും !

പക്ഷേ ജാതകം നോക്കാൻ പോയ അച്ഛൻ തിരിച്ചു വന്നപ്പോൾ പറഞ്ഞത് ഒരാറ് മാസത്തേക്ക് വിവാഹം നടത്തരുത്. സമയം മോശമാണെന്നും അതുകഴിഞ്ഞു എപ്പോൾ വേണമെങ്കിലും നടത്തുന്നത് ഉചിതമെന്നും ആയിരുന്നു.  വിവരം അറിഞ്ഞ ശ്രീകാന്ത് അവളുടെ ഫോണിലേക്ക് വിളിച്ചു പരിഭവിച്ചു..

“ഇത് ഇത്രയും നീണ്ടു പോകുന്നത് കുറച്ചു കഷ്ടമാണ് കേട്ടോ.. എനിക്ക് ലീവ് ഉടനെ കിട്ടാൻ കുറച്ചു പ്രയാസമാണ്.. ”

“അച്ഛനിതിലിത്തിരി വിശ്വാസമൊക്കെയുള്ള ആളാണ്.. അത്രയും ഗ്യാപ്പിനിടയിൽ എനിക്ക് കുറച്ചു കൂടി കമ്പ്യൂട്ടർ  പഠിക്കണമെന്നുണ്ട്.. ”
“ഓക്കേ, ശ്രുതിയുടെ ഇഷ്ടം പോലെ നടക്കട്ടെ. ഇവിടെ വന്നാലും ജോലിക്ക് ശ്രമിക്കാമല്ലോ.. ”
ഉള്ളിൽ ഒരാശ്വാസമാണ് തോന്നിയത്.. ഭാഗ്യം. ശ്രീകാന്തിന് തന്നെ മനസ്സിലാക്കാൻ സാധിച്ചല്ലോ..

മിക്കവാറും ഫോൺ വിളിയും മെസ്സെജുമൊക്കെ വന്നു തുടങ്ങിയിരുന്നു..
പക്ഷേ ഒരിക്കലും അതിരു കടന്നൊരു ബന്ധത്തിലേക്ക് വളർന്നു പോകാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു..ഒന്ന് കണ്ടിട്ട് പോയതേയുള്ളൂ..
ഒരു നിശ്ചയം പോലും കഴിഞ്ഞിട്ടില്ല..
അതിനിടയിൽ അവൾ കമ്പ്യൂട്ടർ പഠിക്കുവാൻ തുടങ്ങിയിരുന്നു..

വയസ്സ് ഇരുപത്തി അഞ്ച് കഴിഞ്ഞു ഇനിയും പഠിച്ചു കൊണ്ട് നടന്നാൽ മതിയോ എന്നൊക്കെ അമ്മ ചോദിച്ചെങ്കിലും വീട്ടിൽ വെറുതെ ഇരുന്ന് മുഷിയുന്നത് അവളൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.  ഒരു ദിവസം കമ്പ്യൂട്ടർ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോഴാണ് അച്ഛനും അമ്മയും വിഷമിച്ചിരിക്കുന്നത് കണ്ടത്..

എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് അച്ഛനൊന്നും പറയാതെ മുറിയിലേക്ക് പോയി.. അമ്മയാകട്ടെ കരഞ്ഞു കൊണ്ട് എന്തൊക്കെയോ സ്വയം പറഞ്ഞു കൊണ്ടിരുന്നു..  മുറിയിലെത്തിയിട്ടും ഒന്നും പിടികിട്ടിയില്ല.. അപ്പോഴാണ് അനിയൻ അകത്തേക്ക് വന്നത്..

അവന്റെ മുഖവും വല്ലാതെ ഇരുണ്ടിരുന്നു..  “ചേച്ചി ഇന്ന് അവര് വന്നിട്ടുണ്ടായിരുന്നു.. ”
“ആര് ? ”

“ആ ചെറുക്കന്റെ വീട്ടുകാര്.. അവർ എന്തൊക്കെയോ അച്ഛനോട് പറയുന്നത് കേട്ടു.. എന്തോ പണത്തിന്റെ കാര്യമാണെന്നാ തോന്നുന്നത്.. ”

അത്‌ ഒരു പുതിയ അറിവായിരുന്നു അവൾക്ക് ! ഇനിയെന്താണ് പൈസയുടെ കാര്യം പറയുവാനുള്ളത്. എല്ലാം പറഞ്ഞുറപ്പിച്ചതാണല്ലോ..

അടുക്കളയിൽ അമ്മ ചായ എടുക്കുമ്പോഴും മുഖം
“അവർക്ക് അന്ന് വന്നപ്പോൾ പറഞ്ഞതിലും കൂടുതൽ സ്ത്രീധനം വേണത്രെ.. ബാങ്ക് ഡെപ്പോസിറ്റും സ്വർണ്ണവും എല്ലാം.. അന്ന് അച്ഛൻ നമ്മുടെ അവസ്ഥ പറഞ്ഞതായിരുന്നു.അത് സമ്മതിച്ചതുമാണ്, പക്ഷേ ചെക്കന്റെ അളിയനാണ് പ്രശ്നം.. ഇത്രയും നല്ല ജോലിയുള്ള പയ്യന് ഇതിലും കൂടുതൽ കിട്ടാൻ യോഗ്യത ഉണ്ടത്രേ..”
അമ്മ കണ്ണു തുടച്ചു..

“എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..? ”

“എന്ത് പറയാൻ.. ഒരു വീട് വെച്ചിട്ട് അധികനാളായില്ല.. പെൻഷൻ കിട്ടിയ പൈസ എടുത്താണ് വീട് പണിതത്.. ഇനി നമ്മളെ കൊണ്ട് ആകാത്തത് ചോദിച്ചാൽ എങ്ങനെ നടത്താനാണ്.. ”

വല്ലാതെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു. വന്നിരിക്കുന്നു ഒരു കല്യാണവും കൊണ്ട്.. ഇതെന്താ കച്ചവടമോ??

“അച്ഛന് തുറന്നു പറയായിരുന്നില്ലേ.. ഇതിന് താൽപ്പര്യമില്ലെന്ന്.. വേറെ കൂടുതല് കിട്ടുന്നിടത്തുനിന്നു പോയി കെട്ടട്ടെ.. എനിക്കിനി ഈ കല്യാണം വേണ്ട..”
“മോളേ.. !!”

അമ്മയൊന്ന് അമ്പരന്നു..

“അതുപിന്നെ അവനല്ലല്ലോ ഇത് പറഞ്ഞത്.. അവന്റെ അളിയനല്ലേ. നമുക്ക് ശ്രീകാന്തിന്റെ മറുപടി കൂടി കേട്ടിട്ട് തീരുമാനിക്കാം.. ഇപ്പോൾ ചാടിക്കയറി ഒന്നും പറയണ്ട.”

ആകെയൊരു ദേഷ്യം ഉള്ളു മുഴുവനും പടർന്നു.. അയാളുടെ തീരുമാനമായിരിക്കില്ലേ വീട്ടുകാർ പറഞ്ഞത്.. വീട്ടുകാരുടെ താളത്തിന് തുള്ളുന്ന ഇയാൾ എന്നെങ്കിലും തന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ അതും ചെയ്യുമല്ലോ..  പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്..
ശ്രീകാന്ത് എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ കട്ട് ചെയ്യാനാണ് തോന്നിയത്.. പക്ഷേ രണ്ട് വർത്തമാനം പറഞ്ഞിട്ട് കട്ട് ചെയ്യാമെന്ന് തോന്നി..

“ഹലോ ശ്രുതി.. താനെന്താ ഇങ്ങോട്ടൊന്നു വിളിക്കാഞ്ഞത്ത ? തന്റെ അച്ഛൻ ഇന്ന് അളിയനെ വിളിച്ചിട്ട് ഈ ബന്ധത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞു. എന്താ കാര്യം..? ”

ഹോ ! പാവം ഒന്നുമറിഞ്ഞിട്ടില്ല.

“നിങ്ങൾടെ ആൾക്കാർ ഇവിടെ വന്നു വിലപേശിയിട്ടായിരിക്കണമല്ലോ അച്ഛൻ അങ്ങനെ പറഞ്ഞത്.. അല്ലാതെ അങ്ങോട്ട് വിളിച്ചു വെറുതെ പറഞ്ഞതല്ലല്ലോ..ആണോ?”

“അത്‌…ഞാനൊന്നും അറിഞ്ഞതല്ല കേട്ടോ.. അളിയൻ അല്ലെങ്കിലും കുറച്ച് അത്യാഗ്രഹിയാണ്.. ഞാൻ വീട്ടിലോട്ട് വിളിച്ചു എല്ലാത്തിനെയും രണ്ട് വർത്തമാനം പറഞ്ഞിട്ടുണ്ട്.. ”

“പക്ഷേ നിങ്ങളുടെ വീട്ടുകാരുടെ തനിനിറം ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയല്ലോ.. താങ്ക്സ്. ഇനിയീ കല്യാണം നടന്നാലും ചോദിച്ച പണം തരാത്തതിനുള്ള പീഡനം കൂടി ഞാനനുഭവിക്കേണ്ടി വരുമല്ലോ.. അതുകൊണ്ട് ഇനിയീ ബന്ധത്തിന് എനിക്ക് താല്പ്പര്യം ഇല്ല.. ”

“ശ്രുതി പ്ലീസ് ഞാൻ അവർക്ക് വേണ്ടി മാപ്പ് ചോദിക്കാം.. ഞാൻ അത്രയ്ക്കും തന്നെ ഇഷ്ടപ്പെട്ടു പോയി.. ”

“സോറി. ഇഷ്ടമെന്ന് പറയുന്നത് ഒരു ഭംഗി വാക്കാക്കരുത്..ഞങ്ങൾ ഇന്നുവരെ നിങ്ങളോട് അരുതാത്തതൊന്നും പറഞ്ഞിട്ടില്ല.. പക്ഷേ എന്റെ അച്ഛന് താങ്ങാൻ വയ്യാത്തതൊന്നും ഞാൻ സഹിക്കില്ല.. നിങ്ങൾ വേറെ നല്ലൊരു കുട്ടിയെ കൂടുതൽ സ്ത്രീധനം വാങ്ങിച്ചു വിവാഹം കഴിക്കണം.. ഇനിയെന്നെ വിളിക്കരുത്.”

ഫോൺ കട്ട് ചെയ്തിട്ട് കട്ടിലിലേക്ക് ഇടുമ്പോൾ അമ്മയും അനിയനും വിളറിയ മുഖത്തോടെ മുറിക്ക് പുറത്ത് നിന്നിരുന്നു..
മനസ്സിലൊട്ടും വിഷമം തോന്നിയില്ല.. അല്ലെങ്കിലും അയാളുമായി തനിക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ലല്ലോ..

അച്ഛന്റെ ആഗ്രഹത്തിന് ഇതുവരെയും എതിരായിട്ട് പ്രവർത്തിച്ചിട്ടില്ല..അച്ഛന്റെ കഴിവിന് അനുസരിച്ചൊരു കല്യാണം. അതുമതി..
പെണ്ണിന് വിലപറയാൻ വന്നിരിക്കുന്നു ! അയാൾ വേറെ എവിടെയെങ്കിലും പോയി കെട്ടട്ടെ. ഒരു ജോലിക്കാരൻ.. കലിയടങ്ങാതെ അവൾ തലയിണയ്ക്കുള്ളിലേക്ക് മുഖമമർത്തി..

പിറ്റേന്ന് രാവിലെ കുളിച്ച് ഒരുങ്ങി പോകാൻ ഇറങ്ങിയപ്പോൾ ആണ് അമ്മയുടെ വക  ഒരു ചോദ്യം..

“ഇന്ന് പോകുന്നോ..? ”
“അതിന് ഇന്നെന്താ വിശേഷം..? ”
“അല്ല..ഉറപ്പിച്ച ആലോചന വേണ്ടെന്ന് വെച്ചത് കൊണ്ട് ബ്രോക്കർ രാവിലെ അച്ഛനെ വിളിച്ചിരുന്നു..  ഉച്ചക്ക് മുൻപ് ഒരു കൂട്ടര് വരുന്നുണ്ടെന്ന്.ഗവണ്മെന്റ് ജോലിക്കാരനാണ്, അതും നമ്മുടെ നാട്ടിൽ തന്നെ.. ”

തിരിഞ്ഞു നോക്കാതെയാണ് അവൾ ചോദിച്ചത്..

“എന്താ അമ്മയ്ക്ക് ഇനിയും ഒരു കല്യാണം കൂടി കഴിക്കാൻ പൂതിയുണ്ടോ..?”

വിളറിയ അമ്മയുടെ മുഖം തിരിഞ്ഞു നോക്കാതെ തന്നെ തിരിച്ചറിഞ്ഞു.. ഇവർക്കൊക്കെ എന്താ?കല്യാണം മാത്രമാണോ ഇവരുടെയൊക്കെ അവസാന ലക്ഷ്യം. അതോ താൻ പുര നിറഞ്ഞു നിൽക്കുമോയെന്ന പേടിയോ.. ആരോടൊക്കെയോ ഉള്ള അരിശത്തിൽ അമർത്തി ചവുട്ടി ഗേറ്റ് കടക്കുമ്പോൾ
പിന്നിൽ അച്ഛന്റെ ഉറക്കെയുള്ള ചിരി മുഴങ്ങുന്നുണ്ടായിരുന്നു !!