അയാളുടെ വീട്ടുകാർ എന്റെ കുറ്റം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്ന് എന്റെ ഭർത്താവ് കേൾക്കെത്തന്നെ..

അളകനന്ദ
(രചന: ശാലിനി കെ എസ്)

നില കണ്ണാടിയിൽ തന്നെത്തന്നെ നോക്കി നിൽക്കവേ അളക നന്ദയുടെ മനസ്സിൽ പതിവില്ലാത്ത വിധം വേണ്ടാത്ത ചിന്തകൾ കൂടു കൂട്ടാൻ തുടങ്ങി. ഭംഗിയായി ഉടുത്ത പട്ടു സാരിയുടെ മുന്താണിയിൽ അവൾ വിരലുകൾ ചുറ്റി വലിച്ചു നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി !

മുറിയിലേയ്ക്ക് എത്തി നോക്കിയ അമ്മയുടെ മുഖത്തും വല്ലാത്തൊരു മുറുക്കം വ്യക്തമായി അവൾ കണ്ടു.
ചോദ്യ ഭാവത്തിൽ നോക്കിയ അവളെ സമാധാനിപ്പിക്കാനെന്നോണം അമ്മ പിറുപിറുത്തു.

” ന്നാലും വരുമെന്ന് വിളിച്ചു പറഞ്ഞിട്ട് ഇത്രയും നേരമൊക്കെ വൈകുന്നത് ശരിയാണോ.. അല്ലെങ്കിൽ എന്താ കാരണം എന്നൊന്ന് പറയുവെങ്കിലും ചെയ്യാമല്ലോ.. എത്ര നേരമായിട്ട് ഒരുങ്ങി നിൽക്കുന്നതാണ്. അച്ഛന് ഷോപ്പിലും പോകണ്ടതാണ്. ഇവര് ഇന്ന് വരുമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് അച്ഛൻ പോകാതെ വെയിറ്റ് ചെയ്യുന്നത്. അളകേ, നീ വൈശാഖിനെയൊന്ന് വിളിച്ചു ചോദിച്ചേ. എന്തായിത്ര വൈകുന്നതെന്ന്..? ”

അവൾ മടിയോടെ മൊബൈൽ ഫോണിലേയ്ക്ക് ഒന്ന് നോക്കി.
ഇപ്പോൾ തന്നെ എത്ര വട്ടം മെസ്സേജ് ഇട്ടിരിക്കുന്നു.
ഒന്നും അയാൾ എടുത്തിട്ടില്ല. വിളിച്ചിട്ട് ഫോൺ സ്വിച്ചഡ് ഓഫും !!
അമ്മയോട് ഈ കാര്യം എങ്ങനെ പറയും.
ഈ നേരത്ത് ഫോൺ സ്വിച്ച് ഓഫ്‌
ചെയ്യ്തത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നതേയില്ല .

താനുമായി പരിചയത്തിൽ ആയതിൽ പിന്നെ ഒരു വട്ടം പോലും ആ നമ്പറിലേയ്ക്ക് വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്ന് കേട്ടിട്ടേയില്ല. പക്ഷെ, ഇങ്ങനെ ഒരു പ്രധാനപ്പെട്ട
സമയത്ത് തന്നെ ഇയാൾ എന്തിനാണ് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തേക്കുന്നത്..??

“നീയെന്താ ആലോചിക്കുന്നത്?
അവനെ ഒന്ന് വിളിച്ചേ..
അച്ഛൻ ഇനിയും കാത്തിരിക്കുമെന്ന് തോന്നുന്നില്ല..”

“അമ്മേ, ഫോൺ സ്വിച്ച് ഓഫ്‌ ആണ്.
ഞാൻ കുറെ വട്ടം ട്രൈ ചെയ്തു.
എന്താ പറ്റിയതെന്ന് മനസിലാകുന്നെയില്ല..”

ആ വാർത്ത കേട്ട് അംബിക ദേവി ഒന്ന് ഞെട്ടി..

പിന്നെ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
ചിലപ്പോൾ ചാർജ്ജ് തീർന്നു പോയതാവും.

“നിങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ..?”

“എന്ത് പ്രശ്നം..?”

അളക പുരികം ചുളിച്ചു.

“അല്ലാ, രണ്ടും കൂടി വല്ലതുമൊക്കെ പറഞ്ഞു സൗന്ദര്യപ്പിണക്കമോ മറ്റോ ആണോയെന്നാണ് ഉദ്ദേശിച്ചത്‌..”

ഏയ്‌… അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്..

“അംബികേ ഞാൻ ഇറങ്ങുവാ.. ഇനിയെങ്കിലും കടയിലേയ്ക്ക് ചെന്നില്ലെങ്കിൽ പറ്റില്ല.
ഇത് വല്ലാത്ത ചതിയായിപ്പോയിയെന്ന്
അവരെ വിളിച്ചു പറഞ്ഞേക്കാൻ
മോളോട് ഒന്ന് പറഞ്ഞേര് ..”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അച്ഛൻ പോകാനിറങ്ങി.
ഞായറാഴ്ച ആണെങ്കിലും അച്ഛൻ കട തുറക്കും.
സൂപ്പർ മാർക്കറ്റിൽ അന്നാണ് കൂടുതൽ തിരക്ക്..
മോൾക്ക് താൽപ്പര്യം ഉള്ള ഒരു കൂട്ടര്
പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്നും എതിർത്തു പറഞ്ഞില്ല.
ഇപ്പോഴത്തെ കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിൽ കുറ്റം പറയാൻ പറ്റില്ല.
സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയി വീടിന് അപമാനം വരുത്തി വെയ്ക്കുന്നതിലും ഭേദമാണ്.
സ്വന്തം പ്രണയം പോലും വീട്ടിൽ തുറന്നു പറയാനും ഇന്നവർക്ക് സ്വാതന്ത്ര്യം ഉണ്ട്..

പിജി വരെ കൂടെ പഠിച്ചതാണെന്നും
ഇപ്പോൾ യുകെയിൽ നല്ല ജോലിയാണെന്നുമൊക്കെ മോൾ വലിയ താൽപ്പര്യത്തോടെയാണ് പയ്യനെക്കുറിച്ച് പറഞ്ഞത്..
മോൾക്കും പി എസി വഴി കിട്ടിയതാണ് ബാങ്കിലെ ക്ലറിക്കൽ ജോലി.
മറ്റൊരു ജില്ലയിലേയ്ക്ക് ആണ് അപ്പോയിൻമെന്റ് ഓർഡർ വന്നത്.
അവിടെ ഒരു ഹോസ്റ്റലിൽ ആണ് അവൾ താമസം. അതുകൊണ്ട് മാസത്തിൽ
ഒന്നോ രണ്ടോ തവണ വീട്ടിൽ വന്നിട്ട് പോകാനേ പറ്റൂ. അവര് തമ്മിൽ നല്ല കോൺടാക്ട് ആണെന്ന് അംബിക ഒരിക്കൽ പറഞ്ഞത് അയാൾ ഓർത്തു..

പക്ഷെ,ആ പയ്യന്റെ വീട്ടിൽ നിന്ന് നാലഞ്ച് പേര് പെൺകുട്ടിയെ കാണാൻ വരുമെന്ന് വിളിച്ചു പറഞ്ഞിട്ട് പിന്നെ യാതൊരു വിവരവും ഇല്ലാത്തത് എന്ത് കൊണ്ടാണെന്നു മാത്രം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

തന്റെ ബെഡ്‌റൂമിൽ മൗനിച്ചു കിടന്ന അളകയുടെ മനസ്സിലും ചിന്തകൾ മറ്റൊന്നുമായിരുന്നില്ല.

വൈശാഖ് തന്നെ മനഃപൂർവം
അവോയ്ഡ് ചെയ്തതായിരിക്കുമോ..??
ഇപ്പോഴും അയാളുടെ ഫോൺ
ഓണായിട്ടില്ല !
അവൾക്ക് തൊണ്ടയിൽ വല്ലാത്ത ഒരു നൊമ്പരം കിനിഞ്ഞിറങ്ങുന്നത് പോലെ തോന്നി.
കണ്ണിൽ നിന്ന് അനുവാദം ഇല്ലാതെ നീറിപ്പുകഞ്ഞു ഒഴുകിയിറങ്ങുന്ന
ഉപ്പു നീരുകൾ !

ഇടയ്ക്ക് അംബിക മുറിയിൽ ഒന്ന് എത്തി നോക്കി.
ഉടുത്തൊരുങ്ങിയ സാരി പോലും മാറാതെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു അളക !

അവരുടെ നെഞ്ചിലും ചെറിയൊരു
നീറ്റൽ ഉണ്ടായി.
മകൾ വല്ലാത്ത ഉത്സാഹത്തിൽ
ആയിരുന്നു രണ്ട് ദിവസം ആയിട്ട്.
സാധാരണ വീട്ടിൽ വരുന്നതിലും വിപരീതമായി വെള്ളിയാഴ്ച വൈകിട്ടേ അവൾ കൈ നിറയെ എന്തൊക്കെയോ പായ്ക്കറ്റുകളുമായിട്ടാണ് വീട്ടിലെത്തിയത്.
ശനിയാഴ്ച ഉച്ചവരെയേ ബാങ്ക് ഉളളൂ. അതുകൊണ്ട് അന്ന് ലീവ് എടുത്തു.
വീട് മുഴുവൻ അവളുടേതായ രീതിയിൽ മോടിപിടിപ്പിച്ചു.
പിന്നെ പുതിയ സാരിയ്ക്ക് ചേരുന്ന
ബ്ലൗസ് തയ്പ്പിച്ചു. ആകെ ഒരു ഉത്സവം പോലെ ആയിരുന്നു അവൾക്കീ ദിവസങ്ങൾ.

പക്ഷെ അതൊക്കെ എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്.
മോളെ ഒന്ന് വിളിച്ചാലോ…
അല്ലേൽ വേണ്ട അവൾ തനിച്ചിരുന്നു ആലോചിക്കട്ടെ.
വൈശാഖിന്റെ വീട്ടിൽ എന്തെങ്കിലും അസൗകര്യം ഉണ്ടായിക്കാണും. കുറച്ചു കഴിയുമ്പോൾ അവൻ തന്നെ മോളെ വിളിക്കാതിരിക്കില്ല.
അവർ തിരിഞ്ഞു നടന്നു.

അംബികയ്ക്കും ശിവരാജനും മൂന്ന് മക്കളാണ്. രണ്ട് ആണും ഒരു പെണ്ണും.
മൂത്ത രണ്ട് ആണ്മക്കളും വിദേശത്ത്
ആണ്. അതിൽ ഏറ്റവും മൂത്ത മകന്റെ വിവാഹം കഴിഞ്ഞു ഫാമിലിയായി അവിടെ ആണ്. രണ്ടാമൻ അളകയുടെ വിവാഹം കഴിഞ്ഞിട്ടേ കല്യാണം കഴിക്കുന്നുള്ളൂ
എന്ന തീരുമാനത്തിൽ ആണ്.

ഇടയ്ക്ക് അവൻ മകളെ വിളിച്ചു എരി പിടിപ്പിക്കാറുമുണ്ട്.
വേഗം ആരെയെങ്കിലും സെറ്റാക്കാൻ നോക്ക് മുടിയൊക്കെ നരയ്ക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ്..!

അവൾക്കും ജോലി കിട്ടിയിട്ട് മതി
കല്യാണം എന്ന തീരുമാനത്തിൽ ആയിരുന്നു ഇതുവരെ. പിന്നെ,
വൈശാഖൻ യുകെയിൽ പോകുന്ന തിരക്കും കാത്തിരിപ്പും ഒക്കെയായി
അവൾ
ആർക്കും പിടി കൊടുക്കാതെ നടന്നു.
എല്ലാം ഒത്തു വന്നപ്പോൾ ഇങ്ങനെയും!
അവർ ഫോൺ എടുത്തു ആണ്മക്കളുടെ നമ്പർ തിരയാൻ തുടങ്ങി.

നേരം ഉച്ച കഴിഞ്ഞിരിക്കുന്നു.
ഊണ് കഴിക്കാൻ അമ്മ ഒരുപാട് വന്നു വിളിച്ചിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കാതെ അളക മുഖം തലയണയ്ക്കുള്ളിൽ അമർത്തി കിടന്നു.
അവൾക്ക് വിശപ്പും ദാഹവും ഒന്നും തോന്നിയില്ല.
അയാൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത സങ്കടം മാത്രമായിരുന്നു മനസ്സ് നിറയെ..

ഫോൺ കയ്യെത്തി എടുത്തവൾ
അയാളുടെ നമ്പറിലേയ്ക്ക് എന്തൊക്കെയോ മെസ്സേജുകൾ
സെൻഡ് ചെയ്തു. പിന്നെ ഫോൺ എങ്ങോട്ടോ എടുത്തെറിഞ്ഞിട്ട് വീണ്ടും
കണ്ണടച്ചു കിടന്നു.

ഏഴു വർഷത്തെ പ്രണയമാണ് അയാളും താനും തമ്മിലുള്ളത്.
ഇഷ്ടം മുഖത്ത് നോക്കി തുറന്നു പറഞ്ഞപ്പോൾ പ്രണയത്തെക്കാൾ ലേശം ബഹുമാനമാണ് തോന്നിയത്..
തന്നെക്കാൾ സീനിയർ ആയിരുന്നു വൈശാഖ്. പഠിക്കാനും പാടാനും ഒക്കെ മിടുക്കൻ. കോളേജ് വിട്ടാലും ഈ ബന്ധം തുടരാനും ഒന്നിച്ചു ജീവിക്കാനും ആണ് താല്പര്യം എന്ന് ഒരു കോഫീ ഷോപ്പിലെ
രണ്ട് കൂൾ ഡ്രിങ്ക്സിന്റെ തണുപ്പിൽ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി വൈശാഖ് ഒരിക്കൽ തുറന്നു പറഞ്ഞു..
അവളും മറ്റൊരാളെ അയാൾക്ക്
പകരമായി സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര അഗാധമായ
പ്രണയത്തിൽ അകപ്പെട്ടു
കഴിഞ്ഞിരുന്നു.

പിന്നീടുള്ള അവരുടെ വഴികൾ പലതായിരുന്നെങ്കിലും തീരുമാനങ്ങളും ചിന്തകളും ഒന്നിച്ചുള്ളതായിരുന്നു. ഇതുവരെയും പരസ്പരം അറിയാത്ത ഒരു കാര്യവും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞിട്ട് അളകയേയും ഒപ്പം കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ.

പിന്നെ പെട്ടെന്ന് എന്താണ് സംഭവിച്ചത്..?
ഒന്നും ഊഹിക്കാൻ പോലും കഴിയുന്നില്ല.
ഏറെ നേരം കഴിഞ്ഞു എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അളക മുഖം തുടച്ചു കൊണ്ട് ധൃതിയിൽ എഴുന്നേറ്റു.

തന്റെ ബാഗിലേയ്ക്ക് അവൾ സ്വന്തം ഡ്രെസ്സുകൾ എല്ലാം കുത്തിത്തിരുകാൻ തുടങ്ങി..
ഇങ്ങോട്ട് ഇപ്പോൾ ഇല്ലാത്ത ഒരു അവധി കൂടിയെടുത്ത് ഓടിപ്പാഞ്ഞു വന്നത് ഇതിന് വേണ്ടി മാത്രമായിരുന്നു.
അത് ഇങ്ങനെയുമായി.
ഇനിയെന്തിനു ഇവിടെ വെറുതെ കിടന്നു കണ്ണുനീരൊഴുക്കണം..
കണ്ണാടിയിൽ കണ്ട മുഖത്തിനു അല്പം
മുൻപ് കണ്ട മുഖത്തേക്കാൾ എത്ര പെട്ടെന്നാണ് മാറ്റം ഉണ്ടായത്..!

അമ്മ ഉണങ്ങിയ തുണികൾ മടക്കി വെയ്ക്കുന്ന ജോലിയിലായിരുന്നു.

“അമ്മേ,സോറി..”

മകളുടെ ഇടറിയ സ്വരം കേട്ട് അംബിക പെട്ടെന്ന് മുഖം ഉയർത്തി.
അവൾ പോകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് കണ്ടതും ഒന്ന് ഞെട്ടി.

“മോളെന്താ ഇപ്പോൾ പോകാൻ ഒരുങ്ങുന്നത്. ഇന്നിനി പോകണ്ട.
അച്ഛനോട് പോകുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ. എന്നത്തേയും പോലെ നാളെ വെളുപ്പിന് അച്ഛൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുമല്ലോ..
അത് മതി.”

“എനിക്ക് ഇവിടെ ഒറ്റയ്ക്ക് വല്ലാത്ത
ശ്വാസം മുട്ടൽ തോന്നുന്നമ്മേ.
അവിടെ ആകുമ്പോൾ റൂം മേറ്റ്സിന്റെ ബഹളമൊക്കെ കേട്ട് ഒന്നും ആലോചിക്കണ്ടല്ലോ..”

അവർ ഒന്നും മിണ്ടിയില്ല..
മകൾ പറയുന്നതും ശരിയാണ്.
അവളുടെ മാനസിക നില ഇപ്പോൾ
ശരിയല്ല. എങ്കിലും, കുറച്ചു കഴിയുമ്പോൾ അവൻ വിളിക്കാതിരിക്കുമോ.
എല്ലാം പഴയ പടിയാവില്ലേ ??

“അമ്മ അച്ഛനോട് പറഞ്ഞാൽ മതി.
പിന്നെ, നിങ്ങൾ രണ്ട് പേരെയും ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.
ഞാൻ ചെന്നിട്ട് വിളിക്കാം..”

അവൾ അമ്മയുടെ കവിളിൽ
ഒരു സ്വാന്തനം പോലെ ചുണ്ടമർത്തി.

അംബികയ്ക്ക് കരച്ചിൽ വന്നു.
അവർ അവളുടെ പിന്നാലെ ചെന്നു.

“മോളെ..വൈശാഖ് വിളിച്ചാൽ പറയണേ.. അവർക്ക് ഇന്ന് എന്തെങ്കിലും അസൗകര്യം ഉണ്ടായിക്കാണും. അല്ലാതെ വേറൊന്നും ആയിരിക്കില്ല..
നീ മനസ്സ് വെറുതെ വിഷമിപ്പിക്കരുത് കേട്ടോ…”

അവൾ യാത്ര പറയും പോലെ അമ്മയെ നോക്കി മെല്ലെ തലയാട്ടി.
പിന്നെ, അരികിലൂടെ കടന്നു പോയ ഒരോട്ടോയുടെ നേർക്ക് കൈ കാട്ടി.
തന്റെ ഫോൺ ബാഗിൽ നിന്നെടുത്തു
സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.

ഹോസ്റ്റൽ റൂമിൽ എത്തിയപ്പോഴേക്കും നേരം വല്ലാതെ ഇരുട്ടിയിരുന്നു. വാർഡൻ എന്തൊക്കെയോ ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാനും പറ്റിയില്ല.
വീട്ടിൽ നിന്നിറങ്ങിയപ്പോൾ കുറച്ചു ലേറ്റ് ആയെന്ന് മാത്രം പറഞ്ഞു. അതായിരുന്നല്ലോ നേരും.

റൂമിലുണ്ടായിരുന്ന നീനു സന്തോഷത്തോടെയാണ് അവളെ എതിറേറ്റത്. അവളോട് സത്യം പറയാൻ തോന്നിയില്ല. എല്ലാവരും വന്നു കണ്ടിട്ട് പോയി. ഉടനെ ഡേറ്റ് ഉറപ്പിക്കും
എന്നവളുടെ മുഖത്ത് നോക്കാതെ പറയുമ്പോൾ ഉള്ളു പിടഞ്ഞു.

ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നത്
അപ്പോഴാണ് ഓർത്തത് .
വീട്ടിൽ നിന്ന് ഇങ്ങെത്തിയോ
എന്നറിയാൻ അമ്മ കുറെ വട്ടം വിളിച്ചു കാണും.

അമ്മയെ വിളിച്ചു വിവരം പറഞ്ഞിട്ട് അറിയാതെയാണ് വൈശാഖിന്റെ നമ്പറിലേയ്ക്ക് ഉള്ള കാൾ
ബട്ടനിലേയ്ക്ക് വീണ്ടും വിരൽ
അമർന്നത്.
ഹ്ഹോ സ്വിച്ച്ഡ് ഓഫ്‌ തന്നെ!!
ഇനിയിങ്ങോട്ട് വിളിക്കട്ടെ.
കാണിച്ചു കൊടുക്കാം.

അന്ന്,
എന്തൊക്കെയോ ദുഃസ്വപ്നങ്ങൾ
കണ്ടാണ് ഉറങ്ങിയത്.
രാവിലെ എഴുന്നേറ്റിട്ട് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നുമില്ല.

രണ്ട് മൂന്ന് ദിവസം എങ്ങനെയൊക്കെയോ കഴിഞ്ഞു പോയി.
വൈശാഖിനെ കുറിച്ച് അവൾ മനഃപൂർവം ഓർക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും
ഉറക്കം വരാതതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഓരോ ഓർമ്മകൾ
അവളെ പിന്നെയും കുത്തിനീറ്റിച്ചു കൊണ്ടിരുന്നു..

അന്നത്തേതിന് ശേഷം പിന്നീട് ഒരിക്കൽ പോലും അയാളുടെ നമ്പറിലേയ്ക്ക് വിളിക്കാൻ അവൾക്ക് തോന്നിയില്ല.
താൻ തുരുതുരെ അയച്ച വാട്സ്ആപ്പ് മെസ്സേജുകൾ ഒന്നുപോലും ഇതുവരെയും അയാൾ വായിച്ചിട്ടുണ്ടായിരുന്നില്ല. അതോടെ ഇനി ഇങ്ങോട്ട് വിളിക്കാതെ
ഒരു ബന്ധവും അയാളുമായി വേണ്ടെന്ന് അവൾ ഉറപ്പിച്ചു.

ലേശം പിടച്ചിൽ തോന്നിയെങ്കിലും ചില നേരത്തെ കടുത്ത വാശികൾക്ക് ഏത് കൊടിയ വേദനയെയും ഇല്ലാതാക്കാൻ കെൽപ്പുണ്ടെന്ന് അവൾ സ്വയം തിരിച്ചറിയുകയായിരുന്നു ഈ രണ്ട് മൂന്ന് ദിവസങ്ങളിലൂടെ..!

വീട്ടിലേക്ക് ഈ ആഴ്ചയിൽ പോക്ക് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.
ആകെ എല്ലാത്തിൽ നിന്നും ഉൾവലിയാനാണ്
മനസ്സ് തിടുക്കം കൂട്ടിയത്.

എന്തായാലും ഒരു നിരാശ കാമുകിയുടെ റോളിൽ ജീവിക്കാൻ തന്നെ കിട്ടില്ല.
ഇങ്ങോട്ട് കാണിച്ച അവഗണനയ്ക്കും വഞ്ചനയ്ക്കും നേരെ മുഖം തിരിക്കാൻ തന്നെ തീരുമാനിച്ചു.

പക്ഷെ,
എത്രയൊക്കെ മനസ്സിനെ ബോൾഡ്
ആക്കി നിർത്താൻ നോക്കിയെങ്കിലും അളകയ്ക്ക് പലപ്പോഴും പിടി വിട്ട് പോകും.
നെഞ്ചിൽ ഓർമ്മകൾ ഒന്നോടെ വന്നു അള്ളിപ്പിടിക്കുന്നത് പോലെ തോന്നും.

അന്നൊരു ഞായറാഴ്ച ആയിരുന്നു. അതുകൊണ്ട് തന്നെ ഒരല്പം കൂടുതൽ ഉറങ്ങി അളക.
ഒപ്പമുള്ളവർ ചിലർ കുളി കഴിഞ്ഞു ഡൈയിനിങ് റൂമിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
ഒൻപതു മണിക്ക് മുമ്പ് മെസ്സിലേയ്ക്ക് ചെന്നില്ലെങ്കിൽ പിന്നെ ഭക്ഷണം കിട്ടില്ല അവൾ അലസതയോടെ ഫോണെടുത്തു നോക്കി.
എട്ടര!!
ചാടി എഴുന്നേറ്റ് അവൾ ബാത്‌റൂമിലേയ്ക്ക് പോയി..
ഫ്രഷ് ആയിട്ട് വന്ന് മെസ്സിലേയ്ക്ക് പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന്
എന്തോ ഓർത്തത് പോലെ അവൾ
ഫോൺ എടുത്തു നോക്കിയിട്ട് ചാർജ്ജ് ചെയ്യാനായി വെച്ചു.

എല്ലാ ഞായറാഴ്ചകളിലെയും പോലെ അന്നും ഇടിയപ്പവും മുട്ടക്കറിയും..
വീട്ടിൽ അമ്മയുടെ വക പാലപ്പവും
സ്റ്റൂവും ആയിരിക്കും ഞായറാഴ്ചകളിൽ…
പെട്ടെന്ന് ഓർമ്മകളെ കുടഞ്ഞു കളയാനെന്നപോലെ അവൾ കയ്യ്
കുടഞ്ഞു കൊണ്ട് എഴുന്നേറ്റു.

കുറെ നനയ്ക്കാനുണ്ട്. രാവിലെ തന്നെ തിരക്കായിരിക്കും.
എല്ലാവർക്കും ആകെ കിട്ടുന്ന
ഒരു അവധി ദിവസം ആണ്.
മുൻപൊക്കെ വൈകുന്നേരം റൂം മേറ്റ്സിനോടൊപ്പം പുറത്ത് ഷോപ്പിംഗിനോ പുതിയ സിനിമയ്ക്കോ ഒക്കെ പോകുന്നതായിരുന്നു പതിവ്.

തിരികെ വന്ന് ചാർജ്ജ് ചെയ്യാൻ
വെച്ചിരുന്ന
ഫോണിൽ ഒരുപാട് മിസ്സ്ഡ് കാൾ.
സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ്.
വാട്സാപ്പിലും കുറെ വോയിസ്‌ മെസ്സേജുകൾ..!
വൈശാഖിന്റെ നമ്പർ അന്നേ ഡിലീറ്റ് ചെയ്തിരുന്നു..
പക്ഷേ, ഇത് അവന്റെ നമ്പർ തന്നെയാവു മെന്ന് ഒരു ചെറിയ സംശയം തോന്നി
അവൾ വോയിസ്‌ പ്ലേ ചെയ്തു.
ഏകദേശം ഒരു മാസത്തോളം
ആയിരുന്നു അവൾ അവന്റെ ശബ്ദം കേട്ടിട്ട്.

പെട്ടെന്ന് എല്ലാം ഡിലിറ്റ് ചെയ്തിട്ട് നമ്പർ ബ്ലോക്ക് ചെയ്യാനാണ് തോന്നിയത്..
എന്നിട്ടും എന്തായിരിക്കും അയാൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ
അവൾക്ക് ആഗ്രഹം തോന്നി.
ഏത് ചെയ്തികൾക്കും ഒരു ന്യായീകരണം ഉണ്ടായിരിക്കുമല്ലോ.
അത് വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് രണ്ടാമത്തെ കാര്യം.
തന്നെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് അവൾക്ക് അറിയണമെന്ന് തോന്നി..

ഒരു മാപ്പ് പറച്ചിലോ ഖേദ പ്രകടനങ്ങളോ ഒന്നുമില്ലാതെ തുടങ്ങിയ അയാളുടെ ശബ്ദത്തിലേയ്ക്ക് അവൾ കണ്ണുകൾ അടച്ചു..

“എനിക്ക് ഒരു കാര്യത്തിൽ ക്ലാരിഫിക്കേഷൻ വേണം. അതിനാണ് ഞാൻ ഈ മെസ്സേജ് ഇടുന്നത്..തന്നെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ, തന്റെ കുടുംബത്തെ കുറിച്ച് എന്റെ വീട്ടിൽ കുറച്ചു ഇഷ്യൂസ് ഉണ്ടായി. അതിനെ കുറിച്ച് അവരെ മനസ്സിലാക്കിക്കൊടുക്കാൻ എനിക്ക്
ഒരു മറുപടിയും ഇല്ലായിരുന്നു.
അതിനെക്കുറിച്ചു തന്റെ അടുത്ത്
നിന്നൊരു വിശദീകരണം
എനിക്ക് വേണം..”

ആദ്യത്തെ വോയിസ്‌ മെസ്സേജ് കേട്ട് സത്യത്തിൽ അളക ആകെ കൺഫ്യൂസ്ഡ് ആയി..
എന്ത് ക്ലാരിഫിക്കേഷൻ ആണ് ഇയാൾക്ക് എന്നിൽ നിന്ന് വേണ്ടത്..??
അടുത്ത മെസ്സേജ് അവൾ പ്ലെ ചെയ്തു.

“എന്റെ വല്യമ്മാവനാണ് ഞങ്ങളുടെ കുടുംബത്തിലെ അവസാന വാക്ക്.
പക്ഷെ, അദ്ദേഹത്തിന് ഈ ബന്ധത്തോട് താല്പര്യം ഇല്ലെന്ന് തീർത്തു പറയുമ്പോൾ എതിർത്തു സംസാരിക്കാൻ വീട്ടിൽ ആർക്കും പറ്റില്ല.
കാരണം എന്താണെന്ന് അറിയുമ്പോൾ ഒരുപക്ഷെ, തന്റെ വീട്ടുകാർ ആയിരിക്കും ആദ്യം ഇതെതിർക്കുന്നത്.
എന്റെ വല്യമ്മാവന്റെ പേര് ഹരിശങ്കർ എന്നാണ്. വീട്ടുപേര് ഇലഞ്ഞിക്കൽ.
തന്റെ അമ്മയോട് പോയി ഇത്രയും കാര്യം ഒന്ന് ചോദിച്ചു മനസിലാക്കുക.
എന്നിട്ട് എന്നെ വിളിച്ചാൽ മതി.
ബാക്കി എന്തെങ്കിലും ഉണ്ടേൽ
ഞാനും പറയാം.
എങ്കിൽ ഓക്കേ..”

അയാളുടെ വോയ്‌സ് മെസ്സേജ് അവസാനിച്ചിട്ടും അവൾ അന്തം
വിട്ടിരുന്നു.
എന്തോ എവിടെയോ കുഴപ്പമുണ്ട്.
അമ്മയും വൈശാഖിന്റെ വല്യമ്മാവനും തമ്മിൽ എന്ത് പ്രശ്നമാണുള്ളത് ?
അതിന്, അവർക്ക് തമ്മിൽ നേരത്തെ പരിചയം ഉണ്ടോ ?
ഒന്നും പിടികിട്ടുന്നില്ലല്ലോ..!

എന്തായാലും ഉണ്ടായിരുന്ന മനഃസമാധാനവും കൂടി ഇല്ലാണ്ടായി.
അമ്മയെ ഒന്ന് വിളിച്ചാലോ ?
അല്ലേൽ വേണ്ട, നേരിട്ട് തന്നെ ചോദിക്കാം.
എന്തായാലും ഈ ഒരു ബന്ധം ഇനി നടക്കുമെന്ന് തോന്നുന്നില്ല.
ശരിയാവില്ല.
തുടക്കത്തിൽ തന്നെ എന്തൊക്കെയോ
കല്ലുകടി തോന്നിയിരുന്നു.

ഇന്ന് ഞായറാഴ്ച ആണ്.
പോയിട്ട് നാളെ രാവിലെ തിരിച്ചു പോരാം..
പെട്ടെന്ന് അവൾ റെഡി ആയി നീനുവിനോട് വീട്ടിൽ അത്യാവശ്യമായിട്ട് ഒന്ന് പോകുന്നു എന്ന് മാത്രം പറഞ്ഞു. അവൾ കൂടുതൽ ഒന്നും ചോദിച്ചതുമില്ല.

ബസിന്റെ സൈഡ് സീറ്റിൽ തന്നെ
ഇരിപ്പടം കിട്ടിയെങ്കിലും, പുറത്തെ കാഴ്ചകളെക്കാൾ അകം ചുട്ടു നീറ്റുന്ന ചിന്തകളിൽ കുരുങ്ങിക്കിടന്നു.

“വൈശാഖിന്റെ വല്യമ്മാവനാണ്
ഈ പറഞ്ഞ ഹരിശങ്കർ ”

അമ്മയുടെ മനസ്സറിഞ്ഞത് പോലെ തന്നെ
അവൾ നിർത്താൻ ഭാവമില്ലായിരുന്നു.
അംബികയുടെ വിളറിയ മുഖം കണ്ടിട്ടും അളക തുടർന്നു.

“അമ്മയ്ക്ക് എന്നോട് ഒന്നും പറയാൻ
താല്പര്യം ഇല്ലെങ്കിൽ വേണ്ട. വൈശാഖ് തന്നെ എല്ലാം തുറന്നു പറഞ്ഞോളും.”

അളക, അംബികയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മുറി വിട്ടു.

ഈശ്വരാ…
ഇതെന്തൊരു പരീക്ഷണമാണ്.
അവർ എന്തോ ഓർത്തത് പോലെ
പെട്ടെന്ന് മൊബൈൽ എടുത്തു ഭർത്താവിന്റെ നമ്പറിലേയ്ക്ക് ഡയൽ ചെയ്തു.
മറുപ്പുറത്തു ഫോൺ വേഗം അറ്റൻഡ് ചെയ്തു.

“അതേയ് ഏട്ടാ നിങ്ങളൊന്ന് വേഗം ഇങ്ങോട്ട് വരണം.. എനിക്ക് അത്യാവശ്യമായി ഒന്ന് കാണണം.”

“ഞാൻ കുറച്ചു മുൻപ് അല്ലെ ഊണ് കഴിഞ്ഞു കടയിലോട്ട് പോന്നത്.
പിന്നെ പെട്ടെന്ന് എന്താ ഇത്ര അത്യാവശ്യം ”

“എല്ലാം വന്നിട്ട് പറയാം.മോള് വന്നിട്ടുണ്ട്.”

“ശരി..ശരി. മോള് ഇന്ന് പോകുന്നില്ലല്ലോ.ഞാൻ വൈകിട്ട്
കടയടച്ചിട്ട് വരാം. കടയിൽ ഇപ്പൊ
നല്ല തിരക്കാണ്.
നീയ് ഫോൺ വെച്ചോ ”

കൊള്ളാം, ഒരത്യാവശ്യ കാര്യം പറയാൻ വിളിച്ചാലും സ്ഥിതി ഇതാണ്. ഇനിയെല്ലാം അദ്ദേഹം വന്നിട്ട് ആകട്ടെ.
തനിക്ക് ഒറ്റയ്ക്ക് ഒന്നും വയ്യ…

വൈകിട്ട് അച്ഛൻ കടയിൽ നിന്ന് എത്തുമ്പോൾ അളക ടിവിയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. വിശേഷങ്ങളൊക്കെ ഊണ് മേശയിൽ വെച്ചാണ് സംസാരിച്ചത്.

അച്ഛൻ, വൈശാഖിന്റെ കാര്യം ചോദിക്കുമെന്ന് കരുതി,പക്ഷെ
അങ്ങനെ ഒരു സംഭവം മറന്നതോ,
അത് മറന്നതായി നടിക്കുന്നതോ…?
അവൾക്കും അത് വലിയ ഒരാശ്വാസമായിട്ടാണ്
തോന്നിയത്.

അത്താഴം കഴിഞ്ഞു അമ്മ പാത്രങ്ങൾ
കഴിക്കുമ്പോൾ അവളും അമ്മയെ സഹായിക്കാൻ കൂടി.
“വേണ്ട വേണ്ട, വല്ലപ്പോഴും കൂടി വരുന്നത് അല്ലെ, നീയ് പോയി കിടന്നോളൂ.”

“അതുകൊണ്ടല്ലേ അമ്മയെ സഹായിക്കാമെന്ന് വെച്ചത്..”

അംബിക അവളിൽ നിന്ന് കഴിയുന്നതും ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്..
പക്ഷെ, അത് മനസ്സിലാക്കിയത് പോലെ അളക അമ്മയോടൊപ്പം കൂടുതൽ സമയം ചുറ്റിപ്പറ്റി നിന്നു.

നാളെ വെളുപ്പിനെ പോകണം. അതിനു മുൻപ് അമ്മയിൽ നിന്ന് കാര്യങ്ങൾ അറിയണം. അവർക്ക് ഈ ബന്ധം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം അറിയാൻ തനിക്ക് അവകാശമുണ്ട്.
ഇനി ഇത് നടന്നില്ലെങ്കിൽ പോലും.

കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇനി ഒരേയൊരു വഴി അയാളിൽ നിന്ന് തന്നെ അറിയുക മാത്രമാണ്. പക്ഷെ, അമ്മയുമായി ചുറ്റിപ്പറ്റിയെന്തോ ഉണ്ടെന്ന് തീർച്ചയാണ്.
തന്റെ അമ്മ കാരണമാണ് ഏറെ ആഗ്രഹിച്ചു പോയ ഈ വിവാഹം മുടങ്ങിയത് എന്നൊരു ചിന്ത പോലും താങ്ങാൻ പറ്റുന്നില്ല.

എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. നെറ്റിയിൽ ഒരു തണുത്ത കരസ്പർശം!
നേരിയ വെളിച്ചത്തിൽ കണ്ടു,
അരികിൽ ആരോ ഇരിക്കുന്നു.!

പെട്ടെന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.

“പേടിക്കണ്ട ഞാനാ ”

അമ്മയോ ?

“നിനക്ക് എന്താ അറിയേണ്ടത്. നാളെ പോകുന്നതിനു മുൻപ് എല്ലാം അറിയണ്ടേ. അതിനല്ലേ പെട്ടെന്ന് ഓടിവന്നത്..”

അവളൊന്നും മിണ്ടിയില്ല. അമ്മയ്ക്ക് വേണമെങ്കിൽ പറയട്ടെ.

“എനിക്കറിയാം, നിനക്ക് എന്നോട് പിണക്കം.. അല്ലല്ല, അതിലൊക്കെ വെറുപ്പായിരിക്കും.
ഞാൻ കാരണം ആണല്ലോ ഈ വിവാഹം മുടങ്ങിയത് എന്നല്ലേ വൈശാഖ് പറഞ്ഞത്.
എങ്കിൽ കേട്ടോളൂ..
നീ ചോദിച്ച ഇലഞ്ഞിക്കൽ ഹരിശങ്കർ എന്റെ ആരാണെന്ന് അറിയുമോ? ”

അമ്മ ഒന്ന് നിർത്തിയിട്ട് ഒന്ന് ഏങ്ങി.

“അയാൾ എന്റെ ആദ്യ ഭർത്താവായിരുന്നു !വീട്ടുകാർ ആലോചിച്ചു നടത്തി തന്ന വിവാഹം.. പക്ഷെ,
വിധി മറ്റൊന്നായിരുന്നു.
അഞ്ച് വർഷം ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു. കുട്ടികൾ ഒന്നും ഉണ്ടാകാതെ വന്നപ്പോൾ ഒരുപാട് ചികിത്സകളും നടത്തി..
അയാളുടെ വീട്ടുകാർ എന്റെ കുറ്റം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്ന് എന്റെ ഭർത്താവ് കേൾക്കെത്തന്നെ
സദാ നേരവും കുറ്റപ്പെടുത്തി..
പലപ്പോഴും അയാളും.
ഒരിക്കൽ അച്ഛന്റെ പരിചയത്തിലുള്ള മിടുക്കനായ
ഒരു ഡോക്ടറിന്റെ അടുത്ത് ഞങ്ങളെ അദ്ദേഹം കൂട്ടിക്കൊണ്ട് പോയി..
അന്നത്തെ വിശദമായ ചെക്കപ്പിൽ ഡോക്ടർ ഒരു കാര്യം കണ്ടു പിടിച്ചു.
ഹരിശങ്കർക്ക് മുൻപ് എപ്പോഴോ നടന്ന
ഒരു ആക്‌സിഡന്റോടെ കുട്ടികൾ ഉണ്ടാകാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ അന്നത്തെ ഡോക്ടർ അതിനെക്കുറിച്ച് അയാളോട് വിശദമായി അറിയിച്ചിരുന്നു. ആ രഹസ്യം മറച്ചു വെച്ചിട്ടാണ് അയാൾ വിവാഹം കഴിച്ചത്. മാത്രമോ സ്വന്തം വീട്ടുകാർ ഒരു കുഞ്ഞ് ഉണ്ടാകാത്തതിന്റെ പഴി മുഴുവനും എന്റെ മേൽ ചാർത്തിയപ്പോഴും അത് കേട്ട് ഒരക്ഷരം മിണ്ടാതെ അവരോടൊപ്പം നിന്നയാളിനോട്‌ ഒറ്റയടിക്ക് എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെ മുഴുവൻ വിശ്വാസവും നഷ്ടപ്പെട്ടു.
അയാളെ ഡിവോഴ്സ് ചെയ്യാൻ
അച്ഛനും അമ്മയും നിർബന്ധം പിടിച്ചു.
ഒരു പെണ്ണിന്റെ ജീവിതമാണവൻ നശിപ്പിച്ചതെന്ന് ആക്രോശിച്ചു..
ദൈവത്തെ പോലെ കരുതി സ്നേഹിച്ച അയാളുടെ ചതി എന്നെയും വല്ലാതെ തകർത്തിരുന്നു.
എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറിയാത്തത് പോലെ ഒപ്പം ചികിത്സയ്ക്ക് വന്ന്, കുറ്റം മുഴുവൻ ഭാര്യയ്ക്ക് ആണെന്ന് വീട്ടുകാരുടെ മുന്നിൽ വരുത്തി തീർത്ത ഒരാളുടെ കൂടെ ജീവിക്കാൻ മനസ്സ് അനുവദിച്ചില്ല. അതാണ് ഞാൻ ചെയ്ത കുറ്റം.. അത് മാത്രം !
അങ്ങനെ ആ ബന്ധം പിരിഞ്ഞു. അച്ഛൻ എന്നെ തിരികെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നു.
രണ്ടു വർഷം അങ്ങനെ നിന്നു. പിന്നീട്
അച്ഛൻ തന്നെ കണ്ട് പിടിച്ചു കല്യാണം കഴിപ്പിച്ചു തന്നയാളാണ് നിന്റെ അച്ഛൻ.
ഇതാണ് ഞാനും ഇലഞ്ഞിക്കൽ
ഹരിശങ്കറും തമ്മിലുള്ള ബന്ധം. ”

അമ്മ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചത് പോലെ എഴുന്നേറ്റു.
ഒരു സിനിമ കഥ കേട്ടത് പോലെ തരിച്ചിരിക്കുകയായിരുന്നു അവളത് വരെ.
അമ്മയോട് അതുവരെ തോന്നിയ കാലുഷ്യമെല്ലാം ഒഴുകിപ്പോയിരിക്കുന്നു!

“ഇനിയീ വിവാഹം വേണോ വേണ്ടയോ
എന്ന് വൈശാഖ് തീരുമാനിക്കട്ടെ..”

“അതിനെന്തിനാണമ്മേ വൈശാഖ് ?
ഇതെന്റെ ജീവിതമാണ്. എനിക്കറിയാം
എന്ത് വേണമെന്ന്..”

അംബികയ്ക്ക് അവളെക്കുറിച്ച് ഓർത്ത് അഭിമാനം തോന്നി..
അവർ മുറി വിട്ടിറങ്ങുമ്പോൾ അവരെ
കാത്ത് ശിവരാജൻ നിൽപ്പുണ്ടായിരുന്നു.
അവർ സമാധാനത്തോടെ ഒന്ന് ചിരിച്ചു.

രവിലെ അളക ഒരുങ്ങിയിറങ്ങാൻ ഒരല്പം വൈകി..
എങ്കിലും ഒട്ടും തിരക്ക് പിടിക്കാതെയാണ് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നത്.
അച്ഛൻ കൊണ്ട് വിടാമെന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല.
വെറുതെ അച്ഛനെ ബുദ്ധിമുട്ടിക്കണ്ട.
അവക്ക് അച്ഛനോട് മുമ്പത്തെക്കാൾ ഒരു ആരാധന കൂടി തോന്നുന്നുണ്ടായിരുന്നു!
ഒരു വീരാരാധന!!

എല്ലാം അറിഞ്ഞു കൊണ്ട് അമ്മയെ കല്യാണം കഴിക്കാൻ തയ്യാറായി എന്ന് മാത്രമല്ല ഇന്നും ആ സ്നേഹത്തിനും കരുതലിനും ഒട്ടും കുറവ് വന്നിട്ടുമില്ല.
അങ്ങനെ എല്ലാ പുരുഷൻമാർക്കും കഴിയുമോ??

ബസിന്റെ സൈഡ് സീറ്റിൽ തല ചായ്ച്ചു കിടന്നു. തലേന്ന് ഒട്ടും ഉറങ്ങാൻ പറ്റിയില്ല.
ഇനിയെന്ത് വേണം..
വൈശാഖിനെ വിവാഹം കഴിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ട്.
പക്ഷെ,
അങ്ങോട്ട് ഒരു തിരിച്ചു പോക്ക്
അമ്മയ്ക്ക് വേദനാജനകമായിരിക്കും.
കൂട്ടിയും കിഴിച്ചും അവൾക്ക്
മടുപ്പ് തോന്നി.

ഇനിയെല്ലാം വരുന്നത് പോലെ വരട്ടെ.
പക്ഷെ, തന്റെ ജീവിതം ഇനി ആർക്കും
പന്താടാൻ വിട്ടു കൊടുക്കില്ല..
തീർച്ച. അവൾ ചെറിയൊരു
ഉറക്കത്തിനായി കണ്ണുകൾ അടച്ചു.