ഒരിക്കൽ സഹികെട്ടാണ് ചോദിച്ചത്.ഞാൻ തരാത്ത എന്ത് സുഖമാണ് മറ്റവൾ തരുന്നത് ?അതിനുള്ള മറുപടി..

അപരാജിത
(രചന: ശാലിനി)

ഓഫീസ് വിട്ടു വന്നപ്പോഴേ കണ്ടു,
പതിവ് പോലെ തന്നെ അലങ്കോലമാക്കിയിട്ടിരിക്കുന്ന വീട് !
രാവിലെ ഇല്ലാത്ത നേരത്തും എല്ലായിടവും തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടിട്ട് പോകുന്നതാണ്. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ അത്രയും പണി കുറഞ്ഞിരിക്കുമല്ലോ.
പക്ഷെ, ഇത് തനിക്കിട്ട് പണി തരാൻ വേണ്ടി തന്നെ ചെയ്യുന്നതാണെന്ന് ഉറപ്പ്.
ആരോട് പറയാനാണ് !

ഉള്ളിൽ തികട്ടി വന്ന അരിശമത്രയും അടക്കിപ്പിടിച്ചു കൊണ്ടാണ് അനുപമ മകളുടെ മുറിയിലേയ്ക്ക് എത്തി നോക്കിയത്.
പതിവ് കാഴ്ചകൾ തന്നെ!
ഇടത്തെ കയ്യിൽ മൊബൈൽ ഫോണും വലത് കയ്യിൽ എന്തോ പായ്ക്കറ്റ് ഫുഡും !
അതാകട്ടെ അവളുടെ കാൽ ചുവട്ടിലാകെ വിതറി കിടപ്പുണ്ട്.

“അച്ചൂ..
എന്താ ഈ കിടക്കുന്നതൊക്കെ..”

“കണ്ടിട്ട് എന്താ തോന്നുന്നേ?”

തിരികെ കിട്ടിയ മറുപടി
മുഖത്തടിക്കുന്നത് പോലെയായിരുന്നു.

“കണ്ടിട്ട് പലതും തോന്നുന്നുണ്ട്.
കോളേജിൽ നിന്ന് വന്നാൽ നിനക്കൊന്നു മേല് കഴുകിക്കൂടെ.. നിന്റെ റൂമല്ലേ ഇത്. എന്ത് വൃത്തികേടാണ് ഇവിടെല്ലാം..
ഞാൻ രാവിലെ എല്ലാം വൃത്തിയാക്കിയിട്ടിട്ട് പോകുന്നതാണെന്ന ഒരു മര്യാദ പോലുമില്ലല്ലോ.
വല്യ കഷ്ടമാണ് കേട്ടോ..”

“അമ്മയ്ക്ക് പകല് വെറുതെ ഓഫീസിൽ കുത്തിയിരുന്നാൽ മതിയല്ലോ. പിന്നെ ഇവിടെ വന്നു ജോലി ചെയ്താലെന്താ?
ബാക്കിയെല്ലാത്തിനും സമയം കിട്ടുന്നുണ്ടല്ലോ.”

മുന വെച്ചുള്ള അവളുടെ സംസാരം എങ്ങോട്ടാണെന്ന് അനുപമയ്ക്ക് മനസ്സിലായി.

ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
തലയ്ക്കുള്ളിൽ മുഴുവനും
ഓരോ ഭ്രാന്ത് കയറി കൂടിയിരിക്കുകയാണ്.

അനു തിരിഞ്ഞു നടന്നു.
ഉത്തരം മുട്ടിയത് പോലെ ചുളുങ്ങി മടങ്ങിപ്പോകുന്ന അനുപമയെ കണ്ട് അച്ചുവിന് ചെറിയൊരു സംതൃപ്തി
തോന്നി.

വീട് മുഴുവനും വൃത്തിയാക്കി
കഴിഞ്ഞപ്പോൾ നേരം വൈകി.
ഇനി മേല് കഴുകാതെ സന്ധ്യാ ദീപം വെയ്ക്കുന്നത് എങ്ങനെ ?
മകളോട് പറയുന്നതും
പറയാതിരിക്കുന്നതും
ഒരുപോലെ ആണ്.

മുൻപൊന്നും അവളിങ്ങനെ
ആയിരുന്നില്ല.
എന്ത് നല്ല കുട്ടിയായിരുന്നു..
എല്ലാം മാറിമാറിഞ്ഞത് ഈയടുത്ത കാലത്താണ്.
തിടുക്കത്തിൽ കുളിച്ചു വന്ന അനുപമ വിളക്ക് കൊളുത്തി പൂമുഖത്ത് വെച്ചു.
കണ്ണുകൾ അടച്ചു കൈ കൂപ്പി ഒരു നിമിഷം നിന്നു. എത്ര പ്രാർത്ഥിച്ചാലും വിട്ടു മാറാത്ത ചില സങ്കടങ്ങൾ നിഴൽ പോലെ എപ്പോഴും ഒപ്പമുണ്ട്.

പാല് ഏറെ ചേർത്തചായ ഇട്ട് അവൾ അച്ചുവിന്റെ മുറിയിയ്ക്ക് ചെന്നു.

“ദേ ഇത് കുടിച്ചിട്ട് മോള് പോയി
കുളിച്ചിട്ട് വാ. അമ്മ നല്ല ചൂട് ചപ്പാത്തിയും, ചിക്കൻ കറിയും ഉണ്ടാക്കി വെക്കാം.”

അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്.
എണ്ണ മയമില്ലാത്ത നീണ്ട മുടിയിഴകൾ ചിതറി കിടക്കുന്നു.
മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനായി കുത്തിയിട്ടിരിക്കുന്നു.

ഈ വീട്ടിൽ ആകെയുള്ള രണ്ട് മനുഷ്യ ജീവികളാണ്. അവർ പക്ഷെ പരസ്പരം മിണ്ടാറില്ല, നോക്കാറില്ല.
വെറുതെ ആർക്കോ വേണ്ടി കടന്നു പോകുന്ന ദിനരാത്രങ്ങൾക്കൊപ്പം
ഒരു പാവയെ പോലെ ചലിക്കുന്നു.

ഇങ്ങനെ എത്ര നാൾ മുന്നോട്ട് പോകും ??
ഒരു ഗവണ്മെന്റ് ജോലിയുള്ളത് കൊണ്ട് പട്ടിണിയും പരിവട്ടവുമില്ലാതെ അങ്ങനെ പോകുന്നു. പക്ഷേ അതൊരു ജീവിതം ആകില്ലല്ലോ.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഈ വലിയ വീട്ടിൽ നാലു പേരുണ്ടായിരുന്നു..
എപ്പോഴും ശബ്ദ മുഖരിതമായിരുന്നു ഇവിടം..
ഭർത്താവ് വിനയചന്ദ്രൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്നു.
ഭാര്യ അനുപമയ്ക്ക് ജോലി ഫിഷറീസ് ഡിപ്പാർട്മെന്റിലും.
അവരുടെ മൂത്ത മകൻ അഖിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി, ഇളയ മകൾ അശ്വതി പ്ലസ് വൺ സ്റ്റുഡന്റ്.

സന്തോഷം അതിരു കടന്നതാണ് എല്ലാ ദുഃഖത്തിനും കാരണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഒരു പെണ്ണ് വിചാരിച്ചാൽ ഏത് സ്വർഗ്ഗവും നരകമാക്കാം.
അതിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നവല്ലോ വെളുത്ത സാരി
ചുറ്റിയ ആ പിശാച് !!
ഭർത്താവ് ജോലി ചെയ്യുന്ന ഗവണ്മെന്റ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സ് ആയ അലീന !
വെളുത്ത സാരിയും വെളുത്ത മുഖവും !
പക്ഷെ കയ്യിലിരിപ്പിന് കറുത്ത കാളകൂട വിഷത്തിന്റെ ഉഗ്രതയും.

എപ്പോഴാണ് അവർ തമ്മിൽ അടുത്തതെന്ന് ഒരു നിശ്ചയവും ഇല്ല.
ഒരിക്കൽ മോളുടെ പതിനഞ്ചാമത്തെ ബർത്തഡേ സെലിബ്രേഷനാണ് ഭർത്താവിന്റെ ഓഫീസിൽ നിന്ന് കുറച്ചു സ്റ്റാഫ്‌ വന്നത്. പ്രത്യേക ക്ഷണ പ്രകാരം എത്തിയ അവരെ വളരെ കാര്യമായി
തന്നെ, താനും ഭർത്താവും സ്വീകരിച്ചു.

പക്ഷെ, തിരക്കിനിടയിൽ പലപ്പോഴും
ആ വെളുത്തു തുടുത്ത പട്ടു സാരിക്കാരി ഭർത്താവിനോട് അമിതമായ സ്വാതന്ത്ര്യം കാട്ടുന്നത് ശ്രദ്ധിച്ചു.

അദ്ദേഹവും അവരോട് സംസാരിക്കാൻ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടായിരുന്നു.
ഫോട്ടോ എടുക്കുമ്പോഴും ഭർത്താവിന്റെ അടുത്ത് അവർ ചേർന്ന് നിന്നു.
ഒടുവിൽ പാർട്ടി പിരിഞ്ഞു പോകുമ്പോൾ യാത്ര അയയ്ക്കാൻ കൂടെ പോയിട്ട് തിരികെ വന്നത് ഒരുപാട് ലേറ്റ് ആയിട്ടായിരുന്നു.!

കുട്ടികൾ രണ്ട് പേരും കിടന്നു കഴിഞ്ഞു.
ഭർത്താവ് വരുന്നതും കാത്തിരുന്നു ഉറങ്ങിപ്പോയത് അറിഞ്ഞില്ല.
കാളിങ് ബെൽ അടിക്കുന്നത് കേട്ട്
വാതിൽ തുറക്കുമ്പോൾ ഏതോ
വില കൂടിയ വിദേശ മദ്യത്തിന്റെ ഗന്ധം മൂക്കിലേയ്ക്ക് അടിച്ചു കയറി.
ഒന്നും ചോദിക്കാൻ തോന്നിയില്ല.
പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി പോകാൻ ഒരുങ്ങുന്നത് കണ്ട് ചോദിച്ചു.

“ഇന്നലെ രാത്രി എവിടെ പോയതാണ്..?”

“അതോ.. ഇന്നലെ ഇവിടെ വന്ന അലീനയെ
നീ പരിചയപ്പെട്ടതല്ലേ. അവരെ കൊണ്ട് വിടാൻ പോയതാണ്. അവരുടെ ഹസ്ബൻഡ് അമേരിക്കയിൽ ആണ്.
രണ്ട് മക്കൾ ഉള്ളത് ഹോസ്റ്റലിലും.
അവൾ ഒറ്റയ്ക്ക് ആണ് താമസം.”

“അപ്പോൾ നല്ല സൗകര്യം ആയല്ലോ..!”

അത് കേട്ട് അയാളുടെ മുഖം ചുവന്നു.

“എന്ത് സൗകര്യം, രാത്രിയിൽ അവളെ വീട്ടിൽ കൊണ്ട് വിടുന്നതല്ലേ ഒരു മര്യാദ.”

എന്തൊക്കെയോ പറയാൻ നാവ് തരിച്ചതാണ്.
പിന്നെ രാവിലെ വീട്ടിൽ ഒച്ചപ്പാട് വേണ്ടെന്ന് കരുതി.
പക്ഷെ, ഇന്നലെ കണ്ടത് ഒരു തുടക്കം മാത്രമായിരുന്നു.
പിന്നീടുള്ള അയാളുടെ വരവുകൾ
നിത്യവും പാതിരാത്രിയിലായി.
വൈകുന്നേരം ഏഴു മണിക്ക് മുൻപ് വീട്ടിൽ എത്തിയിരുന്ന ആളാണ്‌!

ഒരിക്കൽ സഹികെട്ടാണ് ചോദിച്ചത്.
ഞാൻ തരാത്ത എന്ത് സുഖമാണ് മറ്റവൾ തരുന്നത് ?
അതിനുള്ള മറുപടി ചെകിട്ടത്ത് ആഞ്ഞൊരടി ആയിരുന്നു.
കണ്ണിൽ നിന്ന് പൊന്നീച്ച പാറി..!

“അവൾ തരുന്ന എല്ലാ സുഖങ്ങളെയും
പറ്റി നിന്നോട് പറയണമെന്ന് വല്ല കരാറുമുണ്ടോ?

അന്നത്തോടെ ബെഡ്‌റൂമിലെ ഒന്നിച്ചുള്ള കിടപ്പ് അവസാനിപ്പിച്ചു.
പണ്ട് പണ്ട് താൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരു ഭർത്താവ് ഉണ്ടായിരുന്നു., തനിക്ക് മാത്രമായി.
ഇതിപ്പോൾ മറ്റാരോ ആണ്.
ഭാര്യയെ വെറും പാഴ്‌വസ്തു ആയിക്കാണുന്ന വേറെ ആരോ ഒരാൾ !!

അയാളുടെ ലക്കും ലഗാനുമില്ലാത്ത പോക്ക് എവിടെ ചെന്ന് അവസാനിക്കും എന്ന്
ഒരു പിടിയുമില്ല.
പകല് ഹോസ്പിറ്റലിൽ വെച്ച് കാണാനും മിണ്ടാനും ഇഷ്ടം പോലെ അവസരം ഉണ്ട്. അത് പോരാഞ്ഞിട്ടാണ് എന്നും രാത്രിയിലും
വൈകി എത്തുന്നത്.!!

പഴയ വിനയ ചന്ദ്രൻ,
സ്നേഹനിധിയായ ഭർത്താവ്,
വാത്സല്യ നിധിയായ അച്ഛൻ
എന്നൊക്കെയുള്ള വെറും പേര് മാത്രമായി വീട്ടുകാർക്ക് അയാൾ..
അലീന സിസ്റ്ററുമായിട്ടുള്ള അടുപ്പം ഹോസ്പിറ്റലിൽ മുഴുവനും പാട്ടായിരുന്നു.
അതിൽ അയാൾക്ക് അപമാനം തോന്നിയതേയില്ല എന്നതായിരുന്നു അതിശയം.
വീട്ടിൽ വന്നാൽ ഭാര്യ എന്നൊരാൾ
അവിടെ ഉണ്ടെന്നുള്ള ഒരു ബോധവും
ഇല്ല.കൂടെ ജീവിക്കുന്നത് ഒരു മരത്തടി
ആണെന്ന് തോന്നിപ്പോകും ചില നേരത്ത്.
ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വീട്ടിൽ വരാതെയായി. അത് നീണ്ടു പോകാനും അധികം നാൾ വേണ്ടിവന്നില്ല.

“ഇങ്ങനെ പോയാൽ ഞാൻ അയാളെ ഡിവോഴ്സ് ചെയ്യും ഉറപ്പ്..”

സുഹൃത്തായ മാലിനിയോട് മാത്രം എല്ലാം തുറന്നു പറഞ്ഞിരുന്നു.

“അനു എന്തിനാ മടിക്കുന്നത്.തനിക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ഉണ്ട്. പിന്നെ മക്കളും എല്ലാം കണ്ടും കേട്ടുമല്ലേ വളർന്നു വരുന്നത്. ഏത് തീരുമാനവും ഉചിതമായ സമയത്ത് എടുക്കണം..”

പക്ഷെ, അവിടെയും അയാൾ തന്നെ തോൽപ്പിച്ചു കളഞ്ഞു.
ഓഫീസ് വിട്ടു വരുമ്പോൾ ഒരു ദിവസം മോളാണ് പറഞ്ഞത്.
അമ്മയ്‌ക്കൊരു രെജിസ്റ്റർഡ് ഉണ്ടെന്ന്.
അവൾക്ക് അന്ന് അവധി ആയിരുന്നു. പിറ്റേന്ന് ഓഫീസിൽ പോകുന്ന വഴി പോസ്റ്റ്‌ ഓഫീസിൽ കയറി രെജിസ്റ്റർഡ് ഒപ്പിട്ടു വാങ്ങുമ്പോൾ കയ്യ് ചെറുതായ് വിറച്ചു.
ഊഹിച്ചത് പോലെ ഡിവോഴ്സ് നോട്ടീസ് ആയിരുന്നു അത് !!

അന്ന് ഓഫീസിൽ ഇരിക്കാൻ കഴിഞ്ഞില്ല.
പത്തിരുപതു വർഷം ഒന്നിച്ചു കഴിഞ്ഞ ഒരു മനുഷ്യൻ, അത് വെറുമൊരു മനുഷ്യൻ ആണോ ?തന്റെ കഴുത്തിൽ താലി ചാർത്തിയ തന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛൻ,.!

ആ ആളാണ് ഇന്ന് എല്ലാം ബന്ധവും അറുത്തു മുറിച്ചു മാറ്റുന്നത്.
ലീവ് എഴുതി കൊടുത്തു..
കൂടുതൽ കേസിനൊന്നും പോകേണ്ടി വന്നില്ല രണ്ടു കൂട്ടർക്കും.
ഇനി ഒത്തു പോകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് പിരിയുന്നു എന്ന് മാത്രം പറഞ്ഞു.
ഇഷ്ടമില്ലാത്ത ഒരാളെ നിർബന്ധിച്ചു കൂടെ നിർത്തിയിട്ട് എന്ത് നേടാനാണ് ?

മക്കളോട് മാത്രം അഭിപ്രായം ചോദിച്ചു.
അവരെന്തു പറയാൻ..?
എങ്കിലും മോന് വ്യക്തമായ ഒരു അഭിപ്രായം ഉണ്ടായിരുന്നു.
അച്ഛനെ നിർബന്ധിപ്പിച്ച് ഞങ്ങൾക്കൊപ്പം നിർത്താൻ അച്ഛൻ തീരെ ചെറിയ കുട്ടിയൊന്നുമല്ല..
മോൾക്കായിരുന്നു കൂടുതൽ പ്രയാസം.
അച്ഛനെ പിരിഞ്ഞ് ജീവിക്കുന്നത്
അവൾക്ക് ചിന്തിക്കാൻ പോലും വയ്യ.
എനിക്ക് അച്ഛനും വേണം,
അമ്മയും വേണം. അവൾ ഉറപ്പിച്ചു
പറഞ്ഞു.
അത് നടപ്പില്ലാത്ത കാര്യമായത് കൊണ്ട് എപ്പോൾ വേണമെങ്കിലും അച്ഛനെ കാണാനും ഒപ്പം നിൽക്കാനും കോടതി അനുവദിച്ചു.

ഡിവോഴ്സ് അനുവദിച്ച ദിവസം തിരികെ വീട്ടിൽ എത്തുമ്പോൾ മനസ്സാകെ ശൂന്യമായിരുന്നു. വീടിന്റെ മുക്കിലും മൂലയിലും കാണാതെ പോയ ആരെയോ തേടി നടന്നു..
ഒടുവിൽ മനസ്സ് ആ യാഥാർഥ്യം അംഗീകരിച്ചു.
ഇല്ല, ഇനി അങ്ങനെ ഒരാൾ
ഈ വീട്ടിൽ ഇല്ല, തനിക്കൊപ്പം ഇല്ല.
എല്ലാം എത്ര പെട്ടെന്ന് അവസാനിച്ചിരിക്കുന്നു !

പിന്നീട് എപ്പോഴോ അറിഞ്ഞു, അയാൾ അവളെ വിവാഹം കഴിച്ചെന്ന്.
അവരുടെ കുടുംബവും അങ്ങനെ രണ്ടായി.
നിമിഷ നേരത്തെ ഒരു സുഖത്തിനു വേണ്ടി മാത്രമാണല്ലോ പലരും അരുതാത്ത ബന്ധങ്ങളിൽ ചെന്ന് പെടുന്നത്.!!

മൂന്ന് വർഷം കഴിഞ്ഞു,
ഇന്ന് താനും മകളും മാത്രമാണ് വീട്ടിൽ. മകന് ജോലി കിട്ടി അവൻ യു കെയിൽ പോയതോടെയാണ് മകൾക്ക് ചെറിയ മാറ്റം കണ്ടത്.
അച്ഛന്റെയൊപ്പം ജീവിക്കണം എന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം.
പക്ഷെ, അവൾക്ക് താല്പര്യം ഉള്ളതൊന്നും ഇതുവരെയും നിഷേധിച്ചിട്ടില്ല..
അവൾക്ക് പോകണമെങ്കിൽ പോകാം
എന്ന് എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞു.
എന്നാൽ അച്ഛന്റെയും രണ്ടാം ഭാര്യയുടെയും ഇടയിലേക്ക് കടന്നു ചെല്ലാൻ അവൾക്കൊരു മടി.
പോരെങ്കിൽ അമ്മയുടെ പഴയ സുഹൃത്ത്
ദേവരാജൻ ഇടയ്ക്ക് ഇവിടേയ്ക്ക് വരുന്നത് അവൾക്ക് പിടിക്കുന്നില്ല എന്നതാണ് സത്യം.

ദേവൻ വളരെ നല്ലയൊരു സുഹൃത്ത് മാത്രമായിരുന്നു അവൾക്ക്..
എന്നാൽ അനുപമ എന്ന കോളേജ് മേറ്റ്സ് ആയ ഡിവോഴ്സിയോട് ഒരു സഹതാപം അയാൾക്ക് ഉണ്ടെന്ന് ഉള്ളത് നേരാണ്.
ദേവൻ ഇതുവരെയും വിവാഹം കഴിച്ചില്ല. കഴിക്കുന്ന കാര്യം മറന്നു പോയെന്നാണ് പറയാറ്.
പക്ഷെ, അയാളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മുറപ്പെണ്ണ് സ്വാതി ഒരു ആക്സിഡൻറിൽ മരിച്ചു പോയത് ആണ് കാരണം എന്ന് അനുപമയ്ക്ക് നന്നായറിയാം.
മുറപ്പെണ്ണുമായി വിവാഹം വരെ ഉറപ്പിച്ചിരുന്നു.
പിന്നീട് ജോലി സംബന്ധിച്ച് വർഷങ്ങളോളം വിദേശത്ത് ആയിരുന്നു.
ഇനി കുറച്ചു നാൾ വിശ്രമിക്കാം എന്ന് കരുതി നീണ്ട ഒരവധി എടുത്തു നാട്ടിൽ വന്നതാണ്.
യാദൃച്ഛികമായിട്ടാണ് ബസ് സ്റ്റോപ്പിൽ വെച്ച് അവളെ അയാൾ കണ്ട് മുട്ടുന്നത്.
അങ്ങനെ ഇടയ്ക്ക് ഒക്കെ വീട്ടിൽ വരികയും, ഫോൺ വിളിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
അയാൾ വരുമ്പോൾ അച്ചു മുറിയിൽ
കയറി വാതിൽ ലോക്ക് ചെയ്യാറാണ്
പതിവ്.
അവളുടെ ഭാഷയിൽ പറഞ്ഞാൽ
അയാൾ കൊള്ളില്ല എന്നാണ്.
വല്ലാത്ത നോട്ടമാണത്രെ അയാൾക്ക്.

എന്തായാലും ആരുടെയും
ഒരു സഹതാപമോ, അടുപ്പമോ ഒന്നും അനുപമയ്ക്ക് വേണ്ട.
ആരെയും അമിതമായി ആശ്രയിക്കാനും സ്വാതന്ത്ര്യം കൊടുക്കാനും അവൾ
ഒന്നറച്ചു.

വറുത്തരച്ച ചിക്കൻ കറി അച്ചൂന് വല്യ പ്രിയമാണ്.
നെയ്യ് പുരട്ടി മൃദുവാക്കിയ ചപ്പാത്തി മെല്ലെ മുറിച്ച് ചിക്കൻ ചാറിൽ പുരട്ടി അച്ചു കഴിക്കുമ്പോൾ അനുപമ അടുത്ത് ഇരുന്നു.
എന്തൊക്കെയോ പഠിത്തകാര്യങ്ങളെ കുറിച്ച് ചോദിച്ചു.
അവൾ മുക്കിയും മൂളിയും മറുപടി കൊടുത്തു.

കുടിക്കാനുള്ള വെള്ളം ജഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്ക് പകരുമ്പോഴാണ് അനുപമ അത് പറഞ്ഞത്.

“നാളെ നമുക്ക് ഒരിടം വരെ പോണം.
നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലേ.
അവധി ആയത് കൊണ്ട് രാവിലെ തന്നെ പുറപ്പെടണം.. ഒരു ചെറിയ ഔട്ടിങ്.”

“എവിടേയ്ക്കാണ്?”

“അത് സർപ്രൈസ് ആണ്. എങ്കിലും പറയാം. ദേവന്റെ ഒരു ഫാമുണ്ട് മൂന്നാറിൽ.ഒരുപാട് കിളികളും മൃഗങ്ങളും, ഗാർഡനും ഒക്കെയായിട്ട് ഏക്കറു കണക്കിനാണ് അതൊക്കെ അറേൻജ് ചെയ്തിരിക്കുന്നത്. ഒരു ദിവസം മുഴുവനും അവിടെ കഴിഞ്ഞിട്ട് വൈകിട്ടോ അല്ലെങ്കിൽ സൺ‌ഡേയോ തിരിച്ചു മടങ്ങാം. എന്താ ??”

“ഞാനില്ല. എനിക്ക് ഒരുപാട് പഠിക്കാൻ
ഉണ്ട്. വേണേൽ അമ്മ ഒറ്റയ്ക്ക് പൊയ്ക്കോ..”

അനുപമ അന്തം വിട്ടു.
അച്ചുവിന് ഒരു റിലീഫ് ആകുമെന്ന് കരുതീട്ടാണ്!

“ഞാൻ ഒറ്റയ്ക്ക് ഇതുവരെയും പോയിട്ടുണ്ടോ..?
നീയില്ലാതെ ഞാൻ എങ്ങോട്ടുമില്ല.”

“ഞാൻ ഇല്ലേലും അമ്മയ്ക്ക് കൂട്ടിന് ആളുണ്ടല്ലോ.. ”

“അച്ചൂ വെറുതെ എന്തെങ്കിലും മനസ്സിൽ വെച്ചോണ്ട് സംസാരിക്കരുത് കേട്ടോ ”

“ഞാൻ പറയുന്നതാണ് കുറ്റം.
അമ്മയ്ക്ക് കാണിക്കാം.”

അനുപമയ്ക്ക് നിയന്ത്രണം വിട്ടു.

“ഞാൻ എന്ത്‌ കാണിച്ചെന്നാ അച്ചൂ
നീയീ പറയുന്നേ. ഇത്രയും നാള് നിനക്കും
നിന്റെ ചേട്ടനും വേണ്ടി മാത്രമാണ് ജീവിച്ചത്.എനിക്കായി ഞാൻ ഒരു സന്തോഷവും കണ്ടെത്തിയിട്ടില്ല.
എന്നിട്ടും നിനക്ക് അതെങ്ങനെ
പറയാൻ തോന്നി എന്നോട്..”

“പിന്നെ അയാൾ ആരെക്കാണാനാണ് ഇവിടേയ്ക്ക് ദിവസവും വരുന്നത്..
എന്നെ കാണാൻ അല്ലല്ലോ ആണോ?”

“നോക്ക് അച്ചൂ, എനിക്ക് പുറത്ത് മറ്റ് ഒരു പുരുഷനോടും അടുപ്പമില്ല. ദേവൻ വരുന്നത് മറ്റെന്തെങ്കിലും ഉദ്ദേശം വെച്ചാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. ഒരു സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാൻ അയാൾക്ക് കൊടുത്തിട്ടുമില്ല.”

അവൾ കഴിപ്പ് നിർത്തി എഴുന്നേറ്റു.

“എങ്കിൽ ആ സഹപാഠിയുമായിട്ടുള്ള
ഫ്രണ്ട് ഷിപ്പ് അമ്മയ്ക്ക് നല്ലതിനല്ല
എന്നെ എനിക്ക് പറയാനുള്ളൂ.”

അവൾ കൊടുംങ്കാറ്റു പോലെ പാഞ്ഞു പോകുന്നത് നോക്കി വിറങ്ങലിച്ചു നിൽക്കാനേ അനുപമയ്ക്ക് കഴിഞ്ഞുള്ളു.

അന്ന് രാത്രി മുഴുവനും ആലോചിച്ചത്
അച്ചു പറഞ്ഞതിനെ കുറിച്ച് ആയിരുന്നു.
എന്ത് കൊണ്ടായിരിക്കും അവൾ ദേവനെ ഇത്രയധികം വെറുക്കുന്നത്.
അവളോട് ഇനി താനില്ലാത്ത നേരത്തെങ്ങാനും അപമര്യാദയായി പെരുമാറിയിട്ടുണ്ടാവുമോ ??
എങ്കിൽ അത് തന്നോട് അവൾക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ..
പെണ്മക്കൾ ഉള്ള അമ്മമാർക്ക് എപ്പോഴുംഒരു ശ്രദ്ധ വേണമെന്ന് അറിയാഞ്ഞിട്ടല്ല.
ഒടുവിൽ അനുപമ ഒരു തീരുമാനത്തിലെത്തി.
ഇനി മുതൽ ദേവനിൽ തന്റെ
ഒരു കണ്ണ് സദാ ഉണ്ടായിരിക്കണം.
അല്ലെങ്കിലും അയാൾ എപ്പോഴും അങ്ങനെ ഇവിടെക്കു കയറി വരാറില്ല. എങ്കിലും ഇനിയാകട്ടെ.. നിർത്തേണ്ടത് അപ്പോൾ തന്നെ നിർത്തിക്കണം.
അങ്ങനെ ഇവിടെ ഒരവന്റെയും സൗജന്യ സേവനം ആവശ്യമില്ല തനിക്കും തന്റെ മകൾക്കും !!

മൂന്നാർ യാത്രയെ കുറിച്ച് അറിയാൻ
ദേവൻ ഇടയ്ക്ക് വിളിച്ചു. വല്യ താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

“മോൾക്ക് എക്സാം അടുത്തു.
അത് കഴിഞ്ഞിട്ട് ആകട്ടെ ”
എന്നൊഴുക്കൻ മട്ടിൽ പറഞ്ഞു.
ദേവൻ ഓക്കേ എന്ന് പറഞ്ഞിട്ട് ഫോൺ വെച്ചു.

പിന്നീട് കുറച്ചു ദിവസത്തേക്ക് ദേവരാജന്റെ ഒരു വിവരവും ഉണ്ടായില്ല.
അത്രയും ആശ്വാസം എന്നെ കരുതിയുള്ളൂ.
മോൾക്ക് പഴയ അകൽച്ച കുറച്ചു മാറിയത് പോലെ തോന്നുന്നു.
അയാളായിരുന്നോ അപ്പോൾ തങ്ങൾക്കിടയിലെ വില്ലൻ !

വല്യ തട്ടും തടവുമില്ലാതെ ദിവസങ്ങൾ കടന്നു പോയി. ഒരു സുപ്രഭാതത്തിൽ
ദേവൻ വീട്ടിലേക്ക് കയറി വരുന്നത് കണ്ട് ഒന്ന് ഞെട്ടി.

ഈശ്വരാ.. ഇനി അവൾക്ക് ഹാലിളകുമല്ലോ..!
അന്നൊരു സൺ‌ഡേ ആയിരുന്നു.
അച്ചു ഉണർന്നിരുന്നില്ല.
നേരം നന്നായി വെളുത്തിരുന്നു.

“ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.
എന്തെങ്കിലും വിശേഷം ഉണ്ടോ.?”

“അതെന്താടോ എന്തെങ്കിലും വിശേഷം ഉണ്ടേൽ മാത്രമേ എനിക്ക് ഇവിടെ വരാൻ പാടുള്ളോ..?”

ആ അമിത സ്വാതന്ത്ര്യം ഒട്ടും ഇഷ്ടമായില്ല.
എങ്കിലും പുറമെ പ്രകടിപ്പിച്ചില്ല.
ഇരിക്കൂ.. ചായ എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേയ്ക്ക് രക്ഷപ്പെടാൻ നോക്കി.
പക്ഷെ, അയാൾ പെട്ടെന്ന് തടഞ്ഞു.

“ചായ കുടിക്കാനല്ല ഞാൻ രാവിലെ ഇങ്ങോട്ട് വന്നത്. എന്റെ വിവാഹമാണ്.
അടുത്ത മാസം ഒന്നാം തീയതി.
പെണ്ണ് ഒരു കലാകാരിയാണ് ശ്രീനന്ദിനി.
ഒരു ഡാൻസ് സ്കൂൾ നടത്തുന്നു.
പേര് പറഞ്ഞാൽ അറിയാം.
അമൃതവർഷിണി നൃത്തവിദ്യാലയം..”

ആ പേര് കേട്ട് ഒന്ന് അമ്പരന്നു.
അതെ അമൃത വർഷിണിയിൽ ആണ് അച്ചു ഭരതനാട്യം പഠിക്കുന്നത്.. സാറ്റർഡേയും സൺഡേയുമാണ് ക്ലാസ്സുള്ളത്.

“ആ കുട്ടിയുടെ വിവാഹം മുൻപ് കഴിഞ്ഞതായിരുന്നല്ലോ..”

“അതെ, ആളൊരു ഡിവോഴ്സി ആണ്.
ഈ പ്രായത്തിൽ പിന്നെ എനിക്ക് കൊച്ചു പെൺപിള്ളേരെ കിട്ടുമോടോ ”

അയാൾ കുലുങ്ങിച്ചിരിച്ചു.
പിന്നെ, ക്ഷണക്കത്ത് എടുത്തു അനുപമയുടെ നേർക്ക് നീട്ടി.
ആ നേരത്തായിരുന്നു അച്ചു എഴുന്നേറ്റു ഹാളിലേക്ക് വന്നത്.
പെട്ടെന്ന് തീയിൽ ചവുട്ടിയത് പോലെ അവൾ നിന്നു.
അനുപമയും ഷോക്കേറ്റത് പോലെ ആയി.

“ങ്ഹാ, മോള് എഴുന്നേറ്റോ..
ഞാൻ അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട് കേട്ടോ.”

അവൾ ഒന്ന് ഞെട്ടി. ഇയാൾ എന്തോ പറഞ്ഞെന്നാണ്?
അവൾ അമ്മയുടെ മുഖത്തേക്ക്
സൂക്ഷിച്ചു നോക്കി.

“അങ്കിൾ കല്യാണം ക്ഷണിക്കാൻ വന്നതാ കേട്ടോ മോളെ. പെണ്ണ് ആരാണെന്ന് അറിയ്യോ. നിന്റെ ഡാൻസ് ടീച്ചർ നന്ദിനി ആണ്.”

അവൾ വല്യ അതിശയമൊന്നും
കാണിച്ചില്ല..

“പക്ഷെ, ഒരു കാര്യമുണ്ട് അനു ഇപ്പോൾ എന്റെ ഒപ്പം ഒരിടം വരെ വരണം ഞാൻ അതിനാണ് ഇത്ര രാവിലെ ഇവിടെ കേറി വന്നത്.”
അനുപമ ഒന്ന് ഞെട്ടി. നോട്ടം അറിയാതെ അച്ചുവിൽ ചെന്ന് തറഞ്ഞു!

“ഞാൻ എങ്ങോട്ട് വരാനാണ്. എന്താ കാര്യമെന്ന് പറയൂ ”
“കാര്യം പറയാൻ ഇത്തിരി ബുദ്ധിമുട്ട് ആണ്. നേരിട്ട് കാണണം അതിനാ വരാൻ പറഞ്ഞത്.”

“എങ്കിൽ മോളെയും കൂട്ടാം.”

“ഏയ്‌ അതിന്റെ ആവശ്യം ഇപ്പോഴില്ല.
ഒരു ഹാഫവർ പോലും വേണ്ടെന്നേ.”

അയാൾ ഇത്രയും ഉറപ്പോടെ വിളിക്കുമ്പോൾ എന്തെങ്കിലും കാര്യം ഉണ്ടാകാതിരിക്കുമോ.
അനുപമ വേഗം അകത്തേയ്ക്ക് പോയി. കൂടെ അച്ചുവും.

“അയാൾക്കിത്ര അത്യാവശ്യം എന്താ. വിളിക്കുന്നിടത്തെല്ലാം കൂടെ ചെല്ലാൻ അമ്മയാരാ അയാൾടെ..?”

“എന്തായാലും ഞാൻ കൂടെ ഒന്ന് ചെല്ലട്ടെ.എന്താ കാര്യമെന്ന് അറിയാല്ലോ.”

അവൾ കൈയിൽ കിട്ടിയ ഒരു ചുരിദാർ ധരിച്ചു പെട്ടെന്ന് റെഡിയായി.
അയാൾക്കൊപ്പം കാറിൽ കയറി പോകുന്ന അനുപമയെ നോക്കി നിൽക്കുമ്പോൾ
അച്ചു അണപ്പല്ല് ഞെരിച്ചു.
അയാൾക്ക് എന്ത് മായാജാലം ആണാവോ കാട്ടി കൊടുക്കാനുള്ളത്?
വൃത്തികെട്ടവൻ..
അമ്മയെ കറക്കിയെടുക്കാൻ ഓരോ അടവുകൾ കൊണ്ട് ഇറങ്ങിയേക്കുന്നു.

ദേവരാജൻ അനുവിനെയും കൊണ്ട്
നേരെ പോയത് ഒരു ഹോസ്പിറ്റലിലേക്കാണ്.
ഇവിടെ എന്താണ്, ആരെയാണ് ഹോസ്പിറ്റലിൽ കാണാൻ ഉള്ളത്.??
ഒന്ന് മടിച്ചു നിന്ന അവളെ അയാൾ വിളിച്ചു.
“വരൂ..”
അവൾ അയാൾക്കൊപ്പം ചെന്ന് കയറിയത്
ഐ സി യു വിന്റെ മുൻപിലാണ്.

“നോക്ക്..”
അവൾ ഒന്നും മനസ്സിലാകാതെ ചെറിയൊരു കണ്ണാടി ഗ്ലാസിന്റെ ഇത്തിരി കാഴ്ചവട്ടത്തിലൂടെ കണ്ടു അച്ചുവിന്റെ ഡാൻസ് ടീച്ചർ കണ്ണുകൾ അടച്ചു കിടക്കുന്നു.
യ്യോ ടീച്ചർക്ക് എന്ത് പറ്റി?
കല്യാണത്തിനു ഒരാഴ്ച മാത്രമേ ബാക്കിയുള്ളുവല്ലോ.
ചോദ്യം നിഴലിക്കുന്ന നോട്ടം കണ്ട് ദേവനൊന്നു ചിരിച്ചു.
ഒരു വിളറിയ ചിരി!

“ശ്രീനന്ദിനിയ്ക്ക് ഒരാക്സിഡന്റ്. കയ്യും കാലുമൊക്കെ ഒടിഞ്ഞു കിടക്കുവാണ്.”

“എന്ത് പറ്റിയതാണ്..?”

“ടീച്ചറിന്റെ സ്കൂട്ടറിന്റെ ബ്രേക് ആരോ ലൂസാക്കിയിട്ടിരുന്നു.”

“അയ്യോ അതാരാണ് ആ പണി കാണിച്ചത്?”

“അത് ചെയ്ത ആളിനെയൊക്കെ കണ്ട് പിടിച്ചു കഴിഞ്ഞു. ടീച്ചറിന്റെ ഒരു സ്റ്റുഡന്റ്റ് തന്നെയാണ്.
പക്ഷെ, കാരണം ആണ് ബഹു രസം.
ടീച്ചർ വിവാഹം കഴിക്കാൻ പോകുന്നത് എന്നെയാണെന്നുള്ളതാണ് പ്രതികാരത്തിന്റെ പ്രധാന സോഴ്‌സ്.എന്നോട് ചെയതതാണ്.
പാവം ടീച്ചർക്ക് ആയിപ്പോയി.
അത്രന്നെ!”

അനുപമയ്ക്ക് ഒന്നും പിടികിട്ടിയില്ല. ഇങ്ങനെ ഒന്നും മനസ്സിലാകാതെ അവിടെയും ഇവിടെയും തൊട്ടും തൊടാതെയും പറയുന്നത് അവൾക്ക്
പണ്ടേ ഇഷ്ടമുള്ള കാര്യമല്ല.

“കാര്യം എന്താന്ന് ഒന്ന് തെളിച്ചു പറയൂ.”

“ഞാൻ ശ്രീനന്ദിനിയുടെ വീട്ടിൽ ഇടയ്ക്ക് ഒക്കെ പോകാറുണ്ട്. ഞങ്ങൾ പരിചയപ്പെട്ടിട്ട് രണ്ടു വർഷമായി.. പക്ഷെ, ഇവിടുത്തെ അച്ചു അവിടെ ഡാൻസ് പഠിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ അവിടെ വെച്ച് അവൾ കണ്ടിട്ടുണ്ടായിരിക്കാം.
എന്റെ കാറ് ഒരാഴ്ച ആയിട്ട് വർക്ക്ഷോപ്പിലായിരുന്നു.
അതുകൊണ്ട് മിക്കവാറും ശ്രീയുടെ വണ്ടിയെടുത്തുകൊണ്ടു പോകാറാണ് പതിവ്. പക്ഷെ, അന്ന് ഞാൻ കൊണ്ട് പോകുമെന്ന് പ്രതീക്ഷിച്ചു ചെയ്തതാണ് ഇതൊക്കെ.. എന്നാൽ എനിക്ക് അന്ന് അവിടെ ചെല്ലാൻ സാധിച്ചില്ല..
ശ്രീ തന്നെ എന്തോ ആവശ്യത്തിന് വണ്ടി എടുത്തു പുറത്ത് പോയി.അങ്ങനെ സംഭവിച്ചതാണ് ഇത്.
അവൾ എന്നോട് പ്രതികാരം
ചെയ്തതാണ്.
പക്ഷെ, ആള് മാറിപ്പോയി.”

ഒന്നും മനസ്സിലായില്ല.. എല്ലാം കേട്ട് വെറുതെ മിഴിച്ചു നിന്നതേയുള്ളൂ.

“അനൂന് കാര്യം പിടി കിട്ടിയില്ല അല്ലേ.
അച്ചുവാണ് ഇത് ചെയ്തതെന്ന് ടീച്ചറിന്റെ അവസ്ഥ കണ്ട് പേടിച്ചു പോയ അവളുടെ കൂട്ടുകാരികൾ തന്നെയാണ് ഈ കാര്യം എന്നോട് വന്നു പറഞ്ഞത്.”

“പക്ഷെ, ടീച്ചറിനോട് അവൾക്ക് പ്രത്യേകിച്ച് വിരോധം ഒന്നൂല്ലല്ലോ. പോരെങ്കിൽ ആകെ താല്പര്യത്തോടെ പോകുന്നത് അവിടെയ്ക്ക് മാത്രമാണ്.”

“അതിനുള്ള ഉത്തരം എനിക്കറിയാം.
പക്ഷെ,അത് ഞാനായിട്ട് തന്നോട് പറയില്ല. അച്ചൂനോട് താൻ തന്നെ ചോദിച്ചു മനസ്സിലാക്കിയാൽ മതി.”

അവൾ ഒന്നും മിണ്ടാതെ ഒരിക്കൽ കൂടി
ശ്രീനന്ദിനി കിടക്കുന്ന റൂമിനുള്ളിലേയ്ക്ക് ഒന്നെത്തി നോക്കി.

“ഞാൻ പോയിട്ട് പിന്നെ വരാം. എനിക്ക് അവളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.”

“ഏയ്‌. ഒത്തിരി റഫ് ആകാതെ ഒന്ന് തിരക്കിയാൽ മതി. ഇപ്പോഴത്തെ കുട്ടികളോട് ഒന്നും പറയാൻ പറ്റില്ല ഉടനെ എന്തെങ്കിലും അവിവേകം കാട്ടിക്കളയും.”

“ഓക്കേ ”

വീട്ടിൽ എത്തുന്നത് വരെ അനുപമയുടെ തലച്ചോർ പുകഞ്ഞു കൊണ്ടിരുന്നു.
എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ഇത്രയും ക്രൂരയാകാൻ അവൾക്ക് കഴിയുമോ. മറ്റൊരു നെഗറ്റീവ് ക്യാരക്ടർ അവൾക്കുണ്ടെന്ന് ഇന്നേവരെ തോന്നിയിട്ടില്ല. കുറച്ചു ദേഷ്യവും പിടിവാശിയും ഉണ്ടെന്നുള്ളത് നേരാണ്.
ഇത് പക്ഷെ കുറച്ചു കൂടിപ്പോയി..!!

അമ്മ അയാൾക്കൊപ്പം ഇറങ്ങി പോയതിന്റെ ദേഷ്യത്തിൽ ആയിരുന്നു അച്ചു.. ഇങ്ങ് വരട്ടെ. നാണമില്ലാതെ കണ്ടവന്റെയൊക്കെ കൂടെ ഇറങ്ങിപ്പോയെക്കുന്നു.

അതിലും അരിശത്തിലും സങ്കടത്തിലും ആയിരുന്നു അനുപമയും !
കയറി ചെന്നതും അവൾ അച്ചുവിനെ ഉറക്കെ വിളിച്ചു.
അവൾ അലസതയോടെയാണ് ഇറങ്ങിച്ചെന്നത്.

“അച്ചൂ..ഞാൻ കേട്ടതും കണ്ടതുമൊക്കെ ശരിയാണോ??
നീയാണോ ആ ടീച്ചറിനെ അപകടപ്പെടുത്തിയത്..?
ഞാനിനി എങ്ങനെ അവരുടെയൊക്കെ മുഖത്ത് നോക്കും..”

അവൾക്ക് യാതൊരു കൂസലുമില്ല.
അവളുടെ നിൽപ്പ് കണ്ടിട്ട് കരണം പുകച്ച് ഒന്ന് കൊടുക്കാനാണ് തോന്നിയത്.
അനുപമയുടെ ശബ്ദം ഇത്തവണ ഒരല്പം ഉയർന്നു.

“വാ തുറന്നു പറയെടീ നീയെന്തിനാ അങ്ങനെയൊക്കെ ചെയ്തതെന്ന്.”

അമ്മയുടെ ആ ഭാവം ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.
അവൾ ഒന്ന് പരുങ്ങി. നിൽപ്പ് കണ്ടിട്ട് തന്നെ തല്ലിക്കൊല്ലും എന്നാണ് തോന്നുന്നത്.

“ഞാൻ പലവട്ടം പറഞ്ഞതല്ലേ അയാൾടെ സ്വഭാവം കൊള്ളില്ലെന്ന്. കാണുന്ന പെണ്ണുങ്ങളുടെ കൂടെയെല്ലാം കറങ്ങി നടക്കുന്ന ഒരുത്തനെ തന്നെ മതിയായിരുന്നല്ലോ അമ്മയ്ക്ക്. ഞാൻ ഇഷ്ടക്കേട് കാട്ടിയത് കൊണ്ട് മാത്രമല്ലേ അമ്മ അവളോടൊപ്പം കറങ്ങാൻ പോകാതിരുന്നത്. ഞാൻ തടഞ്ഞാലും
ഇനിയും അവന്റെയൊപ്പം അമ്മ പോകും. എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് അയാൾക്കിട്ട് ഒരു പണി കൊടുത്തത്.
ഇനി മേലിൽ അയാൾ ഇങ്ങോട്ട് കെട്ടിയെടുത്തോണ്ട് വരാതിരിക്കാൻ.”

അനുപമ ഞെട്ടലോടെയാണ് എല്ലാം കേട്ടത്.
ഈശ്വരാ.. ഇവളുടെ ഉള്ളിൽ എന്തെല്ലാം തെറ്റിദ്ധാരണകളാണ് ഇടം പിടിച്ചിരിക്കുന്നത്.
താനും ദേവനും ഇഷ്ടത്തിലാണെന്നോ.. അയാൾക്കൊപ്പം പോകുമെന്നോ..

“അച്ഛൻ പോയതിന്റെ വിഷമവും നാണക്കേടും മാറിയിട്ടില്ല ഇത് വരെ..
ഇനി അമ്മ കൂടി ആ വഴിക്ക് പോയാൽ പിന്നെ ഞാനും ഏട്ടനും ജീവിച്ചിരിക്കില്ല.
ഓർത്തോ..”

“മോളെ…”
അനുപമയുടെ നെഞ്ചു വിങ്ങി.
മക്കളെ ഉപേക്ഷിച്ചു പോയ അച്ഛനെപ്പോലെ, അമ്മയും അവരെ ഇട്ടിട്ട് പോകുമെന്ന് അവൾ വിചാരിച്ചു കളഞ്ഞല്ലോ..
താൻ ഇത്രയും നാൾ മറ്റൊരു സുഖത്തെ കുറിച്ചും ചിന്തിച്ചിട്ട് പോലുമില്ല. എന്നിട്ടും അവൾ…

“നീയിതുവരെ അപ്പോൾ അമ്മയെ മനസ്സിലാക്കിയിട്ടില്ല അല്ലേ. ഞാൻ നിന്റെ മുന്നിൽ ഒരു ചീത്ത സ്ത്രീയായിരുന്നു അല്ലേ.. കൊള്ളാം അമ്മയ്ക്ക് തൃപ്തിയായി.എനിക്കിതു തന്നെ കിട്ടണം.. ”

അവൾ ഒരുപാടൊന്നും പറയാതെ കണ്ണും മുഖവും തുടച്ച് അകത്തേയ്ക്ക് കേറി പോയി.

എത്ര നേരം മുറിയിൽ മരവിച്ചത് പോലെ കിടന്നുവെന്ന് അറിയില്ല..
ആരോ തലയിൽ തലോടി സാന്ത്വനിപ്പിക്കുന്നത് പോലെ!
കണ്ണുകൾ മിഴിഞ്ഞു പോയി.
അച്ചു ആണ് !
തന്റെയരികിൽ ഒരു നിഴൽ പോലെ അവളിരിക്കുന്നു..!!

“അമ്മ വേഗം റെഡിയായിക്കെ. നമുക്ക് ഒരിടത്ത് വരെ പോകാം.”
“എങ്ങോട്ട്?”
“ഹോസ്പിറ്റലിൽ വരെ..
ആ നന്ദിനി ടീച്ചറിനെ ഒന്ന് കാണണം..
ഒരു സോറി പറയണം.”

കേട്ടത് സത്യമാണോ..
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“എന്താ,അമ്മയ്ക്ക് വിശ്വാസം വരുന്നില്ലേ..?
വേഗം ഒരുങ്ങിക്കേ..
എനിക്ക് വന്നിട്ട് കുറെ പഠിക്കാൻ ഉണ്ട്.”

അനുപമ ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റു.

“ദേ ഇപ്പോൾ റെഡിയാകാം മോളെ..”

അവൾ ബാത്‌റൂമിലേയ്ക്ക് ഓടിപ്പോയി. അച്ചുവിന്റെ മുഖത്ത് അപ്പോൾ ഒരു ചിരി വിരിഞ്ഞു.
പാവം അമ്മ..
അവളും വേഗം റെഡിയാകാനായി മുറിയിലേയ്ക്ക് നടന്നു.