വയസ്സ് മുപ്പത്തി മൂന്നായി.. ഇനിയെങ്കിലും  ഒരാണിന്റെ കയ്യ് പിടിച്ചു കൊടുക്കണമെന്ന ചിന്ത ആർക്കെങ്കിലും ഉണ്ടോ.. ഞാനൊരാൾ..

അവിവാഹിത
(രചന: ശാലിനി)

യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നവർ തന്റെ ഹൃദയത്തിലേയ്ക്ക് പ്രതീക്ഷയുടെ ഒരു തിരി നാളം കൊളുത്തി വെച്ചിട്ടാണ് പോകുന്നതെന്ന് അവൾക്ക് തോന്നി… ഇങ്ങനെ എത്രയെത്ര പേർ വന്നിരിക്കുന്നു..

ചായയും പലഹാരങ്ങളും കഴിച്ച് ചിരിച്ചു കളിച്ചു തിരിച്ചു പോകും.. പിന്നീട് വന്നവരെയും പോയവരെയും താനുൾപ്പെടെ എല്ലാവരും മറന്നു പോയിരിക്കും…മറ്റൊരു ആലോചന വരുന്നത് വരെ!

അമ്മയുടെ വേവലാതിയും ബന്ധുക്കളുടെ ക്ഷേമാന്വേഷണങ്ങളും എല്ലാം മനസ്സിനെ ഒരു നരിച്ചീറു പോലാക്കിയിരിക്കുന്നു..  ജോലിയുള്ളതു മാത്രമാണ് ഏക ആശ്വാസം!

തന്റെ വിവാഹം കഴിയാത്തതുകൊണ്ട് വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന ഏട്ടനും ഇപ്പോൾ താനൊരു കണ്ണുകടിയായി മാറിയിരിക്കുന്നു..

എല്ലാ ഞായറാഴ്ചകളിലും ഏതെങ്കിലുമൊക്കെ സുഹൃത്തുക്കളുടെ വിവാഹത്തിനെന്നും പറഞ്ഞു ഒരുങ്ങിയിറങ്ങി പോകും..

തിരിച്ചു ആഘോഷങ്ങളെല്ലാം കഴിഞ്ഞു ഏതെങ്കിലും ഒക്കെ നേരങ്ങളിലായിരിക്കും കയറി വരുന്നത്..
അമ്മയ്ക്ക് പോലും ഏട്ടനോട് എന്തെങ്കിലും തിരക്കാനിപ്പോൾ പേടിയായിരിക്കുന്നു..  മക്കൾ തന്നോളം മുതിർന്നാൽ താനെന്നു വിളിക്കണമല്ലോ!

അച്ഛൻ രാവിലെ ഏതെങ്കിലും അമ്പലങ്ങളിലേക്കെന്നും പറഞ്ഞു കുളിച്ചൊരുങ്ങി പോകും.. അങ്ങനെ ഞായറാഴ്ചകളിൽ അവളും അമ്മയും, ഇടയ്ക്ക് ചെറിയച്ചന്റെ വീട്ടിൽ നിന്നെത്തുന്ന അമ്മൂമ്മയും മാത്രമാകും വീട്ടിൽ..

അടുക്കളയിൽ തനിയെ ആരോടൊക്കെയോ ഉള്ള വാശിപോലെ അമ്മ പിറുപിറുത്തു കൊണ്ടിരുന്നു..

“വയസ്സ് മുപ്പത്തി മൂന്നായി.. ഇനിയെങ്കിലും  ഒരാണിന്റെ കയ്യ് പിടിച്ചു കൊടുക്കണമെന്ന ചിന്ത ആർക്കെങ്കിലും ഉണ്ടോ.. ഞാനൊരാൾ വിചാരിച്ചാൽ എന്ത് ചെയ്യാനാ എന്റെ ഭഗവതീ.. ”

അമ്മയുടെ പരിദേവനങ്ങൾ സ്ഥിരമായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..
കടന്നു പോകുന്ന പ്രായങ്ങൾ ഒരു പുസ്തക താള് മറിക്കുന്ന ലാഘവത്തോടെ കാണാനാണ് ഇപ്പോൾ ഇഷ്ടം..

ഇന്ന് കണ്ടിട്ട് പോയവർ ഒരു പാട് തവണ എടുത്തു ചോദിച്ചു..
പെണ്ണിന്റെ അച്ഛൻ എവിടെയെന്ന്.. ഞങ്ങൾ നേരത്തെ വിളിച്ചു പറഞ്ഞതാണല്ലോ
എന്നിട്ടും ഒന്ന് കാത്തിരിക്കാമായിരുന്നല്ലോ എന്നൊക്കെ..

അതിന് അച്ഛന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്തയോ ആകുലതകളോ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല..
പ്രായം തികഞ്ഞും കവിഞ്ഞും നിൽക്കുന്ന രണ്ടു മക്കൾ !!
പണി പൂർത്തിയാകാത്ത വീട്!
മഴ പെയ്താൽ മുറിയിൽ വെള്ളം കേറുന്ന താൽക്കാലികമായ ഒരു കൊച്ചു കൂരയും തേഞ്ഞു തീരുന്ന കുറെ ജന്മങ്ങളും!

ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനാണെന്ന് അവരുടെ അടക്കം പറച്ചിലുകളിൽ നിന്ന് അമ്മൂമ്മ പിടിച്ചെടുത്തു..

നല്ല ജോലിയും കാഴ്ചയിൽ വലിയ തെറ്റും ഇല്ലാത്ത ഒരു പയ്യൻ.. മുറ്റത്തെ ചാമ്പ മരത്തിന്റെ ചുവട്ടിൽ നിന്ന് രണ്ടുപേരും സംസാരിക്കുന്നത് ജനലഴികളിലൂടെ നോക്കി  അമ്മ നിന്നു..

ദൈവമേ.. ഇതെങ്കിലും ഒന്ന് നടക്കണേ എന്ന പ്രാർത്ഥനയോടെ..  ഇടയ്ക്കു വല്ലാത്ത ദേഷ്യവും സങ്കടവും കൂടിച്ചേരുമ്പോൾ അവർ പറഞ്ഞു പോകും..

“നിനക്ക് ആരോടെയെങ്കിലും കൂടെ ഇറങ്ങിപ്പോകരുതോ.. ”

അവളപ്പോൾ ഉള്ളിലെ നീറ്റലിൽ ലേശം കുസൃതി യുടെ തേൻ വെച്ച് പുരട്ടി അമ്മയ്ക്ക് നേരെ നീട്ടും..

“അങ്ങനെ പോയാൽ എനിക്ക് സ്വർണ്ണവും പൈസയുമൊക്കെ ആര് തരും..”

അമ്മ അപ്പോൾ കണ്ണുനീരിലൂടെ ചിരിക്കും..
മം. നോക്കിയിരുന്നോ..
എല്ലാം കിട്ടിയത് തന്നെ..

അവിവാഹിത എന്ന ലേബൽ പലരിലും പല മനോഭാവങ്ങൾ ആയിരുന്നു..  ഇത്രയും നാൾ കല്യാണം ആയില്ലെങ്കിൽ പെണ്ണിന് എന്തെങ്കിലും കുഴപ്പം കാണും..
ചിലർക്ക് പെണ്ണിന്റ സൗന്ദര്യം ആർക്കും പിടിക്കാഞ്ഞിട്ടായിരിക്കും എന്നാണ് സന്ദേഹം..

ഒരു പെണ്ണിനെ കെട്ടിച്ചു വിടണെങ്കിൽ ചുമ്മാതെ ഇറക്കി വിടാൻ പറ്റുമോ.. കാര്യായിട്ട് എന്തെങ്കിലും കൊടുക്കണ്ടായോ..
അവനിതെവിടുന്നു ഉണ്ടാക്കാനാ ഇത്രയും പൈസ..
അമ്മൂമ്മ യുടെ ന്യായം കേൾക്കുമ്പോൾ അമ്മക്ക് ഹാലിളകും..

ആ ബഹളങ്ങളിൽ നിന്ന് കണ്ണും ചെവിയും അടച്ചു വെച്ച് അവളപ്പോൾ ഫോണിലെ ഗെയിമുകളിൽ രസം പൂണ്ടിരിക്കും..

“ഹും.. കളിച്ചോ.. കളിച്ചോ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഈ കുന്ത്രാണ്ടം മതിയല്ലോ.. ദേ ആ പടിഞ്ഞാറ്റേലെ വാസൂന്റെ മോള് ഇതിൽ കളിച്ചാ ഒരു മേത്തന്റെ കൂടെ ഇറങ്ങി പ്പോയത്.. ”

“ഹോ.. ഒരു സ്വയ്ര്യവും തരില്ലെങ്കിൽ ഞാനെങ്ങോട്ടെങ്കിലും പോയി ചത്തു കളയും..”

അവളുടെ ജ്വലിക്കുന്ന മുഖം കണ്ടപ്പോൾ അമ്മൂമ്മ ഒന്ന് പതറി..
അമ്മ ഒന്നും മിണ്ടണ്ടന്നു കണ്ണടച്ചു കാണിച്ചു..

“അവള് വേറെ എന്ത് ചെയ്യാനാ അമ്മേ.. പാവം എങ്ങനെ എങ്കിലും ഈ കല്യാണം ഒന്ന് നടന്നാൽ മതിയായിരുന്നു..”

വൈകിട്ടു വന്ന് കയറിയ ഭർത്താവിനോട് ഒന്നും പറയാൻ അവർക്കു തോന്നിയില്ല… അമ്മൂമ്മ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു..

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും പോയവരുടെ ഒരു വിവരവും ഇല്ലാതായപ്പോൾ
അമ്മ അമ്പലത്തിൽ പോക്കും വ്രതങ്ങളും എല്ലാം നിർത്തലാക്കി.. ആരോടൊക്കെയോ ഉള്ള വാശി പോലെ…
അവൾക്കും ആശിക്കാനും പ്രതീക്ഷിക്കാനും പ്രത്യേകിച്ച് ഒന്നും ഇല്ലാതായി..

മകൻ അമ്മയ്ക്ക് നേരെ തൊടുത്തു വിടുന്ന വാചകങ്ങൾ അവളിലേക്കുള്ള കൂരമ്പുകൾ ആയിരുന്നുവെന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും മനസ്സിലായില്ല.. പക്ഷേ അവളത് തിരിച്ചറിഞ്ഞു..

വരുന്നവരെയൊന്നും ബോധിക്കാത്തവർ പിന്നെ എന്തിനാണ് ഉടുത്തൊരുങ്ങി നിൽക്കുന്നത്..
ശരിയാണ്..
ചിലരെയൊക്കെ താൻ തന്നെ വേണ്ട എന്ന് തീരുമാനിച്ചു പറഞ്ഞയച്ചത് തന്നെയായിരുന്നു..

പക്ഷേ അപ്പോഴൊക്കെ ഇതിലും നല്ലത് വേറെ വരും..
എടുത്തു ചാടണ്ട എന്ന തോന്നലായിരുന്നു മനസ്സ് മുഴുവൻ..
ഇന്നതിന്റെ കുറ്റബോധം തോന്നുന്നുമുണ്ട്.
പക്ഷേ നല്ല പ്രായങ്ങളൊക്കെ കഴിഞ്ഞു പോയ തനിക്കിനി എന്ത് നല്ലത് പ്രതീക്ഷിക്കാൻ ആണ്.

ഏട്ടന്റെ കുത്തുവാക്കുകൾ ആണ് സഹിക്കാൻ വയ്യാത്തത്..
ദൈവമേ ഒരു ഏട്ടത്തിയമ്മ കൂടി ഉണ്ടായിരുന്നെങ്കിൽ അവരുടെ ഇഷ്ടക്കേടുകൾ കൂടി താൻ കാണേണ്ടി വരുമായിരുന്നല്ലോ..
അവളുടെ കണ്ണിൽ നിന്ന് ചോരക്കീറുകൾ പോലെ മനസ്സും ഹൃദയവും കുത്തിനോവിച്ചുകൊണ്ടു കണ്ണുനീർ കുത്തിയൊലിച്ചുകൊണ്ടിരുന്നു..

✍️*******************