അവളുടെ കൈവിരലുകൾ അവന്റെ നെഞ്ചിലും തോളിലും മുഖത്തും സഞ്ചരിക്കുന്നു ! ശേ! ഈ കുട്ടികൾക്ക് നാണവും മാനവും..

(രചന: ശാലിനി)

ജാലക വിരി വകഞ്ഞു മാറ്റി അമൃത
ചൂരൽ കസേരയിലേക്ക് ഒന്നമർന്നിരുന്നു.
ചുവരിലെ നാഴികമണിയിലപ്പോൾ സമയം നാലുമണി കഴിഞ്ഞിരുന്നു. സമയമായിരിക്കുന്നു..
എന്നും പതിവ് പോലെ വൈകുന്നേരത്തേയ്ക്കുള്ള ചായയും, പലഹാരങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ട്.
ഇനിയുള്ള ഓരോ നിമിഷങ്ങളിൽ പകല് ഇറങ്ങിപ്പോയവർ ഒന്നൊന്നായി തിരികെ വരുന്ന നേരമാണ്.

ഇതുവരെയും അമൃത ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു.
ഒറ്റയ്ക്ക് എന്നങ്ങനെ തീർത്തു പറഞ്ഞാൽ ശരിയാവില്ല.
അവൾക്ക് കൂട്ടായി ഒരു കുഞ്ഞു പോമറേനിയൻ നായക്കുട്ടി  കൂടിയുണ്ട്..
പിന്നെ, തോട്ടത്തിലെ കുറെ ചെടികൾ, ഗോൾഡൻ ഫിഷുകൾ..
പിന്നെ, ഇഷ്ടപ്പെട്ട ഒരുപാട്
മെലഡികൾ !
കൂടൊഴിഞ്ഞ കിളിക്കൂട്ടിൽ അവശേഷിക്കുന്ന
ഒരേയൊരു സീത പക്ഷി!

രാവിലെ ഭർത്താവും കുട്ടികളും പോയിക്കഴിഞ്ഞാൽ പിന്നെ
ആ ലോകത്ത് അവൾ പരിപൂർണ്ണ സ്വതന്ത്രയാണ്.
പുറത്തേയ്ക്കുള്ള പ്രധാന വാതിൽ അടച്ചു കഴിഞ്ഞാൽ പിന്നെയുള്ള അവളുടെതായ ലോകത്തിൽ വിഹരിക്കുമ്പോഴും അമൃത അവളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ
ആ ജാലകം മാത്രം എപ്പോഴും തുറന്നിട്ടിരുന്നു.!

പുറത്ത് ഒരുപാട് പേര് അന്നന്നത്തെ ജീവിതം ജീവിച്ചു തീർക്കാൻ പെടാ പാടുപെടുന്ന കാഴ്ചകളൊക്കെയും
അവൾ ഹൃദയം കൊണ്ടാണ് കണ്ടിരുന്നത്.
ദിവസവും കാണുന്ന ചില മുഖങ്ങളെ അന്ന് കണ്ടില്ലെങ്കിൽ അവൾ സ്വയം തന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കും.
ന്നാലും എന്ത് പറ്റിയതാവും..?

മുട്ടിയുരുമ്മി നടന്നു പോകുന്ന നവദമ്പതികൾ..
അവളുടെ പട്ടു സാരിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറം..
ക്ഷേത്രത്തിലേയ്ക്ക് തിരക്കിട്ട് നടക്കുമ്പോഴും, ഉടുത്തിരിക്കുന്ന സെറ്റ് സാരിയിൽ ചുളിവുകൾ വീഴാതെ ശ്രദ്ധിക്കുന്ന യുവതികൾ..
സൈക്കിളിൽ ഓരോ ഷോപ്പിലേയ്ക്കും
ചൂട് ചായയും ഉഴുന്ന് വടയും, ഉള്ളിവടയുമൊക്കെ കൊണ്ട് കൊടുക്കുന്ന ഒരു ഭിന്ന ശേഷിക്കാരനായ യുവാവ്..
നടക്കാൻ മടിച്ചു കരയുന്ന കുഞ്ഞു മകനെ ശകാരത്തോടെ വലിച്ചു കൊണ്ട് തിടുക്കത്തിൽ ബസിൽ കയറാൻ ഓടുന്ന യുവതിയായ ഒരമ്മയും കുറെ ആളുകളും !
പിന്നെ,
പൊട്ടിയ പ്ലാസ്റ്റിക്കും, ന്യൂസ്‌ പേപ്പറും എടുക്കാൻ വരുന്ന പ്രായമുള്ള അണ്ണാച്ചി..
ചുമലിൽ ഒരു വലിയ ബാഗും തൂക്കി, കഴുത്തിൽ ടൈയും കെട്ടി അന്നത്തെ ടാർഗറ്റ് തികയ്ക്കാനായി നഗരത്തിലെ വെയില് മുഴുവനും ഏറ്റു വാങ്ങുന്ന ചെറുപ്പക്കാരൻ..

പിന്നെയും എത്രയെത്ര കാഴ്ചകളാണ്..

ഉച്ച കഴിഞ്ഞാൽ പിന്നെ അവളുടെ കാഴ്ചകൾക്ക് നിറം മാറിത്തുടങ്ങുന്നു!

ഒരു പ്രൊഫെഷണൽ കോളേജിന്റെ സമീപത്തായിരുന്നു അവരുടെ വീട്..
വൈകുന്നേരങ്ങളിൽ ബസ് കാത്തുനിൽക്കാൻ എത്തുന്ന കോളേജ് സ്റ്റുഡന്റസ്..
ചാരക്കളർ ഷർട്ടും,
കറുത്ത പാന്റ്സും ഇട്ട ആൺകുട്ടികളും, യൂണിഫോമിന് മുകളിൽ ഗ്രെ നിറത്തിലുള്ള ഓവർ കോട്ടിട്ട പെൺകുട്ടികളും കൂട്ടമായി നിൽക്കുന്നത് അമൃതയുടെ വീടിന് അരികിലുള്ള സ്റ്റോപ്പിലായിരുന്നു..

ചിലർ എല്ലാവരിൽ നിന്നും മാറി
അടുത്തുള്ള കടകളുടെ മറവിലേക്ക്
തെന്നി മാറുന്നതും ജനൽ കമ്പികളിൽ പിടിച്ചു ആകാംഷയോടെ അവൾ നോക്കിയിരിക്കും.

അവരിൽ പലരും പരിചിത മുഖങ്ങളായി മാറിക്കഴിഞ്ഞിരുന്നു..!
നേരം എത്ര വൈകിയാലും ചില ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിലെത്തണമെന്ന് ഒരു നിർബന്ധവും ഇല്ലെന്ന് തോന്നും അവരുടെ ഭാവങ്ങളിൽ..

ഈ പെങ്കുട്ടികളുമാരുടെ ഒരഹമ്മതിയേ..!!

ചില അരുതാത്ത കാഴ്ചകൾ കാണുമ്പോൾ മനസ്സ് വല്ലാതെ രോഷം കൊള്ളും..
ഇവറ്റോൾക്കു വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരൂല്ല്യേ.
ശ്ഛെ .??
മക്കളെ പഠിക്കാൻ വിടുന്ന അച്ഛനും അമ്മയും എന്തെങ്കിലും അറിയുന്നുണ്ടോ..?
എല്ലാ അച്ഛനമ്മമാരുടെയും വിചാരം അവരുടെ മക്കൾ അങ്ങനെ ഒന്നും
പോകില്ല എന്നായിരിക്കുമല്ലോ..

പുറത്തേക്കു നോക്കിയതും വല്ലാത്ത നാണക്കേടാണ് തോന്നിയത്..
കറുത്ത് മെലിഞ്ഞ ഒരു ഞരന്ത് പയ്യനും അവനെക്കാൾ ചേലുള്ള
ഒരു പെൺകുട്ടിയും കടയുടെ
ഭിത്തിയിലോട്ട് ചേർന്ന് നിൽക്കുന്നു..
അവളുടെ കൈവിരലുകൾ അവന്റെ നെഞ്ചിലും തോളിലും മുഖത്തും സഞ്ചരിക്കുന്നു !

ശേ! ഈ കുട്ടികൾക്ക് നാണവും മാനവും എന്നൊന്ന് ഇല്ലേ.
ഒരു ന്യൂസ്‌ പേപ്പർ എടുത്താലോ, ടീവി ഓണാക്കിയാലോ എവിടെയും പീഡനം മാത്രമേയുള്ളൂ കേൾക്കാനും കാണാനും..
എന്നിട്ടും സ്വന്തം മാനം നോക്കാതെ, വീട്ടുകാരെ കുറിച്ച് ഓർക്കാതെ
വില കെട്ട പ്രവർത്തികൾ ചെയ്യാൻ ഇവർക്ക്  ഇത്രയും ധൈര്യമോ!!
പോകുകയും വരികയും ചെയ്യുന്ന ബസുകളൊന്നും ആരും ശ്രദ്ധിക്കുന്ന മട്ടേയില്ല..!

കയ്യിലൊരു മൊബൈൽ ഫോൺ ഉള്ളപ്പോൾ കള്ളങ്ങൾ പറയാൻ
പെടാപാട് പെടുകയും വേണ്ട..
ഒരമ്മയുടെ വേവലാതി അവളെയും ബാധിച്ചു.
ഇവിടെയും ഒരെണ്ണം വളർന്നു വരുന്നുണ്ട്..
ഇപ്പോഴേ ഒരു കണ്ണ് ഉള്ളത് നല്ലതാ കേട്ടോ..,

അമ്മ ഒരു മുന്നറിയിപ്പ് പോലെ വിളിക്കുമ്പോഴൊക്കെ പറയാറുള്ളത് ഓർത്തു.
വിവശതയോടെ ജാലക വിരി വലിച്ചിട്ടു കൊണ്ട്
മുറിയിലേക്ക് നടന്നു.

അല്ല..
എത്ര കണ്ണിലെണ്ണ ഒഴിച്ച് നോക്കിയാലും പോകാനുള്ളത് പോകും.
എങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.
നെഞ്ചിലേക്ക് തീ കോരിയിടുന്ന പോലെയാണ് പലപ്പോഴും അമ്മയുടെ വാക്കുകൾ അവളിലേയ്ക്ക് എരിഞ്ഞു കയറാറുള്ളത്.

അവളുടെ മാതൃഹൃദയം ഒന്ന് പിടച്ചു..
പ്ലസ് ടു വിന് പഠിക്കുന്ന മകൾ ഇതുവരെ കുഴപ്പം ഒന്നും ഉണ്ടാക്കിയിട്ടില്ല..
പക്ഷേ അമ്മ പറഞ്ഞത് പോലെ കാലം വല്ലാത്തതാണ്.

നിരസിച്ചാൽ കത്തിക്കുന്ന പ്രണയമാണ്.
അടുക്കിപ്പിടിച്ചാൽ തട്ടിപ്പറിച്ചു കൊണ്ട് ഓടുന്ന കാട്ടാള കൂട്ടങ്ങളാണ് ചുറ്റിനും. സമാധാനം ഇല്ലാത്ത ജന്മങ്ങൾ ആണ് ഇന്നത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾ..

വീണ്ടും പുറത്തേക്കൊന്നു പാളി നോക്കി..
രണ്ടുപേരും കൈകൾ കോർത്തു പിടിച്ചു, മുഖം ചേർത്ത് നിൽക്കുന്നു.
ജനൽ പാളി വലിയൊരു ശബ്ദത്തോടെ അവൾ വലിച്ചടച്ചു..
ക്ലോക്കിലെ സൂചികൾ ഇഴയുകയാണോ?
മക്കളൊന്ന് വന്നിരുന്നെങ്കിൽ..
അമൃത മുറിക്കുള്ളിൽ ഒരു വെരുകിനെപ്പോലെ നടക്കാൻ തുടങ്ങി.