(രചന: ശാലിനി കെ എസ്)
ന്നാലും ഒരു വിധവയല്ലേ..!!
“ങ്‌ഹും!
എന്നാലും എത്ര പെട്ടെന്നാണ്
അവളെല്ലാം മറന്നത്.
കണ്ടില്ലേ,
സദാ സമയവും ഓൺലൈനിൽ ആണ്..!
ദിവസവും ഏതൊക്കെ സൈസിൽ
ഉള്ള ഫോട്ടോകളാണ്.!
എന്നാലും നാട്ടുകാര് എന്ത് പറയുമെന്നെങ്കിലുമുള്ള
ബോധം വേണ്ടേ?
കെട്ട്യോൻ ചാകാൻ കാത്തിരിക്കുകയായിരുന്നൂന്ന്
തോന്നുന്നു അവളുടെ തനി സ്വരൂപം
പുറത്ത് വരാൻ.. ”
കയ്യിലിരുന്ന മൊബൈൽ ഫോൺ ഭർത്താവിന്റെ നേർക്ക് നീട്ടി പിടിച്ചു കൊണ്ടാണ് വനജ ഉറഞ്ഞു തുള്ളിയത്.
അവളുടെ ഭർത്താവ്
ഇന്ദു ഗോപനാകട്ടെ പെട്ടെന്ന്,
ഇവൾക്ക് ഇതെന്താണ് സംഭവിച്ചത് എന്നറിയാതെ അന്തം വിട്ടു.
“ദേ, ഗോപേട്ടാ നോക്ക് ഇങ്ങോട്ട്.
നിങ്ങടെ പുന്നാര പെങ്ങൾക്ക് ഇത് എന്തിന്റെ കേടാണെന്ന് നോക്കിക്കേ..”
യ്യോ! അവൾക്കെന്തു പറ്റി?
അയാൾ കണ്ടു, ഫേസ്ബുക്ക് സ്റ്റോറിയിൽ സുഹൃത്തുക്കൾക്കൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന തന്റെ കുഞ്ഞനിയത്തി ഗാഥയുടെ ഫോട്ടോസ് ..!
പക്ഷെ, അത് കണ്ടിട്ട് അയാൾക്ക് സന്തോഷമാണ് തോന്നിയത്.
അവളൊന്നു ചിരിച്ചു കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.
പാവം,
ഇരുപത്തി ഏഴു വയസ്സിൽ വിധവ ആയവളാണ്..
ഇന്നവൾക്ക് മുപ്പതു വയസ്സ് ഉണ്ട്..
ഇപ്പോഴും കണ്ടാൽ കല്യാണം കഴിച്ചതാണെന്ന് പോലും ആരും പറയില്ല. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ മാത്രമാണ് അവൾക്കുള്ളത്.
എത്ര വട്ടം താനും മൂത്ത ജ്യേഷ്ഠനും
ഒക്കെ അവളെ നിർബന്ധിച്ചിരിക്കുന്നു
ഒരു പുതിയ ജീവിതത്തിന്..
നീയിപ്പോഴും ചെറുപ്പമാണ്..
മരിച്ചു പോയവർ ഇനിയൊരിക്കലും
തിരിച്ചു വരില്ല.
അതിന്റെ പേരിൽ വെറുതെ
നിന്റെ ജീവിതം ഇല്ലാതാക്കരുത്.
എന്നും ഞങ്ങളാരും കണ്ടെന്നു വരില്ല. നിന്റെയും മോളുടെയും കാര്യങ്ങൾ നോക്കാൻ ഞങ്ങൾക്ക് മനസ്സില്ലാഞ്ഞിട്ടല്ല ഇങ്ങനെ ഒക്കെ പറയുന്നത്…
ഒരു കാലത്ത് നിന്റെ മകളും നിന്നെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോകും. അപ്പോഴാണ് നിന്റെ ഏകാന്തത നിന്നെ പിടിമുറുക്കുന്നത്.
ആരുമില്ലെന്ന തോന്നലുണ്ടാവുന്നതും അപ്പോഴായിരിക്കും.
അതുകൊണ്ട് നല്ല പ്രായത്തിൽ നീ മറ്റൊരു ജീവിതത്തിന് തയ്യാറാവണം.
അങ്ങനെ എന്തെല്ലാം പറഞ്ഞു മനസ്സ് മാറ്റാൻ നോക്കി.
പക്ഷെ, ഒന്നിനും അവൾ അടുത്തില്ല.
അല്ലെങ്കിലും അവൾ മാറില്ലെന്ന് അറിയാഞ്ഞിട്ടല്ല. അത്രയ്ക്കും സ്നേഹത്തോടെ കഴിഞ്ഞവരായിരുന്നു ഗാഥയും ശ്രീയും !
“ഏട്ടന്മാർക്കെല്ലാം എന്നോട് ഒരുപാട് സ്നേഹമുണ്ടെന്ന് എനിക്കറിയാം.
എങ്കിലും ശ്രീയേട്ടനെ മറന്ന് ഇനിയെനിക്കൊരു ജീവിതമില്ല. നിങ്ങൾ എനിക്കൊരു ജോലി വാങ്ങിച്ചു തന്നാൽ മാത്രം മതി.
ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ ജീവിച്ചോളാം ”
ഉറച്ച തീരുമാനത്തിൽ നിന്ന് മാറിനിൽക്കാൻ അവൾ തയ്യാറായില്ല. അല്ലെങ്കിലും,
പണ്ടേ അവളെങ്ങനെയാണ്.
എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ ആരെകൊണ്ടും അതിനൊരു ഇളക്കം വരുത്താൻ സാധിക്കില്ല.
എങ്കിലും തങ്ങളുടെ ഒരേയൊരു കുഞ്ഞനിയത്തിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ..
എം എസി ക്കാരിയായ അവൾക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ശരിയാക്കി കൊടുക്കാൻ വലിയ പാട് പെടേണ്ടി വന്നതുമില്ല..
എങ്കിലും, അവൾക്ക് ഒരു കൂട്ട് വേണ്ടേ എന്നൊരു ചോദ്യവും ആധിയും എല്ലാവരുടെയും ഉള്ളിൽ എപ്പോഴും അവശേഷിച്ചു..
പ്രത്യേകിച്ച്, പ്രായമായ അമ്മയുടെ മനസ്സിൽ..
അമ്മയ്ക്ക്,
താൻ ജീവിച്ചിരിക്കെ തന്റെ പൊന്നുമോൾ ചെറുപ്രായത്തിലെ വിധവയായതിന്റെ മനോവിഷമം ചില്ലറയല്ല..
അവളെക്കുറിച്ചുള്ള ആധി കയറിയാണ് അമ്മ രോഗകിടക്കയിലായത്..
അമ്മയ്ക്ക് ആശ്വാസം കിട്ടണമെങ്കിൽ അവൾക്ക് ഒരു ജീവിതം ഉണ്ടാകണം.
അത് കണ്ടിട്ട് കണ്ണടയ്ക്കാൻ ഉള്ള ഭാഗ്യം അമ്മയ്ക്കുണ്ടാവുമെന്ന് തോന്നുന്നില്ല..!
അവളുടെ ഭർത്താവ് ശ്രീകാന്ത് നല്ലൊരു
മനുഷ്യൻ ആയിരുന്നു..
ഗാഥയെ അയാൾ പൊന്നു പോലെയാണ് കൊണ്ട് നടന്നത്.
ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു..
നല്ലതൊന്നും ഒരുപാട് കാലത്തേയ്ക്ക് നിലനിൽക്കില്ലല്ലോ..!
പതിവ് പോലെ അയാൾ ജോലിക്ക് പോകുന്ന വഴി സംഭവിച്ച ഒരു ആക്‌സിഡന്റ് ആണ് പൊടുന്നനെ അവളെ വിധവയാക്കിയത്.
അതിനു ശേഷം എത്രയോ നാളുകൾ
ഗാഥ മെന്റൽ ട്രീറ്റ്‌മെന്റിൽ ആയിരുന്നു.
മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാതെ, ആരോടും മിണ്ടാതെ, കുളിക്കാതെയും , ഒരുങ്ങാതെയും,മോളെപ്പോലും ശ്രദ്ധിക്കാതെയും ചിരിക്കാനും കരയാനും എന്തിന്, ആരോടെങ്കിലും ഒന്ന് ദേഷ്യപ്പെടാൻ പോലും കഴിയാതെ ഒരു വലിയ തീരാ ദുഃഖമായി മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ അവൾ എല്ലാവർക്കും ഒരു മാതൃകാ വിധവ ആയിരുന്നു..!
അതെ, ഇങ്ങനെ തന്നെ ആയിരിക്കണം ഭർത്താവിനോട് സ്നേഹമുള്ള ഏതൊരു പെണ്ണും ചെയ്യേണ്ടത് എന്ന് നാട്ടുകാരും വിധിയെഴുതി !!
പക്ഷെ, മോളുടെ കുസൃതികളും നിർബന്ധങ്ങളും , വഴക്കുകളും അവളെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു എന്നതായിരുന്നു യാഥാർഥ്യം.
തന്റെ മാത്രം ദുഃഖം എന്തിന് ഒന്നുമറിയാത്ത പാവം മകൾക്ക് കൂടി പങ്ക് വെച്ച് കൊടുക്കണം.
അച്ഛനില്ലാത്ത ദുഃഖമോ, കുറവുകളോ അവൾ അറിയാൻ ഇടവരരുത്.
അങ്ങനെ അവൾ പഴയ ഗാഥയിലേയ്ക്കുള്ള തിരിച്ചു വരവിനായി മനസ്സ് കൊണ്ട് ഒരുങ്ങി.
എന്നും രാവിലെ സ്വന്തം സ്കൂട്ടറിൽ
മോളെ സ്കൂളിൽ കൊണ്ട് വിട്ടിട്ടാണ് അതുവഴി അവൾ ബാങ്കിൽ പോകുന്നത്.
തിരികെ വരുമ്പോൾ അമ്മയുടെ അടുത്ത് കയറി ഒരല്പം സമയം ചിലവിട്ടിട്ട് തിരികെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്യും. ശ്രീയുടെ അമ്മയോടൊപ്പമാണ് ഇന്നവൾ കഴിയുന്നത്.. അവർക്കും അവളെ മകനെപ്പോലെ തന്നെ നിറഞ്ഞ സ്നേഹം മാത്രം..
കാലം മായ്ക്കാത്ത മുറിവുകളുണ്ടോ..??
ഇന്നവൾക്ക് ഒരു ലക്ഷ്യം ഉണ്ട്.
മകളെ പൊന്നുപോലെ വളർത്തണം. അതിനു വേണ്ടി എല്ലാ ദുഃഖവും, ആകുലതകളും ചിന്തകളും അവൾ ദൂരേക്കളഞ്ഞിരിക്കുന്നു.
അവളുടെ
ആ നല്ല മാറ്റങ്ങൾ വീട്ടുകാരും ആശ്വാസത്തോടെയാണ് കാണുന്നത്.
പക്ഷെ ഒരു പെണ്ണിന്റെ ശത്രു എപ്പോഴും മറ്റൊരു പെണ്ണ് തന്നെ ആയിരിക്കും എന്നതിന് ഉദാഹരണമാണ്
തന്റെ ഭാര്യ!
അവളുടെ ഈ കുശുമ്പും അസഹിഷ്ണുതയും !!
“ഓഹ്, ഇതാണോ ഇത്ര വലിയ കാര്യം.
അവൾക്ക് അതൊക്കെ സന്തോഷം കൊടുക്കുന്നുണ്ടെങ്കിൽ നമ്മളെന്തിനാ വെറുതെ അതിലൊക്കെ തലയിടുന്നത്..
മരിച്ചു പോയവരെ ഓർത്തു ജീവിതകാലം മുഴുവനും ജീവിച്ചിരിക്കുന്നവർ നരകിച്ചോണം എന്നൊന്നും നിയമമില്ലല്ലോ..??
ഇത്രയും നാളുകൾ അവൾ ഒതുങ്ങിക്കൂടിയില്ലേ. ഇനിയെങ്കിലും
അവളെ അവളുടെ പാട്ടിനു വിട്ടേക്ക്.”
അയാൾ എല്ലാം പറഞ്ഞവസാനിപ്പിച്ചത് പോലെ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി സെറ്റിയിലേക്ക് ഇട്ടിട്ട് എഴുന്നേറ്റു.
വനജയ്ക്ക് അതുകണ്ടു വിറഞ്ഞു കയറി.
സ്വന്തം പെങ്ങളുടെ കാര്യമായത് കൊണ്ടല്ലേ അയാൾക്കൊരു കുറ്റവും തോന്നാത്തത്..
ങ്ങുഹും.. പെങ്ങളെ പുന്നാര ആങ്ങളമാരെല്ലാവരും കൂടി അഴിച്ചു വിട്ടേക്കുകയാണ്. അനുഭവിച്ചോളും..
കുറച്ചു കഴിയുമ്പോൾ ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോയെന്ന് പറഞ്ഞാലും ഇവരൊക്കെ സന്തോഷിച്ചു
കൊണ്ടിരിക്കും. അല്ല പിന്നെ..
അവൾ ഫോണിലേക്ക് വീണ്ടും വീണ്ടും നോക്കി..
എന്നാലും അവൾക്ക് എന്തെങ്കിലും
വിഷമം ഉണ്ടോന്ന് നോക്കിക്കേ..
എന്തൊരു ചിരിയാണ്..
ഒരു പെൺകൊച്ചു വളർന്നു വരുന്നുണ്ടെന്നുള്ള വിചാരമെങ്കിലും വേണ്ടേ…
“വനജേ.. നീയിനിയും അത് വിട്ടില്ലേ.. എനിക്ക് ഓഫീസിൽ പോകാൻ നേരമായി. ആ ഫോട്ടോയ്ക്ക് ഒരു ലൈക്ക് കൊടുത്തിട്ട് നീ എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തു വെയ്ക്ക്..”
ദേഷ്യത്തോടെ കയ്യിലിരുന്ന ഫോൺ എടുത്ത് കസേരയിലേയ്ക്ക് എറിഞ്ഞിട്ട് ചവുട്ടിത്തുള്ളി അവൾ
അടുക്കളയിലേയ്ക്ക് നടന്നു..
അപ്പോഴും ഉള്ള് കിടന്നു തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.
“ന്നാലും അവളൊരു വിധവയല്ലേ..”
~ശുഭം ~