വിവാഹം കഴിഞ്ഞ് പതിനെട്ടാമത്തെ വർഷം തനനിക്ക് ആദ്യമായി മാസമുറ നിന്ന സമയം, അന്ന് ഹോസ്പിറ്റലിൽ..

(രചന: ശാലിനി)

“ദേ അമ്മേ , ഇങ്ങോട്ടൊന്നു ഓടിവന്നേ.
ഇത് ആരാണെന്ന് നോക്കിക്കേ..?”

ഇളയ മകൾ ടിവിയുടെ മുന്നിൽ നിന്ന് അലച്ചു കൂവുന്നത് കേട്ടാണ് അലക്കാനെടുത്ത മുഷിഞ്ഞ തുണികൾ അവിടെ തന്നെ ഇട്ടിട്ട് നിർമല ഓടിച്ചെന്നത്.

ഈ പെണ്ണ് അല്ലെങ്കിലും അങ്ങനെയാണ്. ഓരോ നിസ്സാര കാര്യത്തിന് വരെ മനുഷ്യനെ വെപ്രാളം പിടിപ്പിക്കും.. ചെന്ന് നോക്കുമ്പോൾ ഒരു കുന്തോം കാണത്തുമില്ല. വെയില് വന്നിട്ട് മൂന്നാല് ദിവസം ആയി.

ഇന്ന് ഒരിത്തിരി വെട്ടവും വെളിച്ചവും കണ്ടത് കൊണ്ടാണ് തുണിയെല്ലാം നനയ്ക്കാൻ ഒരുങ്ങിയത്. അപ്പോഴാണ് അവളുടെ ഒരു വിളി!

“എന്തോന്നാ പെണ്ണെ ഇങ്ങനെ വിളിച്ചു കൂവാനും മാത്രം ഇവിടെ ഉള്ളത്?”
പറഞ്ഞിട്ട് നോക്കിയത് ടിവിയിലേയ്ക്കായിരുന്നു.
ഏതൊ സംഗീത മത്സരമാണ്.

അവിടെ നിൽക്കുന്ന ഒരു സുന്ദരി കൊച്ച് മൈക്കും പിടിച്ചു നിന്ന് പാടുന്നു. എന്തൊരു ശബ്ദമാണ്! അരികിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നത് അതിന്റെ അച്ഛനും അമ്മയുമാണെന്ന് തോന്നുന്നു,നല്ല ജോടികൾ.

പക്ഷെ, പെട്ടെന്നവരുടെ കണ്ണുകൾ ഒന്ന് കുറുകി,ചുണ്ടുകൾ വിറച്ചു.. നെഞ്ച് വല്ലാതെ ഉയർന്നു താണു.

അമ്മയുടെ മുഖത്തേയ്ക്ക് തന്നെ ഉറ്റു നോക്കി നിൽക്കുകയായിരുന്നു നവ്യ. അമ്മയിപ്പോൾ പൊട്ടിത്തെറിച്ചേക്കും എന്ന് തോന്നി.
നോക്കി നിൽക്കെ ടിവിയിൽ ചിരി തൂകി നിന്ന രൂപങ്ങൾ ചെറുതായി വിതുമ്പുന്നു. ജഡ്ജസ് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നു.

എല്ലാം തെറ്റുകളും ക്ഷമിച്ച് അച്ഛനും അമ്മയും സഹോദരങ്ങളും നന്ദയ്ക്കും കുടുംബത്തിനുമൊപ്പം ഒരുമിക്കുന്ന ഒരു ദിവസം വരും, നോക്കിക്കോ.. അത് ഈ നീലാംബരി മോൾ കാരണമാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു..

ജഡ്ജസ്സിൽ ഒരാൾ അവരെ ആശീർവദിക്കുന്നത് കേട്ട് അമ്മ മെല്ലെ കണ്ണുകൾ തുടച്ച് കൊണ്ട് തിരിഞ്ഞു നടക്കുന്നത് കണ്ടു.
നവ്യ വീണ്ടും ടിവിയിലേയ്ക്ക് തന്നെ നോക്കി നിന്നു.

തന്റെ ഒരേയൊരു ചേച്ചി! അവിടെ ആ സ്റ്റേജിൽ ആത്മവിശ്വാസത്തോടെ തലയുയർത്തി നിന്നു മൈക്കും പിടിച്ചു കൊണ്ട് പാടിയ നീലാംബരി ശ്രീകുമാർ ചേച്ചിയുടെ മകളാണെന്ന അറിവ് അവളെയും ഞെട്ടിച്ചു കളഞ്ഞു.

ചേച്ചി പണ്ടത്തേതിലും സുന്ദരി ആയിരിക്കുന്നു.
കൂടെയുള്ള ചേച്ചിയുടെ ഭർത്താവിന്റെ തോളിലുമുണ്ട് ഒരു കുഞ്ഞ് മോൻ!

അവൾ പെട്ടന്ന് മൊബൈൽ ഫോണിലെ ക്യാമറ ഓൺ ചെയ്തു ആ ദൃശ്യം പകർത്തി.
ദൈവമേ..ചേച്ചിയുടെ മകൾ ഇത്രയും ഭംഗിയായി പാടുമായിരുന്നോ.

സ്കൂളിലും കോളേജിലും വെച്ച് അല്ലെങ്കിലും ചേച്ചിക്കായിരുന്നല്ലോ ലളിത ഗാനങ്ങൾക്കെല്ലാം ഫസ്റ്റ് പ്രൈസ് കിട്ടിക്കൊണ്ടിരുന്നത്

എത്ര സന്തോഷത്തോടെ ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേത്‌. തന്നെക്കാൾ എത്ര പ്രിയപ്പെട്ടതായിരുന്നു അച്ഛനും അമ്മയ്ക്കും ചേച്ചിയെന്ന് തനിക്ക് നന്നായിട്ടറിയാം.

അത് തിരിച്ചറിയാൻ ചേച്ചിക്ക് കഴിയാതെ പോയി.. ഒരുപക്ഷെ, തിരിച്ചറിയാഞ്ഞിട്ടാവില്ല സ്നേഹിച്ച ആളിനെ ഉപേക്ഷിച്ചു കളയാനുള്ള മനസ്സ് ഇല്ലാതെപോയിട്ടാവും.
തന്നെക്കാൾ പത്തു വയസ്സിനു മൂത്തതാണ് നന്ദേച്ചി.

കുട്ടികൾ ഉണ്ടാവാനായി കാഴ്ചയും നേർച്ചയും വെച്ച് ഉണ്ടായതാണ് ചേച്ചിയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആവും എല്ലാത്തിനും ചേച്ചിയുടെ അഭിപ്രായം ചോദിച്ചിട്ടെ അച്ഛൻ ഓരോന്നും ചെയ്യാറുണ്ടായിരുന്നുള്ളൂ.

തന്നെ വഴക്ക് പറയുകയോ,തല്ലുകയോ ചെയ്താലും ചേച്ചിയെ ഒന്ന് നുള്ളി നോവിച്ചിട്ടും കൂടിയില്ല അച്ഛനും അമ്മയും. ഇന്ന് ചേച്ചിയുടെ കണ്ണുനീർ ലോകം മുഴുവനും കാണുന്നുണ്ടാവണം.

ഇഷ്ടപ്പെട്ട ആളിന്റെയൊപ്പം ജീവിതം ആരംഭിച്ചതിന്റെ പേരിൽ തിരസ്‌ക്കരിക്കപ്പെട്ട ചേച്ചിയോടും കുടുംബത്തോടും എല്ലാവർക്കും സഹതാപം തോന്നുണ്ടായിരിക്കണം.
ചെയ്ത തെറ്റ് പൊറുത്തു മാപ്പ് കൊടുക്കാത്ത വീട്ടുകാരോട് അതിലേറെ അമർഷവും!!

“പെണ്ണെ ആ ടിവി ഒന്ന് ഓഫ് ചെയ്യുന്നുണ്ടോ ”
അലക്കാനെടുത്ത തുണികളുടെ കാര്യമേ മറന്ന് നിർമ്മല നേരെ പോയത് കിടപ്പ് മുറിയിലേയ്ക്കായിരുന്നു. നെഞ്ചിൽ ആരോ ഒരു വല്ലാത്ത ഭാരം കയറ്റി വെച്ചത് പോലെ..

കണ്മുന്നിൽ കണ്ട രൂപങ്ങൾ കണ്ണുകൾ അടച്ചു തുറന്നിട്ടും മായുന്നില്ല. വിവാഹം കഴിഞ്ഞ് പതിനെട്ടാമത്തെ വർഷം തനനിക്ക് ആദ്യമായി മാസമുറ നിന്ന സമയം. അന്ന് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്യാൻ പേടിയായിരുന്നു.

ആഗ്രഹിച്ചതല്ല കേൾക്കേണ്ടി വരുന്നത് എന്ന ഭയമായിരുന്നു. കുറെ നാളുകൾ മച്ചി എന്ന വിളിപ്പേര് കേട്ട് തഴമ്പിച്ചു പോയ കാതിൽ പ്രതീക്ഷകൾ തെറ്റുന്ന വാർത്തകൾ ഒന്നും താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു.

ചന്ദ്രേട്ടൻ ഉറപ്പിച്ചു പറഞ്ഞു. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.
എന്നിട്ടും അതിനോടനുബന്ധിച്ചുള്ള മേലാഴികകൾ കൂടാൻ തുടങ്ങിയതോടെയാണ് ഉറപ്പായത് .

ഇത് അത് തന്നെ! അത്രയ്ക്കും ദൈവം നമ്മളെ നിരാശരാക്കില്ല. ഹോസ്പിറ്റലിൽ നിന്ന് തിരികെ കൈ നിറയെ സാധങ്ങളുമായിട്ടാണ് എത്തിയത്. സന്തോഷ വർത്തമാനം അറിയിച്ചത് മധുരം നൽകിക്കൊണ്ടായിരുന്നു.

ഇപ്പോഴേ ഒത്തിരി നെഗളിക്കണ്ട. കൊച്ചിനെ കയ്യിലോട്ട് കുഴപ്പം ഒന്നും കൂടാതെ കിട്ടട്ടെ എന്ന് ബന്ധുക്കൾ മുഖം ചുളുപ്പിച്ചു.

അവകാശികൾ ഇല്ലാതെ വന്നാൽ കിട്ടേണ്ട സ്വത്തിന്റെ കണക്കുകൾ കൂട്ടിയും കുറച്ചും മനഃപായസം ഉണ്ട് ഇരുന്നവർക്ക് കിട്ടിയ കനത്ത ഒരടിയായിരുന്നു ചന്ദ്ര വിഹാറിലെ നിർമ്മലയുടെ ഗർഭ വാർത്ത.

പിന്നീട് മാസം തികഞ്ഞു ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ പെറ്റപ്പോഴും വിമർശനം കൊണ്ട് മനസ്സ് തകർക്കാൻ നോക്കിയവരായിരുന്നു കൂടുതലും പേര്.

ഇത്രയും പ്രായമായിട്ട് ഉണ്ടായതല്ലേ ഒരു ആൺ കൊച്ചിനെ കൊടുക്കായിരുന്നു..

ഇനി ഈ പെങ്കൊച്ച് വളർന്നു കെട്ടിക്കാൻ പ്രായമാകുമ്പോഴേക്കും ചന്ദ്രൻ മൂത്തുനരയ്ക്കും!
ആണായാലും പെണ്ണായാലും ഒരു കുഞ്ഞുണ്ടായാൽ മാത്രം മതിയെന്ന പ്രാർത്ഥനയുമായി ജീവിച്ച തനിക്കും ചന്ദ്രേട്ടനും കാത്തിരുന്നു കിട്ടിയ കടിഞ്ഞൂൽ കണ്മണി ജീവന്റെ ജീവനായിരുന്നു.

തറയിലും താഴത്തും വെക്കാതെ വളർത്തിയ പൊന്ന് മോൾക്ക് ആരുടെയും കണ്ണ് കിട്ടാതിരിക്കാൻ കറുത്ത വലിയ പൊട്ടും കരി വളകളും, പൂജിച്ച ചരടും ഒക്കെ കെട്ടി നടത്തിച്ചു.

പെണ്ണ് വളരുംതോറും അഴകും കൂടിക്കൊണ്ടിരുന്നു. ആരു കണ്ടാലും ഒന്ന് നോക്കുന്ന ചന്തമായിരുന്നു നന്ദനയ്ക്ക്.
ഇല്ല എന്ന വാക്ക് അവൾ ജീവിതത്തിൽ കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

അത്രയ്ക്കും ജീവനായി വളർത്തി. അത്രമേൽ പ്രിയപ്പെട്ടതായി അവർക്കീ ഭൂമിയിൽ മറ്റൊന്നും ഇല്ലായിരുന്നു. നന്ദ മോൾക്ക് പത്തു വയസ്സ് ആയപ്പോഴാണ് ദൈവം ഒരിക്കൽ കൂടി അവരെ ഒന്ന് അനുഗ്രഹിച്ചത്.

അതും ഒരു പെൺകുഞ്ഞായിരുന്നുവെങ്കിലും അവർ സന്തോഷിച്ചതേയുള്ളൂ.. രണ്ട് പേരെയും ഒരേ നിറത്തിലുള്ള ഉടുപ്പുകൾ അണിയിച്ചു കൊണ്ട് യാത്ര പോകുമ്പോൾ ആരും ആ കുടുംബത്തെ ഒന്ന് നോക്കിപ്പോകും.

രണ്ട് മക്കൾ ജനിച്ചെങ്കിലും എപ്പോഴും ഒരിത്തിരി സ്നേഹകൂടുതൽ മൂത്ത കുട്ടിയോട് തന്നെ ആയിരുന്നു. അച്ഛൻ മോളെ നന്ദൂട്ടീ എന്ന് തികച്ചും വിളിക്കില്ലായിരുന്നു.

കുസൃതി കാട്ടിയത് നന്ദു ആണെന്ന് അറിഞ്ഞാലും വഴക്കും ശിക്ഷകളും ഇളയവൾക്ക് മാത്രമായിരുന്നു..

എന്നെയെന്താ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് അവൾ പലപ്പോഴും ചോദിച്ചിട്ടുമുണ്ട്.

അത്ര മേൽ കരുതലോടും സ്നേഹത്തോടും വളർത്തിയ മകളെ ഒന്ന് കണ്ടിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു! അവൾ പോയതിൽ പിന്നെയാണ് അച്ഛൻ വയ്യാതെ കിടപ്പിലായത് .
അവൾ പോയതിൽ പിന്നെയാണ് വീട് ചിരിക്കാൻ മറന്നു പോയത്…

ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെ ഒഴിഞ്ഞു മാറി ആരുമറിയാത്തൊരു നാട്ടിൽ വന്നു താമസം തുടങ്ങിയത് അവൾ പോയതോടെയാണ്.

അവൾക്ക് ഇരുപത്തി ഒന്ന് വയസ്സ് തികയുന്ന അന്നാണ് അവൾ ആദ്യമായി തങ്ങൾക്ക് എതിരായി ഒരു പ്രവൃത്തിക്ക് മുതിർന്നത്.

അതും ഒരക്ഷരം പോലും പറയാതെ, ഒരു സൂചന പോലും തരാതെ അവൾ സ്വന്തം സർട്ടിഫിക്കറ്റും, അവൾക്കായ് സൂക്ഷിച്ചു വെച്ചിരുന്ന സ്വർണവും പണവും ഒക്കെയെടുത്തു കൊണ്ട് ഒരു ദിവസം അപ്രത്യക്ഷമായത്.

പിന്നീട് എത്ര നാളുകൾ അവൾക്കായി നീണ്ട തെരച്ചിലുകൾ നടത്തി. കാണ്മാനില്ല എന്ന പരാതി കൊടുത്താൽ പിന്നീട് അവൾക്ക് ഭാവിയിൽ അപമാനമായേക്കുമെന്ന് ഭയന്ന് എല്ലാം വളരെ രഹസ്യമായിട്ടായിരുന്നു.

നന്ദയുടെ ഛായയിൽ ഏതെങ്കിലും ഒരു പെൺകുട്ടിയെ ഇവിടെ വെച്ചെങ്കിലും കണ്ടാൽ അവളുടെ സുഹൃത്തുക്കൾ വിവരം അറിയിക്കും. പക്ഷെ പിന്നീടുള്ള അന്വേഷണത്തിൽ അത് അവളല്ല എന്ന് തിരിച്ചറിയുമ്പോൾ കൂട്ട കരച്ചിലുകൾക്ക് വഴിമാറും.

സുഹൃത്തുക്കൾ ചിലരിൽ നിന്നൊക്കെയാണ് നന്ദ പോയത് ഒരു പരിചയക്കാരന്റെ ഒപ്പമാണെന്ന് മനസ്സിലാക്കിയത്.

ആ പരിചയം ഉടലെടുത്തത് ഒരു മൊബൈൽ ഷോപ്പിൽ വെച്ചായിരുന്നു.അവിടെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനോടൊപ്പമാണ് പോയതെന്ന് അറിഞ്ഞതോടെ അവർ
തകർന്നു പോയി.

എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടതാണ് മൂത്ത മകളെ പറ്റി.. അവൾക്ക് ഒരു നല്ല ജീവിതം കിട്ടാനായി ജനിച്ച നാള് മുതൽ കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് മാറ്റി വെച്ച് സമ്പാദിക്കാൻ തുടങ്ങിയതാണ്.

പ്രായമായ മാതാപിതാക്കൾക്ക് എപ്പോഴാണ് എന്തെങ്കിലും സംഭവിക്കുകയെന്ന് പറയാനൊക്കില്ലല്ലോ. ഉള്ളത് രണ്ടും പെണ്മക്കളും. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല രണ്ടാൾക്കും.

നിധി പോലെ വളർത്തിയ മകൾ ഒരു വാക്ക് പോലും പറയാതെ ഇറങ്ങിപ്പോയതോടെ അച്ഛൻ ആരോടും മിണ്ടാതെ ഒരു മുറിയിൽ ഒതുങ്ങിപ്പോയി.

അവരുടേതായ ഒന്നും ഈ വീട്ടിൽ കണ്ടു പോയേക്കരുതെന്ന് അന്ത്യ ശാസനം പോലെ പറഞ്ഞു കൊണ്ട് അവളുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അറുത്തു മുറിച്ചു കളഞ്ഞ മനുഷ്യൻ പുറം ലോകം കണ്ടിട്ട് വർഷങ്ങളായി.

ഇത്രയും തീ തിന്നു കഴിഞ്ഞ മൂന്ന് ആത്മാക്കളുടെ വേദന ആരെങ്കിലും മനസ്സിലാക്കുമോ..

അത്രമേൽ സ്നേഹിച്ച, കൊതിച്ച..
സ്വന്തം രക്തത്തിൽ ആദ്യമായുണ്ടായ,
കണ്ണിലെ കൃഷ്ണ മണി പോലെ വളർത്തിയ പൊന്നു മോളാണ് എല്ലാം മറന്നു ഇന്നലെ കണ്ട ഒരാളോടൊപ്പം ഇറങ്ങിപ്പോയത്.

അവൾക്ക് അത്രയ്ക്കും താൽപ്പര്യം ആ പയ്യനോടുണ്ടായിരുന്നുവെങ്കിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ അച്ഛനോടെങ്കിലും എല്ലാം തുറന്നു പറയാമായിരുന്നു.

അതോർക്കുമ്പോഴാണ് അവളോട് അത്രയ്ക്കും പക തോന്നിപ്പോകുന്നത്.
ഒന്നും ക്ഷമിക്കാൻ കഴിയാത്തത്.

പിന്നീട് മകളെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

സ്വന്തം നാട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ചു അവളിറങ്ങി പോയ വീട്ടിൽ നിന്നും ഉള്ളതെല്ലാം വിറ്റ് പെറുക്കി ആരും അറിയാത്ത മറ്റൊരു നാട്ടിൽ ജീവിതം തുടങ്ങിയവർക്ക് അല്ലെങ്കിലും അവളെ കുറിച്ച് ഒന്നും അറിയാൻ യാതൊരു വഴിയുമില്ലായിരുന്നു.

ജീവിക്കാനായി പിന്നീടുള്ള ഏക ആശ്രയം ഇളയ മകൾ മാത്രമായിരുന്നു. അതിന് മുൻപു വരെ അവളെ അത്രയും കാര്യമായി പരിഗണിച്ചിരുന്നില്ല എന്നതായിരുന്നു സത്യം!
ഇന്ന് തനിക്കും ഭർത്താവിനും ഉള്ള ഏക പ്രതീക്ഷയും അവൾ മാത്രമാണ്.

പക്ഷെ, കാലം ഇത്രയും വേഗത്തിൽ അവളെ വീണ്ടും തന്റെ മുന്നിൽ എത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കണ്മുന്നിൽ അപ്പോഴും ഒരു കൊച്ചു നന്ദ അവളെക്കാൾ വലിയൊരു മൈക്കും പിടിച്ചു വലിയൊരു സ്റ്റേജിന്റെ മുന്നിൽ നിന്ന് അതിമനോഹരമായി പാടുന്ന രംഗമാണ് തെളിയുന്നത്.

തന്റെ നന്ദയുടെ മകൾ.. അവളിത്രയും മിടുക്കിയാണെന്നോ ആകുമെന്നോ ചിന്തിച്ചിട്ടില്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന തീരുമാനത്തിൽ ആയിരുന്നത് കൊണ്ട് അവളെ സംബന്ധിക്കുന്നത് ഒന്നും ഓർക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല എന്നതായിരുന്നു സത്യം.

മുറിയിലേയ്ക്ക് തിരികെ നടക്കുമ്പോൾ അവൾ പറയുന്നത് ഒരു ചാട്ട വാർ പോലെ തന്റെ പിന്നാലെ പാഞ്ഞു വരുന്നുണ്ടായിരുന്നു.

പത്തു വർഷത്തോളമായി എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ ഭർത്താവ് ആണെന്ന്. ഒരു ദുഃഖവും ഇന്നേവരെ അവളെ അറിയിച്ചിട്ടില്ല എന്ന്!

അത് കേൾക്കേണ്ടവർ കേൾക്കട്ടെ എന്നുള്ള പ്രഖ്യാപനം ആയിരുന്നോ??
സ്വന്തം ഇഷ്ടത്തിന് പോയിട്ടും ഇന്നേവരെ ഒരു കുറവും തനിക്ക് സംഭവിച്ചിട്ടില്ല എന്ന പ്രസ്താവന ആയിരുന്നോ??

“അമ്മേ..” പുറത്ത് മകൾ വീണ്ടും ഉച്ചത്തിൽ വിളിക്കുന്നു. ഇനിയും അടുത്തത് എന്ത്‌ കോളായിരിക്കും?

അവർ ഒന്നും മിണ്ടാതെ വാതിൽ തുറന്നു.
അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണും ചുവന്നു തുടുത്ത മുഖവും കണ്ടു നവ്യയ്ക്ക് പലതും ഊഹിക്കാൻ കഴിഞ്ഞു.

“അമ്മേ എന്ത്‌ ഭംഗിയായിട്ടാ നന്ദേച്ചിയുടെ മോള് പാട്ട് പാടുന്നത് അല്ലേ? ശ്ശോ, അവളോട് നമ്മൾ എത്ര വലിയ തെറ്റാ ചെയ്തത് അല്ലേ.. അമ്മ കണ്ടില്ലേ ചേച്ചിയുടെ കരച്ചിൽ. ഇപ്പോഴും നമ്മുടെ ഒരു വിളിക്കായി കാത്തിരിക്കുകയാണ് ആ പാവം.

എനിക്ക് എന്റെ ചേച്ചിയെയും കുഞ്ഞുങ്ങളെയും കാണണം.. ഈ പിണക്കം ഇനിയെങ്കിലും അവസാനിപ്പിക്കണം. അല്ലെങ്കിൽ പിന്നെ, നമ്മളൊക്കെ മനുഷ്യനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം?”

അമ്മയുടെ കണ്ണുകളിൽ നിന്ന് അഗ്നി വർഷിക്കുന്നത് പോലെയാണ് നവ്യയ്ക്ക് തോന്നിയത്. അമ്മ എത്ര,പെട്ടന്ന് ആണ് മാറിയത്. ഈ വൈരാഗ്യം ഇനിയും അവസാനിപ്പിക്കാറായില്ലേ.

തെറ്റ് ചെയ്യാത്ത മനുഷ്യൻമ്മാരുണ്ടാവുമോ?
ദേഷ്യം അടക്കാനാവാതെ അവൾ ചവുട്ടിത്തുള്ളി സ്വന്തം മുറിയിലേയ്ക്ക് പോയി.

അമ്മയൊറ്റയൊരാൾ ആണ് ഈ വാശി ഇത്രയും നീണ്ടു പോകാനുള്ള കാരണം. പക്ഷെ, ഇനിയും തനിക്ക് ഈ നിസ്സഹകരണം സാധ്യമല്ല.

ഇന്ന് അവരെ കണ്ടില്ലായിരുന്നുവെങ്കിൽ ഇത്രയും നാൾ തോന്നാത്ത വേദനയും വിഷമവും തോന്നുമായിരുന്നോ എന്ന് ഒരു ചോദ്യം ആരോ ഉള്ളിലിരുന്ന് തന്നോട് തന്നെ ചോദിക്കുന്നു..

അറിയില്ല, പക്ഷെ ആരുമായും ഒരു ബന്ധവും പുലർത്താതെ കുറെ വർഷങ്ങൾ കഴിഞ്ഞത് കൊണ്ടാണല്ലോ അവരെ കുറിച്ച് ഒന്നും അറിയാനോ,ചിന്തിക്കാനോ കഴിയാഞ്ഞത് എന്നോർത്ത് പെട്ടന്ന് തന്നെ അവൾ സ്വയം ആശ്വസിച്ചു.

ഇനിയും അവരെ കയ്യൊഴിഞ്ഞു കൂടാ..
ഇത്രയും നാൾ അകന്നിരുന്നത് തന്നെ മഹാപരാധമായി തോന്നുന്നു.
ഇനി ഒരു ഒത്തുകൂടലിനു വഴിയൊരുക്കാൻ തന്നെ കൊണ്ട് മാത്രമേ സാധിക്കൂ.

അവൾക്ക് എത്രയും പെട്ടന്ന് ചേച്ചിയുടെ സമീപത്തേയ്ക്ക് ഓടിചെല്ലാൻ തോന്നി.
സംഗീതം എല്ലാം കാലുഷ്യങ്ങളെയും ഒഴുക്കി കളയുന്ന ഒരൊറ്റ മൂലിയാണെന്ന് പറയുന്നത് എത്ര ശരിയാണ്.

നീലാംബരിയുടെ സംഗീതം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും എല്ലാ പിണക്കങ്ങളെയും അലിയിച്ചു കളഞ്ഞിരുന്നെങ്കിൽ..
അവൾ ഫോണെടുത്ത് ചാനലിന്റെ നമ്പർ തിരയാൻ തുടങ്ങി.

അത്രമേൽ പ്രിയതരമായിരുന്നതൊന്നും ആർക്കും അത്ര പെട്ടന്ന് ഉപേക്ഷിച്ചു കളയാൻ എളുപ്പമല്ല.. അത്രമേൽ ഹൃദയം കൊണ്ട് സ്വീകരിച്ചതൊന്നും തള്ളിക്കളയാനുമാകില്ല!