(രചന: Sajitha Thottanchery)
“നീ ഞാൻ പറഞ്ഞതിന് വഴങ്ങിയില്ലേൽ നിന്റെ ഈ വീഡിയോ യൂട്യൂബിലൂടെ ലോകം മുഴുവൻ കാണും.”
ദിനേശിന്റെ വാക്കുകൾ ആതിരയുടെ കാതുകളിൽ പിന്നേം മുഴങ്ങിക്കൊണ്ടിരുന്നു.
അടുത്ത വീട്ടിലെ രാഘവേട്ടന്റെ മകനാണ് ദിനേശൻ.ഒരാഴ്ച മുൻപ് ആതിരയുടെ റൂമിലെ ബാത്‌റൂമിൽ പൈപ്പ് കേടായപ്പോൾ നേരെയാക്കാൻ വന്ന ചേട്ടന്റെ കൂടെ അയാളും വീട്ടിൽ വന്നിരുന്നു.അത് കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം എന്തോ ടൂൾ എടുക്കാൻ മറന്നെന്നു പറഞ്ഞു വീട്ടിൽ വന്നപ്പോൾ പോയി എടുത്തോളാൻ പറഞ്ഞത് അയാളോടുള്ള വിശ്വാസം കൊണ്ടും അടുത്ത വീട്ടുകാരനോടുള്ള സ്നേഹം കൊണ്ടുമാണ്. ഇന്ന് വീട്ടിൽ അമ്മയില്ലാത്ത നേരം നോക്കി എന്റെ അടുത്ത വന്നപ്പോഴും പ്രത്യേകിച്ച് സംശയം ഒന്നും തോന്നിയില്ല.പക്ഷെ അയാൾ കാണിച്ച എന്റെ വീഡിയോ………
.ഇവിടത്തെ എന്റെ ബാത്‌റൂമിൽ ഒളിക്യാമറ വച്ചു അയാൾ എടുത്തതായിരുന്നു.അയാളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലേൽ അയാൾ അത് പ്രചരിപ്പിക്കുമെന്നാണ് പറഞ്ഞിട്ട് പോയത്.അതും പറഞ്ഞു അയാൾ എന്റെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കിയപ്പോൾ വല്ലാത്ത അറപ്പ് തോന്നി.അയാളുടെ അനിയത്തികുട്ടിയുടെ പ്രായമേ എനിക്കുള്ളൂ.അതെ രീതിയിലെ ഞാൻ പെരുമാറിയിട്ടുമുള്ളൂ.
എന്ത് ചെയ്യണമെന്നറിയാതെ ആതിര തളർന്നിരുന്നു .ഒരു നിമിഷം കൊണ്ട് എല്ലാം തീർത്തു ഈ ഭൂമി വിട്ട് പോയാലോ എന്ന് അവളോർത്തു.ആരോടെങ്കിലും പറയമെന്നു വച്ചാൽ വിശ്വസിക്കുമോ.അച്ഛൻ നാട്ടിലില്ലാതെ രണ്ടു പെണ്ണുങ്ങൾ മാത്രം താമസിക്കുന്നിടത് എങ്ങനെ ഒരാളെ വിശ്വസിച്ച കയറ്റിയതിനല്ലേ ആൾക്കാർ കുറ്റം പറയുകയുള്ളൂ.
കൂട്ടിൽ പെട്ട വെരുകിനെ പോലെ അവൾ എന്തൊക്കെയോ ചിന്തിച്ചു നടക്കാൻ തുടങ്ങി.
ഒരാഴ്ചയ്ക്ക് ശേഷം ഒരു ദിവസം………….
ഇന്നാണ് അയാൾ ടൗണിലെ ഹോട്ടലിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നത്.പറഞ്ഞ സമയത്തു തന്നെ അവൾ അയാൾ പറഞ്ഞ ഹോട്ടലിലേക്ക് പോയി.അവിടെ അവളെയും കാത്തു അയാൾ ഇരിക്കുന്നുണ്ടായിരുന്നു.
“അപ്പോൾ നിനക്ക് പേടിയുണ്ടല്ലേ?”ചിരിയോടെ അയാൾ ചോദിച്ചു.
“എന്നെ ഉപദ്രവിക്കരുത് .എന്റെ ആ വീഡിയോ പ്രചരിപ്പിച്ചത് എന്റെ ജീവിതം തന്നെ ഇല്ലാതായിപ്പോകും “.അവൾ കൈകൂപ്പി പറഞ്ഞു.
“ഏയ് ;ഞാൻ ജീവിതമൊന്നും നശിപ്പിക്കില്ല.കുറച്ചു നേരത്തേക്ക് എന്നെ ഒന്ന് അനുസരിച്ചാൽ മതി.കുറച്ചു നാളായുള്ള ആഗ്രഹമാണ്.”അയാൾ കണ്ണുകൊണ്ട് അവളെ അടിമുടി ഉഴിഞ്ഞു.
അപ്പോഴേക്കും റൂമിൽ ആരോ ബെല്ലടിച്ചു.
“ആരാണീ ബെല്ലടിക്കുന്നത്” എന്നും പ്രാകിക്കൊണ്ട് ദിനേശൻ ഡോർ തുറക്കാൻ പോയി.പോകുന്നതിനിടയിൽ ആതിരയെ രൂക്ഷമായി ഒന്ന് നോക്കി.ചെന്ന് ഡോർ തുറന്നപ്പോൾ പുറത്തു പോലീസ്.
“എന്താ ഇവിടെ ?” പോലീസ് ചോദിച്ചു
“ഞങ്ങൾ പ്രണയത്തിലാണ് സർ ,വിവാഹം തീരുമാനിച്ചിരിക്കുകയാ “ദിനേശൻ പെട്ടെന്ന് പറഞ്ഞു.
“അങ്ങനെ അല്ലാലോ ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ.” ദിനേഷിനെ സംശയത്തോടെ നോക്കി അയാൾ ചോദിച്ചു.
“അല്ല സർ സത്യമാണ് “എന്ന് ദിനേശ് പറഞ്ഞതും അയാൾക്ക് ചെകിടത്തു അടി കിട്ടിയതും ഒരുമിച്ചായിരുന്നു .
ആതിര പെട്ടെന്ന് തന്നെ അവളുടെ ഡ്രെസ്സിൽ പിടിപ്പിച്ചിട്ടുള്ള ക്യാമറ എടുത്ത് പോലീസ് ഓഫീസർക്ക് കൈമാറി.
“നീ എന്താ കരുതിയത്.നിന്നെ പേടിച്ചു നിന്റെ ആഗ്രഹത്തിന് സമ്മതിക്കാൻ വന്നതാണ് ഈ കുട്ടി എന്നോ.അങ്ങനെയുള്ള പെൺകുട്ടികളുടെ കാലമൊക്കെ പോയി.ചിലരൊക്കെ ഇപ്പോഴുമുണ്ട് .ഇതിന്റെയൊക്കെ പേരിൽ ആത്മഹത്യ ചെയ്യുന്നവരും ഭീഷണിക്ക് വഴങ്ങുന്നവരും ഒക്കെയായിട്ട് .അവർ ഇന്നത്തെ ലോകത്തിനു ചേർന്നവരല്ല.പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഇന്നത്തെ കാലത്തു ആയിരം വഴികൾ തുറന്നു കിടപ്പുണ്ട് .”പോലീസ് ഓഫീസറുടെ ഈ വാക്കുകൾ ദിനേശൻ മനസ്സിലാകാത്ത പോലെ നോക്കി ഇരുന്നു.
“ഇനിയും നിനക്ക് മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം.ഞാൻ ആതിരയുടെ ഫ്രണ്ടിന്റെ ഡിസ്റ്റൻഡ് റിലേറ്റീവ് ആണ്.അവൾ കാര്യങ്ങൾ പറഞ്ഞപ്പോൾ നിന്നെ മനഃപൂർവം കുടുക്കാൻ വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തതാണ് ഇതെല്ലാം.ഒരു തെളിവില്ലെങ്കിൽ നീയൊക്കെ രക്ഷപ്പെട്ടാലോ.ഇതിപ്പോ എല്ലാം നീ പറയുന്ന വീഡിയോ കൂടി ഞങ്ങൾ സംഘടിപ്പിച്ചു.ഇനി നീ പുറത്തിറങ്ങാൻ ഒന്ന് ബുദ്ധിമുട്ടും.നാളെ മേലാൽ ഒരു പെൺകുട്ടിയുടെ മുഖത്തു പോലും മോശമായി നോക്കാൻ നിനക്ക് തോന്നരുത്.”അദ്ദേഹം വിശദമാക്കി.
ആതിര ദിനേശിനെ രൂക്ഷമായി നോക്കി.നാണക്കേട് കൊണ്ടും ദേഷ്യം കൊണ്ടും അയാളുടെ മുഖം വിളറിയിരുന്നു.
“പെൺകുട്ടികളായാൽ ഇങ്ങനെ വേണം.എന്തിനെയും ധൈര്യത്തോടെ നേരിടാൻ പ്രാപ്തയാകണം .മോള് പൊയ്‌ക്കോ,ഇവന്റെ കാര്യം ഞങ്ങളേറ്റു. “ആതിരയോട് പോലീസ് ഓഫീസർ പറഞ്ഞു.
ആതിരയുടെ മുന്നിലൂടെ ദിനേശിനെ അവർ കൊണ്ടുപോയി.വല്ലാത്തൊരു ആത്മാഭിമാനത്തോടെ അവൾ താഴെ കാത്തുനിന്നിരുന്ന കൂട്ടുകാരുടെ കൂടെ വീട്ടിലേക്ക് തിരിച്ചു.