ഇതിപ്പോ, കല്യാണം ഉറപ്പിച്ച പെണ്ണ്, ഒരാഴ്ച മുമ്പ് അവൾക്കിഷ്ടപ്പെട്ടവൻ്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ, അവളെ കെട്ടാൻ..

(രചന: Saji Thaiparambu)

അല്ലാ , ഉഷചേച്ചി എപ്പോഴാ നാട്ടിലേക്ക് പോകുന്നത്?

ഡിസംബറിൽ പോകണം നീതൂ,,
മൂത്തവളെ, വന്ന് കണ്ട ചെക്കൻകൂട്ടര് പറഞ്ഞത് ,ഈ ജൂണിൽ തന്നെ കല്യാണം നടത്തണമെന്നാണ്, പക്ഷേ, അവരോട് ആറ് മാസത്തെ സമയം നീട്ടി ചോദിക്കണമെന്ന് ഞാൻ
രഘുവേട്ടനോട് പറഞ്ഞിരുന്നു,
എന്തോ ഭാഗ്യത്തിന് അവരത് സമ്മതിച്ചിട്ടുണ്ട്,,

അതെന്തിനാ ചേച്ചി ,അത്രയും നീട്ടി വയ്ക്കുന്നത് ?

എൻ്റെ നീതൂ,, ഒരു പെൺകൊച്ചിനെ ഇറക്കി വിടണമെങ്കിൽ ചുമ്മാ പറ്റുമോ ? മോശമല്ലാത്ത രീതിയിൽ കുറച്ച് സ്വർണ്ണ മെങ്കിലും അവളുടെ ദേഹത്ത് ഇട്ട് കൊടുക്കണ്ടേ? പിന്നെ കല്യാണച്ചിലവ് വേറെ, ഇത്രയും നാളും ഞാൻ കിടന്ന് കഷ്ടപ്പെട്ടത് കൊണ്ട് ഒന്നിനും തികയില്ല, നവംബറില് സ്റാജിക്കാടെ ചിട്ടിപ്പൈസ കൊടുത്ത് തീരും, ഡിസംബറിൽ തുടങ്ങുന്ന പുതിയ ചിട്ടിയുടെ മൂന്ന് ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് കൂടെയുണ്ടെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ മോളുടെ കാര്യം നടത്താം,,

ഹോ എന്നാലും ചേച്ചീ,,
ചേച്ചിയെ സമ്മതിച്ച് തന്നിരിക്കുന്നു ,
ആരോഗ്യവാനായ ഒരു ഭർത്താവിനെ നാട്ടിൽ സുഖിക്കാൻ നിർത്തിയിട്ട്, ഈ മണലാരണ്യത്തിൽ വന്ന് കഷ്ടപ്പെടുന്നത് കാണുമ്പോൾ, ചേച്ചിയോട് ചിലപ്പോൾ ദേഷ്യം വരും,,

എന്ത് ചെയ്യാനാ നീതൂ,, ?
ഒരു കുടുംബമുണ്ടെന്നും,
വളർന്ന് വരുന്ന മൂന്ന് പെൺകുട്ടികളുണ്ടെന്നും, അവരെ കെട്ടിച്ചയക്കണമെന്നുമൊക്കെ
അങ്ങേർക്ക് കൂടി തോന്നണ്ടേ? ഞാനും കൂടെ, ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞിരിക്കാനൊക്കുമോ?

ചേച്ചിക്കിന്ന് നൈറ്റ് ഡ്യൂട്ടിയുണ്ടോ ?

പിന്നില്ലാതെ, ഡബിൾ ഡ്യൂട്ടി ചെയ്തിട്ട് തന്നെ ,കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, നല്ല ക്ഷീണം, ഞാനൊന്ന് കിടക്കട്ടെ നീതൂ,
നീ പോയിട്ട് ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് എൻ്റെ ഫോണിലേക്കൊന്ന് വിളിച്ചേക്കണേ,, എങ്ങാനും ഉറങ്ങിപ്പോയാലോ ?

ഉം ഞാൻ വിളിച്ചോളാം ,ചേച്ചി ധൈര്യമായിട്ട് ഉറങ്ങിക്കോ ?ആകെപ്പാടെ ചേച്ചി ഉറങ്ങുന്നത് നാല് മണിക്കൂറാണ് ,കുടുംബം നോക്കണമെങ്കിൽ സ്വന്തം തടി കൂടെ നോക്കണ്ടേ ചേച്ചീ ,,,

നീതുവിൻ്റെ ഉപദേശം കേൾക്കുന്നതിന് മുമ്പ് തന്നെ കട്ടിലിലേക്ക് വീണ ഉഷ, അപ്പോഴേക്കും ഉറക്കത്തിലാണ്ട് കഴിഞ്ഞിരുന്നു.

അതി കഠിനമായ ചൂടിനെ വകവയ്ക്കാതെയും , പല ഡ്യൂട്ടി കളും മുടക്കാൻ ശ്രമിച്ച,
ഉറക്കത്തെ ആട്ടി ഓടിച്ചും,
മാസങ്ങൾക്കൊപ്പം, ഉഷയും വർഷാവസാനത്തിലേക്ക് നടന്ന് പോയി.

പഴയ ചിട്ടിപ്പൈസയുടെ അവസാന ഗഡുവുമായി ചെന്ന ഉഷയുടെ കയ്യിലേക്ക്, സ്റാജ് വാക്ക് പറഞ്ഞത് പോലെ, മൂന്ന് ലക്ഷം രൂപയുടെ മൂല്യമുള്ള ദിനാറ് വച്ച് നീട്ടി.

സ്റാജിക്കാ തന്നെ ,ഈ പൈസ നാട്ടിലെ അക്കൗണ്ടിലേക്കൊന്ന് അയക്കാമോ ?

പിന്നെന്താ ?അത് ഞാൻ ചെയ്തോളാം, അല്ലാ,,
ഉഷ എന്നാണ് പോകുന്നത്?

എനിക്ക് വെള്ളിയാഴ്ചയാണ് ഫ്ളൈറ്റ് ,മോൾക്കൊരു ചെറിയ നെക്ളസ് കൂടി വാങ്ങാനുണ്ട്, കല്യാണത്തിനുള്ള സ്വർണ്ണമൊക്കെ നാട്ടിലവര്,ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്, എന്നാലും, എൻ്റെ മൂത്ത മകളല്ലേ അവള്? ,എൻ്റെ വകയായിട്ട് അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നൊരു തോന്നല്,,,

ആയിക്കോട്ടെ ഉഷേ,, നിൻ്റെ കഷ്ടപ്പാടുകൾക്ക് ,പടച്ചോൻ എന്നെങ്കിലും നല്ലൊരു പ്രതിഫലം തരും, നാട്ടിൽ ചെല്ലുമ്പോൾ, മോളോട് എൻ്റെ വിവാഹാശംസകൾ പറഞ്ഞേക്കണം,,,

ശരി ഇക്കാ,, ഞാനന്നാൽ ഇറങ്ങുവാണ്,,

ഡിസംബർ മൂന്ന്, വെള്ളിയാഴ്ച ഉച്ചയോട് കൂടി, തനിക്ക് കൊണ്ട് പോകാനുള്ള ലഗ്ഗേജുകൾ, ഉഷ ഒരിക്കൽ കൂടി ചെക്ക് ചെയ്യുകയായിരുന്നു.

ഉഷേച്ചീ,,,

പെട്ടെന്ന് മുറിയിലേക്ക് കടന്ന് വന്ന നീതു ,എന്തോ പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ ഉഷയുടെ മുന്നിൽ വിമ്മിഷ്ടത്തോടെ നിന്നു.

എന്താ നീതൂ,,? നീയെന്താ നിന്ന് കിതയ്ക്കുന്നത്?

അത് പിന്നെ ചേച്ചീ,,, നാട്ടിലെ വാട്സ് ആപ് ഗ്രൂപ്പിൽ വന്നതാണ് ,ആദ്യം കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ,ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം ,
അവർക്ക് ആരോടും ഒരു കമ്മിറ്റ്മെൻ്റുമില്ല,,,

നീ എന്തൊക്കെയാണ് ഈ പറയുന്നത് ?ആരുടെ ഫോട്ടോ വന്നെന്നാണ്?

നീതുവിൻ്റെ കൈയ്യിലിരുന്ന ഫോൺ, ഉഷ ബലമായി വാങ്ങി നോക്കി.

ഒരു പെൺകുട്ടിയും, കൂടെയുള്ള യുവാവും കഴുത്തിൽ ഹാരമണിഞ്ഞ് നില്ക്കുന്നു ,പിന്നിൽ ഡിസ്ട്രിക്റ്റ് രജിസ്ട്രാർ ഓഫീസിൻ്റെ ബോർഡും കാണാം ,ഫോട്ടോയിൽ കണ്ട പെൺകുട്ടിയുടെ മുഖത്തേയ്ക്ക് വിശ്വാസം വരാതെ, ഉഷ ,വീണ്ടും വീണ്ടും നോക്കി.

തൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നതായും ശരീരത്തിൻ്റെ ഭാരം കുറയുന്നതായും ഉഷയ്ക്ക് തോന്നി,
പിന്നിലേക്ക് വീഴാൻ തുടങ്ങിയ ഉഷയെ, നീതു പെട്ടെന്ന് താങ്ങിപ്പിടിച്ച് കസരയിലിരുത്തി.

ചേച്ചി വിഷമിച്ചിരുന്നിട്ട് കാര്യമില്ല, ഫ്ളൈറ്റിന് സമയമാകുന്നു ,എത്രയും വേഗം നാട്ടിലെത്തിയിട്ട് മോളെ തിരിച്ച് വിളിച്ച് കൊണ്ട് വരാൻ നോക്ക്, ആ ചെക്കൻ നമ്മടെ ജാതിയൊന്നുമല്ല ,അറിഞ്ഞ് കൊണ്ട് നമ്മള് കഷ്ടപ്പെട്ട് വളർത്തിയ കുട്ടിയെ, അന്യജാതിക്കാരന് കൊടുക്കണ്ട കാര്യമൊന്നുമില്ല,,

മ്ഹും, നിൻ്റെയീ തോന്നല് പോലും എൻ്റെ മോൾക്ക് ഉണ്ടായില്ലല്ലോ
നീതൂ,, ?അഞ്ചെട്ട് കൊല്ലമായിട്ട് ഊണും ഉറക്കവുമില്ലാതെ ഈ മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെട്ടത്, അവൾക്കും കൂടി വേണ്ടിയാണെന്ന് ഒരു നിമിഷം പോലും അവളോർത്തില്ലല്ലോ ?
അവളിഷ്ടപ്പെട്ട ചെക്കൻ ഏത് ജാതിയാണെങ്കിലും,
എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഞാൻ നടത്തി കൊടുത്തേനെ നീതു, ഇതിപ്പോ, കല്യാണം ഉറപ്പിച്ച പെണ്ണ്, ഒരാഴ്ച മുമ്പ് അവൾക്കിഷ്ടപ്പെട്ടവൻ്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ, അവളെ കെട്ടാൻ തയ്യാറായി നില്ക്കുന്ന ചെക്കൻ്റെ മുന്നിൽ, ഞാനും അവളുടെ അച്ഛനുമൊക്കെ തൊലിയുരിഞ്ഞ് നില്ക്കേണ്ടി വരുമെന്ന ചിന്ത പോലും അവൾക്കുണ്ടായില്ലല്ലോ? എൻ്റെ മക്കളെ ഞാനിത്ര സ്നേഹിച്ചിട്ടും, അവരെന്നെ മനസ്സിലാക്കിയില്ലല്ലോ നീതൂ,,,

സങ്കടം സഹിക്കാനാവാതെ ഉഷ,തേങ്ങിക്കരഞ്ഞു, അപ്പോഴേക്കും നാട്ടിൽ നിന്നും രഘുവിൻ്റെ കോള് വന്നു.

കോള് റിസീവ് ചെയ്തിട്ട് നീതു, ഫോൺ ഉഷയുടെ ചെവിയിൽ വച്ച് കൊടുത്തു.

ഉഷേ ,, നമ്മുടെ മോള് നമ്മുടെ കുടുംബത്തിൻ്റെ മാനം കളഞ്ഞു ,,

ഞാനറിഞ്ഞു രഘുവേട്ടാ,,
എന്നാലും രഘുവേട്ടാ,, നിങ്ങളെയും മൂന്ന് മക്കളെയും, പിന്നെ നിങ്ങടെ അച്ഛനെയും, അമ്മയെയും ഒക്കെ നോക്കാൻ വേണ്ടിയല്ലേ ,ഞാൻ ഒറ്റയ്ക്ക് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് ?എന്നിട്ട് നിങ്ങൾ അത്രയുമാളുകൾ അവിടെ ഉണ്ടായിട്ട് പോലും, നമ്മുടെ മോള് വഴി തെറ്റിപ്പോകാതെ നോക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ രഘുവേട്ടാ,,,?

എത്ര അടക്കിപ്പിടിച്ചിട്ടും ഉഷ, പൊട്ടിക്കരഞ്ഞ് പോയി.

തെറ്റ് എൻ്റേത് തന്നെയാണ് ഉഷേ,, പെൺമക്കളുടെ മനസ്സ് മനസ്സിലാക്കാനും അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് അവരെ ഒപ്പം ചേർത്ത് നിർത്താനും അമ്മമാർക്ക് കഴിയുന്നത് പോലെ അച്ഛന് ഒരിക്കലും കഴിയില്ല ,സംഭവിച്ചതിനെ കുറിച്ചിനി പറയുന്നതിൽ അർത്ഥമില്ലന്നറിയാം ,
എന്നാലും പറയുവാ,നമുക്കിനിയും രണ്ട് പെൺകുട്ടികളാണുള്ളത് ,
അവരെയെങ്കിലും നമുക്ക് ശ്രദ്ധിച്ച് വളർത്തണം ,അതിന് ഇനി മുതൽ നീ നാട്ടിൽ തന്നെയുണ്ടാവണം, സ്റാജിക്കാടെ പൈസ നമുക്ക് തിരിച്ച് കൊടുത്തേക്കാം ,
കുടുംബത്തിൻ്റെ, ഇനി അങ്ങോട്ടുള്ള ചിലവുകൾ നോക്കാൻ, ഞാൻ സ്ഥിരമായി ജോലിക്ക് പൊയ്ക്കോള്ളാം ഉഷേ,, നീയെന്നെ വിശ്വസിക്ക് ,,,

NB:-ഇയാൾക്കിത് നേരത്തെചെയ്തൂടായിരുന്നോ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും പക്ഷേ ,മനുഷ്യൻ അങ്ങനാണല്ലോ? അനുഭവം വന്നാലേ ചിലർ പഠിക്കൂ,,,