ഒരു പുരുഷനെ ആകർഷിക്കാനും മാത്രം ആകാരവടിവുണ്ട്, രാജീവേട്ടൻ ഇത് വരെ അവളെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല ..

(രചന ,സജി തൈപ്പറമ്പ്)

ഞാനൊന്ന് നാട്ടിൽ
പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,,

രാത്രി കിടക്കാൻ നേരം, ശിവാനി, ഭർത്താവ് രാജീവിനോടായി പറഞ്ഞു

അതെന്താ പെട്ടന്ന് അങ്ങനൊരു തോന്നൽ ?

അല്ലാ ,അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് ഒരാഴ്ചയായി വിളിക്കുമ്പോൾ പറയുന്നുണ്ട് ,അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം, ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യണം ,അതിന് കൊണ്ട് പോകാൻ പറ്റിയ ആരും നാട്ടിൽ ഇല്ലല്ലോ?

ഉം, നല്ല കാര്യമാണ് അങ്ങനെയെങ്കിൽ ,നീ പോയിട്ട് വരു,
പിന്നെ കുട്ടികളുടെ കാര്യം ആനന്ദി നോക്കിക്കൊള്ളുമല്ലോ?

അപ്പോഴാണ് ആനന്ദി എന്ന തമിഴത്തി സർവ്വൻ്റിൻ്റെ കാര്യം ശിവാനി ഓർത്തത്

മുപ്പതിനോട് അടുത്ത പ്രായമുള്ള ആനന്ദിക്ക് ഇരുനിറമാണെങ്കിലും ഒരു പുരുഷനെ ആകർഷിക്കാനും മാത്രം ആകാരവടിവുണ്ട്, രാജീവേട്ടൻ ഇത് വരെ അവളെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല ,മാത്രമല്ല, ആനന്ദി ഇടയ്ക്കിടെ രാജീവേട്ടനെ പുകഴ്ത്തി പറയാറുമുണ്ട് ,അവള് ഇതിന് മുമ്പ് ജോലിക്ക് നിന്ന വീടുകളിലെ പുരുഷൻമാരൊക്കെ തനി കോഴികളായിരുന്നെന്നും എന്നാൽ രാജീവ് സാറ്, എക്സ്ട്രാ ഡീസൻ്റാണെന്നും പറയുന്നത് കേട്ട് തനിക്ക് പലപ്പോഴും അഭിമാനം തോന്നിയിട്ടുമുണ്ട്

ഛെ! എന്നിട്ടാണോ താൻ ആ പാവം മനുഷ്യനെ വെറുതെ സംശയിക്കുന്നത്

എന്താ നീ ആലോചിക്കുന്നത് ?

ഹേയ് ഒന്നുമില്ല രാജീവേട്ടാ ,,
എങ്കിൽ ഞാൻ ടിക്കറ്റ് റേറ്റൊക്കെ ഒന്ന് നോക്കട്ടെ, കുറവുള്ള ദിവസം നോക്കി ബുക്ക് ചെയ്യാം

ശിവാനി ,എഴുന്നേറ്റ് ലാപ് ടോപ്പ് എടുത്ത് ഫ്ളൈറ്റ് ബുക്കിങ്ങ് ആപ്,ഓൺ ചെയ്തു.

നെക്സ്റ്റ് വീക്കിലുള്ള ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമാണ് അവൾ ഉറങ്ങാൻ കിടന്നത്

അല്ല ശിവാ ,, നിനക്ക് എന്തേലും ടെൻഷനുണ്ടോ ?

എയർപോർട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടയ്ക്കാണ് രാജീവിൻ്റെ ചോദ്യം

എന്ത് ടെൻഷൻ? കുട്ടികളെ എന്നെക്കാൾ നന്നായി രാജീവേട്ടൻ കെയറ് ചെയ്യുമെന്ന് എനിക്ക് നന്നായി അറിയാം

അതല്ല ശിവാ ,, നീ പോയി കഴിയുമ്പോൾ ,കുട്ടികൾക്ക് എന്തായാലും ദിവസവും ക്ളാസ്സുണ്ടാവും ,അവരും പോയി കഴിയുമ്പോൾ ഇവിടെ ആനന്ദി മാത്രമേ ഉണ്ടാവു ,
എനിക്കാണെങ്കിൽ വർക്ക് ഫ്രം ഹോം ആണ് ,അപ്പോൾ സ്വാഭാവികമായിട്ടും ഭാര്യ എന്ന നിലയിൽ ഉള്ളിൻ്റെയുള്ളിൽ ഒരു ഉത്ക്കണ്ഠയൊക്കെ ഉണ്ടാവില്ലേ അതാ ഞാൻ ഉദ്ദേശിച്ചത്

ഒരു ചിരിയോടെയാണ് രാജീവൻ അത് ചോദിച്ചത്

എൻ്റെ രാജീവേട്ടാ ,, പത്ത് പതിനഞ്ച് കൊല്ലം നിങ്ങളോടൊപ്പം ജീവിച്ച എനിക്ക് നിങ്ങളെ നന്നായി അറിയാം ഈ ലോകത്ത് നിങ്ങളെപ്പോലെ വിശ്വസിക്കാൻ പറ്റിയ മറ്റൊരാളുമുണ്ടാവില്ല ,ആ ഒരു ധൈര്യത്തിൽ തന്നെയാണ് ഞാൻ പോകുന്നത്

അയാളുടെ കവിളിൽ തലോടി സ്നേഹത്തോടെയാണ് അവളത് പറഞ്ഞത്

അമ്മാ ,, ദിനവും സായംകാലം നാൻ കളമ്പിടും, അപ്പുറം, ഏർലി മോണിങ്ങ് തിരുമ്പി വരുവേൻ,,

ആനന്ദി പുറത്തേയ്ക്ക് ഇറങ്ങി വന്ന് പറഞ്ഞു

അത് വേണമായിരുന്നോ ആനന്ദീ ,, നിനക്ക് ഇവിടെ തന്നെ നൈറ്റിലും കിടന്നാൽ പോരെ ?

പറവൈ ഇല്ലമ്മാ, അപ്പടിയാ പോതും ,,

തൻ്റെ സമാധാനത്തിനും കൂടി വേണ്ടിയാണ് ആനന്ദി ദിവസവും വൈകുന്നേരമാകുമ്പോൾ സ്വന്തം കോർട്ടേഴ്സിലേയ്ക്ക് പോയിട്ട് പിറ്റേന്ന് അതിരാവിലെ വരാമെന്ന് തീരുമാനിച്ചതെന്ന് ശിവാനിക്ക് മനസ്സിലായി

ങ്ഹാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്, രാജീവേട്ടാ,,, വേഗം വാ ,കുട്ടികൾ ഉണരുന്നതിന് മുമ്പ് നമുക്കിറങ്ങാം,,

ശിവാനി ധൃതി വച്ചപ്പോൾ രാജീവൻ വേഗം കാറിലേയ്ക്ക് കയറി

എയർപോർട്ടിലെ ചെക്കിങ്ങ് കഴിഞ്ഞ് ശിവാനി ഉള്ളിലേക്ക് കയറി പോകുന്നത് കണ്ട് ,രാജീവൻ കാർ പാർക്കിങ്ങിലേയ്ക്ക് തിരിച്ച് പോയി.

അപ്രതീക്ഷിതമായി, തനിച്ച് നാട്ടിലെത്തിയ മകളെ കണ്ട്, ശിവാനിയുടെ അമ്മ ഊർമ്മിള അമ്പരന്ന് പോയി.

എന്നും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പറയാറുണ്ടെങ്കിലും നേരിട്ട് കണ്ട് മുട്ടിയപ്പോൾ അമ്മയും മോളും വീണ്ടും ക്ളീഷേയിലേയ്ക്ക് ചേക്കേറി

അല്ല മോളേ ,,നീയെന്ത് ധൈര്യത്തിലാണ് ആ തമിഴത്തി പെണ്ണിനെ അവിടെ നിർത്തിയിട്ട് വന്നത് ,രാജീവനെ വിശ്വാസ കുറവുണ്ടായിട്ടല്ല, എന്നാലും അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോഴാണല്ലോ, പലരും തെറ്റിലേക്ക് നീങ്ങുന്നത്,, ഭർത്താവിനെ ഇത്രയും വിശ്വസിക്കുന്ന ഒരു സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല

ഊർമ്മിള ആശ്ചര്യത്തോടെ പറഞ്ഞു.

എൻ്റമ്മേ ,, ആനന്ദി ഇപ്പോൾ എന്ത് ചെയ്യുവാണെന്ന് അമ്മയ്ക്ക് കാണണോ?

ശിവാനി തൻ്റെ മൊബൈൽ സ്ക്രീനിൽ ലൈവ് വീഡിയോ കാണിച്ച് കൊടുത്തു

ഇത് കണ്ടാ ,അവിടെയിപ്പോൾ ആറ് മണിയായി ,ആനന്ദി അവളുടെ ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങിപ്പോകുന്നതാണ് ഈ കാണുന്നത് ,രാജീവേട്ടനോട് രാവിലെയെത്താമെന്ന് പറഞ്ഞത് കേട്ടോ?

മോളേ,, ഇതെങ്ങനെ ?

ഊർമ്മിള വാ പൊളിച്ച് നിന്നു.

അമ്മേ,, ഇത് അവളുടെ മാലയിലെ ലോക്കറ്റിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെ കിട്ടുന്ന വീഡിയോ ആണ് ,ഇങ്ങോട്ട് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഞാനിത് ഓൺലൈനിൽ നിന്ന് വാങ്ങിയ മാലയാണ് ,അത് ഞാൻ ആനന്ദിയുടെ കഴുത്തിലിട്ട് കൊടുത്തിട്ട് ,
മുൻപ് മൂകാംബികയിൽ പോയപ്പോൾ വാങ്ങിയതാണെന്നും ഭയങ്കര ശക്തിയുള്ളതാണെന്നും യാതൊരു കാരണവശാലും കഴുത്തിൽ നിന്ന് മാല ഊരാൻ പാടില്ലെന്നും ഞാനവളെ താക്കീത് ചെയ്തു ,അവളാണെങ്കിൽ ഭയങ്കര വിശ്വാസിയാണ്,ഈ വിവരം രാജീവേട്ടനറിയില്ല ,ഈ മാല അവളുടെ കഴുത്തിലുള്ളത് കൊണ്ടാണ് ഞാൻ സമാധാനത്തിൽ ഇവിടെ നില്ക്കുന്നത് ,എപ്പോൾ എൻ്റെ മനസ്സിൽ ഉത്ക്കണ്ഠയുണ്ടാകുന്നു ,
അപ്പോൾ ഞാനീ മൊബൈൽ ഓൺ ചെയ്ത് നോക്കും ,അല്ലാതെ എനിക്കെന്നല്ല ഈ ലോകത്ത് ഒരു പെണ്ണിനും ഭർത്താവിൻ്റെയൊപ്പം ഒരു യുവതിയെ നിർത്തിയിട്ട് ഇത്രയും ഭൂരേക്ക് ഒരു ദിവസം പോലും മാറി നില്ക്കാനുള്ള ധൈര്യമുണ്ടാവില്ല.,,

മകളുടെ മുൻകരുതല് കണ്ട് ,ഊർമ്മിള വാ പൊളിച്ച് പോയി,.