(രചന: Saji Thaiparambu)
ചേട്ടാ എനിയ്ക്കൊരു നൂറ് രൂപ തരണേ ,നാളെ കല്യാണത്തിന് പോകേണ്ടതല്ലേ?എൻ്റെ പുരികമൊന്ന് ത്രെഡ് ചെയ്യാനാണ്
അതിനെന്തിനാടീ നൂറ് രൂപാ?
പുരികം ത്രെഡ് ചെയ്യാൻ മുപ്പത് രൂപാ പോരെ,,
ഓഹ് ,എൻ്റെ ചേട്ടാ,, ബാക്കി ഞാൻ കൊണ്ട് തരാം ,നിങ്ങളെനിക്ക് മാസം ഒരു അഞ്ഞൂറ് രൂപയെങ്കിലും വച്ച് തന്നിരുന്നെങ്കിൽ ഞാനെപ്പോഴുമിങ്ങനെ ചോദിച്ച് പുറകെ നടക്കേണ്ട കാര്യമുണ്ടോ?
ഇവിടെയാണെങ്കിൽ രാഷ്ട്രീയക്കാരും, ക്ളബ്ബു കാരും അമ്പലക്കാരുമൊക്കെ മിക്ക ദിവസങ്ങളിലും പിരിവിന് വരാറുണ്ട് ,അപ്പോഴൊക്കെ അപ്പുറത്തെ ലീലാമ്മ ചേച്ചീടെ കൈയ്യിൽ നിന്ന് കടം വാങ്ങിയാ ഞാനവർക്ക് കൊടുക്കുന്നത് ,ലീലാമ്മ ചേച്ചീടെ കൈയ്യിൽ എപ്പോഴും കാശുണ്ടാവും ,അവരുടെ ഭർത്താവ് നിങ്ങളെ പോലെയല്ല നിത്യ ചിലവിനുള്ള കാശ് എന്നും കൊടുക്കാറുണ്ട്,,
എടീ,,,ഇവിടുത്തെ ചിലവുകള്‍ മുഴുവൻ ഞാൻ നോക്കുന്നില്ലേ? പിന്നെ വല്ലപ്പോഴും വരുന്ന പിരിവു കാര്‍? അത് നീ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കി വിട്ടാൽ മതി,,
പിന്നേ ,നിങ്ങൾക്കത് പറയാം, ഒഴിവാക്കാൻ പറ്റാത്ത ചിലര്‍ വരും, അവരുടെ മുന്നിൽ ഞാൻ നാണംകെട്ട് പോകുവാ ,അറിയാമോ ?
ഓഹ്,,, എടീ,, നിനക്ക് മാസം പ്രത്യേകം ചിലവിന് തരാനുള്ള വരുമാനമൊന്നും എനിക്കില്ല ,നീ തത്ക്കാലം അഡ്ജസ്റ്റ് ചെയ്ത് ജീവിക്ക്,,
പതിവ് പോലെ അതും പറഞ്ഞിട്ട് ഭർത്താവ് ഇറങ്ങി പോയപ്പോൾ, രാധിക വിഷണ്ണയായി നിന്നു.
തന്നെ പോലെ തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക്, എന്തേലുമൊരു വരുമാനമില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല ,വീട്ടിലേയ്ക്ക് ആവശ്യമുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും, അദ്ദേഹം വാങ്ങിച്ച് തരുമെങ്കിലും ,അതല്ലാതെ വരുന്ന ചില അത്യാവശ്യകാര്യങ്ങൾക്ക് ,
അദ്ദേഹത്തെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടി വരുന്നത്, ഒരു ഗതികേട് തന്നെയാണ് ,ശ്രമിച്ചാൽ തനിക്ക് മാസം അഞ്ഞൂറോ ആയിരമോ നിസ്സാരമായിട്ട് തരാവുന്ന കാര്യമേയുള്ളു ,പക്ഷേ ആളൽപം പിശുക്കനാണ്, തനിയ്ക്ക് ഒരു ജോലിക്ക് പോയി സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന്, ആഗ്രഹമുണ്ടെങ്കിലും, ഈ വീട്ടിലെ ജോലിയ്ക്ക് വേറെ ആളെ വയ്ക്കേണ്ടി വരും, കാരണം, ഭർത്താവിനു് മക്കൾക്കും വച്ച് വിളമ്പുന്നതടക്കമുള്ള ,വീട്ട് ജോലി കൂടാതെ ,കിടപ്പിലായ അദ്ദേഹത്തിൻ്റെ അമ്മയെ ശുശ്രൂഷിക്കുകയും വേണം, അത് കൊണ്ട് വരുമാനമുള്ളൊരു ജോലി, തൻ്റെ സ്വപ്നം മാത്രമാണന്ന
തിരിച്ചറിവിൽ, നിരാശയോടെ രാധിക വീണ്ടും , വീട്ട് ജോലിയിൽ മുഴുകി.
വൈകുന്നേരമായപ്പോൾ കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം കേട്ട് രാധിക മുൻ വശത്തേയ്ക്ക് വന്ന് നോക്കി
കണ്ട് പരിചയമുള്ള ഒരു യുവതി രണ്ട് കുട്ടികളുമായി വന്ന് നില്ക്കുന്നു
ചേച്ചി ,ഇതെൻ്റെ മക്കളാണ് ഞാനിവരെ ട്യൂഷന് ചേർക്കാൻ വന്നതാണ്, ഒരാള്‍ എട്ടിലും മറ്റേയാള്‍ ഒൻപതാം ക്ളാസ്സിലുമാണ് പഠിക്കുന്നത്
അത് കേട്ട് രാധിക അമ്പരന്ന് നിന്നു
അല്ലാ ഞാനിവിടെ ട്യൂഷൻ എടുക്കുന്നുണ്ടെന്ന് ആരാ പറഞ്ഞത് ?
എൻ്റെ ഹസ്ബൻ്റിൻ്റെ കൂട്ടുകാരൻ പറഞ്ഞതാണ് ,നാളെ മുതല്‍ തുടങ്ങുമെന്നും ,ആദ്യം വരുന്ന ഇരുപത് പേർക്ക് മാത്രമേ സീറ്റുണ്ടാവു, അത് കൊണ്ട് ഇന്ന് തന്നെ ചെന്ന് അഡ്മിഷൻ എടുക്കണമെന്നുമാണ് പറഞ്ഞത് ,അഞ്ഞൂറ് രൂപ ഫീസിന്, വീടിന് തൊട്ടടുത്ത് ഇങ്ങനെയൊരു സൗകര്യമുണ്ടെങ്കിൽ കുട്ടികളെ ടൗണിൽ വരെ വിടേണ്ടെന്ന് എൻ്റെ ഹസ്ബൻ്റും പറഞ്ഞു ,ചേച്ചീ,, അഡ്മിഷൻ ക്ളോസാകുന്നതിന് മുൻപ് ,എൻ്റെ കുട്ടികളെ കൂടി ഇവിടെയൊന്ന് ചേർക്കണേ,,,
അത് കേട്ടപ്പോൾ രാധിക, തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി ,ഒരു കുട്ടിയ്ക്ക് അഞ്ഞൂറ് രൂപ വച്ച് കിട്ടുമെങ്കിൽ ഇരുപത് കുട്ടികളുണ്ടെങ്കിൽ മാസം പതിനായിരം രൂപ കിട്ടും ,അതൊരു വലിയ ഓഫറാണെന്ന് രാധികയ്ക്ക് തോന്നി.
ഒരു പക്ഷെ ഇവർക്ക് വീട് തെറ്റിയതാവാം, പക്ഷേ അത് ഇവരെ അറിയിച്ച് വെറുതെ വീട്ടിൽ വന്ന മഹാലക്ഷ്മിയെ തട്ടിക്കളയണ്ട, ഡിഗ്രിയുള്ള തനിയ്ക്ക് എട്ടാം ക്ളാസ്സിനും ഒൻപതാം ക്ളാസ്സിനുമൊക്കെ ട്യൂഷനെടുക്കുന്നത് പ്രയാസമുള്ള കാര്യമല്ല,
ങ്ഹാ എന്തായാലും കുട്ടികളെ നാളെ മുതല്‍ വിട്ട് കൊള്ളു ,ഞാൻ പഠിപ്പിച്ചോളാം
ഗൗരവം വിടാതെയാണ് രാധിക അത് പറഞ്ഞത്
സന്തോഷത്തോടെ അവര്‍ പോയി ,അതിന് ശേഷം ,വീണ്ടും കുട്ടികളുമായി പലരും വന്നു
ആദ്യ ദിവസം തന്നെ നാലഞ്ച് കുട്ടികൾ ജോയിൻ ചെയ്ത സന്തോഷത്തിലും അഭിമാനത്തിലുമായിരുന്നു രാധിക.
തനിക്കും സ്വന്തമായി വരുമാനമുള്ളൊരു ജോലി കിട്ടിയിരിക്കുന്നു ,ഇനി മുതൽ ഓരോ കാര്യങ്ങൾക്കും ഭർത്താവിന് മുന്നിൽ കൈ നീട്ടി നില്‍ക്കേണ്ട ,ക്ളാസ്സ് എടുക്കുന്നതിനായി ,വൈകുന്നേരം രണ്ട് മണിക്കൂർ മാറ്റിവയ്ക്കാൻ തനിക്ക് സാധിക്കും
ഓർത്തപ്പോൾ അഭിമാനം കൊണ്ട് രാധികയ്ക്ക് ഒന്ന് തുള്ളി ചാടണമെന്ന് തോന്നി
പിന്നേ,, ഇനി മുതൽ പൈസ ചോദിച്ച് ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല കെട്ടോ ,വേണമെങ്കിൽ ഞാൻ അഞ്ഞൂറോ ആയിരമോ കടമായിട്ട് അങ്ങോട്ട് തരാം,,,
രാത്രിയിൽ ജോലി കഴിഞ്ഞ് വന്ന ഭർത്താവിനോട് രാധിക പറഞ്ഞു
അതെന്താടീ,, നിനക്ക് വല്ല ലോട്ടറിയുമടിച്ചോ?
ലോട്ടറിയൊന്നുമല്ല ,എനിക്കുമൊരു ജോലിയായി ,പേടിക്കേണ്ട ,
പുറത്തൊന്നുമല്ല, ഇവിടെ തന്നെയാണ്, നാളെ മുതൽ ഞാനൊരു ട്യൂഷൻ ടീച്ചറാകുവാണ് ,കുറച്ച് കുട്ടികൾ ഇന്ന് ജോയിൻ ചെയ്തിട്ടുണ്ട് ,പുറകെ ബാക്കി കുട്ടികളും വരും,, മുകളിലെ ടെറസ്സിലിരുത്തി പഠിപ്പിക്കാമെന്നാണ് കരുതുന്നത്,,
ആങ്ങ്ഹാ,, അത് കൊള്ളാമല്ലോ?
ഉം ശരി ശരി നടക്കട്ടെ.
അതും പറഞ്ഞ് മൊബൈൽ ഫോണുമെടുത്ത് അയാൾ പുറത്തേയ്ക്കിറങ്ങി.
ങ്ഹാ , ഡാ ദിനേശാ ,,താങ്ക്സ് കെട്ടോ ,ഞാനാണ് ഇതിൻ്റെ പിന്നിലെന്ന് അവളറിഞ്ഞിട്ടില്ല
നിൻ്റെ ഭാര്യയോട് നീയത് പറയാതിരുന്നത് നന്നായി ,
അല്ല മനോജേ.അതെന്തിനാണ് നീ രാധികയെ അറിയിക്കാതിരിക്കുന്നത്? അറിഞ്ഞാൽ അവൾക്കത് സന്തോഷമായിരിക്കില്ലേ?
ഹേയ് ,അതല്ലടാ, അവൾ സ്വന്തമായൊരു ജോലി കണ്ട് പിടിച്ച് വരുമാനമുണ്ടാക്കുമ്പോൾ സന്തോഷം മാത്രമല്ല, അഭിമാനവുമുണ്ടാകും ,ഇത്രയും നാളും ഭർത്താവിൻ്റെ ചിലവിൽ കഴിഞ്ഞതിൻ്റെയും ഏത് കാര്യത്തിനും എന്നെ ആശ്രയിക്കേണ്ടി വന്നതിൻ്റെയുമൊരു അപകർഷതാബോധമുണ്ടായിരുന്നു അവൾക്ക് ,
ഇതോട് കൂടി അത് മാറുമല്ലോ ,അവളൊന്ന് ബോൾഡാവട്ടെ ,എന്നെ പോലെ അവൾക്കും കാര്യപ്രാപ്തി ഉണ്ടാവട്ടെ,
നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾ പകച്ച് നില്ക്കാൻ പാടില്ല, എന്നാൽ ശരിയെടാ, ഞാൻ വയ്ക്കുവാ
നാളെ കാണാം ,,
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ, തൊട്ട് പിറകിൽ കണ്ണീരോടെ രാധിക നില്പുണ്ടായിരുന്നു