കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം പോലുമായില്ല അതിന് മുമ്പേ , എന്തോ സൗന്ദര്യ പിണക്കത്തിൻ്റെ പേരിലാണ് അവള്..

(രചന: Saji Thaiparmbu)

ങ്ഹാ മോള് എപ്പോൾ വന്നു?
സൂരജ് എവിടെ?

വീട്ടിലേയ്ക്ക് കയറി വന്ന
മഹേന്ദ്രൻ ,ജിജ്ഞാസയോടെ
ചോദിച്ചു

അവള് ഒറ്റയ്ക്കാ വന്നത്, കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം പോലുമായില്ല അതിന് മുമ്പേ , എന്തോ സൗന്ദര്യ പിണക്കത്തിൻ്റെ പേരിലാണ് അവള് ഇറങ്ങി വന്നിരിക്കുന്നത്,,

അയാളുടെ ഭാര്യ മകളെ കുറ്റപ്പെടുത്തിയാണ് ഭർത്താവിനോട് സംസാരിച്ചത്.

ആണോ മോളേ?
ഇതെന്താ നിൻ്റെ കവിളത്ത് വിരൽപ്പാട് കിടക്കുന്നത്?
നിന്നെ സൂരജ് തല്ലിയോ?
എന്താ അവിടെ സംഭവിച്ചത്,
നീ തുറന്ന് പറയ്,,

അയാൾ ആകാംഷയോടെ ചോദിച്ചു.

അത് അച്ഛാ,,
എന്നോട് രാവിലെ ഷർട്ട് അയൺ ചെയ്യാൻ പറഞ്ഞിരുന്നു ,ഞാനത് ചെയ്തപ്പോൾ, സിൽക്കിൻ്റെ തുണി ആയത് കൊണ്ട് ,ചെറുതായൊന്ന് ഉരുകി ,അതിനാണ് എൻ്റെ കവിളത്ത് അടിച്ചത്, കഴിഞ്ഞയാഴ്ചയും ഇത് പോലെ സ്കൂട്ടറിൻ്റെ കീ കാണാത്തതിന്, ഞാൻ സൂക്ഷിക്കാത്തത് കൊണ്ടാണെന്നും പറഞ്ഞ് അന്നുമെന്നെ അടിച്ചു ,
അമ്മ പറഞ്ഞല്ലോ? കല്യാണം കഴിഞ്ഞ് മൂന്ന് മാസമായപ്പോഴേക്കും ഞാൻ പിണങ്ങി വന്നെന്ന്, അച്ഛനറിയാമോ ഈ മൂന്ന് മാസത്തിനുള്ളിൽ സൂരജ് എന്നെ തല്ലുന്നത്, ഇത് നാലാം തവണയാണ്, അതും നിസ്സാര കാര്യങ്ങൾ പറഞ്ഞിട്ട് ,,,

ശിവാനി സങ്കടത്തോടെയാണ്, അച്ഛനോട് കാര്യങ്ങൾ വിശദീകരിച്ചത് .

മോളേ ,,നിന്നെ ഞാൻ
കോളേജിൽ അയച്ച
സമയത്ത് ,അതിനൊപ്പം
തന്നെ, നിന്നെ കരാട്ടേ പഠിപ്പിച്ചത് എന്തിനാണ്?

അയാൾ മകളോട് ഗൗരവത്തോടെ ചോദിച്ചു.

അത് പിന്നെ, ശത്രുക്കൾ ആരെങ്കിലും നമ്മളെ ആക്രമിച്ചാൽ അത് തടയാനും തിരിച്ച് തല്ലാനും,,

അതേ മോളേ ,,അന്യായമായി നമ്മളെ ആക്രമിക്കുന്ന എല്ലാവരും നമ്മുടെ ശത്രുക്കൾ തന്നെയാണ്, അത് നിൻ്റെ ഭർത്താവാണെങ്കിൽ പോലും, പണ്ട് ഭർത്താവിനെ ദൈവതുല്യം കണ്ട് ,അവരുടെ ആട്ടും തുപ്പും സഹിച്ച് അടിമകളെ പോലെ ജീവിച്ച ഭാര്യമാരുണ്ടായിരുന്നു,
ഇന്ന് കാലം മാറി ,ഭാര്യയ്ക്കും ഭർത്താവിനും തുല്യ സ്ഥാനവും അവകാശങ്ങളുമുണ്ട് ,
എന്തായാലും നീ ആയിട്ട് അങ്ങോട്ടിനി തിരിച്ച് പോകണ്ടാ,
അഥവാ, നിന്നെ വിളിച്ച് കൊണ്ട് പോകാൻ അവനിവിടെ വന്നാൽ, ആരും കാണാതെ ,നിൻ്റെ മുഖത്ത് പതിച്ചിരിക്കുന്ന വിരൽപാടുകൾ, അവന് തന്നെ തിരിച്ച് കൊടുത്തിട്ട്
നീ അവനോടൊപ്പം പോയാൽ മതി, ഭർത്താവിന് മാത്രമല്ല ഭാര്യയ്ക്കും ദേഷ്യം വരുമെന്നും, ശരീരം വേദനിച്ചാൽ ഭാര്യയും പ്രതികരിക്കുമെന്നും, അവനൊന്ന് അറിഞ്ഞിരുന്നോട്ടെ,,

നിങ്ങളെന്തൊക്കെയാണ് മകൾക്ക് പറഞ്ഞ് കൊടുക്കുന്നത് ?,അടി കൊണ്ട് കഴിയുമ്പോൾ, അവന് ഇവളെ വേണ്ടെന്ന് പറഞ്ഞാലോ?

അമ്മ ദേവയാനി, ആശങ്കയോടെ ചോദിച്ചു.

അവന് വേണ്ടെങ്കിൽ,, അവളിവിടെ തന്നെ നിന്നോട്ടെ , അവൾക്ക് പുതിയൊരു ജീവിതം വേണമെന്ന് തോന്നുന്നത് വരെ,അവളെ പഴയത് പോലെ ഞാൻ തന്നെ നോക്കും,,

അയാൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

അച്ഛനാണെൻ്റെ ഹീറോ ,ഇങ്ങനത്തെ അച്ഛൻമാരെയാണ് ഓരോ പെൺകുട്ടികളും ആഗ്രഹിക്കുന്നത്,,

ശിവാനി സ്നേഹത്തോടെ അച്ഛനെ കെട്ടിപ്പുണർന്നു .