(രചന: Saji Thaiparambu)
മണിച്ചേട്ടനെ കണ്ടിട്ട് രണ്ട് ദിവസമായല്ലോ? എവിടായിരുന്നു,,?
മസാല ദോശ ടേബിളിൽ കൊണ്ട് വച്ചിട്ട് വിദർഭ, ചോദിച്ചു,
ഓഹ് ചുരത്തിലേയ്ക്കൊരു
ട്രിപ്പ് പോയതാണ്,
കഷ്ടകാലത്തിന് ഞങ്ങള് മുകളിലെത്തിക്കഴിഞ്ഞപ്പോഴാണ് അടിവാരത്തെ റോഡ് തകർന്നത് ,
പിന്നെ, രണ്ട് ദിവസം മുകളിൽ പെട്ട് പോയി, അല്ലാ ,, പട്ടാഭിചേട്ടനെ കണ്ടില്ലല്ലോ ?
അയാൾ ക്യാഷ് കൗണ്ടറിലേയ്ക്ക് എത്തി നോക്കി ചോദിച്ചു.
അച്ഛൻ പൂവും കൊണ്ട് അമ്പലത്തിലേയ്ക്ക് പോയിരിക്കുവാണ്, ദീപാരാധന കഴിയുമ്പോൾ വരും, കടയിൽ അപ്പോഴല്ലേ തിരക്കാവുകയുള്ളു
അവൾ ഗ്ളാസ്സിലേയ്ക്ക് ചൂട് കരിങ്ങാലി വെള്ളം ഒഴിച്ച് കൊണ്ട് പറഞ്ഞു,
ഇന്ന് രസവടയില്ലേ?
അത് നേരത്തെ തീർന്ന് പോയി മണിച്ചേട്ടാ ,, ഇന്ന് കോളേജ് ഡേ അല്ലായിരുന്നോ ? കുറച്ച് ചെക്കൻമാര് വന്ന് എല്ലാം കൂടെ വാങ്ങിക്കോണ്ട് പോയി,,
ങ്ഹാ അത് ചോദിക്കാൻ വിട്ടു പോയി,, അല്ലാ ,കഴിഞ്ഞ ദിവസം വിദുവിനെ പെണ്ണ് കാണാൻ വന്ന ചെക്കനെ ഇഷ്ടപ്പെട്ടോ? കല്യാണം ഉടനെയുണ്ടാവുമോ ?
ഓഹ് എനിക്കിഷ്ടപ്പെട്ടത് കൊണ്ട് കാര്യമില്ലല്ലോ ?വന്നവർക്ക് കൂടി ഇഷ്ടമാവണ്ടെ?
അത് കൊള്ളാം ,,വിദുവിനെ ഇഷ്ടപ്പെടാതിരിക്കാൻ അവനെന്താ കണ്ണ് പൊട്ടാണോ ? ഈ നാട്ടില് നിന്നെപ്പോലെ ഇത്രയും അഴകും ശാലീനതയുമുള്ളൊരു പെൺകുട്ടി വേറെയുണ്ടോ?
മണിച്ചേട്ടാ,, വേണ്ടാ,, ഞാൻ സുന്ദരിയാണെന്ന് നിങ്ങൾക്ക് മാത്രമേ തോന്നൂ, അത് നിങ്ങള് പണ്ട് മുതലേ പറയുന്നതാണ്, പക്ഷേ ചെക്കൻ്റെ അമ്മയെന്താ പറഞ്ഞതെന്നറിയാമോ ?
ഇത്രയും തടിച്ചിയായ എൻ്റെയൊപ്പം നടന്നാൽ അവരുടെ മകനെ നാട്ട്കാര്, ആനപാപ്പാനെന്ന് വിളിക്കുമെന്ന് ,എന്താ അതിനർത്ഥം? ഞാൻ ആനയെ പോലെ ഇരിക്കുവാണെന്നല്ലേ?
അത് പറയുമ്പോൾ സങ്കടം കൊണ്ട് വിദുവിൻ്റെ കണ്ണുകൾ ഈറനാകുന്നത് വല്ലായ്കയോടെ മണി കണ്ടു
ഹേയ്, അവരോട് പോകാൻ പറ, വിദൂ, നിനക്ക് അതിലും നല്ല യോഗ്യനായ ചെക്കനെ കിട്ടും ,,
അയാൾ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു
ഓഹ് എനിക്കിനി ആ പ്രതീക്ഷയൊന്നുമില്ല മണിച്ചേട്ടാ,, ‘
നിങ്ങൾക്കറിയുമോ ?ഇരുപതാമത്തെ വയസ്സിൽ എൻ്റെ അമ്മ പോയതിന് ശേഷം അച്ഛൻ എനിക്ക് വേണ്ടി കല്യാണമാലോചിക്കാൻ തുടങ്ങിയതാണ് ,
ആദ്യമൊക്കെ ജാതകപ്പൊരുത്തമില്ലെന്ന് പറഞ്ഞ് ഓരോ ആലോചനകളും മുടങ്ങുമ്പോൾ എനിക്കല്ലായിരുന്നു എൻ്റെ അച്ഛനായിരുന്നു വിഷമം മുഴുവനും ,ഇപ്പോൾ പാപ ജാതകക്കാരാണ് വരുന്നവരിലധികവും ,,എന്നിട്ടും യാതൊരു ഫലവുമില്ല , പൊരുത്തമുള്ള ജാതകം എങ്ങനെയെങ്കിലും ഒപ്പിക്കാൻ പറ്റും പക്ഷേ,
ജന്മനാ ഉള്ള എൻ്റെയീ തടി ഒരിക്കലും കുറയില്ലല്ലോ ?അതിന് വേണ്ടി എത്ര ദിവസം ഞാൻ പട്ടിണി കിടന്നു, എന്തെല്ലാം മരുന്നുകൾ കഴിച്ചു ,വ്യായാമം ചെയ്തു എന്നിട്ടും എൻ്റെ തടി മാത്രം കുറഞ്ഞില്ല, അത് കൊണ്ട് അച്ഛനോട് ഞാൻ പറഞ്ഞു വിവാഹത്തെക്കുറിച്ച് എന്നോടിനി മിണ്ടിപ്പോകരുതെന്ന് ,,
എന്ന് പറഞ്ഞാലെങ്ങനാ വിദൂ,,?
തൻ്റെ ഒരേ ഒരു മകളുടെ വിവാഹം മംഗളമായി നടന്ന് കാണണമെന്ന് പട്ടാഭിചേട്ടനും ഒത്തിരി ആഗ്രഹമുണ്ടാവില്ലേ?
ആ ഒരു വിഷമം മാത്രമേ എനിക്കുള്ളു മണിച്ചേട്ടാ ,,
എനിക്ക് വരുന്ന ഒരൊ ആലോചനകളും മുടങ്ങിപ്പോകുമ്പോൾ അച്ഛൻ അനുഭവിക്കുന്ന വേദന അത് പറഞ്ഞറിയിക്കാൻ വയ്യ ,ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് മാറി നിന്ന് അമ്മയുടെ ഫോട്ടോയിൽ നോക്കി സങ്കടം പറയുന്നത് കേൾക്കാം ,, ങ്ഹാ അതൊക്കെ പോട്ടെ ഈ പറയുന്ന മണിച്ചേട്ടനെന്താ ഇത്ര പ്രായമായിട്ടും കല്യാണം കഴിക്കാതെ നടക്കുന്നത് ?
ഓഹ് നല്ല പ്രായത്തിൽ ഒറ്റത്തടിയായി നടന്നാൽമതിയെന്ന് തോന്നിയത് കൊണ്ട് അന്ന് കല്യാണം കഴിച്ചില്ല ,ഇപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോൾ പ്രായം ഒരുപാടങ്ങ് കടന്ന് പോയി ,നാല്പത്തിയഞ്ച്കാർക്ക്
ഇനി ആര് പെണ്ണ് തരാനാണ് ??
അതും പറഞ്ഞയാൾ ആത്മനിന്ദയോടെ ചിരിച്ചു
അതൊക്കെ മണിച്ചേട്ടൻ്റെ വെറും തോന്നലാണ്, നിങ്ങളെ കണ്ടാൽ ഒരു മുപ്പത്തിയഞ്ചിനപ്പുറം പറയില്ല, മണിച്ചേട്ടൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ എനിക്ക് നിങ്ങളെ കല്യാണം കഴിച്ചാൽ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞേനെ ,,
അവൾ പറഞ്ഞത് കേട്ട് മണി ഞെട്ടിപ്പോയി ,അയാൾ തല തിരിച്ച് ആരെങ്കിലും കേട്ടോന്ന് ചുറ്റിലും നോക്കി.
അത് ശരി ,അപ്പോൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിധുവിൻ്റെ മനസ്സിൽ ജാതിവിവേചനമുണ്ടല്ലേ?
അയാൾ ചിരിച്ച് കൊണ്ട് ചോദിച്ചു
ഹേയ് ഒരിക്കലുമില്ല ,
ഞാൻ പറഞ്ഞത് എൻ്റെ അച്ഛനെക്കുറിച്ചോർത്തിട്ടാണ് ,
അച്ഛൻ തികഞ്ഞ ഈശ്വരവിശ്വാസിയാണ്,
അമ്പലവും പൂജാദികർമ്മങ്ങളും അഗ്രഹാരത്തിലെ ചിട്ടവട്ടങ്ങളുമൊക്കെയായി വിധേയപ്പെട്ട് കഴിയുന്ന ഒരു പാവം പട്ടര്,,
ഞാനൊരു എടുത്ത് ചാട്ടം കാണിച്ചാൽ പിന്നെ എൻ്റെ അച്ഛൻ ജീവനോടെ ഉണ്ടാവില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്, അത് കൊണ്ട് മാത്രമാണ് ഞാനങ്ങനെ പറഞ്ഞത്
നീയെന്താ വിദൂ,, പരിസരബോധമില്ലാതെ സംസാരിക്കുന്നത് ,എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത് ?എന്നെ ഇഷ്ടപ്പെടാനും കൂടെ ജീവിക്കാനും മാത്രം എന്ത് യോഗ്യതയാണ് നീ എന്നിൽ കണ്ടത്?
അതോ ? കുറച്ച് മുമ്പ് ,എൻ്റെ സൗന്ദര്യത്തെക്കുറിച്ച് മണിച്ചേട്ടൻ പറഞ്ഞില്ലേ? ഞാനേതാണ്ട് ശാലീന സുന്ദരിയാന്നോ, അഴകൊഴുന്നവളാന്നോ ഒക്കെ
അത് കാര്യമായിട്ടാണോ കളിയായിട്ടാണോ പഞ്ഞത്?
അത് ഞാൻ ഉള്ള സത്യം തന്നെയാണ് പറഞ്ഞത്, എൻ്റെ കാഴ്ചപ്പാടിൽ വിദു, അതീവ സുന്ദരിയാണ്,,
ആണല്ലോ ? ദേ അത് മാത്രമാണ് ഞാൻ മണിച്ചേട്ടനിൽ കണ്ട യോഗ്യത,
കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ഞങ്ങടെ സമുദായത്തിൽ പെട്ട നിരവധി യോഗ്യൻമാർ എന്നെ പെണ്ണ് കാണാൻ വന്നിട്ടും, അവരുടെ കണ്ണിൽ പെടാത്ത എൻ്റെ സൗന്ദര്യം കാണാൻ, നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ, നിങ്ങൾക്ക് മാത്രമേ എന്നെ വിവാഹം കഴിക്കാനുള്ള യോഗ്യതയുള്ളു ,
തന്നെ മനസ്സിലാക്കാൻ കഴിയുന്ന തൻ്റെ കുറവുകളെ അംഗീകരിക്കാൻ കഴിയുന്ന ഒരു പുരുഷനെയായിരിക്കും ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ,
അവിടെ പ്രായത്തിനോ ജാതിക്കോ ഒന്നും യാതൊരു സ്ഥാനവുമുണ്ടാവില്ല,,
ഉം, മതി മതി, ഇന്ന് ഈ ഒരു ദോശ മതി, എനിക്ക് നന്നായി വയറ് നിറഞ്ഞു,,
ചിരിച്ച് കൊണ്ട് അവളോട് പറഞ്ഞിട്ട് അയാളെഴുന്നേറ്റ് കൈ കഴുകി.
ഗൂഗിൾ പേ വഴി ബില്ല് പേ ചെയ്തിട്ട്, ടിഷ്യു പേപ്പറെടുത്ത് മുഖം തുടച്ച് കൊണ്ട് കടയുടെ ഓരം ചേർത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ അരികിലേയ്ക്ക് മണി നടന്നു ,
ഡ്രൈവിങ്ങ് സീറ്റിലേയ്ക്ക് കയറാനൊരുങ്ങുമ്പോഴാണ്, ഇരുളിൽ നിന്നൊരാൾ തൻ്റെയടുത്തേയ്ക്ക് വരുന്നത് മണി കണ്ടത്
ങ്ഹാ പട്ടാഭിച്ചേട്ടനായിരുന്നോ ? ഞാൻ മോളോട് തിരക്കിയായിരുന്നു ?
ഉം ഞാൻ ദീപാരാധനയ്ക്ക് നിന്നില്ല
നേരത്തെ ഇങ്ങ് പോന്നു ,അത് കൊണ്ട് എൻ്റെ മകളുടെ മനസ്സറിയാൻ എനിക്ക് കഴിഞ്ഞു
പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞത് കേട്ട് ,മണിക്ക് അമ്പരപ്പ് തോന്നി.
അതെന്താ പട്ടാഭിച്ചേട്ടാ ,, അങ്ങനെ പറഞ്ഞത്?
അയാൾ ജിജ്ഞാസയോടെ ചോദിച്ചു
മണീ ,, എൻ്റെ മകളുടെ തടി നിനക്ക് പ്രശ്നമല്ലെങ്കിൽ ,നിനക്കവളെ വിവാഹം ചെയ്തൂടെ,?
അയാളുടെ ശബ്ദത്തിലെ ഇടർച്ച നിസ്സഹായതയുടെയാണെന്ന് മണി തിരിച്ചറിഞ്ഞു
പട്ടാഭിയേട്ടാ ,, നിങ്ങളെന്താണീ പറയുന്നത് ? ഒരു കാലത്ത് ഞങ്ങളുടെ തല വെട്ടം കണ്ടാൽ അയിത്തമുണ്ടാകുമെന്ന് പറഞ്ഞ് വഴി മാറിപ്പോയിരുന്ന ഉയർന്ന ജാതിയിൽ പിറന്ന ഉന്നതകുലജാതനായ നിങ്ങളുടെ മകളെ ദളിതനും മദ്ധ്യവയസ്കനുമായ ഞാൻ കല്യാണം കഴിക്കണമെന്ന് പറയാനും മാത്രം നിങ്ങളിത്ര അധ:പതിച്ച് പോയോ?
ഇല്ല മണിയാ ,, മകളെ സ്നേഹിക്കുന്നൊരച്ഛൻ അവളുടെ ഭാവിക്കായി എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാകും ,സമുദായത്തിൻ്റെ ആചാരനുഷ്ടാനങ്ങൾ അനുവർത്തിച്ച് കൊണ്ടാണ് ഞാനിത്ര നാളും ജീവിച്ചത്,
പക്ഷേ, ജാതകദോഷവും പൊണ്ണത്തടിയും പറഞ്ഞ് സ്വജാതിയിൽ പെട്ട ഒരാള് പോലും, എൻ്റെ മകളെ വേളി കഴിക്കാൻ തയ്യാറായി വന്നില്ല,
സ്വന്തം ഭർത്താവായി എൻ്റെ മകളാഗ്രഹിക്കുന്നത് നിങ്ങളെയാണെങ്കിൽ,, മണീ,,
നിങ്ങളെക്കാൾ യോഗ്യനായി മറ്റൊരാൾ ഈ ഭൂമിയിലില്ല,
ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് ,എൻ്റെ മകളെ നിങ്ങള് സ്വീകരിക്കണം,,
തൊഴുത് കൊണ്ട് പട്ടാഭിരാമൻ യാചിക്കുന്നത് കണ്ടപ്പോൾ, മണിക്ക് അയാളുടെ വാക്കുകളെ ധിക്കരിക്കാൻ കഴിഞ്ഞില്ല.