പെൺ മക്കൾ
(രചന: സഫി അലി താഹ)
“എനിക്ക് പേടിയാണ് ഡോക്ടർ, എനിക്കീ കുഞ്ഞിനെ വേണ്ട. ” ഞെട്ടലോടെയാണ് പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലെ കട്ടിലിൽ കിടന്ന് സിസ്സേറിയന്റെ മയക്കത്തിലും ഞാൻ ആ ശബ്ദംകേട്ടത്.
“ഷൈനാ നീയൊന്നു മിണ്ടാതെ കിടക്കു. സ്റ്റിച്ച് വലിഞ്ഞു വേദനയെടുക്കുമെന്ന ” ഡോക്ടറുടെ ശാസന വകവെയ്ക്കാതെ
“എനിക്കീ കുട്ടിയെ വേണ്ടെന്ന് പറഞ്ഞു “കൈക്കൂപ്പി കരയുന്ന ആ യുവതിയെ സമാധാനിപ്പിക്കാൻ എല്ലവരും ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നിട്ടും വീണ്ടും അത് തന്നെ അർദ്ധമയക്കത്തിൽ അവർ പറഞ്ഞുകൊണ്ടിരുന്നു.
പിങ്കുനിറത്തിലെ ടവ്വലിൽ പൊതിഞ്ഞു അവളുടെ ചൂടുപറ്റി കിടക്കുന്ന സുന്ദരിവാവയെ കുറിച്ചോർത്തപ്പോൾ എനിക്ക് സങ്കടം വന്നു.
സ്പെഷ്യൽ ഒബ്സർവേഷനിൽ രണ്ട് ദിവസം ലേബർ റൂമിലായിരുന്നപ്പോൾ അന്ന് മുറിയിൽ മൂന്ന് ദിവസമായി പ്രസവവേദനയുമായി കഴിയുന്ന ആ യുവതിയെ ഞാൻ കണ്ടിരുന്നു.
അതുകൊണ്ട് തന്നെ അവർ ആ കുട്ടിയെ വേണ്ടെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വല്ലാത്ത അത്ഭുതമായിരുന്നു.
പിറ്റേന്ന് ഞാനും എന്റെ കുഞ്ഞും റൂമിലെത്തിയപ്പോൾ എന്റെ മോനെ എല്ലവരും എടുത്ത് താലോലിക്കുമ്പോഴും മനസ്സിൽ ഷൈനയും ആ കുഞ്ഞുമോളും മാത്രമായിരുന്നു.
പുറത്ത് നിന്നും റൂമിലേയ്ക്ക് കടന്നുവന്ന ഇക്കാ എന്തുകൊണ്ടോ ക്ഷുഭിതനായിരുന്നു.
എന്താണ് കാര്യമെന്നറിയാതെ ഞാൻ നോക്കുമ്പോൾ ഇക്കാ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു.” സ്ത്രീകളിൽ ഇത്രയും ക്രൂരരായ രാക്ഷസികളുണ്ടോ.
ആ പയ്യൻ ഇന്ന് മൂന്ന് ദിവസമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എത്രയാണെന്ന് അവന്റെ ഉമ്മയ്ക്ക് അറിയില്ല.
സ്വന്തം ഭാര്യയ്ക്ക് വേദന കുറയാനുള്ള ഇൻജെക്ഷൻ എടുക്കാൻ അടച്ച പൈസ തിരികെ വാങ്ങിയ,ആ പെണ്ണിന്റെ വേദനയിലും അതൊന്നും കാണാൻ കണ്ണില്ലാത്ത,
മരുമകൾ പ്രസവിച്ചത് മൂന്നും പെണ്ണെന്നും നാലാമതും പെണ്ണാകുമോ എന്നോർത്ത് മകനെയും മരുമകളെയും ആ കുട്ടികളെയും ഒരുപോലെ ശപിക്കുന്ന,
അവന്റെ ഉമ്മ, ഇപ്പോൾ ആ കുഞ്ഞിനെ സിസ്റ്റർ കൊണ്ട് കൊടുത്തപ്പോൾ വാങ്ങാൻ കൂട്ടാക്കാതെ ഇറങ്ങിപ്പോയി. ”
എനിക്ക് മനസ്സിലായി ഷൈനയുടെ കാര്യമാണെന്ന്.
പറഞ്ഞു തീർന്നപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാനന്ന് ലേബർ റൂമിലേയ്ക്ക് പോകുമ്പോൾ അതിന് മുന്നിലുണ്ടായിരുന്ന നിസ്സഹായനായ ആ ചെറുപ്പക്കാരനെയും
വരാന്തയിൽ ഉമ്മയെയും വാവയെയും കാത്തുനിൽക്കുന്ന ആ മൂന്ന് കുഞ്ഞുങ്ങളെയും ഞാനപ്പോൾ ഓർത്തു.
പിറ്റേന്ന് റൂമിലേക്ക് ഷൈനയുടെ മൂത്ത സഹോദരി വന്നപ്പോഴാണ് കഥകൾ അറിയുന്നത്.
ഉമ്മയും വാപ്പയും ഇല്ലാത്ത ഷൈനയെ വളർത്തിയതും കല്യാണം കഴിപ്പിച്ചയച്ചതും ആ ഇത്തയും അവരുടെ ഭർത്താവുമാണ്.
മൂന്ന് ആണ്മക്കളിൽ ഇളയവനും മാന്യമായ സ്വഭാവമുള്ളവനുമായ ഓട്ടോ ഡ്രൈവറായ നസീമായിരുന്നു ഷൈനയെ വിവാഹം കഴിച്ചത്.
അവളുടെ ആദ്യ പ്രസവത്തിൽ പെൺകുഞ്ഞുജനിച്ചശേഷം സ്വസ്ഥത എന്തെന്നറിഞ്ഞിട്ടില്ല.
രണ്ടാമത് പ്രസവിച്ചത് ഇരട്ടകുട്ടികളായിരുന്നു. അതും പെൺകുഞ്ഞുങ്ങൾ. അന്നുമുതൽ നസീമിന്റെയും ഷൈനയുടെയും ജീവിതം നരകമായി.
പലവിധത്തിലും ഭാര്യയെയും കുട്ടികളെയും ശപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നസീമിന്റെ ഉമ്മയെ അവൻ പലതരത്തിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഉപ്പയില്ലാതെ അവനെ വളർത്തിയ ഉമ്മയെ വിട്ട് മറ്റുസഹോദരന്മാർ പോയത് പോലെ വീടുവിട്ടു പോകാനും അവന് മനസ്സ് വന്നില്ല.
നാലാമതും പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ നസീമിന്റെ ഉമ്മ “അവളെയും കുട്ടികളെയും കൊണ്ട് അവരുടെ വീട്ടിലേയ്ക്ക് വരരുതെന്ന്”നസീമിനോട് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയപ്പോൾ
“എന്റെ അനിയത്തിയെയും മക്കളെയും ഞാൻ എന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും, എന്റെ മകളോടൊപ്പം അവർ അവിടെ കഴിയും”
എന്ന് പറഞ്ഞു ഷൈനയെയും മക്കളെയും ഇത്തയുടെ ഭർത്താവും ഇത്തയും കൂട്ടികൊണ്ട് പോയി.
പോകുന്നതിനു മുൻപ് നസീം എന്റെ ഇക്കാക്ക് കൊടുത്ത നമ്പറിൽ പിന്നെയും ഞങ്ങൾ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.
ഓട്ടോ വാങ്ങിയത് ലോൺ എടുത്താണെന്നും ഓട്ടോയ്ക്ക് ഓട്ടമില്ലാതെ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഷൈന ഞങ്ങളോട് പറഞ്ഞു.
അന്ന് ഇക്കാ നബൂദയിലെ ജോലി കളഞ്ഞു നാട്ടിൽ നിൽക്കുകയാണ്.
അവരെ സഹായിക്കണം എന്നുണ്ടെങ്കിലും എന്റെ ഇക്കാക്ക് ദുബായിലേക്ക് തിരികെ പോകാതെ വേറൊരു മാർഗ്ഗവും മുന്നിലില്ലായിരുന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇക്കയുടെ കൂട്ടുകാരൻ ഫോൺ വിളിച്ചു. ” ദുബായിലേക്ക് മടങ്ങി വരുന്നോ ഒരു സൂപ്പർമാർക്കറ്റിലേയ്ക്ക് വിസയുണ്ട് എന്നായിരുന്നു അത് ”
എന്നാൽ ഇക്കാക്ക് അത് താല്പര്യമില്ലാത്തതിനാൽ നസീമിന് ആ വിസ ഞങ്ങൾ കൈമാറി.
ഇന്നവർക്ക് വെഞ്ഞാറമൂട് ടൗണിൽ വീടും കടയുമൊക്കെയുണ്ട്. നാലുമക്കളും ഭാര്യയുമായി നസീം സുഖമായി കഴിയുന്നു. കഴിഞ്ഞതവണ ഇക്കാ നാട്ടിലേയ്ക്ക് വന്നപ്പോൾ ഞങ്ങൾ അവിടേയ്ക്ക് പോയിരുന്നു.
അപ്പോൾ നസീമിന്റെ ഉമ്മ അവിടെയുണ്ട്. ഒറ്റയ്ക്കായിപ്പോയ അവരെ ഷൈന കൂട്ടികൊണ്ട് വന്നതാണെന്ന് നസീം പറഞ്ഞു.
ഞങ്ങൾ തിരികെ ഇറങ്ങി വണ്ടിയിലേക്ക് കയറുമ്പോൾ ആ ഉമ്മ ഞങ്ങളോട് പറഞ്ഞു, “എന്റെ നാലാമത്തെ ചെറുമകളുടെ ഭാഗ്യമാണ് ഈ കാണുന്ന ഐശ്വര്യങ്ങളെല്ലാമെന്ന് ”
ദേഷ്യമടക്കി ഇക്കാ അവരോടു പറഞ്ഞു, “അല്ലെങ്കിലും പെൺകുഞ്ഞുങ്ങൾ ഭാഗ്യമുള്ളവരാണ്, അവരെ കിട്ടുന്ന മാതാപിതാക്കളും.
“നിങ്ങൾക്ക് രണ്ടാൺമക്കളല്ലേ. വീടായാൽ ഒരു പെൺകുഞ്ഞ് വേണം. അതെങ്ങനാ രണ്ടും സിസ്സേറിയൻ, ഇനിയും പറ്റുമായിരിക്കും അല്ലെ?
പറയാൻപറ്റില്ല അതും ആൺകുഞ്ഞായാലോ, എന്നാലും സാരമില്ല, പ്രസവവേദന സിസ്സേറിയൻ ചെയ്താൽ അറിയില്ലല്ലോ !?
“ആൺകുട്ടികളും ഭാഗ്യമുള്ളവരാണ് കേട്ടോ ഉമ്മായെന്നു” പറയുമ്പോൾ ആ സ്വരം ഇടറി.
അത്രയേറെ പെൺകുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നതാണ് ആ ഇടർച്ചയുടെ കാരണമെന്നിനിക്കറിയാമായിരുന്നു. ഞങ്ങളുടെ മക്കളെ ചേർത്തുപിടിച്ചു മുന്നോട്ടു നടന്നതിന് ശേഷം ഇക്കാ തിരിഞ്ഞുനിന്ന് അവരോടു പറഞ്ഞു,
“ഓരോ പെണ്ണും സിസ്സേറിയൻ ആയാലും, പ്രസവം ആയാലും നമുക്ക് ഒരു കുഞ്ഞിനെ നൽകുന്നത് അവരുടെ ജീവൻ പണയംവെച്ചാണ്.
പിന്നെ എന്റെ ഭാര്യയുടെ വേദനമാത്രമേ എനിക്ക് പങ്കിട്ടെടുക്കാൻ കഴിയാതെയുള്ളു.
ബാക്കിയെന്തിനും അവൾക്കൊപ്പം എന്നെക്കാൾ എന്റെ മാതാപിതാക്കൾ കൂടെയുണ്ട്. ഇപ്പോൾ നമ്മുടെ പെൺകുഞ്ഞവളാണ് എന്ന് ”
നിറഞ്ഞ കണ്ണുകളോടെ നസീമും ഷൈനയും പൂമുഖത്തുണ്ടായിരുന്നു. ആ നിമിഷത്തിൽ ആ മനസ്സുകളിൽ എന്താണെന്ന് എനിക്ക് നന്നായറിയാമായിരുന്നു.
അതുവരെ ഇനിയൊരു കുഞ്ഞിനെ ചിന്തിക്കാതിരുന്ന ഞാൻ അന്ന് തിരികെയുള്ള യാത്രയിൽ പെൺകുഞ്ഞെന്ന മോഹത്തിന് എന്റെ മനസിലും വിത്ത് പാകിയിരുന്നു.
അൽഹംദുലില്ലാഹ്….. സർവേശ്വരൻ എല്ലാം സാധിപ്പിച്ചു തന്നു.