മൗനം
(രചന: Sabitha Aavani)
ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല.
പക്ഷെ ഈ ഇടയായി മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നു, ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടെങ്കില്‍…
ഹീര തന്റെ മൊബൈൽ ഗാലറിയിൽ വിരൽ ഓടിച്ചു. വിവാഹ നിശ്ചയം, വിവാഹം, മധുവിധു.. പിന്നെയും എത്ര എത്ര മനോഹര നിമിഷങ്ങളാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്.
കാലം ഇത്ര കഴിഞ്ഞിട്ടും അതൊക്കെ ഇന്നും തന്റെ കൈയ്യിൽ സുരക്ഷിതമായി ഉണ്ട്.
നഷ്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട് തന്റെ ജീവിതത്തിൽ. എന്നിട്ടും ഇടയ്ക്കിടയ്ക്ക് ഓർത്തെടുക്കാറുണ്ട് ആ നല്ല നിമിഷങ്ങളെ മാത്രം.
പക്ഷെ ഈ നിമിഷംവരെ താൻ അന്വേഷിച്ചിട്ടില്ല ഹര്‍ഷനെ.
എവിടെ ആണോ ..? എങ്ങനെ ഇരിക്കുന്നു ? ഒന്നും…. അതിന്റെ ആവശ്യം ഉണ്ടോ….?ഇല്ലന്ന് മനസ്സ് പറയുന്നു. ഒളിച്ചോടുകയായിരുന്നു.
അയാളിൽ നിന്ന് …
അയാളുടെ വീട്ടുകാരിൽ നിന്ന്…
കോളേജ് പ്രണയം സമ്മാനിച്ച ജീവിതം .
താളം തെറ്റി തുടങ്ങിയതിൽ നിന്ന് വേർപിരിയലിലേക്ക്. ഓര്‍ക്കുമ്പോള്‍ ഇപ്പൊഴും ഒരു മരവിപ്പാണ്.
ഹര്‍ഷൻ ….
ഏറ്റവും പ്രിയപ്പെട്ട എന്റെ ലോകം ..
അന്നും ….പക്ഷെ ഇന്നോ ..?
ഏറെ നാളുകൾക്ക് ശേഷം ഇന്നലെ ഹര്‍ഷനെ പറ്റി മാത്രം ചിന്തിച്ചു .ഒപ്പം സുഹൃത്ത് ഫെബിയോട് അദ്ദേഹത്തെ കാണാൻ ആഗ്രഹം ഉണ്ടെന്ന് പറയുമ്പൊഴും അവളിൽ നിന്നൊരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചു.
പക്ഷെ അവൾക്ക് പലപ്പോഴും ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാവുമായിരുന്നു. അവളാണ് ഇന്ന് ഞങ്ങൾ തമ്മില്‍ കാണാൻ നിമിത്തമായതും.
വൈകിട്ട് കോൺവെന്റ് റോഡിലുള്ള കഫെയിൽ വൈകിട്ട് അഞ്ചിന് ഹര്‍ഷൻ വരും.
ഉള്ളിൽ ഒരു ആളൽ. വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ പിന്നീട് ഉണ്ടാവരുതല്ലൊ. അവൾ കിടക്കയിലെക്ക് ചാഞ്ഞു.
” നീ ഹിമ മഴയായി വരൂ ….ഹൃദയം അണിവിരലാൽ തൊടു ….” മൊബൈൽ ശബ്ദിക്കുന്നത് കേട്ടിട്ടാണ് ഹീര മയക്കത്തിൽ നിന്നും ഉണര്‍ന്നത്.
ഫെബയാണ്.
” ഹീര ..നീ എവിടെയാണ് ..?”
” ഞാൻ ഫ്ലാറ്റിൽ.”
“നീ റെഡിയായില്ലേ ? സമയം നാല് കഴിഞ്ഞു. നാലരയ്ക്ക് തന്നെ ടാക്സി വരും. ഞാൻ കുറേ മെസ്സെജ് അയച്ചുല്ലൊ… നിന്നെ ഓൺലൈൻ കണ്ടില്ല. അതാ വിളിച്ചെ…”
“ഞാൻ ഒന്ന് മയങ്ങി.”
” തോന്നി …ഉറക്കം തന്നെയാവും എന്ന്.
അധികം വൈകാൻ നിൽക്കണ്ട.
വെഗം റെഡിയായി പോകു.”
“മ്മ് …”
“തിരികേ വന്നിട്ട് വിളിക്കുട്ടൊ…” ഫെബ കാൾ കട്ട് ചെയ്തു.
ഹീര എഴുന്നെറ്റു അലമാരി തുറന്ന് തന്റെ സാരികളിൽ വിരൽ ഓടിച്ചു. കറുപ്പിൽ ചുവന്ന ബോർഡറുള്ള കോട്ടൺസാരിയും ചുവന്ന ബ്ലൗസും എടുത്തു കട്ടിലിലേക്ക് ഇട്ടു.
അധികം വൈകാതെ കുളി കഴിഞ്ഞ്
സാരി ഞ്ഞൊറിഞ്ഞ് ഉടുത്ത് അവൾകണ്ണാടിയ്ക്ക് മുന്നിൽ ഇരുന്നു.
കണ്ണുകൾ വാലിട്ട് എഴുതി. ആദ്യം കറുത്ത വട്ടപൊട്ട് വെച്ചു….വേണ്ട… ചുവന്ന പൊട്ട് മതി. അതാണ് ഭംഗിയെന്ന് പ്രേമിച്ച് നടക്കുന്ന കാലത്ത് ഒരിക്കൽ ഹര്‍ഷൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് ഞങ്ങൾ ആ കമിതാക്കള്‍ അല്ല എന്നിട്ടും ഞാൻ ….
അവൾ കണ്ണാടിനോക്കി ചുവന്ന പൊട്ടിൽ ഒന്നുകൂടി വിരൽ അമര്‍ത്തി.
ഇറങ്ങുന്നതിനു മുൻപ് ബാഗിൽ ഒരു പൊതി എടുത്ത് വെച്ചു.
ഹര്‍ഷന്റെ പ്രിയപ്പെട്ട സി ഗ രെറ്റ്.
പണ്ടും ഞാൻ അത് സമ്മാനിച്ചിട്ടുണ്ട്.
വല്ലപ്പൊഴും മാത്രമാണ് ഹര്‍ഷൻ സി ഗ രറ്റ് വലിക്കുന്നത്.
സമയം നാലര കഴിഞ്ഞിരുന്നു അവൾ വേഗം പുറത്ത് ഇറങ്ങി. പുറത്ത് ഫെബി പറഞ്ഞു വിട്ട ടാക്സി ഹീരയെ കാത്തുകിടപ്പുണ്ടായിരുന്നു. കഫെയ്ക്ക് മുന്നിൽ ഇറങ്ങി മെല്ലെ അവൾ അകത്തെയ്ക്കു നടന്നു.
അലസമായി അഴിച്ചിട്ടിരിക്കുന്ന നീണ്ട തലമുടി കാറ്റിൽ പാറികളിക്കുന്നുണ്ടായിരുന്നു.
ഒരു ടെബിളിൽ കസേര നീക്കിയിട്ട് അവൾ ഇരുന്നു. ഉള്ളിലുള്ള ഓരോ ടെബിളിലും അവൾ ഹര്‍ഷനെ പരതിക്കൊണ്ടിരുന്നു.
” ഹീര..”
അവൾ പിന്നിലെക്ക് തിരിഞ്ഞു നോക്കി.
“ഹര്‍ഷൻ..” അവളുടെ ശബ്ദം പുറത്തെക്ക് വന്നില്ല.
അയാൾ അവൾക്കു മുഖാമുഖം ഇരുന്നു.
വെയിറ്റർ രണ്ടു കാപ്പികൊണ്ട് വന്നു ടെബിളിൽ വെച്ചു.
പ്രതീക്ഷിച്ചതിലും ഏറെ ഹര്‍ഷൻ പ്രായം ചെന്നിരുന്നു. മുടിയും താടിയും ആകെ നരച്ചിരുന്നു. നരച്ച ഒരു ജുബ്ബയും കറുത്ത കണ്ണടയും… ഹര്‍ഷന്റെ രൂപം തന്നെ മാറിയിരിക്കുന്നു.
കുറേ നേരത്തെക്ക് അയാൾ ഒന്നും മിണ്ടിയില്ല.
“എന്താടോ കാണണം എന്ന് പറഞ്ഞിട്ട് താൻ ഒന്നും മിണ്ടാത്തെ …? ഈ കാപ്പി വാങ്ങിത്തരാന്‍ വേണ്ടി ആണോ എന്നെ കാണണം എന്ന് പറഞ്ഞത് ?” അയാൾ ചിരിച്ചു.
” ഞാൻ എന്ത് പറയാൻ ആണ്..?
സുഖല്ലേ ..?”
” മ്മ് .. കാലം കുറേ ആയില്ലെ കണ്ടിട്ട്…..തനിക്ക് സുഖല്ലെ …?”
“മ്മ് …ഹര്‍ഷാ….എന്നെ ഓർക്കാറുണ്ടായിരുന്നൊ …?”
“മറക്കാൻ ശ്രമിച്ചിട്ടുണ്ട് …” അയാൾ ചിരിച്ചു.
അവൾ ബാഗിൽ നിന്നുമാ പൊതി എടുത്ത് ഹര്‍ഷന് നേരെ നീട്ടി. അയാൾ അത് വാങ്ങി തുറന്നു.
“ഇഷ്ടങ്ങൾ ഒന്നും മറന്നിട്ടില്ല അല്ലെ …?”
അവൾ ചിരിച്ചു.
” പക്ഷെ ഞാൻ വലി നിര്‍ത്തിയിട്ട് കുറച്ചായി …. നമ്മൾ പിരിഞ്ഞതിൽ പിന്നെ എന്ന് തന്നെ പറയാം .. എന്നാലും താൻ തന്നത് അല്ലെ.. താങ്ക്സ്. ”
” നിര്‍ത്തിയ വലി ഇനി ഞാൻ ഇത് തന്നു എന്ന് കരുതി വീണ്ടും തുടങ്ങണ്ടാ ..”
“ഇല്ല ഇടയ്ക്കിടയ്ക്ക് തന്നെ ഓര്‍ക്കുമ്പോ എടുത്ത് നോക്കാം..
വെറുതെ ഈ ദിവസത്തിന്റെ ഓർമ്മയ്ക്ക്.”
” മ്മ്..”
” എന്നോട് ഇപ്പൊഴും ആ പഴയ വെറുപ്പില്ലന്ന് വിശ്വസിക്കട്ടേ ഞാൻ ?
ഇല്ലേൽ താൻ ഇപ്പോ എന്നെ കാണണം എന്ന് പറയില്ല …. എന്റെ ഭാഗത്ത് ഉണ്ടായിരുന്നല്ലോ ഒരുപാട് തെറ്റുകൾ ഒന്നും ഞാൻ ഓർമ്മിപ്പിക്കുന്നില്ല….”
” ഒരു കണ്ടുമുട്ടൽ വേണം എന്ന് മനസ്സ് പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.”
“മ്മ് …ഫെബ പറഞ്ഞു. പണ്ടും തന്റെ മനസ്സ് കൈമാറിയിരുന്നത് അവൾ വഴി ആണെല്ലോ. അന്ന് പ്രേമിച്ച് നടന്നു .. ഇന്നത് വേർപിരിഞ്ഞിട്ടും തുടരുന്നു.” അയാൾ കാപ്പി കുടിച്ചുകൊണ്ട് ഹീരയുടെ കണ്ണിലേക്ക് നോക്കി.
” ഉള്ളിൽ ഉള്ളത് പറയാൻ കഴിയാതെ തന്റെ ഹൃദയം വിങ്ങുന്നത് ആ കണ്ണുകളിൽ നിന്ന് അറിയാം ടോ..”
ഹീരയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അവൾ വേഗം സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.
” താൻ ഇനിയും കരയരുത്. കുറേ ആയില്ലെ …?”
” മ്മ് ..”
“സമയം ഉണ്ടോ നമുക്കൊന്ന് പുറത്ത് ഒരുമിച്ച് നടന്നാലോ ..?”
“മ്മ് ..”
കോഴിക്കോട് നഗരത്തിനെ ഇത്രയും ഭംഗിയോടെ രണ്ടാളും കാണുന്നത് ഇപ്പോഴാണ്….
രാത്രിയേറെ വൈകി പിരിയുമ്പൊഴും രണ്ടുപേരും പരസ്പരം വാക്ക് കൊടുത്തിരുന്നു. ഇത് ഒരിക്കലും തങ്ങളുടെ അവസാന കൂടികാഴ്ച്ചയാവരുത് എന്ന്.
ഇനിയും തമ്മില്‍ കാണാൻ ഒരുപാട് ദിനങ്ങൾ അവർക്കായി കാത്തിരിക്കുന്നുണ്ടെന്ന്.
“ഞങ്ങളുടെ പ്രണയം മരിച്ചിട്ടില്ലടോ …”
“നിന്റെ വാക്കുകൾക്ക് പണ്ടത്തെ ഹര്‍ഷന്റെ കാമുകിയായ ഹീരയുടെ അതെ മധുരമാണെല്ലൊ പെണ്ണെ ”
ഫെബയുടെ വാക്കുകൾക്ക് മൗനം കൊണ്ട് മറുപടി പറയുമ്പോള്‍ ഹീരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.