ആരും കൊതിക്കുന്ന എന്റെ മകന്റെ ഭാര്യാ സ്ഥാനം ആണ് ഞാൻ നിനക്ക് നൽകുന്നത്.. നന്നായിട്ടൊന്ന് ആലോചിച്ചിട്ടുമതി..

(രചന: RJ)

“ഈ കച്ചവടത്തിൽ നിനക്ക് ലാഭം മാത്രമേ ഉള്ളു മീരാ…

“ആരും കൊതിക്കുന്ന എന്റെ മകന്റെ ഭാര്യാ സ്ഥാനം ആണ് ഞാൻ നിനക്ക് നൽകുന്നത്.. നന്നായിട്ടൊന്ന് ആലോചിച്ചിട്ടുമതി നിന്റെ മറുപടി…

“എനിയ്ക്ക് വേണ്ടത് നീഎന്റെ സഹോദര പുത്രിയായതുകൊണ്ടു മാത്രം എനിക്ക് ചേരുന്ന നിന്റെ കരളിന്റെ ഒരംശമാണ്..
നിന്റെ അമ്മ പറഞ്ഞിട്ടുണ്ടാവുമല്ലോ നിന്നോട് കാര്യങ്ങൾ.. നീ നന്നായിട്ടൊന്ന് ചിന്തിക്ക് നേട്ടങ്ങളാണ് നിനക്കുള്ളത്…

ആവശ്യക്കാരി അവരാണെന്നതു പോലും മറന്ന് തന്നോട് അധികാരത്തിലും അഹന്തയിലും സംസാരിക്കുന്ന അമ്മായിയെ ഭാവഭേദങ്ങളില്ലാതെയൊന്ന് നോക്കിയിട്ട് സ്വന്തം ജോലി തുടർന്നവൾ….

താൻ നൽകിയ വാഗ്ദാനമവളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നതു കണ്ടതും പല്ലിറുമ്മി മഠത്തിലെ മാലതി മനോഹർ…

താൻ എന്തെങ്കിലും പറഞ്ഞെന്ന ഭാവം പോലും കാണിക്കാതെ തയ്യൽ മെഷീനിൽ പണിയുന്നവളെ വെറുപ്പോടെ നോക്കിയവർ

മീരേ.. നീയെന്താണ് എന്നെ അപമാനിക്കുന്നത് പോലെ പെരുമാറുന്നത്.?

ഞാൻ നിന്നോടു പറഞ്ഞത് വല്ലതും നീ കേട്ടോ….?

മാലതി അമ്മായി പോയതിനു പുറകെ മീരയുടെ പിന്നാലെ കൂടിയതാണ് അവളുടെ അമ്മ രാജി…

മാലതി പറഞ്ഞതൊരു വല്യ കാര്യമാണെന്നും മീര വിജാരിച്ചാൽ കുടുംബം രക്ഷപ്പെടുമെന്നും പറയുന്ന അമ്മയെ അവഗണിച്ചവൾ തന്റെ ജോലി തുടർന്നു..

ഞായറാഴ്ച മാത്രമാണ് അല്പസമയം ഒഴിവു കിട്ടുന്നത് മീരയ്ക്ക്.. അന്നുള്ളതാണ് ഈ തയ്യൽ പണി.. ഇതിൽ നിന്നു കിട്ടുന്ന വരുമാനവും ഒരു വലിയ സഹായമാണവൾക്ക് അവളുടെ കഷ്ടപ്പാടുകൾക്കിടയിൽ..

”നീയെന്താടീ മീരേ പൊട്ടത്തിയാണോ…?അതോ നിനക്ക് ചെവി കേൾക്കില്ലേ.. ഞാനീ കിടന്നു ചിലയ്ക്കുന്നത് നിന്നോടല്ലേ…?

ഒന്നു നിർത്തിയിട്ട് വീണ്ടും ആരംഭിച്ചു രാജി..

“നിന്റെ നേഴ്സിന്റെ പണീന്ന് കിട്ടുന്ന ശമ്പളം കൊണ്ട് കഴിഞ്ഞു പോവുന്നതല്ല നമ്മുടെ കഷ്ടപ്പാട്..
ഇതിപ്പോ നീയൊന്ന് മനസ്സ് വെച്ചാൽ നിനക്കും മാലതിക്കും കൂടെ എനിയ്ക്കുമൊരു ജീവിതമാക്കും മോളെ… നിന്റെ കരളിന്റെ ഒരു ഭാഗമല്ലേ..?

വളരെ നിസ്സാരമെന്നോണം പറയുന്ന അമ്മയെ അവൾ തയ്യൽ നിർത്തി നോക്കി.. സ്വന്തം മകളുടെ കരൾ പകുത്തു കൊടുക്കുന്നതെത്ര നിസാരമായാണവർ പറയുന്നത്..

അതിനിടയിലും അമ്മ അമ്മയ്ക്കൊരു ജീവിതമെന്ന് പറഞ്ഞത് ഓർത്തെടുത്തവൾ

“അമ്മേ… നിങ്ങൾ പറയുന്നത് ഞാനനുസരിച്ചാൽ അമ്മായിക്ക് ജീവിതം കിട്ടുമെന്നു പറഞ്ഞതും അവരുടെ നെറിക്കെട്ട മകൻ രാജീവിനെ വിവാഹം കഴിച്ചാൽ എനിയ്ക്ക് ജീവിതം കിട്ടുമെന്നു പറഞ്ഞതുംഎനിക്ക് മനസ്സിലായ്..
അമ്മയ്ക്ക് എങ്ങനെയാണ് ഇതിൽ നിന്ന് ജീവിതം കിട്ടുന്നത്.. ?
അതെനിയ്ക്ക് മനസ്സിലായില്ല…?

അവളുടെ ചോദ്യത്തിനവരൊന്ന് പകച്ചു… അറിയാതെ വായിൽ നിന്ന് വീണതാണ്… ഇനി സത്യം അറിയാതെ പിൻമാറില്ലവൾ… അതവർക്കുറപ്പാണ് ..ചില കാര്യങ്ങളിൽ അസാധ്യമനക്കട്ടിയാണവൾക്ക്..

അതൊന്നു കൊണ്ടു മാത്രമാണ് നഴ്സിംഗ് പoനത്തിന്റെ ഇടയിൽ വെച്ച് സ്വന്തംഅച്ഛൻ അപകടത്തിൽ മരിച്ചപ്പോഴും അവൾ തളരാതെ നിന്നത്..

പ്ലസ് ടു ക്കാരനായ അനിയന്റെയും ഈ വീടിന്റെയും ചുമതല തോളിലേറ്റിയാണ് അവൾ നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്.. ഒഴിവു സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്തും തയ്ച്ചുമാണവൾ അന്നതിനുള്ള പണം ഉണ്ടാക്കിയത്..

ഇപ്പോൾ ഒരു ഹോസ്പിറ്റലിലെ നഴ്സാണവൾ.. പ്ലസ്ടുക്കാരൻ അനിയൻ ഡിഗ്രി സ്റ്റുഡന്റും…

ഞാൻ ചോദിച്ചത് അമ്മ കേട്ടില്ലേ..?
അമ്മ എങ്ങനെ രക്ഷപ്പെടുമെന്ന്…?

അവളുടെ ചോദ്യമാണ് ചിന്തകളിൽ നിന്നവരെ ഉണർത്തിയത്….

“അതു മീര മോളെ മാലതി പറഞ്ഞിരുന്നു നിന്നെ കൊണ്ട് സമ്മതിപ്പിച്ചെടുത്താൽ കുറച്ചു പൈസ തരാന്ന്.. അതു കിട്ടിയാൽ നല്ലതല്ലേ.. എല്ലാ കാര്യത്തിനും നിനക്ക് മുമ്പിലിങ്ങനെ കൈ നീട്ടണ്ടല്ലോ ഞാൻ.. അതാണ് ഞാനുദ്ദേശിച്ചത്..

ഒരു കൗശലക്കാരിയുടെ മുഖമായ് തോന്നിയവൾക്ക് തന്റെ അമ്മയെ ആ നിമിഷം…

അവളുടെ കണ്ണുകൾ അമ്മയിലൂടൊന്നൊഴുകി..

ഭർത്താവ് മരിച്ചൊരു സ്ത്രീയാണെന്നതിന്റെ യാതൊരു സങ്കടവും അവരിലില്ല.. അച്ഛന്റെ മരണശേഷം അമ്മ ജീവിതം ആഘോഷിക്കുകയാണ് ചേച്ചീയെന്നൊരിക്കൽ അനിയൻ പറഞ്ഞതോർത്തവൾ…

കൂട്ടുകാരോടൊത്തുള്ള കറക്കവും നേരസമയമില്ലാത്ത അടക്കിയ ഫോൺ വിളികളുമെല്ലാം അവളും ശ്രദ്ധിച്ചിട്ടുണ്ട്.. അതമ്മയുടെ ജീവിതമല്ലേ എന്ന് കരുതി കണ്ടില്ലെന്ന് നടിക്കുമ്പോഴും അമ്മ വാങ്ങിക്കൂട്ടുന്ന കടങ്ങൾ പലപ്പോഴും അവളെ വല്ലാതെ ഞെരുക്കത്തിലാക്കാറുണ്ട്..
വീട്ടിലെ കാര്യങ്ങൾക്കോ തങ്ങൾ മക്കളുടെ കാര്യങ്ങൾക്കോ അല്ല ആ പണചിലവെന്നും അവളും അനിയനും വ്യക്തമായ് മനസ്സിലാക്കിയിട്ടുണ്ട്…

”നീയെന്താ ഒന്നും പറയാത്തത്… ?
നിനക്ക് സമ്മതമാണെന്ന് മാലതിയോട് വിളിച്ചു പറയട്ടേ ഞാൻ…

അമ്മയുടെ കണ്ണിലെ പണത്തിന്റെ ആർത്തി അപ്പോളവൾ നേരിട്ട് തിരിച്ചറിഞ്ഞു…

എനിക്കൊന്ന് ആലോചിക്കണം അമ്മേ.. അമ്മായിയെ സഹായിക്കാനൊരുക്കമാണ് ഞാൻ.. പക്ഷെ അവരുടെ മകനെ എനിക്ക് വേണ്ട… അയാൾ ശുദ്ധ തെമ്മാടിയാണെന്ന് അമ്മയ്ക്കും അറിയാലോ..?

അവളുടെ സംസാരത്തിലവരുടെ മുഖത്ത് ദേഷ്യം നിറയുന്നതവൾ കണ്ടു..

“അവനെ നീ കെട്ടിയാൽ നിന്റെ കല്യാണമെന്ന തലവേദന എനിയ്ക്ക് മാറികിട്ടും..
ആളുങ്ങളായാൽ ഇത്തിരി കുരുത്തക്കേടൊക്കെ ഉണ്ടാവും .. പെണ്ണുങ്ങളാണവരെ നേർവഴി നടത്തേണ്ടത്…

” പിന്നെ അവരെനിയ്ക്ക് തരുന്ന പണം ഞാൻ നിന്റെ കാര്യത്തിന് ഉപയോഗിക്കില്ല ട്ടോ.. അതെനിയ്ക്ക് വേണം… എനിയ്ക്കും ജീവിക്കണ്ടേ…?

ദേഷ്യത്തിൽ പറഞ്ഞെഴുന്നേറ്റ് പോവുന്നവരെ പകച്ച് നോക്കുന്ന അനിയനെ നോക്കിയവളൊന്നു ചിരിച്ചു…
സ്വയം ആശ്വസിക്കാനും അവനെ ആശ്വസിപ്പിക്കാനും എന്നവണ്ണം….

“നമ്മുക്ക് ആലോചിക്കാം അമ്മേ…. അമ്മ ഇത്രയും പറഞ്ഞതല്ലേ..

അവളുടെ വാക്കുകൾ രാജിയിൽ പ്രതീക്ഷ നിറയ്ക്കുന്നതവൾ ഇടം കണ്ണാൽ കാണുന്നുണ്ടായിരുന്നു.. അവരെ ഓർത്തൊരു പുച്ഛം നിറഞ്ഞവളിൽ…

ദിവസങ്ങൾ വളരെ പെട്ടന്നു കടന്നു പോകുമ്പോൾ രാജിയുടെ മനസ്സിലും മാലതിയുടെ മനസ്സിലും സന്തോഷം നിറഞ്ഞു..

ടെസ്റ്റുകളെല്ലാം നടത്തി ഓപ്പറേഷന് ഡേറ്റും കണ്ടെത്തിയവർ..

കിട്ടാൻ പോവുന്ന പണത്തിലാണ് രാജിയുടെ കണ്ണെങ്കിൽ തനിയ്ക്കും തന്റെ മകനും ഒരു പുതു ജീവിതം കിട്ടുന്നതിലായിരുന്നു മാലതിയുടെ സന്തോഷം..

മാലതിയുടെ രണ്ടു മക്കളുടെ കരളും അവർക്ക് മാച്ചാണെങ്കിലും മക്കളുടെ ജീവനെ കരുതി അവരതിന് സമ്മതിച്ചില്ല… അവർക്കെന്തെങ്കിലും സംഭവിക്കുമോയെന്ന ഭയമാണവർക്ക്… സ്വാർത്ഥയാണവർ..

മീരയാവുമ്പോൾ എന്തായാലും അവരെ അത് ബാധിക്കില്ല.. മാത്രവുമല്ല അവയവദാനമൊരു പുണ്യമാണെന്ന് വിശ്വസിക്കുന്നവളെ ഉപയോഗിക്കുക അത്ര തന്നെ…

“എടാ… നീ ചേച്ചിയെ ഒന്നൂടെ ഒന്ന് വിളിച്ചേ ഇന്നാണ് അഡ്മിറ്റിന് ചെല്ലാൻ പറഞ്ഞിരിക്കുന്നത്.. അവളിറങ്ങിയില്ലേ ഹോസ്പിറ്റലിൽ നിന്ന്…

സമയം വൈകും തോറും അസ്വസ്തയായ് തുടങ്ങി രാജി…

മീര എത്തിയില്ലേ എന്ന് ചോദിച്ച് മാലതിയും കുറെ നേരമായ് വിളിക്കുന്നു..

ഒരാഴ്ച്ച മുമ്പാണ് ഡേ നൈറ്റ് ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് ബാഗൊരുക്കി മീര വീട്ടിൽ നിന്ന് പോയത്.. പോയതിൽ പിന്നെ വിളികളുമില്ല.. അത് ആദ്യവും ഇല്ല….

ടാ… നിന്നോടാണ് പറഞ്ഞത്.. വിളിക്കാൻ…

ആരെ…?

മീരയുടെ അനിയൻ മിഥുൻ കൈകൾ മാറിൽ പിണച്ചുകെട്ടി മുന്നിൽ വന്ന് ചോദിച്ചതും അവന്റെ മുഖഭാവം കണ്ട് ഭയന്നു രാജി

ആരെയെന്നോ…? നിന്റെ ചേച്ചി മീരയെ വിളിക്കാൻ…

വിദേശത്ത് ജോലിയെടുക്കാൻ പോയ ചേച്ചിയെ ഞാനിപ്പോ വിളിച്ചിട്ട് എന്തിനാ…?

മിഥുന്റെ സംസാരം കേട്ടതും മിഴിഞ്ഞു പോയ് രാജിയുടെ കണ്ണ്…

ജോലിയോ വിദേശത്തോ…?
നീ നുണ പറയണ്ട മിഥുനേ… നാലു ദിവസം കൊണ്ടെങ്ങനെയാടാ അവള് വിദേശത്ത് എത്തുന്നത്..?
ഞാനത്ര പൊട്ടിയൊന്നും അല്ല…

രാജി ചീറിയവനു നേരെ…

നാലു ദിവസം കൊണ്ടല്ല… മാസങ്ങൾ കൊണ്ട് ചേച്ചി ശ്രമിക്കകയായിരുന്നു പോവാൻ..
എല്ലാം ശരിയായ് കുറച്ച് പൈസയുടെ ഞെരുക്കത്തിൽ ഇരിക്കുമ്പോഴാണ് ചേച്ചിക്ക് കുറച്ച് പൈസ കിട്ടിയത്… അവൾ ഏജൻസിയെ വിളിച്ചറിയിച്ചു പോയ്… അത്ര തന്നെ..

അവൾക്കെവിടുന്ന് പൈസ കിട്ടി.. ചോദ്യത്തിനൊപ്പം രാജിയുടെ കണ്ണുകൾ അലമാരയ്ക്ക് നേരെ നീണ്ടു…

മാലതി തന്ന പണം…

നെഞ്ചിടിച്ചവരുടെ …
ഒരോട്ടത്തിനവർ സേഫിനരികിലെത്തി…

അതു തുറന്നു നോക്കി അമ്മ കഷ്ടപ്പെടണ്ട… ആ പണം ചേച്ചി എടുത്തു…

മിഥുന്റെ വാക്കുകൾ ഒരടിയായ് രാജിയ്ക്ക്…

അമ്മ ഇത്രയും റിയാക്ഷനൊന്നും ഇടണ്ട, അതു നമ്മുടെ പണം തന്നെയാണ്… അച്ഛൻ അപകടത്തിൽ മരിച്ചപ്പോൾ നമ്മുക്ക് കിട്ടേണ്ട ഇൻഷുറൻസ് തുക തഞ്ചത്തിലവർ അടിച്ചു മാറ്റിയില്ലേ, അതും പോരാഞ്ഞിട്ടിപ്പോൾ അവരുടെ തെമ്മാടിയായ മകനെ കൊണ്ട് എന്റെ ചേച്ചിയെ കെട്ടിക്കാനൊരുങ്ങുന്നു.. കൂടയവളുടെ കരളും…

അവരുടെ മക്കളോട് കൊടുക്കാൻ പറ കരൾ… സ്വന്തം അമ്മയ്ക്കല്ലേ… പിന്നെ ഞാനിന്ന് ഹോസ്റ്റലിലേക്ക് മാറും.. ഞങ്ങൾ മക്കളാണല്ലോ അമ്മയ്ക്ക് തടസ്സം ..അമ്മയുടെ സ്വൈരവിഹാരങ്ങൾക്ക്..

എന്റെ കാര്യം, എനിയ്ക്കൊരു ജോലിയാവുന്നതു വരെ ചേച്ചി നോക്കും.. അമ്മയുടെ കാര്യം അമ്മ നോക്കണം… അതിനി ഉണ്ണാനാണെങ്കിലും ഉടുക്കാനാണെങ്കിലും… ഞങ്ങൾ തിരിഞ്ഞു നോക്കില്ല… ഞങ്ങളെ വിറ്റു തിന്നുന്നൊരമ്മയെ ഞങ്ങൾക്ക് വേണ്ട… കൂടെ അമ്മായിക്കുള്ള ഉത്തരവും… പണം വാങ്ങിയതും കച്ചവടമുറപ്പിച്ചതും അമ്മയാണ്.. മറക്കണ്ട

പറഞ്ഞവസാനിപ്പിച്ച് മിഥുൻ ഇറങ്ങി പോയപ്പോൾ കേട്ട സത്യങ്ങളിൽ പകച്ചു രാജി നിന്നതും അവരുടെ ഫോണിൽ മാലതിയുടെ കോൾ വന്നു കൊണ്ടേയിരുന്നു…

എന്തുത്തരം നൽകണമവർക്കെന്നറിയാതെ പകച്ചു നിന്നവൾ…