(രചന: RJ)
” ഈ വയസ്സാം കാലത്തവളുടെയൊരു മുതുകൂത്ത് നോക്കണേ..
അതിനൊക്കെ കൂട്ടുനിൽക്കാൻ പത്തിരുപതു വയസ്സായ സ്വന്തം മോളും..
സമ്മതിക്കണം, കാലം പോയൊരു പോക്കേ… ”
“കെട്ടിക്കാൻ പ്രായത്തിലൊരു പെണ്ണ് വീട്ടിൽ നിൽക്കുന്നുണ്ടെന്ന ചിന്ത വല്ലതുമുണ്ടോ അവൾക്ക് ഈ തോന്യാസങ്ങളെല്ലാം ചെയ്യുമ്പോൾ….,
“അതിനെക്കാൾ രസം അമ്മയ്ക്കൊരു ആണിന്റെ കുറവുണ്ടെന്ന് മകൾക്ക് തോന്നാൻ പാകത്തിലായിരുന്നു ഇവളുടെ, ഈ അനിതേടെ ജീവിതമെന്നത് ഓർത്തു നോക്കിയേ നിങ്ങൾ..?
” ഏത്.. ഞാൻ.. പറഞ്ഞത്… അതു തന്നെ… സ്വന്തം മകൾക്ക് മനസ്സിലായ് അമ്മയ്ക്ക് എന്താ വേണ്ടതെന്ന്.. അമ്മാതിരി ആയിരിക്കും തള്ളയുടെ കാട്ടിക്കൂട്ടൽ… അല്ലാതെ മകൾ മുന്നിട്ടിറങ്ങി അമ്മയ്ക്കൊരു ആണിനെ കണ്ടെത്തി മുന്നിൽ നിന്ന് കല്യാണം നടത്തില്ലല്ലോ..?
കുടുംബത്തിലെ കുലസ്ത്രീയുടെ വകയാണ്… അതിനെ ശരിവച്ചൊരു ആക്കിചിരിയോടെ നിൽക്കുന്നതും കുടുംബക്കാർ തന്നെ..
“കാലം വല്ലാത്തതാ …കുടുംബത്തിൽ കേറി വരുന്നവൻ സ്വന്തം പെങ്കൊച്ചിനോടെങ്ങനെ പെരുമാറുമെന്നെങ്കിലും ചിന്തിക്കായിരുന്നു അവൾക്ക്… അവളെ പോലൊരുത്തി ആണ് മകളെന്നും അയാൾ കരുതിയാൽ തീർന്നില്ലേ..?
“പെങ്കൊച്ചിനോട് അവൻ തനികൊണം കാട്ടാതിരിക്കുവൊന്നും ഇല്ല.. വയസ്സാംകാലത്ത് തള്ളയെ കെട്ടി സുഖിക്കാൻ നോക്കുന്നവനല്ലേ വെള്ളലുവ പോലത്തെ കിളുന്ത് കൊച്ചിനെ വെറുതെ വിടാൻ പോണത്…?
“നമ്മള് കാണാൻ പോണേയുള്ളു വയസ്സാംകാലത്ത് കെട്ടിയോൻവേണം കൂടെ കിടക്കാനെന്ന പൂതി തോന്നിയ അനിതേടേം… അമ്മയ്ക്ക് കെട്ടിയോൻ വേണം വയസ്സാംകാലത്തെന്ന് തോന്നിയ മകളുടേം കഷ്ടപ്പാടും കണ്ണീരുമെല്ലാം…
വല്ലാത്തൊരു സംതൃപ്തിയോടെ ചുറ്റും നിന്ന് കുറ്റം പറഞ്ഞ് രസിക്കുന്നവരെ നേരിയ ചിരിയോടെ അവന്തിക നോക്കി നിന്നു…
കേൾക്കുന്ന വാക്കുകൾക്ക് ചെവി കല്ല് തകരും വിധം അവരെയെല്ലാം തല്ലാനവളുടെ കൈ തരിച്ചെങ്കിലും മുഖത്തെ ചിരിയിലൊതുക്കി അവൾ തൽക്കാലം ദേഷ്യമെല്ലാം…
കാരണം ഇന്നവൾക്ക് വലുത് അമ്മയുടെ സന്തോഷവും നിറഞ്ഞ ചിരിയും മാത്രമാണ്.
അവളുടെ കണ്ണുകളപ്പോഴും ആർത്തിയോടെ നിറഞ്ഞ സന്തോഷത്തിൽ കൺമുന്നിലെ സ്നേഹ കാഴ്ചകൾ ഹൃദയത്തിൽ പതിപ്പിച്ചു കൊണ്ടിരുന്നു…
നാല്പത്തിരണ്ടുക്കാരിയായ സ്വന്തം അമ്മയുടെ കല്യാണം.. അതും അമ്മ കണ്ടു പിടിച്ച ആളുമായ്…. അമ്മയൊരിക്കൽ മനസ്സിൽ കൊണ്ടു നടന്നയാളുമായ് തന്നെ….
ഫോട്ടോഗ്രാഫേർസ് നിർദ്ദേശിക്കുന്ന പോസിലെല്ലാം അങ്കിളുമൊത്ത് പോസ് കൊടുക്കുന്ന അമ്മയുടെ കണ്ണുകൾ ഇടയ്ക്കിടെ തന്നെ തേടി വരുന്നതു കണ്ടതും തള്ളവിരൽ ഉയർത്തി തംപ്സ് കാണിച്ചവൾ.. സൂപ്പറെന്ന രീതിയിൽ…
കൂടെ ചെന്ന് നിൽക്കാൻ ഇടയ്ക്കിടെ വിളിയ്ക്കുന്ന അമ്മയേയും അങ്കിളിനേയും നിരുൽസാഹപ്പെടുത്തിയവൾ…
“എത്ര നേരായ് കൊച്ചേ…നിന്റെ അമ്മ നിന്നെ വിളിക്കുന്നു..
ചെല്ല് ചെന്ന് രണ്ട് ഫോട്ടോ അവരുടെ കൂടെ നിന്ന് എടുത്തേച്ച് വാ..
അല്ലേൽ ഇവിടെ എല്ലാവർക്കും മനസ്സിലാവും കൊച്ചിനവരുടെ ഈ കാട്ടിക്കൂട്ടലൊന്നും ഇഷ്ടപ്പെടണില്ലാന്ന്… ദേഷ്യം നമ്മുക്ക് പിന്നെ തീർക്കാം മോളെ.. അവസരം വരും…,
അടുത്ത് നിന്ന ആന്റി സ്നേഹത്തിലൊന്ന് അവന്തികയെ ഉപദേശിച്ചു… അച്ഛന്റെ പുന്നാര പെങ്ങളെ കൺചിമ്മി നോക്കിഅണപ്പല്ല് ഞെരിച്ചവൾ ..
താനും അമ്മയും കിടക്കാൻ ഇടമില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ തെണ്ടി നടന്നപ്പോൾ തങ്ങൾക്ക് മുമ്പിലൂടെ ആർഭാടം കാട്ടി തങ്ങളെ തിരിഞ്ഞു പോലും നോക്കാതെ നടന്നവൾ കുത്തി തിരിപ്പിന് കാരണം കിട്ടിയപ്പോൾ പാഞ്ഞു വന്നേക്കുവാ… പണ്ടാരം..
മനസ്സിലോർത്ത് പല്ല് കടിച്ചവൾ അവരെ ഒന്നൂടി നോക്കി
‘ഞാനൊന്നും ഇല്ലാന്റി അവർക്കിടയിലേക്ക് അതവരുടെ ജീവിതം… അവരുടെ സന്തോഷം.. അവിടെ അവർ മാത്രം മതി..
“എന്റെ ജീവിതത്തിലെ ഈ മനോഹര മുഹൂർത്തം ഓർത്ത് വെയ്ക്കാൻ എനിയ്ക്കൊരു ഫോട്ടോയുടെയും ആവശ്യമില്ല.. എന്റെ ഹൃദയത്തിൽ ഞാൻ പതിപ്പിച്ചിട്ടുണ്ട് ഓരോ ചിത്രവും ഒരിക്കലും മാഞ്ഞു പോവാത്ത വിധത്തിൽ…
“എന്റെ അമ്മയുടെ കല്യാണ ഫോട്ടോ മാത്രമല്ല അതിലുള്ളത്.. എന്റെ അച്ഛനൊപ്പമുള്ള അമ്മയുടെ കഴിഞ്ഞ ജീവിതവും ഞങ്ങൾ അനുഭവിച്ചതുമെല്ലാം ഉൾപ്പെടുമതിൽ.. ഒന്നും മറന്നു പോവില്ല…
മുഖത്തടിയ്ക്കും പോലെ അവൾ പറഞ്ഞതും വിളറി അവരുടെ മുഖം.. അവളെയൊന്ന് പാളി നോക്കി പിൻതിരിഞ്ഞവർ അവൾക്കരികിൽ നിന്നും..
തിരക്കും ബഹളവും ഒഴിഞ്ഞൊടുവിൽ കല്യാണമണ്ഡപത്തിന്റെ ഒഴിഞ്ഞൊരു മൂലയിലിരുന്ന് അവന്തിക തന്റെ അമ്മയെ നോക്കി…
അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന അങ്കിളിനോടെന്തോ പറഞ്ഞ് കൂട്ടുക്കാരോടൊപ്പം നിന്ന് ചിരിക്കുകയാണ് അമ്മ…
വിവാഹ വസ്ത്രത്തിലും ആഭരണത്തിലും അണിഞ്ഞ മേക്കപ്പിലും അമ്മ ഒരുപാട് ചെറുപ്പമായതു പോലെ തോന്നിയവൾക്ക്.. ഇപ്പോൾ കണ്ടാൽ തന്റെ ചേച്ചിയാണെന്നേ പറയൂ…
പണ്ടും അതു പറഞ്ഞായിരുന്നല്ലോ അമ്മയെ തന്റെ അച്ഛൻ തല്ലിയിരുന്നത്.. താൻ അമ്മയെ പോലെയാണത്രേ വെളുത്ത സുന്ദരി…
നിറം കുറഞ്ഞ അച്ഛനൊരിക്കലും തന്നെ പോലെ വെളുത്തൊരു മകൾ ഉണ്ടാവില്ല എന്നു പറഞ്ഞു തുടങ്ങുന്ന ആ സംശയ തിരമാല അവസാനിക്കുന്നത് അടി കൊണ്ട് അമ്മയുടെ ബോധം മറയലോടെ ആണ്..
ബോധം മറഞ്ഞ് കിടക്കുന്ന അമ്മയുടെ ശരീരത്തിൽ അച്ഛൻ കാട്ടുന്ന പരാക്രമങ്ങൾ എതിർക്കാനാവാതെ കണ്ടു ഭയന്ന് നിലവിളിക്കാൻ പോലും സാധിയ്ക്കാതെ ഇരുട്ടിലാശ്രയം തേടിയ ഒരു എട്ടു വയസ്സുക്കാരി ഇന്നും തന്റെ ഉള്ളിലുണ്ട്..
ഒരു മകളും കാണാൻ പാടില്ലാത്ത കാഴ്ചകൾ കണ്ടാണ് താൻ വളരുന്നതെന്ന അറിവ് അമ്മയ്ക്കുണ്ടായ നാൾ തന്റെ കൈ പിടിച്ച് അവിടെ നിന്നിറങ്ങി അമ്മ..
അന്നത്തെ അമ്മയുടെ ആ തീരുമാനമാണ് തങ്ങളുടെ ഇന്നത്തെ ഈ സന്തോഷം…
വിജയത്തിന്റെ പടി ജീവിതത്തിൽ അമ്മ ചവിട്ടി കയറിയപ്പോൾ തന്റെ നിർബന്ധം ആണ് ഈ കല്ല്യാണം.. അതും കുഞ്ഞുനാളിൽ അമ്മ മനസ്സിലൊളിപ്പിച്ച അമ്മയുടെ പ്രണയത്തെ കണ്ടെത്തി കൊടുത്തുകൊണ്ടുളള കല്യാണം…
ആദ്യവിവാഹം പരാജയപ്പെട്ട ഇരുവർക്കും ഇനി നല്ലൊരു ജീവിതം കിട്ടട്ടെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചവൾ അവരെ…
അവരെ അവളോളം മനസ്സിലാക്കിയ മറ്റൊരാൾ അവർക്കിടയിലില്ല എന്നതായിരുന്നു സത്യം..
പറയാതെ മനസ്സിൽ സൂക്ഷിച്ച് പതിരായ് മാറിയ അവരുടെ കുട്ടിക്കാല ഇഷ്ടം ഇന്നും അവരുടെ ഉള്ളിലുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത് തങ്ങൾ ഒറ്റപ്പെട്ടപ്പോൾ ശുദ്ധമായ മനസ്സോടെ അയാൾ നീട്ടിയ സഹായങ്ങളിലൂടെയായിരുന്നു…
തോൽവികൾ ഏറ്റുവാങ്ങി തളർന്ന അമ്മയെ ജീവിതത്തിലെ വിജയത്തിന്റെ മന്ത്രങ്ങൾ പഠിപ്പിച്ചത് അങ്കിളാണ്…
ഇന്നമ്മയുടെ ഭർത്താവായ് തങ്ങൾക്കൊപ്പം നിൽക്കുമ്പോഴും തനിക്കദ്ദേഹം അങ്കിൾ തന്നെയാണ് … ഒരിക്കലും വിളിക്കില്ല താനദ്ദേഹത്തെ അച്ഛനെന്ന്…
കാരണം അച്ഛനെന്ന പേരിനോട് ആ വിളിയോട് പോലും മനസ്സ് വെറുത്തൊരു മകളാണ് ഞാൻ…
ചെയ്ത കർമ്മങ്ങൾക്കുള് ശിക്ഷ പോലെ തെറ്റുകൾ തിരിച്ചറിഞ്ഞ് തിരികെ തങ്ങൾക്കരികിലേക്ക് എത്രയോ പ്രാവശ്യം വന്നിരിക്കുന്നു തനിയ്ക്ക് ജന്മം തരാൻ കാരണമായവൻ…
തള്ളിമാറ്റി അകറ്റിയിട്ടേയുള്ളു വന്നപ്പോഴെല്ലാം…
തനിക്കിനിയൊരച്ഛൻ വേണ്ട… പക്ഷെ അമ്മയ്ക്കൊരു തുണ വേണം… അമ്മ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഭർത്താവിന്റെ കരുതലും സ്നേഹവും സംരക്ഷണവും അമ്മയ്ക്ക് വേണം…
അതിനമ്മയെ അമ്മയോളം അറിയുന്നൊരാളും …
അങ്കിളിനോളം അമ്മയെ മനസ്സിലാക്കിയൊരാൾ മതിയമ്മയ്ക്കെന്ന തോന്നലിലാണ് ഡിവോഴ്സിസായ അങ്കിളിനോട് അമ്മയെ വിവാഹം കഴിക്കാമോ എന്നു താൻ ചോദിച്ചത്…
തന്റെ ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ അവരുടെ ഈ വിവാഹം…
ഇനിയെങ്കിലും അവരാഗ്രഹിച്ചതു പോലവർ ജീവിയ്ക്കട്ടെ…
നമ്മുക്ക് മാറിയിരുന്നവരുടെ കുറ്റങ്ങൾ പറഞ്ഞ് സന്തോഷിക്കാം… കാരണം നമ്മളെ കൊണ്ടതിനല്ലേ പറ്റുകയുള്ളു …
RJ