(രചന: RJ)
ഓ.. കേറിപ്പോയിട്ടുണ്ട് രണ്ടും കൂടി മുറിയിലോട്ട്, പെണ്ണിൻ്റെ മണമടിച്ചാ മതി അവന് നേരോം കാലോമില്ലാതെ ……. അതെങ്ങനാ മൂടും കുലുക്കി നടപ്പല്ലേ ഒരുത്തി.
നീയിതാരുടെ കാര്യമാ രാധേ പറയുന്നത്.
ഉച്ച പണി കഴിഞ്ഞ് പറമ്പിലേക്കിറങ്ങിയ രാധയുടെ പറച്ചിൽ കേട്ടാണ് കാർത്തു വേലിയ്ക്കൽ വന്നെത്തി നോക്കിയത്.
താൻ പറഞ്ഞത് അവര് കേട്ടു എന്നറിഞ്ഞതോടെ രാധയ്ക്ക് ഉത്സാഹമായി.
വേറാരാ എൻ്റ മോൻ ഒരു പെങ്കോന്തൻ ഉണ്ടല്ലോ അവനെ തന്നെ
വേലിയിലെ ശീമക്കൊന്നയിലേക്ക് ചാരി രാധ എളിയിൽ കൈകുത്തി നിന്നു.
നീയീ വാലും തലയും ഇല്ലാതെ പറഞ്ഞാ വല്ലതും മനസ്സിലാവോ മനുഷ്യന്, നേരെ ചൊവ്വേ പറഞ്ഞുകൂടെ?
എൻ്റെ കാർത്തൂ,
ഇവിടെ ഒരുത്തൻ ഉണ്ടല്ലോ, എപ്പോ നോക്കിയാലും ഭാര്യേടെ മൂടും താങ്ങി നടപ്പാ അവൻ്റെ ജോലി.
രാവെന്നുമില്ല പകലെന്നുമില്ല
രണ്ടും മുറിക്കുള്ളില് അടച്ചൊരിരുപ്പാ.
ഇങ്ങനെയുണ്ടോ ഒരു പുതുക്കം. പ്രായം തികഞ്ഞ പെണ്ണൊരുത്തി വീട്ടിൽ ഉണ്ടെന്ന് ഒരു ചിന്ത പോലും ഇല്ല.
അവര് കല്യാണപ്പുതുക്കത്തിലല്ലേ രാധേ അങ്ങനെയൊക്കെ ഉണ്ടാകും.
ഒരു ഒളിയും മറയും ഒക്കെ വേണ്ടേ?
ചെറുക്കനെ ഞാൻ കുറ്റം പറയില്ല ചോരേം നീരും ഓടണ പ്രായമല്ലേ
എപ്പോഴും കൂടെ വേണം എന്നൊക്കെ തോന്നും
അവള് വേണ്ടേ ശ്രദ്ധിക്കാൻ.
അമ്മയുണ്ട് അനിയത്തി ഉണ്ട് എന്നചിന്ത വേണ്ടേ ,
രാധയുടെ മകനായ മനുവിൻ്റെയും മരുമകൾ മീരയുടേയും കാര്യമാണ് ഇത്ര കാര്യമായി അവർ പറയുന്നത്. രണ്ട് മക്കളാണവർക്ക് മനുവും മാതുവും .
മനുവിൻ്റേയും മീരയുടേയും വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതേ ഉള്ളൂ. പ്രേമിച്ച് കല്യാണം കഴിച്ചതായതുകൊണ്ട് രാധയ്ക്ക് മീരയോട് അത്ര താത്പര്യം ഇല്ല പക്ഷേ അത്യാവശ്യം സ്വർണ്ണവും പണവും കിട്ടിയത്കൊണ്ടും ഒറ്റ മകളായതുകൊണ്ട് കിട്ടാൻ പോകുന്ന വീടും പറമ്പിൻ്റേയും കണ ക്കോർത്ത് പ്രതൃക്ഷത്തിൽ യാതൊന്നിനും പോകാറില്ല അവർ. എന്നാൽ തരം കിട്ടിയാൽ അയൽവക്കത്തുള്ളവരോടൊക്കെ അവളുടെ കുറ്റം പറഞ്ഞു നടക്കുകയും ചെയ്യും.
മീരയ്ക്ക് ആദ്യം വലിയ വിഷമം തോന്നിയെങ്കിലും മനു കാര്യമാക്കണ്ട എന്ന് പറഞ്ഞതും, അയൽവക്കത്തുള്ളവർക്ക് രാധയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും അവളതിനെ മൈൻഡ് ചെയ്യാറില്ലായിരുന്നു.
അമ്മയുടെ പറച്ചിലുകൾ മനുവിലും നീരസമുണ്ടാക്കിയിരുന്നു താനെന്തെങ്കിലും പറഞ്ഞാൽ അതിനും പഴി മീരയ്ക്കാവും എന്ന് ഉറപ്പുള്ളതുകൊണ്ട് അവൻ എതിർത്ത് പറയാറില്ല.
മാതു പക്ഷേ അങ്ങനെയല്ല പലപ്പോഴും അമ്മയുടെ അത്തരം സംസാരങ്ങളെ എതിർവാക്കുകൾ കൊണ്ട് നേരിടും. അവൾക്ക് മീരയെ വലിയ കാര്യമാണ്.
ഇപ്പോഴുള്ള പരാതി ജോലിക്ക് പോകാതെ മീരയ്ക്കൊപ്പം മുറിയിലാണ് മനു എന്നതാണ്.
ജോലിയെല്ലാം ഒതുക്കി ചുരുക്കം കിട്ടുന്ന സമയത്താണ് മീരയൊന്ന് കിടക്കുക.
കല്യാണം പ്രമാണിച്ച് മനുവിന് റീ ജോയിൻ ചെയ്യാനുള്ള തീയതിയും ആയിട്ടില്ല. അവനും മുറിയിലുണ്ടാകും,
അമ്മയ്ക്ക് ഒന്നും തോന്നേണ്ടന്ന് കരുതി മുറിയുടെ ഡോർ പോലും അടയ്ക്കാതെയാണ് അവർ മുറിയിരിക്കുന്നതും.
കുറച്ച് കൊഞ്ചലുകളും അവരുടേതായ സംസാരങ്ങളും ഒഴിച്ച് അതിരുകൾ കടക്കാറില്ല രണ്ടാളും മാതു ഉണ്ടെന്ന് ഓർത്തു കൊണ്ട് തന്നെ. അതിനും രാധയ്ക്ക് കുറ്റമാണ്.
അമ്മയുടെ പരാതി കാരണം രണ്ടാഴ്ച ഹണിമൂണിന് പോവാനായി പ്ലാൻ ചെയ്തിരുന്നു മനു . പക്ഷേ അത്ര ദൂരത്തൊന്നും പോകേണ്ട എന്നും ബന്ധുവീടുകളിൽ പോവാനുള്ളതാണെന്ന് കാരണം പറഞ്ഞും ആ യാത്ര രാധ മുടക്കി.
എങ്കിൽ കുറച്ച് ദിവസം മീരയുടെ വീട്ടിലേക്ക് പോയി വരാമെന്ന് പറഞ്ഞതിനും രാധയുണ്ടാക്കാത്ത പുകിലില്ല.
വന്ന് കേറിയപ്പോഴേക്കും അച്ചിവീട്ടിൽ പെറ്റു കിടക്കാൻ പൂതിയായി,
പെറ്റമ്മയെ വേണ്ടാതായി എന്നുള്ള പതം പറച്ചിലിൽ മീര തന്നെയാണ് അതും വേണ്ടെന്ന് മനുവിനോട് പറഞ്ഞത്.
അന്ന് മീരയ്ക്ക് പീരിയഡ്സിൻ്റെ സ്റ്റാർട്ടിംഗായതുകൊണ്ട് നല്ല വയറുവേദനയുണ്ടായിരുന്നു.
പണിയൊക്കെ താൻ നോക്കിക്കൊള്ളാം പോയി കിടക്കാനായി മാതുവാണ് അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടത്.
മനു അവളുടെ വയറുവേദനയ്ക്ക് തിളപ്പിച്ച വെള്ളവുമായി മുറിയിലേക്ക് കയറിയതും ചൂട് പിടിക്കുന്നതും കണ്ടതാണ് രാധയുടെ ഇന്നത്തെ പ്രശ്നം.
“കാർത്തുന് അറിയാഞ്ഞിട്ടാകഴിഞ്ഞ ദിവസം മുറിയില് ചെന്ന ഞാൻ നാണിച്ച് പോയി.
ചെറുക്കൻ്റെ മടിയിൽ കയറിയിരുന്ന് അവള് കാണിക്കുന്ന ഓരോ കോപ്രായങ്ങള് കണ്ടാ തൊലി ഉരിഞ്ഞു പോവും.
രണ്ടും കൂടി കെട്ടിപ്പിടിച്ച് ഇരിപ്പാ
എൻ്റെ കാർത്തുവേ എങ്ങനെയാ ഞാനവിടെ നിന്ന് പോന്നതെന്ന് പറയാൻ പറ്റില്ല.
എൻ്റെ സ്ഥാനത്ത് മാതുവെങ്ങാനും ആയിരുന്നെങ്കിലോ.
കെട്ടിക്കാൻ പ്രായമായവളാ.
അത് അവര് ചെയ്തത് തെറ്റാ രാധേ ,
സ്വന്തം വീടായാലും മുറി തുറന്നിടാൻ പാടില്ലായിരുന്നു.
അത് ശരി, മുറി തുറന്നിട്ടതാണോ അപ്പോ തെറ്റ് അല്ലാതെ പട്ടാപ്പകല് ഓരോ കൂത്ത് കാണിച്ചതല്ല അല്ലേ ?
രാധയ്ക്ക് നീരസം തോന്നി കാർത്തുവിൻ്റെ പറച്ചിലിൽ.
ഭാര്യയും ഭർത്താവും ആകുമ്പോ അങ്ങനെയൊക്കെയല്ലേ രാധേ , അതും കല്യാണം കഴിഞ്ഞ് കുറച്ച് ആയതല്ലേ ഉള്ളൂ.
പുറത്തെവിടെയെങ്കിലും പോവാൻ നീ സമ്മതിച്ചും ഇല്ല അപ്പോ പിന്നെ അവരെ കുറ്റം പറയുന്നതെങ്ങനെയാ.
മാത്രമല്ല മറ്റൊരാളുടെ മുറിയിലേക്ക് ചെല്ലുമ്പോ നമ്മള് ചോദിക്കണ്ടേ അതല്ലേ മര്യാദ.
എൻ്റെ വീട്ടിലെ മുറിയിലല്ലേ അല്ലാതെ കണ്ടവൻ്റെ വീട്ടിലല്ലല്ലോ ഞാൻ കയറിയത്. അതിലെന്ത് മര്യാദ കേടാ ഉള്ളത് .
കാർത്തുവിൻ്റെ സംസാരം രാധയ്ക്കിഷ്ടപ്പെടുന്നുണ്ടായില്ല
അതിൻ്റെ രസക്കേട് മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.
മക്കള് കല്യാണം കഴിഞ്ഞ അവര് വേറെ കുടുംബമായി അപ്പോ അവരുടെ സ്വകാര്യത നമ്മള് മുതിർന്നവരല്ലേ നോക്കേണ്ടത്.
മാതുവിനെ കെട്ടിച്ച് വിട്ടിട്ട് അവിടെയാണ് ഇങ്ങനെ നടക്കുന്നതെങ്കിലോ?
പിന്നേ, അവളുടെ അടുത്താരും ഒന്നും പറഞ്ഞ് വരില്ല അങ്ങനെ വന്നാലേ ഈ രാധ ആരാന്നറിയും അവര്.
അവൾ ചൊടിച്ചു.
മീരയ്ക്കും ചോദിക്കാനും പറയാനും ആളില്ലേ രാധേ , അവരോട് മീര ഇക്കാര്യങ്ങൾ പറയാതിരിക്കോ ?
ഇതു വരെ ആരെങ്കിലും അവിടെ നിന്ന് മോശമായി പെരുമാറിയിട്ടുണ്ടോ നിന്നോട്.
അതില്ലെന്ന് രാധയ്ക്കും അറിയാമായിരുന്നു. മീരയുടെ അച്ഛനും അമ്മയും വളരെ സ്നേഹത്തിലാണ് തന്നോടും മാതുവിനോടും പെരുമാറുന്നതും വിളിച്ച് സംസാരിക്കുന്നത്.
ഇവിടത്തെ കാര്യങ്ങൾ ഒന്നും മീര പറയാറില്ല എന്ന് മനസിലാക്കാവുന്നതേ ഉള്ളൂ.
രാധയ്ക്ക് മറുപടി ഉണ്ടായില്ല.
നമ്മടെയൊക്കെ കാലത്ത് കെട്ട് കഴിഞ്ഞ് ഒരു കൊച്ചായി കഴിഞ്ഞാ ഭർത്താവിൻ്റെ മുഖം പോലും നേരെ ചൊവ്വേ കാണാൻ പറ്റുക . നമ്മൾ അനുഭവിച്ചത് നമ്മുടെ മരുമക്കളോട് കാണിക്കുന്നതാണോ ശരി ?
അവരും നമ്മളെപ്പോലെ മറ്റൊരു അമ്മയുടെ മകളല്ലേ, നീ മാതുവിനെ എങ്ങനെയാ കൊണ്ടു നടക്കുന്നത് അതേ പോലെ ആയിരിക്കില്ലേ അവരും
മകളെ വളർത്തിയിട്ടുണ്ടാവുക.
കാർത്തുവിൻ്റെ വാക്കുകൾ രാധയുടെ മനസ്സിലൊരു ചാഞ്ചാട്ടം ഉണ്ടാക്കി.
പെൺമക്കള് കല്യാണം കഴിച്ചാ അന്യർക്കാ , അവസാന കാലത്ത് ഒരിറ്റ് വെള്ളം തരാൻ ചിലപ്പോ ഈ മരുമക്കളേ കാണൂ . നീയിനിയെങ്കിലും ഒന്ന് ചിന്തിക്ക് എന്നിട്ട് ആ പാവം കുട്ടിയെ വിഷമിപ്പിച്ചാതെ മാതുവിനെ പോലെ കാണാൻ നോക്ക്.
കാർത്തു തിരിച്ചു പോയിട്ടും രാധ ഒരു നിമിഷം കൂടി അവിടെ തന്നെ നിന്നു.
അവർ പറഞ്ഞ വാക്കുകൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ
താൻ പറഞ്ഞതും ചെയ്തതുമെല്ലാം
തെറ്റ് തന്നെയായിരുന്നുവെന്ന് ബോധ്യം വന്നു അവൾക്ക്.
അതേ ചിന്തയോടെ രാധ നേരെ ചെന്നത് മനുവിൻ്റെ മുറിയിലേക്കാണ്
ഡോറിലൊന്ന് തട്ടി കാത്തുനിന്നതും
മിഴിച്ച മുഖത്തോടെ വന്ന മനുവിനെയും
ചാടിയെഴുന്നേറ്റ മീരയേയും നോക്കി പുഞ്ചിരിച്ചു രാധ.
മോള് കിടന്നോ, വേദന കുറഞ്ഞിട്ട് എണീറ്റാ മതി.
മനുവേ നീയാ ബാമിത്തിരി പുരട്ടിക്കൊടുക്ക് കുറച്ച് ആശ്വാസം കിട്ടും അപ്പഴേക്കും അമ്മ ഉലുവ വെള്ളം തിളപ്പിക്കാം.
പിന്നെ നാളെയാവുമ്പോ മീരയുടെ വീട് വരെയൊന്ന് പോയി വാ എന്തായാലും അവൾക്ക് വയ്യ ഈ സമയത്ത് അമ്മയെ കാണാനൊക്കെ തോന്നും.
അതും പറഞ്ഞ് അടുക്കളയിലേക്ക് നടക്കുന്ന രാധയെ നോക്കി കണ്ണ് മിഴിച്ച് നിൽക്കുകയായിരുന്നു മനുവും മീരയും.