ആദ്യ രാത്രിയിൽ കിടക്കുന്ന ഈ വിചാരം മാത്രമേയുള്ളു നമുക്കു അല്പം വെറൈറ്റി വേണ്ടേ, എന്റെ ആഗ്രഹങ്ങൾ..

ആദ്യരാത്രി
(രചന: Rivin Lal)

തൃദേവിന്റ കല്യാണം കഴിഞ്ഞന്ന് ആദ്യ രാത്രിയിൽ ഒരുപാടു പ്രതീക്ഷകളുമായാണവൻ മുറിയിൽ ഭാര്യ വൈഭയെ കാത്തിരുന്നത്.

വടക്കു നോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്റെ ആദ്യ രാത്രി പോലെ തൃദേവ് ജനൽക്കരികിൽ നിന്നു വൈഭയെ വരവേൽക്കുന്നത് പ്രാക്ടീസ് ചെയ്തു.

“വരൂ വൈഭേ.. നമുക്കു ഈ രാത്രിയോടെ പുതിയൊരു ജീവിതം തുടങ്ങാം.. ഗ്ലാസ്സിലെ പാൽ അങ്ങോട്ട് വെക്കൂ.. നമുക്കല്പം സംസാരിച്ചു കൊണ്ടു തുടങ്ങാം.. ”

ഡയലോഗുകൾ ഓരോന്നായി തൃദേവ് ജനലിന് പുറത്തേക്കു നോക്കി കയ്യിൽ റോസാപൂവും കയ്യിൽ പിടിച്ചു പഠിച്ചു കൊണ്ടിരുന്നു.

കസവു സാരിയുടുത്തു തലയിൽ മുല്ലപ്പൂവൊക്കെ വെച്ചൊരു വധുവിനെയാണ് തൃദേവ് പ്രതീക്ഷിച്ചത്.

സമയം പത്തു മണിയാവാറായി. മുകളിലെ ബെഡ് റൂമിൽ കാത്തിരുന്നു അവന്റെ ക്ഷമ നശിച്ചു തുടങ്ങി.

അപ്പോളുണ്ട് കോണിപടിയുടെ കൈവരിയിൽ സ്വർണവളകളുടെ കിലുക്കം ചെറുതായി കേട്ടു തുടങ്ങുന്നു. അവൾ പാലുമായി കോണി കയറി വരികയാവും അവൻ മനസ്സിൽ ചിന്തിച്ചു.

“വരൂ വൈഭേ.. ഞാൻ എത്ര നേരമായി നിനക്ക് വേണ്ടി കാത്തിരിക്കുന്നു…!” അവന്റെ മനസ്സ് അവളെ കാണുമ്പോൾ ഡയലോഗ് പറയാനായി തയാറായി നിന്നു.

അവൾ വാതിലിൽ ഒന്ന് മുട്ടി മെല്ലെ തുറന്നു അകത്തേക്ക് കടന്നു.

“ദൈവമേ.. ഈ രാത്രി മിന്നിച്ചേക്കണേ..” എന്ന് മനസ്സിൽ ധ്യാനിച്ചു തൃദേവ് സിനിമാ സ്റ്റൈലിൽ അവളെ നോക്കാനായി ജനൽക്കരികിൽ നിന്നും മുഖം തിരിച്ചു.

അവളുടെ മുഖം കണ്ടതും തൃദേവ് പറയാൻ വന്നതൊക്കെ മറന്നു പോയി.
“ഭ.. ഭ… ഭ… ബാവയെപ്പോളാ വന്നേ..??” വിക്കി വിക്കി അവൻ പറഞ്ഞൊപ്പിച്ചു.

“ബാവയോ..?? ഏത് ബാവ..?? ഞാൻ വൈഭയാണ് ചേട്ടാ…!” അവൾ അന്താളിച്ചു കൊണ്ടു അവനെ നോക്കി പറഞ്ഞു.

“ആഹ്.. വൈഭ.. ഞാൻ പെട്ടെന്ന് വിളിച്ചപ്പോൾ പറഞ്ഞത് തെറ്റി പോയതാ.!” അവൻ ഒരു വളിച്ച ചിരിയോടെ പറന്നു.

“അത് സാരമില്ല.. ഇനി ചേട്ടന് തെറ്റാതിരുന്നാൽ മതി..!” അവൾ ഒരു ചെറിയ നാണത്തോടെ പറഞ്ഞു.

അപ്പോളാണ് അവനവളിട്ട ഡ്രസ്സ്‌ ശ്രദ്ധിച്ചത്. ഒരു ത്രീ ഫോർത്തും ടി ഷർട്ടുമാണ് വേഷം. കയ്യിൽ പാലില്ല. പക്ഷേ ഗ്ലാസ്സുണ്ട്. കഴുത്തിൽ താലിയുണ്ട്, കയ്യിൽ വളകളും

പെട്ടെന്നൊരു നിമിഷം അവൻ മുകളിലേക്കു എന്തോ ആലോചിച്ചു നിന്നു, അപ്പോളവന്റെ മനസ്സിൽ കസവു സാരിയുടുത്ത പാൽ ഗ്ലാസുമായുള്ള അവളുടെ ഫ്രെയിം ചില്ലു ഗ്ലാസ്‌ പൊട്ടുന്ന പോലെ പൊട്ടി ചിതറി മായ്ഞ്ഞു.

“ചേട്ടൻ എന്താ ആലോചിക്കുന്നെ..” അവൾ ചോദിച്ചു.

“അല്ല.. അത് പിന്നെ.. ഈ ആദ്യ രാത്രി നമ്മൾ സിനിമയിൽ കാണുന്ന പോലെ ഒന്നുമല്ല അല്ലേ..?” അവൻ വിജ്‌റിംഭിച്ച മുഖത്തോടെ ചോദിച്ചു.

ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി. എന്നിട്ടു പറഞ്ഞു “ചേട്ടന് ഇപ്പോളും 1990 ഇൽ നിന്നും 2022 ലേക്കുള്ള വണ്ടി കിട്ടിയിട്ടില്ലല്ലേ..? സാരമില്ല.. ഒക്കെ ഞാൻ മാറ്റിയെടുത്തോളാം..”

“പാലെവിടെ..?” അവൻ ചോദിച്ചു.

“ഓഹ് അതോ… സത്യം പറയാലോ ചേട്ടാ.. ഞാൻ പണ്ട് മുതലേ പാൽ കുടിക്കാറില്ല.. ചേട്ടന്റെ അമ്മ പാൽ ഗ്ലാസ്‌ എന്റെ കയ്യിൽ തന്നതാ..

ഞാനാ വേണ്ടാ എന്ന് പറഞ്ഞു തിരിച്ചു കൊടുത്തേ.. അമ്മയോട് വെള്ളം കുടിക്കാനാ എന്ന് പറഞ്ഞു പകരം ഞാൻ രണ്ടു കുപ്പി ഗ്ലാസ്‌ എടുത്ത് പോന്നു.

പിന്നെ ഈ ഡ്രസ്സ്‌ ഒന്നും നോക്കേണ്ട കേട്ടോ.. ഈ രാത്രിയിൽ ആരാ സാരിയൊക്കെ ചുറ്റി കിടക്കുന്നെ.. ഉറങ്ങുമ്പോൾ കംഫർട് ആയ ഇത്തരം സിമ്പിൾ ഡ്രസ്സ്‌ ആണ് എനിക്കിഷ്ടം.

ആചാരങ്ങൾ ഒക്കെ പണ്ടുള്ളതല്ലേ, അതേ പോലെയൊക്കെ തന്നെ നമ്മൾ നടന്നോളണം എന്ന് എവിടെയും എഴുതി വെച്ചിട്ടൊന്നുമില്ലല്ലോ. ചേട്ടനും ഈ മുണ്ടൊക്കെ വേണേൽ അഴിച്ചു കളഞ്ഞോട്ടോ.

“ഏഹ്…” അവൻ ഞെട്ടി അവളെ തുറിച്ചു നോക്കി.

“ഹേയ് അതല്ല.. ഈ മുണ്ട് കളഞ്ഞു പകരം ഫഹദ് ഫാസിൽ ഒക്കെ ഇടുന്ന പോലെ വല്ല ട്രൗസറോ ട്രാക്ക് പാന്റോ മറ്റൊ ഇട്ടോളൂ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.!” അവൾ അവന്റെ അന്താളിപ്പ് മാറ്റി കൊടുത്തു.

“ഓഹ്.. അങ്ങിനെ..!” അത് കുഴപ്പമില്ല. ഇന്നിതു മതി. കസവു മുണ്ടിന്റെ കര പിടിച്ചു കൊണ്ടവൻ പറഞ്ഞു.

“ചേട്ടൻ ഇരിക്കു.. നമുക്കു ഇരുന്നു സംസാരിക്കാം..!” അവൾ പറഞ്ഞു.

“അതും ശെരിയാ.. നിന്നു കാലു കഴക്കണ്ടല്ലോ .” അവനും അവൾക്കൊപ്പം കട്ടിലിൽ ഇരുന്നു.

“അപ്പോൾ ഇന്ന് നമ്മുടെ ആദ്യ രാത്രിയാ.. എന്തൊക്കെയാ പ്ലാൻസ്..?” ചേട്ടൻ പറ. അവളുടെ ചോദ്യം അവനെ അതിശയിപ്പിച്ചു.

“പ്ലാൻ എന്ന് പറയുമ്പോൾ..! അല്പം സംസാരിക്കണം.. പിന്നെ കിടക്കണം.. ഉറങ്ങണം.. വേറെ എന്താ..?” അവൻ നിഷ്കുവായി പറഞ്ഞു.

“അയ്യേ.. ഇതാണ് നിങ്ങൾ ആണുങ്ങളുടെ പ്രശ്നം. ആദ്യ രാത്രിയിൽ കിടക്കുന്ന ഈ വിചാരം മാത്രമേയുള്ളു. നമുക്കു അല്പം വെറൈറ്റി വേണ്ടേ.. എന്റെ ആഗ്രഹങ്ങൾ പറയട്ടെ. ചേട്ടൻ നടത്തി തരുമോ..?

ഇന്ന് രാത്രി മുഴുവൻ നമ്മൾ സംസാരിച്ചിരിക്കുന്നു” അവൾ പറഞ്ഞു.

“രാവിലെ വരെ ഉറക്കമിളച്ചു സംസാരിക്കാനോ.. വേറെ ചടങ്ങുകൾ ഒന്നുമില്ലേ..??” അവൻ വിശ്വാസം വരാതെ ചോദിച്ചു.

“ആഹ്.. അതെന്താ സംസാരിച്ചിരുന്നാൽ..?? ആകാശം ഒന്നും വീഴൂലല്ലോ. അത് പറഞ്ഞപ്പോളാ, ചേട്ടൻ വെള്ളമടിക്കുമോ..??” അവൾ ചോദിച്ചു.

“അതിപ്പോൾ വല്ലപ്പോഴും അടിക്കും.” അവൻ മറുപടി പറഞ്ഞു.

“മതി.. മതി.. ധാരാളം..!” ചേട്ടൻ ഗൾഫിൽ നിന്നും കുപ്പി കൊണ്ടു വന്ന കാര്യമൊക്കെ അനിയത്തി ദേവു പറഞ്ഞു ഞാനറിഞ്ഞു.

അത് കൊണ്ടു അലമാരയിൽ സൂക്ഷിച്ചു വെച്ച ആ സ്കോച്ച് വിസ്കി ചേട്ടൻ ഇങ്ങേടുത്തെ. നമുക്ക് രണ്ടെണ്ണം അടിച്ചു തുടങ്ങാം..? ”

ഇവളിതെന്തിന്റെ പുറപ്പാടാണ് എന്ന് അവൻ അതിശയിച്ചു. പിന്നെ അവൾ നിർബന്ധിച്ചപ്പോൾ കുപ്പിയെടുത്തു മൂടി പൊട്ടിച്ചു തുറന്നു.

അവൾ രണ്ടു കാലും മടക്കി വെച്ചു നിലത്തു ഇരുന്നു. “ചേട്ടൻ ഇരിക്ക്..” അവൾ രണ്ടു ഗ്ലാസ്സിലേക്ക് ഓരോ പെഗ് വീതം ഒഴിക്കുമ്പോൾ അവനോടായി പറഞ്ഞു.

അവൻ അല്പം സംശയത്തോടെ മെല്ലെ അവൾക്കഭിമുഖമായി ഇരുന്നു. അവൾ രണ്ടു പേർക്കുമായി ഗ്ലാസിൽ പെഗ് ഒഴിച്ചു റെഡിയാക്കി.

എന്നിട്ടു അവന്റെ കയ്യിലേക്ക് ഒരു ഗ്ലാസ്‌ കൊടുത്തിട്ടു പറഞ്ഞു “ചിയേർസ് ചേട്ടാ..!” അവൻ ചിയേർസ് തിരിച്ചു പറയുന്ന മുൻപേ അവൾ ഒറ്റ വലിക്കു ആ ഗ്ലാസിലുള്ളത് മുഴുവൻ വലിച്ചു തീർത്തു.

“എന്തൊരു ജന്മമാടാ ഇത്” എന്ന് അവൻ മനസ്സിൽ വിചാരിച്ചു.

“ആഹ്.. ചേട്ടൻ വെച്ചോണ്ടിരിക്കാതെ അടിക്കെന്നെ…” അവൾ മോട്ടിവേഷൻ കൊടുത്തു.

അവൻ മനസ്സില്ലാ മനസോടെ അത് വലിച്ചു കുടിച്ചു.

“നല്ല കുട്ടി.. ഇങ്ങിനെ വേണം ഭർത്താക്കന്മാർ ആയാൽ.. ഹി.. ഹി..!” അവൾ ചിരിക്കാൻ തുടങ്ങി.

“ഒരൊറ്റ പെഗിൽ ഇവൾ ചിരി തുടങ്ങിയാൽ രണ്ടെണ്ണം കൂടി അടിച്ചാൽ.. ദൈവമേ.. അവൻ തലയ്ക്കു കൈ വെച്ചു.

അവനതു ചിന്തിച്ചു കഴിയും മുൻപേ അവൾ രണ്ടാമത്തെ പെഗ് ഒഴിച്ചു, അതും അവന്റെ കയ്യിൽ കൊടുത്തു പറഞ്ഞു “വീണ്ടും ചിയേർസ് ചേട്ടാ..!”. അതും അതേ പോലെ അവൾ അകത്താക്കി. എന്നിട്ടു മേശമേൽ ഉണ്ടായിരുന്ന ട്രെയിൽ വെച്ച ആപ്പിൾ എടുത്ത് ഒരു കടി കടിച്ചു.

“ചേട്ടന് അറിയുമോ..?? എനിക്ക് മൂന്ന് കാമുകന്മാർ ഉണ്ടായിരുന്നു” അല്പം നാവു കുഴഞ്ഞു കൊണ്ടാണവൾ പറഞ്ഞു തുടങ്ങിയത്.

മൂന്നോ..?? ബെസ്റ്റ്..!” ആരൊക്കെയാ കേൾക്കട്ടെ. അവനും ചെറുതായി മദ്യം തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു.

“ഞാൻ പത്തിൽ പഠിക്കുമ്പോൾ ഒരുത്തൻ എന്നെ പ്രേമിച്ചു. പ്ലസ് വണ്ണിന് എത്തിയപ്പോൾ അവൻ എന്നെ തേച്ചു.

ആ ദേഷ്യത്തിന് പ്ലസ് ടുവിനു ഞാൻ വേറെ ഒരുത്തനെ പ്രേമിച്ചു തേച്ചു. കോളേജിൽ എത്തിയപ്പോൾ ഒരുത്തൻ കൂടി സെറ്റ് ആയി അവനും എന്നെ തേച്ചു.

ചുരുക്കി പറഞ്ഞാൽ തേക്കാ.. സെറ്റ് ആവുക .. തേക്കാ.. സെറ്റ് ആവുക.. ഇതായിരുന്നു പതിവ്.. അതിലെ ആ രണ്ടാമത്തെ തെണ്ടി ഒരു ദിവസം എന്റെ സമ്മതമില്ലാതെ എന്നെ കെട്ടി പിടിച്ചു ഉമ്മ വെച്ചു..”

“ആഹാ.. എന്നിട്ടു എന്നിട്ട്…?” അവൻ ആകാംഷയോടെ താടിക്ക് കയ്യും വെച്ചു ചോദിച്ചു.

“എന്നിട്ടെന്താ.. ഞാനവന്റെ ചെക്കിടത്തു നോക്കി ഒന്ന് പൊട്ടിച്ചു. അവന്റെ ഇടത്തെ സൈഡിലെ ഒരു പല്ല് ഇളകി പോയെന്ന പിന്നീട് അറിഞ്ഞേ.

ആ കോന്തന് മര്യാദക്ക് ഉമ്മ ചോദിച്ചാൽ ഞാൻ അവന് കൊടുക്കില്ലായിരുന്നോ. ഇതൊരു മാതിരി ആക്രാന്തം മൂത്ത് ആക്രമിക്കാൻ വന്നേക്കുന്നു, അപ്പോൾ പിന്നേ കൈ തരിക്കാതെ ഇരിക്കുമോ. ചേട്ടൻ ഇതൊന്നും കേട്ടു പേടിക്കേണ്ട കേട്ടോ.

ചേട്ടനെ ഞാൻ ഒന്നും ചെയ്യില്ല. പക്ഷേ ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണെന്ന് ഇടയ്ക്കൊന്നു ചേട്ടൻ ഓർത്താൽ മതി” അവൾ അല്പം അഭിമാനത്തോടെ പറഞ്ഞു.

തൃദേവ് അപ്പോൾ തന്നെ ഫോണെടുത്തു ഗൂഗിളിൽ ട്രെയിൻ സമയം നോക്കാൻ തുടങ്ങി.

“ചേട്ടൻ എന്താണീ നോക്കുന്നെ.? അവൾ സംശയത്തോടെ ചോദിച്ചു.

“ഞാനെ… അടുത്ത രാജധാനി ട്രെയിൻ എപ്പോളാ വരുന്നേ എന്ന് നോക്കിയതാ.!” അവൻ പറഞ്ഞു.

“അതെന്തിനാ ചേട്ടാ…? അവൾ വീണ്ടും ആശ്ചര്യത്തോടെ ചോദിച്ചു.

“രണ്ടെണ്ണം അടിച്ചു നിന്നെ സഹിക്കുന്നതിലും ബേധം രാജഥാനിക്ക് തല വെക്കുന്നതാ..!” അവൻ പറഞ്ഞു.

അവൻ എണീക്കാൻ പോയപ്പോൾ
“നിങ്ങൾ എവിടെയും പോണില്ല. ഇങ്ങോട്ടിരുന്നേ മനുഷ്യാ. ഞാൻ ബാക്കി പറയട്ടെ ..?” ബാക്കി കഥ പറയാഞ്ഞിട്ടു അവൾക്കു സമാദാനം ഉണ്ടായില്ല.

“എന്നാൽ ബാക്കി പറ.. കേൾക്കട്ടെ. അവൻ വീണ്ടും കേട്ടിരുന്നു.

അവൾ തുടർന്നു “ഒരിക്കൽ ഒരുത്തൻ എന്നെ പെണ്ണ് കാണാൻ വന്നു. കാര്യമായി സ്ത്രീധനം വേണമെന്ന് അച്ഛനോട് മുഖത്തു നോക്കി കണക്കു പറഞ്ഞപ്പോൾ അവനെ മുറിയിലേക്ക് വിളിച്ചു അല്പം സംസാരിക്കാനുണ്ടെന്നു പറഞ്ഞു ഒരു അഞ്ചു മിനിറ്റ് സംസാരിച്ചേ ഉള്ളൂ. അവൻ ജീവനും കൊണ്ടോടി”.

“അതിന് നീ എന്താ അവനോടു പറഞ്ഞെ.. സ്ത്രീധനം ചോദിച്ചതിന് വല്ല മുട്ടൻ തെറിയും.. ??” അവൻ ആകാംഷയോടെ ചോദിച്ചു..??

“ഹി.. ഹി.. പിന്നല്ല.. മരിച്ചു പോയ അവന്റെ അപ്പൂപ്പൻ വരെ പരലോകത്ത് നിന്നും എണീറ്റു ഓടി രക്ഷപ്പെട്ടു കാണും” അവൾ ഫിറ്റായി കൊണ്ടു പറഞ്ഞു.

“ഹോ.. അത് നന്നായി.. അവനതു കിട്ടണം. നീ ബല്ലാത്തൊരു ജാതി തന്നെ. എന്നിട്ട്.. എന്നിട്ട്..??

അത് പറഞ്ഞപ്പോളാ.. ചേട്ടന് അറിയുമോ, എനിക്ക് ഒളിച്ചോടി കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. അവൾ ആഗ്രഹം പറഞ്ഞു.

“യു മീൻ.. പ്രേമം മൂത്തുള്ള ഒളിച്ചോട്ടം…??” അവൻ ചോദിച്ചു.

“അത് തന്നെ… ഈ ചേട്ടനെ കൊണ്ടു ഞാൻ തോറ്റു.. പക്ഷേ എന്ത് ചെയ്യാൻ.. ഒളിച്ചോടാൻ ലിസ്റ്റിലുള്ള ഒരുത്തനും ധൈര്യം ഉണ്ടായില്ല. അച്ഛനാണെൽ പ്രേമം എന്ന് കേൾക്കുന്നതേ കലിപ്പാ..

നല്ല പോലെ എന്നെ കെട്ടിക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ചേട്ടനായിരുന്നു ആ ഭാഗ്യം. അങ്ങിനെ പ്രേമിച്ചു ഒളിച്ചോടാൻ ആഗ്രഹിച്ച ഞാൻ അറേൻജ്ഡ് മാര്യേജിൽ ഈ വീട്ടിലേക്കു കയറി വന്നു.. ആഹാ എന്ത് നല്ല ആചാരങ്ങൾ.. അത് പറഞ്ഞു അവൾ പിന്നിലേക്ക് കയ്യൂന്നി ഇരുന്നു.

“ആഗ്രഹം ചീറ്റി പോയല്ലോ മോളേ.. ഇനിയിപ്പോൾ എന്താ ചെയ്യാ..???” അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു ചോദിച്ചു.

അവൾ ചുണ്ടിൽ ചൂണ്ടു വിരൽ കൊണ്ടു തട്ടി മേലോട്ട് നോക്കി പറഞ്ഞു.. ശരിയാ.. ആ ആഗ്രഹം ചീറ്റി പോയി..

എന്താ ഇപ്പോൾ ചെയ്യാ.. അവൾ എന്തോ കാര്യമായി ആലോചിച്ചു കൊണ്ടിരുന്നു.. പെട്ടെന്ന് പറഞ്ഞു.. “ഐഡിയ…! കിട്ടി…കിട്ടി..” അവൾ ഐസക് ന്യൂട്ടൻ പുതിയ കണ്ടു പിടിത്തം നടത്തിയ പോലെ പറഞ്ഞു.

“എന്താ ഐഡിയ?? കേൾക്കട്ടെ”
അവൻ ഐഡിയ കേൾക്കാനായി അവളുടെയെടുത്തേക്ക് ചെവി കൂർപ്പിച്ചു.

“ചേട്ടാ.. നമുക്കു ഒളിച്ചോടാം…??” അവൾ പ്രതീക്ഷയോടെ ഐഡിയ പറഞ്ഞു.

അവനൊന്നു ഞെട്ടി.. ഒളിച്ചോടാനോ..?? ഇപ്പോളോ..?? എന്തിന്..?? വീട്ടുകാർ നല്ല പോലെ കെട്ടിച്ചു തന്നിട്ട് ഒളിച്ചോടി പോവാനോ..?? അതൊന്നും ശരി ആവില്ല. അവൻ തടുത്തു.

“പോ ചേട്ടാ.. നെഗറ്റീവ് അടിക്കല്ലേ.. നല്ല രസമായിരിക്കും. ഞാൻ ആദ്യമായി ഒരു ആഗ്രഹം പറഞ്ഞതല്ലേ.. ഒന്ന് നടത്തി തന്നൂടെ..???” അവൾ കൊച്ചു കുട്ടിയെ പോലെ ശാഢ്യം പിടിക്കാൻ തുടങ്ങി.

അവൻ താടിക്ക് കൈ വെച്ചു ഇരുന്നു ആലോചിച്ചു “ന്റെ ദേവിയെ.. ഏത് സമയത്താണാവോ ഇതിനെയും കെട്ടി വെള്ളമടിക്കാൻ തോന്നിയെ..?”

“അവളവന്റെ തോളിൽ പിടിച്ചു കുലുക്കി.. ചേട്ടോയ്.. എന്താ ആലോചിക്കുന്നെ.. വാ പോകാം..

അധികം ദൂരമൊന്നും പോകണ്ടന്നെ. കുറച്ചു ദൂരം പോയി നാളെ തന്നെ നമുക്ക് തിരിച്ചു വരാം.. വന്നേ.. എണീക്കു… അവളവന്റെ കൈ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചു.

“അപ്പോൾ ബാഗൊന്നും എടുക്കണ്ടേ..???” അവൻ ചോദിച്ചു.

ഒന്നും വേണ്ടെന്നേ. നമുക്കൊരു ത്രില്ലിന് ഒളിച്ചോടി വരാം. എന്റെ ആഗ്രഹം കൊണ്ടല്ലേ.. പ്ലീസ്… അവൾ കെഞ്ചി.

“ശരി ശരി. പോകാം.. സമ്മതിച്ചിരിക്കുന്നു” അവൻ എണീറ്റു ബുള്ളറ്റിന്റെ ചാവിയെടുത്തു. എന്നിട്ടു പറഞ്ഞു “ഞാൻ ബുള്ളറ്റ് മെല്ലെ തള്ളി കൊണ്ടു പോയി റോഡിൽ കാത്തു നിൽക്കാം. നീ പിന്നാലെ മെല്ലെ ശബ്ദം ഉണ്ടാക്കാതെ വന്നാൽ മതി. കേട്ടല്ലോ.?? അവൻ പ്ലാൻ പറഞ്ഞു.

സമ്മതിച്ചു എന്നവൾ സന്തോഷത്തോടെ തലയാട്ടി.

അവൻ വാതിൽ തുറന്നു ശബ്ദമുണ്ടാക്കാതെ അടുക്കള വഴി മുറ്റത്തെത്തി. എന്നിട്ടു ബുള്ളറ്റ് മെല്ലെ തള്ളി കൊണ്ടു റോഡിൽ വെച്ചു അവളെയും കാത്തു നിന്നു.

വൈഭയും ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങി. ഇരുട്ടിലെ പേടി കാരണം അവൾ അടുക്കള മുതൽ ഗേറ്റ് വരെ കണ്ണും ചിമ്മിയൊരു ഓട്ടമായിരുന്നു.

ഈ സമയത്താണ് അപ്പുറത്തെ വീട്ടിലെ ചേച്ചി അവരുടെ പ്രായമായ മുത്തശ്ശിയെയും കൊണ്ടു കൈ പിടിച്ചു ബാത്‌റൂമിലേക്ക് വന്നത്. അവരുടെ ഹാളിലൂടെ വെറുതെ പുറത്തേക്കു നോക്കിയപ്പോൾ അടുക്കള വഴി പുറത്തേക്കോടുന്ന വൈഭയെയാണ് കണ്ടത്.

അവരവളെ കണ്ടതും, “ഏഹ്.. നീളവും ശരീരവും കണ്ടിട്ട് നമ്മുടെ പുതു പെണ്ണാണോ ആ ഓടുന്നെ മുത്തശീ ..?? അവർ ചോദിച്ചു.

“ഇരുട്ടാ മോളേ.. മുത്തശ്ശിക്ക് ഒന്നും കാണുന്നില്ല”. മുത്തശ്ശി പറഞ്ഞു.

അപ്പോളേക്കും വൈഭ ഗേറ്റിനു പുറത്തെത്തി ബുള്ളറ്റിൽ കയറി തൃദേവിനൊപ്പം വണ്ടിയെടുത്തു പോയിരുന്നു.

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും “അയ്യോ. കല്യാണ പെണ്ണ് ഒളിച്ചോടി പോയേ” എന്നു അടുത്ത വീട്ടിലെ ചേച്ചി നിലവിളിച്ചു.

ചേച്ചിയുടെ ആ നില വിളി കേട്ടതും അവരുടെ വീട്ടിലെ എല്ലാവരും ഉണർന്നു. എണീറ്റു വന്നു എന്താ കാര്യമെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു “കല്യാണ പെണ്ണ് ബുള്ളറ്റിൽ കയറി ഒളിച്ചോടി പോയി. ഞാനെന്റെ കണ്ണ് കൊണ്ടു കണ്ടു.” അവർ കണ്ട കാര്യം പറഞ്ഞു.

“ഏഹ്.. നീ കണ്ടോ കാമുകനെ.?? ആ ചെക്കനും വീട്ടുകാരും അറിഞ്ഞോ ആവോ.?? അവരുടെ ഭർത്താവ് പറഞ്ഞു.

“കാമുകനെ കണ്ടില്ല.. അവൾ ഗേറ്റ് കടന്നു പോയത് ഒരു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയുന്ന ശബ്ദം കേട്ടു, പിന്നെ അതോടിച്ചു പോകുന്ന ശബ്ദവും. ബുള്ളറ്റിലാവും കാമുകനൊപ്പം പോയെ.

നിങ്ങൾ വേഗമൊന്നു അങ്ങോട്ട്‌ ചെന്നു അവരോട് പറഞ്ഞെ മനുഷ്യ.. ജില്ല വിടുന്ന മുൻപേ രണ്ടിനെയും പിടിച്ചു പോലീസിൽ ഏൽപ്പിക്കണം. ഇവളൊക്കെ ഈ ടൈപ്പ് ആയിരുന്നോ. പാവം ആ ചെക്കൻ..” അവർ പരാതി കെട്ടഴിച്ചു.

അവരെല്ലാവരും അപ്പോൾ തന്നെ തൃദേവിന്റെ വീട്ടീൽ പോയി എല്ലാവരെയും വിളിച്ചുണർത്തി കാര്യം അവതരിപ്പിച്ചു.

കാര്യം അറിഞ്ഞതും റൂമിൽ രണ്ടു പേരുമില്ല എന്ന് വീട്ടുകാർക്ക് ഉറപ്പായി. അവൾ ഒളിച്ചോടി പോയതാണെങ്കിൽ തൃദേവ് എവിടെ പോയി..?? ഫോൺ വിളിച്ചിട്ടു കാര്യമില്ല. രണ്ടു പേരുടെയും ഫോൺ റൂമിൽ തന്നെയുണ്ട്.

അവനവളെ അന്വേഷിച്ചു ആരോടും പറയാതെ അവളുടെ പിന്നാലെ പോയി കാണുമോ. അതോ ചെക്കൻ വല്ല കടും കയ്യും ചെയ്യാൻ വണ്ടി എടുത്ത് പോയി കാണുമോ.. സംഭവിക്കാൻ പോണത് ഓരോന്ന് ഓർത്തിട്ടു ആർക്കും ഒരു ഐഡിയയും കിട്ടിയില്ല.

രണ്ടും കൽപിച്ചു അവർ പോലീസിനെ അറിയിച്ചു. ആദ്യരാത്രി കല്യാണ പെണ്ണ് ഒളിച്ചോടിയ വാർത്ത കാട്ടുതീ പോലെ ആ രാത്രിയിൽ തന്നെ എല്ലായിടത്തും അറിഞ്ഞു.

അടുത്തുള്ള വീട്ടീലെ ആണുങ്ങളും തൃദേവിന്റെ കാരണവർമാരുമെല്ലാം എത്തി നാട് മുഴുവൻ രണ്ടു പേരെയും അന്വേഷിക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്നുമൊരു ഫോൺ കാൾ അവന്റെ അച്ഛന്റെ നമ്പറിലേക്കു വന്നു. രണ്ടിനെയും പട്രോളിംഗ് ടീം പൊക്കിയിട്ടുണ്ട്. സ്റ്റേഷൻ വരെ വേഗം വരാൻ പറഞ്ഞു.

അച്ഛനും ഏട്ടനും രണ്ടു സുഹൃത്തുക്കളും കൂടി സ്റ്റേഷനിൽ പോയി അവരെ ഇറക്കി കൊണ്ടു വന്നു. വെള്ളമടിച്ചു ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടിയോടിച്ചതിനുള്ള ശിക്ഷയും പിഴയും കൂടി തീർത്തിട്ടാണ് അവർ അവിടുന്ന് പോന്നത്.

വീട്ടിലേക്കു കയറുമ്പോൾ ആരുടേയും മുഖത്തു നോക്കാൻ തൃദേവിന് ധൈര്യം ഇല്ലായിരുന്നു. മദ്യമൊക്കെ ആവിയായി പോയിരുന്നു.

അപ്പോളും അടിച്ചു ഫിറ്റായി ആടി കുഴഞ്ഞു വൈഭ എല്ലാവരോടും ചിരിച്ചു കൊണ്ടു “അങ്ങിനെ എന്റെ വലിയൊരു ജീവിതാഭിലാഷം ഇന്ന് സാധിച്ചു” എന്ന് പിച്ചും പേയും പറഞ്ഞു കൊണ്ടു അവന്റെ കൂടെ വീട്ടിലേക്കു കയറി പോയി.

അവരുടെ പിന്നാലെ വീട്ടിലേക്കു കയറി പോകുന്ന തൃദേവിന്റെ അച്ഛനെ അമ്മയൊന്നു അരിശത്തോടെ തുറിച്ചു നോക്കി “ഈ കാണുന്നതൊക്കെ എന്താ മനുഷ്യാ എന്ന മട്ടിൽ.

“ഞാനവനെ സ്റ്റേഷനിൽ നിന്നു ഇറക്കുക മാത്രമേ ചെയ്തുള്ളു. വേറെ ഒന്നും എനിക്കറിയില്ലേ” എന്ന മട്ടിൽ അച്ഛൻ നൈസ് ആയി വീട്ടിലേക്കു വലിഞ്ഞു.

വൈഭയുടെ ആ ജീവിതാഭിലാഷം ആ രാത്രിയോടെ സഫലമായെങ്കിലും അന്നത്തോടെ തൃദേവിന്റെ വീട് “ആദ്യരാത്രി ഒളിച്ചോടിയ പെണ്ണിന്റെ വീട്” എന്ന് നാട്ടിൽ അറിയപ്പെടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *